Thoughts & Arts
Image

ഉറപ്പിച്ചിട്ടും ഉറക്കാത്ത അവരുടെ ദാത്തും സ്വിഫാത്തും

2026-08-02

മുഹമ്മദ് ടി സെഞ്ചരി





അല്ലാഹു നമുക്ക് അരൂപിയാണ്. എന്നുവെച്ചാൽ അവന് കൃത്യമായ ഒരു രൂപമോ സ്ഥലമോ കാലമോ സങ്കൽപ്പിക്കുക നാം മനുഷ്യർക്ക് അസാധ്യമാണ്. കാണാൻ സാധ്യത ഉള്ളവർക്ക് പോലും അവനെ കാണാൻ കഴിഞ്ഞിട്ടില്ല എന്നാണ് പ്രബലമായ മഹാഭൂരിപക്ഷത്തിന്റെ പക്ഷം. കാണാമായിരുന്ന സാഹചര്യങ്ങളിൽ ഒന്നാമത്തേത് മൂസാനബിക്ക് കൈവന്ന സാഹചര്യമാണ്. ഭൗതിക പ്രപഞ്ചത്തിൽ വെച്ച് അല്ലാഹുവുമായി സംസാരിക്കാൻ ഉള്ള ഭാഗ്യം ലഭിച്ച മൂസാ നബി ആ മഹാ ആനന്ദത്തിൽ എനിക്ക് നിന്നെ കാണണമെന്ന് അല്ലാഹുവിനോട് ആവശ്യപ്പെട്ട സംഭവം വിശുദ്ധ ഖുർആൻ അൽ അഅ്റാഫ് അധ്യായത്തിൽ പറയുന്നുണ്ട്. അത് ഇങ്ങനെയാണ്: 'നിശ്ചിത സമയം മൂസാനബി എത്തുകയും നാഥനുമായി സംഭാഷണം നടത്തുകയും ചെയ്തപ്പോള്‍ അദ്ദേഹം അപേക്ഷിച്ചു: നാഥാ, നിന്നെ എനിക്ക് കാണിച്ചു തരേണമേ, ഞാനൊന്നു ദര്‍ശിക്കെട്ട. അല്ലാഹു പ്രതികരിച്ചു: താങ്കള്‍ക്ക് എന്നെ കാണാന്‍ കഴിയുകയേ ഇല്ല; എങ്കിലും ആ പര്‍വതത്തിലേക്ക് നോക്കുക-അതു തല്‍സ്ഥാനത്തു തന്നെ നിലകൊള്ളുന്നുവെങ്കില്‍ താങ്കള്‍ക്കെന്നെ കാണാനാകും. അങ്ങനെ തന്റെ നാഥന്റെ പ്രഭ ആ പര്‍വതത്തിലേക്ക് വെളിപ്പെട്ടപ്പോള്‍ അതിനെ ഛിന്നഭിന്നമാക്കുകയും മൂസാനബി ബോധരഹിതനായി നിലംപതിക്കുകയുമുണ്ടായി. എന്നിട്ട് ഉണര്‍ന്നു കഴിഞ്ഞപ്പോള്‍ അദ്ദേഹം ബോധിപ്പിച്ചു: നീ എത്ര പരിശുദ്ധന്‍! നിന്നിലേക്കു ഞാന്‍ പശ്ചാത്തപിച്ചു മടങ്ങിയിരിക്കുന്നു. വിശ്വാസികളില്‍ പ്രഥമനാണു ഞാന്‍' (അൽ അഅ്റാഫ്: 143). രണ്ടാമത്തെ സാഹചര്യം മഹാനായ നബി(സ) തങ്ങൾക്കായിരുന്നു കൈവന്നത്. നിശാപ്രയാണത്തിന്റെയും ആകാശ ആരോഹണത്തിന്റെയും രാത്രിയിൽ അല്ലാഹുവുമായി നബി തങ്ങൾ മുനാജാത്ത് നടത്തുകയുണ്ടായി. അത് കഴിഞ്ഞ് എത്തിയ നബി തങ്ങളോട് സ്വഹാബിമാരിൽ ഒരാളായ അബൂദര്‍റ് (റ) ചോദിക്കുകയുണ്ടായി: 'നബിയെ അങ്ങ് അങ്ങയുടെ റബ്ബിനെ നേരിൽ കണ്ടുവോ?' നബി(സ) തങ്ങൾ പറഞ്ഞു: 'അവൻ പ്രകാശമാണ് പിന്നെയെങ്ങനെ അവനെ ഞാൻ കാണും !' (മുസ്‌ലിം)


ഇക്കാരണത്താൽ തന്നെ അല്ലാഹുവിനെ മനസ്സിലാക്കുവാനും മറ്റൊരാൾക്ക് മനസ്സിലാക്കിക്കൊടുക്കുവാനും നമുക്ക് ഒരു പരിമിതിയുണ്ട്. അത് അവനെ വർണ്ണിക്കുക, വിശേഷിപ്പിക്കുക എന്നതാണത്. ഇങ്ങനെ വിശേഷിപ്പിക്കുമ്പോൾ തന്നെ നന്നായി ശ്രദ്ധിക്കുകയും ജാഗ്രതപുരട്ടുകയും ചെയ്യേണ്ടതുണ്ട്. കാരണം ആ വിശേഷണങ്ങൾ ഒരിക്കലും അവൻ്റെ ശാരീരം വെളിപ്പെടുത്തും വിധം ആവാൻ പാടില്ല. ഉദാഹരണമായി അവൻറെ കൈകളെക്കുറിച്ച് വിവരിക്കുകയോ വർണ്ണിക്കുകയോ ചെയ്യുമ്പോൾ അത് വ്യത്യാസമുണ്ടെങ്കിൽ പോലും ഒരു സൃഷ്ടിയുടെ കൈയാണ് എന്ന് തോന്നും വിധം ആയിക്കൂടാത്തതാണ്. കാരണം അവൻ അതുല്യനാണ്. അവൻ തന്നെ പറയുന്നു: 'അവനെപ്പോലെ വേറെ യാതൊന്നും തന്നെയില്ല' (ശൂറാ: 11) അല്ലാഹുവിനെ പരിചയപ്പെടുത്തുവാൻ വേണ്ടി മാത്രമല്ല അവനെ വിശേഷിപ്പിക്കേണ്ടി വരിക. മറിച്ച് അവൻറെ കലാമും മനുഷ്യന്റെ മാർഗദർശക ഗ്രന്ഥവുമായ പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുമ്പോൾ തന്നെ ഇത് ആവശ്യമായി വരുന്നുണ്ട്. ഉദാഹരണമായി വിശുദ്ധ ഖുർആനിൽ അല്ലാഹുവിൻ്റെ മുഖം, കൈ തുടങ്ങിയ പ്രയോഗങ്ങൾ വന്നിട്ടുണ്ട്. വജ്ഹുല്ലാഹ് (അല്ലാഹുവിന്റെ മുഖം) എന്ന പ്രയോഗം 92:20, 42:11, 2:272, 13:22, 30:38, 76:9 എന്നീ ആയത്തുകളിലും അല്ലാഹുവിന്റെ കൈ (യദ്) എന്ന പ്രയോഗം 3:26, 5:64, 23:88, 36:83, 67:1 എന്നീ ആയത്തുകളിലും വന്നിരിക്കുന്നു. മാത്രമല്ല ഹദീസുകളിലും സമാനമായ പ്രയോഗങ്ങൾ ഉണ്ട്. വിശ്വാസിയുടെ ഹൃദയം അല്ലാഹുവിന്റെ രണ്ട് വിരലുകള്‍ക്കിടയിലാണ് എന്ന ഇമാം മുസ്‌ലിം, തുര്‍മുദി, ഇബ്‌നുമാജ എന്നിവർ നിവേദനം ചെയ്ത ഹദീസ് ഉദാഹരണം. അവയവങ്ങൾക്ക് പുറമേ സൃഷ്ടികളുടെതിന് സമാനമായ പ്രവർത്തനങ്ങളും അല്ലാഹുവിനെ കുറിച്ച് പ്രമാണങ്ങളിൽ പറയപ്പെട്ടിട്ടുണ്ട്. 'അല്ലാഹു അര്‍ശില്‍ ആസനസ്ഥനായി' എന്നു ഖുര്‍ആനിൽ വന്നത് ഉദാഹരണം(20:5). 'അല്ലാഹുവിന്റെ ദൃഷ്ടി' എന്നു ഖുര്‍ആന്‍ അദ്ധ്യായം അത്തൂർ അദ്ധ്യായം 48ാം ആയത്തിൽ പറഞ്ഞിരിക്കുന്നു. മുഖവും കയ്യും എല്ലാം മനുഷ്യൻറെ അംഗങ്ങളും അവയവങ്ങളും ആണ്. അതിനാൽ ആ ആയത്തുകൾ മനസ്സിലാക്കുമ്പോൾ വ്യത്യസ്തമായിട്ടാണ് എങ്കിൽ പോലും നേർക്കുനേർ മുഖം, കൈ എന്ന അർത്ഥങ്ങൾ അതിന് കൽപ്പിക്കാൻ പാടില്ല. മറിച്ച് അതിൻറെ സ്ഥാനത്ത് നിൽക്കുന്ന സ്വത്വം, ദാനം, ഔദാര്യം തുടങ്ങിയ അർത്ഥങ്ങൾ കൽപ്പിക്കേണ്ടിവരും. അങ്ങനെയാണ് ആദ്യകാല സൂക്ഷ്മാലുക്കളായ പണ്ഡിതന്മാർ ചെയ്തിട്ടുള്ളത്.


നബി തങ്ങളുടെ ഏതെങ്കിലും ഒരു വിശദീകരണത്തിൽ ഈ പറഞ്ഞ നിലപാടിന് വിരുദ്ധമായി അല്ലാഹുവിന് കൈയുണ്ട് എന്ന് പറഞ്ഞാൽ നമ്മുടേത് പോലുള്ള കയ്യ് തന്നെയാണ് ഉദ്ദേശിക്കുന്നത് എന്ന് കാണാൻ കഴിയില്ല. അപ്രകാരം തന്നെ നബിയുടെ സ്വഹാബിമാരിൽ ആരെങ്കിലും അത്തരം ഒരു വ്യാഖ്യാനം ഉണ്ടായിരുന്നു എന്ന് ദ്യോദിപ്പിക്കുന്ന ഒരു വ്യാഖ്യാനമോ വിവരണമോ നൽകിയതായും നമുക്ക് കാണാൻ കഴിയില്ല. എന്നാൽ മതത്തിൻറെ അടിസ്ഥാനപ്രമാണങ്ങളിലെല്ലാം എന്നപോലെ ഹിജ്‌റ രണ്ടാം നൂറ്റാണ്ടുമുതല്‍ മുസ്‌ലിം ലോകത്ത് അല്ലാഹുവിന്റെ നാമവിശേഷങ്ങളെയും രൂപഭാവങ്ങളെയും കുറിച്ചുള്ള അറിവുകളും ധാരണകളും ചോദ്യം ചെയ്യപ്പെടുകയും അവ തർക്കവിതർക്കങ്ങളായും വിവാദങ്ങളായും ഉയർന്ന വരികയുണ്ടായി. ഇസ്ലാമിൽ ആദ്യമായി ഉയർന്നുവന്ന ബൗദ്ധികമായ വിവാദങ്ങളിൽ ഒന്നാണ് അല്ലാഹുവിൻ്റെ സിഫത്തുകളെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും. ബുദ്ധിപരമായ ഇത്തരം വ്യാഖ്യാനങ്ങളെയും വാദങ്ങളെയും സത്യത്തിൽ മുസ്ലിങ്ങൾ തന്നെ വിളിച്ചു വരുത്തുകയായിരുന്നു. കാരണം, പ്രധാനമായും അബ്ബാസി ഖിലാഫത്തിന്റെ കാലത്ത് ഉണ്ടായ ബൗദ്ധികവും വൈജ്ഞാനികവുമായ വികാസങ്ങളുടെ ഭാഗമായി ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും പല ശാസ്ത്രങ്ങളും ഇസ്ലാമിക ലോകത്തെത്തിച്ചേരുകയുണ്ടായി. ഇവയിൽ ഗുണകരമായ ഒരുപാട് ശാസ്ത്രങ്ങൾ ഉണ്ടായിരുന്നു എന്നതും അത് മുസ്ലിങ്ങളുടെ സാമൂഹ്യവും സാംസ്കാരികവും വൈജ്ഞാനികവുമായ ഉന്നമനങ്ങൾക്ക് കാരണമായി തീർന്നു എന്നതും തീർത്തും അംഗീകരിക്കേണ്ട ഒരു വസ്തുത തന്നെയാണ്. അതേസമയം അതിനിടയിലൂടെ കടന്നുവന്ന ചില ശാസ്ത്രങ്ങൾ ചെറിയ അപകടങ്ങൾ വിളിച്ചുവരുത്തുക തന്നെ ചെയ്യുകയുണ്ടായി. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗ്രീക്ക് ഫിലോസഫി.


ചിന്തകന്മാരെ നിരവധി സംഭാവന ചെയ്ത ഒരു പ്രാചീന സംസ്കാരമാണ് ഗ്രീക്ക് സംസ്കാരം എന്നത് നാം സമ്മതിക്കേണ്ടതുണ്ട്. അതേസമയം അവിടെ ആവിഷ്കരിക്കപ്പെടുകയോ രൂപം പ്രാപിക്കുകയോ ചെയ്ത പല ശാസ്ത്രങ്ങളും തെറ്റായ അനുമാനങ്ങളിൽ നിന്ന് ഉണ്ടായവയായിരുന്നു. കാരണം പരമമായ ശരി കുടികൊള്ളുന്ന ദൈവീക വെളിപാടിൽ നിന്നല്ല അവയൊന്നും ഉണ്ടായത്. അതി ബുദ്ധിമാന്മാരായിരുന്ന ആ കാലത്തെ ചില വ്യക്തിത്വങ്ങൾ ചിന്തിച്ച് ഇഴപിരിച്ച് രൂപപ്പെടുത്തി എടുത്തവയായിരുന്നു. ആ കാലഘട്ടം അത് തീർത്തും അംഗീകരിക്കുക തന്നെ ചെയ്തു. പ്രത്യേകിച്ചും ഗ്രീക്ക് സംസ്കാരം നിലനിന്നിരുന്ന സ്ഥലങ്ങളിലുള്ളവർ. അതേസമയം ആ കാലവും ആ പരിസരവും കടന്നാൽ പ്രസക്തിയുള്ള ചിന്തകൾ ആയിരുന്നില്ല അവയൊന്നും. അതൊന്നും ആലോചിക്കാതെ ഗ്രീക്ക് ഫിലോസഫി അറബിയിലേക്ക് തർജ്ജമ ചെയ്യപ്പെട്ടതോടെ അറബി ചിന്തകന്മാർ അതിൽ ആകൃഷ്ടരായി. അതേസമയം അവർക്ക് തങ്ങളുടെ സ്വന്തം കയ്യിലുള്ള ഇസ്ലാമിക ധർമ്മ ശാസ്ത്രം കയ്യൊഴിക്കാൻ ഒരിക്കലും കഴിയുമായിരുന്നില്ല. കാരണം അത് അവരുടെ എല്ലാ കണക്കുകൂട്ടലുകളെയും ധാരണകളെയും യുക്തികളെയും ശരിവെക്കുന്നതായിരുന്നു. ദൈവീക വെളിപാടിന്റെ പിൻബലം ഉള്ളതിനാൽ അത് അങ്ങനെ മാത്രമേ വരൂ. അതേസമയം ഇപ്പോൾ കയ്യിൽ വന്നുചേർന്നിരിക്കുന്ന ഗ്രീക്ക് തത്വശാസ്ത്രം തികച്ചും ആസ്വാദകരമാണ് എന്നും അവർക്കറിയാമായിരുന്നു. രണ്ടിനെയും കയ്യൊഴിക്കാൻ കഴിയാത്ത ഒരു ത്രിശങ്കുവിലേക്കാണ് ഈ സാഹചര്യം അവരെ നയിച്ചത്. ആ സമയത്ത് ചിലർ ശ്രമിച്ചത് ഈ രണ്ട് ചിന്താധാരകളെയും പരമാവധി ഒന്നിപ്പിക്കുവാൻ ആയിരുന്നു. അതിലവർക്ക് വിജയിക്കാൻ കഴിയുമായിരുന്നില്ല. കാരണം അല്ലാഹു ഉണ്ടാക്കിയതും സൃഷ്ടികൾ ഉണ്ടാക്കിയതും പരസ്പരം യോജിച്ചു പോവുകയില്ല. അതിനാൽ അവരുടെ താൽപര്യമനുസരിച്ച് രണ്ടിനെയും യോജിപ്പിച്ചു വെക്കുവാൻ അവർ ചിലതെല്ലാം കൂട്ടിക്കൊടുക്കുകയും ചിലതെല്ലാം ഒഴിവാക്കുകയും മറ്റു ചിലതെല്ലാം വ്യാഖ്യാനിച്ച് ശരിപ്പെടുത്തുകയും ചെയ്തു. അങ്ങനെയാണ് വിശ്വാസശാസ്ത്രം അടക്കമുള്ള വിഷയങ്ങളിൽ വിവാദം ഉടലെടുത്തത്.


അല്ലാഹുവിൻ്റെ ഗുണങ്ങളും വിശേഷണങ്ങളും വിവരിക്കുന്നതിൽ നിലവിലുള്ള പരമ്പരാഗത രീതിയിൽ നിന്ന് മാറി ചിന്തിച്ച ജനങ്ങൾ ക്രമേണ ഒരു പ്രത്യേക വിഭാഗമായി നിൽക്കുകയുണ്ടായി. അതില്‍ രൂപപ്പെട്ട രണ്ടുചേരിയാണ് മുഅത്വിലത്തും മുജസ്സിമത്തും. ‘മുഅത്ത്വില’ എന്നാല്‍ ഇല്ലാതെയാക്കുന്നവന്‍ മുടക്കുന്നവർ എന്നൊക്കെയാണ് അര്‍ത്ഥം. ദൈവിക സത്തയുടെ അനിവാര്യ ഗുണങ്ങളെ മുഴുവന്‍ നിഷേധിക്കുന്നതുകൊണ്ട് ഈ വിഭാഗം മുഅത്ത്വില എന്നറിയപ്പെടുന്നു. അല്ലാഹു അനാദ്യനും അനന്ത്യനും അരൂപിയും അതുല്യനും അസദൃശ്യനും അവിഭാജ്യനുമായതുകൊണ്ട് സൃഷ്ടികള്‍ക്കു നല്‍കാവുന്ന യാതൊരു വിശേഷണങ്ങളും അല്ലാഹുവിനു നല്‍കാന്‍ പാടില്ല. അങ്ങനെ നല്‍കിയാല്‍ അത് തൗഹീദിനും അല്ലാഹുവിലുള്ള വിശ്വാസത്തിനും വിരുദ്ധമാകും. സൃഷ്ടികളോട് എതിരാകുക എന്നതാണ് അല്ലാഹുവിന്റെ മുഖ്യ സവിശേഷത. അതുകൊണ്ട് സൃഷ്ടികളെ വിശേഷിപ്പിക്കുന്ന പദങ്ങള്‍ കൊണ്ടൊന്നും അല്ലാഹുവിനെ വിശേഷിപ്പിക്കാന്‍ പാടില്ല. അവനെക്കുറിച്ച് സ്രഷ്ടാവ്, കര്‍ത്താവ്, സര്‍വ്വശക്തന്‍ എന്നെല്ലാം പറയാം. അവയൊന്നും മനുഷ്യരുടെ വിശേഷണങ്ങളിൽ പെട്ടതല്ലല്ലോ. എന്നാല്‍ ജീവിക്കുന്നവന്‍, അറിയുന്നവന്‍, കേള്‍ക്കുന്നവന്‍, കാണുന്നവന്‍ എന്നൊന്നും അല്ലാഹുവിനെ കുറിച്ച് പറഞ്ഞുകൂടാ. കാരണം ഇതെല്ലാം സൃഷ്ടികളെയും വിശേഷിപ്പിക്കാവുന്ന വിശേഷണങ്ങളാണ്. ഇതാണ് ചുരുക്കത്തിൽ മുഅത്തിലയുടെ നിലപാട്. ഇവർ അടിസ്ഥാനപരമായി മുഅ്തസില വിഭാഗത്തിന്റെ ഒരു ഭാഗം തന്നെയാണ്. ഇസ്ലാമിക തത്ത്വചിന്തയിൽ യുക്തിക്ക് വലിയ പ്രാധാന്യം നൽകിയ ഒരു വിഭാഗമാണിത്. അല്ലാഹുവിൻ്റെ സിഫാത്തുകളെ അല്ലാഹുവിന്റെ സത്തയില്‍ നിന്ന് വേറിട്ട് കാണുന്നതിനെ നിഷേധിക്കുന്നതുകൊണ്ടാണ് അവര്‍ക്ക് ഈ പേര് ലഭിച്ചത്. ഈ വാദത്തിന്റെയും വാതക്കാരുടെയും നേരെ എതിർവിഭാഗമാണ് മുജസ്സിമത്ത്. അല്ലാഹുവിനു സൃഷ്ടികൾക്കുള്ളതുപോലെ ശരീരമുണ്ടെന്നു വാദിക്കുന്നവരാണിവർ. മുശബ്ബിഹ (സാദൃശ്യമാക്കുന്നവര്‍) എന്നും ഇവരെക്കുറിച്ച് പറയാറുണ്ട്. അല്ലാഹുവിനെക്കുറിച്ച് ഖുര്‍ആനിലും ഹദീസിലും വന്ന പദപ്രയോഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചു – ആ അര്‍ത്ഥങ്ങളും രൂപങ്ങളുമെല്ലാം ഉള്ളവനാണ് അല്ലാഹുവെന്ന് ഇവര്‍വാദിക്കുന്നു. വജ്ഹുല്ലാഹ് (അല്ലാഹുവിന്റെ മുഖം) എന്നു ഖുര്‍ആനില്‍ വന്നിരിക്കുന്നു. അതിന്നര്‍ത്ഥം അല്ലാഹുവിനു യഥാര്‍ത്ഥ മുഖമുണ്ടെന്നു തന്നെയാണ്. അല്ലാഹുവിന്റെ കൈ (യദ്) എന്ന് ഖുര്‍ആനില്‍ വന്നിരിക്കുന്നു. അല്ലാഹുവിന് കൈ യഥാര്‍ത്ഥത്തിലുണ്ട് എന്നാണതിന്നര്‍ത്ഥം. വിശ്വാസിയുടെ ഹൃദയം അല്ലാഹുവിന്റെ രണ്ട് വിരലുകള്‍ക്കിടയിലാണ് എന്ന് സ്വഹീഹായ ഹദീസിൽ വന്നിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനു വിരലുകളുണ്ടെന്നു തന്നെ വിശ്വസിക്കണം. അല്ലാഹു അര്‍ശില്‍ ആസനസ്‌ഥനായി എന്നു ഖുര്‍ആനിലുണ്ട്. അതിൽ നിന്ന് അവൻ ഒരു സിംഹാസനത്തില്‍ ഇരിക്കുകയാണ് എന്ന് വ്യക്തമാണ്. അതിനാൽ അവൻ സിംഹാസനത്തിൽ ഇരിക്കുക തന്നെയാണ്. അല്ലാഹുവിന്റെ ദൃഷ്ടി എന്നു ഖുര്‍ആന്‍ പറഞ്ഞിരിക്കുന്നു. അതില്‍നിന്നു അവനു കണ്ണുണ്ടെന്നു നാം മനസ്സിലാക്കണം. ഇങ്ങനെ പോകുന്നു മുജസ്സിമത്തുകളുടെ നിലപാട്.


എന്നാല്‍ ഈ രണ്ടു വീക്ഷണങ്ങളും അപകടം നിറഞ്ഞതാണ്. അല്ലാഹുവിനെ ഒരു ഗുണവുമില്ലാത്ത ഒരു സ്വത്വമായി അവതരിപ്പിക്കുകയാണ് മുഅത്വിലുകള്‍. അതുവഴി അവർ അല്ലാഹുവിന്റെ പൂര്‍ണ്ണതയെയാണ് നിഷേധിക്കുന്നത്. ഹയാത്ത് (ജീവന്‍) ഇല്‍മ് (ജ്ഞാനം), ഖുദ്‌റത്ത് (ശക്തി), സംഅ് (കേള്‍വി), ബസ്വര്‍ (കാഴ്ച), കലാം (സംസാരം) ഇറാദത്ത് (ഉദ്ദേശ്യം) എന്നിവ ദൈവിക സത്തയുടെ അനിവാര്യ ഗുണങ്ങളാണ്. ഈ ഗുണങ്ങളില്ലാത്ത ഒരു അല്ലാഹുവിനെ പരിപൂര്‍ണ്ണതയുടെ തിരുസത്തയായി എങ്ങനെ സങ്കല്‍പ്പിക്കാൻ കഴിയും? അതുകൊണ്ടുതന്നെ ഈ ഗുണങ്ങള്‍ അല്ലാഹുവിനുണ്ടെന്ന് അംഗീകരിക്കാതെ നിര്‍വ്വാഹമില്ല. ഇവിടെ സൃഷ്ടികളോടു സാദൃശ്യപ്പെടുക എന്ന പ്രശ്‌നം ഉദിക്കുന്നില്ല. ഖുര്‍ആനിലും ഹദീസിലും അല്ലാഹുവിനു നല്‍കപ്പെട്ട വിശേഷണങ്ങള്‍ അംഗീകരിക്കുക മാത്രമാണ് ചെയ്യുന്നത്. ഇങ്ങനെയല്ലാതെ അല്ലാഹുവിനെ മനസ്സിലാക്കുവാനും സങ്കൽപ്പിക്കുവാനും മനുഷ്യന് കഴിയില്ല. എന്നാൽ അല്ലാഹുവിനെ ആ അർത്ഥത്തിൽ മനസ്സിലാക്കാതെ പോയാൽ അടിമകളുടെ അടിമത്വത്തിനും പ്രാർത്ഥനക്കും ആരാധനക്കും ഒരു അർത്ഥം ലഭിക്കുകയില്ല. ഉദാഹരണമായി, അല്ലാഹു എല്ലാം കേൾക്കും എന്ന് വിശ്വസിക്കാതെ അവനോട് എങ്ങനെയാണ് ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുക എന്ന് ചിന്തിച്ചാൽ തന്നെ ഈ വാദത്തിന്റെ നിരർത്ഥകത ബോധ്യപ്പെടും. അതിനേക്കാൾ അപകടകരമാണ് മുജസ്സിമത്തുകളുടെ വാദം. അല്ലാഹുവിന് മനുഷ്യരുടേതിന് സമാനമായ മുഖം, കൈകാലുകള്‍, വിരലുകള്‍ എന്നിവ ഉണ്ടെന്ന് വിശ്വസിക്കുകയും കയറ്റം, ഇറക്കം, നിറുത്തം, ഇരുത്തം തുടങ്ങിയ പ്രവർത്തനങ്ങളുടെ ശേഷി അല്ലാഹുവിലുണ്ടെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുകയാണ് മുജസ്സിമത്തുകള്‍. ഇവർ പിന്നെ ഇതേ വാദത്തിൽ തന്നെ പല തരക്കാരും തട്ടുകാരുമായി മാറുകയുണ്ടായി. ചിലര്‍ അല്ലാഹുവിന്റെ ശരീരം ഇതര ശരീരങ്ങൾ പോലെയാണെന്നു വരെ വാദിച്ചു. മറ്റൊരു വിഭാഗം മിതവാദികൾ ആയിരുന്നു. അല്ലാഹുവിനെ മനുഷ്യരെപ്പോലെ അംഗങ്ങളും അവയവങ്ങളും ഉണ്ടെങ്കിലും അവ സൃഷ്ടികളെപ്പോലെ ഉള്ളത് അല്ല എന്നായിരുന്നു അവരുടെ വാദം.


ഇത്തരമൊരു ഘട്ടത്തില്‍ കാര്യബോധമുള്ള നമ്മുടെ ഇമാമുകള്‍ക്ക് ഇടപെടേണ്ടിവന്നു. സത്യം ബോധ്യപ്പെടുത്താന്‍ വേണ്ടി അവർ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കി. അല്ലാഹുവിന്റെ കൈകള്‍, വിരലുകള്‍, കണങ്കാല്‍, മുഖം, ചിരി, സന്തോഷം, സിംഹാസനാരോഹണം തുടങ്ങി ഖുര്‍ആനിലും സുന്നത്തിലും വന്ന പ്രയോഗങ്ങള്‍ അല്ലാഹുവിന്റെ മഹത്വത്തിനു അനുയോജ്യമാം വിധം വ്യാഖ്യാനിക്കുകയാണ് പരിഹാര മാര്‍ഗ്ഗമെന്ന് അവർ നിര്‍ദ്ദേശിച്ചു. ഉദാഹരണത്തിനു അല്ലാഹുവിന്റെ കൈകള്‍ എന്നതു കൊണ്ടുള്ള വിവക്ഷ യഥാര്‍ത്ഥ കൈകളല്ല. അവന്റെ ശക്തി, ഉദാരത, സഹായം എന്നൊക്കെയാണെന്നവര്‍ വ്യക്തമാക്കി. പില്‍ക്കാല പണ്ഡിതന്മാര്‍ സ്വീകരിച്ച ഈ നിലപാട് സലഫിന്റെ വീക്ഷണങ്ങള്‍ക്കു വിരുദ്ധമായിരുന്നില്ല. ഇമാമുമാർക്ക് മറുപടി പറഞ്ഞു തങ്ങളുടെ ന്യായങ്ങൾ വിശദീകരിച്ചു മുഅത്വിലകളും മുജസിമത്തുകളും പറഞ്ഞത് മാറ്റിപ്പറഞ്ഞും നിഷേധിച്ചും വീണ്ടും വീണ്ടും പിളർന്ന് പല കഷണങ്ങളായി മാറുകയുണ്ടായി. അടിസ്ഥാനപരമായി തെറ്റായതോ അപക്വമായതോ ആയ ഏതു വാദത്തിന്റെയും പ്രത്യേകത അതാണ്. അത് അവതരിപ്പിക്കും തോറും വിശദീകരിക്കും തോറും കൂടുതൽ കൂടുതൽ ദുർബലമായിക്കൊണ്ടേയിരിക്കും. ഈ അവസ്ഥ അവരുടെ ആധുനിക പതിപ്പുകൾക്ക് കൂടി ഉണ്ട് എന്ന് താഴെപ്പറയുന്ന ചെറിയ വിവരണത്തിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാം.


അല്ലാഹുവിന്റെ സിഫത്തുകളെക്കുറിച്ച് കേരളത്തിലെ വഹാബികൾക്കിടയിൽ പലപ്പോഴും ഭിന്നത നിലനിന്നിരുന്നു. അല്ലാഹുവിനെ ഒരു സ്ഥലത്തും ആയി സങ്കൽപിക്കരുതെന്ന് 1930ൽ തന്നെ വക്കം മൗലവി പറഞ്ഞിട്ടുണ്ട്. അല്ലാഹുവിന് സ്ഥലമോ ഭാഗമോ രൂപമോ ജഡമോ ഉണ്ടെന്ന് വിശ്വസിക്കുന്നവർ കാഫിറായ മുബ്തദിഅ് ആണെന്ന് 1952 ജനുവരി മാസത്തിലെ അൽമനാറിലെ ഫത്‌വയിലും കാണാം. എന്നാൽ ഇബ്‌നു തൈമിയ്യയുടെ തൗഹീദ് ഇതിൽ നിന്നും ഭിന്നമായിരുന്നു. അതിൽ ആകൃഷ്ടരായ ഉമർ മൗലവിയെ പോലെയുള്ള ചിലർ ഇബ്നു തൈമിയ്യയെ പോലെ അല്ലാഹു ആകാശത്തിലാണെന്നും അവൻ അർശിൽ ഇരിക്കുകയാണെന്നും തട്ടിവിട്ടു. ഒപ്പം യുവത പ്രസിദ്ധീകരിച്ച ഇസ്‌ലാം എന്ന പുസ്തകത്തിൽ അല്ലാഹുവിനെ കുറിച്ച് അവൻ അരൂപിയാണെന്നും അവൻ സിംഹാസനസ്ഥനാണെന്ന ധാരണ തെറ്റാണെന്നും പ്രസിദ്ധീകരിച്ചു വന്നപ്പോൾ ഇത് അവർക്കിടയിൽ തന്നെ ആശയ വ്യതിയാനമായി ആരോപിക്കപ്പെട്ടു. അവസാനം അത് പിൻവലിക്കേണ്ടി വന്നു. അങ്ങനെ ഭാഗവും രൂപവും സ്ഥലവുമില്ലാത്ത അല്ലാഹുവിന് പകരം കൈയും കാലും കണ്ണും മുഖവുമുള്ള ദൈവമായി വഹാബികളുടെ ‘അല്ലാഹു’ അവരോധിക്കപ്പെട്ടു. തൗഹീദിലെ ഈ പരിണാമം 2001 ജൂൺ 4ന് പുളിക്കൽ മദീനത്തുൽ ഉലൂമിൽ ചേർന്ന കെജെയു നിർവാഹക സമിതി ഔദ്യോഗികമായി അംഗീകരിച്ചു. അങ്ങനെ വഹാബി തൗഹീദിൽ തൗഹീദുൽ അസ്മാഇ വ സ്വിഫാത്ത് എന്ന ഒരു പുതിയ ഇനം കൂട്ടിച്ചേർക്കപ്പെട്ടു. ഇപ്പോഴും അവർക്കിടയിൽ അല്ലാഹുവിനെ വിശേഷിപ്പിക്കുന്ന വിഷയത്തിൽ നിർഭയത്വം ഉള്ള ഒരേകത ഇല്ല.
O


0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso