ഖുർആൻ പഠനം
ടി എച്ച് ദാരിമി അൽ അസ്ഹരി
സൂറത്തുൽ മുൽക്ക് 25
25 പുനരുത്ഥാനമെന്ന ഈ വാഗ്ദാനം എന്നാണ് സാക്ഷാല്‍കൃതമാവുക, - നിങ്ങള്‍ സത്യസന്ധരാണെങ്കില്‍ എന്നു സത്യനിഷേധികള്‍ ചോദിക്കുന്നു.
സത്യനിഷേധികൾ ചർവിത ചർവണം ഉപയോഗിക്കുന്ന ഒരു വലിയ വർത്തമാനമാണ് ഇത്. ഈ ജീവിതത്തിന് ഒരു അന്ത്യം ഉണ്ടാകുമെന്നും അപ്പോൾ ഈ ജീവിതത്തിലെ നന്മ തിന്മകളെ കുറിച്ചുള്ള കണക്കുകൾ പറയേണ്ടി വരും എന്നും പറയുമ്പോൾ എല്ലാം അവർ അങ്ങനെ ഒരു അന്ത്യനാളും വിചാരണ നാളും ഉണ്ട് എങ്കിൽ അത് എന്നാണ് എന്ന് അവർ ചോദിക്കും. സാധാരണക്കാരായ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അത് ഉത്തരം മുട്ടിക്കുന്ന ഒരു ചോദ്യം തന്നെയാണ്. കാരണം അന്ത്യനാൾ എന്നാണ് എന്നത് ആർക്കും അറിയില്ല. അല്ലാഹു അറിയിച്ചു കൊടുത്തിട്ടില്ല. നബി തങ്ങളിലൂടെ അതിൻ്റെ ചില അടയാളങ്ങൾ അറിവായിട്ടുണ്ട് എന്നതല്ലാതെ ആര് ആരോട് ചോദിച്ചാലും ഉത്തരം കൃത്യമായി കിട്ടാത്ത ഒരു ചോദ്യമാണിത്. ഇത്തരം ഒരു മറുപടിയില്ലായ്മ അവർക്ക് ഒരുതരം അഹങ്കാരത്തിന്റെ മേൽക്കോയ്മ ഒരുക്കിക്കൊടുക്കും. അതുകൊണ്ട് ആ ചോദ്യത്തിന്റെ അർത്ഥം തെളിയിക്കാൻ ആവില്ലെങ്കിൽ പോലും അവർ വിശ്വാസികളുടെ മുന്നിൽ വിജയിക്കാനുള്ള ഏകമാർഗം എന്ന നിലക്ക് അത് ചോദിച്ചു കൊണ്ടേയിരിക്കും. അന്ത്യനാളിനെ കുറിച്ച് ജിബിരീൽ(അ) ഒരു മനുഷ്യ രൂപത്തിൽ വന്ന നബിയോട് തന്നെ നേരിട്ട് ചോദിച്ചതാണ്. അക്കാര്യത്തിൽ ചോദിക്കുന്നവനും ചോദിക്കപ്പെടുന്നവനും ഒരേപോലെ അജ്ഞരാണ് എന്നായിരുന്നു നബി തങ്ങളുടെ മറുപടി. ഇതേ മറുപടി അടുത്ത സൂക്തത്തിൽ അല്ലാഹു ആവർത്തിക്കുന്നു.
26 നബീ, പ്രതികരിക്കുക. അതുസംബന്ധിച്ച കൃത്യവിവരം അല്ലാഹുവിങ്കലാണ്. ഞാന്‍ ഒരു താക്കീതുകാരനല്ലാതെ മറ്റാരുമല്ല.
അല്ലാഹു പരമജ്ഞാനിയാണ്. എല്ലാ കാര്യങ്ങളും പരമമായി അറിയുന്നത് അവന് മാത്രമാണ്. ചില പ്രാഥമിക ഉത്തരങ്ങൾ ഒക്കെ മനുഷ്യന്മാർക്ക് അവരുടെ സ്ഥാനത്തിനും അറിവിനും അല്ലാഹുവിനോടുള്ള ബന്ധത്തിനും വിധേയമായി അറിഞ്ഞു എന്ന് വരാം. പക്ഷേ പരമമായ അതിൻ്റെ ജ്ഞാനം അല്ലാഹുവിൻ്റെ അടുക്കൽ മാത്രമാണ് ഉള്ളത്. എന്നാൽ അതിന്റെ ചില ലക്ഷണങ്ങള്‍ നബി(സ) വിവരിച്ചുതന്നിട്ടുണ്ട് . മാതാപിതാക്കള്‍ മക്കളുടെ അടിമകളെ പോലെ ആകുക, അധകൃതര്‍ ഭരണകര്‍ത്താക്കള്‍ ആവുക, അര്‍ദ്ധനഗ്നരും നഗ്നപാദരുമായി നടന്നിരുന്ന ദരിദ്രര്‍ ധനവാന്മാരവുക, വല്യ വല്യ രമ്യഹര്‍മ്മങ്ങള്‍ അവര്‍ ഉണ്ടാക്കുക എന്നിവയൊക്കെ അതിന്റെ തുടക്ക അടയാളങ്ങളില്‍ പെട്ടതാണ്. ഖിയാമത്ത് നാളായാല്‍ മഹ്ദി(റ) വരും. അനന്തരം ദജ്ജാല്‍ ഇറങ്ങും. പിന്നെ ഈസാ നബി (അ) ഇറങ്ങി വന്നു ദജ്ജാലിനെ വധിക്കും. യഅജൂജ് - മഅജൂജ് എന്നീ ഭീകരന്മാര്‍ വരും. ദാബത്തുല്‍ അര്‍ള് എന്ന അത്ഭുത മൃഗം പ്രത്യക്ഷപ്പെടും. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിച്ചു കിഴക്ക് അസ്തമിക്കും. ചില സ്ഥലങ്ങളില്‍ ഭൂമി പിളരും. യമനില്‍ നിന്ന് തീയും കാറ്റും പുറപ്പെടും. നാല്‍പതു ദിവസം ലോകം മുഴുവന്‍ പുക കൊണ്ട് നിറയും . മതവിജ്ഞാനം കുറയും, ഭൗതികവിദ്യാഭ്യാസം വര്‍ദ്ധിക്കും. വ്യഭിജാരം കള്ളുകുടി കൊലപാതകം എന്നിവ ധാരാളം ഉണ്ടാകും. ഒരു പുരുഷന് അന്പതു സ്ത്രീ എന്ന കണക്കില്‍ സ്ത്രീകള്‍ വര്‍ദ്ധിക്കും. പൂര്‍വിക പണ്ഡിതന്മാര്‍ പുഛിക്കപെടും. ധനസമൃദ്ധിയില്‍ ദാനം സ്വീകരിക്കാന്‍ ആളില്ലാതെ വരും. ഭൂമിക്കടിയിലെ നിക്ഷേപങ്ങള്‍ പൊന്തി വരും. കൂഫയിലെ 'ഫുറാത്തു' നദിക്കടിയിൽ സ്വര്‍ണ്ണ കൂമ്പാരം പ്രത്യക്ഷപ്പെടും തുടങ്ങി ചെറുതും വലുതുമായ അടയാളങ്ങൾ നിരവധി ഹദീസുകളിൽ നിന്ന് നമുക്ക് ഗ്രഹിക്കാം.
അന്ത്യനാൾ സംഭവിക്കുക അന്ത്യ പ്രവാചകന്‍ ജനിച്ചതു മുതല്‍ 'സൂര്‍' എന്ന കാഹളത്തില്‍ ഊതാന്‍ കാത്തിരിക്കുന്ന ഇസ്രാഫീല്‍ എന്ന മലക്ക് ഊതുന്നതോടെ കൂടെയാണ്. ഈസാ നബി (അ) ആകാശത്ത് നിന്ന് ഇറങ്ങിവന്ന് ഭരണം കഴിഞ്ഞ് മരണം വരിച്ചതിനുശേഷം നൂറ്റിഇരുപതു കൊല്ലം കഴിയുമ്പോഴാണ് ഒന്നാമത്തെ കാഹളം മുഴങ്ങുക എന്ന് ചില ഹദീസുകളിൽ നിന്നും മനസ്സിലാക്കാം. ആകെ മൂന്നു ഊത്തുകളാണ് ഉണ്ടാവുക. ഒന്നാമത്തെ ഊതിനു ശേഷമാണു സൂര്യന്‍ പടിഞ്ഞാറു നിന്നുദിച്ചു കിഴക്കസ്തമിക്കുക. 40 കൊല്ലത്തിനു ശേഷം രണ്ടാമത്തെ കാഹളം മുഴങ്ങിയാല്‍ എല്ലാ സൃഷ്ടികളും നശിച്ചുപോകും. എന്നാൽ അല്ലാഹുവിൻ്റെ അര്‍ശ് , കുര്‍സിയ്യ്, സ്വര്‍ഗ്ഗം, നരകം, ലൌഹ്, ഖലം എന്നിവ അപ്പോൾ നശിക്കുകയില്ല . പിന്നെ നാല്‍പതു കൊല്ലം കഴിഞ്ഞാല്‍ മൂന്നാമത്തെ കാഹളം മുഴങ്ങും. അതു സൃഷ്ടികളെയെല്ലാം പുനര്ജീവിപ്പിക്കനുള്ളതാണ്. അപ്പോഴാണ് വിചാരണ നടക്കുക.
27 എന്നാല്‍ അത് സമീപസ്ഥമായി കണ്ടാല്‍ അവിശ്വാസികളുടെ വദനങ്ങള്‍ ദുഃഖസാന്ദ്രമാകും. നിങ്ങള്‍ ധൃതിപ്പെട്ട് ചോദിച്ചിരുന്നതാണ് ഇത് എന്ന് അവരോട് പറയപ്പെടും.
അവിശ്വാസികൾക്ക് അവരുടെ യുക്തിയാണ് ഊർജ്ജം നൽകുന്നത്. യുക്തിയുടെ ഊർജ്ജം ഏതു സമയവും നഷ്ടപ്പെടാം. കാരണം ഈ പ്രപഞ്ചത്തിൽ നടക്കുന്ന ഏതു കാര്യത്തെക്കുറിച്ചും യുക്തിയുടെ വെളിച്ചത്തിൽ ഒരു അഭിപ്രായം പറയാം എങ്കിലും അത് പലപ്പോഴും തിരുത്തേണ്ടിവരും. കാരണം യുക്തി അവതരിപ്പിച്ച ധാരണയുടെ മുമ്പിൽ മറിച്ചുള്ള ഒരു യഥാർത്ഥo പ്രത്യക്ഷപ്പെട്ടാൽ അതോടെ ആ യുക്തി ശപിക്കപ്പെടുന്ന ഒന്നായി മാറും. മരണത്തിനുശേഷം ഒരു ജീവിതം ഉണ്ട് എന്നതിനെ അത്തരക്കാർ നിഷേധിക്കുന്നത് മരണത്തിനുശേഷം ഒരു ജീവിതം നമ്മൾ ആരും അനുഭവിച്ചിട്ടില്ല, അതുകൊണ്ട് അങ്ങനെയൊന്നില്ല എന്ന യുക്തി കൊണ്ടാണ്. എന്നാൽ മരണത്തിൻ്റെ മുമ്പിൽ എത്തുമ്പോൾ തന്നെ ചില തിരിച്ചറിവുകളിലേക്ക് മനുഷ്യൻ കടക്കുന്നു. മതവിശ്വാസികൾ തങ്ങളുടെ ഉപദേശങ്ങളിലും താക്കീതുകളിലും പറഞ്ഞിരുന്ന പല അനുഭവങ്ങളും അവർ നേരിട്ട് അനുഭവിക്കാൻ തുടങ്ങും. എന്നാൽ അപ്പോൾ അത് രേഖപ്പെടുത്തുവാനോ പങ്കുവെക്കുവാനോ ഒന്നും കഴിയുകയുമില്ല. അതുകൊണ്ട് അയാളുടെ യുക്തി അയാളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ശിക്ഷ അയാൾ സ്വന്തം കിടന്നു പുളഞ്ഞു അനുഭവിക്കുകയല്ലാതെ മറ്റൊന്നും ഉണ്ടാവില്ല. ഈ ആയത്ത് അവിശ്വാസികൾക്ക് അനുഭവപ്പെടുന്ന അത്തരം ഒരു അനുഭവത്തെയാണ് വിവരിക്കുന്നത്.
അതിൻ്റെ സമയം അതിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് ഏറെ ചിന്തനീയമാണ്. ആയത്തിൽ പറയുന്നത് അന്ത്യനാളിൽ എത്തിപ്പെട്ടാൽ എന്നല്ല, മറിച്ച് അന്ത്യനാൾ അടുത്തു വന്നതായി അനുഭവപ്പെട്ടാൽ എന്നാണ്. അതിൻ്റെ അർത്ഥം അന്ത്യനാൾ, മരണം തുടങ്ങിയ പരമമായ സത്യങ്ങൾ സാധാരണ മനുഷ്യൻമാർ മനസ്സിലാക്കിയിരിക്കുന്നതിനേക്കാൾ മുമ്പ് തന്നെ സൂചനകളുമായി പ്രത്യക്ഷപ്പെടും എന്നാണ്. നേരത്തെ നാം പറഞ്ഞ മരണത്തിൻ്റെ അനുഭവം അതിൻ്റെ ഉദാഹരണമാണ്. മരണത്തിൻ്റെ കാര്യത്തിൽ അത് വളരെ വ്യക്തമാണ് എന്ന് ശാസ്ത്ര മേഖലയിൽ ഉള്ളവർ വരെ പറയുന്നുണ്ട്. അഥവാ മനുഷ്യൻറെ മറ്റുള്ളവരുമായി സംവദിക്കാനുള്ള ശേഷികളും ആശയവിനിമയം നടത്താനുള്ള മാർഗങ്ങളും എല്ലാം മരിക്കുമ്പോഴും അവനിലെ സന്തോഷമാണെങ്കിൽ അതും മറിച്ചാണെങ്കിൽ അതും അനുഭവിക്കുന്ന ശക്തിയും ശേഷിയും മരിക്കാതെ പിന്നെയും കുറച്ചു സമയം കൂടി നിലനിൽക്കുന്നുണ്ട് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം തന്നെ മരണത്തിൻ്റെ തൊട്ടുമുമ്പുള്ള സമയം സമീപത്ത് ഇരിക്കുന്നവരുടെ പോലും സംസാരങ്ങൾ കേൾക്കുകയോ അവയോട് പ്രതികരിക്കുകയോ ചെയ്യാനാകാത്ത വിധത്തിലുള്ള ശേഷികളുടെയും ഇന്ദ്രിയങ്ങളുടെയും മരണം സംഭവിക്കുന്നുണ്ട് എന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇപ്രകാരം തന്നെയാണ് ഖിയാമത്ത് നാളിൻ്റെ കാര്യവും. അതിൻ്റെ അടയാളങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുമ്പോഴേക്കും തന്നെ ഈ പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് അവിശ്വാസികൾ തിരിച്ചറിഞ്ഞു തുടങ്ങും എന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. അപ്പോഴാകട്ടെ അവർക്ക് പ്രകടിപ്പിക്കാനുള്ളതെല്ലാം ഖേദം മാത്രമായിരിക്കും.
28 നബീ, ചോദിക്കുക. പറയൂ, നിങ്ങളുടെ അഭീഷ്ടം പോലെ എന്നെയും അനുയായികളെയും അല്ലാഹു മരിപ്പിക്കുകയോ അല്ലെങ്കില്‍ ഇനിയും ആയുസ്സ് തന്ന് കാരുണ്യം കാട്ടുകയോ ചെയ്താല്‍ നിങ്ങള്‍ക്കെന്തിരിക്കുന്നു? എന്നാല്‍ വേദനയുറ്റ ശിക്ഷയില്‍ നിന്ന് അവിശ്വാസികളെ ആരാണ് രക്ഷപ്പെടുത്തുക?
ശരിയായ ചിന്ത എന്നാണ് അന്ത്യനാൾ എന്ന് കണ്ടെത്തുന്നതിലല്ല, മറിച്ച് എന്ന് അന്ത്യനാളായാലും അന്ന് അതിൻ്റെ വിഹ്വലതകളിൽ നിന്നും രക്ഷപ്പെടുവാനും അതിനുശേഷമുള്ള ജീവിതത്തിൽ പരമമായ വിജയങ്ങളിൽ എത്തിച്ചേരുവാനും വേണ്ട തിരിച്ചറിവിലേക്ക് എത്തുക എന്നതാണ് എന്നാണ് ഈ സൂക്തത്തിന്റെ അർത്ഥം. അതിനാവശ്യമായ ബോധനം നൽകുവാനാണ് ശിക്ഷകളിൽ നിന്നും രക്ഷിക്കുവാൻ ആർക്കാണ് കഴിയുക എന്ന ചോദ്യം ഉന്നയിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം മരണം വന്നാലും അന്ത്യനാൾ വന്നാലും മറ്റേതെങ്കിലും അപകടങ്ങൾക്കോ ആപത്തുകൾക്കോ വിധേയരായാലും പരമമായ വിഷമം ഉണ്ടാവില്ല. കാരണം അവർ അല്ലാഹുവിന്റെ അടിത്വം ഉൾക്കൊണ്ടുവരും അവനില്‍ പൂര്‍ണമായി വിശ്വസിച്ചവരുമാണ്. അതിനാൽ അവന്റെ ഏതു നടപടിയും അവർ സര്‍വാത്മനാ സ്വാഗതം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യും. ഈ വിശ്വാസത്തിൻറെ ഭാഗം തന്നെയാണ് അവനെ വിശ്വസിച്ചവർ വിജയിക്കുമെന്ന പ്രതീക്ഷയും.
29 പറയുക. അവനാണ് കരുണാമയന്‍. ഞങ്ങള്‍ അവനില്‍ വിശ്വസിക്കുകയും ഭരമേല്‍പിക്കുകയും ചെയ്തിരിക്കുന്നു. വ്യക്തമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടവന്‍ ആരാണെന്ന് വഴിയെ നിങ്ങള്‍ക്ക് അറിയാനിരിക്കുകയാണ്.
ഈമാൻ എന്ന വിശ്വാസം തന്നെയാണ് രക്ഷയുടെ പാശം എന്ന് ഈ ആയത്ത് പ്രസ്താവിക്കുന്നു. അവനിലുള്ള വിശ്വാസത്തെ മിനുക്കി എടുക്കുന്ന ഘടകമാണ് അവന്റെ കാര്യണ്യം. അതുകൊണ്ട് അവൻ്റെ കാരുണ്യത്തെ ഇവിടെ പ്രത്യേകം ഓർമ്മിക്കുന്നു. ഈമാനിൽ എത്തിച്ചേരുവാൻ തൗഫീഖ് ലഭിച്ചിട്ടില്ലാത്തവർക്ക് അതൊരു ശിക്ഷയാണ്. അതിനാൽ ആരാണ് രക്ഷപ്പെട്ടവർ എന്നും പരാജയപ്പെട്ടവർ എന്ന് വിവേചിച്ചു ഗ്രഹിക്കുവാൻ അവർക്ക് അന്ത്യനാൾ വരെ കാത്തിരിക്കേണ്ടി വരും.
30 ചോദിക്കുക. നിങ്ങളുടെ വെള്ളം വറ്റിവരണ്ടുപോയാല്‍ പ്രവാഹജലം ആരാണ് കൊണ്ടുവന്നുതരികയെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?
സര്‍വസാധാരണവും എന്നാല്‍ അമൂല്യവുമായ ഒരു ദിവ്യാനുഗ്രഹം എടുത്തുകാട്ടി അതി ശക്തമായി നിഷേധികളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്: നിങ്ങള്‍ പാനം ചെയ്യുന്ന വെള്ളം ഭൂമിയിലേക്ക് ആണ്ടുപോയി വറ്റിയാല്‍ പിന്നെ വേറെയാരാണത് പുനരുല്‍പാദിപ്പിക്കുക? മറ്റാര്‍ക്കും കഴിയില്ല. പ്രത്യക്ഷത്തിൽ ചോദിച്ചിരിക്കുന്നത് ചെറിയൊരു ചോദ്യമാണ് എന്ന് തോന്നിപ്പോയേക്കാം. പക്ഷേ അർത്ഥത്തിലും ആശയത്തിലും ഈ ചോദ്യം വളരെ വലുതാണ്. ഭൂമിയിലെ ജലം മുഴുവൻ ഭൂഗർഭജലമായി ആണ്ടുപോയാൽ കടുത്ത വരൾച്ച, സസ്യങ്ങളുടെയും ജീവജാലങ്ങളുടെയും വംശനാശം, ആവാസവ്യവസ്ഥയുടെ സമ്പൂർണ്ണ തകർച്ച എന്നിവ സംഭവിക്കും. കുടിവെള്ളം കിട്ടാതെ മനുഷ്യജീവിതം അസാധ്യമാകും. മഴ ലഭിക്കാതെ അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുകയും ചെയ്യും. ജലാംശം പൂർണ്ണമായും നഷ്ടപ്പെടുന്നതോടെ കൃഷികൾ നശിക്കുകയും ഭക്ഷ്യക്ഷാമം രൂക്ഷമാകുകയും ചെയ്യും. വെള്ളം വറ്റിപ്പോകുന്നതോടെ സമുദ്രങ്ങളും പുഴകളും ഇല്ലാതാകുകയും ജലജീവികൾ ചാവുകയും പ്രകൃതിയുടെ ജലചക്രം (Water Cycle) താളം തെറ്റുകയും ചെയ്യും. മാത്രമല്ല ഇതുവഴി അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതിനാൽ ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെത്തന്നെ പ്രതികൂലമായി ബാധിച്ചേക്കും. ഇവിടെ അല്ലാഹു ഒരു ചോദ്യം ചോദിച്ചിരിക്കുകയാണ്. ഈ ചോദ്യം പാരായണം ചെയ്യുകയോ കേൾക്കുകയോ ചെയ്യുന്ന വിശ്വാസികൾ അല്ലാഹുവിന്റെ ചോദ്യത്തോടുള്ള മറുപടി എന്ന നിലക്ക് അല്ലാഹുവിന്ന് മാത്രമേ സാധിക്കൂ എന്ന മറുപടി പറയല്‍ സുന്നത്താണ്. ഈ ആയത്ത് ഓതിയാല്‍ 'അല്ലാഹു റബ്ബുല്‍ആലമീന്‍' എന്നാണ് പ്രതികരിക്കേണ്ടത് എന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്.
പ്രപഞ്ചത്തിലെ ഏത് ഘടകവും പ്രപഞ്ചത്തിന്റെയും മനുഷ്യന്റെയും നിലനിൽപ്പിന്റെ ആധാരമാണ് എന്നിരിക്കെ എന്തുകൊണ്ടാണ് വെള്ളത്തിൻ്റെ കാര്യം മാത്രം ഇവിടെ ചോദ്യത്തിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്നത് ചെറിയ ഒരു ചിന്തയാണ്. ഇങ്ങനെ ചിന്തിക്കാനുള്ള ഒരു കാരണം ഈ അടുത്ത് അന്തർദേശീയ രംഗത്ത് നടന്ന ഒരു ശാസ്ത്രീയ നിരീക്ഷണമാണ്. വാഷിങ്ടണിലാണ് നിരീക്ഷണം നടന്നത്. ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറയുന്നതായി ആ പഠനം കാണിക്കുന്നു. നാസ-ജര്‍മ്മന്‍ ഉപഗ്രഹങ്ങളില്‍ നിന്നുള്ള നിരീക്ഷണങ്ങളിലാണ് ഭൂമിയില്‍ ശുദ്ധജലം കുറയുന്നതായി കണ്ടെത്തിയതെന്ന് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി. 2014 മുതലാണ് ഭൂമിയിലെ ശുദ്ധജലത്തിന്റെ അളവ് കുറഞ്ഞു വരുന്നത്. ഭൂമിയുടെ ഭൂഖണ്ഡങ്ങള്‍ വരണ്ട ഘട്ടത്തിലേക്ക് കടക്കുകയാണെന്നാണ് സര്‍വേസ് ഇന്‍ ജിയോഫിസിക്‌സില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നത്. ഇക്കാര്യത്തിൽ പുറത്തുവന്ന വിവരങ്ങള്‍ ആഗോള ജലസുരക്ഷയെ കുറിച്ചുള്ള കടുത്ത ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്. 2015 മുതല്‍ 2023 വരെ ഭൂമിയുടെ ഉപരിതല ജലവും ഭൂഗര്‍ഭ ജലാശയങ്ങളും സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിന്റെ ശരാശരി അളവ് 2002-2014 ശരാശരിയേക്കാള്‍ 290 ക്യൂബിക് മൈല്‍ കുറവായിരുന്നു. ഈ നഷ്ടം വടക്കേ അമേരിക്കയിലെ അഞ്ച് മഹാതടാകങ്ങളിൽ നാലാമത്തെ വലിയ തടാകമായ എറി (Lake Erie) തടാകത്തിന്റെ രണ്ടര ഇരട്ടിയോളം ഉണ്ടാകുമെന്നാണ് നാസയിലെ ജലശാസ്ത്രജ്ഞനും പഠന സഹ-രചയിതാവുമായ മാത്യു റൊഡെല്‍ പറയുന്നത്.
ഇതിൻ്റെ ഗൗരവത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിച്ചുവിടുന്ന ഘടകം സാധാരണ, കാലാവസ്ഥ ആന്ദോളനം അവസാനിച്ചതിന് ശേഷം ശുദ്ധജലത്തിന്റെ അളവ് വീണ്ടെടുക്കാറുണ്ട് എന്നതും എന്നാല്‍ 2023 വരെയുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നതനുസരിച്ച് ശുദ്ധജലനിരപ്പ് ഇനിയും പൂർണ്ണമായി വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നതുമാണ്. https://www.malayalamtv9.com/world/
സമാപ്തം
അടുത്തത് സൂറത്തുൽ ഖലം
Thoughts & Arts
ആരുണ്ട്?, അല്ലാഹു അല്ലാതെ!
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso