തത്സമയം
പിൻഗാമി
ഉത്തരം കിട്ടാൻ ആ ശരീര ഭാഷ തന്നെ മതിയാകും. ന്യൂയോർക്കിലെ മെറ്റ് ലൈഫ് സ്റ്റേഡിയത്തിലെ സ്റ്റേജിലെത്തുന്ന സാക്ഷാൽ അമേരിക്കൻ ലോക പ്രസിഡണ്ടിൻ്റെ ശരീരഭാഷ തന്നെ എമ്പാടും മതി കൈവിട്ടത് കളിയായിരുന്നില്ല കാര്യം തന്നെയായിരുന്നു എന്നു മനസ്സിലാക്കുവാൻ. ഒന്നുകൂടി കണ്ടുനോക്കൂ! നിരാശ ആ ഖിന്നമായ മുഖത്ത് കാർമേഘം വിരിച്ചിരിക്കുന്നു. ലോകത്തോടൊപ്പം സ്റ്റേഡിയം ആഘോഷത്തിൻ്റെ ആരവത്തിൽ തുള്ളിച്ചാടുമ്പോൾ ലോകത്തിൻ്റെ നായകൻ എന്നു സ്വയം അഭിമാനിക്കുന്ന അദ്ദേഹം തീരെ അസ്വസ്ഥനായിരുന്നു. കളിച്ചു നേടിയ അംഗീകാരത്തിന് വേണ്ടി സ്പെയിൻ ഹീറോ കഴുത്തു നീട്ടിക്കൊടുക്കാൻ വന്നപ്പോൾ ഗത്യന്തരമില്ലാതെ കൈനീട്ടേണ്ടിവന്നു കക്ഷിക്ക്. പക്ഷെ യമാൽ അതു മാനിച്ചതേയില്ല. കൈ നീട്ടുന്നതിന് പകരം വിക്ടറി മുദ്ര കാണിച്ചുകൊണ്ട് യമാൽ പ്രതികരിച്ചപ്പോൾ മാനം പിന്നെയും ഇരുണ്ടു. എങ്ങനെയോ പതക്കം കഴുത്തിലിട്ടെന്ന് വരുത്തിയപ്പോഴേക്കും ഫിഫ പ്രസിഡണ്ട് മറ്റേ പ്രസിഡണ്ടിനെ ചുളുവിൽ രംഗത്തു നിന്ന് മാറ്റുന്നതുവരെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
കമൻ്ററി പറയാനും ഒരു ടീമിനു വേണ്ടി വാദിക്കാനും പിൻഗാമി ശ്രമിക്കുന്നില്ല. പക്ഷെ, കാഴ്ചകൾക്കു മുമ്പിൽ കണ്ണടക്കാൻ കഴിയുന്നില്ല. സത്യത്തിൽ ഒരിത്തിരി അൽഭുതം ഇല്ലാതില്ല. കാരണം ഇംഗ്ലണ്ടിനോട് ജയിച്ച് അർജൻ്റീനയും ഫ്രാൻസിനോട് ജയിച്ച് സ്പെയിനും ഫൈനലിൽ എത്തിയതോടെ ലോക കപ്പ് മാമാങ്കത്തിലെ 46 ടീമുകളും അർജൻ്റീനയുടെ ഒപ്പം നിന്നിരുന്നതാണ്. തോറ്റാലും മാനക്കേടൊന്നും ഇല്ല എന്ന അവസ്ഥയിലായിരുന്നു സ്പെയിൻ. ഇതോടെ ലോകം മുഴുവൻ അർജൻ്റീനയുടെ വിജയത്തിന് കാത്തുനിൽക്കുകയായിരുന്നു. ട്രംപും നെതന്യാഹുവും എല്ലാ മറയും വലിച്ചുമാറ്റി അവരുടെ കൂടെ നിന്നതുമാണ്. നമ്മുടെ കേരളത്തിൻ്റെ മനസ്സു പോലും അതായിരുന്നു. വിദ്യാഭ്യാസ വകുപ്പ് പ്രത്യേക ലീവ് നൽകുമ്പോൾ അതിൻ്റെ പ്രചോദനം അർജൻ്റീന വിജയിക്കുമെന്ന പ്രതീക്ഷ തന്നെയായിരുന്നു. ഫൈനലിൽ അർജൻ്റീന ഇല്ലായിരുന്നു എങ്കിൽ പലരുടെ ധാർമ്മിക ബോധവും സടകുടഞ്ഞ് എഴുനേൽക്കുമായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തിൽ സിൻഡിക്കേറ്റായിരുന്നു. തോറ്റപ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്, ഈ ലീവ് വേണ്ടായിരുന്നു എന്ന തരത്തിലുള്ള പ്രതികരണങ്ങൾ. എന്നിട്ടും എന്നിട്ടും ആ അർജൻ്റീന തോറ്റു എന്നു പറയുമ്പോൾ സംഗതി ഇത്തിരി അൽഭുതം തന്നെ.
സത്യത്തിൽ അർജൻറീന വിജയം അർഹിക്കുന്നുണ്ട്. അവർ നല്ല കളിക്കാരാണ്. പക്ഷേ ഫൈനലിൽ എത്തിയപ്പോഴേക്കും അവർക്ക് ആത്മവിശ്വാസം കൈ വന്നതുപോലെയാണ് തോന്നിയത്. മുന്നേറ്റം ഒട്ടും നടത്താതെ വെറും പ്രതിരോധത്തിൽ ഒതുങ്ങിയ ഒരു കളി. അത് എല്ലാവരെയും നിരാശപ്പെടുത്തി. ഒരുപക്ഷേ രണ്ട് കാര്യങ്ങൾ അവരുടെ ആത്മവിശ്വാസത്തെ അവർ അറിയാതെ തട്ടിയെടുത്തിട്ടുണ്ടാവാം. ഒന്ന് ഫിഫ വഴിവിട്ട സഹായം ചെയ്യുന്നുണ്ട് എന്ന് തോന്നലും ഇനിയും ചെയ്യും എന്ന പ്രതീക്ഷയും. അങ്ങനെ ആരുടെയും സഹായമില്ലാതെ തന്നെ ജയിച്ചു കയറാൻ കഴിയുന്ന ഒരു ടീം അത്തരം ഒരു ധാരണ പുലർത്തിയിട്ടുണ്ടെങ്കിൽ അത് അവരുടെ മനസ്സിൻ്റെ ശക്തിയെ ചോർത്തുന്ന കാര്യം തന്നെയാണ്. രണ്ടാമതായി, ലോകം മുഴുവനും തങ്ങളുടെ ആരാധകരാൽ നിറഞ്ഞിരിക്കുകയാണ് എന്നും ലോകത്തെ നയിക്കുന്നവരെല്ലാം തങ്ങളോടൊപ്പം ആണ് എന്നും അതിനാൽ തങ്ങൾ ഒരിക്കലും പരാജയപ്പെടുന്ന സാഹചര്യമില്ല എന്നുമുള്ള മറ്റൊരു തോന്നൽ. ആർക്കാണെങ്കിലും ഏതു വേദിയിൽ ആണെങ്കിലും അഹങ്കാരം അത്ര തന്നെ നല്ലതല്ല. എന്നാൽ അവരെ ആവശ്യമില്ലാതെ ന്യായീകരിക്കേണ്ട ഒരാവശ്യവും ആർക്കും തോന്നുന്നില്ല. കാരണം ജയിക്കാൻ വേണ്ട ഒരു കളി അർജൻറീന കളിച്ചിട്ടേയില്ല. തോൽക്കേണ്ട ഒരു കളി സ്പെയിനും കളിച്ചിട്ടില്ല.
ഇതൊക്കെ സ്പോർട്സ് ലോകത്തിൻ്റെ കാര്യം. ഒരു തലമുറയുടെ വികാരത്തിനോടൊപ്പം നിൽക്കാവുന്ന അത്ര നിൽക്കുക എന്നതിൽ കവിഞ്ഞ് നമുക്ക് അതിൽ കാര്യമൊന്നുമില്ല. എന്നിട്ടും ഇത് നമ്മുടെ കൂടി കാര്യമായി വരുന്നത് കളിക്കുള്ളിലെ കളികൾ തന്നെയാണ്. എല്ലാ കാര്യത്തിലും രാഷ്ട്രീയം, വിഭാഗീയത, വർഗീയത തുടങ്ങിയവ കലർത്തുന്ന ഒരു ലോകമാണ് ഇന്ന് ഉള്ളത്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം തന്നെ അതിനുദാഹരണമാണ്. അമേരിക്കയും ഇസ്രയേലും ഇറാനും ആണ് യുദ്ധക്കളത്തിൽ എങ്കിലും കളത്തിന്റെ ഉള്ളിന്റെയുള്ളിൽ ഒരു ഭാഗത്ത് മുസ്ലിം വിരുദ്ധ യൂറോപ്പും മറുഭാഗത്ത് മുസ്ലിംകളും എന്ന സമവാക്യവും മറ്റൊരു തലത്തിൽ ഒരു ഭാഗത്ത് അറബികളും മറുഭാഗത്ത് പേർഷ്യരും എന്ന സമവാക്യവും സജീവമാണ്. ഇവിടെ കളിയിൽ കാര്യം കലർത്തുന്നത് കാര്യമായി ലോക പോലീസ് തന്നെയാണ്. എല്ലായിടത്തും മേൽക്കോയ്മ സ്ഥാപിക്കേണ്ടത് അവരുടെ ഒരു അനിവാര്യതയായി മാറിയിരിക്കുന്നു. ശൗര്യം വേണ്ടതുപോലെ ഫലിക്കുന്നില്ലേ എന്ന് അവർക്ക് തന്നെ തോന്നിത്തുടങ്ങിയ പുതിയകാലത്ത് പ്രത്യേകിച്ചും. ഒപ്പം നിൽക്കുന്ന നിൽക്കേണ്ട പലരും പണ്ടത്തേതുപോലെ ഒറ്റയടിക്ക് പിന്തുണയ്ക്കാത്ത സാഹചര്യത്തിൽ ചെറിയ അസ്കിതയും അസ്വസ്ഥതയും പുകയുന്ന സമയത്ത് പ്രത്യേകിച്ചും. ഏറ്റവും അവസാനത്തെ അനുഭവം ഇറാനിൽ നിന്നാണ് അവർ നേരിടേണ്ടിവന്നത്. ഒന്നിനും കഴിയാത്ത കൊച്ചു കുഞ്ഞുങ്ങൾ പഠിക്കുന്ന സ്കൂളിൽ ബോംബിട്ട് കുട്ടികളെ കൊന്നത് മാത്രമാണ് ബാലൻസ് ഷീറ്റിൽ ഇടം പിടിച്ചത്. പിന്നെ യുദ്ധത്തിൽ ഉണ്ടായി എന്ന് പറയപ്പെട്ട എല്ലാ വിജയങ്ങളും അന്താരാഷ്ട്ര മീഡിയയെ കണ്ണുരുട്ടി കാണിച്ച് തരപ്പെടുത്തിയതാണ്. അല്ലെങ്കിൽ ഇടയ്ക്കിടെ യുദ്ധം അവസാനിപ്പിക്കാനോ കരാറും വ്യവസ്ഥയും എഴുന്നള്ളിക്കാനോ ഒന്നും അവർ തയ്യാറാകുമായിരുന്നില്ല. എത്ര കുരച്ചിട്ടും ഇറാൻ നിന്ന മട്ടിൽ നിന്ന് മാറിയതേയില്ല. അവരുടെതായ ഒരു മാധ്യസ്ഥനെ അവർ കളത്തിൽ ഇറക്കിയതുമില്ല. അവസാനം നെതന്യാഹുവിന് മതിയായിട്ടില്ല എന്നിട്ട് പോലും അവർ യുദ്ധം നിർത്താനും സന്ധി നടത്താനും ഒക്കെ തയ്യാറായി. ഇതെല്ലാം അക്ഷരാർത്ഥത്തിൽ യുദ്ധം തോൽവിയായിരുന്നു എന്നതിൻ്റെ സൂചനകളാണ്. ഹോർമോസ് അന്നത്തേതു പോലെ ഇന്നും ഇറാനിന്റെതു തന്നെയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ലോക കളി വരുന്നത്. അത് അന്തസ്സോടെ നടത്തുവാൻ ഒരു രാജ്യം തന്നെ തയ്യാറാവുന്ന സാഹചര്യമുണ്ടായിരുന്നിട്ട് പോലും മൂന്ന് രാജ്യങ്ങളിൽ വെച്ച് നടത്താമെന്നും അതിൽ ഒരു പങ്ക് തങ്ങളുടെ കോയ്മ ഉറപ്പുവരുത്താൻ തങ്ങളുടെ മണ്ണിനു വേണമെന്നും പറഞ്ഞ് അവർ കളിയിൽ തങ്ങൾക്കു വേണ്ട കാര്യങ്ങൾ കലർത്തുവാനുള്ള അവസരം നേടി കയ്യിലാക്കി.
തുടക്കം അവരുടെ നാട്ടിൽ നിന്നായിരുന്നു. അതിനാൽ തുടക്കത്തിൽ തന്നെ ചെയ്യാനുള്ളതെല്ലാം തിടുക്കത്തിൽ ചെയ്യണമെന്ന് അവർക്കുണ്ടായിരുന്നു. അത് അവർ മനോഹരമായി ചെയ്തു. അത് ആരും കണ്ടില്ല എന്നാണ് കരുതിയത്. പക്ഷേ, പിന്നെ അന്താരാഷ്ട്ര മീഡിയകൾ വിഷയങ്ങൾ ഓരോന്നായി ഏറ്റെടുത്ത് പുറത്തിട്ടപ്പോഴാണ് അവർക്ക് മനസ്സിലായത്, ഇരുട്ടായത് ഞങ്ങൾ കണ്ണടച്ചത് കൊണ്ടായിരുന്നു, അല്ലാതെ ഇരുട്ടായതുകൊണ്ടല്ല എന്ന്. അസ്കിത ആദ്യം പുറത്തു കണ്ടത് ഇറാഖ് ടീം തങ്ങളുടെ മണ്ണിൽ കാലുകുത്തിയപ്പോഴായിരുന്നു. അവരെ കണ്ടതും ലോക പോലീസിന്റെ ആരുടെയൊക്കെയോ ചിരകളിലൂടെ ചൂടുള്ള രക്തം ഇരച്ചുകയറാൻ തുടങ്ങി. അവർ എങ്ങാനും കപ്പ് അടിക്കുമോ എന്ന പേടി കൊണ്ടല്ല. മറിച്ച് നാലു പതിറ്റാണ്ടുകൾക്ക് മുമ്പ് തങ്ങൾ തകർക്കുകയും തരിപ്പണമാക്കുകയും എണ്ണ കിണറുകൾക്ക് തീ വെച്ച് ഒരു ജനതയുടെയും രാജ്യത്തിന്റെയും ഭാവി തന്നെ ചവച്ചു തുപ്പുകയും ചെയ്ത ഇറാഖിൽ നിന്ന് പുതിയ തലമുറ സടകുടഞ്ഞെഴുന്നേറ്റിരിക്കുകയാണ് എന്ന് കണ്ടതിനാലായിരുന്നു അത്. യുദ്ധങ്ങൾ തകർത്തെറിഞ്ഞ ഇറാഖ് ടീം 40 വർഷത്തിന് ശേഷമാണ് യോഗ്യതയുടെ പടികൾ കടന്നു കളിക്കളത്തിലെത്തുന്നത്. കോച്ച് ഗ്രഹാം അർനോൾഡിൻ്റെ നിശ്ചയദാർഢ്യവും അലി അമ്മാരി, മുഹന്നദ്, ഐമൻ ഹുസൈൻ തുടങ്ങിയ ആക്രമണകാരികളായ കളിക്കാർക്ക് തങ്ങളുടെ നാട് തല ഉയർത്തി എഴുന്നേൽക്കാനുള്ള താൽപര്യവും ചേർന്നപ്പോഴാണ് ഇരുപത്തിരണ്ട് യോഗ്യത മത്സരങ്ങളിൽ ആവശ്യത്തിനുള്ള പോയിൻറ് ഒപ്പിച്ച് ഇറാഖ് അത്ഭുതകരമായി യോഗ്യത നേടുന്നത്. ചാര കൂമ്പാരത്തിൽ നിന്ന് ഉയർന്നുവന്ന ആ പടയെ കാണുമ്പോൾ അമേരിക്കക്കാർക്ക് ഉണ്ടായ കലിപ്പ് ചെറുതൊന്നുമല്ല. അത് പ്രകടിപ്പിക്കുവാൻ അവർക്ക് അവസരം അവരുടെ സ്വന്തം എയർപോർട്ടിൽ മാത്രമേ ലഭിക്കുമായിരുന്നുള്ളു. അതിനാൽ അവിടെ വെച്ച് അവർ ചെയ്യാവുന്നത്ര ചെയ്തു. ടീം താരമായ അയ്മൻ ഹുസൈനെ ഷിക്കാഗോ വിമാനത്താവളത്തിൽ അമേരിക്കൻ ഇമിഗ്രേഷൻ അധികൃതർ ഏഴ് മണിക്കൂറോളമാണ് തടഞ്ഞുവെച്ചതും ചോദ്യം ചെയ്തതും. അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉൾപ്പെടെ അധികൃതർ പിടിച്ചെടുത്തു. ഇറാഖ് ടീമിന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കാതെ അധികൃതർ തിരിച്ചയക്കുകയും ചെയ്തു. നിരത്തിനിർത്തി വെടിവെച്ചു കൊല്ലുവാനോ തലമുറിച്ചെടുക്കുവാനോ ഒന്നും നിയമം അനുവദിക്കുന്നില്ലാത്തതിനാൽ ചെയ്യാവുന്ന ഇത്രയൊക്കെ ചെയ്തു അതിൽ അവർ ആത്മ രതി കൊള്ളുകയായിരുന്നു.
അമേരിക്കൻ വിമാനത്താവളങ്ങളിലും ഇമിഗ്രേഷൻ കേന്ദ്രങ്ങളിലും വിവിധ രാജ്യങ്ങളിലെ കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും നേരിടേണ്ടിവന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർക്കാഴ്ചയാണ്. അതിൻ്റെ ന്യായം അമേരിക്കൻ രാഷ്ട്രീയ വിഭാഗീയതയും വിദ്വേഷവും മാത്രമായിരുന്നു എന്ന് ഓരോ രംഗവും ശ്രദ്ധിച്ചു നോക്കിയാൽ ആർക്കും കാണാം. വിവിധ രാജ്യങ്ങളുടെ ഔദ്യോഗിക ടീം അംഗങ്ങളെ അവർ അവരുടെ വിമാനത്താവളങ്ങളിൽ കൊടുംകുറ്റവാളികളെപ്പോലെയാണ് സുരക്ഷാ പരിശോധനകൾ നടത്തിയത്. യൂറോപ്യൻ രാജ്യമായ സ്വിറ്റ്സർലൻഡിന്റെ പ്രമുഖ ഫുട്ബോൾ താരം ബ്രീൽ എംബോളോയുടെ വിസ അമേരിക്കൻ അധികൃതർ പരിശോധനയ്ക്കായി മണിക്കൂറുകളോളം തടഞ്ഞുവെച്ചത് വരെ അതിൽ വേറിട്ട കാഴ്ചകളുണ്ട്. ഇറാഖിനോടോ ഇറാനിനോടോ ഏതെങ്കിലും ഇസ്ലാമിക രാജ്യത്തോടോ ഉള്ള വിദ്വേഷമാണ് പിന്നിൽ എന്ന് പറഞ്ഞുകൂടാ എന്ന് ഇത് തെളിയിക്കുന്നു. അവർക്ക് മതമോ സംസ്കാരമോ ഒന്നുമല്ല വലുത്, അവരുടെ രാഷ്ട്രീയ താൽപര്യങ്ങളാണ്. വർണ്ണവെറിയാവട്ടെ അവരുടെ രക്തത്തിൽ പണ്ടേ അലിഞ്ഞതുമാണ്. അതിനെയും ഒരുപാട് ഉദാഹരണങ്ങൾ ഈ ലോകകപ്പ് കാലത്ത് കണ്ടു. സൊമാലിയൻ റഫറി ഒമർ അബ്ദുൽ ഖാദറിന്ന് വിമാനത്താവളത്തിൽ അമേരിക്കൻ അധികൃതർ വിസ നിഷേധിക്കുകയും അദ്ദേഹത്തെ അപമാനിച്ച് തിരിച്ചയക്കുകയും ചെയ്ത സംഭവം ഉദാഹരണം. ഫിഫയുടെ ഔദ്യോഗിക റഫറിമാർ എല്ലാവരും നിർബന്ധമായും എത്തേണ്ടതുണ്ട് എന്ന് നേരത്തെ നിർദ്ദേശം ഉണ്ടായിരുന്നു. അതനുസരിച്ച് അബ്ദുൽ ഖാദർ എത്തേണ്ടതാണ് പക്ഷേ അയാൾ കറുത്ത വർഗ്ഗക്കാരനും ദരിദ്രമായ സോമാലിയക്കാരനും മുസ്ലിമും ആയതിനാൽ അയാളെ അനായാസം ലോകകപ്പിന്റെ നിയന്ത്രകരിൽ നിന്ന് തള്ളാൻ അമേരിക്കക്ക് കഴിഞ്ഞു. അതിന് ഫിഫ അമേരിക്കയുടേതല്ലല്ലോ എന്ന് ചോദിക്കുന്നതിൽ ഒരു അർത്ഥവുമില്ല. ആണെങ്കിലും അല്ലെങ്കിലും അവരുടേതാണ് എല്ലാം. സൊമാലിയ പോലൊരു രാജ്യത്തിന്റെ കായിക ചരിത്രത്തിലെ ഏറ്റവും വലിയ ഒരു അവസരമാണ് അമേരിക്ക നിഷ്ക്കരുണം കത്തിവെച്ച് നശിപ്പിച്ചത്. ലോകകപ്പിൽ ആദ്യമായി നിയോഗിക്കപ്പെട്ട ആഫ്രിക്കയിലെ മികച്ച റഫറി കൂടിയായിരുന്നു അദ്ദേഹം എന്നതുകൊണ്ട് ഒന്നും യാതൊരു കാര്യവും ഉണ്ടായില്ല.
ഇറാനിനോട് പക്ഷേ ഇത് പ്രതീക്ഷിക്കുന്നത് തന്നെയാണ്. കാരണം അവരെ പുതിയ ലോക ക്രമത്തിൽ വെല്ലുവിളിച്ചതും പരാജയപ്പെടുത്തിയതും ഇറാൻ മാത്രമാണല്ലോ. അതുകൊണ്ട് കലിപ്പ് അസഹ്യം തന്നെയായിരിക്കും. ഇറാൻ ദേശീയ ടീമിലെ 13-ഓളം സ്റ്റാഫ് അംഗങ്ങൾക്കും പ്രതിനിധികൾക്കും അമേരിക്ക വിസ നിഷേധിച്ചു കൊണ്ടാണ് മിസൈൽ യുദ്ധത്തിൽ തോറ്റവർ പന്ത് യുദ്ധം തുടങ്ങിയത്. ഇറാൻ ഫിഫയുടെ മാനദണ്ഡം അനുസരിച്ചുള്ള യോഗ്യതകൾ നേടിയിട്ടുണ്ട്. അതിനാൽ ഇറാൻ വരേണ്ട എന്ന് പറയാൻ യാങ്കി അമ്മാവന് കഴിയില്ല. അതിനാൽ ഒഴിവാക്കാൻ കഴിയാവുന്ന അത്ര ആളെ ഒഴിവാക്കുകയും മാത്രമല്ല കളിയുടെ വിസിൽ തുടങ്ങുന്നതിന്റെ തൊട്ടുമുമ്പ് മാത്രം അമേരിക്കയിൽ എത്തുകയും അവസാന വിസിൽ മുഴങ്ങിയാൽ ഒട്ടും താമസിയാതെ തിരിച്ചു പോവുകയും ചെയ്യണം എന്ന് തിട്ടൂരം ഇറക്കുകയായിരുന്നു സഹികെട്ട അവർ. അമേരിക്കയിലെ കളി കഴിഞ്ഞു ഒരു ദിവസം വിശ്രമിക്കാനോ അടുത്ത കളിക്ക് വേണ്ടി പരിശീലിക്കുവാനോ പോലും ഇറാനെ അമേരിക്കക്കാർ അനുവദിച്ചില്ല. കളി കഴിഞ്ഞതും അവരെ വലത്തോട്ടും ഇടത്തോട്ടും നോക്കാൻ അനുവദിക്കാതെ നേരെ മെക്സിക്കോയിലേക്ക് കയറ്റി വിടുകയായിരുന്നു. അപമാനിച്ചു കൊണ്ടാണ് അവരെ കയറ്റി അയക്കുന്നത് എന്ന് അവർക്കും ലോകത്തിനും ഒരേപോലെ ബോധ്യമാവുകയും ചെയ്തു. പക്ഷേ മെക്സിക്കോ അവരെ ആലിംഗനം ചെയ്തുകൊണ്ട് സ്വീകരിച്ചു. അതോടുകൂടി അത് അമേരിക്കയുടെ അഹങ്കാരത്തിനുള്ള മറുപടിയായി മാറി. ഇറാനിയൻ ടീം അമേരിക്കയിൽ ഉള്ള സമയത്ത് കുറെ കപട പ്രതിഷേധ കാട്ടിക്കൂട്ടലുകൾ നടന്നിരുന്നു. നടന്നതാണോ നടത്തിയതാണോ എന്ന് ആ രംഗങ്ങൾ കണ്ടവർക്ക് മനസ്സിലാകും. ടീം താമസിക്കുന്ന ഹോട്ടലിന്റെ പരിസരത്ത് പഴയ ഇറാൻ ഷാമാരുടെ കൊടിയും പൊടിതട്ടിയെടുത്ത് ഏതാനും അമേരിക്കക്കാരെ പ്രതിഷേധിക്കുവാൻ ഇറാൻ വിരുദ്ധ മുദ്രാവാക്യങ്ങൾ പഠിപ്പിച്ചുകൊടുത്ത് നിർത്തിയിരുന്നു. മത്സരത്തിന്റെ ഭാഗമായി ഇറാന്റെ ദേശീയഗാനം ഉയരുമ്പോൾ ഇറാൻ പതാക ചവിട്ടിയരക്കാനും അത് ഫോട്ടോയെടുത്ത് മീഡിയയിൽ പോസ്റ്റ് ചെയ്യുവാനും ആളെ ശബ്ദം കിട്ടിയിരുന്നു. പക്ഷേ ഒന്നും വെന്തില്ല. കായികരംഗത്തെ രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുതെന്നും തങ്ങൾ സ്വന്തം രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടിയാണ് കളിക്കുന്നതെന്നും പക്വതയോടെ പറഞ്ഞ ടീം ക്യാപ്റ്റൻ മെഹ്ദി തരേമിയുടെ വാക്കുകൾക്കു മുമ്പിൽ അതിൻറെ എല്ലാം കാറ്റുപോയി. ‘സിംഹവും സൂര്യനും’ അടങ്ങിയ പഹ് ലവിയുടെ പതാക പിന്നെയും ചുരുട്ടി വെക്കേണ്ടിവന്നു.
ചില രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ ലഭിക്കണമെങ്കിൽ 15,000 ഡോളർ വരെ ബോണ്ട് കെട്ടിവെക്കണമെന്ന നിയമം, ചില രാജ്യങ്ങളുടെ മാത്രം ഒഫീഷ്യലുകൾക്ക് അലിഖിത വിലക്ക്, ചില രാജ്യങ്ങൾക്കും മാത്രം കടുത്ത നാർകോട്ടിക്സ് പരിശോധനകൾ, തുടങ്ങി കളിയുടെ ഉള്ളിൽ എത്രയെത്ര കളികൾ!
ഏതായാലും തങ്ങൾക്ക് എല്ലാ മേഖലയിലും ശക്തമായ എതിരാളികൾ ഉണ്ട് എന്നത് ആരെയൊക്കെയോ ബോധ്യപ്പെടുത്താനായി എന്നത് ഈ മാമാങ്കത്തിന്റെ ബാക്കിപത്രമാണ്. ലോകത്തിൻ്റെ പിന്തുണ നഷ്ടപ്പെട്ടേക്കും എന്ന സാഹചര്യം ആയിട്ടും സ്പെയിൻ ഫലസ്തീനികൾക്കൊപ്പം വികാരപരമായി നിന്നത് ശ്രദ്ധേയമാണ്. മറ്റൊരു കാര്യം രണ്ട് രാജ്യങ്ങളുടെ നീലയും ചുവപ്പും പതാകകൾക്കപ്പുറത്ത് ഒന്ന് ലാറ്റിൻ അമേരിക്കൻ രാജ്യവും മറ്റൊന്ന് യൂറോപ്പ്യൻ രാജ്യവുമാണ് എന്ന പ്രത്യേകതയാണ്. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ അമേരിക്കയോട് ചേർന്ന് നിൽക്കുവാൻ നിർബന്ധിതരാണ്. അല്ലെങ്കിൽ അമേരിക്കൻ സൈന്യം അവരെ പൊക്കിയെടുത്ത് കൊണ്ടുപോകുന്ന സാഹചര്യമാണല്ലോ. അതേസമയം യൂറോപ്പ് അവരുടെ അതികായന്മാരെ അവഗണിച്ചുകൊണ്ട് തന്നെ നീതിയോടും ധർമ്മത്തോടും ഒപ്പം നിൽക്കണമെന്ന് താല്പര്യത്തിന് മുൻതൂക്കമുള്ള ഭൂഖണ്ഡമാണ്. അവിടെ അധിക രാജ്യങ്ങളും പലസ്തീനികളോട് അമേരിക്കയും ഇസ്രായേലും ചെയ്യുന്ന ക്രൂരതകൾ അധാർമികമാണ് എന്ന് കരുതുന്നവരാണ്. പലസ്തീനികൾക്ക് വേണ്ടി നിലനിൽക്കുക എന്നത് പലസ്തീനിലെ അറബികൾക്കോ മുസ്ലിങ്ങൾക്കോ വേണ്ടി നിലപാട് എടുക്കുക എന്നതല്ല, മറിച്ച് നീതി ഇപ്പോൾ തന്നെ മരിക്കരുത് എന്ന താല്പര്യമാണ് എന്ന് പുനർ നിർവചിക്കപ്പെട്ട ഈ കാലത്ത് ഈ പന്തുകളി വിജയം പോലും ആധുനിയിലേക്ക് മാറുക സ്വാഭാവികം.
O
Thoughts & Arts
ജയിച്ചതും തോറ്റതും 'കളി'യോ 'കാര്യ'മോ?
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso