Thoughts & Arts
Image

'കൂറ'കൾ അസ്വസ്ഥരാണ്

2026-08-02

തത്സമയം
ടി സെഞ്ചരി





പുതിയ ഒരു വിചിത്ര രാഷ്ട്രീയകക്ഷി പിറന്നതായി സാമൂഹ്യ മാധ്യമങ്ങൾ പറയുന്നു. വ്യക്തമായി പറഞ്ഞാൽ ഒരു സങ്കൽപ്പിക സാങ്കേതിക പാർട്ടി. ക്രോക്കോച്ച് ജനതാ പാർട്ടി. പറയാൻ മാത്രം വലിയ പ്രകടനങ്ങളോ പ്രഖ്യാപനങ്ങളോ ഒന്നും പുറത്ത് കാണുന്നില്ല എങ്കിലും പാർട്ടി ആരുടെയൊക്കെയോ സ്വസ്ഥതയെ ഭജ്ഞിക്കുന്നുണ്ട് എന്നത് പകൽ വെളിച്ചം പോലെ വ്യക്തമാണ്. അതിന്റെ കല്പിത സ്ഥാപകനായ അഭിജിത്ത് ദീപ്കെ തന്നെ പറഞ്ഞതനുസരിച്ച് പാർട്ടിയുടെ സാന്നിധ്യവും സ്വാധീനവും അടയാളപ്പെടുത്തുന്നതും സ്വയം കൽപ്പിതമായ പ്രവർത്തന മേഖലയും എല്ലാം ആയ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിൽ വെച്ച് ഏറ്റവും പ്രധാനപ്പെട്ട ഒന്നായ പാർട്ടിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടും തൻ്റെ സ്വകാര്യ അക്കൗണ്ടും പൂട്ടപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യുകയുണ്ടായി. മറ്റൊരു ഇ- പ്ലാറ്റ്ഫോമായ എക്സിലും വിലക്കും വിലങ്ങും വീണിട്ടുണ്ട്. മാത്രമല്ല ആധുനിക വിവരസാങ്കേതിക മേഖലയിലെ പ്രധാനപ്പെട്ട കരുതലും കവചവുമായ ബാക്കപ്പ് സാങ്കേതികവിദ്യ പോലും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിനർത്ഥം കാണാമറയത്ത് പ്രവർത്തിക്കുന്ന ഈ സംഘടന കാണാമറയത്ത് വലിയ വേട്ടകൾക്ക് വിധേയമാകുന്നുണ്ട് എന്നതാണ്. ഇത് ഇനി എങ്ങനെയെല്ലാം വേട്ടകളെയും വേട്ടക്കാരെയും മറികടക്കും എന്നതൊന്നും അനുമാനിക്കാൻ ഇപ്പോൾ കഴിയില്ല. പക്ഷേ ചില വസ്തുതകൾ ഇതുവരെ ഉണ്ടായതിൽ നിന്നും മനസ്സിലാക്കാൻ കഴിയും. അതിനു ശ്രമിക്കുമ്പോൾ തീർച്ചയായും ഈ സംഭവം വലിയ ഭീതി ഉണ്ടാക്കാൻ മാത്രം വലുതാണ് എന്ന് ഗ്രഹിക്കാനും കഴിയും.


ഇത് തല കാട്ടുന്നത് ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നടന്ന ഒരു വാദത്തിനിടെ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് തൊഴിലില്ലാത്ത യുവാക്കൾക്കു നേരെ തൻ്റെ അസഹിഷ്ണുത പ്രകടിപ്പിച്ചതു മുതലാണ്. തൊഴിലില്ലാത്ത യുവാക്കളെ അദ്ദേഹം കൂറകളോട് ഉപമിച്ചുകൊണ്ടായിരുന്നു പ്രസ്തുത അസഹിഷ്ണുത കാണിച്ചത്. അത് അപ്പോൾ തന്നെ വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇത്തരം ഒരു പ്രധാന സ്ഥാനത്ത് ഇരിക്കുന്ന ഒരു വ്യക്തി ഏതു സാഹചര്യത്തിലും പറയാൻ പാടില്ലാത്ത ഒന്നായിരുന്നു അത്. ഈ പരാമർശത്തിനെതിരെ ഉണ്ടായ വിവിധ പ്രതികരണങ്ങളിൽ ഒന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു കൽപിത പാർട്ടി എന്ന അർത്ഥത്തിൽ മാത്രം അഭിജീത് ദിപ്കെ 'കോക്രോച്ച് ജനതാ പാർട്ടി' സ്ഥാപിച്ചു രംഗത്തെത്തിയത്. പരിഹാസാത്മകമായ ഒരു പ്രതികരണം എന്ന അർത്ഥത്തിൽ അഭിജിത്തിൻ്റെ ശ്രമത്തെ ചുരുക്കി കെട്ടുവാൻ തുടക്കത്തിലെ കഴിയുമായിരുന്നില്ല. കാരണം, വലിയ ഒരു പാർട്ടിക്കുണ്ടാകുന്നതുപോലെ പേര്, പ്രധാന മുദ്രാവാക്യം, ലക്ഷ്യങ്ങൾ, അംഗത്വത്തിനുള്ള യോഗ്യതകൾ, പ്രവർത്തന പരിധി തുടങ്ങിയതെല്ലാം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ആ അരങ്ങേറ്റം തന്നെ. അതിനാൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരും പുതിയ നീക്കത്തിന്റെ ഗതിവിഗതികൾ വ്യക്തമായും തങ്ങൾക്കെതിരാണ് എന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയക്കാരും കേന്ദ്ര ഭരണകൂടവും ഇതിനെ ഗൗരവത്തിൽ എടുത്തു.


അലസരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദം എന്നാണ് സംഘടനയുടെ മുദ്രാവാക്യം. തൊഴിലില്ലായ്മ കൊണ്ട് വീർപ്പുമുട്ടുന്ന ഇന്ത്യൻ സാഹചര്യത്തിൽ അഭ്യസ്തവിദ്യരായ ഇവരുടെ വികാരങ്ങളെ തീ പിടിപ്പിക്കുവാൻ ഏറ്റവും അനുയോജ്യമായ ഒരു മുദ്രാവാക്യം തന്നെയാണ് ഇത്. മുദ്രാവാക്യത്തോടുള്ള പ്രകടമായ താല്പര്യത്തോടൊപ്പം സംഘടന ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ തന്നെ പുറത്തുവിട്ട പ്രധാനപ്പെട്ട ആവശ്യങ്ങളും ലക്ഷ്യങ്ങളും മേൽപ്പറഞ്ഞ തൊഴിൽരഹിത തലമുറയെ ഉദ്ദ്വീപിപ്പിക്കുന്നതായിരുന്നു. വിരമിച്ച ശേഷം ഭരിക്കുന്ന പാർട്ടി രാജ്യസഭാ സീറ്റും മറ്റു പ്രധാന സ്ഥാനങ്ങളും വാഗ്‌ദാനം നൽകി പ്രധാന നീതിപാലകരെ നേരത്തെ തന്നെ വിലക്കെടുക്കുന്ന പുതിയ രാഷ്ട്രീയ തന്ത്രത്തിനെതിരെ ഈ പാർട്ടി ശബ്ദിച്ചു. തങ്ങൾക്കിഷ്ടമില്ലാത്തവരെ പല പേരും പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്ന് വെട്ടി മാറ്റുന്ന പുതിയ രാഷ്ട്രീയത്തിനെതിരെ ഈ സംഘടന ധീരമായി ശബ്ദിച്ചു. അങ്ങനെ ചെയ്യുന്ന തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ യുഎപിഎ അനുസരിച്ച് അറസ്റ്റ് ചെയ്യണമെന്ന് സംഘടന ആവശ്യപ്പെട്ടു. പാർലമെൻറിലും ക്യാബിനറ്റിലും 50% സംവരണം സ്ത്രീകൾക്ക് വേണമെന്ന് സംഘടന ആവശ്യപ്പെട്ടു. കുത്തക ഇന്ത്യൻ മുതലാളിമാരുടെ ഉടമസ്ഥതയിൽ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന മാധ്യമ സാഹചര്യത്തിൽ അത്തരം കുത്തകരുടെ ലൈസൻസുകൾ റദ്ദാക്കി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് അവസരം ഒരുക്കണം എന്ന് ഈ സംഘടന ആവശ്യപ്പെട്ടു. എംഎൽഎമാരെയും എംപിമാരെയും ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഗവൺമെൻറ് രൂപീകരിക്കുന്നത് വരെ ഹോട്ടൽ മുറികളിൽ അടച്ചിട്ട് സംരക്ഷിക്കേണ്ട പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കുവാൻ കൂറുമാറുന്ന എംപിമാർക്കും എംഎൽഎമാർക്കും 20 വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കേർപ്പെടുത്തണം എന്ന് അവർ ആവശ്യപ്പെട്ടു. ഇങ്ങനെ പ്രത്യേകമായി ഹൈലൈറ്റ് ചെയ്ത ആവശ്യങ്ങൾക്കും നിർദ്ദേശങ്ങൾക്കും പുറമേ ഇന്ത്യയിലെ തൊഴിലില്ലായ്മ, രാഷ്ട്രീയ അസ്ഥിരത, പക്ഷപാത രാഷ്ട്രീയം, തീവ്രമായ വർഗീയത തുടങ്ങിയവക്കെതിരെ ഈ സംഘടന അതിന്റെ എഴുത്തു കുത്തുകളിൽ ശക്തമായി ശബ്ദിച്ചു.


ഇതെല്ലാം ഇന്നത്തെ ഇന്ത്യയിൽ കോടിക്കണക്കിന് നിഷ്പക്ഷവും നിരാലംബരുമായ പൗരന്മാരുടെ മനസ്സുകളെ ഉണർത്തുന്ന കാര്യം തന്നെയാണ്. ഇതിനോടൊപ്പം നിൽക്കുവാനും ഇതിനുവേണ്ടി ശബ്ദിക്കുവാനും ഈ കോടികളുടെ മനസ്സ് വളർന്നിട്ടുണ്ട് എന്നതും ഒരു സത്യമാണ്. പക്ഷേ ഭരണകൂടത്തിന്റെ വിവിധ വേട്ടയാടലുകൾക്കു മുമ്പിൽ ഒന്നും പറയാതെ ഒന്നും പറയാനാവാതെ എല്ലാം സഹിച്ച് കാൽമുട്ടുകൾ വിറച്ചു നിൽക്കുന്ന ഒരു സാഹചര്യമാണ് രാജ്യത്തുള്ളത്. അത്തരം ഒരു സാഹചര്യത്തിലാണ് കൈവെള്ളയിലിരിക്കുന്ന മൊബൈൽ ഫോണിൻ്റെ സ്ക്രീനിൽ തൊട്ടും തലോടിയും തോണ്ടിയും മാത്രം ഒപ്പം നിൽക്കുവാനും പിന്തുണ നൽകുവാനും പ്രവർത്തിക്കുവാനും കഴിയുന്ന ആധുനിക സാങ്കേതിക വിദ്യയുടെ വെളിച്ചത്തിലുള്ള പുതിയ നീക്കം രൂപപ്പെടുന്നത്. അവിടെ മറ്റാരെയും പ്രത്യേകമായി ഭയപ്പെടേണ്ട യാതൊരു സാഹചര്യവും ഇല്ല താനും. അതുകൊണ്ട് അഭ്യസ്തവിദ്യരും തൊഴിൽരഹിതരും നിരാശരുമായ ലക്ഷങ്ങളാണ് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ ഈ നീക്കത്തെ പിന്തുണച്ചത്.


കണക്കുകൾ പറയുന്നത് ശരിയാണെങ്കിൽ ആദ്യത്തെ 48 മണിക്കൂറിനുള്ളിൽ 40,000-ത്തിലധികം അംഗങ്ങൾ സംഘടനയിൽ രജിസ്റ്റർ ചെയ്തു അംഗത്വം നേടി. ഈ കണക്കുകൾ മെയ് 21-ൽ എത്തുമ്പോൾ അംഗസംഖ്യ 3,50,000-ത്തിലധികമായി ഉയർന്നു. സോഷ്യൽ മീഡിയ വഴി പൂരിപ്പിച്ച് നൽകി അംഗത്വം നേടാവുന്ന അംഗങ്ങളുടെ കണക്കാണിത്. ഇതു പ്രസിദ്ധീകരിക്കപ്പെടുമ്പോഴേക്കും ഈ തുക എത്രയോ ഇരട്ടിയായി തീർന്നിട്ടുണ്ടാവാം. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പലപ്പോഴും അടച്ചുപൂട്ടലുകൾക്ക് വിധേയമായി എങ്കിലും ഫോളോവേഴ്സിൻ്റെ കാര്യത്തിൽ ഞെട്ടിപ്പിക്കുന്ന പുരോഗതിയാണ് കൈവരിച്ചത്. ഇൻസ്റ്റാഗ്രാമിൽ രണ്ട് കോടി ഇരുപത്തിഏഴ് ലക്ഷം ഫോളോവേഴ്‌സും ട്വിറ്റർ എന്ന എക്‌സിൽ 1,50,000-ലധികം ഫോളോവേഴ്‌സുമുള്ള ഈ പ്രസ്ഥാനം നിലവിൽ ഏറ്റവും വലിയ ഒരു ഓൺലൈൻ സ്വാധീനമായി മാറിയിരിക്കുന്നു. നിർബന്ധിതമായോ, സ്വന്തം ഇഷ്ടപ്രകാരമോ, അല്ലെങ്കിൽ തത്വത്തിലോ തൊഴിലില്ലാത്തവർ, ശാരീരിക അധ്വാനം കുറഞ്ഞവർ, തുടങ്ങിയ ജനവിഭാഗങ്ങൾക്കാണ് അംഗത്വത്തിനുള്ള അർഹത. സംഘടനയുടെ പ്രവർത്തനങ്ങൾ പ്രധാനമായും മീഡിയയിൽ കേന്ദ്രീകരിക്കുന്നതായിരിക്കും എന്ന് സൂചന നൽകുന്നതാണ്
ദിവസവും കുറഞ്ഞത് 11 മണിക്കൂർ ഓൺലൈനിൽ സമയം ചിലവഴിക്കുന്നവരോ
പ്രൊഫഷണലായി കാര്യങ്ങൾ വിമർശിക്കാനുള്ള കഴിവുള്ളവരോ ആയിരിക്കണം എന്ന വ്യവസ്ഥ. മുദ്രാവാക്യങ്ങളുടെയും ആശയത്തിന്റെയും ലക്ഷ്യത്തിന്റെയും ആവശ്യങ്ങളുടെയും എല്ലാം കൃത്യത സംഘാടക മികവിലേക്ക് കൂടി വിരൽചുണ്ടു എന്ന് പറയാതെ വയ്യ. സംഘാടകൻ അഭിജിത്ത് ദീപ്കെ ഈ വിഷയത്തിൽ പ്രകടമായ കഴിവ് തെളിയിച്ചിട്ടുള്ള ആളാണ്. ആം ആദ്മി പാർട്ടിയുടെ മുൻ സോഷ്യൽ മീഡിയാ സ്ട്രാറ്റജിസ്റ്റ് ആയിരുന്നു അഭിജീത് ദിപ്കെ. തികച്ചും ഇല്ലായ്മയിൽ നിന്ന് ഒരു ആശയം ഉയർത്തിക്കൊണ്ടു വരികയും അതിനെ ഡൽഹി പോലെ വളരെ പ്രധാനമായ ഒരു സംസ്ഥാനത്തിന്റെ ഭരണ സിംഹാസനത്തിലേക്ക് വരെ ഉയർത്തിക്കൊണ്ടു വരികയും ചെയ്ത രാഷ്ട്രീയമാണ് ആം ആദ്മി പാർട്ടിയുടേത്. ഈ വളർച്ചയിലേക്ക് പാർട്ടിയെ നയിച്ചത് തീർച്ചയായും ദീപ്കേക്ക് വലിയ പങ്കുണ്ടായിരിക്കും എന്നത് സമ്മതിച്ചു കൊടുക്കേണ്ട കാര്യമാണ്.


സിജെപി എന്ന് വിളിക്കപ്പെടുന്ന ഈ പാർട്ടി എന്തൊക്കെ ചെയ്യും എന്നൊന്നും അനുമാനിക്കുവാൻ സമയമായിട്ടില്ല. പക്ഷേ, പ്രതികരണത്തിന്റെ ഇത്തരം ഒരു പുതിയ രീതി ഇന്ത്യയിലെ യുവസമൂഹം സ്വീകരിക്കാൻ പാകപ്പെട്ടു കഴിഞ്ഞിട്ടുണ്ട് എന്ന പാഠം ഈ നീക്കങ്ങൾ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതുതന്നെയാണ് ഇവിടെ ആദ്യം കാണേണ്ട കാര്യവും. കരുതിയത് പോലെ കാര്യങ്ങളെ കൂട്ടിയിണക്കുവാൻ മാത്രം സമാധാനഭദ്രമായ ഒരു സാമൂഹ്യ രാഷ്ട്രീയ സാഹചര്യം ദീപ്കേക്ക് കിട്ടിക്കൊള്ളണം എന്നൊന്നുമില്ല. കാരണം ശത്രുവിനെ ഏതു വിധേനയും നിഗ്രഹിക്കുവാൻ സുരക്ഷിതമായ മാർഗങ്ങൾ കയ്യിലുള്ള കക്ഷിക്ക് എതിരെയാണ് ഈ നീക്കം. കേന്ദ്രഭരണം തന്നെ അവരുടെ കൈകളിലാണ്. ആയതിനാൽ എങ്ങനെയും ഇതു നശിപ്പിക്കപ്പെടുക തന്നെ ചെയ്യും. പക്ഷേ, ഏതുവിധം വേട്ടയാടിയാലും അത് പാടെ ഇല്ലാതെയാവുകയില്ല എന്നു കരുതാൻ നിലവിലുള്ള ഈ അനുഭവങ്ങൾ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. കാരണം ഈ മനസ്ഥിതി ജനിച്ചു കഴിഞ്ഞു. ഇനി അത് പെട്ടെന്നൊന്നും അടിച്ചമർത്തപ്പെടുകയോ കൊല്ലപ്പെടുകയോ ഇല്ല. അതിനു മതിയായ ഉദാഹരണമാണ് മുല്ലപ്പൂ വിപ്ലവം.


2010-2011 കാലഘട്ടത്തിൽ ആഫ്രിക്കയിലെ ടുണീഷ്യയിൽ നിന്ന് ആരംഭിച്ച് മധ്യേഷ്യൻ, വടക്കേ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് പടർന്ന ജനകീയ വിപ്ലവമായിരുന്നു മുല്ലപ്പൂ വിപ്ലവം. കാലങ്ങളായി അധികാരത്തിൽ തുടരുന്ന പരമ്പരാഗത ഭരണാധികാരികൾക്കെതിരെ തൊഴിലില്ലായ്മ രൂക്ഷമായി നേരിടുന്ന രാജ്യങ്ങൾ നടത്തിയ നീക്കമായിരുന്നു ഒരു വലിയ വിപ്ലവമായി പരിഗണിച്ചത്. അഴിമതി, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയ്‌ക്കെതിരെ നടന്ന ഈ പ്രക്ഷോഭങ്ങൾ നിരവധി ഏകാധിപത്യ ഭരണകൂടങ്ങളെ അട്ടിമറിക്കുന്നതിലേക്ക് നയിച്ചു. 2010 ഡിസംബറിൽ മുഹമ്മദ് ബൗസീസി എന്ന ചെറുപ്പക്കാരനായ വഴിയോര കച്ചവടക്കാരൻ തന്റെ ഉപജീവനമാർഗം പോലീസ് തടഞ്ഞതിനെത്തുടർന്ന് ശരീരത്തിൽ തീകൊളുത്തി ആത്മഹത്യ ചെയ്‌തു. ഈ സംഭവമാണ് രാജ്യവ്യാപകമായ പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തിയത്. ഇതിനെ തുടർന്നുണ്ടായ അതിരൂക്ഷമായ പ്രക്ഷോഭത്തിനു മുമ്പിൽ 23 വർഷമായി ടുണീഷ്യ ഭരിച്ച് കൊണ്ടിരിക്കുകയായിരുന്ന പ്രസിഡന്റ് സൈനുൽ അബിദിൻ ബിൻ അലിക്ക് കഠിനമായി ശ്രമിച്ചിട്ടും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. 2011 ജനുവരി 14-ന് അധികാരം ഒഴിഞ്ഞ് അയാൾക്ക് നാടുവിടേണ്ടി വന്നു.


ഇത് ഇപ്പോൾ സി.ജെ.പി ഇന്ത്യയിൽ സൂചിപ്പിക്കുന്നത് പോലെ ഒരു സന്ദേശം സമാന രാജ്യങ്ങൾക്ക് നൽകാൻ പര്യാപ്തമായിരുന്നു എന്നത് ശ്രദ്ധേയമാണ്. അതുകൊണ്ടാണ് ഇത്തരം ചെറിയ ചെറിയ വിപ്ലവങ്ങൾ പിടിച്ചു നിൽക്കുകയും ലക്ഷങ്ങൾ പിടിച്ചു വാങ്ങുകയും ചെയ്യും എന്ന പ്രതീക്ഷ നൽകുന്നത്. മുല്ലപ്പൂ വിപ്ലവത്തിൻ്റെ സംഘാടനം, രീതി എന്നിവ സമാന സ്വഭാവത്തിലുള്ള ഭരണം നിലനിൽക്കുന്ന രാജ്യങ്ങളിലെ നിരാശരും അസംതൃപ്തരുമായ ജനങ്ങൾ ശ്രദ്ധിച്ചു. അവരും തങ്ങളുടെ നാട്ടിൽ ആ വഴി സ്വീകരിച്ചു. അങ്ങനെ ഈ വിപ്ലവം ഈജിപ്ത്, ലിബിയ, യെമൻ, സിറിയ തുടങ്ങിയ മറ്റ് അറബ് രാജ്യങ്ങളിലേക്കും വ്യാപിക്കുകയും അവിടങ്ങളിൽ ഭരണ മാറ്റത്തിന് കാരണമായി തീരുകയും ചെയ്തു. 'അറബ് വസന്തം' എന്ന പേരിലായിരുന്നു അവിടങ്ങളിലേക്ക് അത് വളർന്നത്. വർഷങ്ങളായി അവിടം ഭരിച്ചിരുന്ന ഏകചത്രാധിപതികളെ ഈ വിപ്ലവം വലിച്ചു താഴെ ഇടുക തന്നെ ചെയ്തു.


സിജെപിയുടെ ഔദ്യോഗിക എക്‌സ് പേജ് ഇന്ത്യയിൽ വിലക്കി. ഇതിനുപിന്നാലെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളും ഔദ്യോഗിക വെബ്‌സൈറ്റും നീക്കം ചെയ്യപ്പെട്ടു. ഇതിനിടയിലാണ് പ്രമാദമായ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയ്‌ക്കെതിരെ വലിയ കാമ്പയിൻ സിജെപി സംഘടിപ്പിച്ചതും ജനശ്രദ്ധ ആകർഷിച്ചതും. ഈ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെടുക കൂടി ചെയ്തതോടെ സിജെപി വീണ്ടും ശ്രദ്ധ നേടി. നീക്കങ്ങളെല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി ആയതിനാൽ അത് സ്വാധീനിക്കുന്നത് തൊണ്ണൂറു ശതമാനവും അഭ്യസ്ഥ വിദ്യരെയാണ് എന്നതും അവരിൽ മഹാഭൂരിപക്ഷവും തങ്ങളുടെ ജീവിതത്തെ നിരാശയിലാഴ്ത്തുന്ന നിലവിലുള്ള ഭരണകൂടത്തിന്റെ കടുകാര്യസ്ഥതയോടെ അമർഷം ഉള്ളവരും ആണ് എന്നതെല്ലാം പ്രത്യേകം അടിവരയിട്ട് മനസ്സിലാക്കേണ്ടതുണ്ട്. അതിനാൽ എല്ലാം ഒരു വിഷയത്തിന് എന്തെങ്കിലും ഒരു മറുപടിയോ നടപടിയോ വഴി പരിഹാരം കണ്ടാൽ തന്നെയും സമാനമായ വിഷയങ്ങൾ വരുമ്പോൾ ഇതേ പ്രതികരണത്തിലേക്ക് കോടിക്കണക്കിന് പൗരന്മാരെ ചുരുങ്ങിയ സമയം കൊണ്ട് എത്തിക്കുവാൻ ഈ സംവിധാനം വഴി കഴിയും എന്ന് വന്നിരിക്കുന്നു. ഇതും നാം നോട്ട് ചെയ്യേണ്ടതുണ്ട്.


ഇലക്ട്രോണിക് മീഡിയ വഴിയുള്ള വേട്ടയിൽ വിജയിക്കുവാൻ കേന്ദ്ര ഗവൺമെന്റിനും അവരുടെ പാർട്ടിക്കും ഒരു പ്രയാസവുമില്ല. കാരണം അതെല്ലാം അവരുടെ കൈകളിൽ ഭദ്രമാണ്. പ്രതികരണങ്ങൾ മറുപടി പറയുക ചോദ്യങ്ങൾക്ക് ഉത്തരം ചെയ്യുക മീഡിയയുടെ മുമ്പിൽ പത്രസമ്മേളനം വഴിയോ മറ്റോ വിശദീകരണം നൽകുക തുടങ്ങിയതൊന്നും ഒട്ടും ശീലമില്ലാത്ത പാർട്ടിയാണ് ബിജെപി. എന്തുപറഞ്ഞാലും അവിടെനിന്ന് പ്രതികരണം ഉണ്ടാവില്ല. അതിനാൽ സിജെപി അക്കൗണ്ടുകൾ ബാൻ ചെയ്തത് അംഗീകരിക്കുന്നു എന്നോ അതിനു പിന്നിൽ തങ്ങളല്ല എന്നോ ഒന്നും അവർ പറയില്ല. ഒന്നും പറയാതെ, ആരോടും ചോദിക്കാതെ കരുതിയതെല്ലാം ചെയ്യുക എന്നതാണ് പൊതുവേ കേന്ദ്ര ഗവൺമെന്റിന്റെയും ബിജെപിയുടെയും നയവും ശീലവും. അതിനാൽ ഒരുപക്ഷേ ഭാവിയിൽ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾക്ക് ബദലായി യുവാക്കളുടെയും വിദ്യാർത്ഥികളുടെയും പ്രശ്നങ്ങൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ ഉയർത്തിക്കാട്ടുന്ന ഒരു പ്രതിപക്ഷ ശബ്ദമായി സിജെപി തുടരാനാണ് സാധ്യത.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso