വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി അൽ അസ്ഹരി
കേൾക്കുമ്പോൾ തന്നെ രണ്ടും ഒന്നു തന്നെയാണ് എന്ന് തോന്നിപ്പോകുന്ന രണ്ട് വാക്കുകളാണ് സുഖവും സന്തോഷവും. രണ്ടും ആനന്ദം പകരുന്നവയാണ് എന്നതു കൊണ്ടാവാം പലരും അവ രണ്ടിനുമിടയിൽ വ്യത്യാസമുണ്ടോ എന്നോ ഉണ്ടെങ്കിൽ അതെന്താണ് എന്നോ ഒന്നും ചിന്തിക്കാൻ മിനക്കെടാത്തത്. സത്യത്തിൽ ഇവ രണ്ടും തമ്മിൽ കാര്യമായ അടിസ്ഥാന വ്യത്യാസങ്ങൾ തന്നെ ഉണ്ട്. ബാഹ്യമായ സാഹചര്യങ്ങളെ മാത്രം ആശ്രയിച്ചുനിൽക്കുന്ന ഒന്നാണ് സുഖം. അതിനാൽ തന്നെ അതിന് ബാഹ്യമായി ലഭിക്കുന്ന മറ്റേതു കാര്യവും പോലെ പരിധിയും പരിമിതിയും ഉണ്ട്. എന്നാൽ മനസ്സിന്റെ ആന്തരികമായ സംതൃപ്തിയാണ് സന്തോഷം. അതിനാൽ അത് മനസ്സ് പോലെ വിശാലതയും വൈവിധ്യവും ഉള്ളതാണ്. മനുഷ്യനെ അവനു നിയതമായ താളത്തിലൂടെ മുന്നോട്ടു നയിക്കുകയാണ് മനസ്സ് ചെയ്യുന്നത്. അതിനാൽ സന്തോഷവും മനസ്സുപോലെ നീണ്ടുനീണ്ടു പോകുന്നു. ഇത്രമാത്രം പറയുമ്പോൾ അത് ഗ്രാഹ്യമായിക്കൊള്ളണമെന്നില്ല. ഒരു ഉദാഹരണം വഴി ഇത് പെട്ടെന്ന് മനസ്സിലാക്കിയെടുക്കാം. ഒരാൾ അധാർമികമായ ഒരു ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ അയാൾക്കും മറ്റൊരാൾ സ്വന്തം പത്നിയുമായി വേഴ്ചയിൽ ഏർപ്പെടുമ്പോൾ അയാൾക്കും ലഭിക്കുന്നത് ഏതാണ്ട് ഒരേ ആനന്ദമാണ്. പക്ഷേ ഈ രണ്ടു പേരും അനുഭവിക്കുന്ന ആനന്ദം അയാളെ നയിക്കുന്നത് രണ്ടു വ്യത്യസ്ത തലങ്ങളിലേക്കാണ്. ഒന്നാമത്തെ ആളുടെ ആനന്ദം വേഴ്ച അവസാനിക്കുന്നതോടുകൂടെ അവസാനിക്കുന്നു. പിന്നെ കുറച്ചുസമയത്തേക്കു കൂടിയെങ്കിലോ അല്ലെങ്കിൽ അത് ഓർക്കുമ്പോൾ പോലുമോ അയാൾക്ക് ആനന്ദം അനുഭവപ്പെടുന്നില്ല. ചിലപ്പോൾ സംഭവിച്ചു പോയതിൽ ഖേദവും ദുഃഖവും എല്ലാം ഉണ്ടാവുകയും ചെയ്യാം. അതേസമയം സ്വന്തം പത്നിയുമായുള്ള ബന്ധം ഉണ്ടാക്കുന്ന ആനന്ദം ദീർഘകാലത്തേക്ക് പല തട്ടുകളിലായി നിലനിൽക്കുന്നു. അത് അവളോടുള്ള സ്നേഹകാരുണ്യങ്ങളെ ഊട്ടിയുറപ്പിക്കുന്നു. പരസ്പര ആകർഷണം ശക്തിപ്പെടുത്തുന്നു. അതുപിന്നെ അവരുടെ സന്തതി പരമ്പരകളിലേക്ക് പടരുകയും പരക്കുകയും ചെയ്യുന്നു. അവിടെനിന്നും കുടുംബബന്ധങ്ങളിലേക്കും സൗഹൃദ വലയങ്ങളിലേക്കും എല്ലാം അതു വലുതാകുന്നു. ആ തലങ്ങളിലെല്ലാം കിടന്നു വളർന്നുവളർന്ന് ആനന്ദം പലതരം നിറമുള്ള വികാരങ്ങളായി പരിണമിക്കുന്നു. ഇതാണ് സുഖവും സന്തോഷവും തമ്മിലുള്ള ഒരു വ്യത്യാസം. സുഖം കേവലം നൈമിഷികവും വേഗം അവസാനിക്കുന്നതുമാണ്. സന്തോഷമാകട്ടെ വളരാനും വലുതാവാനും ശേഷിയുള്ളതുമാണ്.
മറ്റൊരു വ്യത്യാസം സുഖം ഒരു തരം തീവ്ര വികാരത്തോടെ കുതിച്ചുയർന്നു തുടങ്ങുകയും അതേ വേഗതയിൽ ഒറ്റയടിക്ക് അവസാനിക്കുകയും ചെയ്യുന്നു എന്നതാണ്. അതിനാൽ അത് ചിന്തിച്ചു നിൽക്കാൻ വേണ്ട ഇട നൽകുകയില്ല. പക്ഷേ, അത് ആവർത്തിച്ച് അനുഭവിക്കാനുള്ള ഒരു ത്വര ആസ്വാദകൻ്റെ മനസ്സിൽ സൃഷ്‌ടിക്കുന്നു. അതുകൊണ്ടാണ് ഉദാഹരണമായി മദ്യപന്മാരിൽ വീണ്ടും വീണ്ടും മദ്യപിക്കാനുള്ള ത്വരയുണ്ടാകുന്നത്. അത് നല്ലതാണോ അതുകൊണ്ട് വല്ല നേട്ടവും ഉണ്ടോ എന്നൊക്കെ ചിന്തിക്കാനുള്ള ഒരു സാഹചര്യം ഉണ്ടാവാത്തതും. അതേസമയം സന്തോഷം സാവകാശത്തോടുകൂടിയാണ് വരുന്നതും മനുഷ്യൻ്റെ മനസ്സിൽ പിടിമുറുക്കുന്നതും. അതുകൊണ്ടുതന്നെ അത് നിലനിൽക്കുന്നു. സന്തോഷം അനുഭവിക്കുന്ന വ്യക്തിക്ക് അതിനു കാരണമായ സംഗതി ആവർത്തിക്കുന്നതിലായിരിക്കില്ല അത് നിലനിൽക്കുന്നതിലായിരിക്കും താല്പര്യം. ഇതു ശാസ്ത്രീയമായും തെളിയിക്കപ്പെട്ട വസ്തുതയാണ്. സുഖം അനുഭവിക്കുമ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോൺ ടോപ്പോമിൻ ആണ്. തീവ്രമായി ഉയർന്ന് ശീഘ്രം താഴുന്ന പ്രകൃതമാണ് അതിൻ്റേത്. അവാജ്യമായ ഒരു സുഖം ഇതിലൂടെ അടിച്ചുകയറുന്നത് കൊണ്ട് അത് വീണ്ടും വീണ്ടും അനുഭവിക്കാനുള്ള ത്വര ഉണ്ടാകുന്നു. അതേസമയം സന്തോഷമാവട്ടെ, ടോപ്പോമിനോടൊപ്പം സെറാട്ടോണിൻ കൂടി അധികമായി ഉൽപാദിപ്പിക്കുന്നു. ഈ സെറാട്ടോണിൻ ആണ് സന്തോഷത്തെ ദീർഘമായ ഒരു ആസ്വാദനമാക്കി മാറ്റുന്നത്. സന്തോഷം ലഭിച്ച കാര്യമോ സാഹചര്യമോ പിന്നീട് ഓർത്തെടുക്കുമ്പോൾ പോലും ആനന്ദം അനുഭവപ്പെടുന്നത് അത് അവസാനിക്കാതെ നിലനിൽക്കുന്നത് കൊണ്ടാണ്. ഇങ്ങനെയാണ് ആ കാര്യം ശാസ്ത്രം വിശദീകരിക്കുന്നത്.
സുഖവും സന്തോഷവും തമ്മിലുള്ള മറ്റൊരു വ്യത്യാസം സുഖത്തിന് എപ്പോഴും പുറത്തുനിന്നുള്ള ഒരു പ്രേരകമോ കാരകമോ വേണം എന്നതാണ്. ഭക്ഷണം, ഇണ, സൗകര്യം, സംവിധാനം തുടങ്ങിയ ബാഹ്യമായ കാര്യകാരണങ്ങൾ ആണ് മനുഷ്യനെ സുഖിപ്പിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്ന് നേടുമ്പോഴാണ് മനുഷ്യൻ സുഖം ആസ്വദിക്കുന്നത്. എന്നാൽ സന്തോഷം അങ്ങനെയല്ല. അത് ദേഹിയിൽ നിന്ന് അഥവാ മനുഷ്യൻ്റെ അകത്തുനിന്ന് ബഹിർഗമിക്കുന്ന ഒരു വികാരമാണ്. പുറത്തുനിന്നുള്ള ഒരു പിന്തുണ അതിന് പലപ്പോഴും വേണ്ടതില്ല. പുറത്തുനിന്നുള്ള ഒരു കാരണമാണ് സന്തോഷത്തിന്റെ നിമിത്തം എങ്കിൽപോലും അതിനെ ശരീരമല്ല മറിച്ച് മനസ്സാണ് ഒരു ആനന്ദവും അനുഭവവുമാക്കി മാറ്റുന്നത്. ഈ വ്യത്യാസത്തിൽ നിന്ന് തന്നെ ഉൽഭൂതമാകുന്ന മറ്റൊരു കാര്യമുണ്ട്. സുഖത്തിനു വേണ്ടി മനുഷ്യൻ ആശ്രയിക്കുന്ന ഏതു കാര്യത്തിലും അതിന്റേതായ പരിമിതിയുണ്ട് എന്നതാണത്. പഠന നിരീക്ഷണങ്ങൾ പറയുന്നത് സുഖം മൂന്ന് ഉപാധികൾ തേടുന്നുണ്ട് എന്നാണ്. സമയം, സ്വത്ത്, ആരോഗ്യം എന്നിവയാണ് അവ. ഇവയിൽ ഒന്നിന്റെ സഹായത്തോടു കൂടി അതിൻ്റെ പരിമിതിയിൽ മാത്രം നിന്നുകൊണ്ടാണ് മനുഷ്യൻ സുഖം അനുഭവിക്കുന്നത്. ഇവ മൂന്നുമാവട്ടെ, പുറത്തുനിന്നു വരുന്നവയും ഒന്നിച്ചു നിൽക്കുന്നതിൽ ന്യൂനത ഉള്ളവയുമാണ്. അതിന്റെ ഏറ്റവും വലിയ തെളിവാണ് മനുഷ്യജീവിതം. മനുഷ്യൻ്റെ ജീവിതത്തിലേക്ക് നോക്കുമ്പോൾ ഇത് മൂന്നും ഒരിക്കലും സമ്പൂർണ്ണമായ അർത്ഥത്തിൽ ഒന്നിച്ച് അവൻ്റെ കയ്യിൽ വരുന്നില്ല എന്നു കാണാം. കുട്ടിക്കാലത്ത് സമയവും ആരോഗ്യവും ഉണ്ടായിരിക്കും. പക്ഷേ തൻ്റെ സുഖങ്ങൾ നേടുവാൻ ആവശ്യമായ പണം ഉണ്ടാവില്ല. യൗവനകാലത്താവട്ടെ ജോലി, ഉത്തരവാദിത്വം തുടങ്ങിയവയെല്ലാം വന്നുചേരുന്നതിനാൽ സ്വത്തും ആരോഗ്യവും ഉണ്ടെങ്കിൽ പോലും മതിയായ സമയം ലഭിക്കില്ല. വാർദ്ധക്യ ഘട്ടത്തിലേക്ക് കടക്കുമ്പോൾ സമയവും ഒരുപക്ഷേ സ്വത്തും ഇഷ്ടം പോലെയുണ്ടെങ്കിൽ പോലും മതിയായ ആരോഗ്യം ഉണ്ടാവില്ല. ഈ പ്രത്യേകത കൊണ്ടാണ് നമുക്ക് സുഖം അത്രക്ക് ആസ്വദിക്കാൻ കഴിയാത്തത്. അതേസമയം നാം നേടുന്ന സന്തോഷങ്ങൾ ജീവിതത്തിൻ്റെ ഏതു ഘട്ടത്തിലും ഓർത്തോർത്ത് എങ്കിലും ആനന്ദമായി അനുഭവിക്കാൻ കഴിയും.
സന്തോഷം തീർച്ചയായും സംതൃപ്തിയിലേക്ക് നയിക്കുന്നതാണ്. മറ്റൊരാളെ സഹായിക്കുന്നതിൽ സന്തോഷം കണ്ടെത്താൻ കഴിയുന്ന ഒരാൾ പിന്നീട് ദൗർഭാഗ്യകരമായി ദുരന്തങ്ങളിലും ആപതിച്ചു എങ്കിൽപോലും അയാൾ ചെയ്ത ഒരു സേവനം ഓർക്കുമ്പോൾ അയാൾക്ക് അന്നുണ്ടായ അതേ സന്തോഷം അനുഭവിക്കാൻ കഴിയും. എന്നുമാത്രമല്ല അന്ന് അനുഭവിച്ചതിനേക്കാൾ മികച്ച അനുഭൂതിയാണ് അത് നൽകുക. സുഖം അങ്ങനെയല്ല. അത് മേൽ പറഞ്ഞത് പോലെ നീളുന്നില്ല. എന്നുമാത്രമല്ല ആ സുഖം ലഭിച്ചത് നിഷിദ്ധമായ മാർഗ്ഗത്തിലൂടെയാണ് എങ്കിൽ അത് ഓർക്കുമ്പോൾ എല്ലാം അയാൾക്ക് നിരാശയും ഖേദവും ആണ് ഉണ്ടാവുക. തെറ്റുകൾക്കും തിന്മകൾക്കും അത്തരം പിന്നീട് വേട്ടയാടുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വഭാവമാണ് ഉള്ളത്. ഒരു മദ്യപാനിയുടെ അവസ്ഥ അതിനു മതിയായ ഉദാഹരണമാണ്. മദ്യപിക്കുമ്പോൾ അയാൾക്ക് ലഭിക്കുന്നത് സന്തോഷമല്ല സുഖം മാത്രമാണ്. ആ സമയത്ത് അയാളിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണിന്റെ കാരണമായി അത് വീണ്ടും വീണ്ടും ചെയ്യുവാനുള്ള ത്വര അയാളിൽ ഉണ്ടാകുന്നു. അങ്ങനെ അയാൾ അത് വീണ്ടും വീണ്ടും ചെയ്യുന്നു. പക്ഷേ, അവസാനം അതിനു കനത്ത വില നൽകി ആന്തരിക അവയവങ്ങൾ മുതൽ ജീവിതത്തിലെ നല്ല പേര് വരെ നഷ്ടപ്പെട്ട് നിരാശനായി കഴിയുമ്പോൾ കഴിഞ്ഞതെല്ലാം അയാളെ വേട്ടയാടുക തന്നെ ചെയ്യുന്നത് സുഖം നിഷിദ്ധമായിരുന്നതിനാൽ.
സുഖം, സന്തോഷം എന്നിവയെ വലയം ചെയ്തു നിൽക്കുന്ന മനുഷ്യജീവിതത്തിന്റെ ഈ ആകത്തുകയിൽ നിന്നാണ് മതങ്ങൾ പ്രത്യേകിച്ച് ഇസ്ലാം സംസാരിച്ചു തുടങ്ങുന്നത്. ഭൗതികമായ അനുഗ്രഹങ്ങളെ ഉപയോഗപ്പെടുത്തി ജീവിതം വെറും സുഖത്തിനു വേണ്ടി ഹോമിക്കാതെ നിത്യവും നിതാന്തവുമായ സംതൃപ്തിയും സന്തോഷവും നേടുവാൻ ഉപയോഗപ്പെടുത്തുവാനാണ് ഇസ്ലാം മനുഷ്യനെ ഉപദേശിക്കുന്നത്. ഇസ്ലാം മനുഷ്യനോട് പറയുന്ന ഏതു കാര്യത്തിന്റെയും ആത്യന്തികമായ ലക്ഷ്യം നൈമിഷിക സുഖമായിരിക്കില്ല നിദാന്തമായ സംതൃപ്തിയും സന്തോഷവും ആയിരിക്കും. അതുകൊണ്ടാണ് ജീവിതാന്ത്യത്തിൽ ഓരോ മനുഷ്യനും 'സ്വന്തം ജീവിതവിജയത്തിന്നായി ഞാന്‍ നേരത്തേ സല്‍കര്‍മങ്ങള്‍ അനുഷ്ഠിച്ചെങ്കില്‍ എത്ര നന്നായിരുന്നു! (ഫജ്ർ 24,25) എന്നു പരിഭവിക്കും എന്ന് വിശുദ്ധ ഖുർആൻ തന്നെ പറയുന്നത്.
0
Thoughts & Arts
സുഖവും സന്തോഷവും
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso