വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
നബി തിരുമേനി(സ്വ)യുടെ നിശാപ്രയാണവും ആകാശാരോഹണവും റജബ് മാസം 27ന് തന്നെ ആയിരുന്നുവോ എന്നതിൽ ചില അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ട് എന്നത് ഒരു ചരിത്രവസ്തുതയാണെങ്കിലും രണ്ടു ന്യായങ്ങൾ ഈ തിയ്യതിയെ പിന്താങ്ങുന്നുണ്ട്. ഒന്നാമത്തേത്, ഇമാം സർഖാനി തൻ്റെ മവാഹിബുല്ലദുന്നിയ്യ, ഇമാം ഗസ്സാലി തന്റെ ഇഹിയാ ഉലൂമുദ്ദീൻ, ഇബ്നുൽ ജൗസി തൻ്റെ അൽ വഫാ, ഇമാം ബുൽഖൈനി തൻ്റെ മഹാസിനുൽ ഇസ്ലാഹ് മുതലായ ഗ്രന്ഥങ്ങളിലും ഇമാം നവവി, ഇമാം റാഫിഈ, ഇമാം സുയൂഥി തുടങ്ങിയവർ തങ്ങളുടെ കൂടുതൽ പ്രാമാണികമായ അഭിപ്രായങ്ങളിലും ഇതിനെയാണ് പിന്തുണക്കുന്നത് എന്നതാണ്. രണ്ടാമത്തേത്, ഈ സംഭവത്തെ ഒരു ആത്മീയ അനുഭൂതിയായി കരുതുന്ന വിശ്വാസികൾ എക്കാലവും എല്ലാ പ്രദേശങ്ങളിലും ഇങ്ങനെയാണ് വിശ്വസിച്ചുപോരുന്നത് എന്നതാണ്. തിയ്യതിയെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതകളെ അതിൻ്റെ വഴിക്ക് വിട്ടാലും ഈ ചരിത്ര സംഭവം സത്യവിശ്വാസികൾക്ക് രണ്ട് മഹാ ആത്മീയ സന്ദേശങ്ങൾ പകരുന്നുണ്ട് എന്നത് ഗ്രഹിക്കാതെ പോകാൻ പാടില്ല. അവയിൽ ഒന്ന് ഈ സംഭവത്തിന്റെ സന്ദേശം നബി തിരുമേനി(സ്വ)യുടെ ജീവിതത്തിൽ ഉണ്ടാക്കിയ സ്വാധീനമാണ്. മക്കാ ജീവിതത്തിൽ പ്രബോധന പ്രവർത്തനങ്ങൾ ഏതാണ്ട് പത്തു വർഷം പിന്നിടുമ്പോഴാണ് ഇതുണ്ടാകുന്നത്. അത് നബി തിരുമേനി നിരാശയുടെ വേപഥു നന്നായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു. നീണ്ട പത്തോളം വർഷങ്ങൾ പിന്നിട്ടിട്ടും, തനിക്ക് പറയാനുള്ളതെല്ലാം ഏറ്റവും മാന്യമായ ജീവിതവും സുരക്ഷിതമായ ബന്ധങ്ങളുമെല്ലാം ഉണ്ടാക്കുന്ന ഒരാശയമായിരുന്നിട്ടും, അതു തൻ്റെ ജീവിതത്തിൻ്റെ നീണ്ട 40 വർഷത്തെ സത്യസന്ധത അറിഞ്ഞും അനുഭവിച്ചും അംഗീകരിച്ചും കടന്നുപോയ സ്വന്തം നാട്ടുകാർക്കിടയിൽ ആയിരുന്നിട്ടും തൻ്റെ സന്ദേശം തിരസ്കരിക്കപ്പെട്ടതോടെ കഠിനമായ നിരാശ സ്വാഭാവികമാണല്ലോ. താൻ പറയുന്നതിലെ യുക്തിയോ പ്രായോഗികതയോ ചോദ്യം ചെയ്തുകൊണ്ടല്ല മക്കക്കാർ താൻ പറയുന്നതിനെ നിരാകരിച്ചത്. അങ്ങനെയായിരുന്നുവെങ്കിൽ ഒരാശ്വാസം ഉണ്ടായിരുന്നേനെ. അവർ കേവലം പിടിവാശി കാണിക്കുകയായിരുന്നു. എന്നാൽ തന്നെ തൻ്റെ വഴിക്ക് പോകാൻ അവർ വിട്ടതുമില്ല. അവർ വിട്ടിരുന്നുവെങ്കിൽ ആയിരക്കണക്കിന് ആൾക്കാർ സ്വതന്ത്രമായി തൻ്റെ ആശയത്തെ വാരിപ്പുണരുമായിരുന്നു. പക്ഷേ അവർ തന്നെക്കുറിച്ച് മാന്യമായി ആലോചിക്കാൻ തുടങ്ങിയാൽ പോലും അവരെ ക്രൂരമായി വേട്ടയാടുകയായിരുന്നു. എല്ലാ എതിർപ്പുകളെയും വകഞ്ഞു മാറ്റി സധീരം പിടിച്ചുനിൽക്കാൻ ശ്രമിച്ചവർക്ക് പോലും അതിനായില്ല. അവർക്ക് ആഫ്രിക്കയിലെ എത്യോപ്യയിലേക്ക് താൽക്കാലികമായി മാറേണ്ടി വന്നു. പരസ്യമായ പ്രബോധനം വെറും രണ്ടുവർഷം പിന്നിട്ടപ്പോൾ ആയിരുന്നു അതുണ്ടായത്.
പിന്നെയും ചരിത്രം മുന്നോട്ടു പോയി. പുറത്തുനിന്ന് കച്ചവടത്തിനും തീർത്ഥാടനത്തിനുമായി വരുന്നവരെ കൊണ്ട് ചെവികളിൽ പഞ്ഞി തിരുകി വരെ അവർ നബിയുടെ സന്ദേശത്തെ പ്രതിരോധിച്ചു. ദുർബലരായ അനുയായികളെ പരസ്യമായി ചുട്ടുപൊള്ളുന്ന വെയിലത്തിട്ട് മർദ്ദിച്ചു. പ്രധാനികൾക്കുപോലും ഭീഷണി ഉണ്ടായിരുന്നു. ചെറിയ ചെറിയ ഏറ്റുമുട്ടലുകൾ വരെ കൂടെക്കൂടെ കൂടി വന്നു. നബി തിരുമേനിയെ നേർക്കുനേർ നേരിടാൻ അവർക്ക് രണ്ടു പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു. ഒന്ന് അബൂതാലിബിന്റെ സാന്നിധ്യം. ഖുറൈശി കുടുംബങ്ങൾ മൊത്തം ആദരിച്ചിരുന്ന ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം. വിശ്വസിച്ചില്ലെങ്കിലും തൻ്റെ സഹോദര പുത്രന്റെ സുരക്ഷയ്ക്കായി അദ്ദേഹം ഒരു മലപോലെ മുന്നിൽ നിന്നു. മറ്റൊന്ന് ഖദീജ ബീവിയുടെ ഭർതൃപദവി ആയിരുന്നു. മക്കയിലെ ഏതൊരാൾക്കും സാമ്പത്തികമായ കടപ്പാടുള്ള വ്യക്തിത്വമായിരുന്നു ഖദീജ എന്ന മക്കത്തെ രാജാത്തി. പക്ഷേ പ്രവാചകത്വത്തിന്റെ പത്താം വർഷം ഈ രണ്ടു സുരക്ഷകളും ഒന്നിച്ചെന്ന പോലെ നീങ്ങിപ്പോയി. അടുത്തടുത്ത ദിവസങ്ങളിലായി രണ്ടുപേരും മരണപ്പെട്ടു. മക്കയിലെ പ്രതീക്ഷ അതോടെ വീണ്ടും മങ്ങി. അപ്പോഴാണ് തൊട്ടടുത്ത നഗരമായ ത്വായിഫിലേക്ക് ഒന്ന് പോയി നോക്കിയത്. അതും വിജയിച്ചില്ല. അതോടെ നിരാശ അതിന്റെ പരമകാഷ്ഠ പ്രാപിച്ചു. ഒപ്പമുള്ളവർക്കും നിരാശയുണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യത്തിലായിരുന്നു ഇസ്റാഉം മിഅ്റാജും ഉണ്ടായത്. അല്ലാഹു അവന്റെ മഹാശക്തി കൊണ്ട് തൻ്റെ പ്രവാചകനെ രാത്രിയുടെ ചെറിയൊരു സമയത്തിനുള്ളിൽ തന്റെ വീട്ടിൽ നിന്ന് ജെറുസലേമിലെ അഖ്സാ പള്ളിയിലേക്കും അവിടെ നിന്ന് ഏഴാകാശങ്ങളിലേക്കും അവിശ്വസനീയമായ ഒരു യാത്ര. മനുഷ്യ ബുദ്ധിക്ക് എത്തിച്ചേരാനും വ്യാഖ്യാനിക്കാനും കഴിയാത്ത ഒരു യാത്ര. അല്ലെങ്കിലും അത് അങ്ങനെ ആർക്കും മനസ്സിലാക്കേണ്ടുന്ന ഒന്നല്ല. തൻ്റെ ദൂതനെ തൻ്റെ വലിയ ദൃഷ്ടാന്തങ്ങൾ കാണിച്ചുകൊടുക്കുവാൻ വേണ്ടിയുള്ളതായിരുന്നു ആ യാത്ര. അത് നബിയെ സ്വാധീനിച്ചാൽ മാത്രം മതി. അത് ഉണ്ടാവുകയും ചെയ്തു. ഈ സംഭവത്തിനുശേഷം നബിയേയും നബിയുടെ പ്രബോധനത്തെയും അനിതര സാധാരണമായ കുതിപ്പോടെ മാത്രമാണ് ചരിത്രം കണ്ടിട്ടുള്ളത്. ഭൂമിയിലുള്ളവർ അങ്ങയെ തിരസ്കരിച്ചു എങ്കിൽ അതിൽ വിഷമിക്കേണ്ടതില്ല, ആകാശം മുഴുവനും പിന്തുണയും ഊർജ്ജവുമായി അങ്ങയെ കാത്തിരിക്കുന്നുണ്ട് എന്ന മഹാ സന്ദേശം ആയിരുന്നു അത്. അതിനാൽ തന്നെ നിശാപ്രയാണത്തിന്റെയും ആകാശ ആരോഹണത്തിന്റെയും ഒന്നാമത്തെ അർത്ഥം അതുതന്നെയാണ്. നിരാശപ്പെടേണ്ട, അല്ലാഹു കൂടെയുണ്ട് എന്ന അർഥം.
രണ്ടാമത്തെ ആത്മീയ സന്ദേശം ഈ യാത്രയിൽ വിളിച്ചുവരുത്തി സൃഷ്ടാവായ അല്ലാഹു സൃഷ്ടികൾക്ക് വേണ്ടി കൊടുത്തയച്ച സമ്മാനമാണ്. ഇത് നിസ്കാരം എന്ന ആരാധനയായിരുന്നു എന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഇതിൻ്റെ സവിശേഷതകൾ അടുത്തറിയുമ്പോഴാണ് എന്തുകൊണ്ട് ഇതുമാത്രം വിളിച്ചുവരുത്തി നൽകി എന്ന ചോദ്യത്തിന്റെ ഉത്തരം തെളിയുക. ബാക്കിയുള്ള എല്ലാ ആരാധനകളും ജിബ്‌രീൽ വശം കൊടുത്തയക്കുകയായിരുന്നു. മാത്രമല്ല ഇതിനെ ഒരു സമ്മാനം എന്നാണ് വ്യവഹരിക്കപ്പെട്ടിട്ടുള്ളത്. അല്ലാഹുവുമായുള്ള അഭിമുഖ സംഭാഷണം കഴിഞ്ഞ് മടങ്ങും വഴി മൂസാ നബി നബി തങ്ങളോട് എന്തു സമ്മാനമാണ് താങ്കളുടെ ഉമ്മത്തിന് അല്ലാഹു തന്നത് എന്ന് ചോദിക്കുന്നുണ്ട്. ദാതാവിന്റെ പ്രത്യേക ഇഷ്ടവും താല്പര്യവും കൂടി ഉള്ളടങ്ങുമ്പോഴാണ് സമ്മാനം എന്ന അർത്ഥം ജനിക്കുന്നത്. അതിനാൽ നിസ്കാരം എന്ന ആരാധനയിൽ അല്ലാഹുവിൻ്റെ വലിയ ഇഷ്ടവും താല്പര്യവും ഉള്ളടങ്ങിയിട്ടുണ്ട്. നിസ്കാരത്തിൻ്റെ മറ്റൊരു സവിശേഷത അത് മനുഷ്യനെ പ്രായോഗികമായി സംസ്കരിക്കുന്നു എന്നതാണ്. എല്ലാ ആരാധനകളും ആത്മീയമായ സംസ്കരണത്തിന്റെ വഴി തന്നെയാണ്. പക്ഷേ നിസ്കാരം ആ അർത്ഥത്തിൽ വളരെയേറെ മുമ്പിൽ നിൽക്കുന്നു. അതിൻ്റെ ഒരു പ്രധാന കാരണം അത് ഒരു ദിനം തന്നെ അഞ്ചു പ്രാവശ്യം കൃത്യമായ ഇടവേളകളിൽ നിർവഹിക്കപ്പെടുന്നു എന്നത് തന്നെയാണ്. ഒരു നേരത്തെ നിസ്കാരം പകരുന്ന ആത്മീയതയുടെ തണുപ്പും ഭാവവും മങ്ങുകയും കുറയുകയും ചെയ്യുന്നതിന് മുമ്പ് അടുത്ത നിസ്കാരം വരികയാണ്. അതോടെ ആ ആത്മീയത വീണ്ടും വർദ്ധിത ഊർജ്ജമായി പരിവർത്തിപ്പിക്കപ്പെടുന്നു. ഇങ്ങനെ അഞ്ചുനേരം ചുറ്റെത്തുമ്പോൾ നിസ്കാരം എന്ന പരമമായ വിധേയത്വത്തിന്റെയും സമർപ്പണത്തിന്റെയും വികാരം വിശ്വാസിയിൽ ഉറച്ചുനിൽക്കുന്നു. ഈ ഒരു പ്രായോഗികമായ സംസ്കരണമാണ് നിസ്കാരത്തെ ഇസ്ലാമിലെ ഏറ്റവും വലിയ ആരാധനയാക്കി മാറ്റുന്നത്. ഈ അർത്ഥത്തിൽ നിസ്കാരം ജീവിത താളമായി മാറുമ്പോൾ തഖ്‌വ എന്ന ശ്രദ്ധയും സൂക്ഷ്മതയും ജീവിതത്തിൽ നിലനിൽക്കുകയും തിന്മകളിൽ നിന്നും അനാവശ്യങ്ങളിൽ നിന്നും അറിയാതെ വിട്ടുപോരുകയും ചെയ്യും. ഇപ്രകാരം മനുഷ്യനെ ഒപ്പം നടന്നു സംസ്കരിക്കുന്ന മറ്റൊരാധനയും ഇല്ല.
ഏറ്റവും ശ്രേഷ്ഠമായ കർമ്മം ഏതാണ് എന്ന ചോദ്യത്തിന് ഉത്തരമായും മരണക്കിടക്കയിൽ വെച്ച് അവസാന വസിയ്യത്തായും അന്ത്യനാളിലെ വിചാരണയിലെ ആദ്യ ചോദ്യമായും പരലോക വിജയത്തിൻ്റെ പ്രധാന മാനദണ്ഡമായുമെല്ലാം നിസ്കാരത്തെ നബി തങ്ങൾ ഗൗരവത്തോടെ ഉമ്മത്തിനെ പഠിപ്പിച്ചിട്ടുള്ളതാണ്. ഭാവിയിൽ വരാനിരിക്കുന്ന നമ്മുടെ സമുദായത്തിന്റെ ഏറ്റവും വലിയ അപജയം നിസ്കാരം ഉദാസീനമായി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ ആയിരിക്കും എന്ന് നബി തങ്ങൾ പ്രവചിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഈ സമുദായം നേരിടാനിരിക്കുന്ന എല്ലാ പരീക്ഷണത്തിന്റെയും പരാജയത്തിന്റെയും അടിസ്ഥാന കാരണം നിസ്കരിക്കാത്തവരുടെ അംഗസംഖ്യയിലുള്ള വർദ്ധനവായിരിക്കും എന്നതാണ് ആ പ്രവചനത്തിന്റെ ആശയം. അതങ്ങനെ തന്നെയാണ് എന്ന് നമ്മുടെ കാലത്ത് നാം ഒരു മനക്കണക്ക് കൂട്ടി നോക്കിയാൽ ബോധ്യമാവുകയും ചെയ്യും. നിസ്കാരം ഉദാസീനമായി ഉപേക്ഷിക്കപ്പെടുന്ന തോടുകൂടി ആത്മീയത ഇറങ്ങിപ്പോയി ജീവിതത്തിലേക്ക് വൈകാരിക ഇഛകൾ കടന്നു കയറും. അതോടെയാണ് നാശം തുടങ്ങുക. അല്ലാഹു അത് വിശുദ്ധ ഖുർആനിൽ സൂചിപ്പിക്കുന്നുണ്ട്. അവൻ പറയുന്നു: 'എന്നിട്ട് അവര്‍ക്കൊരു പിന്‍തലമുറയുണ്ടായി. നമസ്‌കാരം പാഴാക്കുകയും ദേഹേച്ഛകള്‍ പിന്തുടരുകയുമാണവര്‍ ചെയ്തത്. തന്നിമിത്തം ആ ദുര്‍മാര്‍ഗഫലം അവര്‍ കണ്ടെത്തും' (മറിയം: 59). ഈ ആയത്തിലെ പരാമർശത്തിന്റെ ക്രമം ശ്രദ്ധേയമാണ്. ആ ക്രമത്തിന്റെ ആശയം നിസ്കാരം പാഴാക്കുന്നതിലൂടെ ഇച്ഛകൾക്ക് ജീവിതത്തിൽ മേൽകൈ ലഭിക്കുകയും ദുർമാർഗ്ഗത്തിൻ്റെ ഫലം അത്തരക്കാർ അനുഭവിക്കേണ്ടതായി വരികയും ചെയ്യും എന്നാണ്.
മുസ്ലിം വിശ്വാസിയുടെ ജീവിതത്തിൽ നിസ്കാരത്തിൻ്റെ നിലയും വിലയും ഗ്രഹിക്കുവാൻ ഏറ്റവും എളുപ്പം നിസ്കാരം ബോധപൂർവ്വം ഉപേക്ഷിക്കുന്നവനെ കുറിച്ചുള്ള മതത്തിൻ്റെ നിലപാട് മനസ്സിലാക്കലാണ്. അങ്ങനെ നിസ്കാരം ഉപേക്ഷിക്കുന്നവൻ കാഫിറാണ് എന്നതാണ് മഹാ ഭൂരിപക്ഷം പണ്ഡിതന്മാരുംരും പ്രമാണങ്ങളെ ചുഴിഞ്ഞു പരിശോധിച്ചു പറഞ്ഞിട്ടുള്ളത്. വിശ്വാസിയുടെയും അവിശ്വാസിയുടെയും ഇടയിലുള്ള വ്യത്യാസം നിസ്കാരം ആണ് എന്ന് നബി(സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്. നിസ്കാരം ദീനിന്റെ തൂണാണ് എന്ന് നബി(സ്വ) തങ്ങൾ ആലങ്കാരികമായി പറഞ്ഞിട്ടുണ്ട്. ഇതിന്റെയൊക്കെ ഉദ്ദേശം ഒരാളെ പിടിച്ച് ബലംപ്രയോഗിച്ച് മാനസികമായി നിർബന്ധിച്ച് അല്ലാഹുവിനെ അനുസരിപ്പിക്കലല്ല. മറിച്ച് മനുഷ്യനെ പടച്ച സൃഷ്ടാവ് അവൻ്റെ ഈ ലോകത്തെ ജീവിതം സമാധാന ഭദ്രവും ക്ഷേമ പൂർണ്ണവും ആയിത്തീരുവാൻ വേണ്ടി നിർദ്ദേശിക്കുകയും നിഷ്കർഷിക്കുകയും ചെയ്യുന്ന ജീവിത സംഹിതയാകുന്ന ഇസ്ലാം വ്യക്തിയിലും വ്യക്തികളിലൂടെ സമൂഹത്തിലും സദ്സ്വാധീനം ചെലുത്തണമെന്നുണ്ടെങ്കിൽ അതിന് മേൽ പറഞ്ഞതുപോലെ നിസ്കാരം വഴി സമർപ്പണമനസ്സും ജീവിതവും ലഭിച്ച വ്യക്തികളുടെ ലോകം അനിവാര്യമാണ് എന്നതാണ്. അത്തരം ഒരു ലോകത്ത് മാത്രമേ ഇസ്ലാം ഫലപ്പെടൂ. ഇന്നത്തെ മുസ്ലിംലോകവും അവർ നേരിടുന്ന വെല്ലുവിളികളും ഇക്കാര്യത്തിൽ മതിയായ ഉദാഹരണമാണ്. അവരുടെ അധികാരങ്ങൾ അവർക്ക് മാത്രമല്ലാതെ മറ്റാർക്കും ഗുണമുണ്ടാക്കുന്നില്ല. അവരുടെ ശക്തി ബോധ്യപ്പെടുന്നില്ല. അവരുടെ മുന്നണി രൂപപ്പെടുന്നില്ല. അവരുടെ പ്രാർത്ഥനകൾ കേൾക്കപ്പെടുന്നില്ല. ഇതിനെല്ലാം പ്രധാന കാരണം പറയുന്നിടത്തുനിന്നും ചെയ്യുന്നിടത്ത് നിന്നും മാത്രം അവരുടെ ഇസ്ലാം ആരംഭിക്കുന്നു എന്നതാണ്. ജീവിതത്തിൻ്റെ ആദ്യ മിടിപ്പിൽ നിന്ന് ക്രമപ്രകാരം തുടങ്ങുകയും വളരുകയും നിറയുകയും ചെയ്യുന്ന ആരോഗ്യമുള്ള ആത്മീയത എങ്ങും കാണുന്നില്ല എന്നതാണ് സത്യം. അതുണ്ടാകാൻ ഇസ്ലാം മതത്തിൽ ഒരു മാർഗ്ഗമേ അനിവാര്യമായി ഉള്ളൂ. അത്, കൃത്യമായ നിസ്കാരം എന്നത് ജീവിതത്തിൻ്റെ താളമായി മാറുക, മാറ്റുക എന്നതാണ്. റജബ് മാസം ഉണർത്തുന്ന ഈ ആത്മീയ സന്ദേശങ്ങൾ രണ്ടും ഒരു തിരിച്ചുനടത്തത്തിന് കാരണമാകട്ടെ എന്നു പ്രത്യാശിക്കാം.
0
Thoughts & Arts
ആകാശ യാത്രയുടെ ആത്മതലങ്ങൾ
2026-01-31
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso