മുഹമ്മദ് തയ്യിൽ സെഞ്ചരി
നോവലുകളിലോ കഥകളിലോ ചിത്രീകരിച്ചു വെച്ച പഴയകാല മാപ്പിള മുസ്ലിം ജീവിതത്തിൻ്റെ ഏതാനും രംഗങ്ങൾ തട്ടിക്കുടഞ്ഞ് എടുക്കുക. അതിലേക്ക് യഥാർത്ഥ കാലം മാറ്റി പുതിയ കാലം വെച്ചു കൊടുക്കുക. ഓരോ ഫ്രെയിമിലും സംസ്കാരം, പരിഷ്കാരം, വിദ്യാഭ്യാസം തുടങ്ങിയ നിലവാരങ്ങൾ ഒന്നും ഇല്ല എന്ന് ഉറപ്പുവരുത്തുക. ഇനി കാസ്റ്റിംഗിന്റെ കാര്യമാണ്. അതിന് വേഷമിടും മുമ്പ് തന്നെ സാക്ഷാൽ മാപ്പിളയായ നടീനടന്മാരെ കുപ്പായമിടീക്കണം. ഇല്ലാത്തത് അഭിനയിക്കുമ്പോൾ ചുളിവ് വരാത്ത വിധം നടീനടന്മാരുടെ ചളിപ്പ് മാറ്റിയെടുക്കണം. അതിന് പ്രയാസം ഒന്നുമില്ല. സിനിമാനടനും നടിയും ഒക്കെയാകാം എന്ന പ്രലോഭനം മാത്രം മതി. ഇനി വൈകേണ്ട ധൈര്യമായി അരങ്ങേറിക്കൊള്ളൂ !, മീഡിയ എടുത്ത് ആഘോഷിക്കുവാൻ തയ്യാറായി നിൽക്കുന്നുണ്ട്. പുരസ്കാരം ഉറപ്പാണ്. കേരളത്തിൽ അത് എന്തായാലും ഉറപ്പാണ്. ഇവിടെയുള്ള ജൂറിമാരുടെ തലയിൽ കൂടു കെട്ടിയിരിക്കുന്ന കലയുടെ ധാരണ അങ്ങനെയുള്ളതാണ്. മുസ്ലിം ജനവിഭാഗത്തെ കളിയാക്കാനോ പരിഹസിക്കാനോ ഉള്ളതാണ് എങ്കിൽ അതിനെ ആരും കാണാതെ പോകില്ല. എന്തൊക്കെയാണെങ്കിലും സംഗതിയിൽ മാപ്പിളകളാണ് പുരസ്ക്കരിക്കപ്പെടുന്നതും ആഘോഷിക്കപ്പെടുന്നതും എന്നതൊന്നും വികാര തള്ളിച്ചയിൽ ഈ ജൂറിമാരും അവരുടെ പിന്നിലെ ജൂറിമാരും ശ്രദ്ധിക്കുന്നില്ല എന്നത് മറ്റൊരു രസം. പക്ഷേ അത് കരുതി ദേശീയ സ്ക്രീനിലേക്കോ ബോളിവുഡ് സ്ക്രീനിലേക്കോ ഒന്നും തള്ളിക്കയറേണ്ട. അവർക്ക് സ്വന്തം തല മറന്ന് ഇങ്ങനെ മാർക്ക് ഇടാൻ കഴിയില്ല. 'റെലവൻസ്' ചോദിക്കും അവർ. അപ്പോൾ കുഴങ്ങും. കാരണം ഇതിവൃത്തം ലോക ജനതയെ ബാധിക്കുന്നതോ സ്വാധീനിക്കുന്നതോ അവർക്ക് വേണ്ടി സമർപ്പിക്കപ്പെടുന്നതോ ഒന്നുമല്ലല്ലോ. മലയാള നാട്ടിലെ മാപ്പിള മുസ്ലിംഗളെ കൊച്ച് ആക്കാൻ വേണ്ടി മാത്രമുള്ളതാണല്ലോ.
ഇങ്ങനെയൊക്കെ പറയുമ്പോൾ അതു വായനക്കാർക്ക് മനസ്സിലാകുവാൻ വേണ്ടി നമുക്ക് ചില ആമുഖ വസ്തുതകൾ പറയാം. ഒരു കലയോ ആവിഷ്കരണമോ ആഘോഷിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതും എപ്പോഴാണ് എന്ന ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്നാകും തുടങ്ങാൻ എളുപ്പം. അതിൻ്റെ ഉത്തരം ആ കലയുടെയോ ആവിഷ്കരണത്തിന്റെയും സ്വാധീന വലയത്തിനകത്ത് പൊതുവൽകൃത രൂപത്തിൽ ഉള്ള ഒരു വിഷയത്തെ അത് അവതരിപ്പിക്കുമ്പോൾ ആണ് എന്നതാണ്. ഉദാഹരണമായി, ലോകവ്യാപകമായി മനുഷ്യകുലം മുഴുവനും നേരിടുന്ന ഒരു വിഷയമാണ് വിവിധതരത്തിലുള്ള തീവ്ര ഭീകര വാദങ്ങൾ. അവയിൽ ഭരണകൂടത്തിനെതിരെയുള്ള രാഷ്ട്രീയ ഭീകര-തീവ്രവാദങ്ങൾ ഏതാണ്ട് ചെറുതായോ വലുതായോ ലോകത്ത് എല്ലായിടത്തും ഉണ്ട്. സാമ്പത്തിക ഭീകര-തീവ്രവാദങ്ങളും ചില സ്ഥലങ്ങളിൽ ഉണ്ട്. കൂട്ടത്തിൽ മതപരമായ ഭീകര- തീവ്രവാദങ്ങളും ഉണ്ട്. ഏറ്റവും വലിയ തീവ്ര-ഭീകരവാദം മതത്തിൻ്റെ പേരിൽ നടത്തുന്ന രാഷ്ട്രീയ ഭീകര-തീവ്രവാദം തന്നെയാണ്. അതിനെ ലോകത്തെ രാഷ്ട്രീയ തമ്പുരാക്കന്മാർ മത തീവ്രവാദം എന്ന് വിളിക്കുക മാത്രം ചെയ്യുകയാണ്. എന്തായിരുന്നാലും അത് ലോകത്തിൻ്റെ സമാധാനപരമായ നിലനിൽപ്പിന് ഭീഷണി തന്നെയാണ്. അതിനാൽ അതിൻ്റെ കെടുതികൾ വരച്ചു കാണിക്കുന്ന ഒരു കല തീർച്ചയായും അംഗീകരിക്കപ്പെടണം. കാരണം അത് മനുഷ്യക്കുലത്തിന്റെ മൊത്തം പ്രശ്നമാണ്. ദാരിദ്ര്യം, നിലക്കാത്ത ആഭ്യന്തര കലാപങ്ങൾ, വർണ്ണ വിവേചനം, ഫാസിസം തുടങ്ങിയ വിഷയങ്ങളൊക്കെ തന്നെയും പൊതുവായ വിഷയങ്ങൾ തന്നെയാണ്. അതിനാൽ അത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന കലകളെയും ആവിഷ്കാരങ്ങളെയും കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അതേസമയം ഏതോ ഒരു കാലത്ത് ഏതോ ഒരു പ്രദേശത്ത് മാത്രം ഉണ്ടായിരുന്ന ജീവിത കഥകൾ ആരെങ്കിലും കലയായോ ആവിഷ്കാരമായ ആവിഷ്കരിക്കുമ്പോൾ അതിന് റെയിഞ്ച് ചെറുത് മതി. അത് കലാ ലോകത്തിൻ്റെ ഒരു വലിയ സംഭവമായി ആഘോഷിക്കപ്പെടേണ്ട കാര്യമൊന്നുമില്ല. എന്നിട്ടും ആരെങ്കിലും അത് ആഘോഷിക്കുകയാണ് എങ്കിൽ അത് അതിൻ്റെ പിന്നിലുള്ള ആൾക്കാർ അനുഭവിക്കുന്ന ആത്മ സുഖത്തിനു വേണ്ടിയുള്ള ചൊറിയും മാന്തലും മാത്രമാണ് എന്ന് കരുതലാണ് ബുദ്ധിയുള്ളവർക്ക് അഭികാമ്യം.
ഈയടുത്ത കാലത്ത് ഏറെ ആഘോഷിക്കപ്പെട്ട ഒരു സംവിധാനത്തിന്റെ ഇതിവൃത്ത റിവ്യൂ വായിക്കുമ്പോഴാണ് ഇങ്ങനെയെല്ലാം നാം വിലയിരുത്തേണ്ടിവരുന്നത്. അത് പക്ഷേ പ്രതിഷേധമോ പ്രതിരോധമോ ഒന്നും ആവേണ്ടതില്ല. അങ്ങനെ വന്നാൽ അതിന് ശ്രദ്ധയും റീച്ചും കൂടും. നിലവാരമുള്ളതിനെ നിരൂപിക്കുന്നതാണ് നിലവാരം. ഇതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നവർ പറയുക അത് പണ്ടേ ഉള്ളതു തന്നെയാണല്ലോ എന്നായിരിക്കും. നമ്മുടെ മലയാളത്തിൽ തന്നെയുണ്ടായ സൃഷ്ടികളിൽ ബഷീറും പുനത്തിലും എംടിയുമെല്ലാം മാപ്പിള ജീവിതത്തിൻ്റെ അരികുപറ്റി നടന്ന് കഥ പറഞ്ഞിട്ടുണ്ട് എന്നത് എല്ലാവർക്കും അറിയാം. പക്ഷേ അവരൊക്കെയും അപ്പോൾ നിഷ്കളങ്കമായും സത്യസന്ധമായും ഒരു രംഗത്തെ അവതരിപ്പിക്കുകയായിരുന്നു. സ്വതസിദ്ധമായി അത്തരം ഒരു രംഗത്തെ അവതരിപ്പിക്കുമ്പോൾ അതിൽ നിന്ന് ചിലപ്പോൾ വേദനയോ മറ്റു ചിലപ്പോൾ അത്ഭുതം അതുമല്ലെങ്കിൽ സന്തോഷമോ ഒക്കെ നിർഗളിക്കാറുണ്ട്. പക്ഷേ അവർക്ക് ഉദ്ദേശശുദ്ധി ഉണ്ടായിരുന്നു. അവർ വിവരിക്കുന്ന രംഗങ്ങളെ ആശയ തലത്തിൽ മറ്റൊന്നിലേക്ക് തിരിച്ചുവിടാനുള്ള ഒരു ശ്രമവും അവരെ നടത്തിയിട്ടുണ്ടായിരുന്നില്ല. അവർ രംഗങ്ങളെ അവതരിപ്പിക്കുമ്പോഴും അതിൻ്റെ ആശയങ്ങളെ അതിൻ്റെ വഴിക്ക് വിട്ടു. അതുകൊണ്ട് ആരുടെയും പ്രതിഷേധമോ പ്രതിരോധമോ അവരുടെ സൃഷ്ടികൾക്ക് നേരെ ഉണ്ടായില്ല എന്ന് മാത്രമല്ല അവരുടെ രചനകൾ ഇത്തരം രംഗങ്ങൾ കൊണ്ട് സർവ്വകാലിക ശ്രദ്ധയിലേക്ക് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഇവിടെ പുരസ്കാരദാഹികൾ രംഗങ്ങളാണ് ചിത്രീകരിക്കുന്നത് എങ്കിലും ആ രംഗങ്ങൾക്ക് നൽകുന്ന ഭാവങ്ങൾ വഴി അതിൻ്റെ ആശയങ്ങളെ തങ്ങളുടെ ഇഷ്ടപ്രകാരം വളക്കാനും തിരിക്കാനും ശ്രമിക്കുന്നത് വ്യക്തമായും കാണാം. അത്തരം ശ്രമങ്ങളാണ് പൊതു ലോകത്തിന് വിഷമമുണ്ടാക്കുന്നത്. ഒരാളുടെ ജീവിതത്തിലെ ദാരിദ്ര്യവും പതിതാവസ്ഥയും ചിത്രീകരിക്കാം. അത് ലോകത്തിനു മുമ്പിൽ എത്തിക്കുകയും ചെയ്യാം. അത് പക്ഷേ, സന്മനസ്സുള്ള ലോകത്തിൻ്റെ മനസ്സിനെയും ആർദ്രതയേയും ക്ഷണിക്കാൻ വേണ്ടിയുള്ളതായിരിക്കണം. അല്ലാതെ അയാളുടെ ജീവിതത്തെ ദാരിദ്ര്യത്തിലേക്ക് തിരിച്ചുവിട്ട ഏതെങ്കിലും ചെറിയ കാര്യകാരണങ്ങളെ പൊലിച്ചു കാട്ടി അയാളെ വീണ്ടും നിരാശപ്പെടുത്താൻ ആയിക്കൂടാ, ഉദാഹരണമായി പറഞ്ഞാൽ.
ആഘോഷിക്കപ്പെട്ട സംവിധാനത്തിൽ മേൽപ്പറഞ്ഞ പുരാതന മുസ്ലിം മാപ്പിള ജീവിതത്തിൻ്റെ എല്ലാ കൂട്ടുകളും കൂട്ടിയിട്ടുണ്ട് എന്ന് കാണാം. പിൻബലം അതിന്റേതാണല്ലോ അതുകൊണ്ട് പരമാവധി അത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. മുക്കുവ മാപ്പിള കുടുംബത്തിൻ്റെ വരാന്ത, കുടുംബിനിയുടെ മുഖാവരണത്തിന് ആവശ്യത്തിലധികം നൽകുന്ന അസ്കിത വികാരം, എല്ലാ വശത്തു നിന്നും നിറുത്തി പൊരിക്കാൻ പറ്റുന്ന വിധത്തിൽ മദ്രസാ അധ്യാപകൻ്റെ റോൾ, മദ്രസാ അധ്യാപകനിലൂടെ മദ്രസയുടെ ഉള്ളിലേക്ക് കടന്നു കയറുമ്പോൾ അതിനുള്ളിലെ രംഗങ്ങളെ കളിയാക്കാനും ഊറിച്ചിരിക്കാനും പാകത്തിൽ വിന്യസിച്ചിരിക്കുന്നതിലെ മിടുമിടുക്ക്, വീടിനുള്ളിൽ വീട്ടുകാരി അനുഭവിക്കുന്ന മാനസിക പീഡനങ്ങളുടെ ആവിഷ്കാരം, ഉസ്താദിന്റെ ദിക്റ്, അടി, മീൻകാരൻ്റെ മുഖം തുറപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങി എല്ലാം കൃത്യമായി ചേർത്തിട്ടുണ്ട്. അവസാനം അറിവുള്ള മുഖം മറച്ച പെൺകുട്ടികൾ കടന്നുവരുന്നതും പരാമർശിക്കപ്പെടുന്നതും ക്ലൈമാക്സ് കൊഴുപ്പിക്കാൻ തന്നെയായിരിക്കണം. ഒരു സമുദായം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇരുട്ടത്തും പുകയിലും തന്നെയാണ് എന്ന് ഉറപ്പിച്ചു നിർത്തുവാനും ഇതെല്ലാം ഒരു സമുദായം ആയതുകൊണ്ട് ഉണ്ടാകുന്നതാണ് എന്നൊക്കെ സ്ഥാപിക്കുവാനും കഴിഞ്ഞതിന്റെ പേരിലായിരിക്കും സംഗതി ശ്ലാഖിക്കപ്പെട്ടത്. അതിൽ നമുക്ക് കാര്യമൊന്നുമില്ല. പരാതിയോ പരിഭവമോ ഇല്ല. അതൊക്കെ പുതിയ ലോകത്തിൻ്റെ പുതിയ ഒഴുക്കായി മാറിയിരിക്കുന്നു. ചർച്ചകളിലേക്ക് വഴി തിരിഞ്ഞു പോകുന്നത് വിഷയത്തെ കൂടുതൽ വഷളാക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ. കാരണം, അങ്ങനെ ചർച്ചയ്ക്കിടുമ്പോൾ സാംസ്കാരിക നായകന്മാരായിപ്പോയ ചിലർക്കൊക്കെ കൂടി ഇതിനു സമാനമായ അവസരം കൈവരിലായിരിക്കും ഫലം.
പിന്നാമ്പുറത്തുള്ളവർ ധരിക്കുന്ന സാംസ്കാരിക ഔന്നത്യം നമുക്കില്ല എന്നത് ഒരു വാദത്തിന് വേണ്ടി സമ്മതിച്ചു കൊടുക്കാം. പക്ഷേ അപ്പോൾ ഇതര സമൂഹങ്ങളെല്ലാം നിറവും മണവും ഉള്ള ഇവർ ധരിക്കുന്ന സാംസ്കാരിക ഔന്നത്യം എക്കാലത്തും പ്രാപിച്ചവർ തന്നെയായിരുന്നു എന്ന് തെളിയിക്കാൻ ഈ കലാ ലോകത്തിന് കഴിയുമോ എന്ന ചോദ്യം അവശേഷിക്കും. മനുഷ്യ ജീവിതത്തിൻ്റെ സാംസ്കാരിക വശങ്ങൾ ഓരോന്നും ക്രമപ്രവൃദ്ധമായിട്ടാണ് വികാസം പ്രാപിച്ചത് എന്നത് ഏറ്റവും കുറഞ്ഞ നരവംശ ശാസ്ത്ര ബോധം ഉള്ളവർ സമ്മതിച്ചു തരും. കാരണം അത് അങ്ങനെയാണ് ഉണ്ടായത്. നാം ഇപ്പോൾ വിലകൂടിയ വസ്ത്രങ്ങൾ ധരിക്കുന്നുണ്ടാവാം. വില കൂടിയ വീടുകളിൽ വസിക്കുന്നുണ്ടാവാം. പക്ഷേ, ഈ വിലകളിലേക്ക് മനുഷ്യൻ ഒറ്റയടിക്ക് പെറ്റു വീഴുകയായിരുന്നില്ല. മറിച്ച്, അവൻ അവനിലെ സഹചാവബോധവും സാമൂഹ്യ സ്വാധീനവും ഉപയോഗിച്ച് അതിലേക്ക് വളരുകയായിരുന്നു. അതിൽ മതത്തിൻ്റെ പങ്ക് വേർതിരിച്ചെടുക്കുക പ്രയാസമാണ്. മതം ശൈലികളിലും രീതികളിലും മാത്രമേ എന്നും ഇടപെട്ടിട്ടുള്ളൂ. അതിനാൽ തന്നെ ഏതാണ്ട് എല്ലാ സമൂഹങ്ങളും അവരുടെതായ, ഇപ്പോൾ നോക്കുമ്പോൾ അവികസിതം അപരിഷ്കൃതം എന്നൊക്കെ തോന്നിക്കുന്ന ചില ജീവിതഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ട്. അതൊക്കെ അവരുടെ കാലത്തിന്റെയും സമൂഹത്തിന്റെയും വികാസത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് വിധേയമായി മാത്രമായിട്ടായിരുന്നു. അതിൻ്റെ പേരിൽ ആരെയെങ്കിലും അങ്ങനെ ഇപ്പോഴും കാണിക്കുന്നത് മാന്യതയാണ് എന്ന് തോന്നുന്നില്ല.
നമ്മെ വലയം ചെയ്തുനിൽക്കുന്ന ഏതാനും ചില ചെറിയ മനസ്സുകൾ ഇസ്ലാമിക-മാപ്പിള സംസ്കാരത്തെ ഇങ്ങനെയൊക്കെ കലകൾ വഴി പരിഹസിക്കുമ്പോൾ നാം അതിൽ ഒട്ടും അസ്വസ്ഥരാവേണ്ടതില്ല. കാരണം, നാം കലയുടെ കാര്യത്തിൽ ഒട്ടും പിന്നിലുള്ളവരല്ല. നമ്മുടെ ആദർശത്തിൽ ഒട്ടിച്ചേർന്നുനിൽക്കുന്ന കലയാവട്ടെ ഏറ്റവും ഉന്നതവും ഏറ്റവും വിശുദ്ധവും ആണ് എന്ന് അഭിമാനം കൂടി നമുക്കുണ്ട്. ഈ ആദർശത്തിൽ നിന്നാണ് നാം കലകളെ വിശുദ്ധവും അവിശുദ്ധവും എന്നിങ്ങനെ രണ്ടായി തരം തിരിക്കാൻ പഠിച്ചത്. എല്ലാവരെയും ആനന്ദിപ്പിക്കുക, ചിന്തിപ്പിക്കുക തുടങ്ങിയ മഹാ ദൗത്യങ്ങളാണ് കലകൾക്ക് ചെയ്യാനുള്ളത് എന്നത് നമ്മൾ പഠിച്ചത്. അതിൽ നിന്നു തന്നെയാണ് മറ്റുള്ളവരെ മാന്യവും ന്യായവും ആയ ഒരു കാരണവുമില്ലാതെ പരിഹസിക്കാൻ വേണ്ടി മാത്രം കലകൾ തട്ടിക്കൂട്ടുന്നത് നിലവാരമില്ലാത്ത തറ കലയാണ് എന്നു പറയാൻ എന്നു തുറന്നു പറയുവാൻ നമുക്ക് ഊർജ്ജം ലഭിക്കുന്നതും. യഥാർത്ഥമായ കലാ ആവിഷ്കാരങ്ങളുടെ പേരിൽ ലോകം ഇസ്ലാമിനോട് കടപ്പെട്ടിരിക്കുന്നു എന്നത് വക്രതയില്ലാതെ, മുൻധാരണയില്ലാതെ ചിന്തിക്കുന്ന ആരും സമ്മതിച്ചു തരുന്ന വസ്തുത തന്നെയാണ്. അത് പ്രവാചകന്റെ കാലം മുതൽ 15 നൂറ്റാണ്ടുകളായി എല്ലാ ദേശങ്ങളുടെയും എല്ലാ ജനപഥങ്ങളുടെയും ജീവിതവുമായി ഇഴുകിച്ചേർന്ന് നിൽക്കുന്ന ഒരു മഹാസ്വത്വമാണ്. കലാ സംസ്ക്കാരിക രംഗത്തെ പണ്ഡിതൻമാര്‍ ഏഴാം നൂറ്റാണ്ടു മുതൽ പത്തൊമ്പതാം നൂറ്റാണ്ടുവരെ സ്പെയില്‍ മുതല്‍ ഇന്ത്യ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശങ്ങളില്‍ സംഭവിച്ച കലാപരമായ എല്ലാ നിര്‍മ്മിതികളും ഇസ്ലാമിക കല എന്നോ ഇസ്ലാമിക കലയുടെ സാരാംശം എന്നോ നിര്‍വജിച്ചതായി കാണാന്‍ പറ്റും. അത് ഇസ്ലാമിക വിശ്വാസ സംഹിതയുടെയും ചരിത്ര ശാസ്ത്രത്തിന്റെയും എല്ലാം ഉള്ളിലേക്ക് ആവാഹിക്കപ്പെട്ടിട്ടുണ്ട്. ആദ്യ നൂറ്റാണ്ടിൻ്റെ ആദ്യശതകങ്ങൾ കലയെ വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം സാമൂഹ്യ സംഘർഷങ്ങൾ നിറഞ്ഞതായിരുന്നു. അതേസമയം, ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇസ്ലാമിക സാമ്രാജ്യം അമവികളിലൂടെ സ്ഥാപിക്കപ്പെട്ടു. പരിശുദ്ധ ഖുദ്സ് നഗരത്തിന്റെ നിർമ്മിതിയിലും ഖുബ്ബത്തു സ്വഖ്റ മിസ്ജിദിന്‍റെയും ദമാസ്ക്കസിലെ അമവീ മോസ്കിൻ്റെയും നിര്‍മ്മിതിയിലും ഇതിൻ്റെ കയ്യടയാളങ്ങൾ തിളങ്ങി കാണാം. പിന്നീട് അബ്ബാസീ കാലഘട്ടത്തില്‍ അവരുടെ തലസ്ഥാനമായി ബാഗ്ദാദ് നഗരം സ്ഥാപിക്കപ്പെട്ടതു മുതൽ ഇസ്ലാമിക കല അതിൻ്റെ വശ്യസൗന്ദര്യം ശരിക്കും പുറത്തു കാണിച്ചുതുടങ്ങി. പിന്നീട് അതൊരു ജീവിതത്തിന്റെ പാറ്റേണായി മാറി. കാലിഗ്രാഫി വരെ വികാസം പ്രാപിച്ചത് ഈ കാലത്തായിരുന്നു. എല്ലാത്തരം നിർമ്മിതികളിലും ഉറപ്പിനും അലങ്കാരത്തിനും വേണ്ടി ഇസ്ലാമിക ടച്ചിങ്സ് കൊണ്ടുവരാൻ തുടങ്ങി. ഏറെ നീണ്ട ഈ പട്ടിക പറയുമ്പോൾ സ്വാഭാവികമായും അതൊക്കെ നിർമ്മാണ കല മാത്രമായിരുന്നുവല്ലോ എന്ന് നിരൂപിക്കപ്പെട്ടേക്കാം. സാഹിത്യ അവതരണ കലകളിലും ഇസ്ലാമിക സംസ്കാരത്തിൽ വലിയ സ്ഥാനമുണ്ട്.
ഏതൊരു സംസ്കാരത്തിനും ഉണ്ടാകും അവതരണ കലകൾ. ഇസ്ലാമിലും അങ്ങനെയുണ്ട്. ഇസ്ലാമിൻ്റെ മൂല പ്രമാണമായ വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ ഒരു പ്രത്യേക താളം തന്നെ നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. സാങ്കേതികമായി തജ് വീദ് എന്ന് വിവരിക്കപ്പെടുന്ന ആ താളമില്ലാതെ വിശുദ്ധ ഖുർആൻ പാരായണം ചെയ്യരുത് എന്നാണ് നിർദേശം. അവതരണ കരകളിൽ മറ്റൊന്നായ പ്രഭാഷണം മതപരമായ ചടങ്ങായി തന്നെ വെള്ളിയാഴ്ചകളിലും പെരുന്നാളുകളിലും എല്ലാം കടന്നുവരുന്നുണ്ട്. ഇത്തരം കലാപരമായ ചേരുവകൾ ഉള്ളടങ്ങിയ ആദർശം എത്തിയ സ്ഥലങ്ങളിലെല്ലാം ആ സ്ഥലങ്ങളിലെ സാംസ്കാരികതയിൽ വിനയം പ്രാപിച്ചതായി നമുക്ക് കാണാം. കേരള മുസ്ലീംകളുടെ കലാരൂപമായ ദഫും അറബനമുട്ടും ഇങ്ങനെ അറേബ്യന്‍ കലാരൂപങ്ങളില്‍ നിന്നും സ്വീകരിച്ചവയാണ്. പ്രവാചകന്‍ മദീനയിലേക്ക് വരുന്ന സന്ദര്‍ഭത്തില്‍ അറബി പെണ്‍കുട്ടികള്‍ ദഫ്മുട്ടി സ്വീകരിച്ചതായി ഹദീസ് കൃതികളില്‍ കാണുന്നു. കോല്‍ക്കളി കേരളീയ പശ്ചാത്തലത്തില്‍ ഉണ്ടായ മറ്റൊരു കലയാണ്. കോലുകള്‍ പരസ്പരം അടിച്ച താളമുണ്ടാക്കി അതിന്റെ താളത്തില്‍ കളിക്കുന്ന സമ്പ്രദായമാണിത്. സാവധാനം ആരംഭിക്കുകയും ത്വരിതഗതിയില്‍ ചലനങ്ങള്‍ വളര്‍ന്ന് ഏറ്റുമുട്ടലിന്റെ പ്രതീതിയാണ് കോല്‍ക്കളി ജനിപ്പിക്കുന്നത്. ഒപ്പനയും പാട്ടും എല്ലാം ഇങ്ങനെ ഇസ്ലാമിക സംസ്കാരത്തോളം വേരിറക്കി ഉണ്ടായവയോ നിലനിൽക്കുകയോ ആണ് എന്ന് അത്തരം പഠനങ്ങളിൽ കാണാം. കലയും സാഹിത്യവും ഉണ്ടായിട്ടില്ലാത്ത ഒരു കാലഘട്ടവും മുസ്ലിം ചരിത്രത്തിനല്‍ കടന്നുപോയിട്ടില്ല. മക്കയില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവകാലത്ത് കവിതയായിരുന്നു സാഹിത്യാവിഷ്‌ക്കാരത്തിന്റെ മുഖ്യ രൂപം. ഇസ്ലാമും ജാഹിലിയ്യത്തും തമ്മില്‍ കവിതകൊണ്ടുള്ളപോരാട്ടം പോലുമുണ്ടായി. നബിതിരുമേനി കവിതകള്‍ കേള്‍ക്കുകയും ആസ്വദിക്കുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിരുന്നു. കഅ്ബുബ്‌നു സുഹൈറിന്റെ ബാനത്ത് സുആദ് എന്നാരംഭിക്കുന്ന ഖസീദ മുസ്ലിംകള്‍ക്കിടയില്‍ ഇന്നും ഏറെ പ്രചാരം ഉള്ള ഒന്നാണ്. ഇസ്ലാമിന്റെ ശത്രുപക്ഷത്തായിരുന്ന കഅ്ബ് മക്കാ വിജയത്തിന് ശേഷം ഒളിവില്‍ പോയി. പിന്നീട് നബി(സ)യുടെ മുന്നില്‍ ഹാജരായി ബാനത്ത് സുആദ് പാടിയപ്പോള്‍ നബി തങ്ങൾ അദ്ദേഹത്തിന് മാപ്പു കൊടുക്കുകയും മാത്രമല്ല ധരിച്ചിരുന്ന പുതപ്പെടുത്ത് സമ്മാനിക്കുകയും ചെയ്തു. തന്റെ ആസ്ഥാന കവിയായ ഹസ്സാനുബ്‌നു സാബിത്തിനെ പ്രശംസിച്ചു കൊണ്ട് നബി പറഞ്ഞത് ഹസ്സാന്‍ സംസാരിക്കുന്നത് ജിബ്രീലിന്റെ നാവു കൊണ്ടാണെന്നാണ്. നബി(സ്വ)യുടെ അവസാന കാലത്ത് അറേബ്യയുടെ നാനാഭാഗങ്ങളില്‍ നിന്ന് വിവിധ ഗോത്രങ്ങളുടെ പ്രതിനിധികള്‍ തിരുമേനിയെ സന്ദര്‍ശിക്കാനും അനുസരണ പ്രതിജ്ഞ ചെയ്യാനുമായി മദീനയില്‍ വന്നിരുന്നു. ഓരോ ഗോത്രത്തോടുമൊപ്പം അവരുടെ കവികള്‍ കൂടി ഉണ്ടാവും. ഇവരുടെ കാവ്യാലാപനങ്ങള്‍ക്ക് മദീനയിലെ സ്വന്തം പള്ളി തന്നെ നബി വേദിയാക്കി കൊടുത്തു. കവിതകളുടെ കാര്യത്തിൽ ഖുർആൻ കുറച്ച് കഠിനമായി ഇടപെട്ടു എന്നത് ശരിയാണ്. അത് അറബികൾ തങ്ങളുടെ കാവ്യ ശേഷിയെ ഒരാവശ്യവും ഇല്ലാത്ത വർണ്ണനകൾക്ക് വേണ്ടി മാത്രം ഉപയോഗപ്പെടുത്തുകയും അങ്ങനെ വർണിച്ചു പാടുന്നവരെ ആരാധിക്കുന്ന സാഹചര്യം വരെ ഉണ്ടാവുകയും ചെയ്തതുകൊണ്ടായിരുന്നു. പക്ഷേ അതേസമയം സ്വഹാബിമാരിൽ തന്നെ വളരെ മികവുറ്റ കവികൾ ഉണ്ടായിരുന്നു. അവർക്ക് സ്വന്തം പള്ളിയിൽ ഇരിപ്പിടം വരെ നബി തങ്ങൾ ഒരുക്കി കൊടുത്തിരുന്നു എന്നാണ്. അതിനുള്ള കാരണം അവരുടെ കലാശേഷികൾ ശരിയായ വിശുദ്ധി ഉൾക്കൊണ്ടിരുന്നു എന്നതു തന്നെയാണ്. ഇസ്ലാം സ്വീകരിച്ചിട്ടില്ലാത്ത ഉമയ്യത്തിബ്‌നു അബിസ്സ്വല്‍അ എന്ന ജാഹിലി കവിയുടെ വരികള്‍ ചോല്ലിക്കേട്ടപ്പോള്‍ അവയിലടങ്ങിയ ജിവിതദര്‍ശനത്തെ നബി പ്രശംസിച്ചതു തന്നെ മതി നല്ലതാണ് എങ്കിൽ ഇസ്ലാം അതിനോടൊപ്പം നിൽക്കാൻ ഉള്ള വിശാലമായ മനസ്സ് ഉൾക്കൊള്ളുന്നു എന്നതിന് തെളിവായി.
o
Thoughts & Arts
പുരസ്കാരങ്ങൾക്ക് വഴിയൊരുക്കുന്ന ആത്മരതികൾ..
2026-01-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso