1
ടി എച്ച് ദാരിമി
നബി(സ്വ) തങ്ങൾ വഫാത്താകും മുമ്പ് ലോകത്തിനു മുമ്പിൽ സമർപ്പിച്ചത് എല്ലാ അർത്ഥത്തിലും പരിപൂർണ്ണമായ ഒരു ആദർശമായിരുന്നു. 'നിങ്ങള്‍ക്കു ഇന്നു ഞാന്‍ നിങ്ങളുടെ മതം പൂര്‍ത്തീകരിച്ചു തരികയും എന്റെ അനുഗ്രഹം സമഗ്രമാക്കുകയും ഇസ്‌ലാമിനെ മതമായി തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു' എന്ന് അൽ മാഇദ അധ്യായം മൂന്നാം വചനത്തിൽ അല്ലാഹു പറയുന്നത് അതിൻ്റെ തെളിവാണ്. ഈ സൂക്തം അവതരിപ്പിക്കപ്പെട്ടത് കേട്ട ഉമർ(റ) വളരെ ഗദ്ഗദകണ്ഠനായി കരയുകയുണ്ടായി എന്ന് ഇബ്നു ജരീർ തൻ്റെ തഫ്സീറിൽ പറയുന്നുണ്ട്. അതുകണ്ട് ചോദിച്ച ചിലരോട് അദ്ദേഹം പറഞ്ഞ മറുപടി, ഇസ്ലാം പൂർത്തിയായി എന്നു പറഞ്ഞാൽ അതിനു ചില അർത്ഥങ്ങളുണ്ട്. ഏതു കാര്യം പൂർത്തിയായി കഴിഞ്ഞാലും പിന്നീട് ന്യൂനതകൾ മാത്രമാണ് ഉണ്ടാവുക എന്നതാണ് അതിലൊന്ന് എന്ന്. അത് നബി തങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഇർബാള് ബിൻ സാരിയ(റ)യിൽ നിന്നും ഇമാം അബു ദാവൂദ്, തിർമുദി മുതലായവർ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ നബി(സ്വ) പറഞ്ഞു: 'എൻ്റെ ശേഷം ജീവിക്കുമ്പോൾ ധാരാളം അഭിപ്രായവ്യത്യാസങ്ങൾ നിങ്ങൾക്ക് കാണാം. അപ്പോൾ നിങ്ങൾ എൻ്റെയും എൻ്റെ സന്മാർഗികളായ സ്വഹാബിമാരുടെയും ചര്യ അണപ്പല്ലുകൾ കൊണ്ട് കടിച്ചു പിടിച്ചു കൊണ്ടെന്നോണം മുറുകെ പിടിക്കുക'. നബി(സ്വ) തങ്ങൾ സമർപ്പിച്ചത് സമ്പൂർണ്ണമായ ഒരു ജീവിത സരണി ആയിരുന്നു എന്നും അതിൽ നബി തങ്ങൾക്കു ശേഷം അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുമെന്നും അപ്പോഴെല്ലാം നിങ്ങൾ നബി തങ്ങളും സ്വഹാബിമാരും കാണിച്ചുതന്ന അതേ വഴിയിൽ തന്നെ ഉറച്ചു നിൽക്കണമെന്ന് നബി പറഞ്ഞിട്ടുണ്ട് എന്നും ആണ് ഇതിൽ നിന്നും നാം മനസ്സിലാക്കുന്നത്. അതങ്ങനെ തന്നെ സംഭവിക്കുകയും ചെയ്തു. അതിന്റെ ഒരു ഉദാഹരണമാണ് റോമിനെതിരെയുള്ള പട പുറപ്പാടിന് ഉസാമ ബിൻ സൈദ്(റ)വിനെ നേതൃത്വം ഏൽപ്പിച്ചത്. അബൂബക്കർ(റ), ഉമർ (റ) തുടങ്ങിയ സ്വഹാബി പ്രധാനികൾ വരെ ഈ യുവാവിന്റെ കീഴിൽ യുദ്ധം ചെയ്യേണ്ടുന്ന സാഹചര്യമാണ് ഉണ്ടായത്. രോഗകാലത്ത് അബൂബക്കർ(റ) നിസ്കാരത്തിന് നേതൃത്വം നൽകുന്നത് സ്വന്തം വീട്ടിന്റെ ഉള്ളിലിരുന്ന് പലപ്പോഴും നബി തങ്ങൾ ആനന്ദത്തോടെ കണ്ടിരുന്നു. ഒരു നീഗ്രോ അടിമയാണ് നേതാവ് എങ്കിലും അദ്ദേഹത്തെ അനുസരിക്കൽ നിങ്ങൾക്ക് നിർബന്ധമാണ് എന്ന് നബി(സ്വ) തങ്ങൾ പറയുകയും ചെയ്തു. അതിൻ്റെ ഒരു വിളംബരം എന്ന നിലക്ക് മക്കാവിജയത്തിന്റെ അന്ന് കഅ്ബാലയത്തിന്റെ മുകളിൽ കയറി വാങ്ക് കൊടുക്കുവാൻ നബി തങ്ങൾ ബിലാലി(റ)നെ പരസ്യമായി ചുമതലപ്പെടുത്തുകയും ചെയ്തു. നബി (സ്വ) തങ്ങളുടെ ജീവിതകാലത്ത് ഉസാമ (റ) വിന് ഈ ദൗത്യം നിർവഹിക്കുവാൻ കഴിഞ്ഞില്ല. നബിയുടെ വഫാത്തിന് ശേഷം അദ്ദേഹം ഈ നേതൃത്വവുമായി യുദ്ധത്തിന് ഇറങ്ങാൻ തയ്യാറായതോടെ പലരും അഭിപ്രായവ്യത്യാസങ്ങളുമായി രംഗത്തുവന്നു. നബി(സ്വ) തങ്ങൾ ജീവിച്ചിരുന്നപ്പോൾ അഭിപ്രായങ്ങൾ ഉണ്ടായിരുന്നില്ല എന്നതിനും നബി തങ്ങൾ വഫാത്തായപ്പോൾ അത്തരം കാര്യത്തിൽ പോലും അഭിപ്രായ വ്യത്യാസം വന്നു എന്നതിനും തെളിവാണ് ഈ സംഭവം. എന്നാൽ അഭിപ്രായവ്യത്യാസങ്ങൾ കുന്നുകൂടി ഈ ആശയം തന്നെ അപ്രസക്തമാകുന്ന വിധത്തിലുള്ള ഒരു സാഹചര്യം വരും, എല്ലാവരും ഇസ്ലാമിനെ കയ്യൊഴിക്കും എന്നൊന്നും ഇതിനർത്ഥമില്ല. കാരണം നബി തങ്ങളിൽ നിന്ന് ഇമ്രാൻ ബിൻ ഹുസ്വൈൻ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം: 'എൻ്റെ സമുദായത്തിൽ സത്യത്തിൻമേൽ നിലനിൽക്കുന്ന ഒരു വിഭാഗം ജനങ്ങൾ അന്ത്യനാൾ വരെ ഉണ്ടാകും. ചതിക്കുന്നവർക്ക് പോലും അവരെ ഉപദ്രവിക്കുവാൻ കഴിയുകയില്ല' (ബുഖാരി).
ഒന്നാം ഖലീഫയുടെ ഭരണകാലം എല്ലാ അർത്ഥത്തിലും ആദർശ നിബദ്ധമായത് അദ്ദേഹം ആദർശപരമായി വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിച്ചത് കൊണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ ഭരണകാലത്ത് രണ്ടു വലിയ വെല്ലുവിളികളാണ് ഉയർന്നത്. മക്ക, മദീന, ത്വായിഫിന്റെ ചില ഭാഗങ്ങൾ എന്നീ പ്രദേശങ്ങളല്ലാത്ത മുഴുവൻ പ്രദേശങ്ങളെയും പിടികൂടിയ സക്കാത്ത് നിഷേധവും അതുവഴി ഉണ്ടായ രിദ്ദത്തും ആയിരുന്നു ഒന്നാമത്തേത്. കള്ള പ്രവാചകരുടെ രംഗപ്രവേശനമായിരുന്നു മറ്റൊന്ന്. വിട്ടുവീഴ്ചയില്ലാത്ത സമീപനങ്ങളിലൂടെ രണ്ട് വെല്ലുവിളികളെയും അദ്ദേഹം നേരിട്ടു. രണ്ടാം ഖലീഫയുടെ കാലത്ത് സമുദായത്തിന് ആദർശപരമായ സാമൂഹ്യ അച്ചടക്കം ഉണ്ടായിരുന്നു. നീതിയുടെയും നന്മയുടെയും വികാരങ്ങൾ ഉയർന്നുനിൽക്കുന്ന കാലമായതിനാൽ ഒരു പ്രശ്നവും അദ്ദേഹത്തെയും അദ്ദേഹത്തിൻറെ ഭരണത്തെയും കാലത്തെയും നേരിട്ടില്ല. മൂന്നാം ഖലീഫ ഉസ്മാൻ(റ)വിൻ്റെ ഭരണത്തിൻ്റെ ഏതാണ്ട് അവസാനം വരെ സമുദായത്തിൽ ഈ അച്ചടക്കം നിലനിന്നു. ആ ഭരണത്തിന്റെ അവസാന കാലത്ത് സമുദായത്തിൽ ചില ആഭ്യന്തര പ്രശ്നങ്ങൾ ഉണ്ടായി. അവ പക്ഷേ രാഷ്ട്രീയമായിരുന്നു. മദീനയുടെ പുറത്ത് നിന്ന് വന്ന അക്രമകാരികൾ ആയിരുന്നു ദുർബലമായ ചില വാദങ്ങൾ ഉയർത്തി കാണിച്ച് ഖലീഫക്കെതിരെ രംഗത്ത് വന്നതും അവസാനം അദ്ദേഹത്തെ വധിച്ചതും. അതിൻ്റെ കൃത്യമായ തുടക്കം കൂഫയിൽ നിന്നായിരുന്നു. സഈദുബ്നുൽ ആസ് കൂഫയിലെ ഗവർണറായിരിക്കെ ഒരു ദിവസം അവിടത്തുകാരായ ചില പ്രധാനികളുമായി അദ്ദേഹം ഒരിടത്ത് കൂടിയിരുന്ന് വർത്തമാനം പറയുന്നതിനിടയിൽ ചെറിയൊരു വാഗ്വാദം ഉണ്ടാവുകയുണ്ടായി. ഖുറൈശികൾക്ക് പ്രത്യേകതയുണ്ട് എന്നും ഇല്ല എന്നും ആയിരുന്നു വാഗ്വാദത്തിന്റെ അടിസ്ഥാനം. ഈ വിഷയത്തെ ചൊല്ലിയുള്ള അവർക്കിടയിലെ വർത്തമാനം പെട്ടെന്ന് മൂർച്ചിക്കുകയും ഏതാനും പേർ ഖുറൈശികൾക്ക് ഒരു പ്രത്യേകതയുമില്ല എന്ന് പറയുകയും ചെയ്യുകയായിരുന്നു. അതിനെത്തുടർന്ന് ആ സദസ്സിൽ തന്നെ ചില അനിഷ്ട സംഭവങ്ങൾ വരെ ഉണ്ടായി. അവിടെ വെച്ച് അന്ന് ഉണ്ടായ കയ്യാങ്കളിയിൽ ചിലർക്ക് പരിക്ക് പറ്റുക വരെയുണ്ടായി.
സത്യത്തിൽ ഇതൊരു വലിയ വിഷയമാണ്. ഖുറൈശികൾക്ക് പ്രത്യേകതയു ണ്ട് എന്നത് ധാരാളം ഹദീസുകളിലൂടെ നബി തങ്ങൾ തന്നെ സൂചിപ്പിച്ചതാണ്. അതിനാനികളിൽ നിന്ന് മുളറിനെയും മുളറിൽ നിന്ന് ഖുറൈശികളെയും അല്ലാഹു തെരഞ്ഞെടുത്തു എന്ന് നബി തങ്ങൾ പറഞ്ഞത് ഒരു ഉദാഹരണം. അധികാരം ഏറ്റവും കുറഞ്ഞത് രണ്ടുപേരെങ്കിലും ഉണ്ടെങ്കിൽ ഖുറൈശികളിൽ ആയിരിക്കണം എന്ന ആശയത്തിലുള്ള മറ്റൊരു ഹദീസും കാണാം. അവരിൽനിന്ന് അന്ത്യപ്രവാചകനായ നബി തങ്ങളെ തെരഞ്ഞെടുത്തു, അവരുടെ പേരിൽ വിശുദ്ധ ഖുർആനിൽ ഒരു സൂറത്ത് തന്നെ അവതരിക്കുകയും അതിൽ അവിശ്വാസികൾ ആയിട്ട് പോലും അവരെയും ചെയ്യുന്നത് അവർക്ക് ചില പ്രത്യേകതകൾ ഉണ്ട് എന്നതിന്റെ മറ്റൊരു സൂചനയാണ്. ഈ പ്രത്യേകതക്ക് വിശ്വാസികൾ അത് മാനസികമായി അംഗീകരിച്ചു കൊടുക്കുക മാത്രമാണ് ചെയ്യാനുള്ളത്. അവരെ അത്തരം ഒരു പ്രത്യേകതയോടു കൂടെ വിശ്വാസികൾ കാണണം എന്നുമാത്രം. മറ്റുകാര്യങ്ങളിൽ ഒന്നും വ്യത്യാസങ്ങൾ ഇല്ല. ഇതിൻ്റെ ആശയം അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുക, അല്ലാഹു പരിഗണിച്ചതിനെ പരിഗണിക്കുക എന്നതൊക്കെ മാത്രമാണ്. ഇത് മതത്തിൻ്റെ അടിസ്ഥാനങ്ങളിൽ പെട്ടതുമാണ്. അല്ലാഹു കൽപ്പിക്കുന്ന ശ്രേഷ്ഠതകളാണ് മതത്തിൻ്റെ അടിസ്ഥാന പരിഗണന. ഒരു വ്യക്തിക്കോ സമയത്തിനോ സ്ഥലത്തിനോ അല്ലാഹു പ്രത്യേകത കൽപ്പിക്കുമ്പോൾ അത് വിശ്വാസികൾക്ക് കൂടുതൽ പ്രതിഫലാർഹമായതായി മാറുന്നു. ഈ അർത്ഥത്തിലാണ് അല്ലാഹു ബഹുമാനിച്ചതിനെ ബഹുമാനിക്കുക എന്ന തത്വം മതത്തിൻ്റെ അടിസ്ഥാന ആശയങ്ങളിൽ ഒന്നായി തീരുന്നത്.
അസ്തിത്വം വേറിടുന്നു
ഒരുപക്ഷേ യഥാർത്ഥ ഇസ്ലാമിക ആദർശം വേറിട്ട് നിൽക്കാൻ തുടങ്ങുന്നത് മേൽപ്പറഞ്ഞ രംഗം മുതലായിരിക്കും. അന്നുമുതൽ ഇന്നുവരേക്കും യഥാർത്ഥ ഇസ്ലാമിക ആദർശത്തിന്റെ അടിസ്ഥാന പ്രത്യേകതകളിൽ ഒന്നാണ് അല്ലാഹു ബഹുമാനിച്ചതിനെയും അല്ലാഹു ബഹുമാനിച്ചവരെയും അല്ലാഹു ബഹുമാനിച്ചവയെയും ബഹുമാനിക്കുക എന്നത്. ഈ വ്യതിരിക്തത ഇന്നും തുടരുന്നതാണ് എന്നത് നമുക്ക് കാണാൻ കഴിയും. സൂക്ഷ്മമായി നാം നിരീക്ഷിച്ചാൽ ഏതുകാലത്തിന്റെയും പ്രത്യേകത ഇതുതന്നെയാണ് എന്ന് കാണാം. അതായത് സമുദായത്തിൽ തലപൊക്കിയ വിവിധ വാദഗതികൾ അല്ലാഹുവിനും അല്ലാഹുവിൻ്റെ ദർശനത്തിനും പ്രാധാന്യം കൊടുക്കാത്തവയായിരുന്നു. സ്വന്തം യുക്തി, സ്വന്തം ബുദ്ധി, സ്വന്തം താൽപര്യം എന്നിവകൾക്കനുസരിച്ചാണ് ഓരോ അവാന്തര വിഭാഗങ്ങളും ഇസ്ലാമിക സമുദായത്തിൽ ഉണ്ടായിട്ടുള്ളത് എന്നത് ഒരു സത്യമാണ്.
പിന്നീട് ആദർശലോകത്ത് തലപൊക്കിയ ചിന്ത ഉണ്ടായത് നാലാം ഖലീഫ അലി (റ)യുടെ ഭരണത്തിൻ്റെ അവസാന കാലത്തായിരുന്നു. ഉസ്മാൻ(റ)യുടെ വധം നാലാം ഖലീഫ അലി(റ)യുടെ കാലത്ത് അദ്ദേഹവും ബനൂ ഉമയ്യ കുടുംബവും തമ്മിലുള്ള കലഹങ്ങളിലേക്കും ചേരിതിരിവുകളിലേക്കുമെല്ലാം എത്തിച്ചേർന്നു. രണ്ട് ആഭ്യന്തര യുദ്ധങ്ങൾ അവർക്കിടയിൽ അതിനെ തുടർന്ന് ഉണ്ടാവുകയും ചെയ്തു. ഇവർ ഇറാഖിൽ മുഖാമുഖം നിന്ന് ഏറ്റുമുട്ടുന്ന ഒരു സാഹചര്യത്തിലേക്ക് അത് വളർന്നു. ഹിജ്‌റ 36 ജുമാദുല്‍ ആഖിറയിലായിരുന്നു ഈ യുദ്ധം നടന്നത്. ജമൽ യുദ്ധം എന്ന് ഇത് ഇസ്ലാമിക ചരിത്രത്തിൽ വ്യവഹരിക്കപ്പെടുന്നു. പിറ്റേ വർഷം ശാമില്‍ കുറെ അനുയായികളെ സംഘടിപ്പിച്ചിരുന്ന മുആവിയ(റ) വീണ്ടും അലി(റ)ക്കെതിരെ രംഗത്തിറങ്ങി. ഹിജ്‌റ 37 സഫര്‍ മാസത്തില്‍ ഇരുവിഭാഗവും 'സ്വിഫ്ഫീനി'ല്‍ വെച്ചു വീണ്ടും ഏറ്റുമുട്ടി. ദിവസങ്ങളോളം നീണ്ടുനിന്ന പോരാട്ടത്തില്‍ അലീ പക്ഷത്തിനായിരുന്നു മേൽക്കൈ. ഇത് കണ്ട മുആവിയ മുസ്ഹഫ് ഉയർത്തി കാണിച്ച് ഇതിൻ്റെ അടിസ്ഥാനത്തിൽ നമുക്ക് വിഷയത്തിൽ തീർപ്പാക്കാം എന്ന് പറഞ്ഞു. അത് മുആവിയയുടെ തന്ത്രമാണ് എന്നു പറഞ്ഞ് അലി(റ) തള്ളിയെങ്കിലും അദ്ദേഹത്തോടൊപ്പം ഉള്ള ഇറാഖികൾ അദ്ദേഹത്തെ ഖുർആൻ അടിസ്ഥാനമാക്കി പ്രശ്നത്തിൽ തീർപ്പുണ്ടാക്കുവാൻ നിർബന്ധിച്ചു. ഇറാഖികളുടെ ഇംഗിതത്തിന് അദ്ദേഹത്തിന് വഴിപ്പെടേണ്ടിവന്നു. രണ്ടു ഭാഗത്തുനിന്നും ഉള്ള മധ്യസ്ഥന്മാർ വിഷയം ചർച്ച ചെയ്തു തീരുമാനത്തിലെത്തുവാൻ ധാരണയായി. മുആവിയ(റ) പക്ഷത്ത് അംറുബിനു ആസ്വും അലി(റ) പക്ഷത്ത് അബു മൂസൽ അശ്അരിയും ആയിരുന്നു മാധ്യസ്ഥന്മാർ. ഖുർആനിന്റെ വെളിച്ചത്തിൽ വിഷയത്തിൽ തീർപ്പിലെത്തുവാൻ സാധിക്കാതെ വന്നു. തങ്ങളുടെ പ്രതിനിധിയായ അബൂ മൂസ തങ്ങൾക്ക് അനുകൂലമായ തീരുമാനമെടുക്കും എന്ന് അവർ പ്രതീക്ഷിച്ചു. പക്ഷേ, സത്യസന്ധനായ അദ്ദേഹം അതിനു തയ്യാറായില്ല. അതോടെ ഇറാഖികൾ കേവലം മനുഷ്യൻമാരെ വിധികർത്താക്കളാക്കുന്ന ഈ നീക്കം ഇസ്ലാമിക വിരുദ്ധമാണ് എന്നും അതിനാൽ ഈ ചർച്ചയിൽ പങ്കെടുത്ത മുആവിയ(റ), അലി(റ) എന്നിവരും മാധ്യസ്ഥന്മാരും കാഫിറുകളാണ് എന്നും വിളിച്ചു പറഞ്ഞ് ഇറങ്ങിപ്പോയി. ഇവരാണ് പിന്നീട് ഖവാരിജുകൾ എന്ന പേരിൽ രംഗത്തിറങ്ങിയത്.
'പുറത്തേക്ക് പോയവർ' എന്നാണ് ഈ വാക്ക് അർത്ഥമാക്കുന്നത്. 'നിങ്ങൾ ആവശ്യപ്പെട്ടത് കൊണ്ടാണല്ലോ ഞാൻ മധ്യസ്ഥന്മാരെ വെച്ചത് ?' എന്ന ന്യായമായ ചോദ്യത്തിന് അവർക്ക് ഉത്തരമില്ലായിരുന്നു. 'ഞങ്ങൾ അങ്ങനെ പറഞ്ഞത് കാരണം ഞങ്ങളും കാഫിറുകളായി, പക്ഷേ ഞങ്ങൾ തൗബ ചെയ്ത് വീണ്ടും ഇസ്ലാമിലെത്തിയതാണ്' എന്നൊക്കെയായിരുന്നു ഇവരുടെ വാദം. ഇവരുടെ വാദത്തിന്റെ പ്രത്യേകത, അത് അവരുടെ ബുദ്ധിയും യുക്തിയും ആസ്പദമാക്കി കൊണ്ടുള്ളതായിരുന്നു എന്നതാണ്. അഭിപ്രായ വ്യത്യാസത്തിൽ ഉള്ള വിഷയങ്ങൾ പ്രമാണങ്ങൾക്ക് വിധേയമായി ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിച്ചേരുക എന്നത് വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്ന ഒരു കാര്യം തന്നെയാണ്. അങ്ങനെ ഒരു ചർച്ചയിലേക്കോ പഠനത്തിലേക്കോ എത്തുന്നതിനുമുമ്പ് തന്നെ അവരെല്ലാം കാഫിറുകള്‍ ആണ് എന്ന് പറഞ്ഞത് അവരുടെ സ്വന്തം താല്പര്യത്തിന് വിധേയമായിട്ടാണ്. മറ്റെന്തോ രാഷ്ട്രീയ മേൽകൈ ലഭിക്കാൻ വേണ്ടിയായിരുന്നു അവരുടെ നീക്കങ്ങൾ എന്നത് വ്യക്തമായിരുന്നു. അവർ സ്വന്തം തലയിൽ നിന്നെടുത്ത് ഒരു അഭിപ്രായം എഴുന്നള്ളിച്ച് തിനാൽ ആ പറഞ്ഞ അഭിപ്രായത്തെ വെളുപ്പിച്ചെടുക്കുവാൻ അവർക്ക് വീണ്ടും കുറേ പറയേണ്ടിവന്നു. അങ്ങനെ അവർക്ക് ഒരു നിയമസംഹിത തന്നെ ഉണ്ടാക്കേണ്ടതായി വന്നു. ഭരണവിരുദ്ധ വികാരം എന്ന ഒരു ഘടകം വിഷയത്തിന്റെ പിന്നിൽ ഉണ്ടായിരുന്നതിനാൽ കുറെ ആൾക്കാരെ സ്വാധീനിക്കാൻ ഇവർക്ക് കഴിഞ്ഞു. പന്ത്രണ്ടായിരം പേർ ഇവരോടൊപ്പം ഉണ്ടായിരുന്നു എന്നാണ് ചരിത്രം. ഹിജ്‌റ 40 ൽ റമളാൻ 19ന് ഞായറാഴ്ച രാത്രി 63ാം വയസ്സിൽ അലി(റ) വഫാത്തായതോടെ അത് നിഷ്പ്രഭമാകുവാൻ തുടങ്ങി. ആ സംഘടിത രൂപം ഇല്ലാതെയായി എന്നതുമാത്രമാണ് ഇതുകൊണ്ട് വിവക്ഷിക്കുന്നത്. അതേസമയം അത്തരത്തിലുള്ള യുക്തിസഹമായ വാദങ്ങൾ ഒരു പുതിയ അനുഭവമായി സമുദായത്തിന് ലഭിക്കുകയും സമുദായത്തിനകത്തെ വികല ചിന്താഗതിക്കാർ അതു ഉപയോഗപ്പെടുത്താൻ തുടങ്ങുകയും ചെയ്യുന്ന ഇതോട് കൂടി തുടങ്ങിയ രീതി അന്നുമുതൽ ഇന്നുവരെയും നിലനിൽക്കുന്നുണ്ട്. വിശ്വാസത്തിന്റെയും ആദർശത്തിന്റെയും വീഥിയിൽ ആദ്യമായി ഇസ്ലാമിക ലോകത്ത് ഉയർന്ന അപശബ്ദം ഖവാരിജുകളുടേതായിരുന്നു.
രണ്ടു കാരണങ്ങളാൽ ഖവാരിജുകൾ യഥാർത്ഥ ഇസ്ലാമിക ആദർശത്തിന്റെ പുറത്താണ്. ഒന്ന്, തങ്ങളുടെ ആശയവുമായി യോജിക്കാത്തവരെ കാഫിറുകൾ ആണെന്ന് പറയുക. രണ്ട്, മുസ്ലീം ഭരണകൂടത്തിന് എതിരെ വിരുദ്ധ ശക്തികളായി നിലകൊണ്ടു പ്രവർത്തിക്കുക. ഇതുരണ്ടും തെറ്റാണ് എന്നതിൽ നാളിതുവരെയുള്ള പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ്. മുസ്ലീംകളെ കാഫിറാക്കുന്നതിലൂടെ സുന്നത്തിൽ നിന്നും ഭരണകൂട വിരുദ്ധതയാൽ ഐക്യം തകർക്കുന്നതിലൂടെ അൽ ജമാഅ: എന്നതിൽ നിന്നും ഇവർ പുറത്താകുന്നു. പക്ഷേ ഈ കാലത്ത് യഥാർത്ഥ സുന്നത്തിനെയും ജമാഅത്തിനെയും പിന്തുടരുന്നവരായിരുന്നു മഹാഭൂരിപക്ഷവും. മാത്രമല്ല സഹാബിമാർ ജീവിച്ചിരിക്കുന്ന കാലവുമായിരുന്നു അത്. അവരുടെ സാന്നിധ്യം ഉമ്മത്തിന്റെ ഐശ്വര്യം തന്നെയായിരുന്നു. അതുകൊണ്ട് പൊതുവായി ഇസ്ലാമിക ഉമ്മത്തിന് അപകടങ്ങൾ ഒന്നും ഈ ഘട്ടത്തിൽ ഉണ്ടായില്ല. പക്ഷേ വികല ചിന്തകൾ എന്ന ഒരു പുതിയ വിഷയം സമുദായം പരിചയപ്പെടുകയും ചെയ്തു.
മുഅ്തസിലത്ത് എന്ന യുക്തിവാദം
പിന്നീട് ഇസ്ലാമിക ആദർശ ലോകത്തിൽ വിള്ളൽ വീഴ്ത്തിയ ചിന്താപ്രസ്ഥാനം മുഅ്തസിലത്ത് ആയിരുന്നു. ഉമവി ഖിലാഫത്തിന്റെ അവസാന ദശകളിൽ രൂപം കൊള്ളുകയും അബ്ബാസി ഭരണഘട്ടത്തിൽ വളർന്നു വികസിക്കുകയും ചെയ്ത ഒരു ചിന്താപ്രസ്ഥാനമാണ് മുഅ്തസിലിയ്യത്. ഇസ്ലാമിന്റെ വിശ്വാസ പ്രമാണങ്ങൾ ഗ്രഹിക്കാൻ കേവല യുക്തി മതി എന്നാണ് ഇവരുടെ അടിസ്ഥാന വിശ്വാസം. ഇതിനെ വെളുപ്പിക്കുവാൻ പിന്നെ ഒരുപാടൊരുപാട് അവർക്ക് പറയേണ്ടതായി വന്നു. അതേസമയം അവരുടെ വാദങ്ങളെല്ലാം യുക്തിയും ബുദ്ധിയും അടിസ്ഥാനമാക്കിയുള്ളതായിരുന്നു. അതിഷ്ടപ്പെടുന്ന കുറെ ആൾക്കാർ അതിൻ്റെ ഒപ്പം കൂടുകയും ചെയ്തു. വാസിൽ ഇബ്നു അതാഅ് (ഹി. 80-131)ന്റെ നേതൃത്വത്തിലാണ് ഇത് ഒരു പ്രസ്ഥാനമായി രൂപപ്പെട്ടത്. പ്രമുഖ താബിഇ പണ്ഡിതൻ ഹസൻ അൽ ബസ്വരി(റ)യുടെ ശിഷ്യനായിരുന്നു ഇദ്ദേഹം. വൻ പാപങ്ങൾ ചെയ്തവൻ വിശ്വാസിയോ അവിശ്വാസിയോ അല്ല, പാപമോചനം നടത്തിയില്ലെങ്കിൽ അയാൾ നരകത്തിൽ നിത്യവാസിയായിരിക്കും എന്ന് വാദിച്ചു കൊണ്ട്, ഹസൻ ബസ്വരിയുടെ വിജ്ഞാന സദസ്സിൽ നിന്നും അദ്ദേഹം മാറിനിന്നു. അതുകൊണ്ടാണ് ബഹിഷ്കരിച്ചവർ (മുഅ്തസില) എന്ന് പേര് ലഭിക്കാൻ കാരണം. സംവാദങ്ങളിൽ ആനന്ദം കണ്ടെത്തുന്ന ഒരു വിഭാഗമായിരുന്നു അന്നത്തെ പണ്ഡിതന്മാർ. അവർ ചെറിയ ചെറിയ ചിന്താ ചുഴികളിൽ വീഴുകയും അവയെ പരമാവധി വലുതാക്കി സദസ്സുകളെയും സംഗമങ്ങളെയും ചിന്താ കുഴപ്പത്തിലെത്തിക്കുകയും ചെയ്തുവന്നു.
അമവീ ഭരണകൂടം ഈ പിഴച്ച ചിന്തകളെ ശക്തിയുക്തം നേരിട്ടുവെങ്കിലും അവരുടെ ഭരണം പടിയിറങ്ങിയതോടെ മുഅ്ത്തസിലിസത്തിന് അനുകൂലമായ കാറ്റ് വീശാൻ തുടങ്ങി. അബ്ബാസീ ഖലീഫ മഅ്മൂനിൻ്റെ കാലമായപ്പോഴേക്കും ഈ ചിന്താഗതി ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഔദ്യോഗിക ചിന്താധാരയായി വരെ വളർന്നു. പ്രത്യക്ഷ ഗോചരമല്ലാത്ത വിഷയങ്ങളിലേക്ക് ജനങ്ങളെയും അവരുടെ ചിന്തകളെയും വാദങ്ങളെയും വലിച്ചിഴച്ച് കൊണ്ടുവരികയും വാദങ്ങളും പ്രതിവാദങ്ങളും നടത്തി അതിൽ ആനന്ദം കണ്ടെത്തുകയും ചെയ്യുന്ന ഈ പ്രവണത അതോടെ ഏറെ വളർന്നു. അല്ലാഹുവിൻ്റെ കലാമിനെ കുറിച്ച് തീരുമാനമെടുക്കാൻ വേണ്ടിയെന്നോണം അഴിച്ചുവിട്ട അത്തരം ചിന്തയായിരുന്നു അവരുടെ ഖുർആൻ സൃഷ്ടി വിവാദം തുടങ്ങിയവ. ഖലീഫ മഅ്മൂൻ, ബിശ്റുൽ മരീസി, അഹ്മദ് അബീ ദാവൂദ് എന്നിവരുടെ പ്രേരണയാൽ മുഅ്തസിലി ചിന്താഗതിയിലേക്ക് ആകൃഷ്ടനായി കാലത്തെ ചീഫ് ജസ്റ്റിസായിരുന്ന അഹ്മദ് ഇബ്നു ദാവൂദാണ് ഖുർആൻ സൃഷ്ടിവാദത്തിന് നേതൃത്വം നൽകിയത്. ഹിജ്റ 232ൽ ഖലീഫ മുതവക്കിൽ അധികാരമേറ്റെടുക്കുന്നത് വരെ പതിനാല് വർഷം ഭരണരംഗത്ത് മുഅ്തസിലി സ്വാധീനം തുടർന്നു. ഖലീഫാ മുതവക്കിലിന്റെ രംഗപ്രവേശനത്തോടെ അഹ്ലുസ്സുന്നക്ക് സ്വാധീനം തിരിച്ച് ലഭിച്ചു. ഇമാം അഹ്മദുബ്നു ഹമ്പൽ ഈ വാദത്തിന്റെ ഇരയായിരുന്നു. അപ്പോഴും ആദർശ രംഗം കരുതാർജ്ജിച്ചു തന്നെ നിന്നിരുന്നു. അതിൻ്റെ തെളിവാണ് അഹ്ലുസ്സുന്നത്തിന് വീണ്ടും സമുദായത്തിൽ മേൽക്കൈ ലഭിച്ചു എന്നത്. വെറും യുക്തി വാദമായിരുന്നു മുഅ്തസിലികളുടേത്. അവർക്ക് അതിന് പ്രചോദനം ലഭിച്ചത് ഖവാരിജുകൾ തുടങ്ങിയ ചിന്താപ്രസ്ഥാനങ്ങളിൽ നിന്നായിരുന്നു.
വീണ്ടും ചില നീക്കങ്ങൾ
അതേ കാലങ്ങൾക്കിടയിൽ തന്നെ ഇസ്ലാമിക സമുദായത്തിൽ മറ്റു ചില ചിന്തകൾ ഉടലെടുത്തുകൊണ്ടേയിരുന്നു. അവയെല്ലാം വിശ്വാസത്തെ ബാധിക്കുന്ന ആശയ വിഭിന്നതകൾ ആയിരുന്നു. അവയിൽ പ്രധാനപ്പെട്ടവ മൂന്നെണ്ണമായിരുന്നു. ഒന്നാമത്തേത്
ജബ്രിയ്യത്ത്. മനുഷ്യന് യാതൊന്നിനും യാതൊരുവിധ സ്വാതന്ത്ര്യമോ കഴിവോ ഇല്ലെന്നും കേവലം അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിനും കഴിവിനും മുമ്പിൽ അവൻ ഒരു പാവ മാത്രമാണെന്നും വാദിക്കുന്ന 'ജബ്രിയാക്കൾ' അവരിൽ ഒരു വിഭാഗം. തീവ്രമായ ബുദ്ധിയുണ്ടെങ്കിൽ മാത്രമേ അവരുടെ ആശയങ്ങൾ മനസ്സിലാക്കാൻ കഴിയുമായിരുന്നുള്ളൂ. അതിനാലോ പ്രകടമായ നിരർത്ഥകത കാരണമോ ഈ പ്രസ്ഥാനം ഒരുപാട് വളർന്നില്ല. ക്രമേണ ക്ഷയിച്ച് അവരും വാദവും ദുർബലമായിപ്പോയി. പിന്നെ നേരെ വിരുദ്ധ ആശയം ഉൾക്കൊള്ളുന്ന മറ്റൊരു ചിന്താ പ്രസ്ഥാനം രംഗത്തുവന്നു. അതായിരുന്നു ഖദ്രിയ്യത്ത്. മനുഷ്യൻ അവൻ്റെ ഉദ്ദേശ്യത്തിലും പ്രവർത്തനത്തിലും പരിപൂർണ്ണ സ്വതന്ത്രനാണ്; എല്ലാം അവൻ്റെ ഹിതമനുസരിച്ചു മാത്രം നടക്കുന്നു; അവൻ്റെ പ്രവർത്തനം അവൻ്റെ സൃഷ്ടി തന്നെയാണെന്നും; അതിൽ അല്ലാഹുവിൻ്റെ ഉദ്ദേശ്യത്തിനോ, പ്രവർത്തനത്തിനോ പങ്കുില്ലെന്നുമൊക്കെ വാദിച്ച 'ഖദ്രിയ്യാക്കൾ' ആയിരുന്നു മറ്റൊരു വിഭാഗം. അവരുടെ വാദവും വളരെ സങ്കീർണമായിരുന്നു അതുകൊണ്ടായിരിക്കണം അതും നിലനിന്നില്ല. ഇതേ ശ്രേണിയിൽ പിന്നീട് വന്ന ഒരു ചിന്താധാരയാണ് മുർജിഅത്ത്. മഅ്ബദിൽ ജുഹൈനിയുടെ ശിഷ്യൻ ഗയലാനുദ്ദിമശ്ഖി ആണ് ഈ വാദത്തിന്റെ ഉപജ്ഞാതാവ്. മുഅത്തസിലിയായ വാസ്വിലിൻ്റെ ആദർശത്തിനെതിരെ തട്ടിക്കൂട്ടിയതായിരുന്നു ഈ പുതിയ ആശയം. ഹൃദയത്തിൽ ഉറച്ച വിശ്വാസം ഉണ്ടെങ്കിൽ വൻദോഷം ചെയ്യുന്നത് പ്രശ്നമല്ലെന്നതാണ് ഇർജാഅ് എന്ന വാദത്തിൻ്റെ അകറ്റുക. സൂക്ഷിച്ചുനോക്കിയാൽ ഇതെല്ലാം മനുഷ്യൻ്റെ ബുദ്ധിയും ചിന്തയുമായി സംവദിക്കുന്ന ആശയങ്ങളാണ് എന്നു കാണാം. ഇസ്ലാമം അങ്ങനെയാണ്. പക്ഷേ ആ ആശയവും ചിന്തയും അല്ലാഹുവിൽ നിന്ന് വിശുദ്ധമായ വഹിയിലൂടെ വന്നുചേർന്നതാണ്. അപ്പോൾ ആ ആശയം അല്ലാഹു പടച്ചത് തന്നെയായി മാറുന്നു. പടച്ചവൻ പടപ്പുകൾക്ക് വേണ്ടി പടച്ചതെല്ലാം അവരുടെ ബുദ്ധിക്കും യുക്തിക്കും ഭാവിക്കും വിജയത്തിനും എല്ലാം തികച്ചും പറ്റുന്നത് തന്നെയായിരിക്കും.
കൂടെക്കൂടെ ആദർശ വ്യതിയാനങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസ്ഥ സമുദായത്തെ ദുർബലപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. ഈ സമയത്ത് ദുർബലതകളെയെല്ലാം വകഞ്ഞുമാറ്റി സമുദായത്തിന്റെ ശരിയായതും ശക്തമായതുമായ നിലനിൽപ്പിനു വേണ്ടി അഹ്ലുസ്സുന്നയുടെ വഴിയിൽ രണ്ട് വിപ്ലവപരമായ കാര്യങ്ങൾ നടന്നു. ഉമ്മത്തിൽ നിന്ന് ശരിയായ വഴിയിൽ നിലനിൽക്കുവാൻ ആഗ്രഹിക്കുന്നവർക്ക് അതിനു വേണ്ട ഒരു ഔദാര്യം എന്ന നിലക്ക് അല്ലാഹു ചെയ്ത ഒരു അനുഗ്രഹമായി ഇതിനെ വിലയിരുത്താം. എല്ലാ ദുർബലതകളെയും മറികടന്ന് ശരിയായ നിലനിൽപ്പിന് സഹായകമാകുന്ന കാര്യങ്ങളായിരുന്നു അവ രണ്ടും. മാത്രമല്ല, സമുദായത്തിന് എക്കാലവും നിലനിൽക്കാൻ വേണ്ട അടിത്തറയാണ് അവ രണ്ടും ഒരുക്കിയത്. കർമ്മ ശാസ്ത്രത്തിൻ്റെയും വിശ്വാസ സരണിയുടെയും രൂപീകരണമായിരുന്നു അത്.
വിശ്വാസിയുടെ ശാരീരികവും മാനസികവുമായ ജീവതലങ്ങളെ സ്വാധീനിക്കുന്ന ഒന്നാണ് കർമ്മശാസ്ത്രം. അതാണ് ആപേക്ഷികമായി ഏറ്റവും വലുതും. കാരണം അത് സർവ്വസ്പർശിയാണ്. ആരാധനകൾ മാത്രമല്ല ഇടപാടുകൾ, വിവാഹബന്ധങ്ങൾ, മരണാനന്തര കർമ്മങ്ങൾ, തുടങ്ങി ഒരു വിശ്വാസിയുടെ ജീവിതത്തിൻ്റെ ഏറെക്കുറെ എല്ലാ മേഖലകളിലും ആശ്രയമാണ് ഫിഖ്ഹ് എന്ന കർമ്മശാസ്ത്രം. ഇസ്ലാമിലെ കർമ്മങ്ങളുടെ അടിസ്ഥാനം നബി(സ്വ)യുടെ ഇത്തിബാഅ് ആണ്. അഥവാ വിശ്വാസി ഓരോ ആരാധനകൾ ചെയ്യുന്നതും ഓരോ ഇടപാടുകളിൽ ഏർപ്പെടുന്നതും നബി(സ്വ) തങ്ങൾ അതെങ്ങനെയാണ് ചെയ്തത്, ചെയ്യാൻ പറഞ്ഞത് എന്നതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ആ വിഷയത്തിൽ തന്റെ യുക്തിയോ മനനമോ ഗവേഷണമോ ഉപയോഗപ്പെടുത്തി ഏറ്റവും നല്ലതാണ് എന്ന് തോന്നുന്ന ഒരു ആരാധന രീതിയെ രൂപപ്പെടുത്തിയെടുക്കാനോ ഒരു ഇടപാട് രീതിയെ വികസിപ്പിക്കുവാനോ ഇസ്ലാം അനുവദിക്കുന്നില്ല. അതിനാൽ തന്നെ കർമ്മശാസ്ത്രം അതിന്റേതായ കൃത്യതയോടെയും ആധികാരികതയോടെയും നിലനിൽക്കുന്നുണ്ട് എങ്കിൽ അത് കണിശമായി പാലിക്കുമ്പോൾ വിശ്വാസിയുടെ കർമ്മ ജീവിതം തികച്ചും ആദർശ ബന്ധിതമാകും. ഇസ്ലാമിക കർമ്മശാസ്ത്രം ഇക്കാരണത്താൽ തന്നെ നബി തിരുമേനി(സ്വ)യുടെ ജീവിതകാലത്ത് തന്നെ സമ്പൂർണ്ണമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. സ്വഹാബിമാരിലും പിന്നീട് വന്ന താബിഉമാരിലും ധാരാളം കർമ്മ ശാസ്ത്ര വിശാരദന്മാർ ഉണ്ടായിരുന്നു. അനന്തരാവകാശ കണക്കുകളുടെയും നിയമങ്ങളുടെയും ഏറ്റവും ആധികാരികമായ സ്രോതസ്സ് എന്ന് നബി തങ്ങൾ പരിചയപ്പെടുത്തിയ സൈദ് ബിനു സാബിത്ത്(റ), 'എൻ്റെ സമുദായത്തിലെ ഹലാലും ഹറാമും ഏറ്റവും കൃത്യമായി അറിയുന്ന ആൾ' എന്ന് നബി(സ്വ) തങ്ങൾ വിശേഷിപ്പിച്ച മുആദ്(റ) മുതലായവർ സ്വഹാബി യുഗത്തിന്റെ ഉദാഹരണങ്ങളാണ്. നമുക്കിടയിൽ സ്ഥാപിക്കപ്പെട്ട നാലു കർമശാസ്ത്ര മദ്ഹബുകളുടെ ഇമാമുകൾക്ക് പുറമേ ഉമര്‍ബ്നു അബ്ദില്‍ അസീസ്(റ), സുഫ്യാനുബ്നു ഉയൈന(റ), ഇസ്ഹാഖു ബ്നു റാഹവൈഹി(റ), ദാവൂദുള്ള്വാഹിരി(റ), ആമിറുബ്നു ശുറഹ്ബീലുശ്ശഅബി(റ), ലൈസുബ്നു സഅദ്(റ), അഅ്മശ്(റ), മുഹമ്മദുബ്നു ജരീറുത്ത്വബരി(റ), സുഫ്യാനുസ്സൌരി (റ), അബ്ദുറഹ്മാന്‍ ഔസാഇ(റ) തുടങ്ങിയ ധാരാളം പേർ തൊട്ടടുത്ത തലമുറകളിലെ മഹാ കർമ്മശാസ്ത്രജ്ഞന്മാരായിരുന്നു. ഇവരിൽ ആരെയും കർമ്മപരമായി പിൻപറ്റാവുന്ന അത്ര സമ്പൂർണ്ണരായിരുന്നു അവർ ഓരോരുത്തരും.
ഇമാമുകൾ വരുന്നു.
പക്ഷേ അവരിൽ നാലുപേർ മാത്രമേ അതിനെ പിൻതലമുറകൾക്ക് ഉപയോഗിക്കുവാൻ ഉതകുന്ന വിധത്തിൽ ക്രമീകരിച്ച് സൂക്ഷിച്ചതുള്ളൂ. അങ്ങനെയാണ് കർമ്മശാസ്ത്രം നാലു മദ്ഹബുകളിൽ പരിമിതപ്പെട്ടത്. അവരിൽ ഒന്നാമത്തെ ആൾ ഇമാം അബൂഹനീഫ നുഅ്മാനുബ്നു സാബിതുല്‍ കൂഫി(റ)യാണ്. അംഗീകൃത മദ്ഹബുകളില്‍ ആദ്യത്തേതാണ് ഹനഫീ മദ്ഹബ്. ഹിജ്റ 80ല്‍ അദ്ദേഹം കൂഫയില്‍ ജനിച്ചു. ഫിഖ്ഹില്‍ അദ്ദേഹത്തിന്റെ പ്രധാന ഗുരു ഹമ്മാദു ബ്നു സുലൈമാനായിരുന്നു. യുക്തിവാദികളെയും ഖവാരിജുകളെയും നേരിടുന്നതില്‍ അദ്ദേഹം അതീവ നൈപുണ്യം പ്രകടിപ്പിച്ചു. ലോക മുസ്ലിംകളില്‍ നേര്‍ പകുതി ഇമാം അബൂഹനീഫ(റ)യുടെ മദ്ഹബ് സ്വീകരിച്ചവരാണ്. തുര്‍ക്കി, ഇന്ത്യ, ബംഗ്ളാദേശ്, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ജോര്‍ഡാന്‍, ചൈന, ഇന്റോചൈന, റഷ്യ എന്നിവിടങ്ങളിലെ ഭൂരിപക്ഷം മുസ്ലിംകളും ഹനഫികളാണ്. ഹനഫീ മദ്ഹബിന് ശാസ്ത്രീയ രൂപം നൽകുന്നതില്‍ മുഖ്യ പങ്ക് വഹിച്ചത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ)വും ഇമാം അബൂയൂസുഫ്(റ)വുമാണ്. ഹിജ്റ 150 ലാണ് ഇമാം അബൂഹനീഫ(റ) വഫാത്തായത്. അദ്ദേഹത്തിൻ്റെ പ്രമുഖ ശിഷ്യരായ ഇമാം മുഹമ്മദ്(റ) ഹിജ്റ 189 ലും അബൂയൂസുഫ്(റ) 183 ലും വഫാത്തായി.
ഇമാം മാലിക്ബ്നു അനസ്(റ) രൂപീകരിച്ച മാലികി മദ്ഹബാണ് രണ്ടാമത്തേത്. ഹിജ്റ 93ല്‍ മദീനയിലാണ് മഹാനവർകൾ ജനിച്ചത്. മദീനയില്‍ത്തന്നെയാണ് അദ്ദേഹം വളര്‍ന്നതും പഠിച്ചതും. സ്വഹാബിയായിരുന്ന സഹ്ലുബ്നു സഅ്ദ്(റ)വായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഗുരു. ഹദീസ് ഗ്രന്ഥമായ മുവത്വ അദ്ദേഹത്തിന്റെ കൃതിയാണ്. മുവത്വയും മുദവ്വനയുമാണ് മാലികീ മദ്ഹബിന്റെ അടിസ്ഥാന ഗ്രന്ഥങ്ങള്‍. മാലിക്(റ)വിന്റെ ശിഷ്യനായ ഇമാം സഹ്നൂന്‍ തനൂഖി(റ) (160-245) ആണ് മുദവ്വനയുടെ കര്‍ത്താവ്. ഹിജ്റ 179ല്‍ മാലിക്(റ) വഫാത്തായി. 12 കോടിയോളം മുസ്ലിംകള്‍ മാലികീ മദ്ഹബ് പിന്തുടരുന്നവരാണ്. മൊറോക്കോ, അള്‍ജീരിയ, തുനീഷ്യ, സുഡാന്‍, കുവൈത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് മാലിക്കികള്‍ അധികമുള്ള പ്രദേശങ്ങള്‍.
Thoughts & Arts
സമസ്തയുടെ ആദർശം നബി(സ്വ) തങ്ങളിലെത്തുന്നത് ഇങ്ങനെയാണ്..
2026-01-31
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso