Thoughts & Arts
Image

മിൻ മാഇൻ ദാഫിഖ് !

2026-08-02

ഇഅ്ജാസ്
ടി എച്ച് ദാരിമി അൽ അസ്ഹരി





മനുഷ്യ സൃഷ്ടിപ്പിന്റെ അപാരമായ അത്ഭുതങ്ങളിലേക്ക് കടന്നുചെല്ലുംതോറും നാം കൂടുതൽ സൃഷ്ടാവിന്റെ സൃഷ്ടി മഹാത്മ്യത്തെ തിരിച്ചറിഞ്ഞു തുടങ്ങും. അൽ മുഅ്മിനൂൻ അധ്യായത്തിലെ 12 മുതൽ 14 വരെ സൂക്തങ്ങളിൽ അതിൻ്റെ ക്രമം വിവരിച്ചത് കാണാം. അല്ലാഹു പറയുന്നു: 'നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്നു നാം സൃഷ്ടിക്കുകയും പിന്നീട് ശുക്ലമാക്കി ഒരു ഭദ്ര സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു. അനന്തരം ആ ശുക്ലത്തെ രക്ത പിണ്ഡമായും അതിനെ മാംസ പിണ്ഡമായും തുടര്‍ന്ന് അതിനെ അസ്ഥികൂടമായും രൂപപ്പെടുത്തി. അനന്തരമത് മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാമവന് അസ്തിത്വമേകി. അപ്പോള്‍ ഏറ്റം ഉദാത്തമായി സൃഷ്ടി കര്‍മം നടത്തുന്ന അല്ലാഹു അനുഗ്രഹ പൂര്‍ണനത്രേ'. അതിൽ മനുഷ്യനെ കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചു എന്ന ഭാഗമാണ് കഴിഞ്ഞ അധ്യായത്തിൽ നാം പറഞ്ഞത്. ഇത് വ്യക്തമായും ആദിമ മനുഷ്യനായ ആദം നബിയുടെ സൃഷ്ടിപ്പിനെയാണ് സൂചിപ്പിക്കുന്നത്. ആദ്യത്തെ മനുഷ്യനെ മണ്ണ് കുഴച്ചത് കൊണ്ട് നിർമ്മിച്ചെടുത്ത് ജീവൻ നൽകിയ അല്ലാഹു തുടർന്നുവരുന്ന സന്തതി പരമ്പരയെ ആ വിധത്തിൽ ഉണ്ടാക്കുവാനല്ല ഉദ്ദേശിക്കുന്നത്. ഇത് അല്ലാഹുവിൻ്റെ സൃഷ്ടിപ്പിന്റെയും നടപടിയുടെയും ഒരു സവിശേഷതയാണ്. കാര്യങ്ങളെ ഓരോന്നിനെയും ഓരോ കാരണങ്ങളുമായി ബന്ധിപ്പിച്ചു നിർത്തുക എന്നതാണ് അല്ലാഹുവിൻ്റെ രീതി. ഒറ്റപ്രക്രിയ മാത്രമല്ല അല്ലാഹുവിൻ്റെ സൃഷ്ടിപ്പിന്റെയും ആവിഷ്കാരത്തിന്റെയും പിന്നിൽ ഉള്ളത്. മറിച്ച് പല ഘട്ടങ്ങൾ കടക്കുകയും ഓരോ ഘട്ടത്തെയും തൊട്ടടുത്ത ഘട്ടവുമായി ബന്ധിപ്പിച്ച് നിർത്തുകയും ചെയ്യുന്ന ഒരു രീതിയാണ് ഉള്ളത്. ഇങ്ങനെ വരുമ്പോൾ മാത്രമേ വലിയ ഒരു ചിന്താവിഷയം ഉണ്ടാവുകയുള്ളൂ. കണ്ണികളിലൂടെ കടന്നു കടന്നു ഇനി എങ്ങോട്ടും കൊളുത്തുവാൻ ഇല്ലാത്ത വിധം ഒരു പോയിന്റിൽ മനുഷ്യ ചിന്തയെ കൊണ്ടെത്തിക്കുവാൻ ഇത് സഹായകമാകുന്നു. ഇത് അതുകൊണ്ടാണ്, അത് ഇതുകൊണ്ടാണ് എന്നിങ്ങനെ ചേർത്തുവെച്ച് മനസ്സ് കൊണ്ട് സങ്കൽപ്പിച്ചു മുന്നോട്ടു പോകുമ്പോൾ അവസാനത്തെ കണ്ണിയെ കുറിച്ച് ചിന്തിക്കുവാനുള്ള ഒരു അവസരത്തിലേക്ക് എത്തിച്ചേരുന്നു. അങ്ങനെയാണ് ദൃഷ്ടാന്തങ്ങൾ എല്ലാം ദൃഷ്ടാന്തങ്ങളായി മാറുന്നത്.


ആദം നബിക്ക് ശേഷം ആദം നബിയുടെ സന്തതി പരമ്പരയുടെ സൃഷ്ടിപ്പിൽ അല്ലാഹു ഇതേ ക്രമണിക പാലിച്ചത് നമുക്ക് മനസ്സിലാക്കാൻ കഴിയും. ആദം നബിയെ പടക്കുകയും ജീവൻ നൽകുകയും ചെയ്തതിനുശേഷം ആ ആദിമ മനുഷ്യനിൽ നിന്ന് തന്നെ ആദിമ സ്ത്രീയെ ഉണ്ടാക്കി. തുടർന്ന് പുരുഷനിൽ സ്ത്രീയോടുള്ള ഒരു വൈകാരിക താൽപര്യവും ത്വരയും നിക്ഷേപിച്ചു. അതോടൊപ്പം തന്നെ സ്ത്രീയിൽ പുരുഷനോടുള്ള ആഗ്രഹവും നിക്ഷേപിച്ചു. ഈ രണ്ട് ത്വരകളും പ്രവർത്തിച്ചു തുടങ്ങുമ്പോൾ അവർ ഇണകളായി മാറുന്നു. ഇണകൾ പരസ്പരം ആകർഷിക്കപ്പെടുവാൻ സൃഷ്ടാവ് കാമം എന്ന ഊർജ്ജം അവർക്കിടയിൽ സന്നിവേശിപ്പിക്കുന്നു. അതിനെ തുടർന്ന് ഇണകൾ ഇണ ചേരുമ്പോൾ പുരുഷനിൽ നിന്ന് ബീജവും സ്ത്രീയും അണ്ഡവും സ്രവിപ്പിക്കപ്പെടുകയും അത് പുതിയ ഒരു സൃഷ്ടിയുടെ തുടക്കമാവുകയും ചെയ്യുന്നു. നമ്മുടെ ഈ പഠനസഞ്ചാരത്തിൽ നാം ഇന്ന് ബീജത്തെ കുറിച്ചാണ് സംസാരിക്കാൻ ഉദ്ദേശിക്കുന്നത്. പുരുഷ ബീജം ശാസ്ത്രീയമായി കണ്ടെത്തപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്ത ഒരു വസ്തുതയാണ്. 1677-ൽ ഡച്ച് ശാസ്ത്രജ്ഞനായ ആന്റണി വാൻ ലീവൻഹോക്ക് (Antonie van Leeuwenhoek) ആണ് ആദ്യമായി ബീജം കണ്ടെത്തിയത്. അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്ത മൈക്രോസ്കോപ്പ് ഉപയോഗിച്ച് തന്റെ സ്വന്തം ബീജം നിരീക്ഷിച്ചാണ് ഈ കണ്ടെത്തൽ നടത്തിയത്. അത് ജനിതക ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ഒരു നേട്ടമായിരുന്നു. കാരണം പ്രത്യുൽപാദന പ്രക്രിയയിൽ പുരുഷൻ്റെ സ്വാധീനം ശക്തമാണ് എന്ന വിശ്വാസം പുലർത്തിയിരുന്ന ശാസ്ത്രലോകം അതിന് എന്തെങ്കിലും ഒരു ന്യായം ആധികാരികമായി തെളിയിക്കാൻ കഴിയാതെ നിൽക്കുകയായിരുന്നു. അപ്പോഴാണ് ഒരു ശാസ്ത്രജ്ഞനല്ലാതിരുന്ന ലീവൻഹോക്ക് ബീജം കണ്ടെത്തുന്നത്. ഇവിടെ ഖുർആനിന്റെ അമാനുഷികതക്ക് ഇതൊരു തെളിവായി നിൽക്കുകയാണ്. കാരണം, വിശുദ്ധ ഖുർആൻ നുത്വുഫ എന്ന ബീജത്തെ കുറിച്ച് ആയിരം വർഷങ്ങൾക്കു മുമ്പ് ആവർത്തിച്ചു പരാമർശിച്ചിരുന്നു. വിശുദ്ധ ഖുർആൻ പറഞ്ഞു വെച്ചതിലേക്ക് ശാസ്ത്രലോകം എത്തിച്ചേരുകയായിരുന്നു എന്ന് ഇതിൽ നിന്ന് സുതരാം മനസ്സിലാക്കാം.


ബീജത്തിന്റെ കാര്യത്തിൽ പിന്നീട് ഉണ്ടായ ചില തെറ്റിദ്ധാരണകൾ ഉണ്ട്. അത് നാസ്തികരായ യുക്തിവാദികൾ ഉയർത്തിക്കൊണ്ടു വരുന്നതാണ്. വിശുദ്ധ ഖുർആനിൽ അബദ്ധങ്ങൾ ഉണ്ട് എന്ന സ്ഥാപിക്കുവാൻ അവർ പതിവായി ഉപയോഗിക്കുന്ന ഒരു വിഷയമാണ് ഇത്. ആ വിഷയത്തിന്റെ രത്ന ചുരുക്കം ഇതാണ്. ബീജം ഉല്പാദിപ്പിക്കപ്പെടുന്നത് പുരുഷൻ്റെ വൃഷണത്തിലാണ് എന്നത് ശാസ്ത്രീയമായ ഒരു സത്യവും വസ്തുതയുമാണ്. എന്നിരിക്കെ ഖുർആൻ പറയുന്നത് അതുൽപ്പാദിപ്പിക്കപ്പെടുന്നത് മുതുകിൽ ആണ് എന്നാണ്. ഇത് വ്യക്തമായ ശാസ്ത്രവിരുദ്ധമാണ്. ശാസ്ത്രം അതിൻ്റെ സാങ്കേതിക കഴിവുകളും പഠന നിരീക്ഷണങ്ങളും ഉപയോഗപ്പെടുത്തി ബീജത്തിന്റെ പ്രഭവ കേന്ദ്രം കണ്ടുപിടിക്കുകയായിരുന്നു. എന്നാൽ അത്തരത്തിലുള്ള ഒരു ശാസ്ത്രീയ പിൻബലം ഇല്ലാത്ത ആളായിരുന്നതുകൊണ്ടാണ് മുഹമ്മദ് നബി ഈ അബദ്ധം പറഞ്ഞത് എഴുതിവെച്ചത് എന്നല്ലാമാണ് അവർ പറയുന്നത്. അതിനവർ ഉപയോഗിക്കുന്നത് അത്വാരിഖ് സൂറത്തിലെ ഒരു ആയത്താണ്. ആ ആയത്തിൽ അല്ലാഹു പറയുന്നു: 'അതുകൊണ്ട്, താന്‍ എന്തില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ. മുതുകെല്ലിനും നെഞ്ചെല്ലുകള്‍ക്കുമിടയില്‍ നിന്ന് തെറിച്ചുപുറത്തുവരുന്ന ഒരു ദ്രവത്തില്‍ നിന്നാണ് അവന്‍ പടച്ചുണ്ടാക്കപ്പെട്ടിട്ടുള്ളത്' (അത്വാരിഖ്: 5-7). ഈ സൂക്തം വൃഷണത്തിൽ നിന്നാണ് ബീജം ഉല്പാദിപ്പിക്കപ്പെടുന്നത് എന്ന ശാസ്ത്രീയ സത്യത്തിന് ഘടകവിരുദ്ധമാണ് എന്നും അതിനാൽ തന്നെ ഇത് ശാസ്ത്രബോധമില്ലാത്ത കാരണത്താൽ ഉണ്ടായ അബദ്ധമാണെന്നും അവർ സമർഥിക്കുന്നു. ഈ ആരോപണത്തിന്റെ കാര്യവും മറ്റെല്ലാ ആരോപണങ്ങളുടെയും കാര്യം പോലെ അന്ധമായ ഖുർആനിക വിരോധം തന്നെയാണ്. കാരണം ശാസ്ത്രലോകം തന്നെ നടത്തിയ കണ്ടുപിടിത്തങ്ങളും അനുമാനങ്ങളും വിശുദ്ധ ഖുർആനിൻ്റെ ഈ വിഷയത്തിലുള്ള ആശയത്തോട് ഒരിക്കലും വിരുദ്ധമാകുന്നില്ല എന്നതാണ് സത്യം.


ഇതു മനസ്സിലാക്കുന്നതിൽ തെറ്റു വന്നത് പ്രധാനമായും ഈ ആയത്തിലെ സ്വുൽബ്, തറാഇബ് എന്നീ രണ്ട് വാക്കുകളുടെ ഭാഷാന്തരത്തിൽ വന്ന പിഴവിൽ നിന്നാണ്. യഥാക്രമം മുതുക്, വാരിയെല്ലുകൾ എന്നിങ്ങനെയാണ് പ്രചാരത്തിലുള്ള ഈ വാക്കുകളുടെ അർത്ഥം. അതു പൂർണാർത്ഥത്തിൽ ശരിയല്ല. ആധികാരികമായി വിശുദ്ധ ഖുർആനിൻ്റെ വാക്കുകൾ സൂക്ഷ്മമായി പരിഭാഷപ്പെടുത്തിയ പല പരിഭാഷകളിലും അതിൻ്റെ അർത്ഥം ഈ പറഞ്ഞതുപോലെയല്ല എന്നത് ശ്രദ്ധേയമാണ്. പ്രസിദ്ധ ഓറിയന്റലിസ്റ്റ് പണ്ഡിതനായ Hans Wehr എഴുതി J. Milton Cowan എഡിറ്റു ചെയ്തിറക്കിയ Arabic-English Dictionary യില്‍ സ്വുല്‍ബിനു നല്‍കിയിരിക്കുന്ന അര്‍ഥം ഒരു ഉദാഹരണമായി എടുക്കാം. അദ്ദേഹം സ്വുൽബ് എന്ന വാക്കിന് നൽകിയിരിക്കുന്ന അർത്ഥം spinal Column / backbone – നട്ടെല്ല്, loins- അരക്കെട്ട് എന്നിങ്ങനെയാണ് (P.521). loin എന്ന പദത്തിനു google translate ഉള്‍പ്പടെയുള്ള ഓണ്‍ലൈന്‍ നിഘണ്ടുകളും The concise Oxford Dictionary ഉൾപ്പടെയുള്ള പ്രിന്‍റഡ് നിഘണ്ടുകളും നൽകുന്ന അറബി അർത്ഥം സ്വുൽബ് എന്നാണ്. പിന്നീട് ഇസ്ലാം ആശ്ലേഷിച്ച പ്രമുഖ വിശുദ്ധ ഖുർആൻ പരിഭാഷകൻ മുഹമ്മദ് അസദ് (ലിയോപോൾഡ് വെയ്സ്), ക്രിസ്തു മതത്തിൽ നിന്നു ഇസ്ലാമിലേക്ക് വന്ന മുഹമ്മദ് മർമഡ്യൂക് പിക്താൾ, വിശ്രുതനായ ബ്രിട്ടീഷ് ഓറിയന്റലിസ്റ്റ് പണ്ഡിതൻ ആർദർ ജോൺ ആർബറി തുടങ്ങിയവരെല്ലാം തയ്യാറാക്കിയ ഖുർആൻ പരിഭാഷകളിൽ സ്വുൽബിനു നൽകിയിരിക്കുന്ന അർത്ഥം loins എന്നാണ്. ഇംഗ്ലീഷിൽ loins എന്ന വാക്കിൻ്റെ അർത്ഥം അരക്കെട്ട്, ഗുഹ്യപ്രദേശം, ഇടുപ്പ്, നാഭി, കടിപ്രദേശം, നാഭീതടം എന്നിങ്ങനെയൊക്കെയാണ്. മുതുകെല്ല്, നട്ടെല്ല് തുടങ്ങിയ അർത്ഥങ്ങളും ഈ വാക്കിന് വരുന്നുണ്ട് എന്നതു സത്യം തന്നെയാണ്. പക്ഷേ സൂക്ഷ്മാർത്ഥം മേൽപ്പറഞ്ഞ ഗുഹ്യപ്രദേശം, നാഭി തുടങ്ങിയവയൊക്കെയാണ്. ഇത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ നമുക്ക് പ്രവേശിക്കേണ്ടത് മനുഷ്യൻ്റെ ബീജം എവിടെയാണ് രൂപം കൊള്ളുന്നത്, അതിൽ ഏതെല്ലാം ശരീര ഭാഗങ്ങളുടെ സ്വാധീനമുണ്ട് എന്നതിലേക്കാണ്. അത് അന്വേഷിക്കുമ്പോൾ വൃഷണത്തിൽ നിന്നാണ് സ്ഖലനത്തിന് തയ്യാറാകുന്ന രീതിയിൽ ബീജം വളർച്ച പ്രാപിക്കുന്നത് എന്നത് ശരിയാണെങ്കിലും അതിനുമുമ്പ് അത് രൂപം കൊള്ളുന്നത് മറ്റു പല ഭാഗങ്ങളിൽ നിന്നും ആണ് എന്ന് കണ്ടെത്താൻ കഴിയും. ചുരുക്കത്തിൽ വൃക്ഷണം നേരിട്ട് ബീജത്തെ ഉല്പാദിപ്പിക്കുന്നില്ല, മറിച്ച് പല കൈവഴികളിലൂടെയും എത്തിച്ചേരുന്ന ഘടകങ്ങൾ അവിടെ സ്വരുക്കൂട്ടപ്പെടുകയും സ്ഖലനത്തിന് സജ്ജമാവുകയും ചെയ്യുകയാണ് എന്നതാണ് വസ്തുത. അത് ശാസ്ത്രം തന്നെ വിവരിക്കുന്നുണ്ട്.


വൃഷണത്തിൽ ഏകദേശം അറുപത്തിനാല് ദിവസങ്ങളെടുത്താണ് ഓരോ ബീജാണുവും വളർന്ന് പൂർണതയിലെത്തുന്നത്. സ്പേർമെറ്റോഗോണിയം (Spermetogonium) എന്നു വിളിക്കപ്പെടുന്ന കോശം വൃഷണത്തിനകത്ത് വിഭജിക്കപ്പെട്ട് സ്പേർമെറ്റോസൈറ്റുകളായും (Spermatocytes) പിന്നീട് അവയ്ക്ക് വാല് കിളിർത്തു വന്ന് ചലനശേഷി കൈവരികയും ചെയ്താണ് അവ ബീജാണുക്കളായി രൂപാന്തരപ്പെടുന്നത്. ഇങ്ങനെയുണ്ടാകുന്ന ബീജാണുക്കൾ ശുക്ല സ്രവത്തിന്റെ അഞ്ചിൽ താഴേ ശതമാനം മാത്രമേ ഉണ്ടാകൂ എന്നാണ് കണക്ക്. ബാക്കിയുള്ളതെല്ലാം നേരത്തെ പറഞ്ഞ ഗുഹ്യപ്രദേശം, നാഭി തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ടുവരുന്നത് തന്നെയാണ്. സെമിനൽ വെസിക്കിളുകൾ (Seminal Vesicles) ഉത്പാദിപ്പിക്കുന്ന സ്രവങ്ങളാണ് ഇവയിൽ 65 മുതൽ 75 ശതമാനം വരെ. പോസ്റ്റാഗ്ലാൻഡിനുകൾ, എൻസൈമുകൾ, അമിനോ ആസിഡുകൾ, പ്രോട്ടീനുകൾ, വിറ്റാമിൻ സി, സിട്രേറ്റ്, ഫക്റ്റോസ്, ഫ്ളാവിനുകൾ, ഫോസ്ഫോറിൽ കോളിൻ തുടങ്ങിയവയാണ് ഈ സ്രവങ്ങളിൽ മുഖ്യമായിട്ടുള്ളത്. ഇവയ്ക്കു പുറമെ 25 മുതൽ 30 ശതമാനം വരെ പ്രോസ്റ്റേറ്റിൽ (Prostate) നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന സിട്രിക്ക് ആസിഡ്, ഫെബിനോലിസിൻ, ആസിഡ് ഫോസ്റ്റേസ്, പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്‍റിജൻ, സിങ്ക്, പ്രോട്ടിയോലിറ്റിക് എൻസൈമുകൾ തുടങ്ങിയവയാണ് ശുക്ലത്തിലുണ്ടാവുക. ഇവയ്ക്കു പുറമെ ഏതാണ്ട് ഒരു ശതമാനം ബൾബോയൂറിത്രല്‍ ഗ്രന്ഥികൾ (Bulbouriethral glands) അഥവാ കൌപെഴ്സ് ഗ്രന്ഥികൾ (Cowpers glands) എന്നിവ പുറപ്പെടുവിക്കുന്ന ഗാലക്ട്രോസ്, സിയാലിക് ആസിഡ് എന്നീ സ്രവങ്ങളുമാണ്. ചുരുക്കത്തിൽ, ശുക്ലത്തിൽ രണ്ടോ അതിലൽപം കൂടുതലോ മാത്രം ശതമാനമാണ് ബീജാണുക്കൾ ഉള്ളത്. ബാക്കി മറ്റു സ്രവങ്ങളാണ്. അവയൊന്നും ഉല്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലല്ല. അപ്പോൾ പിന്നെ ബീജം പരിപൂർണ്ണമായും വൃഷണത്തിൽ ആണ് രൂപപ്പെടുന്നത് എന്ന ധാരണയാണ് അബദ്ധം. വിശുദ്ധ ഖുർആനിലെ പരാമർശമല്ല. വൃഷണങ്ങൾക്ക് പുറമെ, മുതുകെല്ലിന്‍റെ അടിഭാഗത്തിനു മുന്നിലായുള്ള സെമിനൽ വെസിക്കിളുകൾ, പ്രോസ്റ്റേറ്റ് ഗ്രന്ഥി, കൗപേഴ്സ് ഗ്രന്ഥി എന്നിവയിൽ നിന്നെല്ലാം ഉത്പ്പാദിപ്പിക്കപ്പെട്ട് സ്ഖലന നാളിയിലെത്തി ഒന്നിച്ചു ചേർന്ന ശേഷം ലിംഗനാളിയിലൂടെ പുറത്തേക്കു തെറിച്ച് വീഴുകയാണ് ചെയ്യുന്നത്. ശുക്ലത്തിന്‍റെ ഭൂരിഭാഗവും (65% മുതല്‍ 75% വരെ) ഉത്പാദിപ്പിക്കുന്ന seminal vesicle എന്ന ഭാഗം മൂത്ര സഞ്ചിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ശുക്ലത്തിന്‍റെ രണ്ടാമത്തെ വലിയ ഭാഗം (25% മുതല്‍ 30% വരെ) ഉത്പാദിപ്പിക്കുന്ന prostate എവിടെയാണ് സ്ഥിതി ചെയ്യുന്നതാണെങ്കിലോ അതും മൂത്ര സഞ്ചിയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇതിൽ നിന്നെല്ലാം കേവലം രണ്ടോ മൂന്നോ ശതമാനമാണ് ശുക്ലത്തിൽ വൃഷണത്തിൽ നിന്നുള്ള പങ്ക് എന്നതു വ്യക്തമാണ്.


പുരുഷ ബീജത്തിന് അല്ലാഹു കൽപ്പിച്ചിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു വിശേഷണം സ്രവിക്കുന്ന തെറിക്കുന്ന എന്നതെല്ലാമാണ്. ആ പ്രയോഗത്തിലും അല്ലാഹുവിൻ്റെ മഹാ സൃഷ്ടിവൈഭവം കാണാൻ കഴിയും. പുരുഷ ബീജം തെറിച്ചുവീഴുന്ന ഒരു സ്രവമാണെന്നു ആർക്കും അറിയാം. എന്നാൽ ശുക്ലത്തിനു ഈ സവിശേഷത ഉണ്ടാകുവാനുള്ള കാരണമെന്താണെന്നും അതു തെറിച്ചു വീഴുന്നതെങ്ങനെയെന്നും ഗ്രഹിക്കുമ്പോൾ ഖുർആനിക പ്രയോഗത്തിന്‍റെ കൃത്യതയിൽ നമ്മൾ അതിശയപ്പെടാതിരിക്കില്ല. സ്ത്രീയുടെ അണ്ഡവുമായി ചേർന്ന് സിക്താണ്ഡം (Zygote) രൂപപ്പെടുന്നതിനു പാകമായ വിധത്തിൽ പുരുഷ ലിംഗം സ്രവിക്കുന്ന ദ്രാവകത്തിനാണല്ലൊ ശുക്ലം എന്നു പറയുന്നത്. ഇതിൽ രണ്ടു ശതമാനം മുതൽ അഞ്ചു ശതമാനത്തിൽ താഴെ വരെ മാത്രമാണ് ബീജങ്ങളുണ്ടാവുക. മൊത്തം ഒരൊറ്റ സ്ഖലനത്തിലെ ബീജസംഖ്യ ഇരുപതു കോടി മുതൽ അമ്പതു കോടി വരെ ഉണ്ടാകും. ലോകാരോഗ്യ സംഘടന (WH0)യുടെ കണക്കനുസരിച്ച് ഒറ്റ തവണയുള്ള സ്ഖലനത്തിൽ ചുരുങ്ങിയത് നാലു കോടി ബീജാണുക്കളെങ്കിലും ഉണ്ടെങ്കിലേ അതിനെ സ്വാഭാവിക ബീജസംഖ്യ (Normal Sperm Count) ആയി പരിഗണിക്കുകയുള്ളു എന്നാണ്. ഇനി സ്ഖലനപ്രക്രിയ എങ്ങനെയാണ് നടക്കുന്നത് എന്ന് നോക്കാം. സ്ഖലനം മനുഷ്യ ശരീരത്തിന്റെ മറ്റെല്ലാ പ്രവർത്തനങ്ങളെയും പോലെ തന്നെ ഏറെ അതിശയകരമായ രീതിയിലാണ് ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ശുക്ലം ലിംഗത്തിലൂടെ തെറിച്ചു വീഴുന്നതിന്നാണല്ലോ സ്ഖലനം എന്നു പറയുന്നത്. ഈ തെറിക്കൽ സാധ്യമാകുവാൻ ആദ്യം രതി അനുബന്ധ ലീലകളിലൂടെയോ മറ്റോ ലിംഗോദ്ധാരണം സംഭവിക്കുന്നു. ലിംഗം ഉദ്ധരിക്കപ്പെടുമ്പോൾ ലിംഗനാളി (Urethra) യിലൂടെ കൗപേഴ്സ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന സ്നേഹദ്രവം (Preseminal fluid) പുറത്ത് വരുന്നു. ഈ ദ്രവം ലിംഗനാളിയിലുള്ള മൂത്രാംശം നീക്കം ചെയ്ത് ബീജങ്ങൾക്ക് ആരോഗ്യ അതിജീവന അപകടം കൂടാതെ കടന്നുപോകാനുള്ള വഴിയൊരുക്കുന്നു. ഈ സ്നേഹദ്രവത്തിന്‍റെ സാന്നിധ്യം ഇല്ലായിരുന്നെങ്കിൽ മൂത്രാംശത്തിന്‍റെ അമ്ലസ്വഭാവം (Acidity) ബീജങ്ങളെ ഒന്നടങ്കം നശിപ്പിച്ചുകളയുമായിരുന്നു. അതില്ലാതിരിക്കുവാൻ സൃഷ്ടാവ് ഉണ്ടാക്കി വെച്ച ഒരു സംവിധാനമാണ് സ്നേഹദ്രവം.


കാമം നിറയുകയും ആണും പെണ്ണും ലൈംഗികമായി ഉദ്ധരിക്കപ്പെടുകയും തുടർന്ന് രതിമൂർച്ചയുണ്ടാകുമ്പോൾ മസ്തിഷ്കത്തിലുള്ള അനുതപ്ത നാഡീവ്യവസ്ഥ (Sympethetic nervous system)യില്‍ നിന്നുള്ള സന്ദേശ പ്രകാരം വൃഷണങ്ങളിലുള്ള ബീജങ്ങൾ എപിഡിഡൈമിസിൽ (Epididymis)എത്തുന്നു. അനന്തരം ബീജവാഹിനി കുഴലിലൂടെ മുകളിലേക്കു കയറുന്നു. ഉടൻ തന്നെ, മുതുകെല്ലിന്റെ അടിവശത്തിനു മുന്നിലുള്ള പ്രോസ്റ്റേറ്റ് ഗ്രന്ഥി (Prostate glands)യിൽ നിന്നുള്ള മേൽപ്പറഞ്ഞ സ്രവങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുകയും ബീജവാഹിനിക്കുഴൽ അവസാനിക്കുന്നിടത്തു നിന്നു ആരംഭിക്കുന്ന സ്ഖലന നാളി (Ejaculatory duct)യിൽ എത്തുകയും ചെയ്യുന്നു. പ്രോസ്റ്റേറ്റ് സ്രവങ്ങൾ ബീജങ്ങളുമായി കലരുന്നതോടൊപ്പം തന്നെ പ്രോസ്റ്റേറ്റിനു തൊട്ട് പിന്നിലായി സെമിനൽ വെസിക്കിളുകളിൽ നിന്നും കൗപേഴ്സ് ഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന സ്രവങ്ങളും അതിനോടൊപ്പം ചേരുന്നു. ഇങ്ങനെ കൂടി ചേർന്നു ഉണ്ടാകുന്ന ശുക്ലം സ്ഖലനനാളിയിൽ നിന്നു ലിംഗനാളിയിലൂടെ പുറത്തേക്ക് തെറിച്ചു വീഴുന്നു. ഈ പ്രക്രിയകൾ എല്ലാം ഒരു മുൻധാരണയോ അന്ധമായ വിരോധമോ ഇല്ലാതെ നിഷ്പക്ഷവും നിഷ്കളങ്കവുമായ ചിന്ത വഴി വിലയിരുത്തുമ്പോൾ തെറിച്ചു വീഴുന്ന ദ്രാവകത്തിൽ നിന്നാണ് മനുഷ്യസൃഷ്ടിയെന്ന വിശുദ്ധ ഖുർആനിക പരാമർശം പ്രത്യക്ഷരം ശരിയാണ് എന്ന് ബോധ്യപ്പെടുക തന്നെ ചെയ്യും.


വിവരങ്ങൾക്ക് കടപ്പാട്:
https://www.sciencedirect.com/topics/agricultural-and-biological-sciences/semen,
https://rationaleclub.com/does-sperm-production-occur-between-the-spine-and-the-ribs/

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso