Thoughts & Arts
Image

നമുക്ക് അവരെ കെട്ടാമോ?

2026-08-02

മുഹമ്മദ് തയ്യിൽ സെഞ്ചരി





"വേദക്കാരുടെ ആഹാരം നിങ്ങള്‍ക്കും നിങ്ങളുടേത് അവര്‍ക്കും അനുവദിക്കപ്പെട്ടിരിക്കുന്നു. സത്യവിശ്വാസികളായ പതിവ്രതകളും നേരത്തെ വേദം നല്‍കപ്പെട്ടവരിലെ പതിവ്രതകളും നിങ്ങള്‍ക്കനുവദനീയം തന്നെ-പാതിവ്രത്യ സംരക്ഷണമുദ്ദേശിച്ചും, വ്യഭിചാരികളായും കാമുകിമാരെ വരിച്ചുമല്ലാതെയും അവര്‍ക്ക് നിങ്ങള്‍ വിവാഹ മൂല്യം നല്‍കിയാല്‍. ഒരാള്‍ സത്യവിശ്വാസം കൈവെടിഞ്ഞാല്‍ അവന്റെ കര്‍മങ്ങളത്രയും തകര്‍ന്നു. പരലോകത്ത് അവന്‍ നഷ്ടക്കാരില്‍ പെട്ടവനാകുന്നു" (അൽ മാഇദ: 5). ഈ ആയത്ത് പുതിയ കാലത്ത് ഒരു ചർച്ചാവിഷയമായി രംഗത്തും വന്നുകൊണ്ടിരിക്കുന്നുണ്ട്. അതിലെ വേദക്കാരിലെ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനെ കുറിച്ചുള്ള പരാമർശമാണ് ചർച്ചയുടെ തന്തു. ഈ സൂക്തത്തിലെ വിവാഹത്തെക്കുറിച്ച് പറയുന്ന ഭാഗത്തെ ക്രൈസ്തവരും ജൂതനുമായ സ്ത്രീകളെ അവർ അഹ്‌ലു കിതാബിൽ പെട്ടവരുകയാൽ മുസ്‌ലിംകളായ നമുക്ക് വിവാഹം കഴിക്കാം എന്ന് ഒറ്റ വാചകത്തിൽ വ്യാഖ്യാനിക്കുന്നവരാണ് ഒരുഭാഗത്ത് ഉള്ളത്. മതം ലളിതമാണ് എന്നു പറഞ്ഞ് എല്ലാ നിയമങ്ങളുടെയും ജാഗ്രത കുറച്ചു കാണിക്കാൻ വെക്കുന്ന ചിലരും ചില ആധുനിക കർമ്മ ശാസ്ത്രജ്ഞന്മാരും ആണ് അവരിൽ അധികവും. മറുഭാഗത്താവട്ടെ, അതങ്ങനെ നിരുപാധികം വേഗത്തിൽ പറഞ്ഞുപോകുവാൻ കഴിയുന്ന വിഷയമല്ല, ചില വിശദീകരണങ്ങൾ വേണ്ടതുണ്ട് എന്നു പറയുന്ന സൂക്ഷ്മമാലുക്കളായ പണ്ഡിതന്മാരാണ്. പല പേരിലുമായി മനുഷ്യർക്കിടയിൽ നിന്ന് മതം എന്ന വികാരം ഇല്ലാതെയായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് ഇത്തരം ചർച്ചകളിൽ ഇടപെടേണ്ടത് അനിവാര്യമാണ്. എല്ലാ കാര്യത്തെയും സ്വന്തം യുക്തിയുടെ വെളിച്ചത്തിൽ വ്യാഖ്യാനിക്കുകയും വിശദീകരിക്കുകയും വാദിക്കുകയും ചെയ്യുന്ന ത്വര കൂടി വരുന്ന ഈ കാലത്ത് അത് പണ്ഡിതന്മാരുടെ കടമയാണ്.


ഈ ചർച്ചയുടെ വിശദാംശങ്ങളിലേക്ക് കടന്നുവരുമ്പോൾ നാം ആദ്യം ചില ആമുഖങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ട്. ഒന്നാമത്തേത്, ഈ ആയത്തിലെ വിധിയും വിഷയവും രണ്ടുകാര്യങ്ങളെ മാത്രം ഉൾക്കൊള്ളുന്നതാണ് എന്നതാണ്. അഥവാ അഹ്ലു കിതാബും നമ്മളും എല്ലാ അർത്ഥത്തിലും എല്ലാ വിധിയിലും ഒരേ പോലെ തന്നെയാണ് എന്ന് ഈ ആയത്തിന് അർത്ഥമില്ല. അവർ അറക്കുകയോ തയ്യാറാക്കുകയോ ചെയ്ത ഭക്ഷണം നാം കഴിക്കുക, അവരുടെ പെൺമക്കളെ നാം വിവാഹം ചെയ്യുക ഈ രണ്ട് വിഷയങ്ങൾ മാത്രം ആണ് ഈ ആയത്തിന്റെ ഉള്ളടക്കത്തിൽ വരുന്നത്. അവർ എല്ലാ അർത്ഥത്തിലും വിധിയിലും നമ്മിൽ പെട്ടവരല്ലാത്തതുകൊണ്ടാണ് നമ്മളും അവരും വെവ്വേറെയാകുന്നത്. അതേസമയം മാന്യമായ സാമൂഹ്യ സമീപനങ്ങൾ എല്ലാവരോടും പാലിക്കണം എന്നത് ഇസ്ലാമിൻ്റെ പൊതുതത്വമാണ്. അതിൽ അവരും പെടും. അതല്ലാത്ത മറ്റൊരു വിഷയത്തിലും അവരുമായി നാം യോജിക്കുന്നില്ല. അവർക്ക് അവരുടെ മതവും അതിൻ്റെ ഉത്തരവാദിത്വങ്ങളും നമുക്ക് നമ്മുടെ മതവും അതിൻ്റെ ഉത്തരവാദിത്വങ്ങളും ആണ് ഉള്ളത്. നമുക്കും അവർക്കും ഈ ജീവിതത്തിന് ലഭിക്കുന്ന പ്രതിഫലനവും പ്രതിഫലവും അല്ലാഹു തന്നെ വിളംബരം ചെയ്തിട്ടുള്ളതാണ്. രണ്ടാമത്തെ ആമുഖം അവർ വിശ്വാസികളല്ല എന്നതാണ്. നമ്മെ സംബന്ധിച്ചിടത്തോളം വിശ്വാസികൾ ആകുവാൻ ശഹാദത്തിന്റെ രണ്ടു ഘടകങ്ങളും വിശ്വാസം കൊണ്ട് അംഗീകരിക്കപ്പെടേണ്ടതുണ്ട്. അവരിൽ അല്ലാഹു അല്ലാതെ ഇലാഹില്ല എന്ന് വിശ്വസിക്കുന്നവർ പ്രത്യേകിച്ചും ജൂതരിൽ ഉണ്ട് എങ്കിലും രണ്ടാമത്തെ ഘടകമായ തങ്ങളുടെ പ്രവാചകനെയും മറ്റു പ്രവാചകന്മാരെയും അല്ലാഹുവിൻ്റെ ദൂതന്മാരായി വിശ്വസിക്കുക എന്ന കാര്യത്തിൽ പൊതുവേ അവർ രണ്ട് വിഭാഗവും വീഴ്ച പറ്റിയവരാണ്. ജൂതന്മാർ പൊതുവേ ഈസാ നബിയുടെയും മുഹമ്മദ് നബിയുടെയും പ്രവാചകത്വം അംഗീകരിക്കുന്നില്ല. ക്രിസ്ത്യാനികൾ മൂസാ നബിയുടെയും മുഹമ്മദ് നബിയുടെയും പ്രവാചകത്വം അംഗീകരിക്കുന്നില്ല. അതിനാൽ അവർ വിശ്വാസികൾ അല്ല. ഇതിന് ചില അപവാദങ്ങൾ ഉണ്ട്. അതായത് ജൂതന്മാരിലും ക്രിസ്ത്യാനികളിലും ഏകനായ അല്ലാഹുവിൽ വിശ്വസിക്കുകയും മുഹമ്മദ് നബിയിൽ പ്രവാചകനായി വിശ്വസിക്കുകയും ചെയ്യുന്ന വളരെ ചെറിയ ഒരു ന്യൂനപക്ഷം ഉണ്ട്. അവർ പക്ഷേ മുഹമ്മദ് നബിയെ വിശ്വസിക്കുന്നത് അറബികളിലേക്ക് നിയുക്തനായ പ്രവാചകൻ എന്നു മാത്രമാണ്. മുഹമ്മദ് നബിയിൽ ഉള്ള വിശ്വാസം തീർച്ചയായും ലോകത്തിന് ആകമാനം നിയുക്തനായ പ്രവാചകൻ എന്നായിരിക്കണം എന്നത് വിശുദ്ധ ഖുർആൻ സംശയമില്ലാതെ പറഞ്ഞിട്ടുള്ള കാര്യമാണ്. അതിനാൽ അവരെ സത്യവിശ്വാസികളുടെ ഗണത്തിൽ ഒരർത്ഥത്തിലും ചേർക്കാൻ കഴിയുന്നതല്ല. ഇതെല്ലാം മറികടന്നു കൊണ്ട് അവർ നമ്മുടേതായ വിശ്വാസത്തിലേക്ക് എത്തുകയാണ് എങ്കിൽ പിന്നെ അവർ ജൂതനോ ക്രിസ്ത്യാനിയോ ആയിരിക്കുകയുമില്ല.


മേൽ ഉദ്ധരിച്ച ആയത്ത് അനുസരിച്ച് അഹ്ലു കിതാബിൽ പെട്ടവരുടെ ഭക്ഷണം നമുക്ക് കഴിക്കാം. അവരുടെ പെൺമക്കളെയും സഹോദരികളെയും നമുക്ക് വിവാഹം ചെയ്യുകയും ആവാം. ഇതിനുപക്ഷേ ചില ഉപാധികളും വ്യവസ്ഥകളും ഉണ്ട്. അത് പ്രധാനമായും മേൽപ്പറഞ്ഞ ആയത്തിലെ 'നേരത്തെ വേദം നല്‍കപ്പെട്ടവരിലെ പതിവ്രതകളും' എന്ന പരാമർശത്തിന്റെ വിശദീകരണത്തിൽ വരുന്നതാണ്. അതിൻ്റെ വിശദീകരണം ഗ്രഹിക്കുവാൻ നമുക്ക് ജൂതന്മാരിൽ നിന്ന് തുടങ്ങാം. അവരിൽ ഒരു വളരെ ചെറിയ ന്യൂനപക്ഷ വിഭാഗം ഉണ്ട്. അവർ യഅ്ക്കൂബ് നബിയുടെ നേർവംശജരാണ്. അതായത് ഇസ്രായീലി വംശജരാണ്. അല്ലാഹുവിൻ്റെ ഏകത്വത്തിലും മൂസാ നബിയുടെ പ്രവാചകത്വത്തിലും അവർ ഈസാനബി വരുന്നതിന് മുമ്പേ മുതൽ വിശ്വസിച്ചു പോരുന്നുണ്ട്. ഇവർ ഇതുകൊണ്ട് സത്യവിശ്വാസികൾ ആവുകയില്ല. കാരണം അവർ ഈസാ നബിയേയും മൂസാ നബിയേയും പ്രവാചകന്മാരായി കാണുന്നില്ല. കാണുന്നുണ്ടെങ്കിൽ തന്നെ ഈസാനബിയെ ക്രൈസ്തവരുടെയും മുഹമ്മദ് നബിയെ അറബികളുടെയും പ്രവാചകനായി മാത്രമാണ് കാണുന്നത്. ഇതിനാൽ അവർ വിശ്വാസികൾ അല്ല എങ്കിലും രണ്ടു കാര്യങ്ങൾ വഴി അവരുമായി ബന്ധം സ്ഥാപിക്കാൻ വിശുദ്ധ ഖുർആൻ അനുവദിക്കുന്നുണ്ട്. ഒന്ന്, അവർ അറുത്തത് അല്ലെങ്കിൽ പാകം ചെയ്തത് നമുക്ക് കഴിക്കാം. രണ്ട്, അവരുടെ സ്ത്രീകളെ നമുക്ക് വിവാഹം കഴിക്കാം. എന്നാൽ ഈ വിവാഹ കാര്യത്തിൽ നമ്മുടെ മക്കളെ അവർക്ക് കെട്ടിച്ചു കൊടുക്കുവാൻ കഴിയില്ല. കാരണം മുസ്ലിംകൾ അവർ അംഗീകരിക്കുന്ന പ്രവാചകനും അവർ അംഗീകരിക്കാത്ത പ്രവാചകൻമാരിലും പൂർണ്ണമായി വിശ്വസിക്കുന്നു എന്ന നിലക്ക് മേൽ കൈ മുസ്ലിംകൾക്കാണ്. ഇത്തരം ഒരു വിഭാഗം ഉണ്ട് എന്നത് ഖണ്ഡിതമായി പറയാൻ കഴിയാത്ത സാഹചര്യമാണ്. കാരണം ഉണ്ടെങ്കിൽ തന്നെ അവർ ഒരു ശ്രദ്ധയിലും പെടാൻ മാത്രം ഒട്ടും വലിയ ഒരു ജനതയല്ല. ഈ വിവാഹവും ഭക്ഷണവും ആണ് മേൽ ആയത്തിൽ പറഞ്ഞ അനുവദനീയമായ ഒന്ന്.


രണ്ടാമത്തെ വിഭാഗം ജൂതന്മാരിൽ മേൽപ്പറഞ്ഞതുപോലെ, അല്ലാഹുവിൻ്റെ ഏകത്വത്തിൽ വിശ്വസിക്കുകയും മൂസാ നബിയുടെ പ്രവാചകത്വത്തിൽ വിശ്വസിക്കുകയും ചെയ്യുന്ന ജൂതന്മാരാണ്. അവർ പക്ഷേ വംശീയതയിൽ ഇസ്രായീലി പാരമ്പര്യം ഉള്ളവരല്ല. അങ്ങനെ വന്നാൽ അവരുടെ പെൺമക്കളെയോ സഹോദരിമാരെയോ വിവാഹം ചെയ്യുന്നത് ഹലാൽ ആകുവാൻ മറ്റൊരു ഉപാധി കൂടിയുണ്ട്. അത് വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്ന സ്ത്രീയുടെ പിതാക്കന്മാർ തൗറാത്തിൽ കടത്തിക്കൂട്ടലുകൾ വരുന്നതിനു മുമ്പേ അതിൽ വിശ്വസിച്ച് ജീവിച്ചു വരുന്നവരായിരിക്കണം എന്നതാണ് അത്. പിതൃ പരമ്പരയിൽ എല്ലാ പിതാക്കന്മാരും ഇവിടെയും മേൽപ്പറഞ്ഞ സ്ഥലത്തും നാം വിവരിച്ച വിശ്വാസം പുലർത്തുന്നവർ ആയിരിക്കേണ്ടതുണ്ട്. മൂന്നാമത്തെ വിഭാഗം ക്രൈസ്തവ വിഭാഗമാണ്. അവരുടെ പെൺമക്കളെയോ സഹോദരിമാരെയോ വിവാഹം ചെയ്യുന്നത് അനുവദനീയമാകണമെങ്കിൽ മേൽ പറഞ്ഞതുപോലെയുള്ള ചില ഉപാധികൾ ഉണ്ട്. ഇസ്രായീലീ പാരമ്പര്യമുള്ളവരായിരിക്കുകയും നബി തങ്ങളുടെ ആഗമനത്തിനു മുമ്പ് തന്നെ അല്ലാഹുവിൻ്റെ ഏകത്വത്തിനും ഈസാ നബിയുടെ പ്രവാചകത്വത്തിലും വിശ്വസിച്ച് അതേ വിശ്വാസ പാരമ്പര്യത്തിൽ ജീവിച്ചുവരുന്ന കുടുംബത്തിലെ സ്ത്രീ ആയിരിക്കണം എന്നതാണ് അത്. നാലാമത്തെ വിഭാഗം മേൽപ്പറഞ്ഞ ക്രൈസ്തവ വിഭാഗം തന്നെയാണ്. പക്ഷേ അവർ ഇസ്രായീലി വംശത്തിൽ പെട്ടവരല്ല. ക്രൈസ്തവ പ്രബോധനം കൈയേറ്റ് ആ മതത്തിൽ പ്രവേശിച്ചവരും എന്നാൽ ഇഞ്ചീലിൽ കൈകടത്തലുകൾ നടത്തപ്പെട്ടതിനു മുമ്പ് മുതൽ തന്നെ അല്ലാഹുവിൻ്റെ ഏകത്വത്തിലും ഈസാ നബിയുടെ പ്രവാചകത്വത്തിലും പരമ്പരാഗതമായി വിശ്വസിച്ച് പോരുന്നവരും അതിൽ ഒരു വിഘ്‌നമോ വ്യത്യാസമോ കാണിച്ചിട്ടില്ലാത്തവരും ശിർക്കിന് ഒട്ടും വിധേയരായിട്ടില്ലാത്തവരും ആണ്. എങ്കിൽ അവരുടെ പെൺമക്കളെയോ സഹോദരിമാരെയോ വിവാഹം കഴിക്കാവുന്നതാണ്.


ഇത്രയെല്ലാം വിശദമായി പറയുമ്പോൾ അത്തരം ജൂതരോ ക്രൈസ്തവരോ ഉണ്ടോ എന്ന ചോദ്യം ഓരോ പഠിതാവിന്റെയും മനസ്സിൽനിന്ന് ഉയർന്നുവരും എന്നത് ശരിയാണ്. ഇന്നത്തെ ജൂത ക്രൈസ്തവ വിഭാഗങ്ങളിൽ ഇത്തരത്തിലുള്ളവർ പൊതുവേ ഇല്ല എന്നത് ഉറപ്പാണ്. അതേസമയം പുറം ലോകം കൗതുകത്തോടു കൂടെ കേൾക്കാറുള്ള ചില അത്യപൂർവ്വ അനുഭവങ്ങളിൽ ഇത്തരത്തിലുള്ളവർ കുറച്ചെങ്കിലും ഉണ്ടായിരുന്നതായി പറയപ്പെടുന്നുണ്ട്. നബി തങ്ങളുടെയും ആദ്യ സ്വഹാബികളുടെയും കാലങ്ങളിൽ ഇന്നത്തേതിനേക്കാൾ അതിനുള്ള സാധ്യത കൂടുതലായിരുന്നു. ഇപ്പോൾ മതങ്ങൾക്കിടയിൽ സാമൂഹികത കടന്നു കയറിയതോടെ ആശയങ്ങൾ അപ്രസക്തമാകുന്ന ഒരു ഭീഷണി എല്ലാ മതങ്ങളും നേരിടുന്നുണ്ട്. അതോടൊപ്പം ക്രൈസ്തവ ജൂത മതങ്ങളിൽ വിഗ്രഹ ആരാധനയും ശിർക്കും ആഴത്തിൽ വേരോടിയിട്ടുണ്ട്. അതുകൊണ്ട് പണ്ഡിതന്മാരിൽ പലരും ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നത്തെ കാലത്ത് അഹല് കിതാബിൽ പെട്ട സ്ത്രീകളെ വിവാഹം ചെയ്യുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ല എന്നു തീർത്തു പറഞ്ഞിട്ടുണ്ട്. മേൽ ആയത്തിന്റെ വ്യാഖ്യാനത്തിൽ അല്ലാമാ ഇബ്നു കതീർ അത് പറഞ്ഞതായി നമുക്ക് കാണാം. ഇബ്നു ഉമർ(റ)വിനെ ആണ് അദ്ദേഹം അതിനു വേണ്ടി ഉദ്ധരിച്ചിരിക്കുന്നത്. ഈസാ നബി ദൈവമാണ് എന്ന് പറയുന്നതു തന്നെയാണ് അവരുടെ ഏറ്റവും വലിയ അയോഗ്യത എന്ന് അദ്ദേഹം പറയുകയുണ്ടായി. മേൽപ്പറഞ്ഞ ഉപാധികളോടെ അഹലു കിതാബിൽ പെട്ട സച്ചരിതകളെ വിവാഹം കഴിക്കാം എന്നതിൽ ഉലമാക്കൾക്കിടയിൽ ഒരു അഭിപ്രായവ്യത്യാസവും കണ്ടിട്ടില്ല എന്ന് ഇബ്നു ഖുദാമ തന്റെ മുഗ്നിയിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ ആ ഉപാധികൾക്ക് വിധേയമാകുന്ന തരത്തിലുള്ള അഹ്ലു കിതാബിനെ ഇപ്പോഴും തുടർന്നും കാണുവാനുള്ള സാധ്യത വളരെ അത്യപൂർവ്വമാണ്. ദയൂബന്ദ് ദാറുൽ ഉലൂമിന്റെ ഫത്‌വ ഇതു വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിനാൽ ഈ കല്യാണക്കാര്യത്തിലെ ചർച്ചക്ക് തന്നെ സാംഗത്യം ഇല്ല എന്ന് നാം പറയേണ്ടതായി വരും.


വായന:
വിവിധ തഫ്‌സീർ ഗ്രന്ഥങ്ങൾ
മുഗ്‌നി. ഇബ്നു ഖുദാമ ഏഴാം ഭാഗം
Darul Uloom Fatwa: 74/74/M=1433
വിവിധ വെബ് സൈറ്റുകൾ


O

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso