തൽസമയം
ടി സെഞ്ചരി
വിശുദ്ധ ഖുർആനിൽ നിന്ന് തന്നെ തുടങ്ങാം. ഖുർആനിന്റെ ആൾക്കാരായി ചമയുകയും സമൂഹത്തിൽ നിറയുകയും ചെയ്തവർ തന്നെ അതിനെ പരസ്യമായി ലംഘിക്കുന്നുണ്ട് എന്ന് കാണുമ്പോൾ അങ്ങനെ തുടങ്ങലാണല്ലോ നല്ലത്. അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, ഒരു ജനത മറ്റൊരു ജനതയെ പരിഹസിക്കരുത്; അവര്‍ ഇവരെക്കാള്‍ ശ്രേഷ്ഠരായേക്കാം. ഒരു വനിതാവിഭാഗം മറ്റൊരു വനിതാവിഭാഗത്തെയും കളിയാക്കരുത്; അവര്‍ ഇവരെക്കാള്‍ ഉദാത്തരായേക്കാം. നിങ്ങള്‍ പരസ്പരം കുത്തുവാക്കുകള്‍ പറയാനും പരിഹാസപ്പേരുകള്‍ വിളിച്ച് അപമാനിക്കാനും പാടില്ല. വിശ്വാസം വരിച്ചതില്‍ പിന്നെ ചീത്തപ്പേര് വിളി ഹീനം തന്നെ. ഇങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ പശ്ചാത്തപിക്കാത്തവര്‍ അതിക്രമകാരികള്‍ തന്നെയാകുന്നു' (അൽ ഹുജറാത്ത്: 11). ഈ ആയത്ത് തന്റെ മുമ്പിലിരിക്കുന്ന ആൾക്കാർക്കോ ഏതൊക്കെയോ വിശ്വാസികൾക്കോ ഉള്ളതാണ്, തനിക്കുള്ളതല്ല എന്ന് കരുതുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്ന ചിലരാണ് ഈ ധാർഷ്ട്യം കാണിക്കുന്നത്. ഖുർആൻ പറഞ്ഞും അന്തിപ്പിക്കുന്ന വ്യാഖ്യാനങ്ങൾ പറഞ്ഞും ധാരാളം കാശ് ഉണ്ടാക്കിയവർ തന്നെ മേൽ ആയത്തിന്റെ സന്ദേശം ഒട്ടും മാനിക്കാതെ പോകുന്നത് കാണുമ്പോൾ ഇനി പറയാതെ വയ്യ എന്ന് വന്നിരിക്കുകയാണ്. കാര്യമായി ആരും ഇക്കാര്യത്തിൽ ഒന്നും പ്രതികരിക്കുന്നില്ല എന്നത് വാസ്തവം. അവർ പ്രതികരിക്കാത്തത് ഇത്തരം നിലപാടുകൾ സഹനീയമായതു കൊണ്ടല്ല, മറിച്ച് നാളത്തെ പ്രഭാഷണത്തിൽ അതിനുള്ള വളിച്ചതും പുളിച്ചതുമായ മറുപടി വരുമെന്ന് ഭയന്നിട്ടാണ്. അതിനാൽ അത് പ്രതീക്ഷിച്ചുകൊണ്ട് തന്നെയാണ് പറയാൻ തുടങ്ങുന്നത്. പരിഹാസത്തെ കുറിച്ചാണ് ഈ ആയത്തിലെ ആദ്യത്തെ പരാമർശം. അത് പിന്നെ അതിൻ്റെ തന്നെ ഭാഗമായ പരിഹാസ പേരുകൾ വിളിക്കുന്നതിലേക്ക് കടക്കുന്നു. അപ്പോഴേക്കും താക്കീതിന്റെ ധ്വനി കനക്കുന്നത് കാണാം. വിശ്വാസികൾ അങ്ങനെ ചെയ്യുന്നത് ഹീനമാണ് എന്ന പ്രയോഗവും പ്രത്യേകം തൗബാ ചെയ്യേണ്ട പാതകമാണ് അത് എന്നും പറയുമ്പോൾ അതിൻ്റെ ഗൗരവം വളരെ വ്യക്തമാക്കുന്നു. ഒരാളെ അയാളുടെ വേഷമോ അംഗപരിമിതിയോ ഭൂഷാതികളോ കൂട്ടിക്കെട്ടി ആക്ഷേപ-പരിഹാസ സ്വരങ്ങളിൽ വിളിക്കുന്നതിനെയും അഭിസംബോധന ചെയ്യുന്നതിനെയുമാണ് അല്ലാഹു ഈ ആയത്തിലൂടെ ഗൗരവപൂർവ്വം താക്കീത് ചെയ്യുന്നത്. ഒരു പാതിരിയച്ഛനെ 'നീളക്കുപ്പായക്കാരൻ' എന്ന് വിളിക്കുന്നതും കോണകം ഉടുത്തവനെ 'കോണകവാലൻ' എന്ന് വിളിക്കുന്നതും തലയിൽ കെട്ടിയവരെ 'തലയിൽകെട്ടന്മാർ' എന്ന് വിളിക്കുന്നതും അംഗ പരിമിതരെ 'ഞൊണ്ടികൾ' എന്ന് വിളിക്കുന്നതും എല്ലാം നമ്മുടെ പരിസരത്തിൽ നിന്ന് ഉദാഹരിക്കാവുന്ന ഉദാഹരണങ്ങളാണ്. അതിനാൽ മറ്റു ലക്ഷ്യങ്ങളൊന്നും ഇല്ലാത്ത നല്ല മനസ്സുള്ള വിശ്വാസികൾ അങ്ങനെയൊന്നും ചെയ്യരുത്. അത്ര മാത്രമേ പറയുന്നുള്ളൂ. നമുക്ക് ബുദ്ധി ഉണ്ടല്ലോ, നാം നന്മ ആഗ്രഹിക്കുന്നവർക്കും ബുദ്ധിയുണ്ട്. അതിനാൽ ഇത്ര പറഞ്ഞാൽ മതിയാകുമല്ലോ.
ഒരു ഭാഗത്ത് വളർന്നുവരുന്ന വൈകാരികതകൾ, ഒപ്പം ആത്മീയതയിൽ നിന്ന് അകലുന്ന പൊതു മുസ്ലിം സമൂഹം, യുക്തിവാദം, ബിദ്അത്ത്, വിചിത്രമായ ആത്മീയത ഇവയൊക്കെയും ഓരോ കോണുകളിൽ നിന്ന് തേറ്റകൾ കാണിച്ച് പേടിപ്പെടുത്തി നിൽക്കുന്ന സാഹചര്യം.., ഇതിനെല്ലാം ഇടയിൽ മതപണ്ഡിതന്മാർ പരിഹസിക്കപ്പെടുന്നത് അസഹനീയമാണ്. അതുകൊണ്ട് ഇങ്ങനെയെല്ലാം നിരൂപിക്കേണ്ടി വരുന്നു എന്ന് മാത്രമല്ല, ഇത് ആർക്കങ്കിലും വേണ്ടി ചെയ്യുന്ന വേലയാണോ എന്ന് സംശയിക്കേണ്ടി കൂടി വരുന്നു. സംശയിക്കുകയാണ്, പ്രവചിക്കുകയല്ല.
*
അടുത്ത കാര്യം പറയാനും വിശുദ്ധ ഖുർആൻ തന്നെയാണ് നമ്മുടെ ആധാരം. നബിതിരുമേനി(സ്വ)യോട് ആരൊക്കെയോ ആത്മാവിനെ കുറിച്ചോ ഗുഹാവാസികളായ യുവാക്കളെ കുറിച്ചോ ദുൽ ഖർനൈനി എന്ന ഭരണാധികാരിയെ കുറിച്ചോ ചോദിക്കുകയുണ്ടായി. ആ ചോദ്യങ്ങളുടെ ഉത്തരം നബിയുടെ മനസ്സിൽ എത്തിയിട്ടില്ലായിരുന്നു. കാരണം അല്ലാഹു അത് വഹിയിലൂടെ അറിയിച്ചു കൊടുത്തിട്ടില്ലായിരുന്നു. അതിനാൽ നബി (സ്വ) തങ്ങൾ ഞാൻ നാളെ പറഞ്ഞുതരാം എന്നു പറഞ്ഞു. നാളേക്ക് വഹിയ് വരികയും ഉത്തരം ലഭിക്കുകയും ചെയ്യും എന്നായിരുന്നു നബിയുടെ പ്രതീക്ഷ. അതുകൊണ്ടാണ് ഇങ്ങനെ ഒരു പ്രവചനം നടത്തിയത്. പക്ഷെ, അതിൽ 'ഇൻഷാ അല്ലാഹ്' ചേർത്തില്ല. അത് അല്ലാഹുവിന് പറ്റിയില്ല. അതിനാൽ അടുത്ത ഏതാനും ദിവസങ്ങൾ വഹിയുമായി മലക്ക് വന്നതേയില്ല. പിന്നീട് വഹിയ് വന്നപ്പോവട്ടെ, അതിൽ ചോദ്യങ്ങളുടെ ഉത്തരമല്ല നബിക്കുള്ള ശക്തമായ താക്കീത് ആയിരുന്നു ഉണ്ടായിരുന്നത്. അല്ലാഹു പറഞ്ഞു: 'ഏതു കാര്യമായാലും, നാളെ ഞാനതു പ്രവര്‍ത്തിക്കുക തന്നെ ചെയ്യും എന്നു താങ്കള്‍ പ്രസ്താവിക്കരുത് - അല്ലാഹു ഉദ്ദേശിച്ചാലേ ചെയ്യൂ എന്ന് പറയണം; മറന്നുപോയാല്‍ താങ്കളുടെ നാഥനെ അനുസ്മരിക്കുക. ഇതിനേക്കാള്‍ സന്മാര്‍ഗബദ്ധമായ നിലപാടിലേക്ക് തന്റെ രക്ഷിതാവ് നയിച്ചേക്കാം എന്നും പറയുക' (അൽ കഹ്ഫ്: 23, 24). ഇക്കാരണത്താൽ തന്നെ ഭാവിയുമായി ബന്ധപ്പെട്ട എന്തു പറയുമ്പോഴും അവകാശപ്പെടുമ്പോഴും പ്രവചിക്കുമ്പോഴും 'ഇൻഷാ അല്ലാഹ്' എന്ന് പറയണം എന്നത് നമ്മുടെ സംസ്കാരത്തിൽ ഇടംപിടിച്ചു. ഇത്, പ്രവചിക്കുന്ന കാര്യം നടക്കാനോ നടത്താനോ തൻ്റെ ഭാഗധേയമോ സ്വാധീനമോ ഉള്ള കാര്യത്തിന്റെ കാര്യമാണ്. തനിക്കൊരു കഴിയും ഇല്ലാത്ത കാര്യത്തിൽ സത്യവിശ്വാസി പ്രവചനങ്ങൾ നടത്താൻ പാടില്ല. കാരണം അത്തരം കാര്യത്തിൽ പ്രവചനം നടത്തുമ്പോൾ അത് അല്ലാഹുവിൻ്റെ പരമാധികാരത്തിൽ ഉള്ള കടന്നുകയറ്റമായിത്തീരും.
അങ്ങനെയുള്ള കാടടച്ച പ്രവചനങ്ങൾ പാടില്ല എന്ന് പറയുമ്പോഴും അതിലെ ആശയം പോസിറ്റീവ് ആണെങ്കിൽ നമുക്ക് അതിനെ പരിഗണിക്കാവുന്നതാണ്. കാരണം അപ്പോൾ അതിൻ്റെ അർത്ഥം പ്രാർത്ഥനയോ പ്രതീക്ഷയും ആത്മവിശ്വാസം പകരുകയോ ഒക്കെ ആയിരിക്കും. ഉദാഹരണമായി ഒരു രോഗിയോട് രോഗം ഭേദമാകും എന്ന് പറയുക, ഒരു സാമ്പത്തിക പ്രയാസത്തിൽ നിൽക്കുന്ന ആളോട് അതെല്ലാം ഒരു വർഷം കൊണ്ട് തീരും എന്ന് പറയുക തുടങ്ങിയവയെല്ലാം ഒരു സന്മനസ്സ് കാണിക്കുന്നതിന്റെ ഭാഗമായി കാണാവുന്നതാണ്. അതേസമയം പ്രവചനത്തിന്റെ ആശയം നെഗറ്റീവ് ഉള്ളതാവുകയോ നെഗറ്റീവ് മാത്രമാവുകയോ ചെയ്യുമ്പോൾ അത് ഒരു സത്യവിശ്വാസി ഒരിക്കലും ചെയ്യാൻ പാടില്ല. കാരണം അത്തരം പ്രവചനങ്ങൾ മനുഷ്യ ബന്ധങ്ങളെ തകർക്കുന്നു, സൃഷ്ടാവിന്റെ അധികാര പരിധിയിലേക്ക് കടന്നു കയറലുമാകുന്നു. നീ ഒരു മാസത്തിനിടെ മരിക്കും, ഇന്നയാൾ അഞ്ചു വർഷത്തിനിടെ സാമ്പത്തികമായി തകർന്നു മുടിയും, ഇന്ന ആൾക്കാർ 10 വർഷത്തിനിടെ ദുർമാർഗ്ഗികളോ വഴിപിഴച്ചവരോ ആയിത്തീരും എന്നൊക്കെ പ്രവചിക്കുന്നത് ഉദാഹരണം. വളർത്തു ദോഷത്തിൻ്റെ ഫലമാണ് ഇതെല്ലാം. ഒരാളെയും അന്ധമായി തള്ളിക്കയറ്റരുത്. കയറിക്കഴിഞ്ഞാൽ മനസ്സും മട്ടും മാറിയേക്കാം. ഈ പറഞ്ഞതു കേൾക്കുന്നില്ലെങ്കിൽ പിന്നെ നമുക്ക് അനുഭവിച്ചു കൊണ്ടേയിരിക്കാം.
*
നബി(സ്വ) തങ്ങൾ വിവാഹം കഴിക്കുമ്പോൾ ആയിഷാ ബീവിക്ക് എത്രയായിരുന്നു പ്രായം എന്നത് പുതിയ ചോദ്യമൊന്നുമല്ല. പലരും അത് ദുരുദ്ദേശത്തോടെയും സോദ്ദേശത്തോടെയും ഉന്നയിച്ചിട്ടുണ്ട്. പറഞ്ഞു വരുമ്പോൾ വേണമെങ്കിൽ ഒപ്പം കൂടാവുന്ന പല അഭിപ്രായങ്ങളും കൂട്ടത്തിൽ ഉണ്ട്. അത് പഠിക്കുന്നവർക്കുള്ള ഒരു ഗവേഷണ വിഷയമാണ്. ഗവേഷണം ഒരിക്കലും അന്ധമായ വാശിയോടെ ആവരുത് എന്നാണ് ഇസ്ലാമിക മാന്യത. വാശി, എതിർ കക്ഷിയേയും വാദത്തേയും എങ്ങനെയും വീഴ്ത്തുക എന്ന ദുരുദ്ദേശം, അനിയന്ത്രിതമായ വൈകാരിക ക്ഷോപം, തൻ്റെ അപാരമായ അറിവു സ്ഥാപിച്ചു കിട്ടാനുള്ള തത്രപ്പാട് തുടങ്ങിയവ ഗവേഷണത്തിൽ കലർന്നാൽ വിഷയം കാട്ടുകയറുക തന്നെ ചെയ്യും. ഈ വിഷയത്തിലുള്ള ഫൈൻഡിംഗ് എന്നു പറഞ്ഞ് ഒന്ന് എഴുനെള്ളിക്കുമ്പോൾ ചില ബഹുമാനങ്ങൾ അനുവദിച്ചു കൊടുക്കേണ്ടതായിട്ടുണ്ട്. അനുഭവസ്ഥയായ ആയിഷാ ബീവി വിവാഹ സമയത്തെ തൻ്റെ വയസ്സിനെപ്പറ്റി പറയുന്നത്, ഹദീസുകളുടെ കാര്യത്തിൽ അനിതര സാധാരണമായ സൂക്ഷ്മത പുലർത്തിയ ബുഖാരി ഇമാമിൻ്റെ ഉദ്ധരണി, സ്വിഹാഹുകൾ ആവർത്തിച്ച അഭിപ്രായം തുടങ്ങിയ കാര്യങ്ങളൊക്കെ മതപാരമ്പര്യത്തിൽ ബഹുമാനിക്കപ്പെട്ടിട്ടുള്ളതാണ്. അതൊന്നും നോക്കാതെ വലിയ ഗവേഷകനായി കാടുകയറിയാൽ അവസാനം അവരെയൊക്കെ തള്ളി പറയേണ്ടിവരും. അതുകൊണ്ട് ആയിഷ ബീവിയും ഇമാം ബുഖാരിയും സ്വിഹാഹു കളുടെ സമീപനങ്ങളും നിർദ്ദാക്ഷിണ്യം തള്ളപ്പെടുന്നത് ശരിയായ കീഴ്വഴക്കമല്ല. ഐൻസ്റ്റീന്റെ അപേക്ഷക സിദ്ധാന്തം മറ്റൊരു ഗവേഷകൻ തള്ളിക്കളഞ്ഞു എന്നിരിക്കട്ടെ, അയാൾക്ക് തന്റെ ഗവേഷണത്തിന് അടിത്തറ ഇട്ട വ്യക്തി, ഒരുപാട് സിദ്ധാന്തങ്ങൾക്ക് ആധാരമായ ആശയം, ഒരുപാട് പേരാൽ അംഗീകരിക്കപ്പെട്ട വ്യക്തിത്വം തുടങ്ങിയതൊക്കെ ഐൻസ്റ്റീന് അനുവദിച്ചു കൊടുത്തു കൊണ്ട് തൻറെ ഗവേഷണമോ നിരീക്ഷണമോ എഴുന്നള്ളിക്കുന്നതാണ് ശരി എന്ന് ഉദാഹരണം.
നടന്നതൊക്കെയും ഞാൻ പറഞ്ഞതാണ്, നടക്കാനിരിക്കുന്നതൊക്കെയും ഞാൻ പറയുന്നതാണ് എന്നൊക്കെയുള്ള അവകാശവാദം ചിലരുടെ അപാരമായ ധൈര്യത്തിന്റെ അടയാളമാണ്. ഉറച്ച നിലപാട് രൂപീകരിക്കാനുള്ള ശക്തി എന്നല്ല പക്ഷേ ആ ധൈര്യത്തിന്റെ അർത്ഥം തൊലിക്കട്ടി എന്നായിരിക്കും. എല്ലാം കഴിഞ്ഞാൽ ഞാൻ ഇതൊക്കെ അല്ലാഹുവിനുവേണ്ടി പറഞ്ഞതാണ് എന്ന് പറയുമ്പോൾ അത് വിശ്വസിക്കാനും ഉണ്ടാകും കുറച്ച് ആൾക്കാർ. ദുനിയാവ് അങ്ങനെയൊക്കെയാണ്.
0
Thoughts & Arts
പലതും സംശയിക്കേണ്ടിവരുന്നു..
2026-01-31
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso