ഇഅ്ജാസ്
ടി എച്ച് ദാരിമി അൽ അസ്ഹരി
സ്ത്രീത്വത്തിന്റെ ഏറ്റവും വലിയ ദാനമാണ് പ്രസവം. പ്രസവം വിശുദ്ധ ഖുർആനിന്റെ വിഷയ ഭൂമികകളിൽ പലപ്പോഴും കടന്നുവരുന്നുണ്ട്. പ്രസവത്തിലൂടെ മനുഷ്യകുലം കടക്കുന്നത് സന്തോഷത്തിന്റെ സീമയിലേക്ക് തന്നെയാണ്. എങ്കിലും പ്രസവം എന്ന് പറയുമ്പോഴേക്കും എല്ലാ മനസ്സുകളിലും ഒരുതരം വേദനയുള്ള ആകുലത പരക്കുന്നത് കാണാം. കഠിനമായ വേദനയാണ് പ്രസവ സമയത്ത് ഓരോ സ്ത്രീയും അനുഭവിക്കുന്നത്. പ്രസവപ്രക്രിയയുടെ സങ്കീർണതയും അതിനു വിധേയയാകുന്ന സ്ത്രീയുടെ ശാരീരിക മാനസിക ശേഷികളും വെച്ചു നോക്കുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വേദന പ്രസവവേദന തന്നെയാണ് എന്ന് മറ്റൊരു തെളിവിന്റെ ആവശ്യമില്ലാത്ത വിധം നമുക്ക് പറയാൻ കഴിയും. വിശുദ്ധ ഖുർആനിൽ മാതാവിനെ ആദരിക്കുവാൻ ആവശ്യപ്പെടുന്ന ഇടങ്ങളിൽ പലതിലും എടുത്തു പറഞ്ഞിരിക്കുന്നത് പ്രസവത്തിനു വേണ്ടി മാതാവ് വഹിച്ചിട്ടുള്ള സഹനത്തെയാണ്. ഉദാഹരണമായി അല്ലാഹു പറയുന്നു: 'മാതാപിതാക്കളോട് ഉദാത്തസമീപനം പുലര്‍ത്തണമെന്ന് മനുഷ്യനോട് നാം കല്‍പിച്ചു. പ്രയാസങ്ങള്‍ സഹിച്ചുകൊണ്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്നതും പ്രസവിച്ചതും. അവന്റെ ഗര്‍ഭധാരണവും മുലയൂട്ടല്‍ വിരാമവും മുപ്പതു മാസമാണ്'. (അഹ്ഖാഫ്:15) മറ്റൊരു സൂക്തത്തിൽ അല്ലാഹു പറയുന്നു: 'മാതാപിതാക്കളോടുള്ള ബാധ്യതാനിര്‍വഹണകാര്യം മനുഷ്യനോട് നാം ഊന്നിപ്പറഞ്ഞിട്ടുണ്ട്. മാതാവ് അവനെ ഗര്‍ഭത്തില്‍ ചുമന്നത് മേല്‍ക്കുമേല്‍ ബലഹീനതയോടെയാണ്'. (ലുഖ്മാൻ: 14). ഈ നിലപാടുകളുടെ എല്ലാ വികാരങ്ങളും തെളിഞ്ഞു കാണുന്ന ഒരു പ്രസവം പരിശുദ്ധ ഖുർആൻ ചിത്രീകരിക്കുന്നുമുണ്ട്. അത് മറിയം ബീവി(റ) ഈസാ നബി(അ)യെ പ്രസവിക്കുന്ന രംഗവും സാഹചര്യവും ആണ്. സൂറത്ത് മർയമിലെ 22 മുതൽ 26 വരെ വചനങ്ങളാണ് അതു വിവരിക്കുന്നത്. ആ ഭാഗം ഇങ്ങനെയാണ്: 'അങ്ങനെയവര്‍ ഗര്‍ഭം ധരിക്കുകയും ദൂരെയൊരിടത്ത് കഴിയുകയുമുണ്ടായി. പ്രസവനോവ് അവരെ ഒരു ഈന്തമരത്തിനടുത്തെത്തിച്ചു. മറിയം സങ്കടപ്പെട്ടു: ഇതിനുമുമ്പുതന്നെ ഞാന്‍ മരണപ്പെടുകയും വിസ്മൃതകോടിയിലാവുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു!. താഴ്ഭാഗത്തുനിന്നൊരാള്‍ തത്സമയമവരെ വിളിച്ചുപറഞ്ഞു: ദുഃഖിക്കേണ്ട, നിങ്ങളുടെ രക്ഷിതാവ് താഴെ ഒരു അരുവിയുണ്ടാക്കിയിരിക്കുന്നു! ഈന്തമരം അടുത്തേക്ക് പിടിച്ചുകുലുക്കുക; അത് പാകമായ പഴം വീഴ്ത്തിത്തരും. അങ്ങനെ പഴം ഭുജിക്കുകയും ജലപാനം നടത്തുകയും ആഹ്ലാദനിര്‍ഭരയാവുകയും ചെയ്യുക. ഇനി, ആളുകളെയാരെയെങ്കിലും കണ്ടാല്‍ കരുണാവാരിധിയായ അല്ലാഹുവിന്ന് ഒരു വ്രതം നേര്‍ച്ചയാക്കിയിരിക്കയാല്‍ ഒരു മനുഷ്യനോടും ഞാനിന്ന് മിണ്ടുകയേയില്ല എന്നു പറയുക' (19:22-26).
മറിയം(റ)ബീവിയുടെ പ്രസവാനുഭവം അങ്ങേയറ്റത്തെ പരീക്ഷണങ്ങളും ആത്മീയ പാഠങ്ങളും നിറഞ്ഞതാണ്. അതു ലോകത്തിൻ്റെ നിലനിൽപ്പോളം നിലനിൽക്കുന്ന, നിലനിൽക്കേണ്ടുന്ന മഹത്തായ പാഠങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട്. വേദനയും ഏകാന്തതയും നിറഞ്ഞ ആ നിമിഷങ്ങളിൽ നിന്നുള്ള പ്രധാന ജീവിതപാഠങ്ങൾ താഴെ പറയുന്നവയാണ്. ഒന്ന്, പ്രയാസങ്ങളുടെയും വേദനകളുടെയും കാഠിന്യമുള്ള യാഥാർത്ഥ്യം. പ്രസവവേദനയുടെ തീവ്രതയിൽ 'ഇതിനു മുൻപേ ഞാൻ മരിച്ചിരുന്നെങ്കിൽ, ഞാൻ പാടെ വിസ്മരിക്കപ്പെട്ടവളായിരുന്നെങ്കിൽ!' എന്ന് മറിയം(റ) പ്രാർത്ഥിച്ചതായി ഖുർആൻ പറയുന്നു. ഇത് പ്രസവത്തിന്റെ ഭാരത്തെയും മാനസിക-ശാരീരിക വേദനകളെയും യാഥാർത്ഥ്യബോധത്തോടെ അംഗീകരിക്കുന്നു. മരണത്തിൻ്റെ വേദനയേക്കാൾ വലുതായിട്ടാണ് പ്രസവ വേദന ഒരു സ്ത്രീ അനുഭവിക്കുന്നത് എന്നത് ദ്യോതിപ്പിക്കുവാൻ തന്നെയാണ് ഇതിനേക്കാൾ എളുപ്പം മരണമായിരുന്നു എന്ന് ആഗ്രഹിക്കുന്നതിൽ നിന്ന് മനസ്സിലാക്കാൻ ഉള്ളത്. മാതാവിനോടുള്ള വിധേയത്വവും ബഹുമാനവും ഒന്നിനും പകരം വെക്കുവാൻ കഴിയാത്തതാണ് എന്ന ആശയം ഈ സഹനത്തിൽ നിന്നാണ് ഉത്ഭൂതമാകുന്നത്. ആ വേദന മറിയം ബീവിക്ക് തുറന്നുപറയാൻ ഉള്ളത് അല്ലാഹുവിനോട് മാത്രമായിരുന്നു. കാരണം ആ ഗർഭത്തിൻ്റെ വസ്തുതകൾ മറ്റൊരാൾക്കും മനസ്സിലാക്കാനോ മനസ്സിലാക്കി കൊടുക്കാനോ കഴിയാത്തതായിരുന്നുവല്ലോ. അതുകൊണ്ട് പ്രസവ വേദനയിൽ പുളയുന്ന മറിയം ബീവിയുടെ ആവലാതികളും ആവശ്യങ്ങളും എല്ലാം വ്യക്തമായി വാക്കുകളിൽ അല്ലാഹുവിനോട് പറയുന്നതായി കാണുന്നില്ല എങ്കിലും സത്യത്തിൽ അത് അല്ലാഹുവിനോട് ഉള്ള പ്രാർത്ഥനകളും അഭ്യർത്ഥനകളും പരിഭവങ്ങളും തന്നെയാണ്. അതിനാൽ അല്ലാഹു അത് കേൾക്കുകയും സ്വീകരിക്കുകയും ചെയ്യുന്നു. ഒരു സ്ത്രീ പ്രസവത്തിലൂടെ അല്ലാഹുവിൻ്റെ പ്രതിനിധികളുടെ ഇഹലോകത്തെ നിലനിൽപ്പിനു വേണ്ടിയുള്ള ദാനമാണ് ചെയ്യുന്നത്. അല്ലാഹുവിൻ്റെ നിയമങ്ങളും നിർദ്ദേശങ്ങളും പാലിക്കാൻ ബാധ്യസ്ഥനായ ഒരു അടിമയെ ലോകത്തിന് സമർപ്പിക്കുകയാണ് സ്ത്രീ ചെയ്യുന്നത്. അതിനാൽ തന്നെ മഹത്തരമായ അത്തരം ഒരു കൃത്യത്തിന് വിധേയയാകുന്ന സ്ത്രീയുടെ പ്രാർത്ഥനകൾ അള്ളാഹു കേൾക്കുക തന്നെ ചെയ്യും. പ്രസവം ഏറെ സങ്കീർണവും വേദനാജനകവും ആണ് എന്ന വസ്തുതയും അനുഭവവും പറയുന്നതോടൊപ്പം അത്തരം ഒരു സാഹചര്യത്തിൽ അഭയം തേടേണ്ടത് സൃഷ്ടാവായ അല്ലാഹുവിനോടാണ് എന്ന തത്വം കൂടി ഇവിടെ ഖുർആൻ പഠിപ്പിക്കുന്നു. പ്രസവത്തോട് അടുക്കുംതോറും പ്രാർത്ഥനാർദ്രമായി മാറണം ഗർഭിണികളുടെ മനസ്സ് എന്ന് ചുരുക്കം.
അത്തരം ഒരു പ്രാർത്ഥന ആയതിനാൽ അവളെ ഒരു നിമിഷം പോലും കൈവിട്ടില്ല എന്നതാണ് തുടർ ആയത്തുകളിലെ വിവരണം. അതിൻറെ ഭാഗമായി മറിയം ബീവിക്ക് ആശ്വാസമായി അരികിൽ ഒരു അരുവി ഒഴുകിയെത്തുകയും, ഭൗതികമായ ആശ്വാസവും സമാധാനവും നൽകുകയും ചെയ്തു. വെള്ളവുമായിത്തന്നെ മനുഷ്യൻ്റെ മനസ്സിന് വല്ലാത്തൊരു ബന്ധമാണ്. വെള്ളം തണുപ്പും മനസ്സുഖവും പ്രദാനം ചെയ്യുന്നു. വേദനയും വേപഥുവും ക്ഷീണവും അനുഭവപ്പെടുമ്പോൾ വെള്ളം ഒരു ഔഷധമായി മാറുന്നു. ഇവിടെ തികച്ചും ശാസ്ത്രീയമായ മറ്റൊരു പ്രക്രിയ കൂടി നടക്കുന്നതായി ഖുർആൻ പറയുന്നു. അത് ഇന്നത്തെ കാലത്ത് കാലിക പ്രസക്തി കൂടി ഉണ്ട് എന്ന് പറയാതെ വയ്യ. കാരണം ഇന്നത്തെ കാലത്ത് പ്രസവങ്ങൾ ഏറെ സങ്കീർമാകുന്നതും ഡോക്ടർമാരുടെയോ മറ്റോ ജാഗ്രതയുള്ള സഹായം വേണ്ടിവരുന്നതും പ്രസവം തന്നെ പ്രയാസമായി ഓപ്പറേഷനുകൾ ചെയ്തു ശിശുവിനെ പുറത്തെടുക്കേണ്ടി വരുന്നതും എല്ലാം പ്രസവത്തെ ഒരു രോഗമായും ഗർഭത്തോടെ സ്ത്രീയുടെ ശരീരവും അവയവങ്ങളും നിലക്കണം എന്ന് കരുതുന്നതും കൊണ്ടാണ്. പഴയ തലമുറയിൽ ഇതു ഉണ്ടായിരുന്നില്ല എന്നത് ഈ പറയുന്ന കാര്യം ബോധ്യപ്പെടാൻ കൂടുതൽ സഹായകമാണ്. ശരീരവും അവയവങ്ങളും ഇളകുന്ന വിധത്തിലുള്ള ജോലികളിലും വ്യായാമങ്ങളിലും വ്യാപൃതരായിരുന്ന തലമുറയായിരുന്നു ഒരു പ്രശ്നവും ഇല്ലാതെ നിരവധി കുഞ്ഞുങ്ങളെ പ്രസവിക്കുമായിരുന്നത്. ഗർഭകാലം കൂടുതൽ വ്യായാമങ്ങൾ ആവശ്യമാണ് എന്നതും ആ വ്യായാമങ്ങൾ തന്നെ പ്രത്യേകിച്ചും അബ്ഡോമിനൽ ഭാഗത്തെ ചലിപ്പിക്കാൻ പോന്നതായിരിക്കണം എന്നും പഠിപ്പിക്കുകയാണ് ഇതേ ചരിത്രത്തിലൂടെ വിശുദ്ധ ഖുർആൻ. മേൽപ്പറഞ്ഞ ആയത്തിലെ 'ഈന്തമരം അടുത്തേക്ക് പിടിച്ചുകുലുക്കുക' എന്ന കൽപ്പന അതാണ് സൂചിപ്പിക്കുന്നത്. ഇവിടെ പിടിച്ചു കൊടുക്കാൻ പറയുന്നത് ഈന്ത മരത്തിൻ്റെ കട ഭാഗത്തെയാണ്. പൊതുവേ ഒരു ആരോഗ്യവാനായ പുരുഷനു തന്നെ പിടിച്ചു കൊടുക്കാൻ എളുപ്പത്തിൽ സാധിക്കുന്ന ഒന്നല്ല ഈന്തപ്പന മരവും അതിൻ്റെ കട ഭാഗം പ്രത്യേകിച്ചും. എന്നിരിക്കെയാണ് മറിയം ബീവിയോട് ഏറെ ആകുലതകളിൽ വേദന സഹിച്ച് ഇരിക്കുന്ന സമയത്ത് അല്ലാഹു ഈന്തപ്പന മരം പിടിച്ചു കൊടുക്കുവാൻ ആവശ്യപ്പെടുന്നത് എന്നത് ഏറെ കൗതുകകരവും ചിന്തനീയവുമാണ്.
ഈന്തപ്പന പിടിച്ചു കുലുക്കുമ്പോൾ അതൊരു കേവലം വ്യായാമം മാത്രമല്ല ആ സമയത്ത് സ്ത്രീക്ക് ആവശ്യമായ പോഷകങ്ങൾ ഉറപ്പുവരുത്താനുള്ള ഒരു മാർഗ്ഗം കൂടിയാണ് എന്നത് മറ്റൊരു ചിന്തയാണ്. മരത്തെ പിടിച്ചു കൊടുക്കുമ്പോൾ അത് അത് പാകമായ പഴം വീഴ്ത്തിത്തരും എന്നു പറയുന്നതും അങ്ങനെ സംഭവിച്ചതും ആ ഈത്തപ്പഴവും അരുവിയിലെ ശുദ്ധജലവും മറിയം ബീവിയുടെ ശരീരത്തെയും മനസ്സിനെയും തണുപ്പിച്ചതും വിശുദ്ധ ഖുർആനിന്റെ സൂചനകളിൽ ഉണ്ട്. ഗർഭകാലത്ത് ഈത്തപ്പഴം കഴിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും വളരെ നല്ലതാണ് എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്. ഇവയിൽ അടങ്ങിയിരിക്കുന്ന ഇരുമ്പ് കുഞ്ഞിന്റെയും അമ്മയുടെയും വിളർച്ച തടയുന്നു. അതിലെ നാരുകൾ മലബന്ധം കുറയ്ക്കുന്നു. പ്രസവം എളുപ്പമാക്കാനും പ്രസവ വേദനയുടെ ദൈർഘ്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഗർഭകാലത്തുണ്ടാകുന്ന ക്ഷീണം മാറ്റാൻ ഇത് പെട്ടെന്ന് ഊർജ്ജം നൽകുന്നു. ഉയർന്ന അളവിലുള്ള ഇരുമ്പ് (Iron) ൻ്റെ സാന്നിധ്യമാണ് വിളർച്ച അഥവാ അനീമിയയെ തടയാൻ സഹായിക്കുന്നത്. ഈത്തപ്പഴത്തിൽ ധാരാളം പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നു. അവ പേശികളുടെ തളർച്ചയും രാത്രിയിലെ ഉറക്കമില്ലായ്മയും മാറ്റാൻ സഹായിക്കുന്നു. അതോടൊപ്പം പ്രതിസന്ധികളിലും സ്വന്തം ഭാഗത്തുനിന്നുള്ള ചെറുത്തുനിൽപ്പും പ്രയത്നവും വേണമെന്ന പാഠവും ഈ സൂക്തത്തിന്റെ ഈ ഭാഗം വിശ്വാസികളെ പഠിപ്പിക്കുന്നു. പ്രാർത്ഥനയുടെയും അല്ലാഹുവിൽ ഭരമേല്പിക്കുന്നതിന്റെയും പാഠങ്ങളും നമുക്ക് മറിയം ബീവിയുടെ അനുഭവത്തിൽ നിന്ന് ലഭിക്കുന്നുണ്ട്. ഇതുകൊണ്ടെല്ലാമാണ് പ്രസവത്തിന് വിധേയയാകുന്ന ഒരു സ്ത്രീ മനുഷ്യകുലത്തിൽ ഏറ്റവും വലിയ ദാനമാണ് നൽകുന്നത് എന്ന് നാം പറഞ്ഞത്. ഇക്കാര്യത്താൽ തന്നെ ഇസ്ലാമിക സംസ്കാരം ഗർഭിണികൾക്ക് പ്രത്യേക ആദരവും പരിഗണനയും നൽകിയിട്ടുണ്ട്. ഗര്‍ഭിണിയായ ഒരു സ്ത്രീ പ്രസവിക്കുന്നതുവരെ അവള്‍ക്ക് ലഭിക്കുന്നത് അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ അതിര്‍ത്തി കാക്കുന്ന ഒരു പട്ടാളക്കാരന്റെ പ്രതിഫലമാണ് എന്നും ആ ഗര്‍ഭകാലത്ത് അവൾ മരണപ്പെട്ടാല്‍ അവളെ രക്തസാക്ഷിയായാണ് മതം പരിഗണിക്കുന്നത് എന്നുമെല്ലാം ഇസ്ലാം നിലപാടെടുത്തതും അതുകൊണ്ടാണ്.
പ്രസവം അക്ഷരാർത്ഥത്തിൽ വേദനാത്മകവും സങ്കീർണവും തന്നെയാണ്. ഗര്‍ഭാശയത്തില്‍നിന്ന് പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ പുറത്തേക്ക് കൊണ്ടുവരാനുള്ള പ്രകൃതിയുടെ പ്രക്രിയയാണ് പ്രസവം. ഗര്‍ഭകാലം ഏത് സ്ത്രീയെ സംബന്ധിച്ചും ജീവിതത്തിലെ അവിസ്മരണീയ ദിനരാത്രങ്ങളായിരിക്കും. വിഷമങ്ങളും ബുദ്ധിമുട്ടുകളും നിറഞ്ഞ രാപ്പകലുകൾ. പ്രസവത്തിന്റെ ആമുഖമായി പ്രസവവേദന (പേറ്റുനോവ്) അനുഭവപ്പെടുന്നു. അത് ആരംഭിക്കുന്നത് അടിവയറ്റില്‍നിന്നാണ്. സ്വയം സങ്കോചിച്ച് പ്രസവത്തിന് തയ്യാറെടുക്കുകയാണ് ശരീരം. അതിൻ്റെ സൂചനയാണ് ഈ വേദന. ഗര്‍ഭാശയ ഭിത്തികളിലെ പേശികളിലെ സങ്കോചം മൂലം വേദന ശക്തിപ്പെടും. ചുവപ്പു കലര്‍ന്ന ഒരു കൊഴുപ്പു ദ്രാവകം പേറ്റുനോവിനു മുമ്പായി പുറപ്പെടുകയും പിന്നീട് കുറേശ്ശെ കുറേശ്ശെ പേറ്റുനോവ് തുടങ്ങുകയും ചെയ്യുന്നു. ഈ വേദന ഇടവിട്ട് ഇടവിട്ട് വരികയും ശക്തി പ്രാപിക്കുകയും ചെയ്യുകയാണ് ഉണ്ടാകുന്നത്. അതിനാൽ തന്നെ സ്ത്രീയുടെ ആകുലതയും വേദനയും എല്ലാം ക്രമേണ അസഹ്യമായി മാറുന്നു. ഇത്തരം സന്ദർഭത്തിൽ അവരുടെ ശ്രദ്ധ ആത്മീയമായ പ്രതീക്ഷകളിലേക്ക് തിരിച്ചുവിടുന്നത് ഏറെ ഉപകാരപ്രദമാണ്. വേദനയുടെ പ്രഭവ കേന്ദ്രത്തെ ചിന്തകൾ വലയം ചെയ്യുമ്പോഴാണ് വേദന ശക്തി പ്രാപിക്കുന്നത്. ചിന്തകളെ അല്പമെങ്കിലും മറ്റൊരിടത്തേക്ക് തിരിച്ചുവിടാൻ കഴിഞ്ഞാൽ അതിനനുസൃതമായ ഒരു ആയാസവും ആശ്വാസവും ഉണ്ടാകും. ഈ പ്രക്രിയയുടെ ഭാഗമായിട്ടാണ് പരമ്പരാഗത മുസ്ലിം സ്ത്രീകളുടെ പേറ്റുമുറികളിൽ സൂറത്തു മർയം, ആയത്തുൽ കുർസി, സൂറത്തു ഇൻശിഖാഖ്, മുഹ്‌യദ്ദീന്‍മാല, നഫീസത്തുമാല തുടങ്ങിയ മഹാത്മാക്കളുടെ മദ്ഹ് ഗീതങ്ങള്‍ പാടുന്ന പതിവ് ഉണ്ടായത്. ഈയൊരു പതിവ് പണ്ടുകാലങ്ങളില്‍ നമുക്കിടയില്‍ വ്യാപകമായിട്ടുണ്ടായിരുന്നു. പഴഞ്ചന്‍ ആചാരമായി കണക്കാക്കിയതിന്റെ പേരിലും പ്രസവം കൂടുതലും ആശുപത്രിയിലായ കാരണത്താലും ആ സമ്പ്രദായം സമൂഹത്തില്‍നിന്നും പാടെ എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. അതോടൊപ്പം ഇത്തരം ഓർമ്മകളെ ആത്മീയ അവബോധത്തോടെ പ്രധാനമായി കാണുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്ന തലമുറക്ക് വംശനാശം സംഭവിച്ചതും ഒരു കാരണമാണ്. ഏതായാലും അത് ഈ അർത്ഥത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.
ഇതോടൊപ്പം ചേർത്തുപറയേണ്ടുന്ന മറ്റൊരു കാലിക വിഷയമാണ് നമുക്കിടയിൽ വർദ്ധിച്ചുവരുന്ന പ്രസവം നിർത്തുന്ന പ്രവണത. എന്തെങ്കിലും നിസാര കാര്യങ്ങൾക്ക് വേണ്ടിയോ, യാതൊരു കാരണമില്ലാതയോ പ്രസവം നിർത്തുന്ന പതിവ് കൂടിവരുന്നു. ഭൗതിക പ്രമത്തത ഇതിൻ്റെ പ്രധാനപ്പെട്ട ഒരു പ്രചോദനമായി മാറുന്ന ഒരു സാമൂഹ്യ മാറ്റവും ഇപ്പോൾ പ്രകടമാണ്. അതായത് ഒരുപാട് കുട്ടികൾ തൻറെ കുടുംബ ജീവിതത്തിന്റെയും സ്വസ്ഥതയുടെയും ശത്രുവാണ് എന്ന് ധരിച്ച് ഒന്നോ രണ്ടോ പ്രസവങ്ങളിൽ ഒതുക്കി ഇനി പ്രസവിക്കാനുള്ള സാഹചര്യം സാങ്കേതികമായി ഇല്ലാതെയാകുന്ന മാറ്റമാണ് അത്. ഇതിനിടയിലാണ് നാം ഒന്ന് നമുക്കൊന്ന് തുടങ്ങിയ സിദ്ധാന്തങ്ങൾ ആരൊക്കെയോ വളർത്തിയെടുത്തത്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും വികസനത്തിന്റെ ഏറ്റവും വലിയ മന്ത്രം എന്ന നിലക്കാണ് ഈ സിദ്ധാന്തം കടന്നുവന്നത്. എന്നാൽ അത് പരാജയമായിരുന്നു എന്ന് കാലം തെളിയിച്ചു. ഈ ലോകത്ത് ഏറെ പ്രസവിക്കുന്നതും പ്രസവിക്കുവാൻ പ്രചോദനം നൽകുന്നതും മുസ്ലിംകളും ഇസ്ലാമും തന്നെയാണ് എന്നത് നമ്മുടെ പ്രമാണങ്ങളിൽ സ്ഥലം പിടിച്ച ഒരു വസ്തുതയാണ്. നിങ്ങൾ അധികം പ്രസവിക്കുന്ന സ്ത്രീകളെ വിവാഹം ചെയ്യുക എന്ന് നബി തിരുമേനി കൽപ്പിച്ചിട്ടുണ്ട്. ബാധ്യതയാകും എന്ന ഭയത്താൽ കുഞ്ഞുങ്ങളെ ഇല്ലായ്മ ചെയ്യരുത്, നിങ്ങളല്ല, നാമാണ് എല്ലാവർക്കും അന്നം നൽകുന്നത് എന്ന് അല്ലാഹു വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്. ഇതു മനസ്സിലാക്കിയ ചിലരാണ് നേർക്കുനേരെ മുസ്ലീങ്ങളോട് അത് പറയാൻ കഴിയാത്തതിനാൽ ലോകത്തെ മുഴുവനും ആ ആശയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്.
അതേസമയം അക്ഷരാർത്ഥത്തിൽ പ്രസവം നിർത്തുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ട സാഹചര്യം ഉണ്ടാകാം. അത്തരം സാഹചര്യങ്ങൾക്ക് അനുവദനീയമായ മാർഗ്ഗങ്ങൾ മതം തന്നെ മുന്നോട്ടുവെക്കുന്നുണ്ട്. ഇത്തരം ചില പ്രത്യേക സാഹചര്യങ്ങളിൽ, താത്കാലികമായി ഗർഭനിരോധനം നടത്തുന്നത് അനുവദനീയമാണെന്ന് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുമുണ്ട്. സ്വഹാബികൾ നബി തങ്ങളുടെ കാലഘട്ടത്തിൽ ‘അസ്ൽ’ (Coitus Interruptus / സ്ഖലനത്തിന് മുൻപ് ലിംഗം പുറത്തെടുക്കൽ) ചെയ്തിരുന്നു എന്ന് സ്വഹീഹായ ഹദീസിൽ വന്നിട്ടുണ്ട്. ഖുർആൻ അവതരിച്ചുകൊണ്ടിരിക്കെ ഞങ്ങൾ ‘അസ്ൽ’ ചെയ്യാറുണ്ടായിരുന്നു എന്നാണ് അതിലെ പരാമർശം. (ബുഖാരി, മുസ്ലിം). അത് നബി തങ്ങൾ കർക്കശമായി വിരോധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അത് സൂചിപ്പിക്കുന്നത് അത്തരം നിയന്ത്രണം ചെയ്തിരുന്ന ആൾ പ്രത്യേക സാഹചര്യത്തിന് വിധേയമായിരുന്നു എന്നും അത് അറിഞ്ഞതുകൊണ്ടാണ് നബി തങ്ങൾ മൗനം പാലിച്ചത് എന്നുമാണ്. അങ്ങനെയാണെങ്കിലും അത് സ്ത്രീയുടെ ലൈംഗിക സംതൃപ്തിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ അത് കറാഹത്താണ് എന്നാണ് പണ്ഡിതന്മാർ വിവരിച്ചിട്ടുള്ളത്. അതോടൊപ്പം നബി തങ്ങൾ തന്നെ പഠിപ്പിച്ചത് ഏതു നിയന്ത്രണം സ്വീകരിച്ചാലും കാര്യങ്ങൾ പരമമായി തീരുമാനിക്കപ്പെടുന്നത് അല്ലാഹുവിൻ്റെ നിശ്ചയത്തിന് വിധേയമായിട്ടാണ് എന്നാണ്. നബി തങ്ങൾ പറഞ്ഞു: 'എല്ലാ സ്ഖലനത്തിൽ നിന്നും കുഞ്ഞുണ്ടാകണമെന്നില്ല. അല്ലാഹു ഒരു സൃഷ്ടിയെ ഉദ്ദേശിച്ചാൽ ഒന്നിനും അതിനെ തടയാൻ കഴിയില്ല'. (മുസ്ലിം). അതുകൊണ്ട്, ഗർഭനിരോധന മാർഗ്ഗങ്ങൾ 100% ഫലപ്രദമല്ലെന്നും അല്ലാഹുവിന്റെ വിധി നടപ്പിലാകുമെന്നും നാം മനസ്സിലാക്കണം.
ഗർഭ നിയന്ത്രണ മാർഗങ്ങളിൽ മേൽപ്പറഞ്ഞ അസ്ൽ (പുറത്തു സ്ഖലനം), റിഥം മെത്തേഡ് (സുരക്ഷിത കാലം നോക്കൽ) തുടങ്ങിയവ അനുവദനീയമാണെങ്കിലും, കാരണങ്ങളില്ലാതെ ചെയ്യുന്നത് ‘കറാഹത്ത്’ ആണ്. കാരണം ഇത് സ്ത്രീക്ക് പൂർണ്ണമായ സംതൃപ്തി ലഭിക്കുന്നതിന് തടസ്സമായേക്കാം. കോണ്ടം (Condom) പോലുള്ള മാർഗ്ഗങ്ങളും ഇപ്രകാരം തന്നെയാണ്. എന്നാൽ, ഡയഫ്രം (Diaphragm), സെർവിക്കൽ ക്യാപ്പ് (Cervical Cap), IUD (Intra-uterine Device) തുടങ്ങിയവ ഡോക്ടറുടെ സഹായത്തോടെ യോനിക്കുള്ളിൽ നിക്ഷേപിക്കേണ്ടവയാണ്. ഈ പ്രക്രിയക്കായി അന്യപുരുഷനോ സ്ത്രീയോ ഔറത്ത് കാണേണ്ടിവരുന്നത് ഹറാമാണ്. അതൊരു ചികിത്സയല്ലാത്തതിനാൽ പ്രത്യേകിച്ചും. അതിനാൽ, അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നിഷിദ്ധമാണ്. ഗർഭനിരോധന ഗുളികകൾ, കുത്തിവയ്പ്പുകൾ എന്നിവ സ്ത്രീയുടെ ശരീരത്തിൽ പലതരം പാർശ്വഫലങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. രക്തസ്രാവം, തലവേദന, വിഷാദം, രക്തം കട്ടപിടിക്കൽ തുടങ്ങിയവ ഇതിൽ ചിലതാണ്. അത് അവളെ ഉപദ്രവിക്കുന്നതിന് തുല്യമാണ്. ഇവക്കെല്ലാം അപ്പുറത്തുള്ള വാസക്റ്റമി (Vasectomy), ട്യൂബൽ ലിഗേഷൻ (Tubal Ligation) തുടങ്ങിയ സ്ഥിരമായ വന്ധ്യംകരണ മാർഗ്ഗങ്ങൾ ഇസ്‌ലാമിൽ നിഷിദ്ധമാണ്. കർമ്മശാസ്ത്ര പരമായി ഗർഭ ധാരണശേഷി ശാശ്വതമായി നിർത്തിക്കളയൽ നിഷിദ്ധമാണ് എന്ന് നിരവധി പണ്ഡിതർ ഇത് വെക്തമാക്കിയിട്ടുണ്ട്.(തുഹ്ഫ 8/241).
പ്രത്യുത്പാദന ശേശി മുറിച്ച് കളയൽ മരുന്ന് കൊണ്ടാണെങ്കിലും ഹറാമാണ് എന്ന് ഖൽയൂബി 4/375 ൽ കാണാം. അതേസമയം നിയന്ത്രണങ്ങൾ ന്യായമാണെങ്കിൽ ആവാം എന്നാണ് പണ്ഡിതന്മാരുടെ പക്ഷം. സമയ ബന്ധിതമായി പ്രസവം നിർത്തൽ നിഷിദ്ധമല്ല. ആവശ്യമില്ലെങ്കിൽ കറാഹത്താണ്. ആവശ്യത്തിനാണെങ്കിൽ കറാഹത്തില്ല.(നിഹായ 7/136).
തുഹ്ഫ
നിഹായ
https://www.researchgate.net/publication/49798165
0
Thoughts & Arts
മഹത്വമാണ് മാതൃത്വം
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso