Thoughts & Arts
Image

ഇ എം ഐ വ്യവസ്ഥിതിയും ഇസ്‌ലാമിക കർമ്മശാസ്ത്രവും

2026-08-02

മുഹമ്മദ് ടി എച്ച് ദാരിമി അൽ അസ്ഹരി





പുതിയ വാണിജ്യ സംസ്കാരത്തിൽ അതിവേഗം വ്യാപനം നേടിയ ഒരു വ്യവസ്ഥിതിയാണ് തവണ വ്യവസ്ഥിതി. മനുഷ്യൻ്റെ ജീവിത മേഖലയിൽ ഇത്തരം പരിഷ്കാരങ്ങളും വികാസങ്ങളും സ്വാഭാവികമാണ്. ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാനുള്ള അവൻ്റെ ഉള്ളിൽ കിടക്കുന്ന ത്വരയിൽ നിന്നാണ് ഇതുണ്ടാകുന്നത്. അതിനാലാണ് അത് അവനുള്ള കാലത്തെല്ലാം ഉണ്ടായിക്കൊണ്ടിരിക്കും എന്നു പറയുന്നത്. മനുഷ്യനുള്ള കാലത്തെല്ലാം അവനെ ഐഹിക ലോകത്ത് നയിക്കുവാൻ ആവശ്യമായ നിയമങ്ങളുടെയും സുരക്ഷിതമായ ജീവിതരീതികളുടെയും ശൈലികളുടെയും എല്ലാം സമാഹാരമാണ് ഇസ്ലാം. അതാവട്ടെ, സമ്പൂർണ്ണവും ആണ്. അതിനാൽ ഏതുകാലത്ത് ഉണ്ടാകുന്ന മാനുഷിക വികാസങ്ങൾക്കും ഇസ്ലാമികമായ വിധിയും വ്യാഖ്യാനവും ഉണ്ടാകും. നേരെ ചൊവ്വേ പക്ഷേ ഓരോന്നും വായിച്ചെടുക്കാൻ കഴിയുന്ന വിധത്തിൽ ആയിരിക്കുകയില്ല. കാരണം എല്ലാ നിയമങ്ങളുടെയും നിലപാടുകളുടെയും പ്രധാന അടിസ്ഥാനം വിശുദ്ധ ഖുർആനും മഹാനായ നബി തങ്ങളുടെ ചര്യയുമാണ്. വിശുദ്ധ ഖുർആനിന്റെ അവതരണവും നബി തങ്ങളുടെ ചര്യയുടെ സാംഗത്യവും സാങ്കേതികമായി നബി തങ്ങളുടെ വഫാത്തോടെ അവസാനിച്ചതാണ്. പക്ഷേ അതുകൊണ്ട് പുതിയ കാര്യങ്ങൾക്ക് നിയമവും വിധിയും തീർച്ചയും തീരുമാനവും ഇല്ലാതെ വരില്ല. കാരണം വിശുദ്ധ ഖുർആൻ ലോകം അവസാനിക്കുന്നതുവരേക്കുമുള്ള മനുഷ്യർക്ക് വേണ്ടി സമർപ്പിക്കപ്പെട്ടതാണ്. നബിയുടെ ചര്യയാവട്ടെ ആ ഖുർആനിൻ്റെ വ്യാഖ്യാനവും ആണ്. ഇവ രണ്ടിനും അല്ലാഹു സർവ്വകാലികത നൽകിയിട്ടുണ്ട്. അതുകൊണ്ട് ഏതു പുതിയ കാര്യത്തിനും പരിഹാരം അവ രണ്ടിലും തന്നെ ഉണ്ടാകും. നേരെ ചൊവ്വേ വായിക്കാൻ കഴിയുന്ന രീതിയിൽ ആയിരിക്കില്ല അത് എന്നതിനാൽ ഓരോ തലമുറയിലും വന്ന പണ്ഡിതന്മാരിലൂടെ രൂപപ്പെട്ട ഖിയാസ് ഇജ്മാഅ് എന്നിവയും എന്നിവയിലൂടെയും ഈ നിയമങ്ങളിലേക്ക് നമുക്ക് എത്തിച്ചേരാം.


ഇവിടെ ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ നമ്മുടെ വിഷയം വരുന്നത് വ്യാപാരം എന്ന ശാഖയിലാണ്. വ്യാപാരം അനുവദനീയമാണ്. വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു: 'കച്ചവടം അല്ലാഹു അനുവദിക്കുകയും പലിശ നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു’ (2:275). വ്യാപാരം എന്ന പ്രക്രിയ മനുഷ്യർക്ക് അനുപേക്ഷണീയമാണ്. കാരണം, തൻ്റെ കയ്യിൽ ഇല്ലാത്തതും എന്നാൽ വേണ്ടതുമായ ഒന്ന് മറ്റൊരു ആളുടെ കയ്യിൽ ഉണ്ടെങ്കിൽ അത് നേടുവാൻ മാന്യവും അനുവദനീയവുമായ ഒരു കൊടുക്കലും വാങ്ങലും മാത്രമാണ് മാർഗ്ഗം. ഈ അവലംബമായ മാർഗ്ഗത്തെയാണ് കച്ചവടം എന്ന് പറയുന്നത്. ഇതു പക്ഷേ തികച്ചും സുതാര്യവും മാന്യവും ധാർമികവും ആയിരിക്കണം എന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്. അത്തരം മൂല്യങ്ങളുടെ സംസ്ഥാപനത്തിന് ആണല്ലോ ഇസ്ലാം വന്നതും നിലനിൽക്കുന്നതും. അതിനാൽ ചതിയും വഞ്ചനയും ഉപദ്രവവും ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ വഴികളും ഇസ്ലാം അടക്കുകയും തടയുകയും ചെയ്തിട്ടുണ്ട്. അത് മനസ്സിലാക്കാൻ സഹായകമാകുന്ന ചില പ്രധാന നിഷ്കർഷകൾ ഉദാഹരിക്കാം. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കച്ചവടത്തിൽ സത്യസന്ധത പുലർത്തുക എന്നത്. വില്‍പന, വാങ്ങല്‍, മറ്റു ഇടപാടുകള്‍ എന്നിവയിലെല്ലാം സത്യസന്ധത കൈക്കൊള്ളല്‍ വളരെ അനിവാര്യമാണ് എന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. രിഫാഅ ബിന്‍ റാഫിഉല്‍ അന്‍സാരി(റ)യില്‍ നിന്ന് നിവേദനം: ഒരു നാൾ അദ്ദേഹം പ്രവാചകന്റെ കൂടെ ബഖീഇലേക്ക് പുറപ്പെട്ടു. ജനങ്ങള്‍ അവിടെ കച്ചവടം നടത്തിക്കൊണ്ടിരിക്കുന്നു. പ്രവാചകന്‍ പറഞ്ഞു: അല്ലയോ കച്ചവടക്കാരേ ! തീര്‍ച്ചയായും സത്യസന്ധതയും മൂല്യവും പുലര്‍ത്താത്ത കച്ചവടക്കാര്‍ അധര്‍മകാരികളായിട്ടായിരിക്കും അന്ത്യനാളില്‍ പുനരുജ്ജീവിപ്പിക്കുക'(തിര്‍മുദി).


മറ്റൊന്നാണ് വഞ്ചനയും മായവും ഇല്ലാതിരിക്കുക എന്നത്. അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നു: പ്രവാചകന്‍(സ) ഒരു വ്യാപാരി വിൽക്കാൻ വെച്ചിരിക്കുന്ന ഒരു ഭക്ഷണക്കൂമ്പാരത്തിന്റെ അടുത്തു കൂടി നടക്കുകയായിരുന്നു. തന്റെ കൈ കൂമ്പാരത്തിന്റെ ഉള്ളിലേക്ക് പ്രവേശിച്ചപ്പോള്‍ നനവ് അനുഭവപ്പെട്ടു. കച്ചവടക്കാരനോട് ഇതെന്താ എന്ന് ചോദിച്ചു, മഴപെയ്ത് നനഞ്ഞതാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു. നബി(സ) ചോദിച്ചു: ജനങ്ങള്‍ക്ക് മനസ്സിലാവുന്ന രീതിയില്‍ ആ ഭാഗം മുകളിലാക്കരുതോ! വഞ്ചന കാണിക്കുന്നവന്‍ നമ്മില്‍ പെട്ടവനല്ല.(മുസ്‌ലിം). വില്‍ക്കുന്ന വസ്തുവിനെ കുറിച്ച് വ്യക്തത നല്‍കേണ്ടതുണ്ട് എന്നതാണ് മറ്റൊന്ന്. ചതി പറ്റാതിരിക്കാനാണ് ഇത്. ചരക്കിൻ്റെ യോ വിലയുടെയോ ന്യൂനതകള്‍ മറച്ചുവെക്കാന്‍ പാടില്ല. ഇടപാടുകളില്‍ വഞ്ചന ഉണ്ടാകാതിരിക്കുവാൻ നിരവധി നിയമങ്ങൾ ഇസ്ലാം ആവിഷ്കരിച്ചിട്ടുണ്ട്. അതിൻ്റെ ഉദാഹരണമായി പട്ടണവാസി ഗ്രാമീണവാസിയില്‍ നിന്ന് ചുരുങ്ങിയ വിലക്ക് വാങ്ങി വില്‍ക്കുന്നത് ഇസ്‌ലാം നിരോധിച്ചിരിക്കുന്നു. ജാബിര്‍(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. ഗ്രാമീണവാസിയില്‍ നിന്നും പട്ടണവാസി കച്ചവടം നടത്തരുത്. (ഇബ്‌നുമാജ). അപ്രകാരം തന്നെ ചരക്ക് പട്ടണത്തിലെത്തുന്നതിന് മുമ്പ് വഴിയില്‍ വെച്ച് വില്‍ക്കുന്നതിന്റെയും വിധിയും തഥൈവ. അബൂ ഹുറൈറ(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. നിങ്ങള്‍ മാര്‍ക്കറ്റിലേക്കുള്ള വഴിയില്‍ വെച്ച് കച്ചവടം ചെയ്യരുത്. അപ്രകാരം കച്ചവടം ചെയ്യുന്നത് മാര്‍ക്കറ്റിലെ മുതലാളി കണ്ടാല്‍ അയാള്‍ക്ക് ആ കച്ചവടം ദുര്‍ബലപ്പെടുത്താനുള്ള അവകാശമുണ്ട്. (മുസ്‌ലിം). ഇതിലെ നിരോധം രണ്ടു കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. അജ്ഞത ചൂഷണം ചെയ്യുന്നതിലെ നിരോധമാണ് ഇതില്‍ ഒന്നാമത്തേത്. ജനങ്ങളുടെ ആവശ്യങ്ങള്‍ തടഞ്ഞു നിര്‍ത്തി ഉയര്‍ന്ന വിലക്ക് വില്‍ക്കുന്ന ചൂഷണമടങ്ങിയതാണ് രണ്ടാമത്തെ രീതി.


ജനങ്ങള്‍ക്കാവശ്യമുള്ള ചരക്കുകള്‍ പൂഴ്ത്തിവെക്കാതിരിക്കുക എന്നതാണ് മറ്റൊന്ന്. ജനങ്ങള്‍ക്ക് അത്യാവശ്യമായ വസ്തുക്കള്‍ പൂഴ്ത്തിവെച്ച് ജനങ്ങള്‍ക്ക് ഞെരുക്കവും പ്രയാസവും വരുത്തിത്തീര്‍ക്കുന്നത് ഇസ്‌ലാം നിരോധിക്കുന്നു. മുഅമ്മര്‍ ബിന്‍ അബ്ദുല്ല ബിന്‍ ഫുദാലയില്‍ നിന്ന് നിവേദനം. നബി(സ) പറയുന്നത് ഞാന്‍ കേട്ടു. കുറ്റവാളിയല്ലാതെ പൂഴ്ത്തിവെക്കുകയില്ല(മുസ്‌ലിം). ഉമര്‍(റ) വില്‍ നിന്ന് നിവേദനം; നബി(സ) പറഞ്ഞു. മുസ്‌ലിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് വല്ലതും പൂഴ്ത്തിവെക്കുകയാണെങ്കില്‍ അല്ലാഹു അവന്റെ മേല്‍ ദാരിദ്ര്യവും കുഷ്ടവും ഇറക്കുന്നതാണ്(തര്‍ഗീബ് വ തര്‍ഹീബ്).
ചരക്ക് വിറ്റൊഴിക്കുന്നതിന് കള്ളസത്യം ചെയ്യാതിരിക്കുക മറ്റൊരു ഇസ്ലാമിക നിർദ്ദേശമാണ്. അബൂദര്‍റ്(റ)വില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു. മൂന്ന് വിഭാഗം ആളുകള്‍, അല്ലാഹു അവരോട് അന്ത്യനാളില്‍ സംസാരിക്കുകയില്ല, കാരുണ്യത്തോടെ അവരിലേക്ക് തിരിഞ്ഞുനോക്കില്ല, സംസ്‌കരിക്കുകയുമില്ല. അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷയുണ്ട്. പരാജിതരും നഷ്ടകാരികളുമായ ആ വിഭാഗം ആരാണെന്ന് പ്രവാചകനോട് ഞാന്‍ ചോദിച്ചു. നബി(സ) പറഞ്ഞു. വസ്ത്രം താഴ്ത്തിയിടുന്നവന്‍, ഉപകാരങ്ങള്‍ എടുത്തുപറയുന്നവന്‍, വ്യാജസത്യം ചെയ്തു ചരക്ക് വിറ്റഴിക്കുന്നവന്‍(ഇബ്‌നുമാജ).


വിൽക്കുകയോ വാങ്ങുകയോ ചെയ്യുമ്പോൾ ഇത് വിൽക്കാനും വാങ്ങാനും അർഹതയും അവകാശവും അധികാരവും ഉള്ള ആളിൽ നിന്നു തന്നെയാണ് എന്ന് ഉറപ്പുവരുത്തേണ്ടത് കച്ചവടത്തിലെ ഇസ്ലാം പറയുന്ന സുതാര്യതയിൽ പെട്ടതാണ്. പലിശയിൽ നിന്ന്
പലിശയില്‍ നിന്ന് പരിപൂർണ്ണമായും അകലം പാലിക്കുക എന്നത് കർശനമായി ഇസ്ലാം നിഷ്കർഷിക്കുന്നു. അല്ലാഹു പറഞ്ഞു: ’അല്ലാഹു കച്ചവടം അനുവദിച്ചിരിക്കുന്നു. പലിശ വിരോധിക്കുകയും ചെയ്തിരിക്കുന്നു.'(അല്‍ബഖറ;275). മറ്റുള്ള കച്ചവടക്കാരെ പ്രതിഭകുലമായി ബാധിക്കുന്ന രൂപത്തിലോ വിലക്കോ കച്ചവടം ചെയ്യുന്നതും ഇസ്ലാം നിരോധിച്ചത് കച്ചവട രംഗത്തെ ചൂഷണങ്ങൾ ഇല്ലാതിരിക്കുവാൻ വേണ്ടിയാണ്. മറ്റുള്ളവര്‍ക്ക് ഉപദ്രവം വരുത്തുക എന്ന ലക്ഷ്യത്തോടെ മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ വിലക്ക് കച്ചവടം ചെയ്യല്‍ അനുവദനീയമല്ല. ഒരിക്കൽ ഉമർ(റ) മാര്‍ക്കറ്റില്‍ ഉണങ്ങിയ മുന്തിരി വില്‍ക്കുന്ന ഹാത്വിബ് ബിന്‍ അബീ ബല്‍ത്വഅയുടെ അടുത്ത് കൂടെ നടക്കുകയായിരുന്നു. തൻ്റെ ചരക്ക് പെട്ടെന്ന് വിറ്റു പോകുവാൻ അദ്ദേഹം വളരെ വിലകുറച്ചാണ് മുന്തിരി വിൽക്കുന്നത് എന്ന പരാതിയും ഉണ്ടായിരുന്നു. ഉമര്‍(റ) അദ്ദേഹത്തോട് പറഞ്ഞു. ഒന്നുകില്‍ നിനക്ക് വില അല്‍പം കൂട്ടാം, അല്ലെങ്കില്‍ ഇവിടെ നിന്നും കച്ചവടം മാറ്റാം.(ബൈഹഖി).


ഇത്തരം കച്ചവട സംബന്ധമായ ആമുഖങ്ങൾ ആദ്യമേ പറഞ്ഞത് പുതിയ ഏതുതരം കച്ചവടം മാർക്കറ്റിൽ സ്ഥലം പിടിച്ചാലും അവിടെയെല്ലാം വിട്ടുവീഴ്ച ചെയ്യാൻ കഴിയാത്ത വിധത്തിലുള്ള ചില അടിസ്ഥാന വ്യവസ്ഥകൾ ഇസ്ലാമിന് നിർബന്ധമായും പാലിക്കേണ്ടതുണ്ട് എന്ന് പറയുവാൻ വേണ്ടിയാണ്. ഈ ആമുഖങ്ങൾ ഉറപ്പിച്ചതിനു ശേഷം നാം നമ്മുടെ വിഷയത്തിലേക്ക് വരുമ്പോൾ ആദ്യം മനസ്സിലാക്കേണ്ടത് ഇന്നത്തെ സാമ്പത്തിക വ്യവസ്ഥയിൽ മാർക്കറ്റിലും സേവനങ്ങളിലും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മാർഗ്ഗമാണ് ഇ.എം.ഐ (Equated Monthly Instalment) അഥവാ പ്രതിമാസ തുല്യ തവണ വ്യവസ്ഥ എന്നത്. പണമോ മറ്റ് സാധനങ്ങളോ എന്തുമാകട്ടെ, വലിയ തുകകൾ ഒരുമിച്ച് നൽകാൻ ബുദ്ധിമുട്ടുന്ന സാധാരണക്കാർക്ക് തങ്ങളുടെ അടിയന്തര ആവശ്യങ്ങളും ആഗ്രഹങ്ങളും നിറവേറ്റാൻ സഹായിക്കുന്ന ഒരു ജനപ്രിയ സംവിധാനമാണിത്. 'ഇ.എം.ഐ ലഭ്യമാണ്' എന്ന ബോർഡുകൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങൾ ഇന്ന് വളരെ വിരളമാണ്. ഒരു ഭാഗത്ത് സാമ്പത്തികമായ മാന്ദ്യം നിലനിൽക്കുമ്പോൾ പോലും മാർക്കറിനെ പ്രത്യേകിച്ചും ലോക്കൽ മാർക്കറ്റിനെ അത് കാര്യമായി ബാധിക്കാത്തതും 'ഒറ്റയടിക്ക് മുഴവൻ പണവും നൽകേണ്ടതില്ലല്ലോ' എന്ന ഇ എം ഐ ആശ്വാസം തന്നെയാണ്.


ഈ വിഷയത്തിൽ പറയാനുള്ളത് ജനങ്ങളുടെ ജീവിതത്തെ ഏറ്റവും അധികം സ്വാധീനിക്കുന്ന ഒരു വ്യവസ്ഥിതി എന്ന നിലക്ക് ഇഎംഐ എന്ന വ്യവസ്ഥ ഇസ്ലാമികമായി അനുവദനീയം തന്നെയാണ് എന്നതാണ്. അതേസമയം ഈ അനുവദനീയമായ വ്യവസ്ഥ ഉപയോഗപ്പെടുത്തി കച്ചവടം ചെയ്യുമ്പോൾ ഉണ്ടാകുന്ന വർദ്ധിത ഡിമാന്റിനെ പല ചൂഷണങ്ങൾക്കും ഉപയോഗപ്പെടുത്താനുള്ള സാധ്യത കൂടുതലാണ്. അതോടൊപ്പം മേൽ സൂചിപ്പിച്ച ധാർമ്മികമായ നിലപാടുകളിൽ പലതും അവതാളത്തിൽ ആവാനും സാധ്യതയുണ്ട്. അതിനാൽ അത്തരം ചില സാഹചര്യങ്ങളും സംഗതികളും മനസ്സിലാക്കേണ്ടതും അവയിൽ നിന്ന് പരിപൂർണ്ണമായും സുരക്ഷിതരായിരിക്കേണ്ടതും അനിവാര്യമാണ്. മതപരമായ കാഴ്ചപ്പാടിൽ വില നൽകി ഒരു വസ്തു കൈവശപ്പെടുത്തുന്നതിനെയാണ് കച്ചവടം എന്ന് പറയുന്നത്. ഇത് പ്രധാനമായും മൂന്ന് രീതികളിൽ അനുവദനീയമാണ്. ഒന്ന്, വസ്തുവും വിലയും തത്സമയം തന്നെ കൈമാറി കച്ചവടം പൂർത്തീകരിക്കുക. രണ്ട്, വസ്തു ഉടൻ നൽകുകയും വില പിന്നീട് വാങ്ങുന്ന കടമിടപാട്. വാങ്ങുന്നവനും വിൽക്കുന്നവനും വസ്തുവിന്റെ കാര്യത്തിലും വിലയുടെ കാര്യത്തിലും അവധിയുടെ കാര്യത്തിലും യോജിപ്പിലെത്തുന്നുണ്ട് എങ്കിൽ ഈ രീതി അനുവദനീയമാണ്. മൂന്ന്, വില ആദ്യം വാങ്ങി വസ്തു പിന്നീട് കൈമാറുക. വസ്തു രംഗത്ത് ഇല്ലാത്തതിനാൽ വസ്തുവിനെ കുറിച്ചുള്ള പരിപൂർണ്ണമായ വിവരണം വിൽപ്പനക്കാരൻ നൽകുകയും വാങ്ങുന്നയാൾ മനസ്സിലാക്കുകയും ചെയ്തിരിക്കേണ്ടതാണ്. കച്ചവടം ഉറപ്പിക്കുമ്പോൾ രണ്ടുപേരും കൂടി എത്തിച്ചേർന്ന തീരുമാനത്തിന്റെ വെളിച്ചത്തിലാണ് ഈ ഇത്തരം കച്ചവടം നടക്കുന്നത്. ഇതിന് സലം എന്നു പറയുന്നു.


നേർക്കുനേർ വസ്തുവും വിലയും റൊക്കമായി കൈമാറുന്നില്ലാത്ത രൂപങ്ങളിൽ ചില വഞ്ചനകൾ വന്നുചേരാനുള്ള സാധ്യത ഇസ്ലാം കാണുന്നുണ്ട്. അതു പ്രധാനമായും സമയത്തെ കേന്ദ്രീകരിച്ച് നിൽക്കുന്നു. അതായത് തിരിച്ചടവിനുള്ള സമയം കൂടുംതോറും വിലയോ ഡിമാന്റോ വ്യത്യാസം വരുന്ന പല വസ്തുക്കളും ഈ വിധത്തിൽ അവസാനം എത്തിച്ചേരുക പലിശയിലേക്കോ വഞ്ചനയിലേക്കോ ആയിരിക്കും. അതിനാൽ കറൻസികൾ, സ്വർണ്ണ-വെള്ളി നാണയങ്ങൾ, ഭക്ഷ്യവസ്തുക്കൾ എന്നിവ പരസ്പരം കൈമാറ്റം ചെയ്യുമ്പോൾ അവധി നിശ്ചയിക്കാൻ പാടില്ല എന്ന് ഇസ്ലാം പറയുന്നു. അത്തരം ഇടപാടുകളിൽ അവധി വെക്കുന്നത് അത് പലിശയായി മാറാൻ കാരണമാകും എന്നതുകൊണ്ടാണ് അത്. അപ്രകാരം തന്നെ വെറും ഊഹത്തിലുള്ള കച്ചവടവും ഇസ്ലാം അനുവദിക്കുന്നില്ല. അതായത് ഒരേ സമയം വിലയും വസ്തുവും കടമായി നടത്തുന്ന കച്ചവടങ്ങൾ പാടില്ല. ഇപ്രകാരം തന്നെ വിലയുടെ കാര്യത്തിൽ വിൽപ്പനക്കാരന് മാന്യമായ സ്വാതന്ത്ര്യം ഇസ്ലാം നൽകുന്നുണ്ട്. അയാൾ വിൽക്കുന്നത് അയാളുടെ അധ്വാന ഫലമാണ്. അയാൾക്കു വന്ന അധ്വാനത്തിന്റെ തോത് അദ്ദേഹത്തിനാണ് ശരിയായി അറിയുക. അതുകൊണ്ട് വില തൻ്റെ അധ്വാനത്തിന് തുല്യം തന്നെയാണോ എന്ന് നിശ്ചയിക്കുവാനും അദ്ദേഹത്തിനാണ് കഴിയുക. അതുകൊണ്ട് മാന്യമായ വില നിശ്ചയിക്കുവാനുള്ള സ്വാതന്ത്ര്യം കച്ചവടക്കാരന് ഇസ്ലാം അനുവദിച്ചു കൊടുക്കുന്നുണ്ട്. അതേസമയം തോന്നിയത് പോലെ വിലയിടുന്ന, ഈടാക്കുന്ന സമീപനം ഇസ്ലാം അമാന്യമായി കാണുകയും ചെയ്യുന്നു.


തവണ വ്യവസ്ഥയിലേക്ക് വരുമ്പോൾ അവിടെ നാം ആദ്യം കാണുന്ന സംഗതി, റൊക്കം പണം കൊടുത്ത് വാങ്ങിക്കുമ്പോൾ ഉണ്ടാകുന്ന വിലയെക്കാൾ തവണ വ്യവസ്ഥയിൽ വാങ്ങുമ്പോൾ കൂടുതലായിരിക്കും എന്നതാണ്. ഒരു വസ്തു കടമായി നൽകുമ്പോൾ അല്പം കൂടിയ വില ഈടാക്കുന്നതിൽ ഇസ്ലാം തെറ്റു കാണുന്നില്ല. തന്‍റെ വസ്തു ഏത് വിലയ്ക്ക് വിൽക്കണമെന്ന് ഉടമസ്ഥന് തീരുമാനിക്കാം. അതോടെ തവണ വ്യവസ്ഥയുടെ അടിസ്ഥാനതത്വം ശരിയും അനുവദനീയവുമാണ് എന്ന് വ്യക്തമാകും. വസ്തുവിനെക്കുറിച്ചും വിലയെക്കുറിച്ചും വിൽക്കുന്നയാളും വാങ്ങുന്നയാളും നന്നായി മനസ്സിലാക്കുകയും വില രണ്ടാം രൂപത്തിൽ പറഞ്ഞതുപോലെ കൃത്യമായതോ അല്ലാത്തതോ ആയ തവണ വ്യവസ്ഥിതിയിൽ നൽകും എന്ന് കരാറിലേർപ്പെടുകയും ചെയ്യുമ്പോൾ അവിടെ ഇസ്ലാമിക കച്ചവട നിയമങ്ങളെ ലംഘിക്കുന്ന ഒന്നും വരുന്നില്ല. അതിനാൽ അത് അനുവദനീയം തന്നെയാണ്. വിലയും തിരിച്ചടവിന്റെ തവണകളുടെ എണ്ണവും തുകയും ആദ്യം തന്നെ നിശ്ചയിച്ചിരിക്കണം എന്നതും അതിൽ ഒരു നിലക്കും മാറ്റം വരില്ല എന്നതും ഉറപ്പാക്കിയിരിക്കണം എന്നത് തന്നെയാണ് ഈ വ്യവസ്ഥിതി അനുവദനീയമാകുവാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപാധി.


തവണ വ്യവസ്ഥ വ്യവസ്ഥിതിയിൽ ഇന്ന് നമ്മുടെ മാർക്കറ്റിൽ വിവിധ ഇനം ഇഎംഐകൾ കാണുന്നുണ്ട്. അവയിൽ പലതും ഹറാമായ പലിശ ഇടപാടിൻ്റെ ഭാഗമോ അതിലേക്ക് തന്ത്രപരമായി എത്തിക്കുന്നതോ ആണ്. അതിനാൽ അതിനെ സംബന്ധിച്ചുള്ള ഒരു അവബോധം നമുക്ക് ആവശ്യമുണ്ട്. അവയിൽ ഒന്നാണ് നോ കോസ്റ്റ് ഓഫറുകൾ. ആമസോൺ തുടങ്ങിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകൾ പലിശ ഇല്ലാതെ എന്ന പേരിൽ നൽകുന്ന ഒരു ഓഫർ ആണ് ഇത്. ഇത് പലിശയില്ലാത്ത ഇടപാടാണെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും, കമ്പനിയുടെ സെയിൽസ് എക്സിക്യൂട്ടീവുകൾ അങ്ങനെ പറഞ്ഞു ഫലിപ്പിക്കുമെങ്കിലും സത്യത്തിൽ അതിനുള്ളിൽ പലിശ ഇല്ലാതിരിക്കുവാൻ ന്യായമില്ല. നമ്മുടെ രാജ്യത്ത് പ്രത്യേകിച്ചും. നമ്മുടെ രാജ്യത്ത് വാണിജ്യ ബാങ്കുകൾക്ക് പലിശയില്ലാത്ത വായ്പകൾ നൽകാൻ റിസർവ് ബാങ്ക് (RBI) അനുവാദം നൽകുന്നില്ല. ലാഭമില്ലാതെ പ്രവർത്തിക്കുന്ന ചാരിറ്റി സ്ഥാപനങ്ങൾക്കും സേവനങ്ങൾക്കും മാത്രമാണ് അതിന് അനുവാദമുള്ളത്. ഈ ഇടപാടിൽ പലിശ ശരിക്കും പറഞ്ഞാൽ കച്ചവട കമ്പനികൾ ഒളിച്ചു കടത്തുകയാണ്. അത് ഒരു സൂത്രമാണ്. ഉദാഹരണമായി, അമ്പതിനായിരം രൂപക്ക് ഒരാൾ ആമസോണിൽ നിന്ന് ഒരു ടെലിവിഷൻ വാങ്ങുമ്പോൾ കമ്പനി അതിന് ഈടാക്കുന്ന ശരിയായ വില 45,000 രൂപ മാത്രമായിരിക്കും. ബാക്കി അയ്യായിരം സത്യത്തിൽ ഡിസ്കൗണ്ട് ആണ്. പക്ഷേ, ഇതെല്ലാം ബാങ്കിന്റെയും കമ്പനിയുടെയും കണക്കിൽ മാത്രമേ ഉണ്ടാകൂ. വാങ്ങുന്ന ആളിൽ നിന്ന് ബാങ്ക് തവണകളായി വാങ്ങിക്കുന്നത് 50,000 രൂപയാണ്. അതായത് 45,000 രൂപ വിലയുള്ള സാധനം 50,000 രൂപയ്ക്ക് റൊക്കമാണെങ്കിലും തവണ വ്യവസ്ഥയിൽ ആണെങ്കിലും നൽകുന്നു എന്നു പറഞ്ഞ് പലിശയോ അമിത വിലയോ ഈടാക്കുന്നില്ല എന്ന് വിശദീകരിച്ച് കച്ചവടം നടത്തുന്നു. അവിടെ ഏറെ വാങ്ങുന്ന 5000 രൂപ സത്യത്തിൽ പലിശയാണ്. രണ്ടാമതായി, ബാങ്ക് ഈടാക്കുന്ന പലിശയ്ക്ക് തുല്യമായ തുക കമ്പനികൾ ഉപഭോക്താവിന് ക്യാഷ്ബാക്കായി തിരികെ നൽകി പലിശ വാങ്ങുന്നില്ലെന്ന് ബോധ്യപ്പെടുത്തുന്ന രീതിയാണ്. ഇതിനെയാണ് സീറോ കോസ്റ്റ് എന്ന് വിളിക്കുന്നത്. ചുരുക്കത്തിൽ ആകർഷകമായ പേര് നൽകിയത് കൊണ്ട് മാത്രം ഇവയൊന്നും അനുവദനീയമായ ഒന്നായി മാറുന്നില്ല, കാരണം ഇതിന്റെ പിന്നാമ്പുറങ്ങളിലെല്ലാം കൃത്യമായി പലിശ ഉൾപ്പെട്ടിട്ടുണ്ട്. 


ഇനി ഈ ഇടപാടുകളിൽ പലിശ ഒട്ടും ഇല്ലെന്ന് തന്നെ കരുതിയാൽ പോലും ഇതിൽ മറ്റൊരു വലിയ പ്രശ്നം കൂടിയുണ്ട്. നമ്മൾ നിശ്ചിത സമയത്തിനുള്ളിൽ പണം അടച്ചുതീർത്തില്ലെങ്കിൽ അവർ 'അപരാധപ്പണം' (Late fee അല്ലെങ്കിൽ Penalty) ഈടാക്കുമെന്നൊരു വ്യവസ്ഥ ഏതാണ്ട് എല്ലാ ഇ എം ഐ വ്യവസ്ഥകളിലും ഉണ്ട്. നിശ്ചയിച്ച കാലാവധി തെറ്റുമ്പോൾ തുക വർദ്ധിക്കുന്നത് ഇസ്ലാം കർശനമായി വിലക്കിയ പലിശയുടെ പരിധിയിലാണ് വരുന്നത്. ജാഹിലിയ്യാ കാലത്ത് നിലനിന്നിരുന്ന പലിശ രീതിയും ഇതുതന്നെയായിരുന്നു. 'ഞാൻ കൃത്യസമയത്ത് തന്നെ അടച്ചുകൊള്ളാം, ഒരിക്കലും അടവ് തെറ്റിക്കില്ല' എന്ന ഉറപ്പിൽ ഇത്തരം ഇടപാടുകളിൽ പങ്കാളികളായാൽ പോലും നമുക്ക് ഇതിന്റെ കുറ്റത്തിൽ നിന്ന് മാറിനിൽക്കാൻ കഴിയില്ല. കാരണം, കാലാവധി തെറ്റിയാൽ പിഴപ്പണം നൽകണം എന്ന തെറ്റായ ഒരു നിബന്ധനയുള്ള കരാറിലാണ് നമ്മൾ ഒപ്പുവെക്കുന്നത്. കടം കൊടുക്കുന്നയാൾക്ക് വാങ്ങുന്നയാൾ എന്തെങ്കിലും തരത്തിലുള്ള ഭൗതിക നേട്ടമുണ്ടാക്കുന്ന നിബന്ധനകൾ കരാറിൽ ഉൾപ്പെടുത്തുന്നത് തന്നെ പലിശയായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇസ്ലാമിക ധനകാര്യത്തിന്റെ ഏറ്റവും വലിയ സവിശേഷത പണത്തിന്റെ സമയ മൂല്യം എന്ന ആശയം ഇല്ല എന്നതാണ്. സമയം, കാലം, അവധി തുടങ്ങിയവ വർദ്ധിക്കുന്നതിനനുസരിച്ച് പണത്തിന്റെ മൂല്യത്തിലോ എണ്ണത്തിലോ ഇസ്ലാം മാറ്റം വരുത്തുന്നില്ല. ഇന്ന് ആയിരം രൂപ ബാധ്യത വന്നാൽ അത് മൂന്നുമാസം കഴിഞ്ഞാണ് വീട്ടുന്നത് എങ്കിലും അത് ആയിരം രൂപ തന്നെയായി നിൽക്കണമെന്ന് ഇസ്ലാം താല്പര്യപ്പെടുന്നു. നമ്മുടെ ഭൗതിക ലോകം അങ്ങനെയല്ല. ഈ മൂന്നു മാസത്തിനുള്ളിൽ ഈ തുക വഴി ഉണ്ടാക്കാൻ കഴിയുമായിരുന്ന ലാഭത്തെക്കുറിച്ച് ചിന്തിക്കുകയാണ് അതിലേക്കാണ് അധിക തുക അവർ വരവ് വയ്ക്കുന്നത്.


ഒരു വ്യവസ്ഥിതി എന്ന നിലക്ക് കടമായി വാങ്ങുന്നതും വിൽക്കുന്നതും വില തവണകളായി കൃത്യതയോടെ അടക്കുന്നതും എല്ലാം മേൽപ്പറഞ്ഞതുപോലെ അനുവദനീയമാണ്. എന്നല്ല, അത് പാവപ്പെട്ട ഗുണഭോക്താക്കൾക്ക് ആശ്വാസം നൽകുന്നു എന്നതിനാൽ അത് ഒരു പുണ്യകർമ്മത്തിന്റെ സ്ഥാനത്ത് വരുന്നതും ആണ്. ഇത്തരം ഒരു നല്ല വ്യവസ്ഥിതിയെ നാശാക്കിയത് അതിനെ പലിശയുമായി ബന്ധിപ്പിക്കുക വഴിയാണ്. ഏതാണ്ട് എല്ലാ ഇടപാടുകളിലും ബാങ്കുകൾ ഇടനിലക്കാരാണ് എന്നതാണ് വസ്തുത. ഇന്നത്തെ ഇ എം ഐ ഇടപാടുകളിൽ ബാങ്ക് ഉപഭോക്താവിന് വേണ്ടി വസ്തുവിന്‍റെ വില മുഴുവനായി കച്ചവടക്കാരന് ആദ്യമേ നൽകുകയാണ് ചെയ്യുന്നത്. ബാങ്ക് ഉപഭോക്താവിന് ലോൺ നൽകുന്നു എന്നാണ് വിശദീകരണവും സങ്കല്പവും. പിന്നീട് ഉപഭോക്താവ് ഈ തുക പലിശ സഹിതം തവണകളായി ബാങ്കിലേക്ക് തിരിച്ചടയ്ക്കുകയാണ്. വില കൂട്ടുന്നത് തെറ്റാണ് എന്ന് പറയാൻ കഴിയില്ലെങ്കിലും കടത്തിന്മേൽ അത് നിശ്ചയിക്കപ്പെട്ടതിനു ശേഷം അധിക തുക ഈടാക്കുന്നതും, അടവ് വൈകുമ്പോൾ പെനാൽറ്റി ഈടാക്കുന്നതും എല്ലാം പലിശ തന്നെയാണ്. അതിനാൽ ഇത്തരം ഇ.എം.ഐകൾ പൂർണ്ണമായും പലിശധിഷ്ഠിതമാണ്. പലിശയിൽ അധിഷ്ഠിതമായ ഇടപാടുകൾക്ക് പലിശയുടെ വിധി തന്നെയാണ് ഉണ്ടാവുക. അവിടെയാണ് ഇത്തരം ഇടപാടുകൾ ശരീഅത്ത് വിധേയമാണോ എന്ന ശങ്ക കടന്നുവരുന്നത്. യഥാർത്ഥ മുസ്ലിംകൾക്ക് പലിശ എന്ന തനിച്ച ഹറാമിലൂടെ ഉണ്ടാകുന്ന ഒന്നിനേയും ന്യായീകരിക്കാൻ കഴിയുകയില്ല. അതിനാൽ മറ്റു മാർഗ്ഗങ്ങളില്ലാത്ത തീർത്തും അനിവാര്യവും തന്റെയോ തൻറെ ആശ്രിതരുടെയോ ജീവനെയോ സ്വത്തിനെയോ നേരിട്ട് ബാധിച്ചേക്കാവുന്ന സാഹചര്യങ്ങളിൽ അല്ലാതെ ഇത്തരം ഇടപാടുകളിൽ ഏർപ്പെടാൻ പാടുണ്ട് എന്നു പറയാൻ കഴിയില്ല. അതേ സമയം, ഉടമസ്ഥൻ നിശ്ചയിച്ച അതേ വിലയ്ക്ക് തന്നെ ബാങ്കും ഉപഭോക്താവിൽ നിന്നും ഈടാക്കുകയും, ലേറ്റ് ഫീയുടെ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നോ കോസ്റ്റ് ഇഎംഐയിൽ പ്രശ്നങ്ങൾ കാണേണ്ടതില്ല.
O



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso