Thoughts & Arts
Image

ആശയത്തിൻ്റെ അടിത്തറയാണ് 'ഇഖ്റഅ്'

2026-09-26


ഇഅ്ജാസ്
ടി എച്ച് ദാരിമി





വിശുദ്ധ ഖുർആനിന്റെയും പ്രവാചക ദൗത്യത്തിന്റെയും വഹ്‌യിന്റെയും ആദ്യ വാക്ക് 'ഇഖ്റഅ്' എന്നതാണ്. ലോകത്തിന് അല്ലാഹുവിനെയും അവന്റെ സൃഷ്ടി മഹാത്മ്യത്തെയും അവനു വിധേയരായി ജീവിക്കേണ്ടതിന്റെ അനിവാര്യതയും അതിനുവേണ്ട ജീവിത ക്രമങ്ങളെയും പഠിപ്പിക്കുവാൻ വേണ്ടി വരുന്ന ഗ്രന്ഥത്തിന്റെയും അവതരിക്കുന്ന ദൈവ സൂക്തങ്ങളുടെയും തുടക്കം മനുഷ്യ ജീവിതത്തിലെ കേവലം ഒരു ക്രിയ ആയ വായന എന്നതായതിനു പിന്നിലെ യുക്തി പലരെയും ചിന്തിപ്പിച്ചിട്ടുണ്ട്. വിഷയം അവിടെ ഒതുങ്ങി നിൽക്കുന്നില്ല. ഇങ്ങനെ ആരംഭിക്കുന്ന ആറായിരത്തിയധികം സൂക്തങ്ങൾ ഉൾക്കൊള്ളുന്ന അന്ത്യനാൾ വരെ ചോദ്യം ചെയ്യപ്പെടാതെ നിലനിൽക്കുന്ന ഈ പരിശുദ്ധ ഗ്രന്ഥത്തിന് ഇട്ട പേര് ഇതേ ക്രിയയുടെ നാമ രൂപമായ 'ഖുർആൻ' എന്നാണ്. അതോടെ വായിക്കുവാനുള്ള ആജ്ഞയോടെ ആരംഭിക്കുന്ന ഈ വിശുദ്ധ ഗ്രന്ഥത്തിന് വായന എന്നർത്ഥം വരുന്ന ഖുർആൻ എന്ന പേര് വന്നിരിക്കുന്നു എന്ന അത്ഭുതത്തിൽ കൂടി നാം എത്തിച്ചേരുന്നു. ഇതോടെ ഈ വിഷയത്തിലുള്ള നമ്മുടെ ചിന്തകളുടെ ചക്രവാളം വികസിക്കുകയാണ്. പൊതു ചിന്തകൾ ഭൗതിക ശാസ്ത്രത്തിന്റെയും കാഴ്ചപ്പാടുകളുടെയും അരികുപറ്റിയാണ് പുരോഗതിപ്പെടുക ഈ കാലത്ത്. അങ്ങനെ ചിന്തിക്കുമ്പോൾ തന്നെ ഈ പ്രയോഗത്തിന് വലിയ ആശയതലമുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും. ചിന്തയുടെ അടിസ്ഥാനം വായനയും കേൾവിയും ആണ് എന്ന പുതിയ വിവരണമാണ് നമ്മെ അത്തരം മേഖലകളിലേക്ക് നയിക്കുന്നത്.


അല്ലാഹു അവൻ്റെ പരിശുദ്ധ കലാമിൽ അതു സത്യവൽക്കരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: 'അതുകൊണ്ട്, വാക്കുകള്‍ സശ്രദ്ധം ശ്രവിക്കുകയും അതിലേറ്റവും ഉദാത്തമായത് പിന്തുടരുകയും ചെയ്യുന്ന എന്റെ അടിമകള്‍ക്ക് താങ്കള്‍ ശുഭവാര്‍ത്തയറിയിക്കുക. അവര്‍ക്കാണ് അല്ലാഹു നേര്‍മാര്‍ഗം കാണിച്ചിട്ടുള്ളത്; ബുദ്ധിമാന്മാരും അവര്‍ തന്നെ' (39:18). ഈ സൂക്തത്തിന്റെ വിശദീകരണത്തിന്റെ വെളിച്ചത്തിൽ വായനയും കേൾവിയും ചിന്തയിലേക്ക് മനുഷ്യനെ നയിക്കുന്നു എന്ന് മനസ്സിലാക്കാം. വിശുദ്ധ ഖുർആൻ മനുഷ്യനെ സത്യത്തിൽ എന്തെങ്കിലും കാര്യങ്ങൾ ചൊല്ലി പഠിപ്പിക്കുവാനോ ബോധ്യപ്പെടുത്തുവാനോ അല്ല ശ്രമിക്കുന്നത്. അതിൻ്റെ പ്രതിപാദനത്തിൽ ഉടനീളം മനുഷ്യനോട് ആവശ്യപ്പെടുന്നത് ചിന്തിക്കുവാനാണ്. ഒരു മനുഷ്യൻ സത്യസന്ധമായി ചിന്തിക്കുകയാണ് എങ്കിൽ പരമമായ സത്യത്തിലേക്ക് അവൻ എത്തിച്ചേരാതിരിക്കാൻ കഴിയില്ല എന്നത് ഉറപ്പാണ്. അതുകൊണ്ടാണ് മനുഷ്യനെ ചിന്തയിലേക്കും തുടർന്ന് സന്മാർഗ്ഗത്തിലേക്കും ഖുർആൻ നയിക്കുന്നത്. മനുഷ്യൻ ഉണ്ടാക്കിയ പ്രത്യയശാസ്ത്രങ്ങളിൽ ഏതാണ്ട് എല്ലാറ്റിന്റെയും പ്രത്യേകത അവ മനുഷ്യ ചിന്തയെ ഒരു പ്രത്യേക താൽപര്യത്തിൽ പിടിച്ചുനിർത്തുന്നു എന്നതാണ്. അവതാരവാദം ഉന്നയിക്കുന്ന മതങ്ങളുടെ നിലപാട് ഒരു ഉദാഹരണം. എങ്ങനെയാണ് ദൈവം തൻ്റെ തന്നെ സൃഷ്ടിയും ദാസനുമായ ഒരു വ്യക്തിയിലോ ഒരു വസ്തുവിലോ അവതരിക്കുക എന്നത് ആ വാദത്തിന്റെ ആൾക്കാർക്ക് വിശദീകരിച്ച് അവതരിപ്പിക്കുവാനോ ചിന്തിക്കുന്ന ഒരാളെ ബോധ്യപ്പെടുത്താനോ കഴിയാത്ത കാര്യമാണ്. അതിനാൽ അങ്ങനെ ചിന്തിക്കാൻ പാടില്ല എന്ന് പറയുകയാണ് അവർ ചെയ്യുക. പിതാവും പുത്രനും പരിശുദ്ധാത്മാവും എങ്ങനെയാണ് ദൈവം എന്ന മറ്റൊന്നിൽ വിലയം പ്രാപിക്കുക എന്നത് അങ്ങനെ വിശ്വസിക്കുന്ന മതക്കാർക്ക് ബോധ്യപ്പെടുത്താൻ കഴിയാത്ത കാര്യമാണ്. ആ മതത്തിലെ വിശ്വാസികൾക്ക് ചിന്തയിലൂടെ മുന്നോട്ടുപോകുവാൻ കഴിയാത്ത കാര്യമാണത്. അതിനാൽ അവർ അത്തരം ചിന്തകളെ പാപമായും ദൈവനിന്ദയും പ്രഖ്യാപിക്കുന്നു.


എന്നാൽ വിശുദ്ധ ഖുർആൻ ആദ്യമേ തുറന്നിടുന്നത് ചിന്തയുടെ വാതിലുകളാണ്. ചിന്ത രൂപപ്പെടുവാൻ അനിവാര്യമായ പ്രവർത്തനമാണ് വായനയും കേൾവിയും. ഇവ രണ്ടിൽ ഏറ്റവും പ്രയാസമുള്ളതാണ് പറഞ്ഞിരിക്കുന്നത്. അത് വായനയാണ്. കാരണം കേൾവി എന്നത് മനുഷ്യന് ജന്മനാ ഉള്ള ഒരു കഴിവാണ്. വായന എന്നതാവട്ടെ പിന്നീട് ഉണ്ടായതാണ്. അക്ഷരങ്ങളും മറ്റും എല്ലാം വന്നപ്പോഴാണ് വായന ഉണ്ടായത് ഇനി ലോകാവസാനം വരെ വായന ഉണ്ടായിരിക്കുകയും ചെയ്യും. ബി സി ആയിരത്തിലാണ് അക്ഷരമാല പ്രയോഗം കണ്ടെത്തിയത് എന്നാണു പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. ഗ്രീക്കുകാരാണ്‌ ആദ്യമായി അക്ഷരമാല കണ്ടെത്തിയത് എന്നും പറയപ്പെടുന്നു. ബി സി ഇരുനൂറില്‍ കുത്തും കോമയും പോലുള്ള കണ്ടുപിടുത്തങ്ങള്‍ എഴുത്ത് ഭാഷയിലേക്ക് കടന്നുവന്നു. നാമിന്നു കാണുന്ന രീതിയിലുള്ള എഴുത്ത് രീതികള്‍ കണ്ടെത്തിയത് എ ഡി 900 ലാണെന്ന് പറയപ്പെടുന്നു. എഴുതപ്പെട്ട ചരിത്രത്തിന്റെ പ്രായം അയ്യായിരം വര്‍ഷമാണ്‌ എന്നത് കൂടി കണക്കാക്കിയാല്‍ വായനയുടെയും എഴുത്തിന്റെയും കാലത്തിനു അധികം പഴക്കം ഇല്ല എന്ന് നമുക്ക് മനസ്സിലാകും. കേൾക്കാൻ കഴിയുന്നവർക്ക് എല്ലാം വായിക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. കേൾവിയേക്കാൾ ചില പ്രത്യേക കഴിവുകൾ കൂടി വായനക്ക് ആവശ്യമാണ്. മാത്രമല്ല കേട്ടതിനടക്കം ഉറപ്പ് കൈവരുന്നത് അത് എഴുതപ്പെടുമ്പോഴാണ്. എഴുതപ്പെടുന്നതിന്റെ ഫലവും ഗുണവും അത് വായിക്കപ്പെടുന്നതിലാണ്. മനുഷ്യൻ്റെ കുലം വികാസപ്പെടുകയും അവർക്കിടയിലുള്ള വ്യാപാരങ്ങളും വ്യവഹാരങ്ങളും അനിവാര്യമാവുകയും വർദ്ധിക്കുകയും ചെയ്യുമ്പോൾ എഴുത്തും എഴുത്തിന്റെ വായനയും കൂടുതൽ പ്രസക്തി നേടും എന്നതുകൊണ്ടാണ് എഴുത്തും വായനയും മനുഷ്യ നിലനില്‍പ്പിന്റെ കൂടി അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്. അത് കൊണ്ടാണ് ആദ്യ സൂക്തത്തിൽ വായനക്ക് അല്ലാഹു ഊന്നല്‍ നല്‍കി ആരംഭിക്കുന്നത്.


ഇഖ്റഅ് എന്ന ഈ വാക്കിൽ നിന്ന് ആരംഭിക്കുന്ന ചിന്താപരമായ ചർച്ചകളിൽ മറ്റൊന്ന് എന്തിനെ വായിക്കാനാണ് അല്ലാഹു നബിയോട് അല്ലെങ്കിൽ നബിയോടും നബിയുടെ ഉമ്മത്തിനോടും ആവശ്യപ്പെടുന്നത് എന്ന ചിന്തയാണ്. വായിക്കുക എന്ന് പറയുമ്പോൾ നമ്മുടെ മനസ്സിൽ വരിക, എന്തെങ്കിലും എഴുതിയത് നോക്കി ശബ്ദത്തോടെയോ അല്ലാതെയോ ഉരുവിടലാണ്. വായിക്കുവാൻ ആദ്യകല്പന ലഭിച്ച റസൂൽ(സ്വ) ഒരിക്കലും എഴുതിയത് വായിച്ചില്ല. എഴുതാനോ എഴുതിയത് വായിക്കാനോ കഴിയാത്ത ‘ഉമ്മിയ്യ്’ ആയിരുന്നു റസൂൽ(സ്വ). അതായത് ജിബ്‌രീൽ എന്തെങ്കിലും ഒന്ന് കാണിച്ചു കൊടുത്തുകൊണ്ട് ഇതു വായിക്കുക എന്ന് പറയുകയായിരുന്നില്ല. അങ്ങനെയാകുമ്പോൾ എന്തു വായിക്കാനാണ് ആവശ്യപ്പെടുന്നത് എന്ന് നമുക്ക് മനസ്സിലാക്കാവുന്നതാണ്. വഹിയുമായി വന്ന ജിബിരീൽ(അ) നബിയോട് നേരെ ചൊവ്വേ വായിക്കാൻ ആവശ്യപ്പെടുകയായിരുന്നു എന്നാണ് ആ സംഭവം വിവരിക്കുന്ന ഹദീസുകളിൽ നിന്ന് മനസ്സിലാകുന്നത്. അതിനാൽ പിൽക്കാലത്തെ വായനയാണ് ഇവിടെ ഉദ്ദേശിക്കുന്നത് എന്നും പറയാനും വയ്യ. അതിന് നമുക്ക് നൽകാവുന്ന ഒരു ഉത്തരം ഇന്നത് എന്ന് പറഞ്ഞിട്ടില്ലെങ്കിൽ അതുകൊണ്ടുള്ള വിവക്ഷ ഏതും എന്നായിരിക്കും എന്നതാണ്. അഥവാ നിങ്ങളുടെ ജീവിതത്തിൽ, നിങ്ങളുടെ ലോകത്തിൽ, നിങ്ങളുടെ പരിസരത്തിൽ കണ്ടതെല്ലാം നിങ്ങൾ വായിക്കുക എന്ന്. അങ്ങനെ പറയുമ്പോൾ വായിക്കുക എന്നതിനെ നമുക്ക് ഗ്രഹിക്കുക എന്ന അർത്ഥത്തിലേക്ക് മാറ്റേണ്ടിവരും.


അതനുസരിച്ച് നിര്‍ണ്ണിതമായ ഒന്നിനെ മുന്‍നിര്‍ത്തിയുള്ള വായനയല്ല ജിബ്രീല്‍ പ്രവാചകനോട് കല്പിക്കുന്നത് മറിച്ച്, ആകാശ ഭൂമിയെയും പ്രകൃതി പ്രതിഭാസങ്ങളെയും മനുഷ്യരെയും അവരുടെ ജീവിതം, ശൈലികൾ, ജീവിത ഘട്ടങ്ങൾ തുടങ്ങി സാമൂഹൃതയെയും എല്ലാം ഉൾക്കൊള്ളുന്ന വളരെ ബ്രഹത്തായ ഒരു വായനയെയാണ്. അതുതന്നെയാണ് ഉണ്ടായതും. ആ രാത്രിയിൽ മാത്രമല്ല പ്രവാചകത്വ ജീവിതത്തിൽ ഉടനീളം. വായന അറിയാത്ത റസൂൽ(സ്വ) വായിച്ചത് സ്വന്തം റബ്ബിനെയാണ്, റബ്ബിന് ശേഷം ആദ്യ വഹ്‌യിൽ തന്നെ പറഞ്ഞ മനുഷ്യനെയാണ്. അവന്റെ ജീവിത പരിസരത്തെയാണ്. അവന്റെ പ്രശ്നങ്ങളെയാണ്. ഖുര്‍ആന്‍ തന്നെ ഈ അര്‍ത്ഥത്തില്‍ ഒരുപാട് സൂചനകളിലൂടെ ഇത് പറഞ്ഞുവെക്കുന്നുണ്ട്. പ്രാപഞ്ചിക പ്രതിഭാസങ്ങളെ കുറിച്ചും ദൃഷ്ടാന്തങ്ങളെക്കുറിച്ചും ചിന്തിക്കുവാൻ ഖുർആൻ ഇടക്കിടക്ക് ആവശ്യപ്പെടുന്നത് അതിൻ്റെ ഭാഗമായിട്ടാണ്. ഉദാഹരണമായി അല്ലാഹു പറയുന്നു: ‘തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിയിലും, രാപകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്' (3:190). ചുരുക്കത്തിൽ, പ്രപഞ്ചത്തിലെ വിവിധങ്ങളായ സൃഷ്ടികളിലേക്കും തത്വങ്ങളിലേക്കും നമ്മുടെ ശ്രദ്ധ ക്ഷണിക്കുകയും അവയെ കുറിച്ചുള്ള ചിന്തകളിലൂടെ സൃഷ്ടാവായ അല്ലാഹുവിനെ കുറിച്ചുള്ള ചിന്തകളിലേക്ക് നമ്മളെ എത്തിക്കുകയും ചെയ്യുന്ന ഖുര്‍ആനിക സങ്കല്‍പ്പത്തെ അന്വർത്ഥമാക്കുകയാണ് 'ഇഖ്റഅ്'.


അങ്ങനെയാണെങ്കിൽ ഈ ആജ്ഞ ചിന്തയുടെ അടിസ്ഥാനങ്ങളിൽ ഒരു ഭാഗം മാത്രമായ വായനയെ മാത്രമല്ലേ ഉൾക്കൊള്ളുന്നുള്ളൂ എന്ന് ഒരാൾക്ക് ചോദിക്കാം. അതിനുള്ള മറുപടി, നാം പറഞ്ഞുവരുന്ന വായന വെറും എഴുതപ്പെട്ട അക്ഷരങ്ങളുടെ ഉരുവിടൽ മാത്രമല്ല, ശബ്ദങ്ങളുടെ വായന കൂടി ഉൾക്കൊളുന്നതാണ് എന്നാണ്. പുതിയ കാലത്തിന് അതൊന്നും ഒട്ടും ദുർഗ്രാഹ്യങ്ങളല്ല. കണ്ണു കാണാത്തവർ വായിക്കുന്നതു മുതൽ ഓഡിയോ ബുക്കുകളും പ്രസാധനങ്ങളും വായിക്കുന്നതെല്ലാം വായന തന്നെയാണ്. അക്ഷരങ്ങളെ വായിക്കുന്നതല്ല, ആശയങ്ങളെ ആഗ്രഹിക്കുന്നതാണ് വായന എന്ന് ചുരുക്കം.


വായിക്കാൻ ആജ്ഞാപിക്കപ്പെട്ട റസൂൽ(സ്വ)യുടെ വായനയുടെ രീതികളും കൗതുകകരമാണ്. അവയിൽ ഒന്നാമത്തെ ഘട്ടം നബി(സ്വ) തങ്ങൾ ജിബ്‌രീലിനെ വായിച്ചിരുന്നതാണ്. അത് കേവലം ഒരു കേൾക്കലായിരുന്നില്ല. കേൾക്കലാകുമ്പോൾ ഗ്രഹിക്കുവാൻ സ്വന്തം ചിന്തയും മനനവും എല്ലാം ചേർക്കേണ്ടിവരും. അല്ലാഹുവിൻ്റെ കലാമിനും സന്ദേശത്തിനും മറ്റൊന്നിനെയും സഹായവും പിന്തുണയും വേണ്ടതില്ല. അതിനാൽ അത് നബിയുടെ ഒരു ശ്രമവും ഇല്ലാതെതന്നെ മനസ്സിൽ സ്ഥാപിക്കുകയായിരുന്നു. താൻ കേൾക്കുന്നത് നഷ്ടപ്പെട്ടു പോയേക്കുമോ എന്ന ആധിയെ തുടർന്ന് നബി തങ്ങൾ ആദ്യ കാലത്ത് ധൃതി പിടിച്ചു കേൾക്കുന്ന വാചകങ്ങൾ പറഞ്ഞ നോക്കുമായിരുന്നു. ആലോചിച്ചാൽ അത് കേൾക്കുന്ന കാര്യങ്ങളുമായി മനസ്സിൽ ഉറപ്പിക്കുവാൻ സഹായകമാകുന്ന ഒരു കാര്യം തന്നെയാണ് അത് എന്ന് നമുക്ക് തോന്നിപ്പോകും. പക്ഷേ അതുപോലും പറയുകയായിരുന്നു അല്ലാഹു. അല്ലാഹു പറയുന്നു: 'ഖുര്‍ആന്‍ തത്രപ്പെട്ട് ഹൃദിസ്ഥമാക്കാനായി താങ്കളതുകൊണ്ട് നാവ് ചലിപ്പിക്കേണ്ടതില്ല. അതിന്റെ സമാഹരണവും പാരായണം ചെയ്തു തരലും നമ്മുടെ ചുമതലയാണ്. അങ്ങനെ നാം ഓതിത്തരുമ്പോള്‍ താങ്കളത് അനുധാവനം ചെയ്യുക. പിന്നീടതിന്റെ പ്രതിപാദനവും നമ്മുടെ ബാധ്യതതന്നെ' (അൽ ഖിയാമ 16-19). ബൗധികമായ കീഴ് വഴക്കങ്ങൾക്ക് വിധേയമായി താങ്കൾ ഈ വചനങ്ങളെ മനസ്സിൽ സ്വീകരിക്കുവാൻ ഒന്നും ചെയ്യേണ്ടതില്ല, ഇത് നാം താങ്കളുടെ മനസ്സിൽ വെച്ച് ഉറപ്പിച്ചു തരും എന്നാണ് അല്ലാഹു പറയുന്നത്. ഇതു കാരണമായിരുന്നു വഹിയ് വരുന്ന സമയത്ത് നബി തങ്ങളിൽ ഉണ്ടായിരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങൾ. ഏതോ ഒരു പ്രത്യേക പ്രക്രിയക്ക് നബി തങ്ങൾ വിധേയമാകുന്ന രൂപങ്ങൾ അപ്പോൾ പ്രകടമായിരുന്നു. അത് നബി തങ്ങൾ തന്നെ വിവരിച്ചു തന്നിട്ടുണ്ട്. ആയിശ(റ)യില്‍ നിന്നും ഇമാം ബുഖാരി ഹാരിസുബ്‌നു ഹിശാം(റ) നബി (സ്വ)യോട് ചോദിച്ചതായി റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരേ, എങ്ങനെയാണ് താങ്കള്‍ക്ക് വഹ്‌യ് വരുന്നത്?” അപ്പോള്‍ നബി(സ്വ) പറഞ്ഞു: 'ചിലപ്പോള്‍ മണിനാദം പോലെയായിരിക്കും. അതാണ് എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രയാസകരമായിട്ടുള്ളത്. ആ സന്ദര്‍ഭത്തില്‍ എന്നില്‍നിന്നും വിയര്‍പ്പു പൊടിയും. അപ്പോഴേക്കും മലക്ക് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കിയിട്ടുണ്ടാകും. ചിലപ്പോള്‍ മലക്ക് മനുഷ്യരൂപത്തില്‍ വരികയും എന്നോട് സംസാരിക്കുകയും ചെയ്യും. അപ്പോള്‍ കാര്യങ്ങള്‍ ഞാന്‍ ഹൃദിസ്ഥമാക്കും'. ആയിശ(റ) പറയുന്നു: 'അതിശക്തമായ തണുപ്പുള്ള ദിവസവും വഹ്‌യ് ഇറങ്ങുമ്പോള്‍ നബി(സ്വ) വിയര്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പ്രവാചകന്റെ നെറ്റിത്തടങ്ങളിലും വിയര്‍പ്പ് കാണാമായിരുന്നു'. (ബുഖാരി)


എന്താണ് നബി(സ്വ) നേരിടുന്ന ഈ ഭാരം?, മണി അടിക്കുന്ന ശബ്ദം എങ്ങിനെ ഉണ്ടാകുന്നു?, അതില്‍ നിന്ന് എങ്ങിനെയാണ് നബി തിരുമേനിക്ക് കാര്യം മനസ്സിലാവുക? തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയുക നമുക്ക് സാദ്ധ്യമല്ല. ആത്മീയ ലോകത്തിനും, ഭൗതികലോക ത്തിനുമിടക്ക്, അഥവാ ദിവ്യലോകത്തിനും, മനുഷ്യലോകത്തിനുമിടക്ക് നടക്കുന്ന ഒരു വാര്‍ത്താ ബന്ധമാണത്. ഇത് ദൈവീക സന്ദേശങ്ങൾ ഹൃദയത്തിലേക്ക് സ്വീകരിക്കുന്നതിന്റെ രീതിയാണ്. ഹൃദയത്തിൽ നിന്നും ഈ സന്ദേശങ്ങൾ പുറത്തെടുക്കുന്നതും സാധാരണഗതിയിൽ ആയിരുന്നില്ല. തനിക്ക് അവതരിച്ച സന്ദേശം ഹൃദയത്തിൽ നിന്ന് വായിക്കുകയായിരുന്നു നബി. അവ രണ്ടും അഥവാ ദിവ്യ സന്ദേശം കേട്ട് സ്വീകരിക്കുന്നതും അത് സ്ഥാപിക്കപ്പെട്ട മനസ്സിൽ നോക്കി വായിക്കുന്നതും രണ്ടും വായനയാണ്.


എന്തു വായിക്കാനാണ് ആവശ്യപ്പെടുന്നത് എന്നത് വ്യക്തമാക്കുന്നില്ലെങ്കിലും എങ്ങനെ വായിക്കണം എന്ന് ഈ ആദ്യ വചനങ്ങളിൽ പറയുന്നുണ്ട്. അത് നിൻ്റെ റബ്ബിന്റെ നാമത്തിൽ വായിക്കുക എന്നതാണ്. എന്തു വായിക്കുകയാണെങ്കിലും അതിൻ്റെ തുടക്കത്തിലും വായനയോടൊപ്പവും റബ്ബിന്റെ നാമം കൊണ്ട് തുടങ്ങിയതാണ് എന്ന അവബോധത്തോടെ തന്നെ വായന പൂർത്തിയാക്കുവാനും കഴിയുന്ന വിഷയങ്ങൾ ആയിരിക്കണം വായിക്കേണ്ടത് എന്നാണ് അത് സൂചിപ്പിക്കുന്നത്. അതു വായനയുടെയും വായന വഴി മനുഷ്യനിൽ രൂപപ്പെടുന്ന ചിന്തയുടെയും വിശുദ്ധി ഉറപ്പാക്കുന്നു. ഏതൊരു വിശ്വസിക്കും വിശ്വാസിയായി മുന്നോട്ടു പോകുവാനും അവർക്ക് വേണ്ടി സൃഷ്ടാവ് ഒരുക്കിയ പ്രതിഫലങ്ങളിൽ എത്തിച്ചേരുവാനും എന്നല്ല സ്വർഗ്ഗം തിരിച്ചു പിടിക്കാനും അങ്ങനെ അത് സഹായകമാകുന്നു. ഇങ്ങനെയെല്ലാം നമ്മുടെ ആശയ ലോകത്തിൻറെ അർത്ഥ കേന്ദ്രമായി മാറുകയാണ് 'ഇഖ്‌റഅ്'.
O




















0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso