വെള്ളിപ്രഭാതം
മുഹമ്മദ് തയ്യിൽ അസ്ഹരി
കാലം മറ്റൊരു ഹിജ്റാ കലണ്ടർ കൂടി മാറ്റുകയാണ്. ഹിജ്റ വർഷം 1448 ലേക്ക് മുസ്ലിം ലോകം കടക്കുകയായി. കാലത്തെ വിവിധ ഘടകങ്ങളാക്കി വേർതിരിക്കാൻ മനുഷ്യർ ആവിഷ്കരിച്ച ഒരു സംവിധാനമാണ് കലണ്ടർ എന്നത്. എന്തെങ്കിലും ഒരു സംഭവത്തിൽ നിന്ന് തുടങ്ങി സൂര്യൻ്റെയോ ചന്ദ്രൻ്റെയോ ഭ്രമണത്തെ ആധാരമാക്കി ഗണിച്ചാണ് കലണ്ടറുകൾ രൂപപ്പെടുത്തുന്നത്. എന്നാൽ കലണ്ടറുകളെ വെറുമൊരു കണക്കായി കണക്കാക്കുവാൻ കഴിയില്ല എന്നതാണ് വസ്തുത. കാരണം ആ കണക്കുകൾ ഒരുപാട് ചിന്തകളും പാഠങ്ങളും ഉൾക്കൊള്ളുന്നുണ്ട്. അവയിൽ ഒന്നാമത്തേത് കാലം എന്ന ചിന്ത തന്നെയാണ്. അതിൽ പ്രവഹിക്കുന്നത് മനുഷ്യരുടെയും അവരുടെ ലോകത്തിന്റെയും ജീവിതം തന്നെയാണ്. ജീവിതം എന്നു വിളിക്കുന്നതു തന്നെ കാലത്തെയാണ് എന്നാണ് സൂക്ഷ്മാർഥം. തത്വജ്ഞാനിയായിരുന്ന ഇമാം ഹസനുൽ ബസ്വരി(റ) പറയുന്നുണ്ട്: 'മനുഷ്യാ, നീ ഏതാനും ദിവസങ്ങൾ മാത്രമാണ്. ഓരോ ദിവസവും കടന്നുപോവുമ്പോൾ നിന്റെ തന്നെ അംശമാണ് കടന്നുപോകുന്നത്'. അതേ ആശയം ഒരു അറബിക്കവി തൻ്റെ വാക്കുകളിൽ ആവാഹിക്കുന്നത് ഇങ്ങനെയാണ്: 'ഒരാളുടെ ഹൃദയതാളം അവനോട് പറയുന്നത് ജീവിതം ഞാൻ ഓരോ മിടിപ്പുകൾ കൊണ്ടും അടയാളപ്പെടുത്തുന്ന മിനിറ്റുകളും സെക്കൻഡുകളും മാത്രം മാത്രമാണ്'. നഷ്ടപ്പെട്ടാൽ തിരിച്ചു കിട്ടാത്ത ഏറ്റവും അമൂല്യമായ ഒന്നാണ് സമയം. സമയം പോയാൽ പോയതു തന്നെ. ഒരു വിലാപത്തിനും അതിനെ തിരിച്ചുതരാൻ കഴിയില്ല. കാരണം കാലം മുന്നോട്ട് മാത്രം ഒഴുകുന്ന ഒരു പ്രവാഹമാണ്. അത് അനസ്യൂതമായി പ്രവഹിച്ചു കൊണ്ടേയിരിക്കുന്നു. ഈ പ്രവാഹമാണെങ്കിലോ പിടി തരാത്തതുമാണ്. അവ്വിധം അത് മുന്നോട്ടും പിന്നോട്ടും നീണ്ടുകിടക്കുന്നു. അനന്തമായതിനാൽ നമ്മുടെ ചിന്തക്ക് പോലും കാലം പിടി തരാത്ത ഒരു അവസ്ഥയാണ്. പക്ഷേ, അപ്പോഴും സൃഷ്ടാവിന്റെ താല്പര്യം കാലം മനുഷ്യൻ്റെ ഒരു ചിന്താവിഷയം ആയിരിക്കണമെന്നതാണ്. അതിനുവേണ്ടി അല്ലാഹു നൽകിയ സവിശേഷതയാണ് കാലത്തിൻ്റെ ചാക്രികത. കറങ്ങിക്കറങ്ങി വീണ്ടും വീണ്ടും വന്നുകൊണ്ടേയിരിക്കുന്ന സ്വഭാവമാകുമ്പോൾ ഓരോ കാലത്തിലും നടന്നത് വീണ്ടും വീണ്ടും മനുഷ്യനെ ചിന്തിപ്പിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സൃഷ്ടാവിന്റെ താല്പര്യമനുസരിച്ച് കാലം ഒരു ചിന്തയായിരിക്കേണ്ടതാണ്.
കാലം നൽകുന്ന ഏറ്റവും വലിയ ജില്ല അത് കഴിഞ്ഞ കാലത്തെ ഓർമിപ്പിച്ച് വരുംകാലത്തെ ഉജ്ജ്വലമാക്കുവാൻ പ്രേരിപ്പിക്കുന്നു എന്നതാണ്. അതിന് നിമിത്തങ്ങൾ അനിവാര്യമാണ്. ആ നിമിത്തങ്ങളെയാണ് ആണ്ടറുതികൾ എന്നു പറയുന്നത്. ഒരു വർഷത്തിനിടെ സംഭവിച്ച സംഭവങ്ങൾ നേടിയ നേട്ടങ്ങൾ ഉണ്ടായ കോട്ടങ്ങൾ എന്നിവ അവലോകനം ചെയ്യാൻ ഓരോ ആണ്ടറുതിയും ഒരു സഹായമാണ്. അത്തരം ആണ്ടവുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് വർഷം ഒടുങ്ങുകയും തുടങ്ങുകയും ചെയ്യുന്ന പുതുവത്സര വേള തന്നെയാണ്. കാലത്തിൻ്റെ പാഠങ്ങളെ വൈകാരിക അനുഭവങ്ങളായി വിലയിരുത്തുന്നവർ പൊതുവേ ധരിക്കുക, കടന്നുപോകുന്ന കാലത്തേക്കാൾ ഒന്നുകൂടി മെച്ചപ്പെട്ടതും നല്ലതും ആയിരിക്കും കടന്നുവരുന്ന കാലം എന്നായിരിക്കും. കാരണം മുന്നോട്ട് ഗമിക്കും തോറും മനുഷ്യൻ പുതിയ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഓരോ കണ്ടുപിടുത്തവും ജീവിതത്തെ കൂടുതൽ സൗകര്യപ്രദമാക്കാൻ ലക്ഷ്യം വെച്ചു കൊണ്ടുള്ളതുമാണ്. എന്നാൽ സത്യം അതല്ല. അത്തരം കണ്ടുപിടുത്തങ്ങൾ ഒന്നും മനുഷ്യനെ സ്വാധീനിക്കുന്ന ഒരു ഘടകമായി മാറുന്നില്ല. യന്ത്രങ്ങളിൽ നിന്ന് ആവി എൻജിനിലേക്കും അതിൽ നിന്ന് വൈദ്യുതിയിലേക്കും വൈദ്യുതിയിൽ നിന്ന് ഇൻറർനെറ്റിലേക്കും ഇപ്പോൾ അതിൽ നിന്ന് നിർമ്മിത ബുദ്ധിയിലേക്കും മനുഷ്യൻ്റെ ലോകം കടന്നിരിക്കുകയാണ്. പക്ഷേ ഓരോ കാലത്തുനിന്നും നേരെ പിന്നിലുള്ളവയിലേക്ക് നോക്കുമ്പോൾ നമുക്ക് ജാള്യതയാണ് ഉണ്ടാകുന്നത്. ടെലിവിഷനിൽ രംഗങ്ങൾ ആസ്വദിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ കണ്ണുകൾ അതേ മുറിയുടെ മൂലയിൽ ഉപേക്ഷിക്കപ്പെട്ട പഴയ റേഡിയോയിൽ വീഴുമ്പോൾ അവന് അത് പാഠമല്ല, മറിച്ച് തന്റെ പരിമിതിയുടെ ജാള്യതയാണ് പകരുക. കേവല ഭൗതിക വികാസങ്ങളെ ചിന്തയ്ക്ക് മാനദണ്ഡമാക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരം കണ്ടുപിടിത്തങ്ങൾ വഴി ഉണ്ടാകുന്ന ഭൗതിക വികാസമല്ല കാലം നൽകുന്ന, നൽകേണ്ടുന്ന പാഠം എന്ന് ചുരുക്കം. കാലം ശരിക്കും ഒരു പാഠമായി മാറണമെങ്കിൽ കഴിഞ്ഞുപോകുന്ന കാലം കടന്നുവരുന്ന കാലത്തേക്കാൾ മെച്ചപ്പെട്ടത് ആയിരിക്കണം. കാരണം, കാലം എപ്പോഴും പഠിപ്പിക്കുന്നത് അതുൾക്കൊള്ളുന്ന മൂല്യങ്ങളും നിലവാരങ്ങളുമെല്ലാം ആയിരിക്കേണ്ടതാണ്. അതിന് കടന്നുപോകുന്ന കാലം മൂല്യങ്ങൾ കൊണ്ട് സമ്പന്നമായിരിക്കേണ്ടതുണ്ട്. അപ്പോൾ കടന്നുവരുന്ന കാലത്തെ അങ്ങനെ തന്നെ നിലനിർത്തുവാനോ അതിനേക്കാൾ മെച്ചപ്പെടുത്തുവാനോ ഉള്ള ഒരു ത്വര ഉണ്ടാകും.
ഈ അർത്ഥത്തിലുള്ള കാലത്തിൻ്റെ മൂല്യം കൃത്യമായി ലോകത്തോട് വിളിച്ചുപറഞ്ഞിട്ടുള്ളത് മഹാനായ നബി തിരുമേനി(സ്വ) തങ്ങളാണ്. സ്വഹീഹുൽ ബുഖാരിയിൽ അനസ്(റ)യെ തൊട്ട് ഉദ്ധരിക്കപ്പെടുന്ന ഒരു ഹദീസിൽ നബി(സ്വ) പറയുന്നു: 'ഏതൊരു കാലത്തേക്കാളും മോശമായിരിക്കും പിന്നീട് വരുന്ന കാലം; അന്ത്യനാൾ വരെക്കും'. ഇതേ ധ്വനി പല തിരുവരുളുകളിലും ഉണ്ട്. ഏറ്റവും ഉത്തമമായ കാലം എന്റേതാണ്, പിന്നെ അതിനുശേഷമുള്ളതും പിന്നെ അതിനുശേഷമുള്ളതും എന്ന ഹദീസ് ഉദാഹരണം. ഏതൊരു കാലത്തിനും പഠിക്കാനുള്ള മൂല്യങ്ങളും പാഠങ്ങളും പ്രചോദനങ്ങളും കൊണ്ട് സമ്പന്നമായിരിക്കും അതിനു തൊട്ടു മുമ്പുള്ള കാലം എന്നു ചുരുക്കം. ഈ ഹദീസ് പാഠത്തെ അന്വർത്ഥമാക്കുന്ന ഒരു കൗതുകം ഈയിടെ പ്രത്യക്ഷപ്പെട്ടത് ഇവിടെ സ്മരണീയമാണ്. അത് മറ്റൊന്നുമല്ല, നമ്മുടെ ഭാഷാ വ്യവഹാരത്തിൽ 'സത്യാനന്തരം' (Post-Truth) എന്ന ഒരു പുതിയ പ്രയോഗം കടന്നുവന്നിരിക്കുന്നു എന്നതാണ്. ഓക്‌സ്‌ഫോഡ് നിഘണ്ടു 2016-ല്‍ പതിവുപോലെ ആ വര്‍ഷത്തിന്റെ പദമായി ഈ വാക്ക് തെരഞ്ഞെടുത്തപ്പോഴാണ് അത് ജനശ്രദ്ധ നേടിയത്. സത്യത്തിനു ശേഷമുള്ള കാലം എന്നാണ് സത്യാനന്തരകാലം എന്ന് പ്രയോഗിക്കുന്നവര്‍ വിവക്ഷിക്കുന്നത്. അതായത് സത്യം മരിച്ചു, സത്യത്തിന്റെ കാലം പിന്നിട്ടു, ഇപ്പോള്‍ സത്യമില്ലാതായി എന്നൊക്കെയാണ് അതിൻ്റെ ആശയം. സത്യത്തിനു ശേഷം മറ്റൊന്നുണ്ടായി എന്നു പറയുമ്പോൾ അത് നേരെ ചൊവ്വേ സത്യമല്ലാത്ത മറ്റൊന്ന് ഉണ്ടായി എന്ന അർത്ഥത്തിലാണ് എത്തിച്ചേരുന്നത്. സത്യമല്ലാത്ത ഒന്ന് അർദ്ധ സത്യമോ ഭാഗിക സത്യമോ അല്ലെങ്കിൽ അസത്യം തന്നെയോ ഒക്കെ ആയിരിക്കാനാണ് സാധ്യത. ഏതായാലും സത്യം എന്നതിൽ നിന്ന് അസത്യം എന്നതിലേക്ക് കാലം കടന്നിരിക്കുന്നു എന്ന ആശയത്തെ ഈ പ്രയോഗം സമ്മതിക്കുന്നു എന്നാണ് നാം പറഞ്ഞുവന്നത്.
കാലം ഏറ്റവും വലിയ സാക്ഷിയാണ്. ഉണ്ടായതെല്ലാം കണ്ടതും അനുഭവിച്ചതും കാലമാണ്. ഇനി ഉണ്ടാവാനിരിക്കുന്നതിനെ എല്ലാം കാണുവാനുള്ള ഭാഗ്യം, നമ്മുടെ അനുമാനം അനുസരിച്ച്, കാലത്തിന് തന്നെയാണ്. കാലമെല്ലാം കാണുന്നു എന്ന ഈ പരമസത്യം മനുഷ്യനെ നയിക്കേണ്ട ഒരു പ്രധാന ചിന്തയാണ്. അതുകൊണ്ടുതന്നെ കാലത്തെ സാക്ഷ്യപ്പെടുത്തി സൃഷ്ടാവായ അല്ലാഹു മനുഷ്യനോട് ഈ സാക്ഷിയെ മാനിച്ചു ജീവിക്കുവാൻ ആവശ്യപ്പെടുന്നുണ്ട്. ഖുർആനിലെ 103-മത്തെ അദ്ധ്യായമായ സൂറത്തുൽ അസ്വറിൻ്റെ ഉള്ളടക്കം തന്നെ അതാണ്. അതിൽ അല്ലാഹു പറയുന്നു: 'കാലം തന്നെ ശപഥം, നിശ്ചയം, മനുഷ്യരാശി മഹാനഷ്ടത്തില്‍ തന്നെയാകുന്നു-സത്യവിശ്വാസം കൈക്കൊള്ളുകയും സല്‍കര്‍മങ്ങളനുഷ്ഠിക്കുകയും സത്യം മുറുകെപ്പിടിക്കാനും സഹനം കൈക്കൊള്ളാനും പരസ്പരം ഉപദേശിക്കുകയും ചെയ്തവരൊഴികെ'. ആയുഷ്‌കാലത്തിന്റെ ഒരംശം പോലും വൃഥാ വ്യയം ചെയ്തുകൂടെന്നാണ് കാലം കൊണ്ടുള്ള ശപഥത്തിന്റെ സൂചന. സത്യവിശ്വാസം, സല്‍കര്‍മാനുഷ്ഠാനം, സത്യവും സഹനവും മുറുകെ പിടിക്കാനുള്ള പരസ്പര ഉപദേശം, ഇവ മനുഷ്യ വിജയത്തിന്റെ ആധാര ശിലകളാകുന്നു എന്നുകൂടി പറയുമ്പോൾ കാലത്തെ ആഘോഷിക്കേണ്ടത് കയ്യിലുള്ള കാലത്തെ നന്മയ്ക്കു വേണ്ടി വ്യയം ചെയ്തു എങ്കിൽ മാത്രമാണ് എന്നുവരുന്നു. ഇത്രയും വലിയ തത്വം ഉൾക്കൊള്ളുന്നത് കൊണ്ടുതന്നെ ഈ സൂറത്തും അതിലെ സൂക്തങ്ങളും മനുഷ്യ ജീവിതത്തിൻ്റെ അച്ചടക്കത്തെ വല്ലാതെ സ്വാധീനിക്കുന്നു. ഇമാം ശാഫിഈ(റ) പറഞ്ഞു: 'ഈയൊരധ്യായം മാത്രമേ അല്ലാഹു ഖുര്‍ആനായി ഇറക്കിയിരുന്നുള്ളുവെങ്കില്‍ തന്നെ മനുഷ്യര്‍ക്ക് ശാശ്വത വിജയം നേടാന്‍ ഇതുതന്നെ പര്യാപ്തമായിരുന്നു'. മാത്രമല്ല, നബി(സ്വ)യുടെ സ്വഹാബികളില്‍ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍, ഒരാള്‍ മറ്റൊരാളെ ഈ സൂറത്ത് ആദ്യന്തം ഓതി കേള്‍പ്പിക്കാതെ പിരിഞ്ഞു പോകാറില്ലായിരുന്നു എന്ന് ഹദീസുകളിൽ കാണാം. തുടർന്ന് ഒരാള്‍ മറ്റെയാള്‍ക്ക് സലാം ചൊല്ലി പിരിഞ്ഞുപോകുകയും ചെയ്യും.
നേരെ ചൊവ്വേ കാലത്തെ മാന്യമായി ഉപയോഗപ്പെടുത്തിയാൽ തന്നെ കാലത്തോടുള്ള മനുഷ്യൻ്റെ കടമ നിർവഹിക്കപ്പെടും. ഈ ഉപയോഗപ്പെടുത്തൽ എന്നതിന് വലിയ അർത്ഥതലമുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് സജീവതയും സക്രിയതയും ആണ്. ഒരു നിമിഷവും പാഴാക്കാതെ ജീവിതത്തെ നല്ല നിലയിൽ പരിപൂർണ്ണമായി ഉപയോഗപ്പെടുത്തുക എന്നതാണത്. ഓരോ സമയവും പ്രവർത്തനനിരതമായിരിക്കണം. ഒന്നിൽ നിന്ന് വിരമിക്കുന്നതോടുകൂടി മറ്റൊന്ന് ആരംഭിക്കണം എന്നാണ് അല്ലാഹുവിൻ്റെ അഭീഷ്ടം. അല്ലാഹു പറയുന്നു: 'ആകയാല്‍ നിനക്ക് ഒഴിവ് കിട്ടിയാല്‍ ഉടനെ നീ മറ്റൊന്നിനുള്ള അദ്ധ്വാനം തുടങ്ങുക' (ശർഹ് : 7). കാലവും അല്ലാഹുവിൻ്റെ സൃഷ്ടിയാണ് എന്ന് തിരിച്ചറിയുകയും അവൻ ഓരോ കാലത്തിനും നൽകിയിട്ടുള്ള സവിശേഷതകളെയും പരിഗണനകളെയും മാനിക്കുകയും ചെയ്യുക എന്നത് കാലത്തോടുള്ള മറ്റൊരു കടമയാണ്. നബിയുഗത്തിൽ സത്യനിഷേധികൾ കാലം കൊണ്ട് പല കളികളും കളിക്കുമായിരുന്നു. അവയിൽ ഒന്നായിരുന്നു തങ്ങളുടെ സൗകര്യത്തിനു വേണ്ടി ഓരോ കാലത്തിൻ്റെയും സവിശേഷതകൾ അങ്ങോട്ടുമിങ്ങോട്ടും തന്നിഷ്ടപ്രകാരം മാറ്റുക എന്നത്. അതിനെ അല്ലാഹു സത്യനിഷേധത്തിന്റെ ആധിക്യമായിട്ടാണ് കണ്ടത്. അല്ലാഹു പറയുന്നു: 'മാസങ്ങളുടെ വിശുദ്ധി പിന്നോട്ടു മാറ്റുന്നത് വര്‍ദ്ധിത സത്യ നിഷേധം മാത്രമാണ്' (തൗബ: 37). കാലം വെറുമൊരു കണക്കല്ല ഗൗരവമുള്ള ചിന്തയാണ്.
0
Thoughts & Arts
കാലം വെറുമൊരു കണക്കല്ല
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso