Thoughts & Arts
Image

സൂറത്തുൽ മുൽക്ക് 1

2026-01-02

ടി എച്ച് ദാരിമി
ഖുർആൻ പഠനം

ആയത്തുകൾ 1,2


പരിചയും പവിത്രതയുമാണ് സൂറത്തുൽ മുൽക്ക്


വിശുദ്ധ ഖു൪ആനിലെ അറുപത്തി ഏഴാമത്തെ സൂറത്താണ് സൂറത്തുല്‍ മുല്‍ക്. മക്കയില്‍ അവതരിക്കപ്പെട്ട ഈ സൂറത്തില്‍ 30 ആയത്തുകളാണുള്ളത്. ഈ സൂറത്തിനെ തബാറക്ക സൂറത്ത് എന്നും സൂറത്തുൽ മാനിഅ, സൂറത്തുൽ വാഖിയ, സൂറത്തുൽ മുൻജിയ എന്നുമെല്ലാം വിളിക്കപ്പെടാറുണ്ട്. അധികം പേരുകൾ ഉണ്ടാകുന്നത് അധികം പ്രയോഗമോ അധികം പ്രയോജനമോ ഉണ്ടാകുമ്പോഴാണ് എന്നത് ഒരു പൊതുവായ കാര്യമാണ്. തബാറക്ക സൂറത്ത് എന്ന പേര് ഈ വാക്കുകൊണ്ട് ഈ സൂറത്ത് തുടങ്ങുന്നത് കൊണ്ടായിരിക്കാം വന്നത്. അതേസമയം മറ്റു മൂന്നു പേരുകളും കാവൽ, രക്ഷാമാർഗ്ഗം തുടങ്ങിയ ആശയങ്ങൾ ദ്യോതിപ്പിക്കുന്നതാണ്. അത്തരം ആവശ്യങ്ങൾക്ക് വേണ്ടി ഈ സൂറത്തിന്റെ പാരായണത്തെ അവലംബിക്കുന്നതു കൊണ്ടും അങ്ങനെ ചെയ്യാം എന്ന് പ്രമാണങ്ങളിൽ വന്നതുകൊണ്ടും ആയിരിക്കാം ഈ പേരുകൾ വന്നത് എന്ന് കരുതാം. ഈ സൂറത്തിന് ധാരാളം സവിശേഷതകളും ശ്രേഷ്ഠതകളും ഉണ്ട് എന്ന് നബി(സ്വ) തങ്ങൾ തന്നെ നമ്മോട് പറയുന്നുണ്ട്. അബ്ദുല്ലാഹി ബ്നു മസ്ഊദ്(റ)പറയുന്നു: നബി(സ്വ) പറഞ്ഞു: 'ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് തബാറക്ക സൂറത്ത്' (സ്വഹീഹുല്‍ ജാമിഅ്). ഖബറിൽ കിടക്കുന്ന ഒരു വ്യക്തിയുടെ നേരെ ശിക്ഷകൾ ഓരോ ഭാഗത്തുനിന്നും വരുമ്പോൾ അതിനെ ഓരോന്നിനെയും സൂറത്തുൽ മുൽക്ക് പ്രതിരോധിക്കുന്നതായി ഇബ്നു മസ്ഊദിൽ നിന്ന് തന്നെ വന്ന മറ്റൊരു സഹീഹായ ഹദീസ് വിവരിക്കുന്നുണ്ട്. നബി (സ്വ) തങ്ങൾ ഈ പ്രത്യേകതകൾ സ്വന്തം ജീവിതം കൊണ്ട് തന്നെ പഠിപ്പിക്കുകയുണ്ടായി. ജാബിർ(റ)വിൽ നിന്നും നിവേദനം ചെയ്യപ്പെട്ട ഒരു ഹദീസിൽ അദ്ദേഹം പറയുന്നു: 'സൂറത്തുസ്സജദയും സൂറത്തുല്‍ മുല്‍ക്കും പാരായണം ചെയ്യാതെ നബി(സ്വ) ഉറങ്ങാറുണ്ടായിരുന്നില്ല' (തുർമുദി).


സൂറത്തുൽ മുൽക്ക് സത്യവിശ്വാസികൾക്ക് നൽകുന്ന ഏറ്റവും വലിയ വാഗ്ദാനം അന്ത്യനാളിലെ ശഫാഅത്ത് തന്നെയായാണ്. അന്ത്യനാളിലെ വിചാരണ അത്രയും കഠിനമാണ്. അതിൽനിന്ന് രക്ഷപ്പെടുവാൻ ഒരാൾക്കും ഒരു മാർഗ്ഗവുമില്ല. ഉള്ള ഏക മാർഗ്ഗം ശഫാഅത്ത് തന്നെയാണ്. മഹാനായ നബി(സ്വ) തങ്ങളുടെ മഹാ ശഫാഅത്തിന് പുറമെ അന്ത്യനാളിൽ ശുപാർശ ചെയ്യാൻ കഴിയുന്ന വ്യക്തികളെയും കാര്യങ്ങളെയും നബി(സ്വ) തങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അവയിൽ ഒന്നാണ് വിശുദ്ധ ഖുർആൻ. അത് അല്ലാഹുവിൻ്റെ കലാമാണ്. അല്ലാഹുവിൻറെ കലാം അവൻ്റെ ദാത്തിൽ (സത്തയിൽ) ചേർന്നു കിടക്കുന്ന ഒരു മഹാഗുണമാണ്. അപ്പോൾ അതിൻ്റെ വ്യതിരിക്തതയും ശക്തിയും എത്രമാത്രം ഉണ്ടായിരിക്കും എന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും. ഒരുപക്ഷേ, പ്രവാചകന്മാരേക്കാളും അല്ലാഹുവിനോട് അല്ലാഹുവിൽ വിലയും പ്രാപിച്ചു കിടക്കുന്നത് അവൻ്റെ കലാമായിരിക്കുമല്ലോ. അതിനാൽ അതിൻ്റെ ശഫാഅത്ത് ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്നത് തന്നെയായിരിക്കും. വിശുദ്ധ ഖുർആനിൽ തന്നെ ആശയ പ്രാധാന്യം കൂടുതലുള്ളതും പ്രാർത്ഥനാ ശൈലി ഉൾക്കൊള്ളുന്നതുമായ സൂറത്തുകളും ആയത്തുകളും ഉണ്ട്. മേൽപ്പറഞ്ഞ പ്രത്യേകതകൾ ഒന്നും പ്രകടമല്ലാത്ത ചിലതും കൂട്ടത്തിലുണ്ട്. അവയ്ക്ക് ഏറെ പ്രാധാന്യമുണ്ട് എന്ന് നബി തങ്ങൾ പ്രത്യേകം നമ്മെ അറിയിച്ചിട്ടുമുണ്ട്. അത്തരത്തിലുള്ള ഒന്നു കൂടിയാണ് സൂറത്തുൽ മുൽക്ക്. ഒന്നിലധികം ഹദീസുകളിൽ ഇത് നബി തങ്ങൾ പ്രത്യേകം പറഞ്ഞതായി കാണാം. ഉദാഹരണമായി അബൂഹുറൈറ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെടുന്ന ഹദീസിൽ നബി(സ്വ) പറയുന്നു: 'മുപ്പത് ആയത്തുകളുള്ള ഒരു സൂറത്ത് ഖുര്‍ആനിലുണ്ട്. അത് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് (ശുപാര്‍ശ) ചെയ്യും, അതത്രേ അല്‍ മുല്‍ക്ക് സൂറത്ത്' (ഇബ്നുമാജ: 3786).


ഇവിടെ നാം പറഞ്ഞതും അല്ലാത്തതുമായ ഹദീസുകളിൽ നിന്ന് പറയുന്ന കാര്യങ്ങള്‍ വ്യക്തമാകുന്നു. ഒന്ന്, ഖബ്റിലെ ശിക്ഷയില്‍ നിന്ന് രക്ഷ നല്‍കുന്നതാണ് ഈ സൂറത്ത്. രണ്ട്, സൂറത്തുല്‍ മുല്‍ക്ക് എല്ലാ രാത്രിയിലും പാരായണം ചെയ്യല്‍ സുന്നത്താണ്. അത് നബി(സ്വ) തങ്ങളുടെ പതിവായിരുന്നു. മൂന്ന്, പരലോകത്ത് ഈ സൂറത്ത് അതിന്റെ വക്താവിന് പാപങ്ങൾ പൊറുക്കപ്പെടുന്നതുവരെ ശഫാഅത്ത് ചെയ്യുന്നതാണ്. അല്ലാഹുവിൻ്റെ കലാം എന്ന നിലക്കും നബി(സ്വ) തങ്ങളുടെ ജീവിതചര്യ എന്ന നിലക്കും ഉള്ള പ്രത്യേകതകൾക്ക് പുറമെ ഈ സൂറത്തിനെ ഇത്രമേൽ വിശിഷ്ടമാക്കുന്നത് അതിൻ്റെ ആശയം തന്നെയായിരിക്കും. അതുകൊണ്ട് വിശുദ്ധ ഖുർആനിന്റെ അർത്ഥങ്ങളും ആശയങ്ങളും പഠിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. അതേസമയം പാരായണം കൊണ്ടുള്ള പ്രതിഫലം ലഭിക്കണമെങ്കിൽ അർത്ഥം അറിയണമെന്നൊന്നും ഇല്ല. കാരണം വിശുദ്ധ ഖുർആൻ പാരായണം ഒരു ആരാധനയാണ്. എന്നാൽ അർത്ഥവും ആശയവും കൂടി മനസ്സിലാക്കി പാരായണം ചെയ്യുമ്പോൾ വല്ലാത്ത ഒരു ഈമാനികമായ ആവേശം മനസ്സിലേക്ക് ഇരച്ചു കയറുന്നത് കാണാം. ഈ സൂറത്ത് ഉൾക്കൊള്ളുന്ന ആശയങ്ങൾ പഠിക്കുവാൻ അത് സഹായകമാകും എന്നതോടൊപ്പം ഇതിലെ അല്ലാഹുവിന്റെ നിർദേശങ്ങൾ ജീവിതത്തിൽ പകർത്തുവാൻ ഇതുവഴി എളുപ്പത്തിൽ കഴിയും.


1 രാജാധിപത്യം ആരുടെ കൈവശമാണോ അവന്‍ അനുഗ്രഹപൂര്‍ണനത്രേ. സര്‍വകാര്യത്തിനും കഴിവുറ്റവനാണവന്‍.


അല്ലാഹുവിനെ മഹത്വപ്പെടുത്തി കൊണ്ടാണ് സൂറത്ത് ആരംഭിക്കുന്നത് അവൻ്റെ അപാരവും അനന്യവുമായ കഴിവുകളെ ആദ്യ ആയത്തിൽ തന്നെ സൂചിപ്പിച്ചിരിക്കുന്നു. അത് തുടർന്നുവരുന്ന ആയത്തുകളുടെ പ്രധാന പ്രതിപാദ്യം അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ തന്നെയാണ് എന്നതിലേക്കുള്ള സൂചനയാണ്. പൊതുവേ മക്കിയായ സൂറത്തുകളുടെയും ആയത്തുകളുടെയും പ്രധാന ആശയ തലം ഇത്തരത്തിലുള്ള ദൃഷ്ടാന്തങ്ങളെ കുറിച്ചുള്ള വിവരണം തന്നെയാണ്. മനുഷ്യരുടെ ശ്രദ്ധയെയും ബുദ്ധിയെയും സൃഷ്ടാവിലേക്ക് ക്ഷണിക്കുക എന്നതാണ് അതിൻ്റെ പിന്നിലുള്ള പ്രധാന ലക്ഷ്യം.


2 നിങ്ങളില്‍ ഏറ്റം ഉദാത്തമായ പ്രവര്‍ത്തനങ്ങളനുവര്‍ത്തിക്കുന്നത് ആരാണെന്ന് പരീക്ഷിച്ചറിയാനായി മരണവും ജീവിതവും നിശ്ചയിച്ചവനും ഏറെ അജയ്യനും പൊറുക്കുന്നവനും സപ്തവാനങ്ങളെ അടുക്കുകളായി സൃഷ്ടിച്ചവനുമാണവന്‍.


അല്ലാഹുവിലേക്ക് വിരൽചൂണ്ടുന്ന ദൃഷ്ടാന്തങ്ങളിൽ ആദ്യമായി പറയുന്നത് മനുഷ്യൻ എന്ന അധ്യായത്തിന്റെ ആദ്യ ബിന്ദുവിനെ കുറിച്ചും അവസാന ബിന്ദുവിനെ കുറിച്ചും ആണ്. അത് ജീവിതവും മരണവും ആണല്ലോ. ജനനത്തിൽ തുടങ്ങി മരണത്തിൽ അവസാനിക്കുന്നതാണ് മനുഷ്യൻ്റെ ജീവിതം. ഈ ജീവിത ഘട്ടത്തിലാണ് അവനു മുമ്പ് സൃഷ്ടിക്കപ്പെട്ടതാണ് എങ്കിലും പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളും അവൻ്റെ ചിന്തയുടെയും അന്വേഷണത്തിന്റെയും പരിധിയിൽ വരുന്നത്. മരണത്തോടുകൂടി ഈ പ്രപഞ്ചത്തിലെ ജീവിത ഘട്ടം അവസാനിക്കുന്നതിനാൽ പ്രപഞ്ചത്തിലുള്ള എല്ലാ ദൃഷ്ടാന്തങ്ങളുടെയും അവനിലുള്ള സ്വാധീനം അതോടെ അവസാനിക്കുന്നു. അതുകൊണ്ട് ജനനവും മരണവും എന്നീ രണ്ടു അതിരുകളെ വലിയ ദൃഷ്ടാന്തങ്ങളായി ഇവിടെ അല്ലാഹു അവതരിപ്പിക്കുന്നു. ജനനത്തിനും മരണത്തിനും ഇടക്ക് സാക്ഷാൽ സൃഷ്ടാവിനെ കണ്ടെത്തുകയും അവനെ അനുസരിക്കുന്ന ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യേണ്ടതാണ് എന്ന അർത്ഥം കൂടി ഈ അർത്ഥത്തിലുള്ള ക്രമീകരണം സൂചിപ്പിക്കുന്നു. അല്ലാഹുവിൻ്റെ വലിയ ദൃഷ്ടാന്തം എന്ന നിലക്ക് കിട്ടിയ ജനനവും അതിനെ തുടർന്നുള്ള ജീവിതവും അവനെ മാനിച്ചു കൊണ്ടായിരിക്കണം എന്നാണ് പറയുന്നത്. അല്ലാതെവന്നാൽ മരണത്തിനുശേഷം ഇതിനെക്കുറിച്ചുള്ള വിചാരണകൾ നടക്കുമ്പോൾ ശിക്ഷ ഏറ്റുവാങ്ങേണ്ടതായി വരും.


മനുഷ്യൻ്റെ ജനനത്തെക്കുറിച്ചും മരണത്തെക്കുറിച്ചും അവൻ അവ രണ്ടിനെയും പടച്ചു എന്നാണ് ഈ ആയത്തിൽ പ്രയോഗിച്ചിരിക്കുന്നത്. ഈ പ്രയോഗം വളരെ ആഴമുള്ള ചിന്തകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകുന്നതാണ്. മനുഷ്യൻ ജനിക്കുകയല്ല മറിച്ച് മനുഷ്യനിൽ അള്ളാഹു ജന്മം പടക്കുകയാണ് എന്നതാണ് ആ ചിന്ത. അപ്രകാരം തന്നെ മറുവശത്ത് മനുഷ്യൻ മരിക്കുകയല്ല മനുഷ്യനിൽ അല്ലാഹു മരണത്തെ പടക്കുകയാണ്. മനുഷ്യൻ്റെ കാര്യകാരണങ്ങൾ മാത്രം അവൻ്റെ ജനനത്തെയോ മരണത്തെയോ സ്വാധീനിക്കുന്നില്ല എന്ന് ചുരുക്കം. ഒന്നുകൂടി വിശദമാക്കിയാൽ, ഒരാൾ വിവാഹം കഴിക്കുകയും ഇണയുമായി ലൈംഗികബന്ധം പുലർത്തുകയും ചെയ്തു എന്നതുകൊണ്ട് മാത്രം അവന് നിർബന്ധമായും ഒരു കുഞ്ഞ് ജനിച്ചുകൊള്ളണമെന്നില്ല. മറിച്ച്, അത്തരം കാരണങ്ങളെല്ലാം ഉണ്ടാകുന്നതോടൊപ്പം സൃഷ്ടാവായ അല്ലാഹുവിൻ്റെ പ്രത്യേകമായ വിധിയും തീരുമാനവും വേണ്ടതുണ്ട്. വേണ്ടതെല്ലാം ചെയ്തിട്ടും കുഞ്ഞുങ്ങൾ ജനിക്കാതെ വിഷമിച്ചിരിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ അതിന് മതിയായ തെളിവാണ്. എന്നാൽ അത്തരം സാഹചര്യങ്ങളിൽ ചികിത്സകൾ ഫലിക്കുന്നുണ്ടല്ലോ എന്ന എതിർ ചോദ്യം ഇവിടെ ഈ കാലത്ത് പ്രത്യേകിച്ചും പ്രതീക്ഷിക്കപ്പെടുന്നത് തന്നെയാണ്. ചികിത്സകൾ നടക്കുന്നുണ്ട് എന്നതും അവ ഫലിച്ചതായി അനുഭവപ്പെടുന്നുണ്ട് എന്നതും ഒന്നും കണ്ണടച്ച് നിഷേധിക്കാവുന്ന കാര്യങ്ങൾ അല്ല. പക്ഷേ അത് മാത്രമാണ് അത്തരം കേസുകളിൽ ജനനത്തിന്റെ നിദാനം എന്ന് തീർത്തു പറയുവാൻ ആ മേഖലയിലുള്ളവർക്ക് പോലും ധൈര്യമില്ലാത്ത സാഹചര്യമുണ്ട് എന്നത് ഒരു വസ്തുതയാണ്. കാരണം ആ ചികിത്സകളെല്ലാം മുറ പോലെയും ക്രമം പോലെയും ചെയ്തിട്ടും ഫലപ്രാപ്തി ലഭിക്കാത്ത എത്രയോ കുടുംബങ്ങൾ നമ്മുടെ ജീവിത പരിസരങ്ങളിൽ ഉണ്ട്. ഈ അനുഭവങ്ങളും വസ്തുതകളും ലൈംഗിക വേഴ്ചയോ ഫെർട്ടിലിറ്റി ചികിത്സയോ മാത്രമാണ് കുഞ്ഞിൻ്റെ ജനനത്തിന് കാരണമാകുന്നത് എന്നു പറയാനുള്ള ധൈര്യത്തെ ഇല്ലാതെയാക്കുന്നു. എല്ലാം ഒരു അനിവാര്യമായ ശ്രമം എന്ന അർത്ഥത്തിൽ മാത്രമേ എത്തുന്നുള്ളൂ. മരണത്തിന്റെ കാര്യവും മറിച്ചല്ല. അത് അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ രോഗക്കിടക്കയിൽ ദീർഘമായി കിടക്കുന്ന ആൾക്കാരെ കാണുമ്പോഴും ഒരു കുഴപ്പവുമില്ലാതെ പ്രസരിപ്പോടെ തുള്ളിച്ചാടി നടക്കുന്ന ചെറുപ്പക്കാരൻ നിമിഷാർദ്ധത്തിൽ മരിച്ചു വീഴുന്നത് കാണുമ്പോഴും നമുക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. അവിടെയും കാര്യകാരണങ്ങൾ അപ്രസക്തമാണ്. എല്ലാ സൂക്ഷ്മതയും പുലർത്തുകയും എല്ലാ വ്യായാമങ്ങളും ചെയ്യുകയും എല്ലാം മരുന്നുകളും കൃത്യമായി പഠിച്ചും ഗ്രഹിച്ചും ഉപയോഗിക്കുകയും ഒക്കെ ചെയ്യുന്നവരും സാകൂതം മരണത്തിന് പിടികൊടുക്കുന്നത് കാണാം. എല്ലാവരെയും മരണം കൂട്ടിക്കൊണ്ടുപോയ വലിയ വിമാന ദുരന്തങ്ങളിൽ ഒരു കുട്ടിയോ ഒരേ ഒരു യാത്രികനോ മാത്രം അത്ഭുതകരമായി രക്ഷപ്പെടുന്നത് കാണാം. ഇത്തരത്തിലുള്ള രംഗങ്ങളെല്ലാം പറയുന്നത് മരണത്തെ അല്ലാഹു സൃഷ്ടിക്കുകയാണ് എന്ന് തന്നെയാണ്.


ഈ ആയത്ത് അവസാനിക്കുന്നത് എന്തിനുവേണ്ടിയാണ് ഈ ജീവിതവും അതിന് ഭൗതികമായ ഒരു അവസാനവും കൽപ്പിച്ചിരിക്കുന്നത് എന്നതിന്റെ ഉത്തരവുമായിട്ടാണ്. അത് നിങ്ങളിൽ ആരാണ് കർമ്മത്താൽ ഏറ്റവും മെച്ചപ്പെട്ടവർ എന്ന് പരീക്ഷിച്ച് കണ്ടുപിടിക്കാൻ വേണ്ടിയാണ് എന്ന് അല്ലാഹു പറയുന്നു. ഈ ആശയത്തിൽ ഇസ്ലാമിക വീക്ഷണത്തിലുള്ള ജീവിതത്തിൻ്റെ ആകെത്തുക ഉൾക്കൊള്ളിക്കപ്പെട്ടിരിക്കുന്നു. പലപ്പോഴും ചില മനസ്സുകളിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ് ഇത്. അഥവാ ചിലരെങ്കിലും ചിന്തിച്ചേക്കും, മനുഷ്യനെ പടക്കുകയും അവന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തും നിയന്ത്രിച്ചും അവനെ പരിപാലിക്കുകയും ചെയ്യുന്ന അല്ലാഹു തന്നെ അവനെ പരീക്ഷിക്കുകയും പരീക്ഷയിൽ വിജയിച്ചാൽ സ്വർഗ്ഗവും പരാജയപ്പെട്ടാൽ നരകവും കൊടുക്കുന്നതിന് എന്ത് അർത്ഥമാണ് ഉള്ളത് എന്ന്. ഈ പ്രപഞ്ചത്തിൽ മനുഷ്യന്മാർ മാത്രമല്ല ഉള്ളത്. എണ്ണിയാൽ ഒടുങ്ങാത്ത ജീവജാലങ്ങളും മറ്റും ഉണ്ട്. അവയെ ഓരോന്നിനും എന്തിനുവേണ്ടിയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നത് ചോദിക്കാവുന്ന ഒരു ചോദ്യം തന്നെയാണ്. അതിനുത്തരം നമുക്ക് കൃത്യമായി അറിയില്ല. എല്ലാ ജീവജാലങ്ങളെയും വസ്തുക്കളെയും പടച്ചിരിക്കുന്നത് മനുഷ്യന് വേണ്ടിയാണ് എന്ന ഒരു സംസാരം ഉണ്ട്. അത് ശരിയാണ് എന്നാൽ തന്നെ അവയുടെ ജീവിതം അതിനു വേണ്ടിയുള്ളതാണ് എന്നാണ് വരിക. അപ്പോൾ ആ സൃഷ്ടികളെല്ലാം പടച്ചിരിക്കുന്നത് അത്തരം ഒരു ലക്ഷ്യത്തിലാണ്. എന്നാൽ മനുഷ്യരെ പടച്ചിരിക്കുന്നത് അവരെ ഒരു പരീക്ഷണത്തിന് വിധേയരാക്കുവാൻ വേണ്ടിയാണ്. ആ പരീക്ഷണത്തിന് വേണ്ടി അവർക്ക് പരിമിതമായ ചില സ്വാതന്ത്ര്യങ്ങൾ നൽകിയിരിക്കുന്നു. വിവേകവും വികാരവും അവരിൽ നിക്ഷേപിച്ചിരിക്കുന്നു. അതിൽ ഏതാണ് തെരഞ്ഞെടുക്കേണ്ടത് എന്നത് പ്രവാചകരിലൂടെയും കിതാബുകളിലൂടെയും മാത്രമല്ല സഹജാവ ബുദ്ധിയിലൂടെയും അവനറിയിച്ചിരിക്കുന്നു. എന്നിട്ടും അതൊന്നും മാനിക്കാതെ സ്വന്തം ഉള്ളിൽ തന്നെയുള്ള വൈകാരികതക്കോ അല്ലെങ്കിൽ അവനെതിരെ പ്രവർത്തിക്കുന്ന പിശാചിനു വിധേയമായിട്ടോ മനുഷ്യൻ ജീവിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വേണ്ടിയാണ് ഇത്. അപ്പോൾ മനുഷ്യനെ പടച്ചിരിക്കുന്നത് ഈ പരീക്ഷണത്തിന് വേണ്ടിയാണ്. അതിനല്ലാതെ മറ്റെന്തിനു വേണ്ടിയാണ് എന്ന് ജൽപ്പിച്ചാലും അതെല്ലാം ചെറിയ അർത്ഥങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്നവയായി മാറും.


ഉദ്ധൃത ആയത്തിൽ 'ഏറ്റവും നന്നായി ചെയ്യുന്നവർ ആരാണ് എന്നറിയുവാൻ വേണ്ടി' എന്ന പ്രയോഗത്തിൽ അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെ ധ്വനി അടങ്ങിയിട്ടുണ്ട്. കാരണം അല്ലാഹുവിൻ്റെ പരിഗണനയിൽ നന്മ ചെയ്തവർ, തിന്മ ചെയ്തവർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ മാത്രമല്ല ഉള്ളത്. നന്മയുടെ കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നും അതിനനുസരിച്ച് പ്രതിഫലങ്ങളിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം എന്നെല്ലാമുള്ള ആശയങ്ങൾ അതിൽ അടങ്ങിയിട്ടുണ്ട്. ഇത് വിശ്വാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. നന്മയാണെങ്കിൽ അതിൽ ഏറ്റവും കുറഞ്ഞത് മുതൽ ഏറ്റവും വലുത് വരെ അനുകൂലമായി പരിഗണിക്കപ്പെടുന്നു എന്ന പ്രതീക്ഷയാണത്. ഏറ്റവും അധികം നന്മ ചെയ്യാൻ ഏറ്റവും അധികം ത്യാഗം വേണ്ടി വരുന്നു എന്നതിനാൽ അത്തരക്കാർക്ക് കിട്ടുന്ന പ്രതിഫലം സ്വാഭാവികമായും വലുതാവും. എന്നാൽ ചെറിയ നന്മകൾ ചെയ്താൽ അതിനും സ്വീകാര്യത ഉണ്ടാകും എന്ന് പറയുമ്പോൾ അല്ലാഹുവിൻ്റെ കാരുണ്യം അതിൽ വ്യക്തമാകുന്നു. ഒരു ന്യായവും ഇല്ലാതെ നന്മയെ അവഗണിച്ചവനെ മാത്രമേ അല്ലാഹു ശിക്ഷിക്കുകയുള്ളൂ എന്നാണ്.
0






0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso