വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി അൽ അസ്ഹരി
ഓപ്പറേഷൻ തൂഫാൻ: നമുക്കും ഒപ്പം നിൽക്കാം..
ഇതെഴുതുമ്പോഴേക്കും നമ്മുടെ വിദ്യാഭ്യാസ, ആരോഗ്യ, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെ സംസ്ഥാന ആഭ്യന്തര വകുപ്പ് തുടക്കം കുറിച്ച് പുരോഗമിച്ചുവരുന്ന ഓപറേഷൻ തൂഫാൻ എന്ന മയക്കുമരുന്ന് വേട്ട എണ്ണായിരത്തിലധികം കേസുകളിലായി അത്ര തന്നെ പേരെ അറസ്റ്റ് ചെയ്യുകയും പ്രതികളിൽ നിന്ന് 75 ലക്ഷത്തിലധികം രൂപ വിലവരുന്ന മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു കഴിഞ്ഞു. കേരളത്തിൻ്റെ പ്രബുദ്ധതയെ തന്നെയാണ് ഇക്കാര്യത്തിൽ ശ്ലാഖിക്കേണ്ടത്. മനസ്സിൽ വെളിച്ചമുള്ളവർ ഇരുട്ടിൽ മറഞ്ഞു നിന്ന് ലഹരി നുണയുന്ന സാമൂഹ്യ വിരുദ്ധരെ വലയിലാക്കാൻ സഹായിച്ചു. നിയമപാലകർ ക്ഷീണം മറന്നു. ധാർമികതയുള്ള കൂട്ടായ്മകൾ ചേർന്നുനിന്നു. സാംസ്കാരിക-മത നേതാക്കൾ ബാഡ്ജണിഞ്ഞു. അങ്ങനെ കേരളം പ്രബുദ്ധത തെളിയിച്ചുവരുന്നു. 'പുത്തനച്ചിയുടെ പുരപ്പുറം തൂക്കൽ' പോലെ പുതിയ ഗവൺമെൻറ് നടത്തുന്ന ഒരു ശ്രദ്ധ ക്ഷണിക്കൽ മാത്രമാണ് ഇത് എന്ന് പറഞ്ഞവരുണ്ട്. അത് രാഷ്ട്രീയ വിരോധമാണ്. സത്യത്തിൽ ഇത്തരം ഒരു നീക്കത്തെ അനിവാര്യമാക്കിയത് നമ്മുടെ പച്ചയായ അനുഭവങ്ങൾ തന്നെയാണ്. അയത്ന ലളിതമായി മയക്കുമരുന്ന് വിപണനം ചെയ്യുവാനും കൈമാറ്റം ചെയ്യുവാനുമെല്ലാമുള്ള സങ്കേതങ്ങളും സംവിധാനങ്ങളും ഒരു ഭാഗത്ത് വ്യാപകമായി. ചൂരും ഭാരവും ഇല്ലാത്ത സിന്തറ്റിക് മയക്കുമരുന്നുകൾ വിപണിയിൽ വില്ലന്മാരായി കടന്നുകൂടി. സമൂഹത്തിലാണെങ്കിലോ ലിബറലിസം കുടി കെട്ടുകയും എന്തും ഏതും ആവിഷ്കാര സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തതോടെ രക്ഷിതാക്കൾ, അധ്യാപകർ, സാമൂഹ്യ നേതാക്കന്മാർ തുടങ്ങിയവർക്കൊന്നും മിണ്ടാൻ പറ്റാത്ത സാഹചര്യം സംജാതമായി. ഇതിൻ്റെ എല്ലാം ഫലം അതിവേഗം പുറത്തുവന്നു. ഫല സൂചന നൽകിയത് മുൻ ഐ ജി ഋഷിരാജ് സിംഗ് ആയിരുന്നു. ഇന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ മയക്കുമരുന്ന് ഉപയോഗത്തിലും വ്യാപനത്തിലും രണ്ടാം സ്ഥാനത്ത് കേരളമാണ് എന്ന് അദ്ദേഹം പറഞ്ഞപ്പോൾ സത്യത്തിൽ നാം ഞെട്ടിയതാണ്.
ലഹരിയിലേക്ക് വരുമ്പോൾ നമുക്ക് മനുഷ്യ സ്വത്വത്തിൻ്റെ ആ അടിസ്ഥാന ചേരുവകളിലേക്ക് തന്നെയാണ് മടങ്ങാനുള്ളത്. വികാരം, വിചാരം എന്നീ ചേരുവകളിലേക്ക്. ഈ രണ്ടും കലർത്തിയാണ് പടച്ചവൻ മനുഷ്യരെ പടച്ചിരിക്കുന്നത്. ഇവ രണ്ടും തമ്മിൽ മനുഷ്യൻ്റെ ഉള്ളിൽ അവനുമേൽ ആധിപത്യം നേടി മേൽകൈ നേടാനുള്ള ഒരു നിരന്തര സംഘട്ടനം നടക്കുകയാണ്. എന്തിനാണ് മേൽക്കോയ്മ ലഭിക്കുന്നത് എന്നതാണ് വിഷയം. വിചാരത്തിന് വികാരത്തെക്കാൾ മേൽകൈ ലഭിക്കുന്നതോടെയാണ് അല്ലാഹുവിൻ്റെ അടിമ ഈ ലോകത്തും പരലോകത്തും വിജയിക്കുന്നത്. വിചാരത്തിന് മേൽക്കൈ ലഭിക്കുവാൻ മനുഷ്യൻ്റെ അഞ്ച് ഘടകങ്ങൾ അതിലേക്ക് വരേണ്ടതുണ്ട്. മതം, ശരീരം, അഭിമാനം, ബുദ്ധി, ധനം എന്നീ അഞ്ചു കാര്യങ്ങളാണ് മനുഷ്യൻ്റെ അസ്ഥിത്വം രൂപീകരിക്കുന്ന പ്രധാന കാര്യങ്ങൾ. ഇവ അഞ്ചും നഷ്ടപ്പെടാതെ സൂക്ഷിക്കുക എന്നതാണ് മനുഷ്യൻ്റെ ചുമതല. ഇവ അഞ്ചും സംരക്ഷിതമാകണമെങ്കിൽ ഇവയിലെ ബുദ്ധി മാത്രം സംരക്ഷിക്കപ്പെട്ടാൽ പോരാ. മറിച്ച് മൊത്തത്തിൽ ചിന്ത സംരക്ഷിക്കപ്പെടണം. ചിന്ത സംരക്ഷിക്കപ്പെടണമെങ്കിൽ വിചാരം ശരിയായിരിക്കണം. ശരിയായ വിചാരം നഷ്ടപ്പെടുകയോ വിചാരത്തിന്റെ തോത് ശരാശരിയെക്കാൾ കുറഞ്ഞുപോവുകയോ ചെയ്താൽ അത് ഈ അഞ്ചു ഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും. മയക്കു മരുന്നുകൾ മനുഷ്യനെ മുച്ചൂടും നശിപ്പിക്കുന്നു എന്നതിൻ്റെ വ്യാഖ്യാനവും വിശദീകരണവും ഇതാണ്. മനുഷ്യനെ ഇത്തരം നാശങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നത് ഇസ്ലാമിൻ്റെ അടിസ്ഥാന ലക്ഷ്യമാകയാൽ മയക്കുമരുന്നുകൾക്കെതിരെ ഇസ്ലാം ശക്തമായ ഓപ്പറേഷൻ തന്നെയാണ് നടത്തിയിരിക്കുന്നത്.
വിശുദ്ധ ഖുർആൻ 'ഖംറ്' എന്ന വാക്കിലാണ് ലഹരികളെ എല്ലാം ഉൾക്കൊളിച്ചിരിക്കുന്നത്. ഈ വാക്കിന് മദ്യം എന്നാണ് നിഘണ്ടുവിൽ അർത്ഥം. പക്ഷേ ഖുർആനിലും ഇസ്ലാമിക ആദർശത്തിലും അതിനേക്കാൾ വിശാലമായ അർത്ഥം ഈ വാക്കിലുണ്ട്. കാരണം നബി(സ്വ) തങ്ങൾ പറഞ്ഞത്, 'ലഹരിയുണ്ടാക്കുന്നതെല്ലാം 'ഖംറ്' ആണ്, എല്ലാ ലഹരിയുണ്ടാക്കുന്നതും നിഷിദ്ധവുമാണ്,' എന്നും 'ലഹരിയുണ്ടാക്കുന്നത് അളവിൽ കുറച്ചാണെങ്കിലും നിഷിദ്ധമാണ്' എന്നുമെല്ലാം നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ച് അല്ലാഹു പറയുന്നു: 'പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും അല്ലാഹുവിനെ ഓര്‍മിക്കുന്നതില്‍ നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ (അവയില്‍നിന്ന്) വിരമിക്കുവാന്‍ ഒരുക്കമുണ്ടോ?' (5:91). ഈ സൂക്തത്തിൽ ആദ്യം താക്കീത് തുടങ്ങുന്നത് ലഹരി മനുഷ്യൻ്റെ ലോകത്തെ തീർത്തും നശിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ്. നിങ്ങൾക്കിടയിൽ വെറുപ്പും വിദ്വേഷവും ശത്രുതയും അതുണ്ടാക്കും എന്ന് പറയുമ്പോൾ നിങ്ങളുടെ സാമൂഹ്യമായ പാരസ്പര്യങ്ങൾ നഷ്ടപ്പെടും എന്നാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. സമൂഹം എന്നത് കേവലം ജനങ്ങൾ കൂടി നിൽക്കുമ്പോൾ ഉണ്ടാകുന്നതല്ല. മറിച്ച് തികച്ചും ഉദ്ദേശപരമായിട്ട് നിർമ്മാണാത്മകമായി ജനങ്ങൾ ഒരാശയത്തിൽ കേന്ദ്രീകരിക്കുന്നതാണ്. അത് നഷ്ടപ്പെടുന്നതോടെ കൂടെ ആ നിലനിൽപ്പ് അപകടപ്പെടുന്നു. തുടർന്ന് മനുഷ്യന്റെ ഏറ്റവും വലിയ വ്യക്തിത്വ ലക്ഷ്യത്തെ അതി ബാധിക്കുന്നു എന്നാണ് പറയുന്നത്. അവൻ്റെ ലക്ഷ്യം അല്ലാഹുവിനെ ഉടമയായി തിരിച്ചറിഞ്ഞ് അവന് അടിമ വേല ചെയ്തു ആരാധനകൾ അർപ്പിക്കുക എന്നതാണ്. ആരാധനകളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് എടുത്തു പറഞ്ഞിരിക്കുന്നത്. അത് നിസ്കാരമാണ്. നിസ്കാരത്തിൻ്റെ കാര്യത്തിൽ ഒരാൾക്ക് വീഴ്ച പറ്റിയിട്ടില്ലെങ്കിൽ അയാൾ ഇഹത്തിലും പരത്തിലും രക്ഷപ്പെട്ടു എന്നാണ് മതം പഠിപ്പിക്കുന്നത്. അതിനാൽ ഒരു വ്യക്തിയിൽ നിന്ന് നിസ്കാരം മറന്നുപോകുന്ന സാഹചര്യം ഉണ്ടാവുക എന്നത് ഏറെ ധിക്കാരപരമാണ്.
ലഹരി ഉപയോഗത്തെ ഒരു നിലക്കും ന്യായീകരിക്കുവാൻ കഴിയില്ല. കാരണം, മനുഷ്യന് അല്ലാഹു അനുവദനീയമാക്കി കൊടുത്തിരിക്കുന്നത് വിശുദ്ധമായ, നല്ല കാര്യങ്ങൾ മാത്രമാണ്. അതുകൊണ്ട് അല്ലാഹു അനുവദിക്കാത്ത ഏതുകാര്യവും മനുഷ്യന് ആത്യന്തികമായി വിനാശകരവും വിഷമയവും ആയിരിക്കും. അല്ലാഹു പറയുന്നു: 'നല്ല വസ്തുക്കൾ അവർക്ക് അദ്ദേഹം അനുവദനീയമാക്കുകയും ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു’ (7:157). മയക്കുമരുന്നും ലഹരി വസ്തുക്കളും നികൃഷ്ടവും അശുദ്ധവും ആണ് എന്നതിൽ ബുദ്ധിയുള്ളവർക്കാർക്കും എതിരഭിപ്രായമില്ല. മാത്രമല്ല, ലഹരി പദാർഥങ്ങളുടെ ഉപയോഗം സ്വയം നാശത്തിലേക്കുള്ള വഴിയാണ്. സ്വയം നാശത്തിലേക്ക് നയിക്കുന്ന എല്ലാം ഇസ്ലാമിൽ ഹറാമാണ്. അല്ലാഹു പറയുന്നു: 'നിങ്ങൾ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു’ (4:29). മയക്കു മരുന്നിന്റെ അടിമകൾ സത്യത്തിൽ പെട്ടെന്നുള്ള മരണത്തിന്റെ ഇരകളാണ്. ശരീര ശാസ്ത്രം അത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. തലച്ചോറിന്റെ പ്രവർത്തനം തകരാറിലാകുക, ഹൃദ്രോഗം, കരൾ രോഗങ്ങൾ (സിറോസിസ്), കാൻസർ, മാനസിക സമ്മർദ്ദം, വിഷാദ രോഗം എന്നിവയാണ് ഇങ്ങനെ ഉണ്ടാകുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങൾ. മാത്രമല്ല, അത് ഓർമ്മശക്തിയെയും തീരുമാനമെടുക്കാനുള്ള കഴിവിനെയും ദോഷകരമായി ബാധിക്കുന്നു. അവിടെ നിന്നെല്ലാം കടന്ന് ലഹരി ഹ്യദയ പേശികളുടെ പ്രവർത്തനം തളർന്ന് നിലക്കുകയും സ്തംഭനം സംഭവിക്കുകയും ചെയ്യുന്നു. മയക്കുമരുന്നിന്റെ അടിമ സ്വന്തം ശരീരത്തെ തന്നെ കൊല്ലുന്ന മഹാപാപിയാണ്.
എല്ലാറ്റിനും ഉപരി, മനുഷ്യൻ സൃഷ്ടാവായ അല്ലാഹുവിൻ്റെ പ്രതിനിധിയാണ്. താൻ നിവസിക്കുന്ന പ്രപഞ്ചത്തിന്റെ കാര്യങ്ങളും ആശയങ്ങളും ചുമതലകളും എല്ലാം കൃത്യവും കണിശവുമായി നിർവഹിക്കുവാൻ ഉള്ള ഉത്തരവാദിത്വവും ചുമതലയും പ്രവിശാലമായ ജീവി വർഗ്ഗത്തിൽ അവനിൽ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്. അതിനു സഹായകമാകുന്ന ശക്തികളും ശേഷികളും അവനാണ് നൽകപ്പെട്ടിരിക്കുന്നത്. മറ്റു ജീവികൾക്കൊന്നും ഒന്നിന്റെയും ഉത്തരവാദിത്വമില്ല. പ്രകൃതിക്ക് വിധേയമായിട്ടെന്നോണം അവ ജീവിച്ചു പോയിക്കൊണ്ടിരിക്കുന്നു എന്ന് മാത്രം. അതിനാൽ ഈ ചുമതലകൾ നിർവഹിക്കുവാൻ അവൻ എപ്പോഴും അവൻ്റെ ബുദ്ധികൊണ്ട് ഉണർന്നിരിക്കേണ്ടത് അനിവാര്യമാണ്. ആ ബുദ്ധിയെയാണ് മയക്കുമരുന്ന് വഴി അതേ മനുഷ്യൻ മറച്ചു പിടിക്കുകയോ ഒഴിച്ചിടുകയോ ചെയ്യുന്നത്. ഉമ്മുസലമ(റ)യിൽനിന്ന് നിവേദനം പ്രിയപ്പെട്ട ഒരു ഹദീസിൽ അവർ പറയുന്നു: 'എല്ലാ ലഹരിയുണ്ടാക്കുന്നതിനെയും തളർച്ചയും ബുദ്ധിമാന്ദ്യവും ഉണ്ടാക്കുന്നതിനെയും നബി(സ്വ) നിരോധിച്ചിരിക്കുന്നു’ (അഹ്‌മദ്, അബൂദാവൂദ്). ദൗത്യത്തിൽ നിന്നും ഉത്തരവാദിത്വത്തിൽ നിന്നുമുള്ള ഈ ഒളിച്ചോട്ടം അതിനാൽ തന്നെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. അതിനാൽ എത്ര ഫലം ചെയ്യും എന്ന് നോക്കിനിന്ന് പോലും സമയം കളയാതെ നമുക്കും ഈ ദൗത്യത്തിൽ പങ്കുചേരാം.
O
Thoughts & Arts
ഓപ്പറേഷൻ തൂഫാൻ: നമുക്കും ഒപ്പം നിൽക്കാം..
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso