Thoughts & Arts
Image

തർക്കിക്കുരുത്, സത്യത്തിനാണെങ്കിൽ പോലും !

2026-08-02


വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി അൽ അസ്ഹരി





തർക്കങ്ങൾ കൊണ്ട് ശബ്ദമുഖരിതമാണ് നമ്മുടെ സാമൂഹിക അന്തരീക്ഷം. സൂക്ഷ്മമായ നിരീക്ഷണത്തിൽ തർക്കിക്കാനുള്ള ത്വര അനുദിനം വളർന്നുവരുന്നതായി കൂടി കാണാം. നമ്മുടെ ഓരോ ദിവസങ്ങളും പുലരുന്നത് പുതിയ പുതിയ തർക്കങ്ങളുമായാണ്. ഇത് സമൂഹത്തെ രണ്ടു തരത്തിൽ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഒന്നാമത്തേത്, തർക്കങ്ങളിൽ ആധുനിക മീഡിയ ഇടപെടുക വഴി ഉണ്ടാകുന്നതാണ്. തർക്കങ്ങളെ കാര്യമായി പ്രചോദിപ്പിക്കുന്നത് ഇക്കാലത്ത് ആധുനിക മീഡിയാ സംവിധാനങ്ങളാണല്ലോ. ആധുനിക മീഡിയ തർക്കങ്ങളെ ഏറ്റെടുക്കുമ്പോൾ അതു ആശ്വാസകരമല്ലാത്ത ചില തലങ്ങളിലേക്ക് വളരുന്നുണ്ട്. കാരണം പൊതു മീഡിയയിൽ പ്രധാനം ചോദ്യവും ഉത്തരവും അങ്ങോട്ടും തിരിച്ചും ആഞ്ഞെറിയുന്നതിന്നാണ്. വിവിധ സംവിധാനങ്ങൾ ഉപയോഗിച്ച് അക്രമണ പ്രത്യാക്രമണങ്ങൾ നടത്തുമ്പോൾ അവാജ്യമായ ഒരു വാശിയും വൈകാരികതയും ജനിക്കുന്നു. അവയെ ത്രസിപ്പിക്കുകയാണ് ആധുനിക മീഡിയയുടെ പ്രധാന ജോലി. അതിനാൽ ചോദിക്കുന്നതിന്റെയും പറയുന്നതിന്റെയും സത്യവും സാംഗത്യവും പരിശോധിക്കുവാനോ സ്‌ഥാപിക്കുവാനോ വേണ്ടി ചിന്തിക്കുവാൻ ആവശ്യമായ സമയമോ താല്പര്യമോ ഇല്ലാതെയാകുന്നു. മീഡിയയിൽ വിചാരങ്ങളെക്കാൾ മേൽക്കൈ വികാരങ്ങൾക്കാണ്. അതോടെ ശ്വാസം അടക്കിപ്പിടിച്ചു വികാരമൂർച്ചയോടെയുള്ള തല്ലും തടവും മാത്രമായി തർക്കങ്ങൾ മാറുന്നു. രണ്ടാമത്തേത്, ന്യായമായ തർക്കങ്ങളിൽ ഇടപെടുവാൻ അനിവാര്യമായും ആവശ്യമായ സത്യസന്ധതയും ആത്മാർത്ഥതയും ഇല്ലാത്ത ഒരു സമൂഹമാണ് ഇപ്പോൾ തർക്കങ്ങളിൽ ഏർപ്പെടുന്നത് എന്നതാണ്. ചോദ്യം ഉന്നയിക്കുന്നവനും ഉത്തരം പറയുന്നവനും ഒരേപോലെ നഗ്നരായതിനാൽ തർക്കം ആദ്യ റൗണ്ടിൽ തന്നെ അമാന്യമായ വിളിച്ചുപറയലുകളിലേക്ക് കടക്കുന്നു. പിന്നെ നടക്കുന്നത് ഗുരുതരമായ ആരോപണ പ്രത്യാരോപണങ്ങളായിരിക്കും. തർക്കത്തിന് ഊക്കു കൂടുന്നതോടെ ഒരിക്കലും ആരും അറിഞ്ഞിട്ടില്ലാത്ത രഹസ്യങ്ങൾ കൂട്ടത്തിൽ ഒരാൾ വിളിച്ചു പറയും. തൻ്റെ ഒരു രഹസ്യം പുറത്തുവരികയും അതിൽ മാനം കെട്ടുനിൽക്കേണ്ടിവരികയും ചെയ്യുമ്പോൾ അതിനേക്കാൾ ചൂടുള്ള ഒരു പ്രത്യാക്രമണം അയാൾ തിരിച്ചു വിളിച്ചുപറയും. അതോടെ എല്ലാ രഹസ്യങ്ങളും പുറത്ത് ചാടുകയും അവ എന്നെന്നേക്കുമായി ഒരു വെല്ലുവിളിയായി തീരുകയും ചെയ്യുന്നു.


രണ്ടിടത്തും നാം കാണുന്നത് വാശി അഗ്നിയായി കത്തിക്കയറുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളാണ്. വാശിക്ക് ചൂടു കൂടുന്നത് അതിലെ കോപത്തിൻ്റെ സാന്നിദ്ധ്യം കാരണമാണ്. കോപം മനുഷ്യനെ ശാരീരികമായും മാനസികമായും ഏറെ ബാധിക്കുന്ന ഒരു ജൈവ പ്രതികരണമാണ്. കോപം അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ രാസഘടകങ്ങളുടെ ഉത്പാദനം കൂട്ടുന്നു. തത്ഫലമായി രക്തസമ്മര്‍ദാധിക്യമുണ്ടാകാം. ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ അവയവങ്ങളില്‍ ആഘാതം ഉണ്ടാക്കുകയും ജീവനാശത്തിനുവരെ വഴിയൊരുക്കുകയും ചെയ്‌തേക്കാം. അമിതമായി കോപിഷ്ഠനാകുന്ന ഒരാളുടെ ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം താറുമാറാകുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതോടൊപ്പം കോപം ചിന്താശക്തിയെ മറച്ചുപിടിക്കുന്നതിനാൽ കോപിഷ്ഠനായ വ്യക്തിക്ക് എന്ത് ചെയ്യണം എന്ന് ചിന്തിക്കാൻ കഴിയാതെ വരികയും തോന്നിയ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു. തോന്നലുകൾ മനുഷ്യന് സ്വാഭാവികമാണ്. പക്ഷേ, അത് പ്രവർത്തിപഥത്തിലേക്ക് പരിവർത്തിപ്പിക്കണമെങ്കിൽ ചിന്ത വഴി മനനം ചെയ്തു അത് ശരിയാണ് എന്ന് ഉറപ്പുവരുത്തിയിരിക്കേണ്ടതുണ്ട്. അത്തരം പ്രക്രിയകളുടെ ആയാസവും ആശ്വാസവുമൊന്നും കോപം അടിച്ചു കയറുമ്പോൾ മനുഷ്യന് ഉണ്ടാവില്ല. അതിനാൽ അത് അനർത്ഥങ്ങൾ ഉണ്ടാക്കിവെക്കും. ചെയ്യുന്നതിനെ എല്ലാം ന്യായീകരിക്കാനും അതിൽ വിട്ടുകൊടുക്കാതെ ഉറച്ചുനിൽക്കാനുമുള്ള ത്വരയാണ് വാശി. അതോടെ കോപവും വാശിയും ചേരുമ്പോൾ തോന്നുന്നതെല്ലാം ചെയ്യുവാനും ചെയ്തതിനെയെല്ലാം ന്യായീകരിക്കുവാനും ഉള്ള ഒരു സ്വഭാവം ആണ് ഉണ്ടാകുന്നത്. അത് ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ വളരെ പ്രതികൂലമായ പ്രതിഫലനങ്ങൾ ഉണ്ടാക്കും. ഇവ രണ്ടിന്റെയും സംയുക്തത്തിൽ നിന്നാണ് മേൽപ്പറഞ്ഞ വിധത്തിലുള്ള അപകടകരമായ തർക്കങ്ങൾ ഉടലെടുക്കുന്നത്. ഈ ശ്രേണിയിലെ എല്ലാ ഘടകങ്ങളെയും ഇസ്ലാം നിഷിദ്ധമായി താക്കീത് ചെയ്യുന്നത് ഈ അനന്തരഫലങ്ങളെല്ലാം വിലയിരുത്തിക്കൊണ്ടാണ്.


തർക്കത്തിന്റെ കാര്യത്തിൽ മഹാനായ പ്രവാചകൻ പഠിപ്പിച്ച ഒരു ഉപദേശത്തിന്റെ ഭാഗം തന്നെ മതിയാകും അതിൻ്റെ ഗൗരവം മനസ്സിലാക്കുവാൻ. അബൂ ഉമാമ അൽ ബാഹിലി(റ)യിൽ നിന്നാണ് അത് ഉദ്ധരിക്കപ്പെട്ടിരിക്കുന്നത്. അതിൽ നബി തിരുമേനി(സ്വ) പറഞ്ഞു: ' തർക്കത്തെ - സത്യത്തിന് വേണ്ടിയാണെങ്കിൽ പോലും - ഒഴിവാക്കുന്നവർക്ക് സ്വർഗ്ഗത്തിന്റെ താഴ് വാരത്ത് ഒരു കൊട്ടാരം നൽകാമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു' (അബുദാവൂദ്). സത്യം പോലും തർക്കിക്കാതെ സ്ഥാപിക്കണം എന്ന് താല്പര്യം ആണ് മഹാനായ നബി ഇവിടെ പറയുന്നത്. തർക്കിക്കുമ്പോൾ മാന്യതക്ക് ഭംഗം വരുന്നതും ശരിയായ ചിന്തയും അവബോധവും കുറയുന്നതും കൈമോശംവരുന്നതും എല്ലാമാണ് ഇത്ര ഗൗരവത്തോടെ ഈ വിഷയത്തിൽ ഇടപെടാനുള്ള പ്രേരകങ്ങൾ എന്ന് കരുതാം. പക്ഷേ അങ്ങനെയൊക്കെ ആണെങ്കിലും മനുഷ്യൻ പൊതുവേ താർക്കികനാണ്. തർക്കിച്ചു നേടാൻ ശ്രമിക്കുക എന്നത് അവന്റെ ഒരു സ്വഭാവം ആണ്. അത് അല്ലാഹു തന്നെ പറയുന്നുണ്ട്: 'തീർച്ചയായും മനുഷ്യർക്ക് വേണ്ടി എല്ലാത്തരം ഉപമകളും ഖുർആനിൽ നാം ആവർത്തിച്ച് വിവരിച്ചിട്ടുണ്ട്, എന്നാൽ മനുഷ്യൻ തർക്കത്തിൽ മറ്റെന്തിനേക്കാളും മുന്നിലാണ്' (ഖുർആൻ 18:54). ആവശ്യമില്ലാത്ത തർക്കങ്ങൾക്ക് പുതിയകാലം നൽകിയ ഒരു പ്രയോഗമാണ് വാദപ്രതിവാദം എന്നത്. ഇതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത് പഴയകാല വാദപ്രതിവാദങ്ങൾ അല്ല. പഴയകാല വാദപ്രതിവാദങ്ങളിൽ പകുതിയിലധികവും സത്യം പുറത്തുകൊണ്ടുവരാൻ വേണ്ടി എന്ന ഉദ്ദേശശുദ്ധിയോടുകൂടെ ഉള്ളതായിരുന്നു. സത്യം വെളിപ്പെടുകയും വെളിപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശശുദ്ധിയോടു കൂടെയുള്ള സംവാദം അംഗീകരിക്കപ്പെടുന്നുണ്ട്. അതേസമയം ഇപ്പോഴുള്ളവ അധികവും മേൽകൈ നേടുവാനുള്ളതാണ്. അവ ഒരു നന്മയിലേക്കും നയിക്കില്ല, മറിച്ച് അത് എല്ലാവരെയും സംവാദത്തിൽ മുഴുകാൻ പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് അപവാദ ആരോപണങ്ങൾക്ക് മാത്രം വഴി തുറക്കുന്നു. ഓരോ ഗ്രൂപ്പും എതിരാളികളെ വഴിതെറ്റിയവരെന്നും വഴിതെറ്റിക്കുന്നവരെന്നും മുദ്രകുത്താൻ ഇതു വേദിയാകുന്നു. ഇത് സംഘർഷത്തിനും ശത്രുതയ്ക്കും കാരണമാകുന്നു.


അതേസമയം എല്ലാത്തരം തർക്കങ്ങളും അവിശുദ്ധമാണ് എന്ന് ഇതിനർത്ഥമില്ല. അനുവദനീയമായ തർക്കങ്ങൾ വിശുദ്ധ ഖുർആനിൽ തന്നെ നമുക്ക് കാണാം. അവയിൽ ഒന്ന് സത്യം സ്ഥാപിക്കാനും അസത്യത്തെ പ്രതിരോധിക്കുവാനും ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന സംവാദാത്മക തർക്കങ്ങളാണ്. അത് അനുവദനീയമാണ്. ഈ ഇനത്തിൽ പെട്ടതാണ് പ്രവാചകൻമാർ അവരുടെ ജനതകളുമായി നടത്തിയ സംവാദങ്ങൾ. നൂഹ് നബിയുടെ ജനത നടത്തിയ ഇത്തരം ഒരു തർക്കം അല്ലാഹു ഉദ്ധരിക്കുന്നു: 'അവര്‍ പറഞ്ഞു: നൂഹേ, നീ ഞങ്ങളോട് തര്‍ക്കിച്ചു. വളരെയേറെ തര്‍ക്കിച്ചു. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ നീ ഞങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടിരിക്കുന്നത് (ശിക്ഷ) ഞങ്ങള്‍ക്ക് നീ ഇങ്ങു കൊണ്ട് വരൂ. (ഹൂദ്:32). ഇതിന് അറിവും ഉൾക്കാഴ്ചയും വിനയവും സൗമ്യതയുമൊക്കെ ഇവിടെ അനിവാര്യമാണ്. പ്രവാചകൻമാർക്ക് അവ ഉണ്ടാകും. പ്രബോധകർക്ക് അതുണ്ടായിരിക്കണം. അല്ലാഹു പറയുന്നു: 'യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക് നീ ക്ഷണിച്ച് കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി വാദപ്രതിവാദം നടത്തുകയും ചെയ്യുക' (അന്നഹ്ൽ: 125). അസത്യം സ്ഥാപിക്കാനും സത്യത്തെ തടുക്കുവാനും ഉദ്ദേശിച്ചുകൊണ്ട് നടത്തുന്ന തർക്കവിതക്കങ്ങളാണ് രണ്ടാമത്തേത്. ഇത് അനുവദനീയമല്ല. ഇത് അനുവദനീയമല്ല എന്ന് വിശുദ്ധ ഖുർആൻ പറയുന്നത് അങ്ങനെ ചെയ്തവർക്കു ലഭിച്ച ശിക്ഷകൾ പറഞ്ഞുകൊണ്ടാണ്. അതിനും ഒരു ഉദാഹരണം നൂഹ് നബിയുടെ ജനതയിലുണ്ട്. അല്ലാഹു പറയുന്നു: 'അവര്‍ക്ക് മുമ്പ് നൂഹിന്‍റെ ജനതയും അവരുടെ ശേഷമുള്ള കക്ഷികളും നിഷേധിച്ചു തള്ളിക്കളയുകയുണ്ടായി. ഓരോ സമുദായവും തങ്ങളുടെ റസൂലിനെ പിടികൂടാന്‍ ഉദ്യമിക്കുകയും, അസത്യത്തെകൊണ്ട് സത്യത്തെ തകര്‍ക്കുവാന്‍ വേണ്ടി അവര്‍ തര്‍ക്കം നടത്തുകയും ചെയ്തു. തന്നിമിത്തം ഞാന്‍ അവരെ പിടികൂടി. അപ്പോള്‍ എന്‍റെ ശിക്ഷ എങ്ങനെയുണ്ടായിരുന്നു! (ഗാഫിർ:5) സത്യത്തിനും അസത്യത്തിനും വേണ്ടിയല്ലാതെയുള്ള വെറും തർക്കങ്ങളാണ് മറ്റൊന്ന്. ഒരു ഫലവുമില്ലാത്ത ഇത്തരം തർക്കങ്ങളും അനുവദനീയമല്ല. സൂറത്തുന്നിസാഇൻ്റെ 105 മുതൽ 112 വരെ സൂക്തങ്ങളിൽ നബി തിരുമേനിക്ക് നൽകുന്ന ഉപദേശങ്ങളിൽ നിന്ന് ഇതു വായിച്ചെടുക്കാം.


സത്യം ഗ്രഹിക്കുവാൻ വേണ്ടിയോ, കൂടുതൽ വിജ്ഞാനം ലഭിക്കുവാൻ വേണ്ടിയോ അന്വേഷണബുദ്ധ്യാ നടത്തുന്ന ചർച്ചകൾ മാന്യമായ തർക്കങ്ങളിലേക്ക് കടക്കുന്നത് നല്ലതു തന്നെയാണ്. തികഞ്ഞ നിയന്ത്രണത്തിന് കഴിയുമെന്ന ആത്മവിശ്വാസം ഉള്ളവർക്കും ഫലമുള്ള കാര്യമാണെങ്കിൽ തർക്കിക്കാം. കാരണം അതൊരു സത്യം സ്ഥാപിക്കുവാൻ വേണ്ടിയാണ്. അല്ലാത്ത തർക്കങ്ങൾ മനുഷ്യരെ പരസ്പരം അകറ്റുവാനും വെറുപ്പിക്കുവാനും മാത്രമേ സഹായിക്കൂ. മനുഷ്യരെ അറ്റുന്നവരിൽ നിന്ന് അല്ലാഹു അകലും.
O

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso