Thoughts & Arts
Image

സൂറത്തുൽ ഖലം (ആയത്തുകൾ 1-4)

2026-09-26

ഖുർആൻ പഠനം
ടി എച്ച് ദാരിമി അൽ അസ്ഹരി



സൽസ്വഭാവത്തിൻ്റെ സമുന്നതിയിലാണ് അങ്ങ്


വിശുദ്ധ ഖുർആനിലെ 68-ാമത്തെ അദ്ധ്യായമാണ് സൂറത്തുൽ ഖലം. ഇത് മക്കയിൽ വെച്ച് ഹിജ്റക്ക് മുമ്പായി അവതരിച്ച സൂറത്തുകളിൽ ഒന്നാണ്. ആകെ 52 സൂക്തങ്ങളാണ് ഈ സൂറത്തിൽ ഉള്ളത്. ഈ അധ്യായത്തിൻ്റെ ആദ്യ ആയത്തിലെ 'ഖലം' എന്ന വാക്കാണ് ഈ അദ്ധ്യായത്തിന് ഈ പേര് വരാനിലുള്ള പ്രത്യക്ഷകാരണം എന്നു കരുതാം. അങ്ങനെ മുഫസ്സിറുകൾ അനുമാനിച്ചിട്ടുണ്ട്. സൂറത്ത് ആരംഭിക്കുന്നത് നബി(സ്വ) തങ്ങളുടെ സ്വഭാവ വൈശിഷ്ട്യങ്ങൾ സൂചിപ്പിച്ചുകൊണ്ടാണ്. മഹാനായ പ്രവാചകനെതിരെ മക്കായിലെ മുശ്രിക്കുകൾ പറഞ്ഞുപരത്തിയിരുന്ന അസത്യങ്ങളും അപവാദങ്ങളും ഖണ്ഡിക്കുവാൻ വേണ്ടിയാണ് അത് പ്രധാനമായും പറയുന്നത്. അത് നബി(സ്വ) തങ്ങളുടെ സ്വഭാവ മഹാത്മ്യം വരെ എത്തിനിൽക്കുന്നു. ആ അപവാദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് നബി(സ്വ) തങ്ങൾ ഭ്രാന്തനാണ് എന്നതായിരുന്നു. അത് കഴിഞ്ഞാൽ പിന്നെ ഒരു തോട്ടത്തിന്റെ ഉടമയുടെ കഥയാണ് പറയുന്നത്. അതുൾക്കൊള്ളുന്ന പാഠങ്ങൾ സൂചിപ്പിക്കാൻ വേണ്ടിയാണ് അത്. പ്രവാചകനെ കളിയാക്കുകയും സത്യത്തെ എതിർക്കുകയും ചെയ്യുന്നവർക്കുള്ള താക്കീതും പരലോക ശിക്ഷയെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും ഇതിലുണ്ട്. തുടർന്ന് വിശുദ്ധ ഖുർആനിന്റെ പരമ ലക്ഷ്യം ഓർമ്മപ്പെടുത്തുന്നു. ലോകർക്ക് ചിന്തയിലും ജീവിതത്തിലും ഉള്ള കൃത്യമായ മാർഗ്ഗദർശനമാണ് വിശുദ്ധ ഖുർആൻ എന്ന് വ്യക്തമാക്കി കൊണ്ടാണ് ഈ അദ്ധ്യായം അവസാനിക്കുന്നത്.


1 നൂന്‍. തൂലികയും അവര്‍ രേഖപ്പെടുത്തുന്നവയും തന്നെ ശപഥം.


കേവലാക്ഷരങ്ങൾ കൊണ്ടുള്ള സൂറത്തുകളുടെ തുടക്കം വിശുദ്ധ ഖുർആനിന്റെ ഒരു ശൈലിയാണ്. ഖുർആനിലെ 29 അദ്ധ്യായങ്ങളുടെ തുടക്കത്തിൽ ഇങ്ങനെ അക്ഷരങ്ങൾ കാണാം. ഇങ്ങനെ തുടങ്ങുന്നത് കൊണ്ട് പൊതു സമൂഹത്തിന് പ്രയോജനം ഉണ്ടാകണമെങ്കിൽ അതിൻ്റെ അർത്ഥം അറിയേണ്ടതുണ്ട്. രണ്ടു കാരണങ്ങളാൽ ഇവയുടെ അർത്ഥം നമുക്കറിയില്ല. ഒന്നാമതായി, ഇവ വെറും അക്ഷരങ്ങൾ മാത്രമാണ്. അക്ഷരങ്ങൾ പരസ്പരം ചേർന്ന് വാക്കുകളായി ക്രിയകളുടെയോ നാമത്തിന്റെയും അല്ലെങ്കിൽ അവ്യയത്തിന്റെയോ രൂപം പ്രാപിക്കുമ്പോൾ മാത്രമാണ് അതിന് പ്രകടമായ അർത്ഥം ഉണ്ടാവുക. ഇവ ആ തലത്തിൽ അതിൻ്റെ ഘടനയിലോ പ്രയോഗത്തിലോ എത്തുന്നില്ലാത്തതിനാൽ അതിൻ്റെ അർത്ഥം നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. രണ്ടാമത്തെ കാരണം ഇങ്ങനെയൊക്കെയാണെങ്കിലും ഇത് അല്ലാഹുവിന്റെ കലാമിൽ വന്നതിനാൽ അത് വിശദീകരിക്കാൻ വന്ന നബി(സ്വ) തങ്ങളിലൂടെ അതിൻ്റെ വിശദവിവരണമോ ആശയമോ നമുക്ക് ലഭ്യമായിട്ടില്ല എന്നതാണ്. എന്നാൽ ഈ ഓരോ അക്ഷരങ്ങളും കൊണ്ട് ഉദ്ദേശിക്കുന്നത് ഇന്നതാണ് എന്ന രൂപത്തിൽ ചില ഇമാമുകളുടെ അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ സ്വതന്ത്രമായ അനുമാനങ്ങൾ മാത്രമാണ്. പ്രമാണങ്ങളുടെ പിൻബലം ഇല്ലാത്തതിനാൽ അവ മുഖ്യധാരാ പഠനങ്ങളിൽ മാറ്റിവെക്കുകയാണ് പതിവ്. എന്നാൽ ഈ പറഞ്ഞതിന് ഈ അക്ഷരങ്ങൾക്ക് തീരെ അർത്ഥമില്ല എന്നതല്ല. അർത്ഥമില്ലാത്ത ഒന്നും അല്ലാഹു അവന്റെ കലാമിൽ പറയുകയില്ല. ഇതോടെ ഈ അക്ഷരങ്ങൾക്ക് അർത്ഥമുണ്ട്, പക്ഷേ, നമുക്ക് അത് അറിയില്ല, കാരണം അത് അല്ലാഹു അറിയിച്ചു തന്നിട്ടില്ല, അതിനാൽ അതറിയേണ്ടതില്ല എന്നതിലേക്ക് നമ്മുടെ നിലപാട് ചുരുങ്ങുകയാണ്.


തുടർന്ന് അല്ലാഹു പലയിടങ്ങളിലും ചെയ്യുന്നത് പോലെ ഒരു ശപഥത്തിലേക്ക് കടക്കുകയാണ്. ഖുർആനിലെ എല്ലാ പ്രസ്താവനകളെയും ശപഥം കൊണ്ട് ഉറപ്പിക്കുന്ന സമീപനമല്ല വിശുദ്ധ ഖുർആനിൻ്റേത്. ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ ആദ്യം മുതൽ തന്നെ മനസ്സിൽ ഉറപ്പിക്കപ്പെടാൻ വേണ്ടിയാണ് വിശുദ്ധ ഖുർആൻ ഇത്തരം ശപഥങ്ങൾ ചെയ്യാറുള്ളത്. ഒരു കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനും കേൾവിക്കാരന്റെ ശ്രദ്ധ തിരിക്കാനുമാണ് അറബി ഭാഷയിൽ സാധാരണ സത്യവാചകങ്ങൾ ഉപയോഗിക്കുന്നത്. അതിന് പ്രത്യേക ഊന്നൽ നൽകി വിഷയത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുക, ചിന്തയെ ഉണർത്തുക, ശപഥത്തിനായി ഉപയോഗപ്പെടുത്തിയിരിക്കുന്ന വിഷയത്തിന്റെ മഹത്വം പ്രകടിപ്പിക്കുക തുടങ്ങിയവയെല്ലാം ഇത്തരം ശപഥങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങളാണ്. ഇവിടെ ശപഥം ചെയ്യാൻ രണ്ടുകാര്യങ്ങളെയാണ് അല്ലാഹു ആശ്രയിച്ചിരിക്കുന്നത്. ഒന്ന് പേനയും രണ്ടാമത്തേത് ലിഖിതവും. പേനക്കും എഴുത്തിനും അല്ലാഹു കല്‍പിച്ചിട്ടുള്ള പ്രാധാന്യത്തെ ഇത് സൂചിപ്പിക്കുന്നുണ്ട്. ഇത് ഖുർആനിൻ്റെ പ്രയോഗത്തിൽ നേരത്തെ വന്നിട്ടുള്ളതാണ്. നബി(സ്വ) തിരുമേനിക്ക് ഒന്നാമതായി അവതരിച്ച ഖുര്‍ആന്‍ വാക്യങ്ങളില്‍തന്നെ വന്നിട്ടുണ്ട്. 'അവന്‍ പേനകൊണ്ട് പഠിപ്പിച്ചു' എന്നാണ് പറഞ്ഞിട്ടുള്ളത്. അല്ലാഹു ഉദ്ദേശിക്കുന്ന ഏതു വസ്തുവിനെ കൊണ്ടും അവന് ശപഥം ചെയ്യാവുന്നതാണ്. എങ്കിലും, സത്യത്തിനായി അവൻ ഉപയോഗിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള പരിശോധന നമ്മെ പല ചിന്തകളിലേക്കും കൊണ്ടുപോകുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. ഇവിടെ പേനയുടെയും ലിഖിതത്തിൻ്റെയും താൽപര്യം എന്താണ് എന്നതിനെ സംബന്ധിച്ച് മുഫസ്സിറുകൾക്കിടയിൽ ചെറിയ ഒരു അഭിപ്രായവ്യത്യാസം കാണുന്നുണ്ട്. മനുഷ്യര്‍ എഴുതുവാന്‍ ഉപയോഗിക്കുന്ന പേനകളും അവര്‍ എഴുതുന്ന ലിഖിതങ്ങളുമാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്ന അഭിപ്രായം തന്നെയാണ് മഹാഭൂരിപക്ഷവും പ്രകടിപ്പിച്ചിട്ടുള്ളത്. അതേസമയം, പേന എന്നതുകൊണ്ട് മനുഷ്യന്‍റെ കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുന്ന മലക്കുകള്‍ ഉപയോഗിക്കുന്ന പേനയോ പേനയുടെ സ്ഥാനത്ത് അവര്‍ ഉപയോഗിക്കുന്ന ഉപകരണമോ മാർഗ്ഗമോ ആണ് ഉദ്ദേശിക്കുന്നത് എന്ന് ചില വ്യാഖ്യാതാക്കൾ അഭിപ്രായപ്പെടുന്നുണ്ട്. ഒന്നാമത്തെ പക്ഷത്തിന് തന്നെയാണ് ബലമുള്ളത്.


2 നാഥന്റെ അനുഗ്രഹം കൊണ്ട് താങ്കള്‍ ഒരു ഭ്രാന്തനല്ല.


നബി(സ്വ)തിരുമേനിയെപ്പറ്റി പരസ്പര വിരുദ്ധമായ വ്യത്യസ്താഭിപ്രായങ്ങള്‍ തൊടുത്തുവിട്ടിരുന്നു മക്കായിലെ മുശ്‌രിക്കുകള്‍. സത്യത്തിൽ അത് അവർക്ക് ഏതെങ്കിലും ഒന്നിൽ ഉറച്ചുനിൽക്കുവാനോ ഊന്നി നിൽക്കുവാനോ കഴിയാത്തത് കൊണ്ടായിരുന്നു. കാരണം അത്രയും സമ്പൂർണ്ണവും സമ്പന്നവും ആയിരുന്നു നബി തങ്ങളുടെ വ്യക്തിത്വം. അത്തരം അപവാദങ്ങളിൽ ഒന്ന് നബി തങ്ങൾ ഭ്രാന്തനാണെന്ന് ആയിരുന്നു. ഭ്രാന്തിന്റെ ലക്ഷണങ്ങളോ ഭ്രാന്തന്മാരുടെ ചേഷ്‌ടകളോ നബി തങ്ങളിൽ നിന്ന് പ്രകടമായതിനെ തുടർന്നായിരുന്നില്ല ഇങ്ങനെ അവർ പറഞ്ഞിരുന്നത്. സാധാരണഗതിയില്‍ ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയുംവിധം പൂര്‍ണ ആരോഗ്യവാനും ന്യൂനതാമുക്ത ജീവിതത്തിനുടമയുമായിരുന്നു തിരുമേനി. മറിച്ച്, അവർക്ക് ഒരു മുന്നറിവുമില്ലാത്തതും പ്രത്യക്ഷത്തിൽ ഉൾക്കൊള്ളാൻ കഴിയാത്തതുമായ ഒരു സന്ദേശം കേട്ടതോടെ അവർക്ക് അങ്ങനെയല്ലാതെ അതിനെ ഖണ്ഡിക്കുവാൻ കഴിയാത്ത ഒരു അവസ്ഥ ഉണ്ടാവുകയായിരുന്നു. മുഹമ്മദ് എന്തൊക്കെയോ ഭ്രാന്ത് പറയുകയാണ് എന്ന ധ്വനിയിലായിരുന്നു അവരുടെ ആരോപണം. ഇതിന് മറുപടി പറയുകയാണ് ഈ സൂക്തത്തിലൂടെ. ഇവിടെ അല്ലാഹുവിൻ്റെ പ്രയോഗത്തിന് ചില സവിശേഷതകൾ ഉണ്ട്. കാരണം അങ്ങേക്ക് ഭ്രാന്തില്ല, അങ്ങ് ഭ്രാന്ത്രനല്ല എന്നൊന്നുമല്ല അല്ലാഹു പറഞ്ഞിരിക്കുന്നത്. മറിച്ച്, അങ്ങ് അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഭ്രാന്തനല്ല എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഭ്രാന്തില്ലെന്ന് മാത്രമല്ല ഈ സുരക്ഷയിൽ അങ്ങേക്ക് അള്ളാഹുവിന്റെ അനുഗ്രഹമുണ്ട് എന്നു കൂടിയാണ് പറഞ്ഞിരിക്കുന്നത്. ഇമാം റാസി(റ) പറയുന്നു: നബി(സ്വ)ക്ക് ഭ്രാന്തിന്റെ ലാഞ്ചന പോലുമില്ലെന്ന് തെളിവു സഹിതം അള്ളാഹു വിവരിക്കുകയാണ് ഇവിടെ. അല്ലാഹുവിന്റെ അനുഗ്രഹത്താൽ അവിടുന്ന് പൂർണ്ണ ബുദ്ധിയും ശരിയായ സംസാരവും തൃപ്തികരമായ ജീവിതരീതിയും എല്ലാ വൈകല്യങ്ങളിൽ നിന്നും മുക്തവും നന്മകളുടെ സംഗമവും തങ്ങളിൽ വ്യക്തമായി കാണാം. ഇത് അല്ലാഹുവിന്റെ അനുഗ്രഹമത്രെ! (തഫ്സീർ റാസി: 30/71)


3 നിശ്ചയം, അങ്ങേക്ക് അവിച്ഛേദ്യമായ പ്രതിഫലമുണ്ട്.


നബി(സ്വ) തങ്ങൾക്ക് അല്ലാഹു നിശ്ചയിച്ചു വെച്ചിരിക്കുന്ന മഹത്തായ പ്രതിഫലമാണ് ഇവിടെ പറയുന്നത്. ഇത്രയും വലിയ പ്രതിഫലത്തിനു നബി(സ്വ) തങ്ങളെ അർഹനാക്കുന്ന ന്യായമാണ് ഇവിടെ നാം ആദ്യം മനസ്സിലാക്കുന്നത്. അത് നബി(സ്വ) നിർവ്വഹിച്ച കേവലം പ്രബോധനം എന്ന കർമ്മത്തിന് ഉള്ളതല്ല. മറിച്ച്, ആ കർമ്മം നിർവഹിക്കുന്നതിൽ അവർ സഹിച്ച സഹനങ്ങളും വഹിച്ച ത്യാഗങ്ങളും എല്ലാം പരിഗണിച്ചുകൊണ്ടുള്ളതാണ്. കാരണം തൻ്റെ ദൗത്യം നിർവഹിക്കുന്നതിനിടയിൽ നബി തങ്ങൾ ഒരുപാട് പ്രയാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. ശാരീരികവും മാനസികവുമായ കടുത്ത ആക്രമണങ്ങളാണ് ശത്രുക്കളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതെല്ലാം സഹിച്ചുകൊണ്ട് തൻ്റെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയതാണ് ഇത്രയും വലിയ പ്രതിഫലത്തിന് നബി(സ്വ) തങ്ങളെ അർഹനാക്കുന്നത്. ഈ പ്രതിഫലത്തിന്റെ വലിപ്പം പ്രകടിപ്പിക്കുന്നത് 'ഗൈറു മംനൂൻ' എന്ന വാക്കിലാണ്. ഒരിക്കലും നിലക്കാത്ത പ്രതിഫലം എന്നാണ് അധിക വ്യാഖ്യാതാക്കളും ഈ വാക്കിനെ വ്യാഖ്യാനിച്ചിരിക്കുന്നത്. അതേസമയം ചിലർ, എടുത്തു പറയപ്പെടാത്ത നിഷ്കളങ്കമായ പ്രതിഫലം എന്നും വ്യാഖ്യാനിച്ചിട്ടുണ്ട്. ഒന്നാമത്തെ വ്യാഖ്യാനത്തിനാണ് ശക്തി കൂടുതൽ.


4 അതിമഹത്തായ സ്വഭാവത്തിന്മേലാണ് താങ്കള്‍.


നബി(സ്വ)യുടെ ഏറ്റവും വലിയ ഒരു പ്രത്യേകതയാണിവിടെ സൂചിപ്പിക്കുന്നത്. ഇത് പല മുഫസ്സിറുകളും പറഞ്ഞതുപോലെ, നബി (സ്വ) തങ്ങൾക്ക് മുറിയാത്ത പ്രതിഫലം ലഭിക്കുന്നതിൻ്റെയും തിരുബുദ്ധിക്ക് ഒരു വിധത്തിലുള്ള കോട്ടവും തട്ടാതിരിക്കുന്നതിന്റെയും എല്ലാം ന്യായം കൂടിയാണ് ഇത്. അതായത് അങ്ങ് സമുന്നതമായ സ്വഭാവത്തിൻ്റെ ഉടമയാണ് എന്നതിനാൽ അങ്ങേക്ക് നിലയ്ക്കാത്ത പ്രതിഫലം ലഭിക്കുകയും അങ്ങയുടെ ബുദ്ധിയെ അല്ലാഹു പ്രത്യേകമായ അനുഗ്രഹം എന്ന നിലക്ക് സംരക്ഷിക്കുകയും ചെയ്യും എന്ന് അർത്ഥം. മാത്രമല്ല നബിക്ക് ബുദ്ധിയിലോ വിചാരത്തിലോ ഒരു വൈകൃതവും ഇല്ലാത്തതും അവരുടെ സൽസ്വഭാവം കാരണമാണ്. അവിടുത്തെ സ്വഭാവത്തെക്കുറിച്ച് ആഇശ(റ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുത്തെ സ്വഭാവം ഖുർആനാണെന്ന് മറുപടി പറഞ്ഞതായി ഹദീസിലുണ്ട്. ഖുർആൻ മുന്നോട്ട് വെക്കുന്നതെല്ലാം അവിടുത്തെ സ്വഭാവത്തിൽ കാണാം.


നബി(സ്വ) ഏറ്റവും വലിയ മഹത്തായ സ്വഭാവത്തിന്റെ ഉടമയായിരുന്നു എന്ന് ഖുർആൻ പ്രഖ്യാപിക്കുമ്പോൾ അത് തീർത്തും നബി(സ്വ)യുടെ ജീവിതം ശരിവെക്കുന്നുമുണ്ട്. സമീപനങ്ങൾ, ഇടപാടുകൾ, ഇടപെടലുകൾ തുടങ്ങിയവയിൽ ആണ് ഇത് പുറത്തു ചാടുക. അതിനാൽ തന്നെ മനുഷ്യർ സ്വഭാവം എന്ന ആശയത്തെ ഗ്രഹിക്കുവാൻ സാധാരണയായി സമീപനങ്ങളെയാണ് അളവ്കോലായി സ്വീകരിക്കുന്നത്. സമീപനങ്ങൾ എന്ന് പറയുമ്പോൾ ഒരു പഠനത്തിന് വേണ്ടി അതിനെ രണ്ടാക്കി വിഭജിക്കാം. ഒന്ന് നാം പഠിക്കുന്ന വ്യക്തി മറ്റുള്ളവരോട് പുലർത്തുന്ന സമീപനങ്ങൾ. രണ്ട്, മറ്റുള്ളവർ പുലർത്തുന്ന സമീപനങ്ങളോട് നാം പഠിക്കുന്ന വ്യക്തി കാണിക്കുന്ന പ്രതികരണങ്ങൾ. ഈ രണ്ടു തലത്തിലും പ്രവാചകൻ്റെ ജീവിതത്തിൽ പെറുക്കിയെടുക്കുവാൻ എണ്ണമറ്റ മുഹൂർത്തങ്ങൾ വിശ്വാസികൾക്കു മുമ്പിലുണ്ട്. നബി തിരുമേനി(സ)യുടെ സ്വഭാവത്തിൻ്റെ പൂർണ്ണതയും ആധികാരികതയും പത്നി ആയിഷ(റ) പറയുന്നതിൽ നിന്നും ഗ്രഹിക്കാം. സുറാറ (റ) നിവേദനം ചെയ്യുന്നു: സഅ്ദ് ബിൻ ഹിശാം ബിൻ ആമിർ (റ) ഒരു ദിനം ആയിശ(റ)യോടു ചോദിച്ചു: സത്യവിശ്വാസികളുടെ മാതാവേ, നബി(സ)യുടെ സ്വഭാവത്തെ കുറിച്ച് എനിക്ക് പറഞ്ഞു തരൂ. അവർ ചോദിച്ചു: നീ ഖുർആൻ പാരായണം ചെയ്യാറില്ലേ? അദ്ദേഹം അതേ എന്നു പറഞ്ഞു. അപ്പോൾ ആയിശ(റ) പറഞ്ഞു: നിശ്ചയം നബി(സ)യുടെ സ്വഭാവം ഖുർആനായിരുന്നു. (മുസ്‌ലിം). മനുഷ്യകുലത്തിന് മാർഗ്ഗദർശനം നൽകുവാൻ സൃഷ്ടാവ് നൽകിയ അമൂല്യ ഗ്രന്ഥമാണ് ഖുർആൻ. ഒരു മനുഷ്യൻ്റെ ജീവിതത്തിനു വേണ്ട എല്ലാ ഉദ്ബോധനങ്ങളും അതുൾക്കൊള്ളുന്നുണ്ട്. ആ ഗ്രന്ഥത്തെ സ്വന്തം ജീവിതം കൊണ്ട് അവതരിപ്പിക്കുകയായിരുന്നു, അല്ലെങ്കിൽ സ്വന്തം ജീവിതത്തെ വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനമാക്കുകയായിരുന്നു നബി തിരുമേനി(സ) എന്ന് ചുരുക്കം. മനുഷ്യൻ്റെ കർമ്മങ്ങളിലൂടെയും സമീപനങ്ങളിലൂടെയും എല്ലാമാണ് സ്വഭാവം എന്ന പ്രകൃതം പുറത്തു കാണുക എന്നത് ശരിയാണ് എന്നു പറയുമ്പോഴും അത് എല്ലാവർക്കും അങ്ങനെ അനുഭവപ്പെട്ടു കൊള്ളണമെന്നില്ല. ഏറ്റവും അടുത്ത് ഇടപഴകുന്നവർക്ക് ആണ് അത് സത്യസന്ധമായി മനസ്സിലാക്കാൻ കഴിയുക. അത്തരം ഒരാളായിരുന്നു അനസ് ബിനു മാലിക്(റ). അദ്ദേഹം പറയുന്നു: ഞാൻ നബി(സ)യെ നാട്ടിലും യാത്രയിലും സേവിച്ചു. അല്ലാഹുവാണെ, അവിടുന്ന് ഒരിക്കലും എന്നോട് ഞാനെന്തെങ്കിലും ചെയ്താൽ നീ എന്തിനതു ചെയ്തു എന്നോ, ഒരു കാര്യം ചെയ്യാതിരുന്നാൽ നീ എന്തുകൊണ്ടിതു ചെയ്തില്ല എന്നോ എന്നോട് പറഞ്ഞിട്ടില്ല. (ബുഖാരി, മുസ്‌ലിം).


കരുണയും സ്നേഹവുമുള്ള മനസ്സും അലിവും കനിവുമുള്ള ഹൃദയവുമായിരുന്നു നബി(സ്വ) തങ്ങളുടേത്. മാലിക് ബിൻ ഹുവൈരിഖി(റ) പറയുന്നു: ഞങ്ങൾ കുറച്ചു പേർ റസൂൽ(സ്വ)യുടെ അടുക്കൽ ചെല്ലുകയും അവിടെ ഇരുപത് ദിവസം താമസിക്കുകയും ചെയ്തു. നബി(സ്വ) കരുണാമനസ്കനും ലോല ഹൃദയനുമായിരുന്നു. (ബുഖാരി, മുസ്‌ലിം) ഒരു വേദനയോ ദുരന്തമോ കാണുകയോ കേൾക്കുകയോ ചെയ്താൽ അതിനെ സ്വന്തം അനുഭവമായി മനസ്സുകൊണ്ട് സ്വീകരിക്കുന്നത് നബിയുടെ പ്രകൃതമായിരുന്നു. മൗനവും പുഞ്ചിരിയും നബി(സ്വ)യുടെ പ്രത്യേകതയായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുകയോ ദേഷ്യപ്പെടുകയോ ചെയ്യുമായിരുന്നില്ല. അപമര്യാദയോടെ പെരുമാറിയവരോടും ഉപദ്രവിച്ചവരോടും ക്ഷമിക്കാനും പൊറുക്കാനും നന്മയിൽ വർത്തിക്കാനും മാപ്പേകാനും അവിടുന്ന് സന്നദ്ധരായി. തന്നെ കൊല്ലാൻ വാടക കൊലയാളിയെ നിയോഗിച്ച സ്വഫ്‌വാനുബ്‌നു ഉമയ്യക്കും വിഷം പുരട്ടിയ വാളുമായി വധിക്കാൻ വന്ന ഉമൈറുബ്‌നു വഹബിനും നബി(സ്വ) മാപ്പ് നൽകുകയുണ്ടായി. മക്കാ വിജയത്തിന്റെ അന്ന് തന്നെ ജീവിതകാലം മുഴുവനും വേട്ടയാടിയവരോട് നബി പൊറുത്തത് ഈ ഗണത്തിലെ ഏറ്റവും വലിയ ഉദാഹരണമാണല്ലോ. അനസ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അവർ രണ്ടുപേരും നടന്നു പോകുമ്പോൾ ഒരു അനാഗരികൻ വന്ന് നബി(സ്വ)യുടെ കഴുത്തിലെ മുണ്ട് ബലമായി വലിക്കുകയും തന്റെ കയ്യിലുള്ളത് എനിക്ക് തരാൻ പറയു എന്ന് അമാന്യമായി ആക്രോശിക്കുകയും ചെയ്യുകയുണ്ടായി. നബി(സ്വ) അയാളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് വേണ്ടത് കൊടുക്കാൻ നിർദേശിച്ചു. ഇങ്ങനെ പ്രതിയോഗികളോട് പോലും വിട്ടുവീഴ്ച കാണിക്കുകയും ഉദാരമായി പെരുമാറുകയും ചെയ്യുന്ന മറ്റൊരു നേതാവിനെ മനുഷ്യ ചരിത്രത്തിൽ കാണുക സാധ്യമല്ല.


മറ്റുള്ളവരുമായി കശപിശ ഉണ്ടാക്കുന്ന ഒരു കലഹപ്രിയനോ ആരെങ്കിലും അരുതാത്ത തെന്തെങ്കിലും ചെയ്താൽ അതിൻ്റെ പേരിൽ പ്രതികാരം ചെയ്യുന്ന ഒരു പ്രതികാര ദാഹിയോ ആയിരുന്നില്ല നബി(സ്വ) തങ്ങൾ. വിട്ടുവീഴ്ചയുടെയും വിശാലമനസ്സിന്റെയും പ്രതീകമായിരുന്നു അവിടുന്ന്. ആയിശ(റ) പറയുന്നു: റസൂൽ (സ്വ) അസഭ്യം പറയുകയോ പ്രവർത്തിക്കുകയോ ചെയ്തിരുന്നില്ല. അങ്ങാടികളിൽ ബഹളമുണ്ടാക്കുകയോ തിന്മകൊണ്ട് പ്രതികാരം ചെയ്യുകയോ ചെയ്തിരുന്നില്ല. മറിച്ച് വിട്ടുവീഴ്ചയും വിശാലമനസ്കതയും കാണിക്കുന്നയാളായിരുന്നു. (തിർമിദി) നബി തങ്ങൾ തന്നെ ഉപദ്രവിച്ചവരോട് ഒരിക്കലും പ്രതികാരം ചെയ്തില്ല. മറ്റുള്ളവരെ ശപിക്കുന്നത് നബിയുടെ രീതി ആയിരുന്നില്ല. ആഇശ(റ) പറയുന്നു: നബി(സ്വ)യോടു ആരോ പറഞ്ഞു: ബഹുദൈവ വിശ്വാസികൾക്കെതിരെ താങ്കൾ പ്രാർത്ഥിക്കുക എന്ന്. നബി (സ) പറഞ്ഞു: ഞാൻ ശപിക്കുവാനായിട്ടല്ല, കാരുണ്യമായിട്ടാണ് അയക്കപ്പെട്ടിരിക്കുന്നത്. (മുസ്‌ലിം)


സ്വഭാവം നബിയുടെ ആയുധവും ഇന്ധനവും ഔഷധവും എല്ലാമായിരുന്നു. തികച്ചും അന്യായമായി സ്വന്തം നാട്ടുകാരായ മക്കക്കാർ നബിയെയും അനുയായികളെയും ശല്യം ചെയ്തപ്പോൾ ദീർഘമായ 13 വർഷം അത് ക്ഷമിക്കാനും സഹിക്കാനും ആണ് നബി ശ്രമിച്ചത്. എല്ലാ സഹനത്തിന്റെയും ചരടുകൾ പൊട്ടിപ്പോകുന്ന സാഹചര്യം വന്നപ്പോൾ പ്രതികരിക്കാതെ മാറി നിൽക്കുവാനായിരുന്നു നബിയോട് കൽപിക്കപ്പെട്ടതും നബി(സ്വ) ചെയ്തതും. ഒന്നും രണ്ടും ഹിജ്റകൾ അതിന് മതിയായ ഉദാഹരണമാണ്. കേവലം 23 വർഷങ്ങൾ കൊണ്ട് അറേബ്യൻ ഉപദ്വീപ് മുഴുവനും സ്വന്തമാക്കുവാൻ കഴിഞ്ഞതിന്റെ പിന്നിൽ യുദ്ധങ്ങളുടെയും ആയുധങ്ങളുടെയും പിൻബലവും ശക്തിയും അല്ല ഉള്ളത് എന്ന് മുൻധാരണകൾ ഇല്ലാതെ ചിന്തിക്കുന്ന ആർക്കും ബോധ്യപ്പെടും. ആ സ്വഭാവ മഹിമയുടെ മുമ്പിൽ അറബികൾ പഞ്ചപുച്ച മടക്കി നിൽക്കുകയായിരുന്നു. ഈ വസ്തുത വിശുദ്ധ ഖുർആൻ അനാവരണം ചെയ്യുന്നുണ്ട്. വിശുദ്ധ ഖുർആൻ വ്യക്തമാക്കുന്നു: 'നബിയേ, അല്ലാഹുവിങ്കൽ നിന്നുള്ള കാരുണ്യം കൊണ്ടാണ് സൗമ്യമായി അവിടുന്ന് ജനങ്ങളോട് പെരുമാറിയത്. അങ്ങ് പരുഷസ്വഭാവിയും കഠിന ഹൃദയനുമായിരുന്നെങ്കിൽ ജനങ്ങൾ താങ്കളിൽ നിന്ന് അകന്നുപോവുമായിരുന്നു'. ശത്രുക്കൾ പോലും അവിടുത്തെ സത്യസന്ധതയിലും വിശ്വസ്തതയിലും തർക്കമില്ലാത്തവരായിരുന്നു. അബൂജഹൽ ഒരിക്കൽ നബി(സ)യോടു പറഞ്ഞു: ‘മുഹമ്മദേ, താങ്കൾ സത്യസന്ധനും വിശ്വസ്തനുമാണെന്ന് എനിക്കറിയാം. പക്ഷേ, താങ്കൾ കൊണ്ടുവന്ന മതം ഞാൻ അവിശ്വസിക്കുന്നു.’ തികഞ്ഞ ജർമ്മൻ ഓറിയന്റലിസ്റ്റായ ഡോക്ടർ ഗുസ്താവ് വീൽ തൻ്റെ 'ഹിസ്റ്ററി ഓഫ് ഇസ്ലാമിക് പീപ്പിൾ' എന്ന ഗ്രന്ഥത്തിൽ തുറന്നെഴുതുന്നു: 'തന്റെ ജനങ്ങൾക്ക് തിളങ്ങുന്ന ഒരു മാതൃകയായിരുന്നു മുഹമ്മദ്. അദ്ദേഹത്തിൻ്റെ സ്വഭാവം വിശുദ്ധവും കറ പുരളാത്തതുമായിരുന്നു. അദ്ദേഹത്തിൻ്റെ വീടും വസ്ത്രവും ഭക്ഷണവും ലളിതമായിരുന്നു. യാതൊരുവിധ ജാഡകളും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അനുയായികളിൽ നിന്ന് ആദരവിൻ്റെ പ്രത്യേക ഔദാര്യങ്ങൾ ഒന്നും അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല'


ആ സ്നേഹം മനുഷ്യകുലത്തിന്റെ പലപ്പോഴും അതിരുകൾ കടന്ന് ജീവലോകത്തിലേക്ക് പകരുകയും പടരുകയും ചെയ്യുകയുണ്ടായി. പച്ചക്കരളുള്ള ഏതൊരു ജീവിയോടും കരുണ കാണിച്ചാല്‍ പ്രതിഫലം ലഭിക്കുമെന്ന് പഠിപ്പിച്ച നബി(സ്വ) അത് സ്വജീവിതത്തില്‍ അന്വര്‍ഥമാക്കി. വേനല്‍കാലത്ത് ഒട്ടകവുമായി യാത്രചെയ്യുമ്പോള്‍ വേഗത്തില്‍ നടക്കണമെന്നും തണുപ്പ് കാലത്തു യാത്രചെയ്യുമ്പോള്‍ പുല്ല് തിന്നാന്‍ ഒട്ടകത്തിന് കഴിയും വിധം സാവകാശം നടക്കണമെന്നും കല്‍പിച്ചു. പക്ഷിയോടും ഉറുമ്പിനോടും പോലും കാരുണ്യം കാണിക്കാന്‍ പ്രേരിപ്പിച്ചു. ഉറുമ്പിൻ കൂട്ടത്തിൽ ആരോ തീയിട്ടപ്പോൾ അതിൽ ആത്മാർത്ഥമായി നബിമനസ്സ് ഖേദിച്ചു. മതിയായ ഭക്ഷണമോ മറ്റോ നൽകാതെ കെട്ടിയിട്ടിരിക്കുന്ന ഒട്ടകത്തെ ചൂണ്ടിക്കാണിച്ച് ഉടമയോട് 'നീ അല്ലാഹുവിനെ ഭയപ്പെടുന്നില്ലേ' എന്ന് നബി ചോദിക്കുമ്പോൾ ആ മനസ്സിലെ ജീവികളോടുള്ള കാരുണ്യം വീണ്ടും മറ നീക്കി പുറത്തുവരികയാണ്. ജീവിതത്തോട് ഒട്ടി നിൽക്കുന്നവരാണ് ജീവിതപങ്കാളികൾ. അവിടെ എന്തായിരുന്നു അവസ്ഥ എന്നുകൂടി കേൾക്കുമ്പോൾ ആ സ്വഭാവത്തിന് അംഗീകാരം നൽകാതിരിക്കാൻ നമുക്ക് കഴിയില്ല. മരിക്കുമ്പോള്‍ ഒന്‍പത് ഭാര്യമാരുണ്ടായിരുന്നു. ആര്‍ക്കും പരാതിയില്ല. കാരണം അവരോടെല്ലാം നബി(സ്വ) നീതിപുലര്‍ത്തി ജീവിച്ചു. സ്‌നേഹം എല്ലാവര്‍ക്കും പകുത്തു നല്‍കി. നിങ്ങളില്‍ ഏറ്റവും നല്ലവന്‍ ഭാര്യയോട് ഏറ്റവും നല്ലവന്‍ എന്ന തത്ത്വം സ്വജീവിതത്തില്‍ കാണിച്ചു കൊടുത്തു. ആഇശ(റ) പറയുന്നു: 'ഞാന്‍ കുടിച്ച പാത്രം വാങ്ങി നബി തങ്ങൾ വെള്ളം കുടിക്കും. ഞാന്‍ കടിച്ച മാംസം പിടിച്ചു വാങ്ങി ഞാന്‍ കടിച്ചേടത്ത് കടിക്കും. പുറത്തുപോകാൻ ഭാവിക്കുമ്പോൾ വഴിയില്‍ വെച്ചൊരു ചുംബനം നല്‍കും. ഞാനും റസൂലും ഒന്നിച്ച് കുളിക്കാറുണ്ട്. എന്റെ മടിയില്‍ തലവെച്ച് കിടക്കാറുണ്ട്. ഞാന്‍ മുടിചീകി കൊടുക്കാറുണ്ടായിരുന്നു.' യാത്രയില്‍ പോലും ഭാര്യമാര്‍ക്കിടയില്‍ നറുക്കിട്ട് നീതി കാണിക്കും. ആരാധനയില്‍ ഭാര്യമാര്‍ക്ക് പ്രേരണയും പ്രോല്‍സാഹനവും നല്‍കി. പാതിരാവായാല്‍ ഭാര്യമാരെ നമസ്‌കാരത്തിനു വിളിച്ചുണര്‍ത്തും. അങ്ങനെ ജീവിതത്തിൻറെ എല്ലാ മുഖങ്ങളിലും ആ സ്വഭാവ മഹിമ പ്രതിഫലിച്ചു നിന്നു. ‘അങ്ങ് മഹത്തായ സ്വഭാവത്തിന്റെ ഉടമയാകുന്നു' എന്ന് ഖുർആൻ. (അൽ ഖലം : 4)
o



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso