Thoughts & Arts
Image

പരീക്ഷകൾ: ഒരുങ്ങാനും ഒരുക്കാനും സമയമായി

2026-01-31

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





വീണ്ടും നമ്മുടെ മക്കൾ പരീക്ഷാ കാലത്തിലേക്ക് കടക്കുകയാണ്. ഏതാണ്ട് എല്ലാ പാഠ്യപദ്ധതികളുടെയും പ്രധാന പരീക്ഷകളാണ് ഇനി ഒന്നിനുപുറകെയെന്നോണം കടന്നുവരുന്നത്. ഈ സമയത്തുള്ള തത്വോപദേശങ്ങൾ എത്രമാത്രം ഫലപ്പെടും എന്നതിനെക്കുറിച്ച് ആശങ്കയൊക്കെ ഉണ്ട്. കാരണം, കൊച്ചു മനസ്സുകളിൽ പരീക്ഷ പേടിയും പരീക്ഷാ പനിയും മറ്റു അസ്കിതകളും ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടാകും. രക്ഷിതാക്കളുടെ ആധികൾ, വിദ്യാലയ അധികാരികളുടെ തത്രപ്പാടുകൾ, അനുഭവസ്ഥരുടെ പൊലിപ്പിക്കലുകൾ തുടങ്ങിയവയൊക്കെ ശരിക്കും തുടങ്ങിക്കഴിഞ്ഞു. അതു കാണുന്ന കുട്ടികളുടെ തലച്ചോറിലെ സിൽക്ക് നൂലുകൾ പോലെയുള്ള ന്യൂറോണുകൾ വിറക്കാൻ തുടങ്ങിയിട്ടുണ്ടാകും എന്നുറപ്പാണ്. മനസ്സിന്റെയും ബുദ്ധിയുടെയും ചലനങ്ങൾ ആദ്യം പ്രതിഫലിക്കുന്നത് അതിലാണല്ലോ. ന്യൂറോണുകളെ ശാന്തമാക്കുമ്പോൾ അല്ലെങ്കിൽ അവ ഏതെങ്കിലും വിധേന ശാന്തമാകുമ്പോൾ മാത്രമേ മനസ്സും ബുദ്ധിയും കൃത്യമായി പ്രവർത്തിക്കുവാൻ തയ്യാറാകൂ എന്നതുകൊണ്ടാണ് നാം ഉപദേശിക്കാൻ ഒരുങ്ങുമ്പോൾ ഫലിക്കുമോ എന്ന് ആശങ്കപ്പെടുന്നത്. എങ്കിലും വിശാല അർത്ഥത്തിൽ രക്ഷാകർത്താക്കൾ തന്നെയായ നാം പറയേണ്ടത് അതാത് സമയത്ത് പറയാതെ വയ്യല്ലോ. അതിനാൽ പറയുകയാണ്. ആദ്യമായി പറയേണ്ടത് മനുഷ്യ മനസ്സിൻ്റെ സ്ഥായിയായ ചഞ്ചലതയെ കുറിച്ചാണ്. നമ്മുടെ മനസ്സ് എപ്പോഴും അങ്ങോട്ടുമിങ്ങോട്ടും ആടി കളിച്ചുകൊണ്ടാണ് ഇരിക്കുന്നത്. ഈ ആട്ടം നിർത്തുവാൻ രണ്ടു മാർഗങ്ങളാണ് നമ്മുടെ മുമ്പിൽ ഉള്ളത്. രണ്ടും ആത്മവിശ്വാസത്തിലേക്കാണ് നമ്മെ കൈപിടിച്ച് ആനയിക്കുന്നത്. ഒന്നാമതായി, തികച്ചും വിശ്വസിക്കാവുന്ന ഒന്നിൽ മനസ്സും ശരീരവും സമർപ്പിച്ച് ഉറപ്പിച്ചു നിർത്തുക എന്നതാണ്. രണ്ടാമത്തേത്, ചെയ്യാനുള്ള കാര്യങ്ങൾ എല്ലാം അതിൻ്റേതായ ക്രമത്തിലും വൃത്തിയിലും ചെയ്തിരിക്കുക എന്നതാണ്. ഇതുരണ്ടും നമുക്ക് ആത്മവിശ്വാസം പകരും. ആത്മവിശ്വാസത്തിന്റെ ഊർജ്ജം പരീക്ഷയുടെ ഒരു ഘട്ടത്തിലും ചോർന്നു പോകാതെ സൂക്ഷിക്കുവാൻ കഴിഞ്ഞാൽ വിജയം ഉറപ്പാണ്.


വിശ്വാസികളുടെ ജീവിതം ആത്യന്തികമായി ഒരു പരീക്ഷയാണ്. പാരത്രിക വിജയം എന്ന റിസൾട്ടിന് വേണ്ടിയുള്ള ഒരു മുഴുനീള പരീക്ഷ. അതിനിടയിൽ ചെറുതും വലുതുമായ കുറെ പരീക്ഷകൾ ഇടക്കിടക്ക് വന്നും പോയും ഇരിക്കും. ഇതെല്ലാം വിജയിക്കുവാൻ അവരെ സൃഷ്ടാവ് പഠിപ്പിക്കുന്ന പാഠമാണ് മേൽപ്പറഞ്ഞ രണ്ടു കാര്യങ്ങളും. അഥവാ, അല്ലാഹുവിൽ വിശ്വാസപൂർവ്വം സ്വയം സമർപ്പിക്കലും സ്വന്തം കടമകൾ നിർവ്വഹിക്കലും. ഒന്നാമത്തേത് വിശ്വാസമാണ്. വിശ്വാസം എന്നത് വെറും ഒരു അറിവല്ല. ഒരു അവകാശവാദവും അല്ല. മറിച്ച് അത് ഒരു ബോധ്യമാണ്. മതിയായ തെളിവുകൾ കാരണത്താൽ ഉണ്ടാകുന്ന ഒരു ഉള്ളുറപ്പ്. തെളിവുകളുടെ ബലത്തിലാണ്, ആയിരിക്കേണ്ടതാണ് വിശ്വാസം ഉണ്ടാവേണ്ടത്. ഭജ്ഞിക്കുവാൻ ആകാത്ത വിധത്തിലുള്ള ഉറപ്പുള്ള തെളിവുകൾ ആയിരിക്കണം വിശ്വാസത്തിൻ്റെ പ്രചോദനം. അന്ധമായ വിശ്വാസികൾക്കോ വിശ്വാസം മറ്റാർക്കോ വേണ്ടി അഭിനയിക്കുന്നവർക്കോ ഇതിന് കഴിയില്ല. വിശ്വാസികൾ നേടുന്ന ആത്മസുഖം, സംതൃപ്തി, തുടങ്ങിയവയുടെയെല്ലാം പിൻബലം ഈ ആതുവിശ്വാസമാണ്. അവർ ഏതുകാലത്തും ഏതു നാട്ടിലും കാണിച്ചിട്ടുള്ളതും വിധേയമായിട്ടുള്ളതുമായ അത്ഭുതകരമായ നേട്ടങ്ങളുടെ എല്ലാം രസതന്ത്രം ഇതായിരുന്നു. ഇസ്ലാമിക സംസ്കൃതിയിൽ അത് ബദർ മലഞ്ചരിവിൽ നിന്ന് കൃത്യമായി തുടങ്ങുന്നു. അവിടെ ഒരു ഭാഗത്തിന് മുറുക്കിപ്പിടിക്കുവാൻ ഉറപ്പുള്ള വിശ്വാസമുണ്ടായിരുന്നു. ആ വിശ്വാസം ശക്തമായിരുന്നതിനാൽ അവർ എണ്ണത്തിലോ ആയുധത്തിലോ ഉള്ള അവരുടെ കുറവുകളെ പോലും കണ്ടില്ല. മറുവശത്ത് ഇതെല്ലാം ഉണ്ടായിരുന്നിട്ടും അവർക്ക് ആത്മവിശ്വാസം കൊള്ളാൻ ഒരു നിശ്ചിത ബിന്ദു ഉണ്ടായിരുന്നില്ല എന്ന ഒരൊറ്റ കാരണത്താൽ പരാജയത്തിന് വഴങ്ങേണ്ടി വന്നു. യുദ്ധത്തിലെ വിജയത്തിൻ്റെ കാര്യത്തിൽ മാത്രമല്ല ഉദാഹരിക്കാൻ ഉള്ളത്. നബി(സ്വ) തിരുമേനിയുടെ ദൗത്യത്തിൻ്റെ ആകെത്തുക തന്നെ അതായിരുന്നുവല്ലോ. ദൗത്യത്തിന്റെ മുമ്പിൽ ഉയർന്നുനിന്ന എല്ലാ തടസ്സങ്ങളും അതിന്റേതായ സമയത്ത് പടിയിറങ്ങിപ്പോകുന്ന കാഴ്ച ആ ജീവിതത്തിന്റെ മനോഹാരിതയാണ്. ഹിജ്റ ആറാം വർഷം ഹുദൈബിയ്യായിൽ സന്ധി ഒപ്പിട്ട് ശ്രമം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നപ്പോൾ വരാനിരിക്കുന്ന രണ്ടു വർഷങ്ങളിലും പരിശുദ്ധ മക്ക തങ്ങൾക്ക് മുമ്പിൽ അതിന്റെ വാതിലുകൾ തുറന്നിടും എന്ന് ഒപ്പമുണ്ടായിരുന്ന 1400 പേരിൽ ഒരാൾക്കും വലിയ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. അതിനുള്ള ന്യായം അവിടെ ഉണ്ടായിരുന്നില്ല. പക്ഷേ, എല്ലാവരുടെയും അനിഷ്ടത്തിന്റെ മുമ്പിലും കരാറിൽ ഒപ്പ് വെക്കവെ നബി അറിയപ്പെടാത്ത ഏതോ ആത്മവിശ്വാസത്തിൻ്റെ നിർവൃതിയിലായിരുന്നു. അതങ്ങനെ തന്നെ ഉണ്ടാവുകയും ചെയ്തു. ഹിജ്റ ഏഴിൽ ഉംറത്തുൽ ഖദാഇനും ഹിജ്റ എട്ടിൽ മക്കാ വിജയത്തിനും ആരുടെയും തിട്ടൂരം നോക്കാതെ അവർക്ക് സാകൂതം മക്കയിലേക്ക് അഭിമാനത്തോടെ വരാൻ കഴിഞ്ഞു. ഇങ്ങനെ എത്രയോ രംഗങ്ങൾ.


രണ്ടാമത്തേത്, ചെയ്യാനുള്ളതെല്ലാം കൃത്യമായി ചെയ്യുക എന്നതാണ്. ഇതും ആത്മവിശ്വാസത്തിലേക്കുള്ള ഒരു പ്രധാന ചുവടാണ്. ഇസ്ലാം, എല്ലാം അല്ലാഹുവിൽ സമർപ്പിക്കാനും അവനിൽ ഭരമേൽപ്പിക്കാനും പറയുകയും അവൻ തന്നാൽ മാത്രമേ ഉണ്ടാകൂ എന്നും അവനല്ലാത്ത മറ്റൊരു ശക്തിക്കും ഒന്നും ചെയ്തുതരാൻ കഴിയില്ല എന്നും ഒക്കെ പറയുമ്പോഴും വിശ്വാസിയോട് നീ ചെയ്യേണ്ട കാര്യങ്ങൾ ചെയ്തിരിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. ഒരിക്കൽ ഒട്ടകത്തിന്റെ മൂക്കുകയറും പിടിച്ചുകൊണ്ട് ഒരു സഹാബി നബിയോട് ചോദിക്കുകയുണ്ടായി. അത് വിശ്വാസികളെല്ലാം അല്ലാഹുവിൻ്റെ മേൽ എല്ലാ കാര്യവും ഭരമേല്പിച്ചിരിക്കണം എന്നൊക്കെ നബി പഠിപ്പിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെയായിരുന്നു. മൂക്കുകയർ ഉയർത്തി കാണിച്ചു കൊടുത്തുകൊണ്ട് അദ്ദേഹം നബിയോട് ചോദിച്ചത് ഞാൻ ഇതിനെ തളച്ചിടണോ അല്ല വെറുതെ വിട്ടാൽ മതിയോ എന്നായിരുന്നു. നിൻ്റെ മൃഗത്തെ മറ്റാരെയും അത് ദ്രോഹിക്കാതിരിക്കാൻ തളച്ചിടുക എന്നത് നീ ചെയ്യേണ്ട കാര്യമാണ്. അത് നീ ചെയ്തിരിക്കണം. എന്നിട്ടാവണം തവക്കുലാക്കുന്നത് എന്നായിരുന്നു നബി തങ്ങളുടെ മറുപടി. പരീക്ഷയുടെ കാര്യത്തിൽ ഇത് ഏറ്റവും പ്രധാനപ്പെട്ട ശാസ്ത്രീയമായ ഒരു കാര്യമാണ്. കാരണം, ക്ലാസ് മുറികളിൽ നിന്ന് ഓരോ ദിവസവും ഓരോ പാഠങ്ങൾ കുട്ടികൾക്ക് ലഭിക്കുകയാണ്. ഓരോ അധ്യാപകനിൽ നിന്നും കിട്ടുന്ന പാഠഭാഗങ്ങൾ കുട്ടികൾ മനസ്സിൽ സൂക്ഷിക്കുന്നത് കൃത്യമായിട്ടായിരിക്കേണ്ടതുണ്ട്. യാതൊരു ശ്രദ്ധയുമില്ലാതെ കണ്ടതുപോലെ എല്ലാം മനസ്സിൽ നിറച്ചിടുകയാണെങ്കിൽ അതിനുള്ളിൽ നിന്ന് പരീക്ഷക്ക് വേണ്ട ഉത്തരം കൃത്യസമയത്തിനുള്ളിൽ തെരഞ്ഞ് കണ്ടുപിടിക്കുക പ്രയാസമായിരിക്കും. അതേസമയം ഓരോ ദിവസവും പഠിക്കുന്ന പാഠങ്ങൾ കൃത്യമായ അളവിലും രീതിയിലും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് മനസ്സിൻ്റെ തട്ടുകളിൽ അടുക്കി വെച്ചിട്ടുണ്ടെങ്കിൽ അത് എപ്പോൾ എങ്ങനെ വേണമെങ്കിലും എടുക്കാനും ഉപയോഗിക്കാനും ഒരു പ്രയാസവും ഉണ്ടാവില്ല. പരീക്ഷയുടെ കാര്യത്തിൽ നാം ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായും വൃത്തിയായും ചെയ്തിരിക്കുക എന്നത് നമ്മെ ആത്മവിശ്വാസത്തിലേക്ക് കൊണ്ടുപോകുന്നത് ഇങ്ങനെയാണ്.


ആത്മവിശ്വാസത്തെ നിർവചിക്കുന്നത് സ്വന്തം കഴിവുകളിലുള്ള ഒരു വ്യക്തിയുടെ വിശ്വാസം എന്നാണ്. കഴിവിനെയാണ് വിശ്വസിക്കുന്നത് എന്തെന്നാൽ ആ കഴിവ് ഉണ്ടാക്കിയെടുത്ത വർക്ക് മാത്രമേ ആത്മവിശ്വാസം കൊള്ളാൻ കഴിയൂ എന്നത് വ്യക്തമാണ്. സത്യത്തിൽ നാം നമ്മുടെ മക്കൾക്ക് നൽകുന്ന പാഠഭാഗങ്ങൾ അവരുടെ പ്രായത്തിനും അവരുടെ ഗ്രഹണ ശേഷിക്കും അനുഗുണവും അനുയോജ്യവും തന്നെയാണ്. അവരുടെ പിഞ്ചു മനസ്സുകൾക്ക് താങ്ങാനും ഉൾക്കൊള്ളാനും കഴിയാത്ത കാര്യങ്ങളൊന്നും അവരെ പഠിപ്പിക്കുന്നില്ല. എന്നിട്ടും പരീക്ഷ വരുമ്പോൾ കുട്ടികൾക്ക് ഉള്ള് വിറക്കുന്നത് അതാത് ദിവസം ചെയ്തിരിക്കേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതിനുള്ള വീഴ്ച കൊണ്ട് തന്നെയാണ്. മനസ്സിനെ പഠനത്തിനു വേണ്ടി ഒഴിച്ചിടുകയും അതിലേക്ക് ഒരു ഭൗതിക കേവല വികാരത്തെയും കടക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ആദ്യം വേണ്ടത്. അപ്പോൾ നാം മനസ്സിനെ ഒരു അലമാര പോലെ സങ്കൽപ്പിക്കുകയാണ്. നമുക്ക് നമ്മുടെ വിലപ്പെട്ട അറിവുകൾ അടുക്കി വെക്കേണ്ട അലമാര ആദ്യം വേണ്ടാത്തതെല്ലാം ഒഴിവാക്കിയും വേണ്ടാത്തത് കടന്നുവരാതെ നോക്കുകയും ചെയ്തു തയ്യാറാക്കി വെക്കേണ്ടതുണ്ട്. പിന്നെ ഓരോ ദിവസത്തെയും അറിവുകൾ കൃത്യമായും എവിടെയാണ് വെച്ചിരിക്കുന്നത് എന്ന് ഓർത്തെടുക്കുവാൻ പറ്റുന്ന വിധം ഒന്നിൽ നിന്ന് ഒന്നിലേക്ക് ബന്ധിപ്പിച്ച് അടുക്കി വെക്കണം. ഇതൊക്കെയാണ് ചെയ്യാനുള്ള ഉത്തരവാദിത്വങ്ങൾ. ഇത് ഇങ്ങനെ ചെയ്താൽ പിന്നെ ടെൻഷൻ വേണ്ടി വരില്ല.


അതേസമയം കുട്ടി ജീവിക്കുന്ന ജീവിത പരിസരത്തെ പരിഗണിച്ചു കൊണ്ടുള്ള ചില കാര്യങ്ങൾ പരീക്ഷകളിൽ നല്ല വിജയം നേടാൻ ഏറെ സഹായകമാണ് എന്ന് കണ്ടെത്തപ്പെട്ടിട്ടുണ്ട്. പഠനത്തിന് മതിയായ സമയം കണ്ടെത്തുകയും അത് ഒരു മാനസിക പ്രയാസവും ഇല്ലാത്ത വിധം ക്രമീകരിക്കുകയും ചെയ്യുക അതിലൊന്നാണ്. വൃത്തിയുള്ളതും അടുക്കും ചിട്ടയും ഉള്ളതുമായ ഒരു പഠന സ്ഥലം സജ്ജമാക്കി വെക്കണം. ആ സ്ഥലത്തിന് തുറന്നു കിടക്കുന്ന ഒരു സ്വകാര്യത ഉണ്ടായിരിക്കണം. മറ്റു ചിന്തകൾ വന്നാൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സ്വകാര്യത പലപ്പോഴും അപകടമായിരിക്കും ഉണ്ടാക്കുക. അതിനാൽ ആരും എപ്പോഴും വരാവുന്നതും വീക്ഷിക്കാവുന്നതുമായ ഒരു സ്ഥലം ആയിരിക്കണം അതിനായി കണ്ടെത്തേണ്ടത്. പഠനത്തിനടയില്‍ മാനസികമായ ഉല്ലാസത്തിനുതകുന്ന ഇടവേളകൾ ഉണ്ടായിരിക്കണ്. തലച്ചോറിന്റെ ശ്രദ്ധ വീണ്ടെടുക്കാന്‍ ഇടവേളകള്‍ ആവശ്യമാണ്. കുട്ടികൾക്ക് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്ത് കൃത്യമായ അളവിലും നിലവാരത്തിലും ഉള്ള ഭക്ഷണവും പാനീയവും ഉറപ്പുവരുത്തണം. ആരോഗ്യം മാത്രമല്ല ഏകാഗ്രതയും ഓര്‍മ്മശക്തിയും മെച്ചപ്പെടുത്താന്‍ അതു സഹായിക്കും. അതേ ക്ലാസിൽ പഠിക്കുന്ന, അതേ പരീക്ഷ എഴുതുന്ന, പഠനത്തിൽ താല്പര്യമുള്ള കൂട്ടുകാർ ഉണ്ടെങ്കിൽ അവരുമായി ഗ്രൂപ്പുകൾ സംഘടിപ്പിച്ച് പഠിക്കുന്നത് കൂടുതൽ നല്ലതാണ്. അങ്ങനെ പഠിക്കുമ്പോൾ അവർക്ക് പരസ്പരം ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരം പറയുവാനും അവസരം ലഭിക്കുന്നു. പഠനത്തിൽ ഗ്രഹണശേഷി ഉണ്ടാകുവാൻ ഇവ രണ്ടും വളരെ പ്രധാനമാണ്. ഇങ്ങനെ കുറെ കാര്യങ്ങൾ രക്ഷാകർത്താക്കൾ ബോധ്യത്തോടെ മനസ്സിലാക്കുകയും കുട്ടികൾക്ക് വേണ്ടി ചെയ്തുകൊടുക്കുകയും ചെയ്യേണ്ടതുണ്ട്. അതൊക്കെ ശ്രദ്ധയോടു കൂടെ മാതാപിതാക്കൾ ചെയ്തുതരുന്നത് കാണുമ്പോൾ മറ്റേത് വഴിയിലൂടെയും ലഭിക്കുന്നതിനേക്കാളും വലിയ ഒരു മോട്ടിവേഷനായിത്തീരുകയും ചെയ്യും.
0





0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso