Thoughts & Arts
Image

മരത്തെ മനോഹരമാക്കുന്ന ചില്ലകൾ

2026-01-02

ടി എച്ച് ദാരിമി





അടിസ്ഥാനപരമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പരമാവധി 40 സൂക്ഷ്മ ജ്ഞാനികളായ പണ്ഡിതന്മാരുടെ ഒരു സഭയും സംഘടനയും ആണ്. അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് എന്ന ആദർശത്തിൽ അടിയുറച്ച് നിൽക്കുന്നവരെല്ലാം അതിൻ്റെ അനുയായികളാണ്. ഇതു തന്നെയാണ് സമസ്ത എന്ന ആദർശപ്രസ്ഥാനത്തിൻ്റെ വ്യതിരിക്തത. മറ്റുള്ള സംഘടനകളെല്ലാം താഴെയുള്ള ഒരു ജനറൽ ബോഡിയുടെ ഉപരി ഘടകമായിരിക്കുമ്പോൾ സമസ്ത സ്വമേധയാ നയിക്കുന്ന ഒരു നായകഘടകമാണ്. സ്ഥാപിതമായ കാലം മുതൽ അത് അങ്ങനെയാണ് പ്രവർത്തിച്ചു വന്നത്. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടുന്നതിനും മുമ്പുള്ള കാലമായിരുന്നുവല്ലോ അത്. അതിനാൽ മഹാ പണ്ഡിതൻമാരുടെ ഒരു മേൽനോട്ടം മതിയായിരുന്നു സുഭായത്തിന്.


പക്ഷേ പിൽക്കാലത്ത് ഒരു ഭാഗത്ത് സമുദായം വളർന്നു. മറുഭാഗത്ത്, സമുദായത്തിന്റെ അനിവാര്യമായ മേഖലകളും വളർന്നു. അപ്പോൾ അതെല്ലാം കൂടി ഈ പണ്ഡിതന്മാർക്ക് നിയന്ത്രിക്കാൻ കഴിയാത്ത ഒരു സാഹചര്യം സംജാതമായി. അങ്ങനെ നിയന്ത്രിക്കാൻ അവർ ശ്രമിച്ചാൽ തന്നെ വേണ്ടവിധത്തിൽ വിജയിക്കാനും വിജയിപ്പിക്കാനും കഴിയാത്ത വിഷയങ്ങൾ തലപൊക്കിയതോടെ പ്രത്യേകിച്ചും. അത്തരം ഒരു അനിവാര്യത ആദ്യമായി തലപൊക്കിയത് മത വിദ്യാഭ്യാസ രംഗത്തായിരുന്നു. സ്വാതന്ത്ര്യത്തിലൂടെ ഒരു മതേതര രാജ്യം സ്ഥാപിതമായപ്പോൾ തന്നെ നമ്മുടെ നേതാക്കന്മാരുടെ മനസ്സിൽ ഒരു ഭീതി ഉണർന്നിരുന്നു. നിലവിലുള്ള മത വിദ്യാഭ്യാസ സംവിധാനം ഇല്ലാതെയാകുമോ എന്ന ഭീതി. കാരണം, അപ്പോഴേക്കും പഴയ ഓത്തുപള്ളികൾ പരിഷ്കരിച്ച് പലയിടങ്ങളിലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മത വിദ്യാഭ്യാസം നൽകാൻ തുടങ്ങിയിരുന്നു. സ്കൂളുകളിൽ ഖുർആനും ഫിഖ്ഹുമെല്ലാം പഠിപ്പിക്കുവാൻ ഗവൺമെൻറ് ചെലവിൽ തന്നെ മുല്ല ടീച്ചർമാർ ഉണ്ടായിരുന്നു. സ്കൂളുകളിൽ കുട്ടികളെ കിട്ടാൻ ഇത് ആവശ്യവുമായിരുന്നു.


ഒരു മതേതര രാജ്യമാകുമ്പോൾ ഒരു മതക്കാരുടെ മതം മാത്രം പൊതു വിദ്യാലയത്തിൽ പഠിപ്പിക്കപ്പെടുന്നത് പന്തിയല്ല എന്ന് അധികം വൈകാതെ അഭിപ്രായം ഉയരും എന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. അത് അങ്ങനെ തന്നെ സംഭവിച്ചു. സ്കൂളുകളിലെ മതപഠനം ഗവൺമെൻറ് നിർത്തലാക്കി. നമുക്ക് ഓത്ത് പള്ളികളിലേക്ക് തന്നെ മടങ്ങാമായിരുന്നു. പക്ഷേ അപ്പോഴേക്കും ജനങ്ങൾക്കിടയിലെ വിദ്യാഭ്യാസ സംസ്കാരം കുറച്ചുകൂടി വളർന്നിരുന്നു. പ്രത്യേകിച്ചും സ്കൂളുകളിൽ അങ്ങനെ അനുഭവിച്ചപ്പോൾ. അതിനാൽ സ്കൂളുകൾക്ക് സമാനമായ മതപാഠശാലകൾ ഉണ്ടാക്കണം എന്ന ചിന്ത വന്നു. 1945 ൽ മലപ്പുറം പട്ടിക്കാടിനടുത്ത് കാര്യവട്ടത്ത് ചേർന്ന സമസ്തയുടെ സമ്മേളനത്തിൽ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ആയിരുന്നു ഈ ചിന്ത ആദ്യമായി പങ്കുവെച്ചത്. പല പണ്ഡിതന്മാരും നേതാക്കളും ഇതിന് പിന്തുണ നൽകി. ശാസ്ത്രീയമായ ഒരു വിദ്യാഭ്യാസ പദ്ധതി രൂപീകരിക്കാനുള്ള ആ നിർദ്ദേശം 1951ൽ വടകരയിൽ നടന്ന സമസ്തയുടെ പത്തൊമ്പതാം സമ്മേളനത്തിലാണ് പുലർന്നത്. അന്നുമുതൽ നടന്നുവരുന്ന ഈ വിദ്യാഭ്യാസ വിപ്ലവത്തിൽ പതിനൊന്നായിരത്തിലധികം മദ്രസകൾ കേരളത്തിലും ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിലും മലയാളികളുടെ സാന്നിധ്യമുള്ള വിദേശരാജ്യങ്ങളിലും ഇപ്പോൾ പ്രവർത്തിച്ചുവരുന്നു. സമസ്തയുടെ ഏറ്റവും വലിയ കിഴിഘടകം ഇതാണ്. സമുദായത്തിന്റെ മതപരമായ അറിവുകൾ കാത്തുസൂക്ഷിക്കുന്നതിലും വളർത്തുന്നതിനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് വഹിച്ചിട്ടുള്ള പങ്ക് അനിതരമാണ്.


വിദ്യാഭ്യാസ ബോർഡ് ത്വരിതഗതിയിൽ വളർന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളും നൂറുകണക്കിന് അധ്യാപകരും ഉൾക്കൊള്ളുന്ന ഒരു മഹാപ്രസ്ഥാനമായി വളർന്നതോടെ മദ്രസകളുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുകയും അധ്യാപകരെ കാലത്തിനനുസരിച്ച് പരിശീലിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമായി വന്നു. ഈ ലക്ഷ്യത്തിനുവേണ്ടി സ്ഥാപിതമായ സമസ്തയുടെ രണ്ടാമത്തെ കീഴ്ഘടകമാണ് സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ. 1957ലാണ് ഇത് രൂപീകരിക്കപ്പെടുന്നത്. ആകെ മദ്രസകളെ 400 ഓളം റൈഞ്ചുകളായി വിഭജിച്ച് പരീക്ഷകളും പരിശീലനങ്ങളും ഈ ഘടകം നൽകിവരുന്നു. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ മത വിദ്യാഭ്യാസ പ്രക്രിയ ഇത്രയും സർവാംഗീകൃത നിലവാരത്തിലെത്തിയത് ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെ സേവനം കൊണ്ടാണ്. മദ്രസകളിലെ പരീക്ഷകൾ, അധ്യാപകർക്ക് വേണ്ട ഇൻ സർവീസ് കോഴ്സുകൾ, അധ്യാപകർക്കുള്ള ക്ഷേമനിധി, വിരമിച്ച അധ്യാപകർക്കുള്ള പെൻഷൻ സംവിധാനം, അധ്യാപകർക്കുള്ള സർവീസ് രജിസ്റ്റർ, വിദ്യാർത്ഥികൾക്കുള്ള സുന്നി ബാലവേദിയുടെ നിയന്ത്രണം, കുടുംബിനികൾക്ക് സന്തുഷ്ട കുടുംബം മാസിക, വിദ്യാർത്ഥികൾക്ക് കുരുന്നുകൾ എന്ന കുട്ടികളുടെ മാസിക, അധ്യാപകർക്ക് അൽ മുഅല്ലിം മാസിക തുടങ്ങിയവയെല്ലാം ജംഇയ്യത്തുൽ മുഅല്ലിമീനിൻ്റെ നിയന്ത്രണത്തിലുള്ള വലിയ സേവനങ്ങളാണ്.


ഇരുപതാം നൂറ്റാണ്ടിൻ്റെ രണ്ടാം അർദ്ധത്തിലേക്ക് കടക്കുമ്പോഴേക്കും സാമൂഹ്യ വളർച്ച ത്വരിതഗതിയിലായിരുന്നു. വിവിധ ചിന്താ - രാഷ്ട്രീയ പ്രസ്ഥാനങ്ങൾ യുവാക്കളെ സ്വന്തമാക്കുകയും അവരെ ഉപയോഗിച്ച് മുന്നേറ്റങ്ങൾക്ക് ശ്രമിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഈ സമയത്ത് സംജാതമായി. സമസ്തയെ പോലെ ഒരു ആദർശ സമൂഹത്തിനും സമൂഹത്തിന്റെ ഉള്ളറകളിലേക്ക് കടന്നു ചെല്ലാനും സന്ദേശങ്ങൾ എത്തിക്കാനും ഒരു യുവനിരയുടെ സഹായം അനിവാര്യമാണ് എന്നത് 1954 ൽ നടന്ന താനൂർ സമ്മേളനത്തിൽ തന്നെ ഉയർന്ന ചിന്തയായിരുന്നു. യുവാക്കളുടെ പ്രവർത്തന രീതി നിരീക്ഷിക്കേണ്ടതും സമസ്തയുടെ ആദർശ വ്യക്തിത്വത്തിന് അനുകൂലമാണ് എന്ന് ബോധ്യപ്പെടേണ്ടതും ഉണ്ടായിരുന്നു. അതിനാൽ കുറച്ചു കാലം സുന്നി യുവജന സംഘം സ്വതന്ത്രമായി പ്രവർത്തിച്ചു. 1961ൽ കക്കാട് ചേർന്ന് സമസ്തയുടെ സമ്മേളനമാണ് സുന്നി യുവജന സംഘത്തെ സംഘടനയുടെ ഔദ്യോഗിക കീഴ്ഘടകമായി അംഗീകരിച്ചത്. സുന്നി യുവജന സംഘം സമസ്തയുടെ ശക്തിയും നട്ടെല്ലുമായി ഇപ്പോഴും പ്രവർത്തന ഗോദയിൽ സജീവമാണ്.


കാലം വീണ്ടും മുന്നോട്ട് നീങ്ങുമ്പോൾ വിദ്യാർഥികൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. പാഠശാലകളിലും പാഠപുസ്തകങ്ങളിലും ഒതുങ്ങി നിന്നിരുന്ന അവർ സാമൂഹ്യ ഇടപെടലുകൾ നടത്താൻ തുടങ്ങി. അതിൽ അധികവും ശരിയിൽ നിന്നും ആത്മീയതയിൽ നിന്നും അകന്നവയായിരുന്നു. അതിനാൽ സുന്നി സമൂഹത്തിന് തങ്ങളുടെ സ്വന്തമായ ഒരു വിദ്യാർത്ഥി പ്രസ്ഥാനം വേണം എന്ന ചിന്ത ഉയർന്നുവന്നു. യുവാക്കളെ സംഘടിപ്പിച്ച അതേ രീതി തന്നെയായിരുന്നു വിദ്യാർത്ഥികളെ സംഘടിപ്പിക്കുമ്പോഴും വേണ്ടത് എന്ന് നേതാക്കന്മാർക്ക് അറിയാമായിരുന്നു. അതുകൊണ്ട് സുന്നി വിദ്യാർത്ഥി ഫെഡറേഷൻ എന്ന ഒരു സംഘടന 1973 തന്നെ സ്ഥാപിതമായിരുന്നുവെങ്കിലും അവർ ശക്തമായ നിരീക്ഷണത്തിൽ ആയിരുന്നു. അതുകൊണ്ടുതന്നെ ആ ഫെഡറേഷന് സമസ്ത അംഗീകാരം നൽകിയില്ല. 1989 ആകുമ്പോഴേക്കും മരത്തെക്കാൾ വലിയ ഒരു ചില്ലയായി മാറാനുള്ള സൂചനകൾ ആ സംഘത്തിൽ നിന്നും പ്രകടമായി. അതിനാൽ 1989 ഫെബ്രുവരി 13ന് സമസ്തയുടെ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി പ്രസ്ഥാനം എന്ന നിലക്ക് എസ് കെ എസ് എസ് എഫ് സ്ഥാപിതമായി. ഈ സംഘടനയെ സമസ്ത അതിൻ്റെ ഔദ്യോഗിക കീഴ്ഘടകമായി അംഗീകരിച്ചു.


സമസ്തയുടെ നേതാക്കന്മാരുടെ നേതൃത്വവും കീഴ് ഘടകങ്ങളുടെ കൃത്യമായ പ്രവർത്തനങ്ങളും കേരളത്തിൽ നബി തിരുമേനി(സ)യുടെ കാലം മുതൽ എത്തുകയും വളരുകയും നിലനിൽക്കുകയും ചെയ്യുന്ന സുന്നി ആദർശ ലോകത്തെ പരിപോഷിപ്പിച്ചു. അതിനാൽ മഹാഭൂരിപക്ഷം വരുന്ന മഹല്ല് ജമാഅത്തുകളും ആശയപരമായും പ്രാസ്ഥാനികമായും സമസ്തയുടെ സ്വന്തമായി തീർന്നു. ഈ മഹല്ലുകളുടെ എണ്ണം വർദ്ധിച്ചുവരികയും സാമൂഹ്യമായ ശ്രദ്ധ അനിവാര്യമായി വരുന്ന പ്രത്യേക മേഖലകൾ ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ മഹല്ലുകളെ ഏകോപിപ്പിക്കുവാൻ വേണ്ടി 1976 ൽ നിലവിൽ വന്ന സമസ്തയുടെ കീഴ് ഘടകമാണ് സുന്നി മഹല്ല് ഫെഡറേഷൻ. കൃത്യമായ മഹല്ല് ഭരണം, നിയമപരമായ വഖഫ് സംരക്ഷണം, തുടങ്ങിയവ മുതൽ വിവാഹിതരാകുവാൻ പോകുന്ന യുവതീയുവാക്കൾക്കുള്ള ജീവിത പരിശീലനം വരെ സംഘടന നൽകിവരുന്നു.


21-ാം നൂറ്റാണ്ടിലേക്ക് കടന്നതോടെ സാമൂഹ്യ രംഗത്ത് വലിയ വികാസം പ്രകടമായി. അതിനാൽ വിവിധ സാമൂഹിക ഘടകങ്ങളിൽ സമസ്ത എന്ന ആദർശത്തിന്റെ സാന്നിധ്യം, സ്വാധീനം എന്നിവ ഉറപ്പുവരുത്തുവാൻ അവിടങ്ങളിൽ ഒക്കെയും പോഷകഘടകങ്ങൾ രൂപീകരിക്കേണ്ടതായി വന്നു. മദ്രസ വിദ്യാർത്ഥികൾക്കുള്ള എസ് കെ എസ് ബി വി, മദ്രസകളുടെ മാനേജ്മെന്റിനു വേണ്ടിയുള്ള എസ് കെ എം എം എ, മുഫത്തിസുമാർക്കുള്ള എസ് കെ ജെ എം എഫ് തുടങ്ങിയവ എല്ലാം കഴിഞ്ഞ നൂറ്റാണ്ടിൻ്റെ അവസാനഭാഗത്ത് തന്നെ രൂപീകരിക്കപ്പെട്ടതാണ്. ഖത്തീബുമാർക്കുള്ള ജംഇയ്യത്തുൽ ഖുത്വബാ, മുദരിസുമാർക്കുള്ള ജംഇയ്യയത്തുൽ മുദരിസീൻ, ഉദ്യോഗസ്ഥർക്കുള്ള സുന്നി എംപ്ലോയീസ് അസോസിയേഷൻ, നിയമജ്ഞന്മാർക്കും നിയമകാര്യങ്ങൾക്കും വേണ്ടിയുള്ള സമസ്ത ലീഗൽ സെൽ, പ്രവാസികളായിരുന്നവർക്ക് വേണ്ടിയുള്ള സമസ്ത പ്രവാസി സെൽ, നിലവിൽ പ്രവാസ ജീവിതം നയിച്ചുകൊണ്ടിരിക്കുന്നവർക്കു വേണ്ടിയുള്ള സമസ്ത ഇസ്ലാമിക് സെൻറർ എന്നിവയാണ് ഈ നൂറ്റാണ്ടിൽ സ്ഥാപിതമായ സമസ്തയുടെ പോഷകഘടകങ്ങൾ.


പോഷക ഘടകങ്ങളുടെ സജീവതയാണ് സമസ്തയെ സജീവമാക്കുന്നത്. അവയുടെ പ്രവർത്തനങ്ങളാണ് സമസ്തയുടെ ചുവടുകൾക്ക് ദിശയും പ്രത്യാശയും പുതുമയും പ്രൗഢിയും നൽകുന്നത്. പോഷക ഘടകങ്ങൾ എല്ലാ സംഘടനകൾക്കും സാധാരണമാണ്. പക്ഷേ, അവയെ ഓരോന്നിനെയും മേൽഘടകം പോലും ഭീതിയോടെയാണ് കൊണ്ടുനടക്കുന്നത്. കാരണം ഏതുസമയവും അവർ സ്വന്തം അഭിപ്രായവുമായി വിഘടിക്കുകയോ മേൽഘടകത്തെ നിയന്ത്രിക്കാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യാം. അതിനൊക്കെയും ഭൗതിക ലോകത്ത് ധാരാളം ഉദാഹരണങ്ങൾ ഉണ്ട്. പക്ഷേ സമസ്തയുടെ ഘടകങ്ങൾ അതിൽ നിന്ന് വ്യത്യസ്തമാണ്. അവ പരിപൂർണ്ണമായും സമസ്തക്ക് വിധേയമാണ്. അതുകൊണ്ടുതന്നെയാണ് പദ്ധതിയിട്ടത് പോലെ തന്നെ ഓരോ കാര്യങ്ങളും സമസ്തക്ക് ഇത്രമേൽ വിജയിപ്പിക്കാൻ കഴിയുന്നതും. അതോടൊപ്പം സമസ്ത മറ്റു സംഘടനകളെ പോലെ വ്യക്തികേന്ദ്രീകൃതം അല്ലെന്നും ആദർശ കേന്ദ്രീകൃതം മാത്രമാണെന്നും ഉള്ള സന്ദേശം ഇതുവഴി ലോകത്തിന് നൽകുവാനും കഴിയുന്നു.
0




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso