Thoughts & Arts
Image

ഗസ്സ: കാര്യം പറയുന്ന കണക്കുകൾ

2025-09-30

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





മർഹൂം മുതവല്ലി ശഅ്റാവിയോട് ഒരു പാശ്ചാത്യ പത്രപ്രവർത്തകൻ ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ട്: 'നിങ്ങളുടെ ഖുർആൻ സത്യസന്ധമായ ദൈവത്തിൻ്റെ വചനങ്ങളാണ് എന്നാണല്ലോ നിങ്ങൾ വിശ്വസിക്കുന്നത്, അതിലാവട്ടെ, 'അവിശ്വാസികൾക്ക് നിങ്ങളുടെ മേൽ ഒരു വിജയവഴിയും ദൈവം തുറന്നിടില്ല' എന്ന് പ്രസ്താവിക്കുന്ന സൂക്തം (നിസാഅ്: 141) ഉണ്ട്, എന്നിട്ടും എന്തുകൊണ്ടാണ് നിങ്ങൾക്കുമേൽ നിങ്ങളുടെ കാഴ്ചപ്പാടിൽ അവിശ്വാസികളായ ജനതകൾ ഇങ്ങനെ നിരന്തരമായി വിജയിക്കുന്നത്?' എന്ന്. വർത്തമാനകാല അനുഭവങ്ങളുടെ മുമ്പിൽ തൊണ്ടവറ്റിപ്പോയേക്കാവുന്ന ഒരു ചോദ്യം തന്നെയാണ് ഇത്. പക്ഷേ ശഅ്റാവിക്ക് അത് അത്ര ആഴത്തിലിറങ്ങി ആലോചിക്കേണ്ട ചോദ്യം ഒന്നുമല്ലായിരുന്നു. അദ്ദേഹം പറഞ്ഞു: 'അത് മുഅ്മിനുകൾ എന്ന വിശ്വാസികൾക്ക് അല്ലാഹു നൽകുന്ന വാഗ്ദാനമാണ്. മുഅ്മിനുകൾ ഒരിക്കലും ഒരാളുടെ മുമ്പിലും പരാജയപ്പെടില്ല. അവരെ സഹായിക്കുക എന്നത് അവൻ സ്വന്തം ബാധ്യതയായി എടുത്തിട്ടുള്ള കാര്യമാണ്. ഇവിടെ പരാജയപ്പെടുന്നത് മുസ്ലിംകളാണ്. മുസ്ലിംകൾ എല്ലാവരും മുഅ്മിനുകൾ ആയിക്കൊള്ളണമെന്നില്ല. മുഅ്മിനുകൾ പക്ഷെ, എല്ലാവരും മുസ്ലിംകളായിരിക്കും' മുസ്ലിംലോകത്തിൻ്റെ യുദ്ധക്കളങ്ങളിലെ ജയപരാജയങ്ങളുടെ ചില തത്വങ്ങളിലേക്ക് നമ്മുടെ ചിന്തകളെ കൂട്ടിക്കൊണ്ടുപോകുകയാണ് ശഅ്റാവിയുടെ ഈ വാക്കുകൾ. ഏറ്റവും കുറഞ്ഞത്, ലോക മുസ്ലിംകളുടെ മിമ്പറുകളും മിഹ്റാബുകളും തൊണ്ടപൊട്ടുമാറ് നടത്തുന്ന പ്രാർത്ഥനകൾക്ക് എന്തുകൊണ്ട് ഉരുളക്ക് ഉപ്പേരിയെന്ന പോലെ ഒരു ഉത്തരം കിട്ടുന്നില്ല? എന്ന ചോദ്യത്തിനുള്ള ഉത്തരമെങ്കിലും ഈ സംസാരം നൽകുന്നുണ്ട്. അല്ലാഹുവിൻ്റെ പരമമായ സഹായത്തിന് വിധേയരാവുക സത്യവിശ്വാസം ഉള്ളിലുറച്ചവർ മാത്രമാണ്, വിശ്വാസത്തിൻ്റെ ബലക്കുറവ് വിജയത്തിൻ്റെയും പ്രതീക്ഷയുടെയും തിളക്കവും കുറക്കുന്നു, മുഅ്മിനുകളുടെ വിജയത്തെ വെറും മുസ്ലിങ്ങൾ അത്ര തീവ്രമായി കാത്തിരിക്കുന്നതിൽ അർത്ഥമില്ല എന്നതെല്ലാമാണ് ആ പാഠങ്ങൾ.


ഇതു വിശുദ്ധ ഖുർആനും പഠിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'നബിയേ, താങ്കള്‍ സത്യവിശ്വാസികളെ പോരാട്ടത്തിനു പ്രോത്സാഹിപ്പിക്കുക. ക്ഷമാശീലരായ ഇരുപതാളുകള്‍ നിങ്ങളിലുണ്ടെങ്കില്‍ ഇരുനൂറു പേരെ ജയിച്ചടക്കാന്‍ അവര്‍ക്കു കഴിയും; നൂറു പേരുണ്ടെങ്കില്‍ സത്യനിഷേധികളില്‍ നിന്നു ആയിരത്തെ അവര്‍ക്കു അതിജയിക്കാവുന്നതാണ്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാത്ത ഒരു കൂട്ടരാണവര്‍ എന്നതുകൊണ്ടത്രേ അത് (അൻഫാൽ: 65). ആത്മാവിന്റെ ശക്തിയാണ് വിശ്വാസികളുടെ കൈമുതല്‍. സത്യനിഷേധികൾക്ക് ഈ ആത്മീയ ശക്തിയില്ലാത്തതിനാല്‍ അവരിൽ എത്ര പേരെയും - അവരേക്കാൾ പത്തിരട്ടിയുണ്ടെങ്കിൽ പോലും - വിശ്വാസികൾക്ക് നേരിടാമെന്നുമാണ് ഈ ആയത്തിൻ്റെ ചുരുക്കം. ബദ്‌റിലെ ഐതിഹാസിക പോരാട്ടത്തിലൂടെ അത് തെളിയിയുകയും ചെയ്തു. പക്ഷെ, അല്ലാഹു തൊട്ടുപിറകെ പറയുന്നത് ഇങ്ങനെയാണ്: 'എന്നാലിപ്പോള്‍ അല്ലാഹു നിങ്ങള്‍ക്കു ലഘൂകരിക്കുകയും നിങ്ങളില്‍ ദൗര്‍ബല്യമുണ്ടെന്നവന്‍ കണ്ടറിയുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, ക്ഷമാശീലരായ നൂറാളുകള്‍ നിങ്ങളിലുണ്ടെങ്കില്‍ ഇരുനൂറുപേരെ അവര്‍ക്കതിജയിക്കാം. ആയിരമാളുകള്‍ നിങ്ങളിലുണ്ടെങ്കില്‍ രണ്ടായിരം പേരെ അല്ലാഹുവിന്റെയനുമതിയോടെ അവര്‍ക്കു ജയിച്ചടക്കാവുന്നതാണ്. ക്ഷമാശീലരോ ടൊപ്പമാണ് അല്ലാഹു' (അൽ അൻഫാൽ: 66). ആദ്യ ആയത്തിന്റെ കല്‍പന ഒരാൾ പത്ത് പേരോട് പിടിച്ചുനിൽക്കണം എന്നായിരുന്നതിനെ അവരിൽ ദുർബലത പ്രകടമായതിൻ്റെ പേരിൽ ഒരാൾ രണ്ടാളോട് പിടിച്ചുനിൽക്കണം എന്നാക്കി മാറ്റിപ്പറയുകയാണ് ഈ ആയത്തിലൂടെ. അതേ സമയം ആദ്യം പറഞ്ഞത് തെറ്റോ അപ്രായോഗികമോ ആയിരുന്നില്ല. കാരണം അത് ബദർ യുദ്ധത്തിൽ പ്രായോഗികമായി പ്രകടമായതാണല്ലോ. അതിനാൽ തന്നെ മാറ്റി പറയുവാൻ പ്രധാനമായും കാരണമായത് ദുർബലത തന്നെയാണ്. ഈ ദുർബലതയാവട്ടെ എണ്ണത്തിലുള്ളതായിരുന്നില്ല. കാരണം നാൾക്കുനാൾ വിശ്വാസികളുടെ എണ്ണം കൂടിവരുന്നുണ്ടായിരുന്നു.


ഗസ്സയിലും പലസ്തീനിലും ക്രൂരമായി വേട്ടയാടപ്പെടുന്ന മുസ്ലിംകൾക്ക് ഈമാനിനു ബലമില്ല എന്ന് പറയുകയല്ല. മറിച്ച്, ഭൗതികത വികാസം പ്രാപിക്കുംതോറും ഈമാൻ എന്ന ഉള്ളുറപ്പ് കുറഞ്ഞുകുറഞ്ഞു വരും എന്നത് അവിതർക്കിതമായ ഒരു കാര്യമാണ് എന്നു സൂചിപ്പിക്കുകയാണ്. നിലവിലുള്ള ദയനീയമായ കാഴ്ചകൾ പറയുന്നത് ഒന്നാം ആയത്തിൽ പറഞ്ഞതുപോലെയുള്ള പത്തിരട്ടിയോട് വിജയിക്കുന്ന വിധത്തിലുള്ള ദൈവീക സഹായം വരാൻ വൈകുമെന്ന് തന്നെയാണ്. അല്ലായിരുന്നുവെങ്കിൽ, ഈ പ്രപഞ്ചം മുഴുവനും കരഞ്ഞു പ്രാർത്ഥിച്ചിട്ടും ഗസ്സയിലെ പാവപ്പെട്ട സഹോദരങ്ങൾ കയ്യിൽ കിട്ടിയതെല്ലാം എടുത്തെറിഞ്ഞിട്ടും മാന്യമായ ഒരു വിജയം പോയിട്ട് മാന്യമായ പിന്മാറ്റത്തിനോ നിലനിൽപ്പിനോ പോലുമുള്ള വക തുറന്നുകിട്ടുമായിരുന്നേനെ. അത്തരത്തിലുള്ള ലക്ഷണങ്ങൾ പോലും ഇപ്പോഴും അകലെയാണ്. ഈ വിധത്തിൽ ഒന്നാമത്തേതിന് സാധ്യതയുടെ കുറവുണ്ട് എങ്കിൽ പിന്നെ രണ്ടാമത്തേതിലേക്കാണ് സ്വാഭാവികമായും പോകേണ്ടത്. അതായത്, ഇരട്ടിയോട് പിടിച്ചു നിൽക്കുക എന്നതിലേക്ക്. അതിനും തൽക്കാലം കഴിയുമെന്ന് തോന്നുന്നില്ല. കാരണം, യുദ്ധത്തെ നയിക്കുന്ന ഹമാസ് വെറും ഒരു സംഘടന മാത്രമാണ് ലോകത്തിനു മുമ്പിൽ. ഒരു രാഷ്ട്രം എന്ന പദവി അവർക്ക് ഒരാളും കൽപ്പിച്ചു കൊടുക്കുന്നില്ല. മഹമൂദ് അബ്ബാസിന്റെ പലസ്തീൻ ആയിരുന്നു യുദ്ധത്തെ നയിക്കുന്നത് എങ്കിൽ ഏതാനും രാജ്യങ്ങളെങ്കിലും ഔദ്യോഗികമായി പിന്തുണക്കുമായിരുന്നു. പരസ്യമായി ഹമാസിനെ പിന്തുണക്കുവാൻ പല രാജ്യങ്ങൾക്കും നിയമപരമായ വൈഷമ്യം ഉണ്ടെന്നാണ് തോന്നുന്നത്. അതേസമയം, അവർക്ക് ലോകത്തെ ഏറ്റവും വലിയ ഒരു സജീവ വിഷയം എന്ന നിലക്ക് ലോക വേദികളിൽ അവതരിപ്പിക്കുവാനും രാഷ്ട്രീയ തലത്തിൽ നയതന്ത്ര ശ്രമങ്ങൾ നടത്തുവാനും കഴിയും. ഒരു അന്താരാഷ്ട്ര പൊതുവേദിയിൽ അത്തരം വിഷയങ്ങൾ അവതരിപ്പിക്കുന്നത് ഓരോ രാജ്യത്തിന്റെയും താൽപര്യമാണ്.


നയതന്ത്രമോ രാഷ്ട്രീയ തന്ത്രമോ ആയ നീക്കങ്ങളും യുദ്ധഭൂമിയിൽ പ്രസക്തം തന്നെയാണ്. നമ്മുടെ സംസ്കാരത്തിൽ അതിനും തെളിവുണ്ട്. ഹിജ്റ അഞ്ചാം വർഷം നടന്ന അഹ്സാബ് യുദ്ധം അത്തരം ഒരു രംഗത്തിന് വേദിയായിട്ടുണ്ട്. അന്ന് ശത്രുക്കൾ എത്രയോ അധികമായിരുന്നു. ഏതാണ്ട് മദീനയിലെ മൊത്തം ജനസംഖ്യയുടെ രണ്ടിരട്ടിയോളം വരുന്ന ശത്രുക്കൾ. അവരെ നയിക്കുന്നതാവട്ടെ അന്ധമായ വാശിയുമായായിരുന്നു. ഖുറൈശികൾക്ക് പുറമെ ബനൂ ഗത്വഫാൻ ഗോത്രം കൂടി ശത്രു നിരയിൽ സജീവമായിരുന്നു. അതുകൊണ്ടുതന്നെയായിരുന്നു നബി തങ്ങൾ ഒരു വലിയ കിടന്നു തീർത്ത് പ്രതിരോധം തീർത്തത്. പ്രതിരോധം ഫലം കണ്ടു. 14 ദിവസത്തോളം കിടങ്ങ് അവരെ തടഞ്ഞുനിർത്തി. പക്ഷേ അവർ പിന്മാറാൻ തയ്യാറായിരുന്നില്ല. കിടങ്ങിന് ഭേദിക്കുവാൻ പല വഴിയും മാറി മാറി ശ്രമിക്കുകയായിരുന്നു അവർ. അത്തരം ഒരു സാഹചര്യത്തിൽ യുദ്ധം നീണ്ടുപോകുന്നത് പ്രയാസമാണ് എന്ന് കണ്ട നബി തങ്ങൾ മദീനയിലെ ആഭ്യന്തര കാരക്ക ഉൽപാദനത്തിന്റെ മൂന്നിലൊന്നും നൽകി ബനു ഗത്വഫാനെ മുന്നണിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ആലോചിക്കുകയുണ്ടായി. അത്തരം ഘട്ടങ്ങളിൽ അതും ഒരു പരിഹാരമാണ് എന്നതു കൊണ്ടാണല്ലോ അത്തരം ഒരു നിർദ്ദേശം നബി തങ്ങൾ മുന്നോട്ടുവെച്ചത്. ദീർഘമായ നാളുകൾ സ്വന്തം വീട്ടിൽ പോലും പോകാൻ കഴിയാതെ മദീനയുടെ അതിർത്തിയിൽ തങ്ങൾക്കും തങ്ങേണ്ടിവരുന്ന വിഷമം, വീട്ടിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ തുടങ്ങിയ കാര്യങ്ങൾ ആയിരുന്നിരിക്കണം നബി തങ്ങളെ ഇങ്ങനെ ഒരു അഭിപ്രായം ഉന്നയിക്കുവാൻ പ്രേരിപ്പിച്ചത്. പൊതുവായ നന്മയ്ക്കുവേണ്ടി അങ്ങനെ ചില വിട്ടുവീഴ്ചകൾ വരെ ആവാം എന്ന് ഈ സംഭവം സൂചിപ്പിക്കുന്നു. വിശ്വാസത്തിൽ ബലവും ഉറപ്പുള്ള സ്വഹാബിമാർ അതിനെ അനുകൂലിക്കാത്തത് കൊണ്ടായിരുന്നു അത് അന്ന് നടക്കാതിരുന്നത്. അപ്പോൾ അല്ലാഹു ആ വിശ്വാസത്തെ പരിഗണിക്കുകയും അവൻ തന്നെ ഒരു കൊടുങ്കാറ്റിലൂടെ വിശ്വാസികളെ സഹായിക്കുകയും ചെയ്യുകയായിരുന്നു.


ഗസ്സയിലെ സഹോദരങ്ങൾ വലിയ വികാരങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എന്നത് ശരിയും സത്യവുമാണ്. പക്ഷേ ആ പ്രകടനങ്ങൾ നിരപരാധരും അപലരുമായ കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധജനങ്ങളുടെയും വിലപ്പെട്ട ജീവനുകൾക്ക് പകരമാവേണ്ടിവരുന്നു എന്നത് തീർത്തും സങ്കടകരമാണ്. ആ വികാരം നിലവിലുള്ള സാഹചര്യമനുസരിച്ച് ഈ ലോകത്ത് വലിയ ഒരു വിജയമോ പ്രതീക്ഷയോ ആയി മാറും എന്ന് പ്രതീക്ഷിച്ചു ഇരിക്കുന്നതിനേക്കാൾ നല്ലതും വേണ്ടതും അന്താരാഷ്ട്ര സമൂഹത്തെ കൂട്ടുപിടിച്ച് ഒരു അന്തർദേശീയ വിഷയമായി ഉയർത്തിക്കൊണ്ടുവരിക തന്നെയാണ്. അപ്പോഴും ഹമാസ് വെറും ഒരു സംഘടനയാണ്, ഒരു രാജ്യമല്ല എന്ന പരിമിതി ഉയർന്നുവരും. അതിനും പരിഹാരം വിഷയത്തിൽ മഹ്മൂദ് അബ്ബാസും ഫലസ്തീനും വരിക എന്നത് തന്നെയാണ്. ചുരുക്കത്തിൽ വിഷയം ഔദ്യോഗികവും അംഗീകൃതവുമായ രീതിയിൽ ചർച്ചയുടെ മേശപ്പുറത്ത് എത്തിക്കുകയും അന്താരാഷ്ട്ര സമ്മർദ്ദങ്ങൾ ഉപയോഗിക്കുകയും ചെയ്യുകയാവും സമാധാനപരമായ ഒരു പരിഹാരം. ബലപ്രയോഗം ഒരു പരിഹാരവും നേടിത്തരില്ല, ശക്തി തുല്യമല്ലാതിരിക്കുമ്പോൾ പ്രത്യേകിച്ചും.
0










0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso