ഇഅ്ജാസ്
ടി എച്ച് ദാരിമി അൽ അസ്ഹരി
മനുഷ്യനെ അവനെ കൊണ്ട് തന്നെ ചിന്തിപ്പിക്കുക എന്ന അല്ലാഹുവിൻ്റെ ഹിക്മത്ത് മഹത്തരമാണ്. മറ്റെന്തിലേക്ക് എങ്കിലും വിരൽ ചൂണ്ടിക്കാണിച്ചു കൊടുത്തു കൊണ്ടല്ല അവനെ നിർബന്ധമായ തിരിച്ചറിവിലേക്ക് അള്ളാഹു എത്തിക്കുന്നത്. അവനിലേക്ക് തന്നെ ചൂണ്ടിക്കാണിച്ചു കൊടുത്തു കൊണ്ടാണ്. അപ്പോൾ അവന് അത് നിഷേധിക്കാൻ കഴിയില്ല. അതാണ് ആ രീതിയുടെ വ്യതിരിക്തത. ഇതുകൊണ്ടുതന്നെയാണ് സൃഷ്ടാവിനെ നിഷേധിക്കുക എന്നത് ഏറ്റവും വലിയ പാതകങ്ങളിൽ ഒന്നായി എണ്ണപ്പെടുന്നത്. കാരണം ബുദ്ധിയും ചിന്തയും ഉള്ള ഏതൊരാളും അങ്ങനെ ചെയ്യുകയാണെങ്കിൽ അതിൻ്റെ അർത്ഥം അവൻ അന്ധമായി സത്യത്തിന് നേരെ കണ്ണടക്കുന്നു എന്നതാണ്. അത് ചെയ്യുന്നതാവട്ടെ ഈ സൃഷ്ടി സംവിധാനത്തിന് എല്ലാം ഗുണഫലം അനുഭവിച്ച് ജീവിക്കുന്ന മനുഷ്യനുമാണ്. കണ്ടുകൊണ്ടിരിക്കുന്നവൻ കണ്ണിനെ തന്നെ നിഷേധിക്കുക, കേട്ടുകൊണ്ടിരിക്കുന്നവൻ കാതിനെ തന്നെ നിഷേധിക്കുക തുടങ്ങിയ ഏറ്റവും വിചിത്രമായ അർത്ഥങ്ങളിലേക്കാണ് ആ നിഷേധം എത്തിച്ചേരുക. ആ അവബോധം പകരുവാൻ വേണ്ടിയാണ് ഈ പാഠങ്ങളിലൂടെ നാം സഞ്ചരിക്കുന്നത് മനുഷ്യന് ലഭിച്ച ഏത് അവയവത്തിന്റെയും ഏത് ശേഷിയുടെയും മുമ്പേ പരിഗണിക്കേണ്ട വിഷയമാണ് മൊത്തത്തിൽ മനുഷ്യജന്മം തന്നെ. ആ ജന്മം സൃഷ്ടികൾക്കാർക്കും അവകാശപ്പെടാൻ കഴിയാത്ത വിധത്തിൽ അന്യൂനമായ സൃഷ്ടാവിന്റെ അപാരമായ സൃഷ്‌ടിപ്പത്ഭുതങ്ങൾ കുടികൊള്ളുന്നതാണ് എന്നാണ് നാം പറഞ്ഞു വരുന്നത്. അതിനുവേണ്ടി നാം വിശദീകരിക്കുന്നത് ഒരു സൂക്തത്തെയാണ്. അതിൽ ഒരു മനുഷ്യജന്മത്തിന്റെ പ്രക്രിയകൾ അല്ലാഹു ഇങ്ങനെ വിശദമാക്കുന്നു: 'നിശ്ചയം മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്നു നാം സൃഷ്ടിക്കുകയും പിന്നീട് ശുക്ലമാക്കി ഒരു ഭദ്ര സ്ഥലത്ത് നിക്ഷേപിക്കുകയും ചെയ്തു. അനന്തരം ആ ശുക്ലത്തെ രക്ത പിണ്ഡമായും അതിനെ മാംസ പിണ്ഡമായും തുടര്‍ന്ന് അതിനെ അസ്ഥികൂടമായും രൂപപ്പെടുത്തി. അനന്തരമത് മാംസം കൊണ്ട് ആവരണം ചെയ്തു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാമവന് അസ്തിത്വമേകി. അപ്പോള്‍ ഏറ്റം ഉദാത്തമായി സൃഷ്ടി കര്‍മം നടത്തുന്ന അല്ലാഹു അനുഗ്രഹ പൂര്‍ണനത്രേ'. (അൽ മുഅ്മിനൂൻ: 12-14). പ്രക്രിയ തുടങ്ങുന്ന പുരുഷ ശുക്ലത്തെ കുറിച്ചാണ് നാം ഇതുവരെ പറഞ്ഞത്. ഇനി പറയാനുള്ളത് ആ ശുക്ലം രക്തപിണ്ഡമാകുന്ന പ്രക്രിയയെ കുറിച്ചാണ്.
പ്രത്യുൽപാദന പ്രക്രിയയിലേക്ക് മനുഷ്യനെ അല്ലാഹു നയിക്കുന്നത് ഏറെ കൗതുകകരമാണ്. ആണിന്റെയും പെണ്ണിന്റെയും ശരീരവും മനസ്സും വൈകാരിക വൈചാരിക മേഖലകളും അതിനു പറ്റുന്ന വിധത്തിൽ അവൻ പടച്ചു വെച്ചിരിക്കുന്നു. ഈ വ്യത്യാസങ്ങൾ പരസ്പരം ആകർഷിക്കപ്പെടുന്ന ഘടകങ്ങളാൽ സമ്പന്നമാണ്. ഈ പരസ്പര ആകർഷണത്തെയാണ് കാമം എന്ന് പറയുന്നത്. ഈ ആകർഷണം തോന്നുമ്പോഴാണ് മനുഷ്യരിൽ വൈകാരിക ചിന്തകൾ ഉണരുന്നത്. അതിനനുസരിച്ച് അവർ വിവാഹിതരാകുന്നു. വിവാഹാനന്തരം ഇതേ കാമത്തിൻ്റെ ഊർജ്ജത്തിൽ തന്നെ അവർ ഇണ ചേരുകയും പുരുഷൻ നേരത്തെ പറഞ്ഞ ശുക്ലം എന്ന ബീജം ഇണയുടെ ഗർഭാശയത്തിൽ എത്തിക്കുകയും ചെയ്യുകയാണ്. പിന്നീട് അവിടെ ഇട്ട് അല്ലാഹു അതിനെ വളർത്തുന്നു. ആ വളർത്തലിൽ ഏറ്റവും ആദ്യമായി ഉണ്ടാകുന്നത് പുരുഷൻ്റെ ബീജം സ്ത്രീയുടെ ബീജവുമായി അഥവാ അണ്ഡവുമായി ചേരുക എന്നതാണ്. ഇത് വിവരിക്കുമ്പോൾ സ്ത്രീയുടെ അണ്ഡത്തെ കുറിച്ച് കൗതുകകരമായ ചില വിവരങ്ങൾ നമ്മുടെ പ്രമാണങ്ങളുടെ വെളിച്ചത്തിൽ പങ്കുവെക്കാൻ ഉണ്ട്. അതു മറ്റൊന്നുമല്ല. സ്ത്രീകൾക്ക് സ്ഖലനം ഉണ്ടോ എന്നത് മനുഷ്യകുലം അറിയാത്ത ഒരു കാര്യമായിരുന്നു. അതിനിടക്കാണ് ഇസ്ലാം വന്നത്. ഇസ്ലാം വരുമ്പോൾ അതേ വിശ്വാസമാണ് ഉണ്ടായിരുന്നത് എന്ന് തെളിയിക്കുന്ന നിരവധി ഹദീസുകൾ നമുക്ക് കാണാം.
അവയിൽ ഒന്നാണ് ഉമ്മു സുലൈം(റ) എന്ന സഹാബി വനിത നബി തങ്ങളോട് ഒരു ചോദ്യത്തിൻ്റെ മറുപടിയായി നബി തങ്ങൾ പറഞ്ഞത്. സ്ത്രീകൾക്ക് കുളി നിർബന്ധമാകുന്ന ജനാബത്ത് ഉണ്ടാകുമോ എന്നായിരുന്നു അവർക്ക് അറിയേണ്ടിയിരുന്നത്. തീർച്ചയായും അവൾക്ക് കുളി നിർബന്ധമാണ്, അവൾ വെള്ളം കണ്ടാൽ എന്നായിരുന്നു നബിയുടെ മറുപടി. അപ്പോൾ ചോദ്യകർത്താവിന് അത്ഭുതം. സ്ത്രീകൾക്ക് സ്ഖലനം ഉണ്ടാകുമോ? എന്നായിരുന്നു അത്. സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ ലൈംഗിക വികാരശമനത്തിന് സൂചനയായി സ്ഖലനം ഉണ്ടാവില്ല എന്നായിരുന്നു അക്കാലത്തിന്റെ ധാരണ എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. കാരണം അതുകൊണ്ടാണ് അവർ അങ്ങനെ അത്ഭുതം പ്രകടിപ്പിച്ചത്. നബി തങ്ങൾ പറഞ്ഞു: 'തീർച്ചയായും ഉണ്ടാകും അല്ലാതെ എന്തുകൊണ്ടാണ് അവരുടെ കുഞ്ഞ് അവളോട് സദൃശ്യമായിരിക്കുന്നത്?'. നബി തങ്ങൾ അല്ലാഹുവിൽ നിന്നുള്ള വെളിപാടിന്റെ വെളിച്ചത്തിൽ പറഞ്ഞ ഈ കാര്യം കണ്ടെത്തുവാൻ പിന്നെയും ഒരുപാട് നൂറ്റാണ്ടുകൾ വേണ്ടിവന്നു എന്നത് ആണ് നാം പറഞ്ഞ കൗതുകം. സ്ത്രീകളിലെ അണ്ഡം (Ovum/Oocyte) ആദ്യമായി കണ്ടെത്തിയത് ജർമ്മൻ ശാസ്ത്രജ്ഞനായ കാൾ ഏണസ്റ്റ് വോൺ ബെയർ (Karl Ernst von Baer) ആണ്. 1827-ൽ ഒരു നായയുടെ അണ്ഡാശയത്തിൽ (Ovary) നിന്നാണ് അദ്ദേഹം സസ്തനികളുടെ അണ്ഡം ആദ്യമായി മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചത്. അത് മനുഷ്യരിൽ കണ്ടെത്തിയതാവട്ടെ, 1928-ൽ എഡ്ഗർ അലൻ (Edgar Allen) എന്ന ശാസ്ത്രജ്ഞനാണ്. ലൈംഗിക ബന്ധത്തിലൂടെ സ്ത്രീയുടെ ഗർഭാശയത്തിൽ എത്തിച്ചേരുന്ന ബീജം അവിടെവച്ച് സ്ത്രീയുടെ അണ്ഡവുമായി ചേരുന്നു. പുരുഷന്റെ ബീജവും (Sperm) സ്ത്രീയുടെ അണ്ഡവും (Egg) തമ്മിൽ സംയോജിക്കുന്ന ജൈവപ്രക്രിയയാണ് ബീജസങ്കലനം (Fertilization). ഇത് ഗർഭധാരണത്തിന്റെ ആദ്യപടിയാണ്. സ്ത്രീയുടെ അണ്ഡവിസർജ്ജന സമയത്ത് (Ovulation), പുരുഷബീജം അണ്ഡവുമായി ചേരുന്നു. സ്ത്രീയുടെ ഫാലോപ്യൻ ട്യൂബിൽ വെച്ചാണ് ഇത് സാധാരണയായി നടക്കുന്നത്. അണ്ഡവും ബീജവും കൂടിച്ചേരുമ്പോൾ 'സൈഗോട്ട്' എന്ന ഒരൊറ്റ കോശമായി അതു രൂപപ്പെടുന്നു. ഇത് പിന്നീട് വളർന്ന് ഭ്രൂണമായി (Embryo) മാറുന്നു.
മാതാവിൻ്റെ ഗർഭാശയത്തിൽ എത്തിച്ചേരുകയും സങ്കലനം നടക്കുകയും ചെയ്തതിന്റെ ശേഷമുള്ള ഭ്രൂണത്തിന്റെ വളർച്ചയും യാത്ര അതിലേറെ കൗതുകകരമാണ്. ഇതൊന്നും മനുഷ്യരിൽ ആരും നിയന്ത്രിക്കുന്നതല്ല എന്നത് ഇടയ്ക്കിടെ ആവർത്തിച്ചു മനസ്സിലാക്കേണ്ട കാര്യമാണ്. അവിടെ വെച്ച് വിവിധ പ്രക്രിയകൾക്ക് ഭ്രൂണം വിധേയമാവുകയാണ്. ഇത് കൂടുതൽ മനസ്സിലാക്കുവാൻ നമുക്ക് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് നടക്കുന്ന ഭ്രൂണ വളര്‍ച്ചയെക്കുറിച്ച് ഗവേഷണം നടത്തുകയും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. കെയ്ത് മൂര്‍, അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തില്‍ ഖുര്‍ആനില്‍ സൂചിപ്പിച്ച ഭ്രൂണവളര്‍ച്ചയുടെ 5 ഘട്ടങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ആ ഘട്ടങ്ങളിൽ ആദ്യമായി പിതാവിന്റെ കോടിക്കണക്കിന് ബീജങ്ങള്‍ മാതാവിന്റെ അണ്ഡാശയ വാഹിനിയിലൂടെ കടന്ന് അണ്ഡത്തെ കണ്ടെത്തുന്നു. 20 കോടിയില്‍ പരം ബീജങ്ങളില്‍ ഒന്ന് മാത്രമാണ് മാതാവിന്റെ അണ്ഡാവരണത്തെ തുളച്ച് ഉള്ളില്‍ കടക്കുന്നത്. ശേഷം മാതാവിന്റെ ബീജവുമായി ചേര്‍ന്ന് സിക്താണ്ഡമായി രൂപപ്പെടുന്നു. ഇതാണ് ഖുർആൻ പരാമർശിക്കുന്ന 'നുത്വ്ഫത്' എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. തുടർന്ന് 30 മണിക്കൂര്‍ കൊണ്ട് അണ്ഡം 2 കോശങ്ങളായും 40 മണിക്കൂര്‍കൊണ്ട് 4 കോശങ്ങളായും പിന്നീട് ഇതേ അനുപാദത്തിലും കോശങ്ങള്‍ പെരുകും. 6ാം ദിവസത്തില്‍ ഗര്‍ഭാശയത്തില്‍ ഒട്ടിപ്പിടിക്കുന്ന അട്ടയെപ്പോലെ ഇതിന്റെ രൂപം മാറും. ബീജസങ്കലനം മുതല്‍ 21ാം ദിവസം വരെയാണ് ഇതിന്റെ കാലഘട്ടം. മനുഷ്യ വളര്‍ച്ചയുടെ ഈ രൂപമാണ് ഭ്രൂണം. പിന്നീട് ഭ്രൂണം ചവയ്ക്കപ്പെട്ട മാംസത്തിൻ്റെതു പോലുള്ള രൂപം പ്രാപിക്കുന്നു. ചവയ്ക്കുക എന്ന പദത്തില്‍ നിന്നാണ് ഇതിന് 'മുദ്ഗത്'എന്നപേര് ലഭിച്ചത്. അതിൻ്റെ പല്ലുകള്‍ പതിഞ്ഞതു പോലുള്ള ഭാഗത്തിന് സോമൈറ്റ്‌സ് എന്നാണ് പറയുക. ഇതിന് 3 ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് സെര്‍മെറ്റോം, ഇതാണ് മനുഷ്യന്റെ തൊലിയായി രൂപപ്പെടുന്നത്. രണ്ടാമത്തേത് സ്‌ക്ലിയറോട്ടോം; ഇത് അസ്ഥികളായും രൂപം പ്രാപിക്കുന്നു. 36 മുതല്‍ 56 ദിവസം വരെയാണ് ഈ വളര്‍ച്ചകള്‍ നടക്കുന്നത്. ഈ ഘട്ടത്തെ കുറിച്ച് 'മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുക്കു'മെന്ന് ഖുർആൻ പറയാന്‍ കാരണം അത് വരെ കുട്ടിക്ക് ജീവന്‍ മാത്രമേയുള്ളൂ; ആത്മാവില്ല എന്നതാണ്. കുട്ടിയുടെ വളര്‍ച്ചയുടെ 40-45 ദിവസങ്ങളിലാണ് ലൈംഗികാവയവം രൂപം കൊള്ളുന്നത്. ബീജസങ്കലം കഴിഞ്ഞ് 265 ദിവസം പിന്നിടുമ്പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയില്‍ എത്തുകയും പ്രസവിക്കപ്പെടുകയും ചെയ്യുന്നു. മരണ വേദനയ്ക്ക് തുല്യമായ വേദന സഹിച്ച് കൊണ്ട് ഓരോ മാതാവും പ്രസവിക്കുമ്പോള്‍ അല്ലാഹുവിന്റെ ഉല്‍കൃഷ്ടമായ സൃഷ്ടിയായ മനുഷ്യന്‍ പിറന്ന് വീഴുന്നു. ഈ പ്രക്രിയയുടെ ഘട്ടങ്ങൾ പരിശുദ്ധ ഹദീസിലും കാണാം. നബി(സ) തങ്ങൾ പറഞ്ഞു: “നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവനിങ്കലേക്ക് അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവൻ്റെ നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍, ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”
ഇതേ പ്രക്രിയയിൽ തന്നെ അല്ലാഹുവിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഒരു സംവിധാനമാണ് ഗർഭപാത്രം. ഭ്രൂണത്തെ വളർത്തുവാൻ വേണ്ട എല്ലാം അതിനുള്ളിൽ സംവിധാനിച്ചിരിക്കുന്നു. അവയിലേക്ക് വിശുദ്ധ ഖുർആൻ വിരൽ ചൂണ്ടുന്നുമുണ്ട്. സ്ത്രീകളുടെ പ്രത്യുത്പാദന വ്യവസ്ഥയിലെ പ്രധാന അവയവമാണ് ഗർഭപാത്രം. പെൽവിക് അറയിൽ മൂത്രാശയത്തിനും മലാശയത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ഇത്, ഭ്രൂണത്തിന്റെ വളർച്ചയ്ക്ക് സുരക്ഷിതമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഹോർമോണുകളുടെ സ്വാധീനത്താൽ വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ അവയവം പിയർ (pear) ആകൃതിയിലുള്ളതാണ്. ഏകദേശം 6 മുതൽ 8 സെൻ്റീമീറ്റർ നീളവും, 6 സെൻ്റീമീറ്റർ വീതിയുമുണ്ട് ഗർഭപാത്രത്തിന്. ഇതിനെ ആധുനിക ശാസ്ത്രം പ്രധാനമായും നാല് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്ന്, ഫണ്ടസ് (Fundus): ഫാലോപ്യൻ ട്യൂബുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ഗർഭാശയത്തിന്റെ മുകൾഭാഗമാണിത്. രണ്ട്, ശരീരം (Corpus): ഗർഭാശയത്തിന്റെ പ്രധാന ഭാഗമാണിത്. മൂന്നാമത്തേത് ഇസ്ത്മസ് (Isthmus) എന്ന ഭാഗമാണ്. ശരീരത്തെ സെർവിക്സുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭാഗം ഇതാണ്. നാലാമത്തെ ഭാഗം സെർവിക്സ് (Cervix) എന്നറിയപ്പെടുന്നു. ഗർഭാശയത്തിന്റെ ഏറ്റവും താഴെയുള്ള കഴുത്ത് പോലുള്ള ഭാഗമാണ് ഇത്. ഇതാണ് യോനിയിലേക്ക് തുറക്കുന്ന ഭാഗം. ഈ ഓരോ ഭാഗത്തിനും ഭ്രൂണത്തിന്റെ നിലനിൽപ്പിലും വളർച്ചയിലും വലിയ സ്വാധീനം ഉണ്ട്. ഗർഭിണിയുടെ ചലനങ്ങളും ചിലപ്പോൾ ആഘാതങ്ങളും ഭ്രൂണത്തെയോ കുട്ടിയെയോ അപായപ്പെടുത്താതിരിക്കാൻ അല്ലാഹു ചെയ്തു വച്ചിരിക്കുന്ന കാവലുകളാണ് ഇവയെല്ലാം.
ഗർഭാശയത്തിനകത്ത് ഭ്രൂണത്തെ സംരക്ഷിക്കുവാൻ അല്ലാഹു ഒരുക്കിയ സന്നാഹങ്ങൾ വിശുദ്ധ ഖുർആനിൽ ഇങ്ങനെ പറയുന്നു: "നിങ്ങളുടെ മാതാക്കളുടെ വയറുകളില്‍ നിങ്ങളെ അവന്‍ സൃഷ്ടിക്കുന്നു. മൂന്ന് തരം അന്ധകാരങ്ങള്‍ക്കുള്ളില്‍ സൃഷ്ടിയുടെ ഒരു ഘട്ടത്തിന് ശേഷം മറ്റൊരു ഘട്ടമായിക്കൊണ്ട്." (സുറത്തുസ്സുമർ: 6) മാതാക്കളുടെ വയറുകള്‍ക്കകത്തെ ഘട്ടംഘട്ടമായ മനുഷ്യസൃഷ്ടി നടക്കുന്നത് മൂന്നുതരം അന്ധകാരങ്ങള്‍ക്കകത്താണ് എന്നാണ് ഖുര്‍ആന്‍ ഇവിടെ പ്രസ്താവിച്ചിരിക്കുന്നത്. അടിവയറും ഗര്‍ഭാശയവും ആംനിയോണ്‍-കോറിയോണ്‍ സ്തരവുമാണ് കുഞ്ഞിനെ സംരക്ഷിച്ചുനിര്‍ത്തുന്ന ഈ മൂന്നു പാളികള്‍. പക്ഷേ ഇതിനുവേണ്ടി ശാസ്ത്രത്തിൽ നിന്ന് വ്യത്യസ്തമായി വിശുദ്ധ ഖുർആൻ പ്രയോഗിച്ചിരിക്കുന്ന മൂന്നുതരം ഇരുട്ടുകള്‍ എന്ന പ്രയോഗം ഇവിടെ സവിശേഷ ശ്രദ്ധ അറിയിക്കുന്നു. ശാസ്ത്രീയമായി ഇവ മൂന്ന് പാളികളാണ്. എന്നാൽ ഈ പാളികളുടെ പ്രധാന ദൗത്യം ഭ്രൂണവളര്‍ച്ചയ്ക്കാവശ്യമായ ഇരുട്ട് പ്രദാനം ചെയ്യുക എന്നുകൂടി അറിയുമ്പോഴാണ് ഈ പ്രയോഗം എത്രത്തോളം സൂക്ഷ്മവും കൃത്യവുമാണെന്ന് മനസ്സിലാവുക. കുഞ്ഞിനെ സംരക്ഷിക്കുകയും അതിന്ന് വളരാനാവശ്യമായ അന്ധകാരം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടുള്ള മൂന്നുതരം പാളികള്‍ക്കുള്ളിലാണ് കുഞ്ഞിന്റെ ഘട്ടങ്ങളായുള്ള വളര്‍ച്ച നടക്കുന്നതെന്ന് ഖുര്‍ആനിന്റെ സമകാലികരോ പൂര്‍വികരോ ആയ ഭ്രൂണശാസ്ത്രജ്ഞരോ പറഞ്ഞതായി കാണാന്‍ കഴിയില്ല. പുരാതന ഗ്രീക്കുകാരോ ജൂതന്‍മാരോ മാത്രമല്ല, ആധുനിക കാലം വരെയുള്ള ഇവ്വിഷയകമായി പഠിച്ചവരൊന്നും തന്നെ കുഞ്ഞിന് അന്ധകാരവും സുരക്ഷയും നല്‍കുന്ന മൂന്ന് പാളികളെക്കുറിച്ച് പരാമര്‍ശിക്കുന്നില്ല. ഒരല്പം താഴേക്കിറങ്ങി ചിന്തിച്ചിട്ടുള്ളവർ പോലും ഈ സൂക്ഷ്മമായ പാളികളെ കുറിച്ചോ അവ ഉണ്ടാക്കുന്ന ഇരുട്ടിനെ കുറിച്ചോ ആ ഇരുട്ട് ഭ്രൂണത്തിന്റെ വളർച്ച എത്രമാത്രം അനുഗുണമാകുന്നു എന്നതിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഇത് ലോകം ആദ്യമായി കേൾക്കുന്നത് വിശുദ്ധ ഖുർആനിൽ നിന്ന് അല്ലാഹുവിൻറെ വചനത്തിലൂടെ മാത്രമാണ്. അതുകൊണ്ട് കൂടിയാണ് ''ഈ ഗ്രന്ഥത്തിന്റെ അവതരണം സര്‍വലോകരക്ഷിതാവിങ്കല്‍ നിന്നാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല.'' എന്ന് വിശുദ്ധ ഗ്രന്ഥം ആണ് ഇടുന്നത് (സജ്‌ദ : 2)
ഭ്രൂണത്തിന് വളരാനുള്ള കണിശമായ സംവിധാനങ്ങൾ ഒരുക്കിയ സൃഷ്ടാവിന്റെ മഹാ ഔദാര്യത്തോട് പുതിയ യുഗം കാണിക്കുന്ന ഒരു നന്ദികേട് ആശങ്കയോടെ ചൂണ്ടിക്കാണിക്കാതെ വയ്യ. അത് വ്യാപകമായി അമൂല്യമായ ഈ ഗർഭപാത്രം നീക്കം ചെയ്യുന്ന ഒരു സാഹചര്യം സംജാതമായിരിക്കുന്നു എന്നതാണ്. സ്ത്രീകളിൽ ഗർഭപാത്രം നീക്കം ചെയ്യുന്നത് (ഹിസ്റ്റെരെക്ടമി) വർദ്ധിച്ചുവരുന്ന പ്രവണത നമ്മുടെ നാട്ടിൽ വളരെ ആശങ്കയുളവാക്കുന്ന ഒരു വിഷയമായി വളർന്നുവരികയാണ്. അമിതമായ ആർത്തവ രക്തസ്രാവം, ഫൈബ്രോയിഡുകൾ, ഗർഭാശയ മുഴകൾ, പ്രൊലാപ്സ് (ഗർഭാശയം ഇറങ്ങിവരുന്ന പ്രവണത) തുടങ്ങിയ പ്രശ്നങ്ങൾക്കാണ് പ്രധാനമായും ശസ്ത്രക്രിയ വഴി ഗർഭപാത്രം നീക്കം ചെയ്യുന്നത്. കാലാവസ്ഥ, ഭക്ഷണക്രമം, തുടങ്ങിയ ആധുനിക കാലം മൊത്തത്തിൽ നേരിട്ടുന്ന ആരോഗ്യ പ്രശ്നങ്ങൾ ഇത്തരം നീക്കം ചെയ്യലുകൾക്ക് കാരണമാവുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും
ഇതിൽ പല ശസ്ത്രക്രിയകളും ഒഴിവാക്കാവുന്നതാണെന്ന് ആരോഗ്യ രംഗത്തുള്ള വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട് എന്നു പറയുമ്പോൾ നമ്മുടെ ആശങ്ക വർധിക്കുകയാണ്. ഇത് പറയുമ്പോൾ നിലവിൽ ഡോക്ടർമാർ ഇത്തരം ഒരു നിർദ്ദേശങ്ങളിലേക്ക് എത്തിച്ചേരുന്ന സാഹചര്യങ്ങളെ കുറിച്ച് പൊതുവായി നാം മനസ്സിലാക്കേണ്ടതുണ്ട്. അവർ വിശദീകരിക്കുന്ന അവയിൽ ഒന്ന് തികഞ്ഞ തെറ്റിദ്ധാരണയാണ്. മരുന്നുകളിലൂടെയോ ചെറിയ ശസ്ത്രക്രിയകളിലൂടെയോ മാറ്റിയെടുക്കാവുന്ന പ്രശ്നങ്ങൾക്ക് പലപ്പോഴും ഗർഭാശയം നീക്കം ചെയ്യൽ ഒരു ശാശ്വത പരിഹാരമായി തെറ്റിദ്ധരിക്കപ്പെടുന്നു. ഒപ്പം തന്നെ മറ്റു ചില പ്രവണതകളും ഇല്ലാതെയില്ല. അതു കച്ചവട-വാണിജ്യ താല്പര്യങ്ങളാണ്. കാരണം ഇത്തരം ശസ്ത്രക്രിയകൾ അധികവും നടക്കുന്നത് സ്വകാര്യ ആശുപത്രികളിലാണ് എന്ന് വകുപ്പുതല സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. മറ്റൊന്ന് അവബോധത്തിന്റെ കുറവാണ്. മറ്റ് ബദൽ ചികിത്സാ മാർഗ്ഗങ്ങളെക്കുറിച്ച് രോഗികൾക്ക് കൃത്യമായ വിവരങ്ങൾ ലഭിക്കാതെ പോകുന്നു. തികച്ചും താൽക്കാലികമായി ചില പ്രയാസങ്ങളൊക്കെ പരിഹരിക്കാമെങ്കിലും ഗർഭപാത്രം നീക്കം ചെയ്യുന്നത് ഹോർമോൺ ഉത്പാദനത്തെ ബാധിക്കുകയും ആർത്തവവിരാമവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യാം. അസ്ഥികളുടെ ബലം കുറയൽ (ഓസ്റ്റിയോപൊറോസിസ്), ഹൃദയസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യതയും ഇത്തരക്കാരിൽ വർദ്ധിക്കുന്നു. ശരീരഭാരം വർദ്ധിക്കുക, മാനസിക ബുദ്ധിമുട്ടുകൾ തുടങ്ങിയവയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതിനാൽ കത്തിവെക്കും മുമ്പ് നമുക്കൊന്നുകൂടി ആലോചിക്കാം എന്ന അവധാനത എങ്കിലും നാം പ്രബോധനം ചെയ്യേണ്ടിയിരിക്കുന്നു.
0
Thoughts & Arts
ഒന്നുകൂടി ആലോചിച്ചിട്ട് പോരേ !
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso