ടി സെഞ്ചരി
മനുഷ്യസമൂഹം എന്നത് ആകാശച്ചുവട്ടിൽ എവിടെയും മിശ്രമാണ്. ഒറ്റ മതക്കാർ, ഒറ്റ കാഴ്ചപ്പാടുകാർ, ഒറ്റ രാഷ്ട്രീയക്കാർ എന്നിങ്ങനെ ഒരു വാർഡിനെ പോലും വേർതിരിക്കാനാവില്ല. മനുഷ്യൻ്റെ കുലം ഇത്രമാത്രം വലുതായ നിലക്ക് അങ്ങനെ ഒന്ന് വേർതിരിച്ച് രൂപീകരിക്കുക, സംഘടിപ്പിക്കുക എന്നതൊന്നും ആര് സ്വപ്നം കണ്ടാലും ഇനി സാധ്യവുമല്ല. ഇങ്ങനെ പലതായി പിരിഞ്ഞ് നിൽക്കുന്ന സമൂഹങ്ങളെ കൂട്ടിയിണക്കുവാൻ മതം, രാഷ്ട്രീയം, ആദർശം തുടങ്ങി പലതും പലനിലക്കും പലപ്പോഴും ശ്രമിച്ചിട്ടുള്ളതാണ്. അതൊക്കെയും വീണ്ടും വീണ്ടും കുലത്തെ വിഭജിക്കുക മാത്രമാണ് ചെയ്തത് എന്നതാണ് ദുഃഖകരമായ ഒരു അനുഭവം. അതങ്ങനെയാണ്. ഒരേ നിരയിൽ ചേർന്നുചേർന്നു നിൽക്കുന്നവർക്കിടയിൽ ഏതെങ്കിലും ഒരാളുടെയോ ഏതാനും പേരുടെയോ മനസ്സിൽ മറ്റൊരു ചിന്ത മുളക്കുകയും അത് വേഗത്തിൽ വേറിട്ട് നിന്ന് വീണ്ടും വിഭജനമായി മാറുകയും ചെയ്യുന്നതു കാണാം. അങ്ങനെ പൊട്ടിമുളക്കുന്ന ചിന്തയെ പിന്തുണക്കാനും പ്രചോദിപ്പിക്കുവാനും അധികാരം, നേതൃമോഹം, സാമ്പത്തിക നേട്ടം, സാമൂഹിക നേട്ടം തുടങ്ങി പലതും ഉണ്ടാവുകയും ചെയ്യും. ഇന്ന് ഉള്ളതും ഇതുവരെ ഉണ്ടായതുമായ എല്ലാ വിഭജനങ്ങളും ഇങ്ങനെ ഉണ്ടായതാണ്. ഈ വിഭാഗീയതയിൽ പക്ഷേ തീർത്തും അസ്വസ്ഥതപ്പെടേണ്ടതില്ല. കാരണം ഈ വിഭാഗീയത ഉണ്ടാക്കിയ വൈവിധ്യം മനുഷ്യകുലത്തിന് പല വികാസങ്ങളും ഉണ്ടാക്കി കൊടുത്തിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇത്തരം വൈവിധ്യങ്ങൾ നിറഞ്ഞു നിൽക്കുന്ന നമ്മുടെ നാട് തന്നെ അതിനൊരു ഉദാഹരണമാണ്. ഇത്രമാത്രം പാഠശാലകളും ആതുരാലയങ്ങളും മാനുഷിക വിഭവങ്ങളുടെ വികസന കേന്ദ്രങ്ങളും നമ്മുടെ നാട്ടിൽ വ്യാപകമായത് ഓരോ വിഭാഗങ്ങളും തങ്ങൾക്കു വേണ്ടിയെങ്കിലും അങ്ങനെ ചിന്തിച്ചത് കൊണ്ടാണ്. ഓരോ വിഭാഗങ്ങളും തങ്ങളുടെ നിലനിൽപ്പിൻ്റെ ഭാഗമായി സ്വന്തം പേരുകൾ ബ്രാൻ്റുകളാക്കുവാൻ സ്വാഭാവികമായും ശ്രമിച്ചുകൊണ്ടിരിക്കും. അതിനു വേണ്ടി സ്വന്തം സ്ഥാപനങ്ങൾ സ്ഥാപിക്കാൻ ശ്രമിക്കും. അത്തരം സ്ഥാപനങ്ങളിലെ വിഭാഗീയ വീറ് മാറ്റിവെച്ചാൽ ബാക്കിയെല്ലാം അറിവായിരിക്കുമല്ലോ. അങ്ങനെ അറിവിൻ്റെ സീമയും വളർന്നു. ഇങ്ങനെ ഒരു പാട് ഗുണങ്ങൾ വിഭാഗീയതയാൽ ഉണ്ടാകുന്നുണ്ട്. എല്ലാം തീർത്തും ശ്ലാഖനീയമല്ലെങ്കിലും.
പക്ഷെ, ഇതിനേക്കാൾ വലിയ പരാജയത്തിനും ഈ വിഭാഗീയത കാരണമായിട്ടുണ്ട്. കാരണം വിഭാഗീയത ഒന്നാമതായി ഒരു യുദ്ധമാണ്. അത് ശാരീരിക യുദ്ധമല്ല, സാംസ്കാരിക യുദ്ധമാണ്. യുദ്ധം സാംസ്കാരികമാണെങ്കിൽ നേട്ടവും നഷ്ടവും അതുതന്നെയായിരിക്കും. അതായത്, ഈ യുദ്ധത്തിൽ ഉണ്ടാകുന്ന പരാജയം സാംസ്കാരികമായിരിക്കും. അതു തന്നെയാണ് ഉണ്ടാകുന്നത്. വിഭാഗീയയിലൂടെ പരസ്പര ബഹുമാനം, സ്നേഹം, വിധേയത്വം, വിട്ടുവീഴ്ച, ധാരണ, കൂടിയാലോചന, ചർച്ച ചെയ്യുവാനുള്ള മനസ്ഥിതി തുടങ്ങി എല്ലാ നൻമകളും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. മാത്രമല്ല, വളരേണ്ട എല്ലാ ഘടകങ്ങളിലും മുരടിപ്പ് അനുഭവപ്പെടുകയും സാമൂഹ്യ ഒഴുക്ക് നിലച്ചുപോവുകയും ചെയ്യും. ഇങ്ങനെയാണ് വിഭാഗീയത ഒരു സാമൂഹ്യ ദുരന്തമായി രൂപാന്തരപ്പെടുന്നത്. ഇങ്ങനെയൊക്കെ പറയാമെങ്കിലും വിഭാഗീയതയും വൈരുദ്ധ്യ-വൈവിദ്ധ്യങ്ങളും തടയാനാവാത്തവിധം തുടർന്നു കൊണ്ടേയിരിക്കുകയാണ്. അതിനാൽ തന്നെ, കാര്യമായ പ്രതീക്ഷയില്ലാത്ത ഈ കക്ഷിത്വങ്ങളെ തടയാൻ ശ്രമിക്കുന്നതിലേറെ ബുദ്ധിയും അഭികാമ്യവും കക്ഷിത്വങ്ങളെയും വിഭാഗീയതയെയും അപകടരഹിതമാക്കുവാൻ ശ്രമിക്കുന്നതാണ്. കാരണം, അതിന് വഴിയുണ്ട്, സാധ്യതയുണ്ട്. അത് പരസ്പരമുള്ള പരിഗണന വഴിയാണ്. അതായത് എല്ലാ വിഭാഗങ്ങളെയും സന്മനസ്സോടെ മനസ്സാ വരിക്കുകയും സ്നേഹിക്കുകയും അവയെല്ലാം പ്രകടിപ്പിച്ചും അവരെ തര്യപ്പെടുത്തിയും പരിഗണന പ്രകടിപ്പിച്ചു കൊണ്ടും മതപരമോ രാഷ്ട്രീയപരമോ ഗ്രൂപ്പ് പരമോ ആയ വിഭാഗീയതകളെ മനോഹരമായി ഉൾക്കൊള്ളുവാൻ കഴിയും. അതിൽ ആത്മാർത്ഥത പുലർത്തുവാൻ മാനസികമായ ശക്തിയും കഴിവും വേണമെന്ന് മാത്രം. ഇതിനു കഴിയാതെ വരുന്നതാണ് പലപ്പോഴും സംഘർഷങ്ങൾ ഉണ്ടാക്കുന്നത്. ഈയടുത്ത് ഉണ്ടായ ഹിജാബ് വിവാദത്തിന്റെ ആകെത്തുകയും അതുതന്നെയാണ്. ഈ സ്കൂളിൽ ചേരുമ്പോൾ തന്നെ അറിയുന്നതും അറിയിച്ചതുമായ ഒരു വിഷയമായിരിക്കും യൂണിഫോമുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം. എന്നിട്ടും അത് പിന്നീടൊരിക്കൽ ഒരു വലിയ വിപ്ലവമായി രൂപാന്തരപ്പെട്ടത് അതിലെ അവഗണന യുടെ അസഹനീയത കൊണ്ടു തന്നെയാണ്. ഈ കുട്ടിയും രക്ഷിതാക്കളും തങ്ങളുടെ സാംസ്കാരിക നിലപാടുമായി വന്ന് അഡ്മിഷൻ തേടിയതായിരിക്കാം. ഹിജാബ് ധരിക്കണമെന്ന് ആഗ്രഹിക്കുന്ന കുട്ടിയാണ് ഇത് എന്നത് സ്കൂൾ അധികൃതർക്ക് അന്നേ അറിയുന്ന കാര്യമായിരുന്നു. അപ്പോൾ തന്നെ അവരെ പരിഗണിക്കേണ്ടിയിരുന്നു. ആ പരിഗണന രണ്ടിൽ ഒരു നിലക്ക് ചെയ്യാൻ സ്കൂളിന് കഴിയുമായിരുന്നു. ഒന്നുകിൽ സന്തോഷത്തോടെയും ബഹുമാനത്തോടെയും ആ അഡ്മിഷൻ അപേക്ഷ മാന്യമായി നിരസിക്കുക. അല്ലെങ്കിൽ സ്കൂളിൻ്റെ യൂണിഫോം താൽപര്യങ്ങളുമായി ഒത്തുപോകാനുള്ള മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക. ഇതിൽ രണ്ടിൽ ഏത് ചെയ്തിരുന്നുവെങ്കിലും കുട്ടിയെയും കുട്ടിയുടെ സംസ്കാരത്തെയും പരിഗണിച്ചു എന്നും അവരോട് സാംസ്കാരികമായ വിരോധവും വെറുപ്പും അല്ല തങ്ങൾ പ്രകടിപ്പിക്കുന്നത് എന്നും മലയാളത്തിൽ തന്നെ പറഞ്ഞാൽ ആർക്കും തിരിയുമായിരുന്നു. പക്ഷേ, എല്ലാം അറിഞ്ഞിട്ടും തങ്ങളുടെ ഗൂഢമായ പദ്ധതിക്ക് വേണ്ടി ന്യായീകരിക്കുവാനും വാദിക്കുവാനും സ്കൂൾ അധികൃതർ മുന്നോട്ടുവന്നത് കുട്ടിയെയും അവളുടെ സംസ്കാരത്തെയും ബോധപൂർവ്വം അവഗണിച്ചു എന്ന് വരുത്തുവാൻ തന്നെയാണ്. ആ വേദനയെയാണ് പ്രബുദ്ധ കേരളം ഉൾക്കൊണ്ടതും.
അസഹിഷ്ണുത എന്നതല്ലാത്ത മറ്റൊരു കാരണവും ഈ വിഷയത്തിൽ ഇല്ല. ഉത്തരം ഒരു പുരോഗമനം പ്രാപിച്ച കാലത്തും അസഹിഷ്ണുത പുലർത്തുന്നവർ വിദ്യാസമ്പന്നരിലും മതബോധമുള്ളവരിലും പോലും ഉണ്ട് എന്നത് ഞെട്ടിക്കുന്ന ഒരു വസ്തുതയാണ്. അതിന്റെ പേരിൽ ഒരു സമുദായത്തെയോ ഒരു വിഭാഗത്തെയോ പ്രതിക്കൂട്ടിൽ നിർത്തേണ്ടതില്ല. കാരണം അന്ധമായ വർഗീയത പുലർത്തുന്ന ഏതാനും പേരല്ലാത്ത മറ്റാരും ആ നിലപാടിനോടൊപ്പം നിൽക്കുന്നത് കണ്ടില്ല. കാരണം, അങ്ങനെ ബലപ്രയോഗം നടത്തിയിട്ടും ഗൂഢമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടും പുതിയ കാലത്തിൻ്റെ ഒരു ബോധത്തെയും തിരുത്തുവാനോ തിരിച്ചു വിടുവാനോ കഴിയില്ല എന്ന യാഥാർത്ഥ്യത്തിൽ വിശ്വസിക്കുന്നവരാണ് കേരളത്തിലെ പ്രബുദ്ധ ജനവിഭാഗം. ഹിജാബ് അഴിച്ചിട്ട് ഈ സ്കൂളിലെ 'വിലകൂടിയ' വിദ്യാഭ്യാസം വേണ്ട എന്ന് പെൺകുട്ടിയും പെൺകുട്ടിക്ക് വേണ്ടി വാദിച്ചവരും നിലപാടെടുത്തത് അതിൻ്റെ മതിയായ തെളിവാണ്. ചിലരുടെ മാനസിക വളർച്ചയുടെയും വികാസത്തിന്റെയും കുറവ് മാത്രമാണ് ഈ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. മാനസികമായ വളർച്ചക്കുറവും വലുപ്പ കുറവും ഉള്ള കാരണത്താൽ ഇവർക്കൊന്നും മറുപടി നൽകിയാലും അത് ഏൽക്കുകയില്ല. അതിൻ്റെ ശരിയായ മറുപടി ഹൃദയവികാസമുള്ളവർ തങ്ങളുടെ വികാസവും സഹിഷ്ണുതയും ആവർത്തിച്ച് അവതരിപ്പിച്ചും കാണിച്ചും കൊടുക്കുക എന്നത് തന്നെയാണ്. ഇസ്ലാമിനും നമ്മുടെ കേരളത്തിനും അതിന് എമ്പാടും കഴിയുമല്ലോ.
ആദ്യം ഇസ്ലാമിൻ്റെ മറ്റു മത സമൂഹങ്ങളുമായുള്ള സഹിഷ്ണുതയുടെ കാര്യങ്ങൾ നോക്കാം. സമൂഹത്തില്‍ നില നിന്നിരുന്ന വ്യത്യസ്തമായ സാമൂഹികാചാരങ്ങളില്‍ നിന്ന് തങ്ങള്‍ പ്രബോധനം ചെയ്യുന്ന ദര്‍ശനത്തോടിടയാത്ത സമ്പ്രദായങ്ങളെ സ്വാംശീകരിക്കാന്‍ പ്രവാചകൻ(സ്വ) മടി കാണിച്ചിരുന്നില്ല. ഒരു സാര്‍വ്വലൗകിക ജീവിതക്രമമായും പ്രത്യയശാസ്ത്രമായും ഇസ്‌ലാം ഉയര്‍ന്നു നില്‍ക്കുന്നത് ബഹുസ്വരങ്ങളെയും വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളാനുള്ള അതിന്റെ കഴിവു കൊണ്ടു തന്നെയാണ്. ഒന്നാം പ്രമാണമായ വിശുദ്ധ ഖുർആൻ ഇക്കാര്യത്തിലുള്ള സഹിഷ്ണുതാപരമായ ഉദാരത തുറന്നുപറയുന്നുണ്ട്. അല്ലാഹു പറയുന്നു: ‘മതത്തില്‍ ബലാല്‍ക്കാരമില്ല’ (അല്‍ബഖറ: 256). മറ്റു മതവിഭാഗങ്ങളോടുള്ള അസഹിഷ്ണുത അതിൻ്റെ കാർക്കശ്യത്തിൽ എത്തുക അവരുടെ ആരാധന-വിശ്വാസ കാര്യങ്ങളിൽ സ്പർശിക്കുമ്പോഴാണ്. അവിടെ ഒരു അസഹിഷ്ണുതയും ഉണ്ടാവാതിരിക്കാൻ വിശുദ്ധ ഖുർആൻ ജാഗ്രത പുലർത്തുന്നുണ്ട്. അല്ലാഹു പറയുന്നു: ‘അല്ലാഹുവെക്കൂടാതെ അവര്‍ വിളിച്ചുപ്രാര്‍ഥിക്കുന്നവയെ നിങ്ങള്‍ ശകാരിക്കരുത്. അങ്ങനെചെയ്താല്‍ അവര്‍ തങ്ങളുടെ അറിവില്ലായ്മയാല്‍ അല്ലാഹുവെയും അന്യായമായി ശകാരിക്കും' (അല്‍ അന്‍ആം: 108). മദീനയില്‍ എത്തിയ നബി തിരുമേനി യഹൂദികളുമായി കരാറുണ്ടാക്കിയതും ക്രൈസ്തവ രാജാവിനു കത്തെഴുതിയതുമെല്ലാം ഇസ്ലാമിൻ്റെ സഹിഷ്ണുതയുടെ നല്ല ഉദാഹരണങ്ങളാണ്. മാത്രമല്ല, തിരുമേനി ചുറ്റുമുള്ള സമൂഹങ്ങളും ഗോത്രങ്ങളുമായുണ്ടാക്കിയ കരാറില്‍ എല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം വിഭാവന ചെയ്യുന്നുണ്ട്. മുസ്‌ലിംകള്‍ക്കുണ്ടായിരുന്നതു പോലെയുള്ള അവകാശങ്ങളും ആനുകുല്യങ്ങളും മറ്റുള്ളവര്‍ക്കും വകവെച്ചു നല്‍കുന്നതായിരുന്നു ആ കരാറുകൾ. മദീനക്കു ചുറ്റുമുള്ള നാടുകളിലെ ഭരണാധികാരികള്‍ക്ക് അവിടുന്ന് എഴുതിയ കത്തുകള്‍ മറ്റൊരു തെളിവാണ്. ഇസ്‌ലാമിക സന്ദേശം സ്വീകരിക്കുന്നില്ലെങ്കില്‍ സൈനികാക്രമണം നടത്തുമെന്ന് അവയിലൊന്നിലും നബി തങ്ങൾ ഭീഷണിപ്പെടിത്തിയിരുന്നില്ല. അത്തരം കത്തുകളിൽ ഒന്നായ അബ്‌സീനിയയിലെ, ക്രിസ്ത്യന്‍ രാജാവിന്നുള്ള കത്ത് അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ‘ഞാന്‍ സന്ദേശം എത്തിച്ചു കഴിഞ്ഞു. അത് സ്വീകരിക്കുന്നത് താങ്കളുടെ ഇഷ്ടം. സന്മാര്‍ഗം അനുധാവനം ചെയ്യുന്നവര്‍ക്ക് സമാധാനം!’ (ബുഖാരി).
ഇത് പ്രവാചക യുഗത്തിനു ശേഷവും ഒരു ശീലവും സ്വഭാവവുമായി മുസ്ലിംകൾ എന്നും കൊണ്ടു നടന്നിട്ടുള്ളതാണ്. അവർ അധികാരത്തിന്റെയും അറിവിൻ്റെയും ഉത്തുംഗതയിൽ എത്തുമ്പോൾ പോലും സഹ സമൂഹങ്ങളെ മറന്നിട്ടില്ല. പ്രമുഖ പണ്ഡിതനായ ഡോക്ടര്‍ മുസ്തഫാ സിബാഈ പറയുന്നു: അമവി കാലം തൊട്ട് കൃസ്ത്യാനികള്‍ തങ്ങളുടെ ചടങ്ങുകളും ഉത്സവങ്ങളും നടത്തിയിരുന്നത് പൊതു നിരത്തുകളില്‍ വെച്ചായിരുന്നു. കുരിശ് ചുമന്ന് ഘോഷയാത്രകള്‍ നടത്തുന്നത് അവര്‍ പതിവാക്കിയിരുന്നു.മത നേതാക്കന്മാര്‍ അതില്‍ സംബന്ധിച്ചിരുന്നത് മത വസ്ത്രങ്ങളണിഞ്ഞായിരുന്നു. ഹാറൂണ്‍ റഷീദിന്‍റെ കാലത്ത് ഇസ്റ്റര്‍ ആഘോഷങ്ങളോടനുബന്ധിച്ച് കൃസ്ത്യാനികള്‍ വലിയ കുരിശ് ചുമന്ന് വമ്പിച്ച പ്രകടനം നടത്തിയിരുന്നു. (ഇസ്ലാമിക നാഗരികത; ചില ശോഭന ചിത്രങ്ങള്‍). ഇസ്ലാമിക രാഷ്ട്രം വിവിധ മത മേധാവികള്‍ക്ക് തങ്ങളുടെ മേഖലകളില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമനുഭവിക്കുകയും തങ്ങളുടെ അനുയായികളുടെ മേല്‍ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കുകയും ചെയ്തിരുന്നു. ഭരണകൂടം അതിലൊന്നും ഇടപെട്ടിരുന്നില്ല. റോമാ ഭരണാധികാരികളുടെ കാലത്ത് അറിയുകയോ അനുഭവിക്കുകയോ ചെയ്യാത്ത സ്വാതന്ത്ര്യമാണ് സ്വദേശികളായ കൃസ്ത്യാനികള്‍ക്ക് മുസ്ലിങ്ങളില്‍ നിന്ന് ലഭിച്ചത്( അതേ പുസ്തകം: 106/107). മറ്റു സമൂഹങ്ങളോട് ഇസ്ലാം അസഹിഷ്ണുത പുലർത്തിയിട്ടുണ്ടെങ്കിൽ അത് ഏറെ പ്രകടമാക്കുക ഇസ്ലാമിക പ്രബോധനത്തിന്റെയും ആ വഴിയിൽ ഉണ്ടായ സാമൂഹ്യ സന്ദർശനങ്ങളുടെയും വേദിയിൽ ആയിരിക്കുമല്ലോ. പക്ഷേ, അവിടെ പോലും മുസ്ലിംകൾ അങ്ങനെ ചെയ്തതായി ചിന്തയും ബുദ്ധിയും ഉള്ളവർ ആരോപിക്കുന്നില്ല. ലോകത്തുടനീളമുള്ള ഇസ്ലാമിക വ്യാപനത്തെക്കുറിച്ച് കൃത്യമായി വിലയിരുത്തിയ ശേഷം ഗ്രന്ഥമെഴുതിയ ഡോക്ടര്‍ തോമസ് ആര്‍നോള്‍ഡ് പറയുന്നത്, ക്രൈസ്തവരോട് മുസ്ലിം ഭരണത്തിന്‍റെ ആദ്യ കാലത്ത് കാണിച്ച സഹിഷ്ണുതയുടെ വെളിച്ചത്തില്‍ വാളാണ് മത പരിവര്‍ത്തനത്തിന്‍റെ മുഖ്യ ഉപകരണം എന്ന വാദം ഒട്ടും തൃപ്തികരമല്ലാത്തതാകുന്നു (ഇസ്ലാം; 'പ്രബോധനവും പ്രചാരവും). അദ്ദേഹം വീണ്ടും പറയുന്നു: മത വിശ്വാസം രാഷ്ട്രീയ താല്‍പര്യങ്ങളില്‍ നിന്നും മുക്തമായപ്പോള്‍ വ്യക്തിപരമായ വിശ്വാസത്തെ കയ്യേറ്റം ചെയ്യുന്നതില്‍ നിന്നും അകന്ന് നിന്ന ഏറ്റവും ഉദാത്തമായ മതം ഇസ്ലാം മാത്രമായിരുന്നു എന്ന് കാണാം. രാഷ്ട്രത്തിന്‍റെ ഭദ്രത ഭീഷണിക്ക് വിധേയമായപ്പോള്‍ ഇസ്ലാമിക ഭരണകൂടങ്ങള്‍ മതപരമായ ഏകീകരണത്തിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കാന്‍ പ്രേരിതമായി. അപ്പോള്‍ പോലും ഇസ്ലാമിക മൂല്യങ്ങളില്‍ നിന്നും ഉയിര്‍കൊണ്ട ഉദാരതയുടെ ഈ തത്വം അതിന്‍റെ പരമകാഷ്ഠയില്‍ തന്നെയായിരുന്നു. പീഢനത്തിന്‍റെയും ബലാല്‍കാരത്തിന്‍റെയും യാതൊരു ലാഞ്ജനയും എവിടെയും നമുക്ക് കാണാനാകുന്നില്ല( അതേ പുസ്തകം;പേജ് 551).
ഇസ്ലാമിക റിപ്പബ്ലിക്കിന്‍റെ ആദ്യത്തെ ഖലീഫ സിദ്ദീഖ്(റ) ഹീറാ നിവാസികളോടുണ്ടാക്കിയ സന്ധിയിലിങ്ങനെ കാണാം; 'അവരുടെ ആരാധനാലയങ്ങളും കനീസയും ശത്രുക്കളില്‍ നിന്നും രക്ഷ നേടുവാൻ അവർ ആശ്രയിക്കുന്ന കോട്ടയും പൊളിക്കപ്പെടുന്നതല്ല. മണിയടിക്കുന്നതോ പെരുന്നാളിന് കുരിശ് എഴുന്നള്ളിക്കുന്നതോ തടയപ്പെടുന്നതുമല്ല'. ഖലീഫ ഉമര്‍(റ) ഈ ലിയാ വാസികളുമായുണ്ടാക്കിയ വ്യവസ്ഥകള്‍ ഇപ്രകാരമാണ്: 'അല്ലാഹുവിന്‍റെ അടിമയും മുഅ്മിനീങ്ങളുടെ നേതാവുമായ ഉമര്‍ ഈലിയാ വാസികള്‍ക്ക് നല്‍കുന്ന സംരക്ഷണമാണിത്. എല്ലാവരുടെയും ചര്‍ച്ചുകള്‍ക്കും കുരിശുകള്‍ക്കും മത സംബന്ധമായ എല്ലാത്തിനും സംരക്ഷണം ഉറപ്പു നല്‍കുന്നു. ആരുടെയും ചര്‍ച്ചുകള്‍ വാസസ്ഥലമാക്കുകയോ നശിപ്പിക്കുകയോ അരുത്. അവയോട് ചേര്‍ന്നു നില്‍ക്കുന്ന വസ്തുവഹകള്‍ നശിപ്പിച്ചു കളയരുത്. അതുപോലെത്തന്നെ അവരുടെ സ്വത്തുക്കളെയോ കുരിശുകളെയോ പിടിച്ചെടുക്കരുത്. വിശ്വാസ കാര്യങ്ങളില്‍ ആരുടെയും മേല്‍ പ്രതിബന്ധമുണ്ടാക്കുകയോ മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയോ അരുത്. ആരെയും ഉപദ്രവിക്കാനും പാടില്ല.(താരീഖു ത്വബരി) 'സുരക്ഷാ കരാറിൽ ഇരിക്കുന്ന അന്യമതസ്ഥനെ (ദിമ്മി) ഉപദ്രവിക്കുകയോ അവനുമേൽ അമിതമായ നികുതി ചുമത്തുകയോ ചെയ്യുന്നവനെതിരെ അന്ത്യദിനത്തില്‍ ഞാന്‍ വാദിക്കുന്നതാണെന്ന് നബി(സ്വ) തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. (കിതാബുല്‍ ഖറാജ്). സിന്ധ് കീഴടക്കിയ മുഹമ്മദുബ്നുഖാസിമിനെക്കുറിച്ച് ഈശ്വരീപ്രസാദ് എന്ന ചരിത്രകാരന്‍ പറയുന്നത് ഇപ്രകാരമാണ്: 'അദ്ദേഹം ബ്രാഹ്മണരോട് അവരുടെ മാന്യതക്കും പദവിക്കുമനുസരിച്ച് പെരുമാറിയിരുന്നു. മത സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടു. ആരാധനാലയങ്ങളുടെ കാര്യത്തില്‍ ബ്രാഹ്മണരുടെ അവകാശങ്ങള്‍ മാനിക്കപ്പെടുകയും ചെയ്തു(ഹിസ്റ്ററി ഓഫ് മുസ്ലിം റൂള്‍; പേജ് 46). സഹിഷ്ണുത ഇസ്ലാമിനും മുസ്‌ലിംകൾക്കും തങ്ങളുടെ സംസ്കാരത്തിൻ്റെ അവിഭാജ്യമായ ഭാഗമാണ്, കേവലം അഭിനയമല്ല എന്ന് ഇതെല്ലാം തെളിയിക്കുന്നു.
കേരളം ഈ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും കാര്യത്തിൽ ഏതൊരാളെയും ഏതുകാലത്തെയും അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു ഭൂപ്രദേശമാണ്. കേവല ഒത്തുകൂടലുകൾക്കും സൗഹൃദ സ്ഥാപനങ്ങൾക്കും അപ്പുറത്ത് അവരുടെ പരസ്പര ബന്ധങ്ങൾക്ക് ആഴമുള്ള വേരുകൾ തന്നെയുണ്ട്. അത് അവരുടെ സംസ്കാരത്തെ തന്നെ സ്വാധീനിച്ചതിന്റെ മനോഹരമായ ചിത്രങ്ങൾ ഏറെയാണ്. അവയിൽ ഒന്നാണ് ഭാഷയുടേത്. കേരള മുസ്‌ലിംകളുടെ സാമൂഹിക സമ്പര്‍ക്കവും സംസ്‌കാരവും സമന്വയത്തിന്റെ മാതൃകകളായാണ് നമ്മുടെ മുന്നില്‍ നില്‍ക്കുന്നത്. മലയാളം, അറബി, പാര്‍സി ഭാഷകളെ സമന്വയിപ്പിച്ചുകൊണ്ട് ഒരു മാപ്പിള വാമൊഴി മുസ്‌ലിം സമൂഹം രൂപപ്പെടുത്തിയെടുത്തു. പില്‍ക്കാലത്ത് ഇതിന്റെ രേഖീയരൂപമായി അറബിമലയാളം എന്ന വരമൊഴി സമ്പ്രദായവും രൂപപ്പെട്ടു. ഇതില്‍ നിന്നുള്ള സംഭാവനകള്‍ മലയാളിയുടെ പൊതു ഭാഷയിലും ധാരാളമായി ഉണ്ടായിട്ടുണ്ട്. കച്ചവടവും വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് മലയാളത്തിലുപയോഗിക്കുന്ന പല പദങ്ങളും ഈ മാപ്പിള വാമൊഴിയുടെ സംഭാവനകളാണ്. ബസാര്‍, നിരക്ക്, സുമാര്‍, രൊക്കം, ബാക്കി, ഖജാന, താരിഫ്, ഗുദാം, അസ്സല്‍, നക്കല്‍ തുടങ്ങിയവ ഉദാഹരണം. അതു പോലെ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട് മുന്‍സിഫ്, വക്കീല്‍, ജപ്തി തുടങ്ങിയ പദങ്ങള്‍. മൊഞ്ച്, മൊഞ്ചത്തി, വര്‍ക്കത്ത് തുടങ്ങിയ ചില പൈങ്കിളിപ്പദങ്ങളും മലയാള ഭാഷയ്ക്ക് മുസ്ലിംകളുടെ സംഭാവനയാണ്.
സ്വലാത് എന്ന ഇസ്ലാമികാരാധനാ സമ്പ്രദായത്തെ മലയാളി മുസ്ലിംകള്‍ നിസ്‌കാരം എന്നാണ് വിശേഷിപ്പിക്കാറുള്ളത്. നമസ്‌കാരം എന്ന പ്രയോഗത്തിന്റെ വാമൊഴി രൂപമാണത്. ആചാരസമ്പ്രദായങ്ങളിലും കേരളത്തിലെ മുസ്‌ലിം സമൂഹവും മറ്റ് സമൂഹങ്ങളും തമ്മില്‍ കൊള്ളക്കൊടുക്കകളുണ്ടായിട്ടുണ്ട് എന്ന് തെളിയിക്കുന്ന പല ചരിത്രഘട്ടങ്ങളും പൊതുവായനയിൽ കാണാം. കേരളത്തിന്റെ ദേശീയോല്‍സവമായി ഗണിക്കപ്പെടുന്ന ഓണാഘോഷത്തിന്റെ ഉല്പത്തിയുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളിലൊന്ന് ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം ആശ്ലേഷിച്ച് മക്കയിലേക്കു കപ്പല്‍ കയറിയതിന്റെ സ്മരണയായാണ് ഓണാഘോഷം നിലവില്‍ വന്നതെന്നതാണ്. സർ വില്യം ലോഗൻ തൻ്റെ മലബാര്‍ മാന്വലിലും മറ്റും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ചിങ്ങമാസം കേരളത്തില്‍ കൊയ്ത്തുല്‍സവകാലമാണ്. അത്തം തൊട്ട് ഉത്രാടം വരെയും പിന്നെ തിരുവോണവും അവിട്ടവും ചതയവുമെല്ലാം മലയാളി ഉല്‍സവമായാഘോഷിക്കുന്നു. അതേയവസരം ഈ ദിനങ്ങളില്‍ത്തന്നെ തിരുവോണത്തിന് പ്രത്യേക പ്രാധാന്യം കൈവന്നത്, ഒരു പക്ഷേ പെരുമാളിന്റെ യാത്ര കൊണ്ടു തന്നെയാവാം. ശരിയായാലും തെറ്റായാലും ഇതിനെ ബലപ്പെടുത്തുന്ന മറ്റൊരു സിദ്ധാന്തം കൂടി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അത് കൊല്ലവര്‍ഷ കാലഗണനയുടെ പിറവിയുമായി ബന്ധപ്പെട്ടതാണ്. അതിലും ഉന്നയിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളിലൊന്ന് പെരുമാളിന്റെ യാത്രയുമായി ബന്ധപ്പെട്ടതാണ്. പന്തലായനിക്കൊല്ലത്തു നിന്നാണത്രേ പെരുമാള്‍ കപ്പല്‍ കയറിയത്. ഈ രണ്ടു സിദ്ധാന്തങ്ങള്‍ക്കും സംഭവ്യതയേറ്റുന്ന ഘടകമാണ് കൊല്ലവര്‍ഷക്കലണ്ടര്‍ ചിങ്ങമാസത്തിലാണ് തുടങ്ങുന്നതെന്നത്. രാശിചക്ര ക്രമമനുസരിച്ച് ഒന്നാമത്തെ മാസമാവേണ്ടത് മേടമാണ്. എന്നാല്‍ കൊല്ലവര്‍ഷക്കലണ്ടര്‍ ആരംഭിക്കുന്നത് ചിങ്ങത്തിലുമാണ്. ഒരു പക്ഷേ കേരളത്തിലെ ഒരു ചക്രവര്‍ത്തി അറേബ്യയിലേക്കു കപ്പല്‍ കയറിയതിന്റെ അടയാളമാവാം ഇതെല്ലാം. ഈ ചരിത്രഗതി ഉന്നയിക്കുന്ന ചരിത്രകാരന്മാർ ഇതുകൊണ്ട് തന്നെ പെരുമാള്‍ കപ്പൽ കയറിയത് എ ഡി 825ലാണെന്നു അനുമാനിക്കുന്നുണ്ട്.
മുൻകാല ചരിത്രം നാം പരിശോധിച്ചാൽ ധാരാളം സുവർണ്ണ കാലഘട്ടങ്ങൾ കടന്നുപോയിട്ടുണ്ട്. സാമൂതിരി രാജാവിന്റെ കൂടെ മുസ്ലിംകളായ സേനാനികൾ ധാരാളം ഉണ്ടായിരുന്നു. അറബി ഭാഷയിലുള്ള കത്തുകളാണ് സാമൂതിരിക്ക് പലപ്പോഴും ലഭിച്ചിരുന്നത്. അത് വായിക്കാൻ അവിടെ അറബി പഠിച്ച പണ്ഡിതന്മാരെ നിയോഗിച്ചിരുന്നു. പണ്ട് പണ്ട് അറബികൾ കോഴിക്കോട്ട് കപ്പലിറങ്ങിയപ്പോൾ ഇവിടുത്തെ രാജാക്കന്മാർ അവരെ പൂച്ചെണ്ടു നൽകി സ്വീകരിക്കുകയാണ് ചെയ്തത്. കടലോര പ്രദേശങ്ങളിലെ സ്ത്രീജനങ്ങളെ കല്യാണം കഴിക്കുകയും അവിടെ താമസിക്കുകയും ചെയ്തിരുന്നു അവർ. കോഴിക്കോട് മുതൽ കണ്ണൂർ വരെ മരുമക്കത്തായ സമ്പ്രദായം ഉണ്ടായത് അങ്ങനെയാണ്. ഇവിടേക്ക് വന്ന അതിഥികളായ അറബികൾക്ക് തങ്ങളുടെ മക്കളെ വിവാഹം ചെയ്തു കൊടുക്കാൻ, ഒരിക്കലും ഇവിടെയുള്ള അമുസ്ലീങ്ങൾ മടി കാണിച്ചില്ല. തളി ക്ഷേത്രവും കോഴിക്കോട്ടേ ഖാളിമാരും തമ്മിലുള്ള ബന്ധം സുവിദമാണ്. ഈ സാംസ്കാരിക വിനിമയം വളർന്നുവളർന്ന് ഒരു ജുമാമസ്ജിദിന്റെ പ്രസിഡണ്ടായി ഒരു ഹൈന്ദവ വിശ്വാസി ദീർഘകാലം അവരോധിതനാകുന്ന സാഹചര്യം വരെ നാം കണ്ടു. വയനാട് ജില്ലയിലെ മുട്ടിൽ ജുമാ മസ്ജിദിന്റെ ആദ്യകാല പ്രസിഡണ്ടും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന രാധാ ഗോപി മേനോന്റെ മകൻ കളത്തിൽ ദിവാകരൻ മരണപ്പെട്ടു എന്ന വാർത്ത ഈ അർത്ഥങ്ങളിലേക്ക് എല്ലാം നമ്മെ കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചയും മുട്ടിൽ ജുമാ മസ്ജിദിൽ എത്തുന്ന രാധാ ഗോപി മേനോൻ പള്ളിമുറ്റത്ത് ഒരു മേശ ഇട്ട് വരിസംഖ്യ പിരിക്കുമായിരുന്നു എന്നും ബാക്കി വരുന്നതെല്ലാം തന്റെ സമ്പാദ്യത്തിൽ നിന്നാണ് അദ്ദേഹം ചെലവഴിക്കുമായിരുന്നു എന്നും ആ വാർത്തയുടെ അനുബന്ധത്തിൽ കേൾക്കുമ്പോൾ നാം കേരളത്തിൽ ഉയർത്തിയ മതസഹിഷ്ണുതയുടെ ഗോപുരം എത്ര ഉത്തുംഗമാണ് എന്ന് നാം തിരിച്ചറിയുന്നു. അത് തകർക്കാനാണ് തട്ടവുമായി ചിലർ ഇറങ്ങിയിരിക്കുന്നത്. അത് പ്രബുദ്ധ കേരളം അനുവദിക്കില്ല. അതുകൊണ്ടാണല്ലോ അത് ചീറ്റി പോയതും.
കേരളത്തിൽ അങ്ങോളമിങ്ങോളം പരിശോധിച്ചാൽ ഈ രൂപത്തിലുള്ള മതസൗഹൃദങ്ങൾ ഏറെ കാണാൻ കഴിയും. ശബരിമലയിലെ അയ്യപ്പന്റെ ഏറ്റവും വലിയ കൂട്ടുകാരൻ ആയിരുന്നു വാവർ. ശബരിമല കയറി ഏറ്റവും ഉച്ചിയിൽ സന്നിധാനത്ത് എത്തിയാൽ അവിടെ വാവരുടെ പള്ളി കാണാം.
വക്കം മൗലവിയുടെ അഭ്യർത്ഥന മാനിച്ച് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അറബി പഠിപ്പിക്കാൻ ഉത്തരവ് നൽകിയത് ശ്രീമൂലം തിരുനാൾ ആയിരുന്നു. കണ്ണൂരിലെ അറക്കൽ കൊട്ടാരം മതസൗഹാർദ്ദത്തിന്റെ വേദിയായിരുന്നു.
0
Thoughts & Arts
തട്ടത്തിൽ തട്ടിയ തിട്ടൂരങ്ങൾ
2026-01-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso