ഖുർആൻ പഠനം
ടി എച്ച് ദാരിമി അൽ അസ്ഹരി
സൂറത്തുൽ മുൽക്ക് / ആയത്തുകൾ 19-
19 ചിറകുവിടര്‍ത്തിയും ചേര്‍ത്തും തങ്ങള്‍ക്കുമീതെ പറക്കുന്ന പക്ഷികളെ അവര്‍ നോക്കിക്കണ്ടിട്ടില്ലേ? കരുണാമയനായ അല്ലാഹു മാത്രമാണവയെ താങ്ങിനിറുത്തുന്നത്. സര്‍വവും കണ്ടറിയുന്നവനാണ് അവന്‍.
അല്ലാഹുവിൻ്റെ അപാരമായ സൃഷ്ടി വൈഭവത്തിലേക്ക് വിരൽചൂണ്ടി മറ്റൊരു ഉദാഹരണം അവതരിപ്പിക്കുകയാണ് അള്ളാഹു. അത് പക്ഷികളുടെ പറക്കലാണ്. ഏതു സാധാരണ മനുഷ്യനെയും ചിന്തിപ്പിക്കാൻ പോകുന്ന ഒരു ചെറിയ സംഭവമാണ് അത്. പക്ഷേ പറഞ്ഞു വരുമ്പോൾ അത് ഏറെ സാങ്കേതിക സങ്കീർണതകൾ ഉള്ളതാണ് എന്ന് മനസ്സിലാക്കാം. അങ്ങനെയാണ് അത് ഒരു ചിന്താവിഷയവും ദൃഷ്ടാന്തവും ആയി മാറുന്നത്. പറക്കാനുള്ള ശേഷി ജീവികളിൽ പക്ഷികൾക്ക് മാത്രമാണ് നൽകപ്പെട്ടിട്ടുള്ളത്. അന്തരീക്ഷ വായുവിലൂടെ ചിറകടിച്ച് പറക്കുകയാണ് പക്ഷികൾ. നമ്മുടെ അന്തരീക്ഷത്തിന്റെ പ്രധാന പ്രത്യേകത അതിൻറെ ഗുരുത്വാകർഷണബലമാണ്. പിണ്ഡമുള്ള വസ്തുക്കൾ പരസ്പരം ആകർഷിക്കുന്ന പ്രകൃതിപ്രതിഭാസമാണ് ഗുരുത്വാകർഷണം. പിണ്ഡമുള്ള (Mass) ഏതൊരു വസ്തുവും മറ്റൊരു വസ്തുവിനെ തൻ്റെ നേർക്ക് ആകർഷിക്കുന്ന പ്രകൃതിനിയമമാണ് അത്. ഭൂമി നമ്മെ നിലത്തു പിടിച്ചു നിർത്തുന്നതും, ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നതും ഈ ബലം മൂലമാണ് എന്നാണല്ലോ ശാസ്ത്രം. ഇത്തരം ബലത്തെ മറികടന്നു കൊണ്ടാണ് പക്ഷികൾ അന്തരീക്ഷത്തിൽ വീഴാതെ പറന്നു പറന്നു പോകുന്നത്. ഇതിനു പക്ഷികൾക്ക് സാധ്യമാകുന്നത് അവയ്ക്ക് നൽകപ്പെട്ട കൃത്യതയുള്ള ശരീര ഭാഗവും ഭാരവും ചിറകുകളും എല്ലാമാണ്. സത്യത്തിൽ ഭൂമിയുടെ ഗുരുത്വാകർഷണ ബലത്തെ പക്ഷികൾ നേരിടുകയല്ല ചെയ്യുന്നത്. മറിച്ച്, തങ്ങളുടെ ശരീരഘടനയും ചിറകുകളുടെ ചലനവും ഉപയോഗിച്ച് അതിനെ മറികടക്കുകയാണ്.
പറക്കുമ്പോൾ ഗുരുത്വാകർഷണത്തിന് (ഭാരത്തിന്) തുല്യമായോ അതിൽ കൂടുതലോ മുകളിലേക്കുള്ള ബലം (ലിഫ്റ്റ്) ചിറകുകൾ സൃഷ്ടിക്കുന്നതിനാലാണ് പക്ഷികൾക്ക് പറക്കാൻ കഴിയുന്നത്. അതിനു സഹായകമാകുന്ന തരത്തിലുള്ള ഘടനയും രൂപവുമാണ് സൃഷ്ടാവ് പക്ഷികളുടെ ചിറകിനെ നൽകിയിരിക്കുന്നത്. അതിനെ ശാസ്ത്രത്തിൻറെ സാങ്കേതിക ഭാഷയിൽ എയറോഡൈനാമിക് ചിറകുകൾ എന്നു പറയുന്നു. ചിറകുകളുടെ ഈ പ്രത്യേക ആകൃതി കാരണം, ചിറകിന്റെ മുകളിലൂടെ പോകുന്ന വായുവിന് അടിയിലൂടെ പോകുന്ന വായുവിനേക്കാൾ വേഗത കൂടുതൽ ലഭിക്കുന്നു. ഇതുവഴി ചിറകിന് താഴെയുള്ള വായു മർദ്ദത്തിന് കൂടുതൽ ശക്തിയും മുകളിലുള്ളതിന് ശക്തി കുറവും ഉണ്ടാക്കിയെടുക്കുന്നു. അതോടൊപ്പം ഈ പ്രക്രിയയെ സഹായിക്കാൻ മാത്രം അവയുടെ ശരീര ബലത്തെ സൃഷ്ടാവ് ക്രമീകരിച്ച് വെച്ചിരിക്കുന്നു. പക്ഷികളുടെ അസ്ഥികൾ പൊള്ളയായതും വായു അറകൾ നിറഞ്ഞതുമായതിനാൽ ഭാരം വളരെ കുറവാണ്. ഇത് ഗുരുത്വാകർഷണ ബലത്തെ എളുപ്പത്തിൽ ചെറുക്കാൻ സഹായിക്കുന്നു. അതോടൊപ്പം അവയുടെ പേശികൾക്ക് പ്രത്യേകമായ ഒരു ബലം നൽകപ്പെട്ടിരിക്കുന്നു. അവയുടെ പേശികൾ പെക്റ്റോറലിസ് (Pectoralis) പേശികൾ എന്ന ഇനത്തിൽപ്പെട്ടതും വളരെ ശക്തവുമാണ്. ഇത് ചിറകുകൾ തുടർച്ചയായി അടിക്കാനും, മുന്നോട്ട് കുതിക്കാനും ആവശ്യമായ ഊർജ്ജം നൽകുന്നു.
പറക്കുവാൻ ലിഫ്റ്റിംഗ് എന്ന പ്രക്രിയയാണ് ഉപയോഗപ്പെടുത്തുന്നത്. ഇത് ഉണ്ടാക്കുവാൻ, പക്ഷി അതിന്റെ ചിറകിന്റെ മുൻഭാഗം പിൻഭാഗത്തേക്കാൾ അല്പം ഉയർത്തി പിടിക്കുന്നു. വായു ചിറകിനു മുകളിലൂടെ കടന്നുപോകുമ്പോൾ, (മുന്നിൽ നിന്ന് പിന്നിലേക്ക്), താഴെയുള്ള വായു താഴേക്ക് തള്ളപ്പെടുന്നു. ഇത് ചിറകിനെയും (പക്ഷിയെയും) മുകളിലേക്ക് തള്ളുന്നു. ഇതിനു പര്യാപ്തമാകുന്ന രൂപവും ഘടനയും ആണ് ചിറകുകളുടെ മുൻ, പിൻ ഭാഗങ്ങൾക്ക് ഉള്ളത്. ഇത്തരം ഒരു കഴിവ് അല്ലാഹു അതിന് പ്രത്യേകമായി നൽകുന്നതാണ് എന്നതല്ലാതെ മറ്റെങ്ങനെയെങ്കിലും അത് സ്വായത്തമാക്കുന്നതാണ്, പരിശീലിക്കുന്നതാണ് എന്നൊന്നും ഒരാൾക്കും പറയാൻ കഴിയില്ല. എന്നു മാത്രമല്ല, സൃഷ്ടാവ് സൃഷ്ടിച്ചു വെച്ച ഈ അൽഭു തകരമായ ഘടനാ വിശേഷങ്ങളിൽ നിന്ന് മനുഷ്യൻ വൈമാനികത അടക്കം കാര്യങ്ങൾ ഇങ്ങോട്ടു പഠിച്ചെടുക്കുകയായിരുന്നു എന്നു പറയുമ്പോൾ മേൽക്കൈ നേടുന്നത് അല്ലാഹുവിൻ്റെ സൃഷ്‌ടിവൈഭവം തന്നെയാണ്. അതുകൊണ്ട് ഇതേ ചിന്ത വിശുദ്ധ ഖുർആനിൽ മറ്റു പലയിടത്തും ചിന്താ വിഷയമായി കടന്നുവരുന്നുണ്ട്. 'അന്തരീക്ഷത്തില്‍ (ദൈവിക കല്‍പനയ്ക്ക്) വിധേയമായികൊണ്ടു പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? അല്ലാഹു അല്ലാതെ ആരും അവയെ താങ്ങി നിര്‍ത്തുന്നില്ല. വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്. (ഖു൪ആന്‍:16/79) 'അവര്‍ക്കു മുകളില്‍ ചിറക് വിടര്‍ത്തിക്കൊണ്ടും ചിറകു കൂട്ടിപ്പിടിച്ചു കൊണ്ടും പറക്കുന്ന പക്ഷികളുടെ നേര്‍ക്ക് അവര്‍ നോക്കിയില്ലേ? പരമകാരുണികനല്ലാതെ (മറ്റാരും) അവയെ താങ്ങി നിറുത്തുന്നില്ല. തീര്‍ച്ചയായും അവന്‍ എല്ലാകാര്യവും കണ്ടറിയുന്നവനാകുന്നു'. (ഖു൪ആന്‍:67/19); തുടങ്ങിയ സൂക്തങ്ങൾ അതിന് ഉദാഹരണങ്ങളാണ്.
20 കരുണാമയനായ നാഥനല്ലാതെ നിങ്ങള്‍ക്ക് സഹായമേകുന്ന സൈന്യം ആരാണ്? കേവലവഞ്ചനയില്‍ മാത്രമാണ് നിഷേധികളകപ്പെട്ടിരിക്കുന്നത്.
മേൽപ്പറഞ്ഞ സൂക്തങ്ങളിൽ ഭൂമിയെ മനുഷ്യനു പാകപ്പെടുത്തിയതും അതുപോലെ അന്തരീക്ഷത്തെ പറവകൾക്ക് പാകപ്പെടുത്തിയതും ചൂണ്ടിക്കാണിച്ചാണ് അല്ലാഹു മനുഷ്യനെ ചിന്തിപ്പിച്ചത്. അള്ളാഹുവിന്റെ കഴിവും നിയന്ത്രണ പാഠവവും മനസിലാക്കാനുതകുന്ന ധാരാളം തെളിവുകൾ പ്രകൃതിയിൽ വേറെയും അള്ളാഹു സംവിധാനിച്ചിട്ടുണ്ട്. ഇതെല്ലാം പറഞ്ഞു വെച്ചതിനുശേഷം നിങ്ങൾക്കു വേണ്ടി പ്രകൃതിക്കും പറവകൾക്കും ഒരുക്കിയത് പോലെ സംരക്ഷണ കവചം ഒരുക്കുവാൻ ആർക്കാണ് കഴിയുക എന്ന് ചോദിക്കുകയാണ് ഈ ആയത്തിലൂടെ. ഇവിടെ 'ജുൻദ്' എന്ന വാക്ക് പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. സൈന്യം എന്നാണ് ഈ വാക്കിൻ്റെ അർത്ഥം. സൈന്യത്തിൻറെ പ്രധാന ചുമതല പ്രതിരോധമാണ്. അതിനാൽ അല്ലാഹു ചോദിക്കുന്നത് നിങ്ങളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഒന്ന് ഉണ്ടാവുകയോ അവൻ നിങ്ങളെ ശിക്ഷിക്കാൻ തീരുമാനിക്കുകയോ ചെയ്താൽ അത് തടയുവാനുള്ള ഏത് സൈന്യമാണ് നിങ്ങളുടെ പക്കലുള്ളത് എന്നാണ്. അള്ളാഹുവിനെ വിട്ട് നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങൾക്ക് അത് സാദ്ധ്യമാണോ എന്ന് ചോദിക്കുകയാണിവിടെ. ഇത്രയും സരളമായി ഗ്രഹിക്കാവുന്ന കാര്യമായിട്ടു പോലും അത് ശ്രദ്ധിക്കാതെ മനുഷ്യൻ വഞ്ചിക്കപ്പെടുകയാണ് ഭൗതിക പ്രപഞ്ചത്തിന്റെ മുമ്പിൽ.
21 അതല്ല, താന്‍ നല്‍കുന്ന ആഹാരം അല്ലാഹു നിര്‍ത്തി വെച്ചാല്‍ നിങ്ങള്‍ക്കതു തരാന്‍ മറ്റാരാണുള്ളത്? പ്രത്യുത, അഹന്തയിലും ദുര്‍മാര്‍ഗത്തിലും നിപതിച്ചിരിക്കയാണവര്‍.
പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അതിവിശിഷ്ടമായ ഗുണ വിശേഷണങ്ങളിലൊന്നാണ് ഉപജീവനം നൽകുന്നവൻ എന്നത്. മനുഷ്യനും ഇതര ജീവജാലങ്ങളും ഉപജീവനം ആവശ്യമുള്ളവരാണ്. അവയ്ക്ക് വേണ്ട അന്നപാനീയങ്ങൾ ഈ ലോകത്ത് സംവിധാനിക്കപ്പെടുന്നില്ലെങ്കിൽ അവയൊക്കെയും നശിച്ചുപോകുമെന്നതിൽ സംശയമില്ല. ഭൂമിയിലുള്ള തൻ്റെ സൃഷ്ടികളുടെ അന്നത്തിനു വേണ്ടി വിവിധങ്ങളായ മാർഗങ്ങൾ അല്ലാഹു ചേർത്ത് വെച്ചിരിക്കുകയാണ്. പ്രകൃതിയുടെ സന്തുലിതത്വം വഴി അന്തരീക്ഷം തണുത്ത് മഴപെയ്യുന്നു. ആ മഴയിൽ ലഭിക്കുന്ന വെള്ളം സസ്യലതാദികൾ മുളക്കുവാൻ കാരണമായിത്തീരുന്നു. അങ്ങനെ മുളക്കുന്ന സസ്യങ്ങളിൽ വിളയുന്ന ഫലങ്ങൾ വിവിധ രുചികളും ആകർഷക ഘടകങ്ങളും നൽകി അവയെ ഓരോ ജീവിയുടെയും ജീവിത വഴിയിലേക്ക് അവൻ തിരിച്ചുവിടുന്നു. അങ്ങനെ ഒരു അന്നചക്രം രൂപപ്പെടുന്നു. ഇതിൽ ഏതെങ്കിലും ഒന്ന് കുറയുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്താൽ ഈ ശൃംഖല മൊത്തത്തിൽ താളം തെററും. ഇത്തരത്തിൽ സംവിധാനിക്കുവാനും കൂട്ടിയിണക്കുവാനും കഴിവുള്ളത് സൃഷ്ടാവിന് മാത്രമാണ്. ഏതെങ്കിലും ഒരു സൃഷ്ടി ഏതെങ്കിലും ഒരു അന്നം ഒരുക്കുവാനോ വിതരണം ചെയ്യുവാനോ തയ്യാറായി എന്നതുകൊണ്ട് അയാൾ ഉപജീവനം നൽകുന്ന ആളായിത്തീരുന്നില്ല. അതുകൊണ്ടാണ് ഈ സൂക്തത്തിലൂടെ അല്ലാഹു ആധികാരികമായി ചോദിക്കുന്നത് അല്ലാഹു അന്നം നിര്‍ത്തി വെച്ചാല്‍ നിങ്ങള്‍ക്കതു തരാന്‍ മറ്റാരാണുള്ളത് എന്നാണ്. അല്ലാഹുവിനോട് മാത്രമേ ചോദിക്കാൻ ന്യായമുള്ളൂ. ഇത്തരം അനുഭവങ്ങൾ വരുമ്പോൾ അല്ലാഹുവിനോട് ചോദിക്കുവാൻ ഇസ്ലാം പഠിപ്പിക്കുന്നു. നബി(സ)യും അനുചരൻമാരും വരൾച്ച ബാധിച്ച ഘട്ടത്തിൽ സർവശക്തനായ അല്ലാഹുവിനോട് മഴക്കുവേണ്ടി പ്രാർഥിക്കുകയും മഴ ലഭിക്കുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. മഴക്കുവേണ്ടി പ്രത്യേക പ്രാർഥന തന്നെ ഇസ്ലാം പഠിപ്പിച്ചിട്ടുണ്ട്.
22 അപ്പോള്‍ തലകീഴായി മുഖത്തിന്മേല്‍ ഇഴയുന്നവനോ, അതോ ഋജുവായ വഴിയിലൂടെ നേരെചൊവ്വേ നടക്കുന്നവനോ ആരാണ് കൂടുതല്‍ സന്മാര്‍ഗ പ്രാപ്തന്‍?
തലകീഴായി മുഖത്തിന്മേൽ നടക്കുക എന്നത് മനുഷ്യരുടെ നടത്തത്തിൻ്റെ നേർവിപരീതമാണ്. സാധാരണ ഗതിയിൽ തല ഉയർത്തിപ്പിടിച്ച് കാലിൽ ആണല്ലോ മനുഷ്യൻമാർ നടക്കുന്നത്. അതിനാൽ തന്നെ തല ഉയർത്തിപ്പിടിച്ചുള്ള നടത്തത്തെ ശരിയായ നടത്തം എന്നും തലകീഴായി മുഖത്തിന്മേൽ ഉള്ള നടത്തത്തെ തെറ്റായ നടത്തണമെന്നും പ്രാഥമികമായി തന്നെ വ്യാഖ്യാനിക്കാം. അതനുസരിച്ച് പല വ്യാഖ്യാതാക്കളും തെറ്റായ രീതിയിലും രൂപത്തിലും നടക്കുന്ന മനുഷ്യരെ കുറിച്ചാണ് ഈ ആയത്ത് ആക്ഷേപിക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ വിശുദ്ധ ഖുർആനിലും തിരു ഹദീസുകളിലും പലയിടത്തും വന്നിട്ടുള്ള ഈ പ്രയോഗത്തിൻ്റെ അർഥം കാലിൽ പിടിച്ചു മുഖം നിലത്ത് ഉരയുന്ന വിധത്തിലുള്ള വലിച്ചുകൊണ്ടു പോകൽ എന്നാണ് എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. രണ്ടു വ്യാഖ്യാനങ്ങളും അർത്ഥതലത്തിൽ ശരിതന്നെയാണ്. അപ്പോൾ മുഖം കുത്തി നടക്കുക എന്നത് അല്ലാഹുവിൻ്റെ കല്പനക്കെതിരായും തെറ്റായ ജീവിത വിശ്വാസ ശൈലിയിലൂടെയും മുന്നോട്ട് നീങ്ങുക എന്നതാണ്. നേരായ മാർഗത്തിൽ ശരിയായി നടക്കുക എന്നാൽ അള്ളാഹുവിന്റെ കല്പനക്കനുസൃതമായി ജീവിക്കുക എന്നുമാണ്. നന്നായി നടക്കുന്നവനേ ലക്ഷ്യത്തിലെത്തിച്ചേരൂ.
ഋജുവല്ലാത്ത വഴിയിലൂടെ ജീവിക്കുന്നവരാണ് സത്യനിഷേധികള്‍. അവര്‍ക്കൊരിക്കലും ജീവിത വിജയമോ പാരത്രിക മോക്ഷമോ നേടാന്‍ കഴിയില്ല എന്നാണ് ഈ ആയത്തിന്റെ ആശയം.
23 നബിയേ പ്രഖ്യാപിക്കുക. അവനാണ് നിങ്ങളെ പടച്ചുണ്ടാക്കുകയും കേള്‍വിയും കാഴ്ചയും ഹൃദയങ്ങളും നിങ്ങള്‍ക്ക് സംവിധാനിക്കുകയും ചെയ്തവന്‍; വളരെ അപൂര്‍വമായേ നിങ്ങള്‍ കൃതജ്ഞരാകുന്നുള്ളൂ.
സൃഷ്ടാവിനെ കണ്ടെത്തുവാൻ ഏതൊരു മനുഷ്യനും സഹായകമാകും വിധം സരളമായ ദൃഷ്ടാന്തങ്ങൾ പറഞ്ഞതിനുശേഷം അല്ലാഹു മനുഷ്യനിലേക്ക് കടക്കുകയാണ്. നാലു കാര്യങ്ങളാണ് എടുത്തു പറഞ്ഞിരിക്കുന്നത്. അവയിൽ ഒന്ന് മനുഷ്യനെ പടച്ചുണ്ടാക്കി എന്നതാണ്. അന്യൂനമായ രൂപവും അംഗങ്ങളും കഴിവുകളും നൽകിയാണ് അവനെ പടച്ചിരിക്കുന്നത്. പ്രപഞ്ചത്തിലെ അല്ലാഹുവല്ലാത്ത മറ്റെല്ലാ ഘടകങ്ങളുടെയും മേലിൽ ആധിപത്യം പുലർത്താൻ കഴിയുന്ന ശേഷികളാണ് അവന് നൽകിയിരിക്കുന്നത്. പിന്നീട് പറയുന്ന മൂന്ന് കാര്യങ്ങൾ ഈ ഒന്നാമത്തേതിൻ്റെ വിശദാംശങ്ങളിൽ പെട്ടത് തന്നെയാണ്. കണ്ണും കാതും ഹൃദയവും നൽകി എന്നതാണ് അത്. നമ്മുടെ ശരീരത്തിലെ ഓരോ അവയവവും അപാരമായ കർമ്മശേഷിയുള്ളവയാണ്. ഓരോ അവയവത്തെയും രൂപം നൽകുന്ന വെറും അംഗമായിട്ടല്ല മറിച്ച് ഇന്ദ്രിയമായി കൊണ്ടാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. ഉദാഹരണമായി കാണുന്ന കാര്യങ്ങളെ ഗ്രഹിക്കുവാനും വിവേചനം ചെയ്യുവാനും കഴിയുന്ന തരത്തിലാണ് കണ്ണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. കേൾക്കുന്ന കാര്യങ്ങൾ എന്താണെന്നും ഏതു ദിക്കിൽ നിന്നുള്ളതാണെന്നും അതിൻ്റെ ആശയം എന്താണ് എന്നും വിവേചിക്കാൻ സഹായകമാകുന്ന വിധത്തിലാണ് കേൾവി ശക്തി നൽകപ്പെട്ടിരിക്കുന്നത്. ഇത്തരം അവയവങ്ങളും ശേഷികളുമാണ് മനുഷ്യനെ വലിയ ഒരു അർത്ഥമായി മാറ്റുന്നത്. ആ അർത്ഥമാണ് പ്രപഞ്ചത്തിൽ സൃഷ്ടാവിന്റെ പ്രതിനിധിയായി തീരുവാൻ അവനെ പ്രാപ്തനാക്കുന്നതും. ഈ അവയവങ്ങളും ശേഷികളും ചിന്തക്ക് വിഷയീഭവിപ്പിക്കുകയാണ് എങ്കിൽ അതുതന്നെ മതിയാകും അല്ലാഹുവിനെ തിരിച്ചറിയുവാനും അതിനെല്ലാം നന്ദി ചെയ്യുന്ന അവൻ്റെ നല്ല അടിമകളായി ആകുവാനും. പക്ഷേ എന്നിട്ടും അധിക ആൾക്കാരും ഇതൊന്നും ചിന്തിക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല എന്ന നിരൂപണം കൂടി ആയത്തിന്റെ അവസാനത്തിൽ അല്ലാഹു നടത്തുന്നു.
24 പറയുക. അവനാണ് നിങ്ങളെ ഭൂമിയില്‍ സൃഷ്ടിച്ച് വ്യാപിപ്പിച്ചവന്‍; അവങ്കലേക്കു തന്നെ നിങ്ങള്‍ സംഗമിപ്പിക്കപ്പെടുകയും ചെയ്യും.
സൃഷ്ടിച്ച് നമ്മെ ഭൂമിയിൽ വ്യാപിപ്പിച്ച അള്ളാഹു ഈ ജീവിതത്തിനു ശേഷം നമ്മെ അവനിങ്കലേക്ക് ഒരുമിച്ച് കൂട്ടും എന്നത് വളരെ ശ്രദ്ധേയമായ ഒരു ഉണർത്തലാണ്. ഈ ജീവിതത്തിലെ പ്രവർത്തനങ്ങൾക്ക് കണക്ക് ബോധിപ്പിക്കേണ്ട ഒരു ലോകം വരാനില്ലെന്നും മരണത്തോടെ എല്ലാം അവസാനിച്ചുവെന്നും വാദിക്കുന്ന ചിലർ അതിനു പറയുന്ന കാരണം മരിച്ച് മണ്ണിൽ ലയിച്ചാൽ പിന്നെ എങ്ങനെയാണ് വീണ്ടും ജനിപ്പിക്കുക എന്നാണ്. അള്ളാഹു ആ സംശയത്തെ തകർക്കുകയാണീ പ്രയോഗത്തിലൂടെ. അതായത് ഇല്ലായ്മയിൽ നിന്ന് ജനിപ്പിച്ചവനാണവൻ! അത്ര ബുദ്ധിമുട്ടുണ്ടാവില്ലല്ലോ മരിച്ച് മണ്ണായി പോയ സാധനത്തിനു പഴയ അവസ്ഥ നൽകാൻ!! വളരെ ബുദ്ധിപരമായ ഒരു ചിന്തയാണിത്. പുനർജ്ജന്മത്തെ നിരാകരിക്കുന്നവരോടൊക്കെ അല്ലാഹു ഖുർആനിലുടനീളം ഈ വിധം തന്നെയാണ് മറുപടി പറയുന്നത്. ചിന്തിക്കുന്നവർക്ക് ഈ മറുപടി തന്നെ ധാരാളമാണ്.
0
Thoughts & Arts
ആരാണ്, അല്ലാഹുവല്ലാതെ. ?
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso