വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
പ്രപഞ്ചത്തിൽ ചുമതലകളും ഉത്തരവാദിത്വങ്ങളും ഉള്ള ഏക ജീവി മനുഷ്യനാണ്. മറ്റു ജീവികളൊക്കെയും അവക്ക് നിയതമായ ഒരു ജീവിതം ജീവിച്ചു കടന്നുപോകുക മാത്രമാണ് ചെയ്യുന്നതും ചെയ്യേണ്ടതും അവക്ക് ചെയ്യാൻ കഴിയുന്നതും. മനുഷ്യൻ സ്രഷ്ടാവിൻ്റെ ഖലീഫ-പ്രതിനിധി-യാണ് എന്ന വിശുദ്ധ ഖുർആൻ പ്രസ്താവനയുടെ ആശയം ഇതാണ്. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും അവനെ ഒരു നിശ്ചിത കാലത്തേക്ക് ഒരു പരീക്ഷണാർഥം നോക്കാൻ ഏൽപ്പിച്ചിരിക്കുകയാണ്. അവൻ്റെ പരിപാലന-പരിചരണ പരിധിയിൽ തൻ്റെ ചുറ്റുവട്ടത്തിലുള്ള ആവാസ വ്യവസ്ഥയുടെ എല്ലാ ഘടകങ്ങളും പെടുന്നു. ജീവജാലങ്ങളെയും വൃക്ഷങ്ങളെയും അവൻ അന്നവും വെള്ളവും നൽകി പരിപാലിച്ചു കൊണ്ടിരിക്കണം. സുഖകരമായ ജീവിതത്തിനു വേണ്ടി അന്തരീക്ഷത്തിനും ജലസ്രോതസ്സുകൾക്കും അവൻ കാവൽ നിൽക്കണം. മണ്ണും മലയും സമതലങ്ങളും അവൻ സംരക്ഷിച്ചുകൊണ്ടിരിക്കണം. ഇവിടെ അതവസാനിക്കുന്നില്ല. അവൻ്റെ തന്നെ ശരീരത്തെയും വംശത്തെയും നോക്കാനുള്ള ബാദ്ധ്യത കൂടി അവനുണ്ട്. അല്ലാഹു തന്ന ആരോഗ്യവും അഴകും കാത്തുസൂക്ഷിക്കുകയാണ് ശരീരത്തോട് ചെയ്യേണ്ടത്. അതേ സമയം മനുഷ്യ വംശത്തോട് ചെയ്യാനുള്ളത് അവരിൽ ഓരോരുത്തരേയും മാന്യമായി ഉൾക്കൊള്ളുക, ആത്മാർഥമായി സ്നേഹിക്കുക, ആവശ്യഘട്ടങ്ങളിൽ സഹായിക്കുക, സന്തോഷത്തോടെ സഹകരിക്കുക, ഓരോരുത്തരുടെയും വ്യക്തിത്വത്തെ മാനിക്കുക തുടങ്ങിയ കാര്യങ്ങളാണ്. ഇതൊന്നും ഒരാൾ ചെയ്തില്ലെങ്കിലോ എന്നൊരു ധിക്കാരിക്ക് ചിന്തിക്കാം, ചോദിക്കാം. ചെയ്തില്ലെങ്കിൽ ഒന്നാമതായി, ഭൗതികമായി അതിൻ്റെ പ്രതിഫലനങ്ങൾ അനുഭവിക്കേണ്ടിവരും. ശുദ്ധമായ കുടിവെള്ളത്തിനു വേണ്ടി ശ്രമിച്ചില്ലെങ്കിൽ മലിനജലം കുടിച്ച് ആരോഗ്യ താളഭംഗത്തിനു വിധേയനാകേണ്ടിവരും. ഇതിനെതിരെ, വെള്ളം കുടിക്കാതെ ജീവിക്കാൻ തീരുമാനിച്ചാൽ അതു നടപടിയാവുന്ന കാര്യവുമല്ല. ശരീരത്തെ അത്തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാമതായി, അതിലുള്ള പ്രതിഫലങ്ങൾ ഒരു ശാശ്വത ജീവിതത്തിൽ വങ്ങേണ്ടതായും വരും. ഈ ഉത്തരവാദിത്വങ്ങളെ കുറിച്ചുള്ള ബോദ്ധ്യവും തിരിച്ചറിവുമാണ് മനുഷ്യ ധാർമ്മികത എന്നു വ്യവഹരിക്കപ്പെടുന്നത്. ധാർമ്മികതയാണ് ഒരു മനുഷ്യൻ്റെ വ്യക്തിത്വത്തെ രൂപപ്പെടുന്നത്. ഇതു പക്ഷെ, എളുപ്പമല്ല. കാരണം മേൽപ്പറഞ്ഞ ഉത്തരവാദിത്വങ്ങൾ ജീവിതത്തിൻ്റെ ഒരു രംഗമല്ല. ജീവിതം മുഴുവനും പടർന്നും പരന്നും കിടക്കുന്ന, കിടക്കേണ്ട രംഗങ്ങളാണ്. ആ രംഗങ്ങളിൽ മുഴുവനും ധാർമ്മികതയും ഉത്തരവാദിത്വബോധവും ഉണ്ടാവണമെങ്കിൽ ധാർമ്മികതയെ ജീവിത താളമായി പരിവർത്തിപ്പിച്ചെടുക്കണം. അതിനാവട്ടെ നിരന്തരമായ ജാഗ്രത, സൂഷ്മവും സ്ഥൂലവുമായ സൂക്ഷ്മത, സഹനവും ക്ഷമയും, ഇഛകളുടെ നിയന്ത്രണം, സമൂഹത്തിൻ്റെ സ്നേഹവും അംഗീകാരവും തുടങ്ങി ഏറെ ശ്രമകരമായ ഘടകങ്ങൾ ഒത്തുവരേണ്ടതുണ്ട്. അതുകൊണ്ടു തന്നെ കഠിനങ്ങളായ ഈ ഘട്ടങ്ങളിലൂടെ കടന്നുവന്ന് വ്യക്തിത്വം സ്ഥാപിച്ച ആളെ സമൂഹം എല്ലാ നിലക്കും ആദരിക്കേണ്ടതും ബഹുമാനിക്കേണ്ടതുമുണ്ട്. അതിൽ കുറവോ ന്യൂനതയോ ഉണ്ടെങ്കിൽ പോലും, അതൊന്നും പരിഗണിക്കാതെ. കാരണം അപ്പോൾ ആ വ്യക്തി മനുഷ്യത്വമുള്ള മനുഷ്യനായിരിക്കും.
ഇത്തരം ഒരു ആമുഖത്തിലാണ് ഇസ്ലാമിക ദർശനം അതിൻ്റെ വ്യക്തിത്വ വീക്ഷണങ്ങൾ രൂപീകരിച്ചിരിക്കുന്നത്. ഈ ദർശനം ആരംഭിക്കുന്നത് ഓരോ വ്യക്തിയേയും സ്വന്തം വ്യക്തിത്വം കാത്തുസൂക്ഷിക്കുവാൻ ഏൽപ്പിച്ചു കൊണ്ടാണ്. വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ചെറിയ കാര്യങ്ങൾ പോലും ഇസ്ലാം ശ്രദ്ധിക്കാൻ പറയുന്നുണ്ട്. അമാന്യമായതും ലിംഗഭേതമില്ലാത്തതുമായ വസ്ത്രധാരണം, മറ്റുള്ളവരുടെ മുമ്പിൽ സ്വയം ചെറുതായിപ്പോകുന്ന കോമാളിത്തങ്ങളുടെ പ്രദർശനം, അനിയന്ത്രിതമായ ഫലിത പ്രയോഗം, നിലവാരമില്ലാത്ത ജീവിതക്രമം തുടങ്ങിയവ ഉദാഹരണം. ഇവയുടെയൊക്കെ നിരുൽസാഹപ്പെടുത്തലോ നിരോധനമോ അങ്ങനെ ചെയ്യുന്ന ഒരാളെ മാത്രമല്ലേ സമൂഹത്തെയല്ലല്ലോ ബാധിക്കുന്നത് എന്ന് ചിന്തിക്കരുത്. കാരണം, ഓരോ മനുഷ്യനും സമൂഹത്തിൻ്റെ എല്ലാ തട്ടിലും തലത്തിലും വിലയുണ്ടാവണം എന്നതാണ് ഇസ്ലാമിൻ്റെ ആഗ്രഹം. അതിന് ഉജ്ജ്വലമായ വ്യക്തിത്വം തന്നെ വേണം. അത് പ്രബോധനത്തിനോ പ്രചാരണത്തിനോ സാമൂഹ്യ പ്രവർത്തനങ്ങൾക്കോ വേണ്ടി മാത്രമല്ല, ഒരാൾക്ക് തൻ്റെ വീട്ടിനുള്ളിൽ ഒരു കാര്യം ഫലപ്രദമായി പറയണമെന്നുണ്ടെങ്കിൽ പോലും വീട്ടിൽ അയാൾക്ക് വ്യക്തിത്വമുണ്ടായിരിക്കണം. തൻ്റെ പ്രതിനിധിക്ക് മാന്യതയും സ്വാധീനവും അംഗീകാരവും എല്ലാം വേണം എന്ന് അല്ലാഹു ആഗ്രഹിക്കുന്നു. അത്തരം പ്രതിനിധിക്കേ പ്രപഞ്ചത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയൂ.
ഇസ്ലാമിൻ്റെ വ്യക്തിത്വ ദർശനത്തിൻ്റെ രണ്ടാം ഭാഗം അഭിസംബോധന ചെയ്യുന്നത് സമൂഹത്തോടാണ്. അതിൽ സമൂഹത്തിലോരോരുത്തരുടെയും വ്യക്തിത്വം കാത്തു സൂക്ഷിക്കേണ്ടത് ഓരോരുത്തരെയും സൃഷ്ടാവ് ചുമതലപ്പെടുത്തിയിരിക്കുകയാണ്. കാരണം ഓരോരുത്തരുടെയും വ്യക്തിത്വം സമൂഹത്തിൻ്റെ മൊത്തം ആരോഗ്യകരമായ നിലനിൽപ്പിന് അവശ്യം ആവശ്യമാണ്. അതിനാൽ ഇത് ഓരോ മനുഷ്യൻ്റെയും നന്ദിയും കടപ്പാടും കൂടിയാണ്. ഈ രണ്ടു ഭാഗങ്ങളിൽ ഈ രണ്ടാം ഭാഗമാണ് ഏറെ ജാഗ്രതയുള്ളത്. കാരണം അതു പാരാവാരം പോലെ പരന്നുകിടക്കുന്ന സമൂഹത്തിൻ്റെ ചുമതലയായതിനാൽ ലംഘിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല, അതിൽ സംഭവിക്കുന്ന വിഘ്നം സമൂഹത്തെ മൊത്തത്തിൽ ബാധിക്കുകയും സാമൂഹ്യ അർഥങ്ങളെയും ബന്ധങ്ങളെയും അതു താറുമാറാക്കുകയും ചെയ്യും. ഈ ഗൗരവം പരിഗണിച്ചു കൊണ്ട് ഇസ്ലാം ഒരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്ന ഏത് ചെയ്തിയേയും വലിയ പാതകമായും പാപമായും ശിക്ഷാർഹമായും കാണുന്നു. ഇസ്ലാം താക്കീതു ചെയ്യുന്ന ഏതാണ്ട് എല്ലാ സാമൂഹ്യ ദുസ്സ്വഭാവങ്ങളും മറ്റൊരാളുടെ വ്യക്തിത്വത്തെ ഹനിക്കുന്നവയാണ്. ആ ശ്രേണിയിലെ ഒരു ഉദാഹരമാണ് പരദൂഷണം. പരദൂഷണം എന്നാൽ മറ്റൊരാളെ കുറിച്ച് അയാൾക്ക് ഇഷ്ടമില്ലാത്തത് പറയലാണ്. പരഭൂഷണം പറഞ്ഞുപറഞ്ഞ് അത് ഒരാളെ കുറിച്ച് ഇല്ലാവചനം പറയലാണ് എന്ന ഒരു തെറ്റായ അറിവിലേക്ക് പുതിയ സമൂഹം എത്തിച്ചേർന്നിരിക്കുന്നു ഇപ്പോൾ. അക്കാര്യത്തിൽ ഏറ്റവും കൃത്യമായ വ്യക്തത വരുത്തിയിട്ടുള്ളത് നബി(സ്വ) തന്നെയാണ്. അബൂ ഹുറൈറ(റ) പറയുന്നു: ഒരിക്കൽ നബി തങ്ങൾ ഞങ്ങളോട് എന്താണ് പരദൂഷണം എന്നാൽ എന്ന് നിങ്ങൾക്കറിയാമോ എന്നു ചോദിച്ചു. അത് അല്ലാഹുവിനും അവൻ്റെ റസൂലിനും മാത്രമേ നന്നായറിയൂ എന്നു ഞങ്ങൾ പറഞ്ഞു. അപ്പോൾ നബി(സ്വ) പറഞ്ഞു: 'നിൻ്റെ സഹോദരനെ കുറിച്ച് അവനിഷ്ടമില്ലാത്തത് പറയലാണ് പരദൂഷണം' അതു കേട്ടതും സദസ്സിലൊരാൾ ചോദിച്ചു: 'ഞാൻ പറയുന്നത് അവനിൽ ഉള്ളതു തന്നെയാണെങ്കിലോ?' നബി(സ്വ) പറഞ്ഞു: എങ്കിൽ നീ അവനെ കുറിച്ച് പരദൂഷണം പറഞ്ഞവനായി. ഇല്ലാത്തതാണ് പറഞ്ഞതെങ്കിൽ നീ അവനെ കുറിച്ച് കളവ് പറഞ്ഞവനുമായി' (മുസ്ലിം). ഉള്ളതാണെങ്കിൽ പോലും ഒരു വ്യക്തിക്ക് ഇഷ്ടമില്ലാത്തത് പറയരുത് എന്ന് വ്യക്തമായി പറയുമ്പോൾ അതിൽ നിന്നും ഇസ്ലാം ഒരു വ്യക്തിയുടെ വ്യക്തിത്വത്തിന് എത്രമാത്രം കരുതലോടെ കാവൽ നിൽക്കുന്നു എന്ന് മനസ്സിലാക്കാം.
ഇത് പരസ്യമായി പറയുന്ന കാര്യമാണ്. നാവിലൂടെ പുറത്തുചാടുമ്പോൾ മാത്രമല്ല അതിനു മുമ്പ് അത് മനസ്സിൽ വെറും ഒരു ഊഹമായി തെളിയുമ്പോൾ തന്നെ അത് സോദ്ദേശമല്ലെങ്കിൽ ഇസ്ലാം ഇടപെടുന്നുണ്ട്. ഒരു ന്യായവുമില്ലാതെ ഒരു തെറ്റിദ്ധാരണയായിട്ടാണെങ്കിൽ പോലും മറ്റൊരാളുടെ വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന വിധം തെറ്റായ ഊഹം നടത്തുന്നതു പോലും തെറ്റാണ്. വിശുദ്ധ ഖുർആൻ പറയുന്നു: 'വിശ്വാസികളേ, മിക്ക ഊഹങ്ങളും നിങ്ങള്‍ വര്‍ജിക്കണം; നിശ്ചയം, അവയില്‍ ചിലത് കുറ്റകരമാകുന്നു. നിങ്ങള്‍ ചാരപ്പണി നടത്തുകയോ പരദൂഷണം പറയുകയോ അരുത്. സ്വസഹോദരന്റെ മൃതദേഹമാംസം ഭുജിക്കാന്‍ നിങ്ങളാരെങ്കിലും ഇഷ്ടപ്പെടുമോ? അത് നിങ്ങള്‍ വെറുക്കുകയാണുണ്ടാവുക. അല്ലാഹുവിനെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയം, പശ്ചാത്താപ സ്വീകര്‍ത്താവും കരുണാമയനുമാണവന്‍'. (ഹുജറാത്ത്: 12) ഇത്തരം വ്യക്തിഹത്യകളെ സ്വസഹോദരനായി ഇരിക്കേണ്ട ഒരാളുടെ പച്ചമാംസം തിന്നുന്നതിനോട് വിശുദ്ധ ഖുർആൻ ഈ സൂക്തത്തിൽ ഉപമിച്ചിരിക്കുന്നതു കാണുമ്പോൾ ചിന്തിക്കാൻ ഭാഗ്യമുള്ള വ്യക്തിക്ക് അത് മതിയാകും.
ന്യായമായും ചെയ്യാവുന്ന സാഹചര്യത്തിൽ പോലും വ്യക്തിഹത്യ ഇസ്ലാമിക ദർശനം അനുവദിച്ചിട്ടില്ല. ഇമാം അബൂ ദാവൂദ് അബൂ ഹുറൈറയിൽ നിന്നും ഒരു സംഭവം ഉദ്ധരിക്കുന്നുണ്ട്. ഒരു മദ്യപനെ നബി(സ്വ)യുടെ മുമ്പിൽ വിചാരണക്ക് വിധേയനാക്കപ്പെട്ടതാണ് സംഭവം. വിചാരണ ചെയ്ത നബി തങ്ങൾ പ്രതിയെ ചാട്ടയടിക്കുവാൻ ഉത്തരവിട്ടു. അവിടെ കൂടിയ ആൾക്കാർ അയാളെ അടിക്കാൻ തുടങ്ങി. കൂട്ടത്തിൽ അവേശം തലക്കുപിടിച്ച ഒരാൾ 'അല്ലാഹു നിന്നെ അപമാനിതനാക്കട്ടെ' എന്നു ശപിക്കുന്നത് നബി(സ്വ) കേട്ടു. അപ്പോൾ അവിടന്ന് പറഞ്ഞു: 'അങ്ങനെ പറയരുത്, പിശാചിനെ നിങ്ങൾ സഹായിക്കരുത്'. ഇതിനു സമാനമായ സംഭവങ്ങൾ നബിയുടെയും സ്വഹാബത്തിൻ്റെയും കാലത്ത് ഒന്നിലധികം ഉണ്ടായിട്ടുണ്ട്. ഇത്രയും കൃത്യമാണ് ഇസ്ലാമിൻ്റെ നിലപാട്.
'അല്ലാഹുവിന്റെ അടിമകളെ വെറുപ്പിക്കരുത്; അലോസരപ്പെടുത്തരുത്, അവരുടെ ന്യൂനതകൾ തേടി നടക്കരുത്. വിശ്വാസിയായ സഹോദരന്റെ ന്യൂനത തേടി നടക്കുന്നവന്റെ ന്യൂനതകൾ അല്ലാഹു വെളിപ്പെടുത്തും, അകത്തളങ്ങളിലൊളിച്ചാലും അവനെ വഷളാക്കും. മാത്രമല്ല, തീര്‍ച്ചയായും സത്യവിശ്വാസികളുടെ പേരിൽ ദുര്‍വൃത്തി പ്രചരിപ്പിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനിക്കുന്ന ശിക്ഷയുള്ളത് '(നൂർ19); നബി തങ്ങൾ പറഞ്ഞതായി സൗബാൻ(റ).
പോയിപ്പോയി തെരഞ്ഞെടുപ്പ് പ്രചരണം എതിരാളിയെ വ്യക്തിഹത്യ ചെയ്യുവാനുള്ള ഗോഥയായി മാറുന്നതിലുള്ള ആശങ്കയും, അല്ലാഹു തന്ന ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്നവരെയെങ്കിലും ഉപദേശിക്കാമല്ലോ എന്ന താൽപര്യവും കൊണ്ടാണ് മറ്റൊരു തെരഞ്ഞെടുപ്പു വന്ന ഈ അവസരത്തിൽ ഇങ്ങനെ പറയേണ്ടി വരുന്നത്.
0
Thoughts & Arts
വ്യക്തിഹത്യയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയം
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso