ഇഅ്ജാസ്
ടി എച്ച് ദാരിമി
ബൈബിളും ഖുർആനും തമ്മിൽ താരതമ്യം ചെയ്യേണ്ട പല വിഷയങ്ങളും ഉണ്ട്. താരതമ്യ പഠനങ്ങൾ കൂടുതൽ കൃത്യവും വ്യക്തതയും ഉള്ള കാഴ്ചപ്പാടുകളിലേക്ക് നമ്മെ നയിക്കുന്നു. അത്തരത്തിലുള്ള ഒരു വിഷയമാണ് മഹാ പ്രളയത്തെക്കുറിച്ചുള്ള വിവരണങ്ങൾ. പ്രവാചകനായ നൂഹ് നബി(അ)യുടെ കാലത്ത് അദ്ദേഹത്തിൻ്റെ ജനത പറഞ്ഞത് കേൾക്കാതെ ധിക്കാരം കാണിച്ചപ്പോൾ അവരെ അല്ലാഹു ശിക്ഷിച്ചത് മഹാപ്രളയം വഴിയായിരുന്നു എന്ന് വിശുദ്ധ ഖുർആൻ വ്യക്തമായി പറയുന്നുണ്ട്. ഈ സംഭവത്തെക്കുറിച്ചുള്ള ചരിത്രപരമായ പരാമർശം ബൈബിളിലും കാണാം. പക്ഷേ, സംഭവം ഏറെക്കുറെ ഒന്നുതന്നെയാണ് എങ്കിലും രണ്ട് പ്രമാണങ്ങളിലെയും വായനകൾക്കിടയിൽ ചില പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്. ബൈബിളിൽ ഉൽപത്തി പുസ്തകം (അധ്യായങ്ങൾ 6-9) പ്രകാരം മനുഷ്യരുടെ തിന്മകൾ വർദ്ധിച്ചപ്പോൾ ഭൂമിയെ ശുദ്ധീകരിക്കാനായി ദൈവം വരുത്തിയ മഹാപ്രളയമാണ് നോഹയുടെ ജലപ്രളയം. സകല ജീവജാലങ്ങളെയും രക്ഷിക്കാൻ ദൈവനർദ്ദേശപ്രകാരം നോഹ ഒരു വലിയ പെട്ടകം നിർമ്മിക്കുകയും, അതിൽ അവരും ഓരോ ജോടി മൃഗങ്ങളും അഭയം പ്രാപിക്കുകയും ചെയ്തു. 40 രാപ്പകലുകൾ പെയ്ത മഴയിൽ ഭൂമിയിലെ മുഴുവൻ മലകളും വെള്ളത്തിനടിയിലായി. പ്രളയത്തിന് ശേഷം അറാറത്ത് പർവതത്തിൽ പെട്ടകം ഉറച്ചു. പിന്നീട് വെള്ളം വലിഞ്ഞ് ഭൂമി വരണ്ടപ്പോൾ നോഹയും കുടുംബവും പുറത്തുവരികയും, ദൈവം ഭൂമിയെ ഇനി ഒരിക്കലും വെള്ളത്താൽ നശിപ്പിക്കില്ലെന്ന് വാഗ്ദാനം ചെയ്ത് ആകാശത്ത് മഴവില്ല് പ്രതിഷ്ഠിക്കുകയും ചെയ്തു. ഇതാണ് ഈ സംഭവത്തിന്റെ ബൈബിൾ ഭാഷ്യം.
ഉല്പത്തി പുസ്തകത്തിൻ്റെ 7, 8, 9 അധ്യായങ്ങളിലാണ് പ്രധാനമായും ബൈബിൾ ഈ കഥ പറയുന്നത്. കേവലം അവ ഒന്ന് വായിച്ചു പോകുന്നത് രണ്ട് പ്രമാണങ്ങളും തമ്മിലുള്ള താരതമ്യങ്ങളിലേക്ക് കൃത്യമായി കടന്നു ചെല്ലാൻ നമ്മെ സഹായിക്കും. ഉല്പത്തി ഏഴാം അധ്യായം ഇങ്ങനെയാണ്: മനുഷ്യന്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി അവര്‍ക്കും പുത്രിമാര്‍ ജനിച്ചപ്പോള്‍ ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു. (7: 1,2) എന്നാല്‍ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു. നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു. ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു. എന്നാല്‍ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയില്‍ തന്റെ വഴി വഷളാക്കിയിരുന്നു. ദൈവം നോഹയോടു കല്പിച്ചതെന്തെന്നാല്‍സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പില്‍ വന്നിരിക്കുന്നു; ഭൂമി അവരാല്‍ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും. നീ ഗോഫര്‍മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കുക; പെട്ടകത്തിന്നു അറകള്‍ ഉണ്ടാക്കി, അകത്തും പുറത്തും കീല്‍ തേക്കേണം. (7: 8-14)
15 അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാല്‍പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം. പെട്ടകത്തിന്നു കിളിവാതില്‍ ഉണ്ടാക്കേണം; മേല്‍നിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതില്‍ അതിന്റെ വശത്തുവെക്കേണംതാഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം. ആകാശത്തിന്‍ കീഴില്‍നിന്നു ജീവശ്വാസമുള്ള സര്‍വ്വജഡത്തെയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും. നിന്നോടോ ഞാന്‍ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കടക്കേണം. സകല ജീവികളില്‍നിന്നും, സര്‍വ്വജഡത്തില്‍നിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തില്‍ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം. അതതു തരം പക്ഷികളില്‍നിന്നും അതതു തരം മൃഗങ്ങളില്‍നിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളില്‍നിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കല്‍ വരേണം. നീയോ സകലഭക്ഷണസാധനങ്ങളില്‍നിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവേക്കും ആഹാരമായിരിക്കേണം. ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവന്‍ ചെയ്തു. (7:15-22)
അനന്തരം യഹോവ നോഹയോടു കല്പിച്ചതെന്തെന്നാല്‍നീയും സര്‍വ്വകുടുംബവുമായി പെട്ടകത്തില്‍ കടക്ക; ഞാന്‍ നിന്നെ ഈ തലമുറയില്‍ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു. ശുദ്ധിയുള്ള സകലമൃഗങ്ങളില്‍നിന്നും ആണും പെണ്ണുമായി ഏഴേഴും, ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നു ആണും പെണ്ണുമായി ഈരണ്ടും, ആകാശത്തിലെ പറവകളില്‍നിന്നു പൂവനും പിടയുമായി ഏഴേഴും, ഭൂമിയിലൊക്കെയും സന്തതി ശേഷിച്ചിരിക്കേണ്ടതിന്നു നീ ചേര്‍ത്തുകൊള്ളേണം. ഇനി ഏഴുദിവസം കഴിഞ്ഞിട്ടു ഞാന്‍ ഭൂമിയില്‍ നാല്പതു രാവും നാല്പതു പകലും മഴ പെയ്യിക്കും; ഞാന്‍ ഉണ്ടാക്കീട്ടുള്ള സകല ജീവജാലങ്ങളെയും ഭൂമിയില്‍നിന്നു നശിപ്പിക്കും. യഹോവ തന്നോടു കല്പിച്ചപ്രകാരമൊക്കെയും നോഹ ചെയ്തു. ഭൂമിയില്‍ ജലപ്രളയം ഉണ്ടായപ്പോള്‍ നോഹെക്കു അറുനൂറു വയസ്സായിരുന്നു. നോഹയും പുത്രന്മാരും അവന്റെ ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും ജലപ്രളയം നിമിത്തം പെട്ടകത്തില്‍ കടന്നു. ശുദ്ധിയുള്ള മൃഗങ്ങളില്‍ നിന്നും ശുദ്ധിയില്ലാത്ത മൃഗങ്ങളില്‍നിന്നും പറവകളില്‍നിന്നും ഭൂമിയിലുള്ള ഇഴജാതിയില്‍നിന്നൊക്കെയും, ദൈവം നോഹയോടു കല്പിച്ചപ്രകാരം ഈരണ്ടീരണ്ടു ആണും പെണ്ണുമായി നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു.
ഏഴു ദിവസം കഴിഞ്ഞശേഷം ഭൂമിയില്‍ ജലപ്രളയം തുടങ്ങി. നോഹയുടെ ആയുസ്സിന്റെ അറുനൂറാം സംവത്സരത്തില്‍ രണ്ടാം മാസം പതിനേഴാം തിയ്യതി, അന്നുതന്നേ ആഴിയുടെ ഉറവുകള്‍ ഒക്കെയും പിളര്‍ന്നു; ആകാശത്തിന്റെ കിളിവാതിലുകളും തുറന്നു. നാല്പതു രാവും നാല്പതു പകലും ഭൂമിയില്‍ മഴ പെയ്തു. അന്നുതന്നേ നോഹയും നോഹയുടെ പുത്രന്മാരായ ശേമും ഹാമും യാഫേത്തും നോഹയുടെ ഭാര്യയും അവന്റെ പുത്രന്മാരുടെ മൂന്നു ഭാര്യമാരും പെട്ടകത്തില്‍ കടന്നു. അവരും അതതു തരം കാട്ടുമൃഗങ്ങളും അതതു തരം കന്നുകാലികളും നിലത്തിഴയുന്ന അതതുതരം ഇഴജാതിയും അതതു തരം പറവകളും അതതു തരം പക്ഷികളും തന്നേ. ജീവശ്വാസമുള്ള സര്‍വ്വജഡത്തില്‍നിന്നും ഈരണ്ടീരണ്ടു നോഹയുടെ അടുക്കല്‍ വന്നു പെട്ടകത്തില്‍ കടന്നു. ദൈവം അവനോടു കല്പിച്ചതുപോലെ അകത്തുകടന്നവ സര്‍വ്വജഡത്തില്‍നിന്നും ആണും പെണ്ണുമായി കടന്നു; യഹോവ വാതില്‍ അടെച്ചു. ഭൂമിയില്‍ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, വെള്ളം വര്‍ദ്ധിച്ചു പെട്ടകം പൊങ്ങി, നിലത്തുനിന്നു ഉയര്‍ന്നു. വെള്ളം പൊങ്ങി ഭൂമിയില്‍ ഏറ്റേവും പെരുകി; പെട്ടകം വെള്ളത്തില്‍ ഒഴുകിത്തുടങ്ങി. വെള്ളം ഭൂമിയില്‍അത്യധികം പൊങ്ങി, ആകാശത്തിന്‍ കീഴെങ്ങമുള്ള ഉയര്‍ന്ന പര്‍വ്വതങ്ങളൊക്കെയും മൂടിപ്പോയി. പര്‍വ്വതങ്ങള്‍ മൂടുവാന്‍ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം അവേക്കു മീതെ പൊങ്ങി. പറവകളും കന്നുകാലികളും കാട്ടുമൃഗങ്ങളും നിലത്തു ഇഴയുന്ന എല്ലാ ഇഴജാതിയുമായി ഭൂചരജഡമൊക്കെയും സകലമനുഷ്യരും ചത്തുപോയി. കരയിലുള്ള സകലത്തിലും മൂക്കില്‍ ജീവശ്വാസമുള്ളതൊക്കെയും ചത്തു. ഭൂമിയില്‍ മനുഷ്യനും മൃഗങ്ങളും ഇഴജാതിയും ആകാശത്തിലെ പറവകളുമായി ഭൂമിയില്‍ ഉണ്ടായിരുന്ന സകലജീവജാലങ്ങളും നശിച്ചുപോയി; അവ ഭൂമിയില്‍നിന്നു നശിച്ചുപോയി; നോഹയും അവനോടുകൂടെ പെട്ടകത്തില്‍ ഉണ്ടായിരുന്നവരും മാത്രം ശേഷിച്ചു. വെള്ളം ഭൂമിയില്‍ നൂറ്റമ്പതു ദിവസം പൊങ്ങിക്കൊണ്ടിരുന്നു. (8: I-24). തുടർന്ന് ഒമ്പതാം അദ്ധ്യായത്തിൽ പ്രധാനമായും പറയുന്നത് പ്രളയാനന്തര കാര്യങ്ങളാണ്. പത്രൊസ് 3:19, 20 ലും ഈ സംഭവം ബൈബിൾ പറയുന്നുണ്ട്.
വിശുദ്ധ ഖുർആനിലെ സൂറത്തുൽ ഹൂദ് (11-ാം അധ്യായം), സൂറത്തു നൂഹ് (71-ാം അധ്യായം), സൂറത്തുൽ അൻബിയാഅ് (21-ാം അധ്യായം) എന്നിവയിലാണ് പ്രളയത്തെയും നൂഹ് നബിയുടെ ചരിത്രത്തെയും കുറിച്ച് പ്രധാനമായി പ്രതിപാദിച്ചിരിക്കുന്നത്. സൂറത്ത് ഹൂദിലെ 25 മുതൽ 32 വരെ സൂക്തങ്ങൾ ഈ സംഭവത്തിന്റെ ആമുഖം എന്ന നിലക്ക് നൂഹ് നബി തൻ്റെ ജനതയുമായി നടത്തുന്ന സംസാരങ്ങളും സംവാദങ്ങളും ആണ് പറയുന്നത്. തുടർന്ന് സംഭവം 32 മുതൽ 43 വരെ സൂക്തങ്ങളിലായി പറയുകയാണ് വിശുദ്ധ ഖുർആൻ. അതിൽ അല്ലാഹു പറയുന്നു: 'അവര്‍ പ്രതികരിച്ചു: നൂഹേ, നീ ഞങ്ങളോട് ധാരാളമായി ആവര്‍ത്തിച്ചു തര്‍ക്കിക്കുകയാണല്ലോ. അതുകൊണ്ട്, സത്യസന്ധരില്‍ പെട്ടവനാണെങ്കില്‍ നിന്റെ ആ വാഗ്ദത്തശിക്ഷ ഇങ്ങുകൊണ്ടുവാ! അദ്ദേഹം പ്രതിവചിച്ചു: താന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അല്ലാഹുവാണ് നിങ്ങള്‍ക്കത് കൊണ്ടുവരിക. അവനെ അശക്തനാക്കാന്‍ നിങ്ങള്‍ക്കാവില്ല. നിങ്ങളെ വഴിതെറ്റിക്കാനാണ് അല്ലാഹു ഉദ്ദേശിച്ചിട്ടുള്ളതെങ്കില്‍, ഞാന്‍ ഉപദേശിക്കാന്‍ വിചാരിച്ചാലും ഫലശൂന്യമായിരിക്കും. അവങ്കലേക്കാണ് നിങ്ങള്‍ മടക്കപ്പെടുന്നത്. അതല്ല, ഖുര്‍ആന്‍ മുഹമ്മദ് നബി കെട്ടിച്ചമച്ചതാണെന്നാണോ മക്കാമുശ്‌രിക്കുകള്‍ ജല്‍പിക്കുന്നത്? നബീ, പറയുക: അത് എന്റെ സ്വയം നിര്‍മിതിയാണെങ്കില്‍ ആ പാപഭാരം എനിക്കുമാത്രമാണ്. നിങ്ങളുടെ ദുഷ്‌ചെയ്തികളില്‍ നിന്നെല്ലാം ഞാന്‍ മുക്തനുമാകുന്നു. ഇതിനകം വിശ്വസിച്ചു കഴിഞ്ഞവരല്ലാതെ താങ്കളുടെ സമൂഹത്തില്‍ നിന്ന് മറ്റാരും ഇനി സത്യവിശ്വാസം കൈക്കൊള്ളാന്‍ പോകുന്നില്ല തീര്‍ച്ച; അതുകൊണ്ട് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ദുഃഖാകുലനാവേണ്ട എന്ന് നൂഹ്‌നബിക്ക് ദിവ്യബോധനം നല്‍കപ്പെടുകയുണ്ടായി. നമ്മുടെ സംരക്ഷണത്തിലും സന്ദേശാനുസൃതവും താങ്കള്‍ കപ്പല്‍ പണിയുക. അക്രമികളായ ജനതയുടെ കാര്യത്തില്‍ എന്നോട് താങ്കള്‍ സംസാരിക്കരുത്; അവര്‍ മുക്കിക്കൊല്ലപ്പെടുന്നവര്‍ തന്നെയാണ്. അങ്ങനെയദ്ദേഹം കപ്പല്‍ പണിതുകൊണ്ടിരുന്നു. തന്റെ സമൂഹത്തില്‍ പെട്ട ഓരോപറ്റം അതുവഴി നടന്നു പോകുമ്പോഴൊക്കെയും അദ്ദേഹത്തെ കളിയാക്കുകയുണ്ടായി. നൂഹ്‌നബി പ്രതികരിച്ചു: നിങ്ങള്‍ ഞങ്ങളെ പരിഹസിക്കുകയാണെങ്കില്‍, അതുപോലെ നിങ്ങളെ ഞങ്ങളും പരിഹസിക്കുന്നതാണ്. അപ്പോള്‍ നിങ്ങള്‍ക്കറിയാം, ആര്‍ക്കാണ് അവഹേളനാത്മകമായ ശിക്ഷ വന്നെത്തുന്നതെന്നും ശാശ്വത ശിക്ഷാമുറകള്‍ ആരിലാണിറങ്ങുന്നതെന്നും.
അങ്ങനെ നമ്മുടെ ഉത്തരവ് വന്നെത്തുകയും അടുപ്പില്‍ നിന്നുവരെ ഉറവ പൊട്ടിയൊലിക്കുകയും ചെയ്തപ്പോള്‍ നാം അരുളി: സമസ്ത ജന്തുവര്‍ഗങ്ങളിലും നിന്ന് രണ്ടു ഇണകളെയും ശിക്ഷാവചനം മുന്‍കടന്നവരൊഴികെയുള്ള താങ്കളുടെ കുടുംബാംഗങ്ങളെയും സത്യവിശ്വാസം സ്വീകരിച്ചവരെയും-വളരെ കുറച്ചുപേര്‍ മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നുള്ളൂ-ആ കപ്പലില്‍ കയറ്റിക്കൊള്ളുക. അദ്ദേഹം കല്‍പിച്ചു: കപ്പലില്‍ കയറിക്കൊള്ളുക. അതിന്റെ സഞ്ചാരവും നങ്കൂരമിടലും അല്ലാഹുവിന്റെ പേരിലാകുന്നു. നിശ്ചയം, എന്റെ രക്ഷിതാവ് ഏറെ പൊറുക്കുന്നവനും കരുണാമയനുമത്രേ. മലപോലുള്ള തിരമാലകള്‍ക്കിടയിലൂടെ കപ്പല്‍ ഓടിക്കൊണ്ടിരിക്കുകയാണ്. നൂഹ് നബി(അ) തന്റെ പുത്രന്‍ കന്‍ആനെ-അവന്‍ അകലെയൊരിടത്തായിരുന്നു-വിളിച്ചുപറഞ്ഞു: പ്രിയപുത്രാ, ഞങ്ങളൊന്നിച്ചു കയറൂ; സത്യനിഷേധികളുടെ കൂടെ നീ ആയിപ്പോകരുത്. അവന്‍ പ്രതികരിച്ചു:ജലപ്രളയത്തില്‍ നിന്നു സംരക്ഷിക്കുന്ന ഒരു മലയില്‍ ഞാനഭയം തേടുന്നതാണ്.നബി പറഞ്ഞു: അല്ലാഹുവിന്റെ കല്‍പനയില്‍ നിന്നു സംരക്ഷണം തരുന്ന ഒരാളും-അവന്റെ കാരുണ്യവിധേയരൊഴികെ-ഇന്നുണ്ടാവില്ല. (പെട്ടെന്ന്)തിരമാല ഇരുവര്‍ക്കുമിടയില്‍ മറയിട്ടു, അവന്‍ മുങ്ങിനശിച്ചവരിലകപ്പെട്ടു'.
ബൈബിളിലും വിശുദ്ധ ഖുർആനിലും മഹാപ്രളയത്തെക്കുറിച്ചുള്ള വിവരണം ഒട്ടേറെ സമാനതകളുള്ളതും എന്നാൽ ചില പ്രധാന വ്യത്യാസങ്ങളുള്ളതുമാണ്. രണ്ട് ഗ്രന്ഥങ്ങളിലും മനുഷ്യന്റെ അധഃപതനവും തിന്മകളും കാരണമാണ് ദൈവം പ്രളയമെന്ന ശിക്ഷ അയക്കുന്നത് എന്നു പറയുന്നു. ബൈബിൾ ഈ വിഷയം മനുഷ്യൻ ധാർമികമായി വഴിപിഴച്ചതായിരുന്നു കാരണം എന്നു മാത്രം പറഞ്ഞു കൊണ്ട് കടന്നുപോവുകയാണ്. അതേസമയം വിശുദ്ധ ഖുർആനാവട്ടെ ജനങ്ങൾ ഏകദൈവ വിശ്വാസം എന്ന അടിസ്ഥാനത്തിൽ നിന്ന് വ്യതിചലിച്ചത് തന്നെയാണ് അവരുടെ ധാർമികമായ അപചയത്തിനും ഈ പരീക്ഷണത്തിനും കാരണമായത് എന്ന് ഒരല്പം വിശദമായി പറയുന്നു. രണ്ടിലും അല്ലാഹു നൂഹിനോട് ഒരു വലിയ പെട്ടകം (കപ്പൽ) നിർമ്മിക്കാൻ കൽപ്പിക്കുന്നതായി ഒരേപോലെ പറയുന്നു. ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ഓരോ ജോടിയെ (ആണും പെണ്ണും) പെട്ടകത്തിൽ കയറ്റാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. അതേസമയം ഈ പെട്ടകത്തിന്റെ ഏതാണ്ട് കൃത്യം എന്ന് തോന്നിക്കുന്ന അളവുകൾ ബൈബിൾ പറയുന്നുണ്ട്. വിശുദ്ധ ഖുർആൻ അക്കാര്യത്തിൽ മാത്രമല്ല സംഭവത്തിലെ പല രംഗങ്ങളുടെയും സൂക്ഷ്മവും സ്ഥൂലവുമായ വിശദാംശങ്ങളും വിശദീകരണങ്ങളും ഒഴിവാക്കിയിരിക്കുകയാണ്. ബൈബിളിൽ പെട്ടകത്തിന്റെ കൃത്യമായ അളവുകൾ (300 മുഴം നീളം, 50 മുഴം വീതി, 30 മുഴം ഉയരം) വ്യക്തമാക്കുന്നുണ്ട്.
മഹാപ്രളയത്തിൽ നിന്ന് രക്ഷപ്പെട്ടവരെ കുറിച്ച് ഉള്ള വിവരണത്തിലും ചെറിയ ധ്വനി വ്യത്യാസം ഉണ്ട്. ബൈബിൾ നോഹ, അദ്ദേഹത്തിന്റെ ഭാര്യ, മൂന്ന് പുത്രന്മാർ (ശേം, ഹാം, യാഫെത്ത്), അവരുടെ ഭാര്യമാർ എന്നിവരുൾപ്പെടെ 8 പേരും, പെട്ടകത്തിൽ കയറിയ ജീവജാലങ്ങളും മാത്രം പ്രളയത്തെ അതിജീവിച്ചു എന്നാണ് പറയുന്നത്. നേരത്തെ പെട്ടകത്തെ വിവരിക്കുമ്പോൾ അളവുകൾ പറഞ്ഞതുപോലെ എണ്ണങ്ങളും മറ്റും കൃത്യമായി എന്നോണം പറയുന്ന രീതിയാണ് ബൈബിളിന്റേത്. എന്നാൽ വിശുദ്ധ ഖുർആൻ പറയുന്നത് നൂഹ് നബിയിൽ വിശ്വസിച്ച കുറച്ചുപേരും അദ്ദേഹത്തിന്റെ കുടുംബവും പെട്ടകത്തിൽ കയറി രക്ഷപ്പെട്ടു എന്ന് മൊത്തത്തിലാണ്. ഇക്കാര്യത്തിലുള്ള ഏറ്റവും പ്രകടമായ വ്യത്യാസവും നൂഹ് നബിയുടെ മകനും ഭാര്യയും പ്രണയത്തിൽ പെട്ടു എന്ന് വിശുദ്ധ ഖുർആൻ വ്യക്തമായി പറയുമ്പോൾ (സൂറത്തു ഹൂദ്:43-46) ഇക്കാര്യം ബൈബിൾ മിണ്ടുന്നില്ല.
അപ്രകാരം തന്നെ പ്രളയത്തിൻ്റെ വ്യാപ്തിയെ കുറിച്ചുള്ള വിവരണങ്ങളിലും രണ്ടു ഗ്രന്ഥങ്ങളുടെയും പരാമർശങ്ങൾക്ക് സമാനതയുണ്ട്. രണ്ടു ഗ്രന്ഥങ്ങളിലും ആകാശത്തുനിന്നുള്ള കനത്ത മഴയും ഭൂമിയിലെ അഗാധമായ ഉറവകൾ പൊട്ടിയൊഴുകിയും ജലം ഉയരുന്നതായി പറയുന്നു. ഉയർന്ന പർവ്വതങ്ങൾ പോലും വെള്ളത്തിനടിയിലായി. ഖുർആൻ വ്യക്തമാക്കുന്നത് പ്രളയത്തിന് ശേഷം വെള്ളം ഇറങ്ങിപ്പോകാൻ അല്ലാഹു കൽപ്പിച്ചു (സൂറത്തു ഹൂദ് 11:44) എന്നാണ്. പിന്നെ ഒരു പ്രധാന വ്യത്യാസം പ്രളയത്തിനുശേഷം കപ്പൽ 'ജൂദി' മലയിൽ ഉറച്ചു (നങ്കൂരമിട്ടു) എന്ന് ഖുർആൻ പറയുന്നു. എന്നാൽ ബൈബിളിൽ പ്രളയജലം വറ്റിയപ്പോൾ പെടകം 'അരാരത്ത്' (Ararat) പർവ്വതത്തിൽ ഉറച്ചതായിട്ടാണ് വിവരിക്കുന്നത്. തുടർന്ന് മനുഷ്യവർഗ്ഗത്തെയും ജീവജാലങ്ങളെയും ദൈവം അനുഗ്രഹിക്കുകയും, ഇനി ഭൂമിയെ ജലപ്രളയം കൊണ്ട് നശിപ്പിക്കില്ല എന്നതിന്റെ പ്രതീകമായി ആകാശത്ത് മഴവില്ല് കാണിക്കുകയും ചെയ്യുന്നു (ഉല്പത്തി 9:13-17). ചില കാര്യങ്ങളിൽ കൃത്യമായ വ്യത്യാസം ഉണ്ട് എങ്കിലും പൊതുവേ ബൈബിളിലെ വിവരണം ചരിത്ര സംഭവങ്ങൾക്ക് പ്രാധാന്യം നൽകുന്ന കഥന ഭാവം പ്രകടിപ്പിക്കുമ്പോൾ, ഖുർആൻ ഈ സംഭവത്തിലെ ആത്മീയ പാഠങ്ങൾക്കാണ് (സത്യനിഷേധികളുടെ പരാജയവും വിശ്വാസികളുടെ വിജയവും) കൂടുതൽ ഊന്നൽ നൽകുന്നത്.
മറ്റൊരു പ്രധാന വ്യത്യാസം ബൈബിൾ വചനങ്ങളിൽ നിന്നും വ്യാഖ്യാനങ്ങളിൽ നിന്നും പ്രളയം ഭൂമുഖത്ത് മുഴുവനും ഉണ്ടായ ഒരു ശുദ്ധീകരണ പ്രക്രിയ ആയിരുന്നു എന്നാണ് മനസ്സിലാവുക. അതേസമയം വിശുദ്ധ ഖുർആൻ അതിനെക്കുറിച്ച് പറയുന്നതെല്ലാം നൂഹ് നബിയുടെ ജനതയിൽ മാത്രം ഒതുങ്ങി നിന്ന് ഒന്നായിരുന്നു അത് എന്ന നിലക്കാണ്. ബൈബിൾ അങ്ങനെ പറയുമ്പോൾ പലതരത്തിലുള്ള കാലസംബന്ധമായതും വിവരണങ്ങൾ സംബന്ധമായതും ആയ പല എതിർ ചോദ്യങ്ങളും വരുന്നുണ്ട്. സംഭവിച്ച കാലം, സംഭവിച്ച സ്ഥലം, സംഭവത്തിന്റെ സൂക്ഷ്മമായ വിശദാംശങ്ങൾ ഉയർത്തുന്ന സന്ദേശങ്ങൾ തുടങ്ങിയവയെല്ലാം. അതേസമയം വിശുദ്ധ ഖുർആനിന്റെ വിവരണങ്ങൾ ആത്മീയ ഉപദേശങ്ങളെയും തത്വങ്ങളെയും മാത്രം പ്രധാനമായും വലം വെക്കുന്നതിനാൽ അത്തരം എതിർപ്പുകളോ ചോദ്യങ്ങളോ നേരിടുന്നില്ല. അബ്രഹാമിന്റെ ഏകദേശം 300 വർഷം മുമ്പ് ആണ് പ്രളയം ഉണ്ടായത് എന്ന് ബൈബിൾ നിഗമനം നടത്തുന്നുണ്ട്. അത്തരം ഒരു സമയത്ത് ബൈബിൾ പറയുന്നതുപോലെ മനുഷ്യകുലത്തെ മുഴുവനും തുടച്ചുനീക്കുന്ന ഒരു പ്രളയമുണ്ടായി എന്നത് സമ്മതിക്കുവാൻ നരവംശശാസ്ത്രജ്ഞന്മാർക്കും ഭൂമിശാസ്ത്രജ്ഞന്മാർക്കും ഒരേപോലെ പ്രയാസവുമുണ്ട്.
0
അടുത്തത്: പ്രളയം മറ്റു സംസ്കാരങ്ങളിൽ
പ്രളയകഥകൾ: പൗരാണിക ജനവർഗ്ഗങ്ങളുടെ ഇടയിൽ ഒരു പ്രളയത്തെക്കുറിച്ചുള്ള പാരമ്പര്യം പ്രബലമായി കാണപ്പെടുന്നുണ്ട്. പേരുകളും പശ്ചാത്തലങ്ങളും വിഭിന്നങ്ങളാണെങ്കിലും ഇതിവൃത്തം ഏറെക്കുറെ സമാനമാണ്. ഈ കഥ വാമൊഴിയിലൂടെ കൈമാറി ഒടുവിൽ വരമൊഴിയിൽ ആലേഖനം ചെയ്യപ്പെട്ടു. സുമേരിയയിലെ രാജാക്കന്മാരുടെ പട്ടികയിൽ എട്ടു പ്രളയപൂർവ്വ രാജാക്കന്മാർക്കു ശേഷം ‘അനന്തരം പ്രളയജലം ഭൂമിയെ മുടി’ എന്ന പ്രസ്താവന കാണാം. അതിനുശേഷമാണ് പ്രളയാനന്തര രാജാക്കന്മാരുടെ പട്ടിക നല്കുന്നത്. പൌരാണിക നിപ്പൂറിൽ നിന്നും ലഭിച്ച കളിമൺ ഫലകത്തിലെ പ്രളയകഥയാണ് ഏറ്റവും പ്രാചീനം. ഈ കഥയിലെ നായകൻ ‘സിയുസൂദ’യാണ്. പ്രളയത്തെക്കുറിച്ചുള്ള വിവരണം ദേവന്മാർ സിയുസുദയ്ക്ക് നല്കി. ജലപ്രളയം തുടങ്ങിക്കഴിഞ്ഞപ്പോൾ സിയുസുദ ഒരു വലിയ കപ്പലിൽ സഞ്ചരിക്കുകയായിരുന്നു. ഏഴുരാവും ഏഴുപകലും പ്രളയജലം ദേശത്തെ ആവരണം ചെയ്തു. കപ്പൽ പെരുവെളളത്തിന്മീതെ കൊടുങ്കാററുകളിൽ അലഞ്ഞുലഞ്ഞു. സൂര്യദേവൻ ഉദിച്ചു ആകാശത്തിലും ഭൂമിയിലും പ്രകാശം ചൊരിഞ്ഞു. സിയുസുദ കപ്പലിന്റെ പാർശ്വത്തിൽ ഒരു സുഷിരമുണ്ടാക്കി; സൂര്യദേവന്റെ മുമ്പിൽ നമസ്കരിച്ചു മൃഗങ്ങളെ ബലികഴിച്ചു. ഒടുവിൽ ദേവന്മാർ സിയുസുദയ്ക്കു അമരത്വം നല്കി പറുദീസയിലേക്കു കൂട്ടിക്കൊണ്ടു പോയി.
ബാബിലോണിയൻ പ്രളയകഥയാണു ബൈബിളിലെ വിവരണത്തോടടുത്തു നില്ക്കുന്നത്. ഗിൽഗമേഷ് പുരാണത്തിലെ 17-ാം പുസ്തകം പ്രളയകഥയാണ്. കളിമൺ ഫലകങ്ങൾ 1853-ൽ കണ്ടെടുത്തു എങ്കിലും അവ വായിക്കാൻ കഴിഞ്ഞതു് 1872-ലാണ്. ബൈബിളിലെ നോഹയുടെ സ്ഥാനത്ത് ഉറ്റ്നാപിഷ്ടീം ആണ് നായകൻ. അമർത്ത്യതയെക്കുറിച്ച് ആരാഞ്ഞു നടന്ന ഗില്ഗമേഷ് അമരനായിത്തീർന്ന ഉറ്റ്നാപിഷ്ടീമിനെ കണ്ടു; അമർത്യതയെക്കുറിച്ചു ചോദിച്ചു. ജലപ്രളയത്തിലൂടെ കടന്നു പോയതിന്റെ ഫലമായി ദേവന്മാർ തനിക്കു അമരത്വം നല്കിയതായി ഉറ്റ്നാപിഷ്ടീം പറഞ്ഞു. ജലപ്രളയംകൊണ്ടു ഭൂമിയെ നശിപ്പിക്കാൻ ദേവന്മാർ നിശ്ചയിച്ചു. ദേവന്മാരുടെ നിർദ്ദേശമനുസരിച്ച് ഉറ്റ്നാപിഷ്ടീം ഒരു വലിയ നൌക നിർമ്മിച്ച് അകത്തും പുറത്തും കീൽ തേച്ചു. തന്റെ കുടുംബം, ശില്പികൾ, മൃഗങ്ങൾ, സ്വർണ്ണം, വെള്ളി, നാവികൻ എല്ലാം കപ്പലിൽ കടന്നു. ജലപ്രളയം കണ്ടു ദേവന്മാർ പോലും കരഞ്ഞുപോയി. ആറുരാത്രിയും ആറുപകലും കൊടുങ്കാറ്റു ചീറിയടിച്ചു. ഏഴാംദിവസം പ്രളയം നിലച്ചു. മനുഷ്യവർഗ്ഗം മുഴുവൻ കളിമണ്ണായി മാറി. ദേശം മുഴുവൻ സമനിരപ്പായി. കപ്പൽ നിസിർ (Nisir) മലയിൽ ഉറച്ചു. നായകൻ പക്ഷികളെ പുറത്തു വിട്ടു. ഏഴാം ദിവസം പ്രാവിനെ പുറത്തു വിട്ടു; അതു മടങ്ങിവന്നു. അനന്തരം മീവൽപക്ഷിയെ വിട്ടു; അതും മടങ്ങിവന്നു. ഒടുവിൽ മലങ്കാക്കയെ വിട്ടു; അതു മടങ്ങിവന്നില്ല. തുടർന്നു ഉറ്റ്നാപിഷ്ടീം യാഗങ്ങൾ കഴിച്ചപ്പോൾ സൌരഭ്യവാസന മണത്ത് ദേവന്മാർ അർപ്പകൻ്റെ ചുറ്റും കൂടി. ഉറ്റ്നാപിഷ്ടീമിനും ഭാര്യയ്ക്കും അമരത്വം നല്കി ദേവന്മാർക്കു സദൃശരാക്കി.
ഭാരതീയ പാരമ്പര്യമനുസരിച്ച് പ്രളയകഥ ഇപ്രകാരമാണ്: ഒരിക്കൽ വൈവസ്വതമനു സ്നാനം ചെയ്യുന്നതിനായി കൃതമാലാനദിയിൽ ഇറങ്ങി. ഉടനെ ഒരു ചെറിയ മത്സ്യം മനുവിനോടിങ്ങനെ പറഞ്ഞു; “രാജാവേ എനിക്കു വലിയ മത്സ്യങ്ങളെ ഭയമാണ്. അങ്ങ് എന്നെ ഉപേക്ഷിച്ചു പോകരുത്.” രാജാവ് അനുകമ്പയോടുകൂടി മത്സ്യത്തെ എടുത്തു ഒരു മൺകുടത്തിൽ സൂക്ഷിച്ചു. അനുക്ഷണം വളർന്നുകൊണ്ടിരുന്ന മത്സ്യത്തെ കുടം നിറഞ്ഞപ്പോൾ വലിയ പാത്രത്തിലും പാത്രം നിറഞ്ഞപ്പോൾ കുളത്തിലും, കുളം നിറഞ്ഞപ്പോൾ അതിന്റെ അപേക്ഷപ്രകാരം ഗംഗയിലും നിക്ഷേപിച്ചു. ചില ദിവസങ്ങൾക്കുള്ളിൽ മത്സ്യം ഗംഗാനദിയിലും കൊള്ളാതെയായി. ഒടുവിൽ മത്സ്യം രാജാവിനോടു പറഞ്ഞു; “രാജാവേ ഏഴുദിവസത്തിനുള്ളിൽ ഒരു മഹാപ്രളയം സംഭവിക്കും. ഒരു തോണി നിർമ്മിച്ച് സപ്തർഷികളെയും കയറ്റി അങ്ങു രക്ഷപ്പെടുക. ഞാൻ അങ്ങയെ സഹായിക്കാം.” മത്സ്യം പറഞ്ഞതുപോലെ രാജാവു ചെയ്തു. ഏഴുദിവസത്തിനകം ഘോരമാരി തുടങ്ങി. ലോകം മുഴുവൻ പ്രളയത്തിൽ മുങ്ങി. മത്സ്യത്തിന്റെ തലയിൽ മുളച്ച കൊമ്പിൽ മനു തോണിയെ ബന്ധിച്ചു. മത്സ്യം തോണിയുമായി ഹിമാലയ ശൃംഗത്തിലെത്തി. തോണിയെ പർവ്വതശൃംഗത്തിൽ ബന്ധിച്ചു. ഘോരമാരി അവസാനിച്ചപ്പോൾ മനുവും സപ്തർഷികളും ഒഴികെ സമസ്തവും നശിച്ചു. ഭൂമിയെ മുഴുവൻ ഗ്രസിച്ച ഒരു പ്രളയത്തിന്റെ സ്മരണ പൌരാണിക ജനവർഗ്ഗങ്ങൾക്കുണ്ടായിരുന്നു. ഇത് ജലപ്രളയത്തിന്റെ ഉൺമയ്ക്ക് തെളിവാണ്. ഏകദൈവ വിശ്വാസം ബൈബിളിലെ പ്രളയ വിവരണത്തിന് സുഭദ്രമായ അടിസ്ഥാനം നല്കുന്നുണ്ട്. മെസൊപ്പൊട്ടേമിയയിലെ ഊർ, കീശ്, വാർക്കാ, ഫാറാ എന്നീ പ്രദേശങ്ങളിൽ നടത്തിയ ഖനനങ്ങൾ വലിയ വെള്ളപ്പൊക്കങ്ങളുടെ തെളിവുകൾ നല്കി. എന്നാൽ അവ ഏകകാലത്തു സംഭവിച്ചവയല്ല. പ്രാദേശികമായ വെള്ളപ്പൊക്കങ്ങൾ മാത്രമായിരുന്നു അവ. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ജലപ്രളയം സാർവ്വത്രികമാണ്. ജലപ്രളയത്തിനു ശേഷം നോഹയോടു ദൈവം ചെയ്ത നിയമത്തിൽ പ്രകൃതിയുടെ ക്രമം വ്യവസ്ഥാപനം ചെയ്തു. (8:22). രക്തം കൂടാതെ മാംസം ഭക്ഷിക്കുവാനുളള കല്പന ദൈവം നല്കി. കൊലപാതകിക്ക് വധശിക്ഷ നല്കുവാനുള്ള അവകാശം മാനുഷഭരണത്തിൻ കീഴിലായി. (9:6). പ്രളയശേഷം മനുഷ്യായുസ്സ് അനുക്രമമായി കുറഞ്ഞു തുടങ്ങി.
Thoughts & Arts
ത്വൂഫാൻ: ബൈബിളിലും ഖുർആനിലും
2026-08-02
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso