ഇഅ്ജാസ്
ടി എച്ച് ദാരിമി
വിശുദ്ധ ഖുർആനിന്റെ അമാനുഷികത ഏറ്റവും അധികാരികമായി തെളിയിക്കുന്ന ഒന്നാണ് വിശുദ്ധ ഖുർആനിൽ നടത്തിയിട്ടുള്ള പ്രവചനങ്ങൾ. വിശ്വാസികൾക്കും സന്ദേഹികൾക്കും ഒരേപോലെ നേർക്കുനേർ കാണാനും വിലയിരുത്തുവാനും പറ്റുന്ന ഒന്നാണ് പ്രവചനങ്ങൾ. ഒരാൾ നേരത്തെ പറഞ്ഞു വെച്ച കാര്യങ്ങൾക്കാണല്ലോ പ്രവചനങ്ങൾ എന്ന് പറയുന്നത്. പറഞ്ഞുവെച്ച കാര്യങ്ങൾ പറഞ്ഞുവെച്ചതുപോലെ നടക്കുന്നുണ്ടോ, നടന്നിട്ടുണ്ടോ എന്ന് നോക്കുക വഴി പ്രവചനത്തിന്റെ ആധികാരികത ആർക്കും തെളിയിക്കാനാകും. വിശുദ്ധ ഖുർആൻ ഇത്തരത്തിൽ നടത്തിയിട്ടുള്ള പ്രവചനങ്ങൾ പല രൂപത്തിലുള്ളതാണ്. അവയിൽ ഹ്രസ്വകാലം കൊണ്ട് പുലർന്നവ ഉണ്ടായിരുന്നു. അവയിൽ ദൂരകാലത്ത് സംഭവിച്ചവയും ഉണ്ടായിരുന്നു. ഇനിയും പുലർന്നിട്ടില്ലാത്ത എന്നാൽ പുലരുന്ന കാര്യത്തിൽ ആർക്കും സന്ദേഹം ഇല്ലാത്ത കാര്യങ്ങൾ ഉണ്ട്. അത്തരം ഒന്നാണ് നബി തിരുമേനി(സ്വ)യുടെ ജീവിത കാലഘട്ടത്തിൽ തന്നെ ഖുർആൻ നടത്തുകയും അത്ഭുതകരമായി പുലരുകയും ചെയ്ത റോമിന്റെ പരാജയവും ഉയർത്തെഴുന്നേൽപ്പും. ചരിത്രപരവും രാഷ്ട്രീയപരവുമായ പ്രത്യേകതകൾ ഈ പ്രവചനത്തിന് ഉണ്ട്. അത് വിശുദ്ധ ഖുർആനിലെ മുപ്പതാമത്തെ അധ്യായമായ അൽ റൂം എന്ന അധ്യായത്തിന്റെ ആദ്യത്തെ സൂക്തങ്ങളിലാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അത് ഇപ്രകാരമാണ്: 'അലിഫ്-ലാം-മീം. റോമക്കാര്‍ പരാജിതരായിരിക്കുന്നു. അടുത്ത നാട്ടിലാണിതുണ്ടായത്. തങ്ങളുടെ പരാജയത്തിനുശേഷം അവര്‍ വീണ്ടും വിജയം വരിക്കും. ഏതാനും കൊല്ലങ്ങള്‍ക്കകം. മുമ്പും പിമ്പും കാര്യങ്ങളുടെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. അന്ന് സത്യവിശ്വാസികള്‍ സന്തോഷിക്കും' (അൽ റൂം: 1-4). റോമിന്റെ പരാജയം ഒരു സത്യമായ വസ്തുത തന്നെയാണ് എന്നും എന്നാൽ റോം ഈ പരാജയത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കും എന്നും പ്രവചിക്കുന്ന വിശുദ്ധ ഖുർആൻ ഈ പ്രവചനത്തിൽ ചെലുത്തുന്ന ഏറ്റവും വലിയ അപകടവും അത്ഭുതവും ആ തിരിച്ചു വരവ് ഏതാനും വർഷങ്ങൾക്കുള്ളിൽ സംഭവിക്കും എന്ന് പറയുമ്പോഴാണ്. വിജയിക്കും എന്ന് തന്നെ പറയാൻ യാതൊരു ന്യായവും ഇല്ലാത്ത കാര്യം വിജയിക്കുമെന്ന് മാത്രമല്ല അത് ഏതാനും വർഷങ്ങൾക്കുള്ളിൽ അനുഭവിക്കും എന്നും കൂടി പ്രവചിക്കണമെന്ന് അതിനുമാത്രം കാര്യങ്ങൾ കയ്യിലിരിക്കുന്നവന് മാത്രമേ അതിനു സാധിക്കൂ. ഇതു മനസ്സിലാക്കുവാൻ ആ ചരിത്രം ഓർത്തെടുക്കേണ്ടതുണ്ട്.
എ ഡി 615 ലാണ് ഈ യുദ്ധം നടന്നത്. പേർഷ്യ ഒരു വലിയ സാമ്രാജ്യമായി ഉയർന്നുവന്ന സമയമായിരുന്നു അത്. അതായത് നബി തിരുമേനി തങ്ങൾക്ക് 44 വയസ്സ് പ്രായമുള്ളപ്പോൾ. അപ്പോൾ അന്ത്യപ്രവാചകന് പ്രവാചകത്വം ലഭിച്ചിട്ട് വെറും നാലു വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. അതിൽ തന്നെ മൂന്നുവർഷം രഹസ്യമായ പ്രബോധനത്തിന്റെ കാലഘട്ടമായിരുന്നു. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം ദൗത്യത്തെ കുറിച്ച് അറിഞ്ഞ കാലം. പക്ഷേ ഈ സംഭവം കഴിഞ്ഞപ്പോഴേക്കും മക്കയിൽ ഇസ്ലാം പ്രചാരപ്പെട്ടിരുന്നു. കാരണം അന്നാട്ടുകാരെ വിറളി പിടിപ്പിച്ച ആദർശമായിരുന്നു പ്രവാചകൻ പ്രചരിപ്പിച്ചു തുടങ്ങിയത്. അവരുടെ ദൈവ വിശ്വാസങ്ങളെ ഹനിക്കുന്നത് മാത്രമായിരുന്നില്ല അവരുടെ പ്രശ്നം, മറിച്ച്, ആരുടെയും നിയന്ത്രണമില്ലാതെ സർവ്വത്ര സ്വതന്ത്രയായി ജീവിക്കുന്ന അവർക്ക് മേൽ ഒരു ആദർശത്തിന്റെയും പ്രവാചകന്റെയോ നിയന്ത്രണം വരുന്നത് അവർക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അതിനാൽ കടുത്ത എതിർപ്പുകളും ആയിട്ടാണ് അവർ ഇസ്ലാമിനെതിരെ രംഗത്തിറങ്ങിയത്. എതിർപ്പുകൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും പുറം ലോകം അത് പെട്ടെന്ന് അറിയും. അങ്ങനെ എല്ലാവരും പുതിയ മതത്തെക്കുറിച്ചും അതിൻ്റെ ദൈവ സിദ്ധാന്തത്തെ കുറിച്ചും അറിഞ്ഞു നിൽക്കവേ ആയിരുന്നു അവരുടെ അതേ ശൈലിയിൽ അരൂപനായ ദൈവത്തിൽ വിശ്വസിക്കുന്ന ജനവിഭാഗമായ ക്രൈസ്തവരുടെ നേതൃത്വത്തിൽ ഉള്ള റോമാസാമ്രാജ്യം പരാജയപ്പെടുന്നത്. അതിനാൽ തന്നെ പുതിയ മതത്തിനെതിരെയുള്ള ഒരു അന്താരാഷ്ട്ര രാഷ്ട്രീയ പരാജയമായി വ്യാഖ്യാനിക്കുവാൻ ഇത് ഇടവരുത്തി. അരൂപിയായ ദൈവത്തിൽ വിശ്വസിക്കുന്ന അവരുടെ വലിയ സാമ്രാജ്യം തകർന്നടിഞ്ഞതുപോലെ നിങ്ങളുടെ സാമ്രാജ്യവും മതവും താമസം വിനാ തകർന്നിടിയും എന്ന് മക്കക്കാർ പറഞ്ഞു നടക്കുന്നുണ്ടായിരുന്നു. അതിൻ്റെ ഇടയിലായിരുന്നു വിശുദ്ധ ഖുർആൻ ഇത്രയും പരാജയപ്പെട്ട റോം വീണ്ടും തിരിച്ചുവരും എന്നു പ്രവചിച്ചത്.
കേവലം ഒരു അനുമാനം എന്ന നിലക്ക് ഈ പ്രവചനത്തെ ആ കാലത്തിന് കാണാൻ കഴിയുമായിരുന്നില്ല. കാരണം ആ പരാജയത്തിന്റെ വിശദാംശങ്ങൾ അറിയുമ്പോൾ ആ തിരിച്ചുവരവ് ഒരിക്കലും നടക്കില്ല എന്ന് ആരും പറഞ്ഞു പോകും എന്നതായിരുന്നു അവസ്ഥ. തലസ്ഥാന നഗരം വരെ വിട്ടു ഏതോ അജ്ഞാതമായ ദ്വീപിൽ അഭയം പ്രാപിക്കേണ്ട സാഹചര്യമായിരുന്നു റോമാ ചക്രവർത്തി സീസർ ഹെര്‍ക്കുലീസിന് ഉണ്ടായത്. അധികാരവും സൈന്യവും എന്നല്ല സ്വന്തം കുടുംബാംഗങ്ങൾ പോലും നഷ്ടപ്പെട്ട സാഹചര്യമാണ് അദ്ദേഹത്തിനുണ്ടായത്. മറുവശത്ത് പേർഷ്യയാവട്ടെ ഓരോ വർഷവും റോമൻ നഗരങ്ങൾ പിടിച്ചടക്കുകയും ചെയ്തു. ഇത് മനസ്സിലാക്കിയ മക്കാ മുശ്രിക്കുകള്‍ വിഷയം രാഷ്ട്രീയപരമായി അവലോകനം ചെയ്തു മുസ്ലീങ്ങളുടെ മുഖത്തുനോക്കി നോക്കി പറഞ്ഞു: 'നോക്കൂ, അഗ്നിയാരാധകരായ പേര്‍ഷ്യക്കാര്‍ തുടര്‍ച്ചയായി വിജയിച്ചുകൊണ്ടിരിക്കുന്നു. വെളിപാടിലും ദൈവിക ദൗത്യത്തിലും വിശ്വസിക്കുന്ന ക്രിസ്ത്യാനികളാകട്ടെ അനുദിനം തോറ്റു കൊണ്ടിരിക്കുകയാണ്. ഇതുപോലെ വിഗ്രഹാരാധകരായ ഞങ്ങള്‍ അറബികള്‍ നിങ്ങളെയും നിങ്ങളുടെ പുത്തന്‍ മതത്തെയും ഒരു നാൾ തുടച്ചുനീക്കും'. ദിവ്യ വെളിപാടിന്റെ അടിസ്ഥാനത്തിൽ തന്നെയുള്ള ഒരു സമൂഹമായിരുന്നുവല്ലോ ക്രൈസ്തവർ. അവരുടെ പരാജയം സത്യത്തിൽ രാഷ്ട്രീയപരമായി വിഷയത്തെ അവലോകനം ചെയ്യുന്ന മുസ്ലിംകളെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മേൽപ്പറഞ്ഞ സൂക്തങ്ങൾ അവതരിച്ചതും അതില്‍ ഇപ്രകാരം പ്രവചിക്കപ്പെട്ടതും. ഈ കാണുന്ന റോം ഇനിയൊരിക്കൽ ഈ പരാജയത്തിൽ നിന്ന് സടകുടഞ്ഞ് എഴുന്നേൽക്കും എന്ന ധ്വനിയിലുള്ള ഈ സൂക്തത്തിന്റെ ആശയം മക്കാ മുശ്രിക്കുകൾക്ക് മറ്റൊരു പരിഹാസ വിഷയമായി മാറി. അതുകണ്ട അവരിലെ പ്രധാനിയായിരുന്ന ഉബയ്യുബ്നു ഖലഫ് അബൂബക്കർ(റ) യുമായി വാതുവെപ്പു നടത്താൻ വരെ തയ്യാറായി.`മൂന്നു വര്‍ഷത്തിനുള്ളില്‍ റോമക്കാര്‍ ജയിച്ചാല്‍ താങ്കൾക്ക് താന്‍ പത്തൊട്ടകം നല്‍കാം, അല്ലെങ്കില്‍ താങ്കൾ എനിക്ക് പത്തൊട്ടകം തരണം` എന്നായിരുന്നു. ഇങ്ങനെ ഒരു വാതുവെപ്പ് നടന്ന കാര്യം അബൂബക്കർ(റ) നബി തങ്ങളോട് പറയുകയുണ്ടായി. അതു കേട്ട നബി(സ) അതു വേണ്ടായിരുന്നു എന്നോ മറ്റോ പറഞ്ഞില്ല. കാരണം അതിൻ്റെ സാംഗത്യം നബി തങ്ങളുടെ മനസ്സിലും ഉറപ്പുള്ളത് തന്നെയായിരുന്നു. പക്ഷേ, മറ്റൊരു കാര്യം നബി തങ്ങൾ പറഞ്ഞു: `ഫീ ബിള്ഇ സിനീന്‍` എന്നാണ് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. പത്തില്‍ താഴെയുള്ള സംഖ്യകളെ പൊതുവില്‍ സൂചിപ്പിക്കാനാണല്ലോ അറബിഭാഷയില്‍ `ബിള്അ്` എന്ന വാക്ക് ഉപയോഗിക്കുന്നത്. അതുകൊണ്ട് പന്തയം പത്തുവര്‍ഷത്തിനുള്ളില്‍ എന്നാക്കി മാറ്റണം. ഒട്ടകങ്ങളുടെ എണ്ണം വേണമെങ്കിൽ പത്തിൽ ഒതുക്കേണ്ടതില്ല, നൂറായി വര്‍ധിപ്പിച്ചുകൊള്ളുക`. വിഷയം അബൂബക്കര്‍(റ) ഉബയ്യുമായി സംസാരിച്ചു. ഉബയ്യ്, പന്തയത്തിൽ നിന്ന് പിന്മാറുന്നില്ലെങ്കിൽ, ഏത് ഉപാധിക്കും തയ്യാറായിരുന്നു. പത്തിന് പകരം 100 ഒട്ടകം കിട്ടും എന്നു വന്നപ്പോൾ അയാൾ കൂടുതൽ പ്രതീക്ഷ പുലർത്തി പന്തയം തുടർന്നു.
റോമിന്റെ അവസ്ഥ വീണ്ടും വീണ്ടും മോശമായി വന്നു. ക്രിസ്താബ്ദം 617-ല്‍ പേര്‍ഷ്യന്‍ സേന സാക്ഷാല്‍ കോണ്‍സ്റാന്റിനോപ്പിളിന് തൊട്ടടുത്ത ഇപ്പോഴത്തെ ചല്‍ക്ക്ഡോണ്‍ പിടിച്ചടക്കി. ക്രിസ്താബ്ദം 619 ആയപ്പോഴേക്കും ഈജിപ്ത് മുഴുവനും പേര്‍ഷ്യയുടെ പിടിയിലായി. പേർഷ്യൻ സൈന്യം വീണ്ടും മുന്നേറി ട്രിപ്പോളിക്കടുത്തെത്തി തങ്ങളുടെ കൊടിനാട്ടി. റോമാ സൈന്യത്തെ അവര്‍ ഏഷ്യാമൈനറില്‍ നിന്ന് ബാസ്ഫോറസ് തീരത്തോളം തള്ളിയകറ്റി. ഈ പ്രവചനത്തിനുശേഷവും എട്ട് വര്‍ഷത്തോളം അവര്‍ക്ക് വിജയം കൈവരുന്നതിന്റെ യാതൊരു സാധ്യതയും ആര്‍ക്കും ദൃശ്യമായിരുന്നില്ല. ഖുര്‍ആന്റെ ഈ പ്രവചനാനന്തരം എട്ടുവര്‍ഷത്തോളം റോമാസാമ്രാജ്യം ഇനി പേര്‍ഷ്യയെ ജയിക്കുമെന്ന് ആര്‍ക്കും സങ്കല്‍പിക്കാനാവാത്ത നിലയില്‍ തന്നെയായിരുന്നു സ്ഥിതിഗതികള്‍. വിജയിക്കുന്നതുപോയിട്ട് ആ സാമ്രാജ്യം തുടര്‍ന്ന് നിലനില്‍ക്കുമെന്നുപോലും അന്നാരും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഇംഗ്ലീഷ് ചരിത്രകാരനായ ഗിബ്ബൻ എഴുതിയത്. ഇക്കാലമൊക്കെയും മക്കയിൽ മുസ്ലിമീങ്ങളുടെ അവസ്ഥയും വളരെ പരിതാപകരമായിരുന്നു. മക്കയിൽ അവർ വീണ്ടും വീണ്ടും ആക്രമിക്കപ്പെട്ടു. പീഡനങ്ങൾ സഹിക്കവയ്യാതെ അവരിൽ പലർക്കും ആഫ്രിക്കയിലേക്ക് നാടുവിടേണ്ടിവന്നു. അങ്ങനെ നാട് വിടേണ്ടിവന്നവരിൽ അബൂ താലിബിന്റെ മകൻ ജഅ്ഫർ, ഉസ്മാൻ ബിൻ അഫ്ഫാൻ, അബ്ദുൽ റഹ്മാൻ ബിൻ ഔഫ് തുടങ്ങിയ പ്രധാനികൾ വരെ ഉണ്ടായിരുന്നു എന്ന് പറയുമ്പോൾ സാഹചര്യത്തിന്റെ സമ്മർദ്ദം അതിൽ നിന്ന് മനസ്സിലാക്കാവുന്നതാണല്ലോ. ഇതിനിടയിൽ തന്നെയായിരുന്നു നബി തങ്ങൾ ത്വായിഫ് യാത്ര നടത്തിയത്. തനിക്കും ആദർശത്തിനും അവിടെ കാലുറപ്പിക്കുവാൻ കഴിയുമോ എന്ന അന്വേഷണമായിരുന്നു അത്. നിരാശയോടെ തിരിച്ചുവന്ന നബി തങ്ങൾക്ക് സ്വന്തം വീട്ടിലേക്ക് വന്നു കയറുവാൻ വരെ പ്രയാസപ്പെടേണ്ടി വന്നു. ഇത്ര പ്രതികൂലമായിരുന്നു കാര്യങ്ങളെല്ലാം. ആകാശത്തിൽ നിന്നുള്ള വഹിയിനെ പിന്തുടരുന്ന ജനങ്ങൾ എല്ലായിടത്തും ദുർബലരാണ് എന്ന് മക്കയിലെ സാധാരണ ജനങ്ങൾക്ക് പോലും പറയാവുന്ന സാഹചര്യമായിരുന്നു ഇതെല്ലാം. പിന്നെ 622 നബിതങ്ങൾ എന്നോടൊപ്പം ഉള്ള വിശ്വാസികളെയും കൂട്ടി മദീനയിലേക്ക് പലായനം ചെയ്തു. തലസ്ഥാനമായ കോണ്‍സ്റാന്റിനോപ്പിള്‍ വിട്ട് കരിങ്കടല്‍ വഴി തറാപ്സോൺ എന്നാ ദ്വീപിലേക്ക് രക്ഷപ്പെട്ട സീസർ ചക്രവർത്തി അവിടെ പഷ്തൂണുകളുടെ സഹായത്തോടെ ചെറിയ ഒരു സേന രൂപീകരിച്ച പേര്‍ഷ്യയെ അക്രമിക്കാന്‍ ഒരുക്കം തുടങ്ങി. ഈ പ്രത്യാക്രമണത്തിന്റെ സജ്ജീകരണത്തിനുവേണ്ടി സീസര്‍ ക്രൈസ്തവ സഭയോട് സാമ്പത്തിക സഹായം ചോദിച്ചിരുന്നു. സഭയുടെ അത്യുന്നത പുരോഹിതനായ പോപ്പ് സര്‍ജിയസ്, ക്രിസ്തുമതത്തിന്റെ രക്ഷയ്ക്കുവേണ്ടി ചര്‍ച്ചുകള്‍ ശേഖരിച്ച വഴിപാടുകളും സംഭാവനകളും സീസര്‍ക്കു പലിശക്കു പകരമായി കടം കൊടുത്തു. ഈ ഒരുക്കങ്ങളുടെ പിൻബലത്തിൽ ക്രിസ്താബ്ദം 623-ല്‍ സീസർ ഹെര്‍ക്കുലീസ് ആര്‍മീനിയായില്‍ നിന്ന് തന്റെ പ്രത്യാക്രമണത്തിന് തുടക്കമിട്ടു. അടുത്തവര്‍ഷം (624 ൽ) അദ്ദേഹം അസര്‍ബൈജാനിലേക്ക് നുഴഞ്ഞു കയറുകയും സൌരാഷ്ട്രരുടെ ജന്മസ്ഥലമായ ഇര്‍മിയാ നശിപ്പിക്കുകയും ചെയ്തു. സൗരാഷ്ട്ര മതക്കാരായിരുന്നുവല്ലോ പേർഷ്യക്കാർ. അവരുടെ വിശ്വാസത്തെ തകർത്തു കൊണ്ടുള്ള ആ മുന്നേറ്റം അതിതീവ്രമായിരുന്നു.
റോമിന് പിന്നെ വിജയനാളുകളായിരുന്നു. 624 ൽ അതായത്, വിശുദ്ധ ഖുർആൻ പ്രവചിച്ച കാലഗണനയനുസരിച്ച് എട്ടാം വർഷം അവസാനം അല്ലെങ്കിൽ ഒമ്പതാം വർഷത്തിൽ പേർഷ്യക്കുമേൽ റോം വിജയം നേടിയതോടെ ആ പ്രവചനം അത്ഭുതകരമായി പുലരുകയായിരുന്നു. അത് ഒരു സാമ്രാജ്യത്തിന് മേൽ മറ്റൊരു സാമ്രാജ്യം നേടുന്ന വിജയമായിരുന്നു. അതിനാൽ തന്നെ ഒരു നഗരമോ ഒരു രാജ്യമോ പിടിച്ചടക്കുന്നതിൽ അത് അവസാനിക്കുന്നില്ല. തുടർച്ചയായ മുന്നേറ്റങ്ങൾ പിന്നെയും നിലക്കാതെ ഉണ്ടായിക്കൊണ്ടിരിക്കും. അതങ്ങനെ തന്നെ സംഭവിച്ചു. റോമാസൈന്യം പേര്‍ഷ്യന്‍ സൈന്യത്തിന് നിരന്തരം ആഘാതങ്ങളേല്‍പ്പിച്ചുകൊണ്ട് മുന്നേറിക്കൊണ്ടിരുന്നു. 624 അവരുടെ ഏറ്റവും പ്രധാന ആസ്ഥാനമായിരുന്ന ഇർമിയാ നഗരം വീണതു മുതൽ ആരംഭിച്ച വിജയം 627-ല്‍ നീനവായില്‍ നടന്ന നിര്‍ണായകമായ യുദ്ധത്തോടെ പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ അടിത്തറയിളക്കി ഖുർആനിക പ്രവചനം ശരിവെച്ചു.
ഇവിടെ ഖുര്‍ആനിക പ്രവചനം തികച്ചും സത്യമായിരുന്നുവെന്ന കാര്യം ചരിത്ര ബോധമുള്ള ആര്‍ക്കും സംശയത്തിന്റെ കണിക പോലും അവശേഷിക്കാത്ത വിധം സ്ഥിരീകരിക്കപ്പെട്ടു. ചരിത്ര വിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഇന്നും സത്യസന്ധമായി പഠിക്കുവാനും ഗ്രഹിക്കുവാനും കഴിയുന്ന ഒരു വിഷയമാണ് ഇത്. മുൻധാരണയൊന്നും ഇല്ലാതെ സമീപിക്കാനുള്ള സത്യസന്ധതയുണ്ട് എങ്കിൽ ഇത്തരം ആയിരക്കണക്കിനു അമാനുഷികതകളുടെ അടയാളങ്ങൾ കൊണ്ട് സമ്പന്നമാണ് വിശുദ്ധ ഖുർആൻ. ഇത് ശ്രദ്ധിച്ച മക്കാ മുശ്രിക്കുകൾ പലരും അതു കാരണമായിത്തന്നെ വിശുദ്ധ ഖുർആനിനെ അംഗീകരിച്ചു. ഉബയ്യു ബിനു ഖലഫിന് പക്ഷേ തൻ്റെ വാഗ്ദാനം പന്തയം പൂർണ്ണമാകുന്നത് വരെ ജീവിക്കുവാൻ ഉള്ള അവസരം ഉണ്ടായില്ല. ഹിജ്റ മൂന്നാം വർഷം നടന്ന യുദ്ധത്തിൽ അയാൾ കൊല്ലപ്പെട്ടു. പക്ഷേ ഈ പന്തയം അക്കാലത്ത് എല്ലാവരും അറിഞ്ഞ ഒന്നായിരുന്നു. അതോടൊപ്പം ഇത്തരം ഒരു വിഷയമായതിനാൽ എല്ലാവരും ജാഗ്രതയോടെ കാത്തിരിക്കുന്ന വിഷയവും ആയിരുന്നു. അല്ലെങ്കിലും അറബികൾ ഏത് സാഹചര്യത്തിലും തങ്ങളുടെ വാക്ക്, വാഗ്ദാനം, പന്തയം തുടങ്ങിയവയൊക്കെ എത്ര വില കൊടുത്തും പാലിക്കുന്നവരായിരുന്നു. ആദർശം, മതം തുടങ്ങിയ വികാരങ്ങളെക്കാൾ വലുതായിരുന്നു അവർക്ക് സ്വന്തം അഭിമാനത്തിലുള്ള വിശ്വാസം. അതുകൊണ്ടായിരുന്നു അവർ ശരിയായതും കൃത്യമായതുമായ ഒരു ദൈവീക ഇടപെടൽ ഇല്ലെങ്കിൽ പോലും ഇത്തരം ധാർമ്മിക നന്മകൾ പുലർത്തിയിരുന്നത്. അതിനാൽ ഉബയ്യുബ്നു ഖലഫിന്റെ അനന്തരാവകാശികള്‍ പന്തയത്തില്‍ പരാജയം സമ്മതിച്ച്, വാഗ്ദത്തം ചെയ്യപ്പെട്ട ഒട്ടകങ്ങളെ അബൂബക്കർ(റ) വിനു കൊടുത്തു. അദ്ദേഹം അവയെ നബി(സ)യുടെ സന്നിധിയില്‍ കൊണ്ടുവന്നു. കാരണം, പന്തയത്തിലേര്‍പ്പെടുന്ന കാലത്ത് ശരീഅത്ത് ചൂതാട്ടം നിരോധിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ നിരോധം വന്നുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ഇത് എടുക്കുവാനും അനുഭവിക്കുവാനും പാടുണ്ടോ എന്ന മതവിധി അറിയേണ്ടതുണ്ടായിരുന്നു. നബി(സ) തങ്ങൾ യുദ്ധത്തിലേര്‍പ്പെട്ട ശത്രുക്കളുടെ പന്തയമുതല്‍ എന്ന നിലക്ക് അത് എടുക്കുന്നതിന് അനുവാദം നല്‍കി. പക്ഷേ, ഒപ്പം തന്നെ അത് സ്വയം ഉപയോഗിക്കാതെ അർഹരായവർക്ക് ദാനം ചെയ്യണമെന്നു നിര്‍ദേശിക്കുകയും ചെയ്തു.
പ്രധാന അവലംബങ്ങൾ:
1) റാഗിബ് സർജാനി, ഖിസ്സ്വത്തുൽ ഇസ്ലാം, foulabook.com.
2) ഗിബ്ബൺ, Decline and fall of the Roman Empire, Modern Library Newyork.
Thoughts & Arts
അതിശയിപ്പിക്കുന്ന പന്തയം
2026-01-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso