വെള്ളിപ്രഭാതം
മുഹമ്മദ് ടി സെഞ്ചരി
ഇബ്റാഹിം നബിയും മകൻ ഇസ്മാഈൽ നബിയും കൂടി വിശുദ്ധ കഅ്ബാലയം പുതുക്കിപ്പണിത ചരിത്രം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അവർ നിർമ്മിച്ചത് ലോകാവസാനം വരേക്കും ഏകദൈവ വിശ്വാസികൾക്ക് ആരാധനകൾ അർപ്പിക്കുവാനുള്ള ഒരു ആരാധനാലയമായിട്ടായിരുന്നു. ആദ്യം അതു സ്ഥാപിച്ചത് മലക്കുകൾ വഴിയായിരുന്നു എന്നത് കഅ്ബാലയത്തിൻ്റെ ചരിത്രത്തിൻ്റെ തുടക്കം. പക്ഷെ, ഇടക്കുവെച്ച് മഹാപ്രളയത്തിൽ പെട്ടും അജ്ഞതയിൽ പെട്ടും അതിൻ്റെ അടയാളങ്ങൾ പോലും മാഞ്ഞുപോയിരുന്നതാണ്. അത്തരം ഒരു പശ്ചാതലത്തിൽ ഇബ്റാഹിം നബിയുടെയും ഇസ്മാഈൽ നബിയുടെയും നിർമ്മിതിയെ വ്യത്യസ്ഥമാക്കുന്നത് അത് അന്ത്യനാൾ വരേക്കും നിലനിൽക്കുവാൻ വേണ്ടിയായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ പിന്നീട് ഇന്നുവരെ ഉണ്ടായ കാലാകാലങ്ങളിലെ നിർമ്മിതികളൊക്കെയും, ഇപ്പോഴും വിശുദ്ധ ഗേഹം നിൽക്കുന്നതും അന്നത്തെ ആ തറയുടെ മുകളിൽ തന്നെയാണ്. കഅ്ബാലയം ഒരു നാൾ തകർക്കപ്പെടുമെന്നും അതിൻ്റെ ഉടനെയായി അന്ത്യനാൾ ഭവിക്കുമെന്നും നബി(സ്വ) തങ്ങൾ അരുൾ ചെയ്തിട്ടുണ്ട്. ഇത്രയും പ്രസക്തമായ ഈ നിർമ്മിതി എറെ നിഷ്കളങ്കമായും സൂക്ഷ്മതയോടെയുമായിരുന്നു അവർ ചെയ്തത്. അത് അല്ലാഹുവിൻ്റെ നിർദ്ദേശപ്രകാരം തന്നെയായിരുന്നു. ഒരു വേള, മണ്ണിൽ മറഞ്ഞുപോയ അതിൻ്റെ യഥാർത്ഥ തറയുടെ അതിരുകൾ അല്ലാഹു തന്നെ ഒരു മേഘക്കഷ്ണം വിരിച്ചിട്ടു കാണിച്ചു കൊടുത്തതായി പോലും ചരിത്രങ്ങളിൽ കാണാം. ലക്ഷ്യത്തിലോ നിയ്യത്തിലോ മറ്റൊന്നിലേക്കും വഴുതാൻ ഒട്ടും സാദ്ധ്യതയില്ലാത്ത ഇത്രയും മഹത്തായ ഈ നിർമ്മിതി പൂർണ്ണമായതിനു ശേഷം അവർ ഇരുവരും അതു റബ്ബിനു മുമ്പിൽ സമർപ്പിക്കുന്ന രംഗത്തോടെയാണ് ആ ചരിത്രം അവസാനിക്കുന്നത്. അവർ തങ്ങളുടെ ആ മഹത്തായ കർമ്മം സമർപ്പിച്ചത് ഒരു പ്രാർത്ഥന വഴിയായിരുന്നു. അവർ പ്രാർത്ഥിച്ചു: 'നാഥാ, ഞങ്ങളില്‍ നിന്നു ഇതു സ്വീകരിക്കേണമേ- നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനും തന്നെയാണ്-നാഥാ, ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പെട്ടവരാക്കേണമേ. ഞങ്ങളുടെ സന്തതികളില്‍ നിന്നു നിന്നോടു വിധേയത്വമുള്ള സമൂഹത്തെ ഉണ്ടാക്കേണമേ. ആരാധനാരീതികള്‍ ഞങ്ങള്‍ക്കു കാണിച്ചു തരികയും പാപങ്ങള്‍ മാപ്പാക്കിത്തരികയും ചെയ്യേണമേ. നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാമയനും തന്നെയത്രേ. (അൽ ബഖറ: 127-129)
നിർമ്മിതിയുടെ സാഹചര്യവും ഘട്ടങ്ങളും പറയുന്നത് ചരിത്രാവബോധത്തിനും അതിലുള്ള പാഠങ്ങൾക്കും വേണ്ടിയാണ് എന്ന് കരുതാം. അതേസമയം, ആ കർമ്മം സമർപ്പിക്കുമ്പോൾ ചെയ്യുന്ന ഈ വിശദമായ പ്രാർത്ഥന ലോകാവസാനം വരെയും നിലനിൽക്കുന്ന വിശുദ്ധ ഖുർആനിൽ പറയുന്നത് ലോകാവസാനം വരേക്കും വിശ്വാസികൾക്ക് അതൊരു സന്ദേശമായി നിലനിൽക്കുവാൻ വേണ്ടി തന്നെയായിരിക്കും. ഓരോ മഹത്തായ കർമ്മവും ക്രമാനുഗതമായി ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് അത് വിനയപൂർവ്വം അല്ലാഹുവിൻ്റെ മുമ്പിൽ പ്രാർത്ഥനയോടെ സമർപ്പിക്കുക എന്നത് എന്ന സന്ദേശം. ഇത് ഇസ്ലാം മുന്നോട്ടു വെക്കുന്ന വിശ്വാസ സംഹിതയുടെ ആന്തരികവും ആത്മീയവുമായ വൈകാരികതകളിൽ പെട്ടതാണ്. ഇസ്ലാമിൻ്റെ താൽപര്യം കർമ്മങ്ങളുടെയും ആരാധനകളുടെയും സമർപ്പണങ്ങളെല്ലാം പരമമായിരിക്കണം എന്നാണ്. സൂക്ഷ്മമായ നിഷ്കളങ്കതയും വിനയ-വിധേയത്വങ്ങളും പുലർത്തുന്നതോടെയാണ് കർമ്മങ്ങളും ആരാധനകളും സമർപ്പണത്തിന് സജ്ജമാകുന്നത്. തുടർന്ന് അവ വിനയപൂർവ്വം പ്രതീക്ഷയോടെ അല്ലാഹുവിന് മുമ്പിൽ സമർപ്പിക്കുക കൂടി വേണം. ഇങ്ങനെ ഓരോ കർമ്മവും അതിൻ്റെ ക്രമപ്രകാരം ചെയ്ത് പിന്നെ സമർപ്പിക്കുക കൂടി വേണം എന്ന് പറയുമ്പോൾ അത് എത്ര മാത്രം പ്രായോഗികമാണ് എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കാം. പ്രത്യേകിച്ചും, മനുഷ്യൻ്റെ ജീവിതത്തിലെ സകല അനക്കങ്ങളെയും അടക്കങ്ങളെയും ആരാധനകളായി പരിവർത്തിപ്പിക്കുകയാണ് ഇസ്ലാം സത്യത്തിൽ ചെയ്യുന്നത് എന്നതിനാൽ ഓരോ നിമിഷവും ഓരോ ആരാധനയാകുവാനുള്ള സാധ്യത ഉണ്ടാകുമ്പോൾ. ഇത് മേൽപ്പറഞ്ഞ സമർപ്പണം എന്ന പ്രക്രിയയുടെ രൂപം മനസ്സിലാവാത്തതു കൊണ്ടാണ്. ഇവിടെ സമർപ്പണം എന്നത് കേവലം നിഷ്കളങ്കമായ ഒരു പ്രാർത്ഥനയാണ്. 'നാഥാ, നീ സ്വീകരിക്കണമേ' എന്ന പ്രാർഥന. അതുതന്നെ ഓരോ ചെറിയ സൽക്കർമ്മത്തിനും പ്രത്യേകം പ്രത്യേകം വേണമെന്നില്ല. അവക്കെല്ലാം മൊത്തത്തിൽ പ്രാർഥനാർദ്രമായ മനസ്സും നിഷ്കളങ്കതയിൽ അലിഞ്ഞുചേർന്ന മനസ്ഥിതിയും ഉണ്ടായാൽ മതി. ഓരോ മുസ്ലിമും എപ്പോഴും പ്രാർത്ഥനകളിൽ മുഴുകുന്നവരായിരിക്കണം എന്ന് ഇസ്ലാം താൽപര്യപ്പെടുന്നത് ഈ അർത്ഥത്തിൽ കൂടിയാണ്. എന്നാൽ പ്രധാനപ്പെട്ട ആരാധനകളും കർമ്മങ്ങളും ചെയ്തു കഴിഞ്ഞാലുള്ള സമർപ്പണത്തിൻ്റെ കീഴ്‌വഴക്കം മേൽപ്പറഞ്ഞതു പോലെ ആത്മാർഥമായ സ്വീകരണ പ്രാർഥന തന്നെയാണ് എന്നത് നമ്മുടെ പ്രമാണങ്ങൾ പറയുന്നു. ഇബ്റാഹിം നബിയിൽ നിന്നുള്ള അനുഭവം തന്നെ അതിനു മതിയായ തെളിവാണ്.
പൊതുവെ ആരാധനകൾക്കെല്ലാം ഇങ്ങനെ അവസാനിക്കുവാനും അവസാനിപ്പിക്കുവാനും അനുകൂലമാകുന്ന ഒരു പ്രകൃതം തന്നെയുണ്ട്. ഓരോ ആരാധനകളും നിയ്യത്തിൽ നിന്ന് തുടങ്ങി പിന്നെ ഒരു ആരോഹണത്തിലൂടെയാണ് അവസാനം തൊടുന്നത്. നിസ്കാരം ഒരു ഉദാഹരണമാണ്. ഒരു നിസ്കാരത്തിൻ്റെ ഒരു യൂണിറ്റായ ഒരു റക്അത്തെടുത്താൽ അത് ഖുർആൻ പാരായണം, റുകൂഅ്, പ്രാത്ഥനകൾ എന്നിവ വഴി സുജൂദ് എന്ന പാരമ്യത്തിൽ എത്തുകയാണ്. ഒരു മനുഷ്യൻ തൻ്റെ റബ്ബിനോട് ഏറവും അടുത്ത് നിൽക്കുന്ന സാഹചര്യം സുജൂദാണ് എന്ന് നബി(സ) തങ്ങൾ പറഞ്ഞിട്ടുണ്ട്. ഹജ്ജും അങ്ങനെയാണ്. വിവിധ കർമ്മങ്ങളിലൂടെ അത് പുരോഗമിച്ച് പ്രാർത്ഥനയുടെ പാരമ്യമായ അറഫാ പ്രാർത്ഥനയിലേക്ക് ഉയരുന്നു. റമദാൻ നോമ്പും അങ്ങനെയാണ്. റമദാൻ വ്രതവും അനുബന്ധ കർമ്മങ്ങളും ആരംഭിച്ച് ഓരോ മൂന്നിലൊന്നുകൾ പിന്നിടുമ്പോഴും കൂടുതൽ പ്രതിഫലം പ്രതീക്ഷിക്കുന്ന നാളുകളിലേക്ക് ആരോഹണം ചെയ്യുന്നു. അവസാനത്തെ പത്തിലേക്ക് അവസാനത്തെ രാവിലേക്കും എത്തുമ്പോഴേക്കും അത് വിശുദ്ധ റമദാനിലെ പുണ്യങ്ങളുടെ ഉത്തുംഗതയിൽ എത്തിച്ചേരുന്നു. ആയിരം മാസങ്ങളേക്കാൾ പ്രതിഫലാർഹമായ ലൈലത്തുൽ ഖദറും അതിനേക്കാൾ എത്രയോ മടങ്ങ് വരുന്ന പ്രതിഫലമായി എത്തുന്ന അവസാന രാവും ആ സന്ദേശമാണ് നൽകുന്നത്. അതിനാൽ തന്നെ റമദാനിന്റെ കർമ്മങ്ങൾ വളർന്നുവളർന്ന് മഹാസമർപ്പണത്തിന് പ്രേരിതമാകുന്ന ഒരു വൈകാരികതയിലേക്ക് വളരുന്നു. അതിനാൽ റമദാനിന്റെ അവസാന യാമങ്ങളും അതു കടന്നുള്ള ദിനങ്ങളും ഒരു മാസം നീണ്ട ഈ ആരാധനകൾ സ്വീകരിക്കണമേ എന്ന് ഉള്ളുരുകി പ്രാർത്ഥിക്കാനുള്ള സമയമാണ്. ഇതു പറയാനാണ് മേൽപ്പറഞ്ഞ ആമുഖങ്ങൾ എല്ലാം പറഞ്ഞുവന്നത്. സൽകർമ്മങ്ങളുടെ സ്വീകാര്യത അതിൻ്റെ അവസാന ഘട്ടങ്ങളുടെ നിലവാരത്തിന് അനുസൃതമാണ് എന്ന് സ്വഹീഹായ ഹദീസിൽ വന്നിരിക്കുന്നു. കാരണം ഇസ്ലാം കർമ്മങ്ങളെ അങ്ങനെയാണ് വിലയിരുത്തുന്നത്. തുടക്കത്തിൻ്റെ ശൂരത്തമോ മുന്നോട്ടു പോകുമ്പോൾ ഉണ്ടാകുന്ന ശ്രദ്ധയോ മാത്രം പോരാ, അതിൻ്റെ അവസാനം വരേക്കും ആത്മീയ വികാരവും ശ്രദ്ധയും സൂക്ഷ്മതയും എല്ലാം ഉയർന്നുയർന്നു വരുന്ന ക്രമത്തിൽ തന്നെ നിർവഹിക്കപ്പെട്ടിരിക്കണം.
വിശുദ്ധ റമദാനിന്റെ കാര്യത്തിൽ ഈ ആശയം കൂടുതൽ പ്രസക്തമാണ്. കാരണം റമദാൻ വ്രതത്തിന്റെ പരമമായ ലക്ഷ്യം വിശുദ്ധ ഖുർആൻ വ്യക്തമാക്കിയത് പോലെ തന്നെ വിശ്വാസികളെ തഖ്‌വയുള്ളവരാക്കി മാറ്റുക എന്നതാണ്. തഖ്‌വയുള്ളവരാക്കുക എന്ന് പറഞ്ഞാൽ ഇസ്ലാം താല്പര്യപ്പെടുന്ന സൂക്ഷ്മ ജീവിതം ജീവിതത്തിൻ്റെ ഓരോ ഘട്ടത്തിലും സംതൃപ്തിയോടെയും സമ്പൂർണ്ണമായും പാലിക്കാനുള്ള മനസ്ഥിതി ഉണ്ടാക്കുക എന്നതാണ്. നന്മയെയും ഉത്തരവാദിത്വങ്ങളെയും ധർമ്മങ്ങളെയും അല്ലാഹുവിനാൽ ഏൽപ്പിക്കപ്പെട്ടവ എന്ന വികാരത്തിൽ പരിശുദ്ധമായി പാലിക്കുന്നതോടൊപ്പം എല്ലാതരം തിന്മകളോടും വിയോജിപ്പും മാനസികമായ അകലവും സ്വമേധയാ പുലരുന്ന ഒരു ജീവിതമായി സ്വന്തം ജീവിതത്തെ പരിവർത്തിപ്പിക്കുമ്പോഴാണ് തഖ്‌വാ സ്ഥാപിക്കപ്പെടുക. അതിനാൽ തന്നെ തഖ്‌വാ ഒരു ജീവിത താളമാണ്. അത് കാലക്രമത്തിൽ മാത്രമേ സാക്ഷാത്കരിക്കപ്പെടൂ. മാത്രമല്ല അത് യാഥാർത്ഥ്യമാവുക ജീവിതം എന്ന സഞ്ചാരത്തിലാണ്. ഈ സഞ്ചാരത്തിൽ മുന്നോട്ടുപോകുമ്പോഴെല്ലാം തഖ് വാ ഒപ്പമുണ്ടാവേണ്ടതുമാണ്. ഇതിനെല്ലാം വേണ്ട പ്രാഥമിക പരിശീലനവും പ്രചോദനവും നൽകുക മാത്രമാണ് റമദാൻ ചെയ്യുന്നത്. റമദാനിൽ കിട്ടിയ ആ വികാരത്തിൽ പിടിച്ച് ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടണമെന്ന് ഉണ്ടെങ്കിൽ റമദാൻ അല്ലാഹു എല്ലാ അർത്ഥത്തിലും സ്വീകരിച്ചിരിക്കേണ്ടതുണ്ട്. അതിനുവേണ്ടിയുള്ള തേട്ടമാണ് മേൽപ്പറഞ്ഞ സമർപ്പണത്തിനുള്ള പ്രാർത്ഥന.
സമർപ്പണത്തിന്റെ ഭാഗമാണ് മേൽപ്പറഞ്ഞ പ്രാർത്ഥന. ഏതു പ്രാർത്ഥനയും സ്വീകരിക്കപ്പെടണമെന്നുണ്ടെങ്കിൽ പ്രാർത്ഥനയിലെ തേട്ടത്തോട് ആത്മാർത്ഥത പുലർത്തിയിരിക്കണം. അത് 'താൻ അങ്ങനെ ആത്മാർത്ഥതയുള്ളവനാണ്', 'അങ്ങനെ തന്നെയായിരിക്കും' എന്നെല്ലാം കേവലം കരുതുകയോ പ്രസ്താവിക്കുകയോ ചെയ്യുന്നതുകൊണ്ട് ഉണ്ടാവില്ല. മറിച്ച് അത് കർമ്മത്തിൽ തെളിയേണ്ടതും തെളിയിക്കേണ്ടതുമുണ്ട്. വിശുദ്ധ റമദാൻ നേടിത്തന്ന എല്ലാ നന്മകളും കൈമോശം വരാതെ ജീവിതത്തിൽ കാത്തുസൂക്ഷിക്കുക എന്നതാണ് അതിനുള്ള വഴി. റമദാൻ ഞാൻ വഴി നടത്തിയ പകൽക്കാല വ്രതം എന്നതൊഴിച്ചുള്ള മറ്റു കർമ്മങ്ങളെല്ലാം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏതുകാലത്തും വേണ്ടതാണ്. ജമാഅത്തായുള്ള കൃത്യസമയത്തെ നിസ്കാരങ്ങൾ, ഖുർആൻ പാരായണം, സുന്നത്ത് നിസ്കാരങ്ങൾ, ജീവിത അച്ചടക്കം, ദാനധർമ്മങ്ങൾ, സംതൃപ്തമായ സഹജീവികളോടുള്ള സമീപനങ്ങൾ തുടങ്ങിയതെല്ലാം റമദാൻ അല്ലാത്ത കാലങ്ങൾക്കും വേണ്ടതാണ്. റമദാൻ മാസത്തിന് അള്ളാഹു നൽകുന്ന പ്രത്യേക പദവിയും ശ്രേഷ്ഠതയും മേൽപ്പറഞ്ഞ കാര്യങ്ങളെല്ലാം കണിശതയോടെയും കൃത്യതയോടെയും നിർവഹിക്കുവാൻ വിശ്വാസിയെ പ്രേരിപ്പിക്കുമായിരുന്നു. റമദാൻ അല്ലാത്ത കാലത്തും ഇതേ കൃത്യതയും കണിശതയും പാലിക്കാൻ കഴിയുന്നുണ്ട് എന്ന് വരുമ്പോൾ മേൽപ്പറഞ്ഞ സമർപ്പണത്തിന്റെ സത്യസന്ധത സ്ഥാപിക്കപ്പെടുന്നു. അതുകൊണ്ട് റമദാൻ നേടിത്തന്ന ആത്മീയ അവബോധം ജീവിതത്തിൽ ഉടനീളം കാത്തുസൂക്ഷിക്കുക എന്നതു തന്നെയാണ് ഈ സമർപ്പണം പകരേണ്ട അവബോധം. ഇങ്ങനെ കാത്തുസൂക്ഷിക്കുന്നതിൽ ഒരാൾ പരാജയപ്പെട്ടാൽ അയാളുടെ റമദാൻ കപടമായ ഒരു അഭിനയം, അന്ധമായ ഒരു അനുകരണം തുടങ്ങിയ അർത്ഥങ്ങളിലേക്ക് തിരുത്തി എഴുതപ്പെടും. അപ്പോഴായിരിക്കും റമദാനിന്റെ പ്രതിഫലം അനുഭവിച്ച ദാഹത്തിലേക്കും പട്ടിണിയിലേക്കും ചുരുങ്ങുക.
ജീവിതത്തിൻ്റെ എല്ലാ തുറകളെയും സാരമായി സ്വാധീനിക്കുന്ന തരത്തിലാണ് ഇസ്ലാമിലെ വ്രതം നിഷ്കർഷിക്കപ്പെട്ടിരിക്കുന്നത്. ഭൗതികതയുടെ ചുഴികളിൽ പെട്ട് മനുഷ്യ ജീവിതത്തിൽ സംഭവിക്കുന്ന താളപ്പിഴവുകളെയെല്ലാം അവ ജീവിതമായി മാറുന്നതിനു മുൻപേ വീണ്ടും താളാത്മകമാക്കുവാൻ വേണ്ടി സൃഷ്ടാവ് ഏർപ്പെടുത്തിയിരിക്കുന്ന ഒരു ശാസ്ത്രീയ സംവിധാനമാണ് ഇസ്ലാമിലെ വ്രതകാലം. അതുകൊണ്ട് അതിനെ ഒരു പ്രക്രിയയായി കാണേണ്ടതുണ്ട്. അപ്പോൾ വ്രതവും വ്രതകാലവും ജീവിതത്തിലേക്ക് മുഴുവൻ പടരുകയും പകരുകയും ചെയ്യും. അതുകൊണ്ട് റമദാൻ നേടിത്തന്ന എല്ലാ നന്മയും നമുക്ക് കാത്തുസൂക്ഷിക്കാം.
0
Thoughts & Arts
തഖബ്ബൽ മിന്നാ...
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso