Thoughts & Arts
Image

ഇസ്ലാമും ആത്മീയതയും

2026-01-02


വെള്ളിത്തെളിച്ചം


ടി എച്ച് ദാരിമി





സാധാരണക്കാർക്കു വേണ്ടി അവരുടെ ഭാഷയിൽ ആത്മീയത ഒന്നുകൂടി നിർവചിക്കപ്പെടേണ്ടതുണ്ട് എന്ന് തോന്നുന്നു. സമുദായത്തിനുള്ളിലെ ചില തിരയനക്കങ്ങൾ അത് ആവശ്യപ്പെടുന്നുണ്ട്. ഇസ്ലാമിലെ ആത്മീയതയെ സ്വന്തം വികാസത്തിനു വേണ്ടിയുള്ള വെള്ളവും വളവുമാക്കുന്ന വിദ്യ പണ്ടേ ഉള്ളതാണ്. ഇപ്പോൾ അത് പുതിയ കാലത്തിനും തലമുറക്കും അനുസരിച്ച് പുതിയ വേഷങ്ങൾ അണിഞ്ഞു അങ്ങിങ്ങായി അരങ്ങത്തെത്തി കൊണ്ടിരിക്കുന്നുണ്ട്. പ്രവാചകനും ഖുർആനും അറബി ആയത് മാത്രമാണ് ഇസ്ലാമും അതിലെ ആത്മീയതയായ സൂഫിസവും തമ്മിലുള്ള ബന്ധം എന്നു പറഞ്ഞു തുടങ്ങുന്ന ചിലർ സൂഫിസം ഇസ്ലാമിൻ്റേതല്ല എന്ന് പറയാൻ പത്രസമ്മേളനം നടത്തുന്ന കാഴ്ചയുടെ ഈയിടെ കണ്ടു. അങ്ങനെ പറഞ്ഞുപറഞ്ഞ് ഓരോരുത്തരും ആരാധിക്കേണ്ടത് അരൂപിയായ ഒരു ദൈവത്തെയല്ല മറിച്ച് തന്നെത്തന്നെയാണ് എന്നു വരെ പറഞ്ഞൊപ്പിക്കുന്നുമുണ്ട് അവർ. മറ്റു ചിലർ പറഞ്ഞുപറഞ്ഞ് കാട് കയറുകയാണ്. ഏതോ വികാരത്തിൻ്റെ മാസ്മരികതയിൽ പുണ്യ പുരുഷന്മാരെ വിവരിച്ചും വാദിച്ചും എവിടെയൊക്കെയോ എത്തിച്ചേരുകയാണ്. മറ്റു ചിലരാകട്ടെ, ആത്മീയ പരിശീലനങ്ങൾ മുതൽ പരിഹാരക്രിയകൾ വരെ ബിസിനസ് അടിസ്ഥാനത്തിൽ നടത്തിവരുന്നു. രൂപങ്ങളും രീതികളും വ്യത്യസ്തമാണെങ്കിലും എല്ലാവരുടെയും ലക്ഷ്യം സ്വന്തം തട്ടകം തട്ടിക്കൂട്ടുക എന്നതാണ്. ജനങ്ങളെ നന്നാക്കുക എന്നതല്ല താൻ സാമ്പത്തികമായി നന്നാവുക എന്നതാണ് ഇവരുടെയൊക്കെ പരമമായ ലക്ഷ്യം. സോഷ്യൽ മീഡിയയാണ് പ്രധാന ഏജൻ്റ്. ചുളുവിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് തട്ടിക്കൂട്ടാൻ കഴിഞ്ഞാൽ മാത്രം മതി. പിന്നെ ആളും പണവും അതുവഴി ഒഴുകി വരും. സ്വകാര്യമായ ഇടങ്ങളിൽ നടന്നുവരുന്ന ഇത്തരം പ്രവണതകളെ കുറിച്ച്, കാലത്തെ പിഴച്ചു എന്ന് പഴിച്ച് മാറി നിൽക്കുന്നതും മൗനം പാലിക്കുന്നതും കുറ്റകരമാണ്. അതേ സമയം അത്തരക്കാർക്കെതിരെ അതിരുകടന്ന പ്രകോപനം സൃഷ്ടിക്കുന്നതും ഈ കാലത്ത് ഫലപ്പെടുകയില്ല. അത് നമ്മുടെ പോരായ്മ നാം തന്നെ വിളിച്ചു പറയുന്നതിന് തുല്യമായിരിക്കും. കുറച്ചെങ്കിലും ഫലിക്കുക, സത്യസന്ധമായി കാര്യങ്ങൾ വിവരിക്കുക എന്നതു തന്നെയാണ്. അതെങ്കിലും ചെയ്തില്ലെങ്കിൽ നമ്മളും അവരുടെയെല്ലാം കൂട്ടുകച്ചവടക്കാരാണ് എന്നുവരും. പ്രത്യക്ഷത്തിൽ ഈ പ്രവണതകൾ വളർന്നുവരാൻ രണ്ടു കാരണങ്ങളാണ് ഉള്ളത്. ഒന്നാമത്തേത്, ആശാന്മാർ നേടുന്ന കണ്ണഞ്ചിപ്പിക്കുന്ന സാമ്പത്തിക നേട്ടങ്ങളിലുള്ള കണ്ണാണ്. കൈ നനയാതെ കാശുണ്ടാക്കാൻ നല്ല ഒരു വഴി ആണ് ഇത് എന്നതുകൊണ്ട് എന്തും സഹിച്ച് കട്ടിയുള്ള തോലുമിട്ട് ചിലർ രംഗത്തിറങ്ങുകയാണ്. രണ്ടാമത്തേത്, ഇരകളുടെ അടിസ്ഥാന അറിവ് അപകടകരമാം വിധം കുറഞ്ഞുവരുന്നതാണ്. അറിവ് കുറയുകയും ഭക്തി കൂടുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു സാമൂഹ്യ പ്രതിഭാസമാണ് ഇത്. ഇതെല്ലാം മതത്തിൻ്റെ അവിഭാജ്യ ഘടകം തന്നെയാണോ എന്ന് ചിന്തിക്കുവാൻ ഈ വിശ്വാസികൾക്ക് ധൈര്യമില്ല. വേണ്ടവിധം വിവരിക്കുവാൻ ഉള്ള ധൈര്യം പണ്ഡിതന്മാർക്കുമില്ല. അറിവ് എന്നത് ഇസ്ലാമിൽ ഒരു മഹാ ധൈര്യമാണ്. അതില്ലാതെ വന്നാൽ പിന്നെ എന്തും നടക്കും. അറിവ് ഇസ്ലാമിൻ്റെ ജീവനും ദീനിന്റെ തൂണുമാണ് എന്ന് നബി തങ്ങൾ പറഞ്ഞത് അതുകൊണ്ടാണ്.


ഇസ്ലാമിലെ ആത്മീയത വളരെ കൃത്യമായും സ്പഷ്ടമായും വിവരിക്കപ്പെട്ടിട്ടുള്ളതാണ്. അത് സമുദായത്തിന് മുമ്പിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട രംഗം മാത്രം മതി അതു ഗ്രഹിക്കുവാൻ. ഇമാം ബുഖാരി ഇമാം മുസ്ലിം എന്നിവർ ആ രംഗം നിവേദനം ചെയ്തിട്ടുണ്ട്. നബി(സ) തിരുമേനിയും പ്രധാന അനുചരന്മാരും ഇരിക്കുന്ന സദസ്സിലേക്ക് ആ സദസ്സിന് തികച്ചും അപരിചിതനായ ഒരാൾ കടന്നുവരുന്നതാണ് അത്. ആഗതൻ നബി തിരുമേനിയുടെ മുമ്പിൽ വന്ന് ഭവ്യതയോടെ ഇരുന്ന് ഇസ്ലാമിന്റെ വിശ്വാസ കാര്യങ്ങൾ നബിയോട് ചോദിക്കുകയായിരുന്നു. ഇസ്ലാം നിഷ്കർഷിക്കുന്ന ആറ് വിശ്വാസകാര്യങ്ങൾ നബി(സ്വ) ഉത്തരമായി പറഞ്ഞു കൊടുത്തു. ആഗതൻ അത് ശരിവെച്ചു. അടുത്ത ചോദ്യം ഇസ്ലാമിൻ്റെ കർമ്മസരണിയെ കുറിച്ചായിരുന്നു. ഇസ്ലാം കാര്യങ്ങൾ അഞ്ചും നബി തങ്ങൾ പറഞ്ഞു കൊടുത്തു. ആഗതൻ അതും ശരിവെച്ചു. തുടർന്ന് അതേ സ്വരത്തിൽ 'ഇഹ്സാൻ' എന്നാൽ എന്താണ് എന്ന് ആഗതൻ ചോദിച്ചു. അതിന് നബി തങ്ങൾ മറുപടി, 'അല്ലാഹുവിനെ കാണുന്നുണ്ട് എന്ന ഭാവേന അവനെ ആരാധക്കുക, അവനെ കാണുന്നില്ല എന്നാണെങ്കിൽ അവൻ തീർച്ചയായും നിന്നെ ഇങ്ങോട്ട് കാണുന്നുണ്ട് എന്ന ഭാവനയോടെ അവനെ ആരാധിക്കുക' എന്നതാണ് എന്നായിരുന്നു. പിന്നെ അന്ത്യനാളിനെ കുറിച്ചും അതിൻ്റെ അടയാളങ്ങളെ കുറിച്ചുമെല്ലാം ചോദ്യവും ഉത്തരങ്ങളും ഉണ്ടായി. എല്ലാം കഴിഞ്ഞ് ആഗതൻ പോവുകയും ചെയ്തു. പോയിക്കഴിഞ്ഞപ്പോൾ, ആ വന്നത് ജിബിരീൽ എന്ന മലക്കായിരുന്നു എന്നും നിങ്ങൾക്ക് നിങ്ങളുടെ ദീൻ അടിസ്ഥാനപരമായി പഠിപ്പിച്ചുതരാൻ വന്നതായിരുന്നു എന്നും അതിനു വേണ്ടിയായിരുന്നു ഈ സംഭാഷണം എന്നും നബി തങ്ങൾ പറഞ്ഞു. ഇസ്ലാമിക സംസ്കാരത്തിൽ ആർക്കും നിഷേധിക്കുവാനാവാത്ത ഒന്നാണ് ഈ തിരുവചനം. ഈ രംഗത്ത് നിന്ന് നമുക്ക് രണ്ടു കാര്യങ്ങൾ പഠിക്കുവാനുണ്ട്. ഒന്നാമതായി, ആത്മീയത എന്നാൽ എന്തിനുള്ളതാണ് ഇസ്ലാമിൽ എന്നത്. രണ്ടാമതായി ഈ ആത്മീയത ഇസ്ലാമിൽ എത്രമാത്രം പ്രധാനമാണ് എന്നതും.


മേൽപ്പറഞ്ഞ ഹദീസിൽ പറഞ്ഞതുപോലെ ഇസ്ലാമിൽ ആത്മീയത ആരാധനകളിൽ ആത്മസാന്നിധ്യം ഉറപ്പ് വരുത്തുവാൻ ഉള്ളതാണ്. അല്ലാഹുവിനെ കാണുന്നുണ്ട് എന്ന ഭാവേന അവനെ ആരാധിക്കുകയാണ് ഇഹ്സാൻ എന്ന് പറയുമ്പോൾ മനസിനെ അതിനു പാകപ്പെടുത്താൻ ഉള്ള വഴിയായി മാറുകയാണ് ഇസ്ലാമിലെ ആത്മീയത. ശരിയായ വഴിയിൽ ചിന്തിക്കുകയും അല്ലാഹുവിനെ കുറിച്ചുള്ള ബോധവും ബോധ്യവും മനസ്സിൽ ഉറപ്പിക്കുകയും ചെയ്യുക വഴി മനസ്സ് നിർമലമായി തീരുന്നു. അപ്പോൾ അതിന് പ്രത്യേകമായ ഒരു തെളിച്ചം കൈവരും. ആ തെളിച്ചമാണ് അല്ലാഹുവിനെ കാണുന്നുണ്ട് എന്ന ഭാവേന ആരാധിക്കുവാൻ വിശ്വാസിയെ സഹായിക്കുന്നത്. ഇത്തരം ഒരു നിഷ്കളങ്കവും നിർമ്മലവുമായ ചിന്ത മനസ്സിൽ കുടികെട്ടുന്നതോടെ ഭൗതികമായ സമ്പത്തിലേക്കോ അലങ്കാരത്തിലേക്കോ ചിന്ത തിരിയുകയില്ല. അത്തരം വൈകാരികതകൾ ആണ് നമ്മുടെ ചിന്തകളെ അവൻ ഉദ്ദേശിച്ച വഴികളിലേക്ക് തിരിച്ചു വിടുവാൻ പിശാച് ആശ്രയിക്കുന്നത്. ആത്മീയത അടിയുറച്ചാൽ പിന്നെ മനസ്സിലേക്കും നമ്മുടെ ജീവിതത്തിലേക്ക് പിശാചിന് പ്രവേശിക്കാൻ ആവില്ല. ഇതെല്ലാം ഒരു കൃത്രിമവുമില്ലാത്ത ഇസ്ലാമിൻ്റെ മഹത്തായ ലക്ഷ്യങ്ങൾ തന്നെയാണല്ലോ. അതുകൊണ്ട് ആത്മീയത എന്ന മാനസിക സ്ഫുടത ദീനിന്റെ അവിഭാജ്യമായ ഘടകം തന്നെയാണ്. അതങ്ങനെ ആയതുകൊണ്ടാണല്ലോ ദീൻ എന്താണ് എന്ന് പഠിപ്പിക്കാൻ വന്ന മലക്ക് വെറും വിശ്വാസ-കർമ്മ കാര്യങ്ങൾ മാത്രം ചോദിച്ച് നിർത്താതെ ഇതുകൂടി ചോദിച്ചത്. അതോടെ ഇസ്ലാമിൻ്റെ ഘടന പൂർണ്ണമായി. വിശ്വസിക്കാനുള്ള ഈമാൻ കാര്യങ്ങളും നിർവഹിക്കാനുള്ള ഇസ്ലാം കാര്യങ്ങളും ഏതു രീതിയിലാണ് വിശ്വസിക്കുകയും ചെയ്യുകയും ചെയ്യേണ്ടത് എന്നതാണ് ഇഹ്സാൻ എന്ന ഇസ്ലാമിലെ ആത്മീയത.


ഇത്തരത്തിൽ പലരും പലതും ചെയ്യുന്നത് ഇസ്ലാമിക ആദർശ സംഹിതയ്ക്ക് പല പരിക്കുകളും ഉണ്ടാക്കുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. അവിതർക്കിതമായ മതപ്രമാണങ്ങൾ കൊണ്ടോ യുക്തിഭദ്രമായ വ്യാഖ്യാനം കൊണ്ടോ ന്യായീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ അമിതമായ പ്രാധാന്യത്തോടെ ചെയ്യുകയും അതിൻ്റെ പിന്നാമ്പുറത്തെ ഭൗതികമായ ലക്ഷ്യങ്ങൾ മറനീക്കി പുറത്തു ചാടുകയും ചെയ്യുമ്പോൾ കുറെ വിശ്വാസികൾ അത് ഉയർത്തി കാണിച്ച് ആത്മീയത തന്നെ കപടമാണ് എന്ന് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യും എന്നതാണ് ഒരു പരിക്ക്. അത് തീർത്തും ശരിയല്ല. നാണയങ്ങളിൽ കള്ളനാണയങ്ങൾ ഉണ്ടായതുകൊണ്ട് എല്ലാ നാണയങ്ങളെയും മൂല്യ രഹിതമായി കാണുന്നതും ഒരു പിടി അരിയിൽ ഒരു കല്ല് ഉണ്ടാവുന്നത് കൊണ്ട് പിടി മുഴുവനും കല്ലാണ് എന്നു പറയുന്നതും പോലെയാണ് അത്. അതുകൊണ്ട് കള്ളത്തരങ്ങളെ നാം അങ്ങനെ കൈകാര്യം ചെയ്യുമ്പോൾ തന്നെ ഇത് ഒരു ശരിയായ വഴിയും രീതിയും തന്നെയാണ് എന്ന് വിശ്വസിക്കേണ്ടതുണ്ട്. അതിന് മൂന്നു കാര്യങ്ങൾ മനസ്സിൽ ഉണ്ടായിരിക്കേണ്ടതുണ്ട്. ഒന്നാമത്തേത് ആത്മീയത എന്നത് ഒരു വ്യക്തിയുടെ മനസ്സിനെ നിരൂപണം ചെയ്തു തെളിയിച്ച് എടുക്കുന്ന ഒരു പ്രക്രിയയാണ് എന്നതാണ്. അത് ഒരിക്കലും കുറ്റപ്പെടുത്താൻ പാടില്ല. യഥാർത്ഥ സൂഫികളുടെ ജീവിതം പരിശോധിച്ചാൽ അവർ സ്വന്തം മനസ്സുകളെ കൂടെക്കൂടെ തെളിയിച്ചെടുക്കുകയായിരുന്നു എന്നു കാണാം. രണ്ടാമത്തേത്, യഥാർത്ഥ ആത്മീയത എന്താണ് എന്ന് ഗ്രഹിക്കുക ആണ്. മൂന്നാമത്തേത്, ഈ രംഗത്ത് ഉപയോഗിക്കപ്പെടുന്ന വിവിധ പേരുകളും പ്രയോഗങ്ങളും മാത്രം ചർച്ചക്കെടുക്കാതെ അത് ആശയതലത്തിൽ ഇസ്ലാമിൻ്റെ അടിസ്ഥാനങ്ങളുമായി എങ്ങനെയെല്ലാം യോജിച്ചു പോകുന്നു എന്ന് മനസ്സിലാക്കലാണ്. അങ്ങനെയൊക്കെ മനസ്സിലാക്കിയ വലിയ ഒരു ലോകത്തിൻ്റെ ദാനമാണ് ലോകത്ത് എന്നും നിലനിൽക്കുന്ന ആത്മീയ ധാരകൾ. ഇങ്ങനെയൊക്കെ പറഞ്ഞാലും പിന്നെയും ചിലർ ചോദിക്കും എന്നാൽ എന്തുകൊണ്ട് ഇതൊന്നും സച്ചരിത തലമുറകളുടെ കാലത്ത് ഉണ്ടായില്ല? എന്ന്. അതിനുത്തരം ഇമാം ഹുജുവീരി പറയുന്നുണ്ട്. ഈ ആത്മീയത എന്നും ഉണ്ടായിരുന്നു. അക്കാലങ്ങളിൽ അത് വേറെ പേരിട്ട വിളിക്കപ്പെട്ടിരുന്നില്ല എന്നു മാത്രം എന്ന്. പിന്നെയും കാലം മുന്നോട്ടു പോയി ഇപ്പോൾ ഇതെല്ലാം കാണുമ്പോൾ നമ്മുടെ അന്തരംഗം പറയും: 'ഇന്ന് സൂഫിസം യാഥാര്‍ത്ഥ്യമില്ലാത്ത ഒരു പേര് മാത്രമായി വരുന്നു. ഒരു കാലത്ത് അത് പേരില്ലാത്ത ഒരു യാഥാര്‍ത്ഥ്യമായിരുന്നു' എന്ന്.
0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso