Thoughts & Arts
Image

കാലം കാത്തുവെച്ച കാരുണ്യം

2026-09-26

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി അൽ അസ്ഹരി





റബീഉൽ അവ്വൽ മാസത്തിൽ വീണ്ടും എത്തുമ്പോൾ മനസ്സ് ജാഗ്രമായി മഹാനായ പ്രവാചകൻ നബി(സ്വ) തങ്ങളെ കുറിച്ച് ആഴത്തിൽ ആലോചിക്കുന്നതും സൂക്ഷ്മമായി നിരീക്ഷിക്കുന്നതും സ്വാഭാവികമാണ്. വിശ്വാസികൾക്ക് തങ്ങളുടെ ആദർശത്തിന്റെ ആധാരം എന്ന നിലക്ക് പ്രവാചകനെ വൈകാരികമായി കൂടി ഉൾക്കൊള്ളേണ്ടതുള്ളത് കൊണ്ട് പ്രത്യേകിച്ചും. ഇത് ഈ വിധത്തിൽ അനിവാര്യമാക്കുന്നത് സത്യത്തിൽ മഹാനായ അന്ത്യപ്രവാചകൻ്റെ കാലിക പ്രസക്തി തന്നെയാണ്. നബിയുടെ പ്രസക്തി സർവ്വകാലികമാണ്. വിശുദ്ധ ഖുർആൻ സർവ്വകാലികമാണ് എന്ന് നാം പറയുന്നത്, ഏതുകാലത്ത് ജീവിക്കുന്ന ആൾക്കും തൻ്റെ കാലത്തിൻ്റെ ഏതു വിഷയങ്ങളെയും വിവരിക്കുവാനും വിഷമങ്ങളെയും പരിഹരിക്കുവാനും ശരിയായ താളത്തിലേക്ക് നയിക്കുവാനും വേണ്ട അറിവുകൾക്കും തത്വങ്ങൾക്കും വിശുദ്ധ ഖുർആനിനെ ധൈര്യമായി ആശ്രയിക്കാം എന്നതുകൊണ്ടാണ്. അപ്രകാരം തന്നെയാണ് ആ ഗ്രന്ഥവുമായി നിയുക്തനായ അന്ത്യപ്രവാചകന്റെ കാര്യവും. മഹാനവർകളുടെ സന്ദേശം, ജീവിതരീതി, നയ നിലപാടുകൾ എന്നിവക്കെല്ലാം എക്കാലത്തിനും ഉൾക്കൊള്ളാവുന്നതും സ്വീകരിക്കാവുന്നതുമായ പ്രസക്തിയും പ്രാധാന്യവും അല്ലാഹു കൽപ്പിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഓരോ വർഷവും പ്രവാചകൻ്റെ പ്രകീർത്തനങ്ങൾ പുതുമയോടെ പ്രതിധ്വനിക്കുന്നത്. നമ്മുടെ വർത്തമാനകാലത്ത് അത്തരം ഒരു ചിന്തയിലേക്ക് നാം കടക്കുമ്പോൾ പ്രവാചകനെ നമ്മുടെ കാലത്തിൻ്റെ ചുമർ ചിത്രങ്ങളിലേക്ക് ചേർത്തുവച്ചാണ് നാം കാണേണ്ടത്. പുതിയ കാലത്തിൻ്റെ കാൻവാസുകളിലേക്ക് പകർത്തിയാൽ പ്രവാചകൻ എത്രമേൽ പ്രസക്തമാകും എന്നതു കാണാം. പുതിയകാലം യുദ്ധത്തിന്റെയും ചതിയുടെയും അനീതികളുടെയും അവഗണനകളുടെയും എല്ലാം കാലമാണ്. എങ്ങും ഉയർന്നു കേൾക്കാനും കാണാനും ഉള്ളത് അവകൾ മാത്രം. നന്മയുടെയും ശാന്തിയുടെയും രംഗങ്ങളെ എല്ലാം ഇവകൾ മറച്ചുപിടിക്കുന്നു.


കൂട്ടത്തിൽ പുതിയ ലോകത്തെ ഏറ്റവും അധികം അസ്വസ്ഥമാക്കുന്നത് യുദ്ധങ്ങളാണല്ലോ. അക്കാര്യത്തിൽ നാം പ്രവാചകനെ വീക്ഷിക്കുമ്പോൾ പുതിയ കാല യുദ്ധങ്ങളും പ്രവാചക കാലത്തെ യുദ്ധങ്ങളും തമ്മിലുള്ള വലിയ അന്തരം കാണാൻ കഴിയും. നബിയുടെ കാലത്ത് നബി തങ്ങൾ തന്നെ ഒരു പക്ഷത്ത് നിലയുറപ്പിക്കുന്ന വിധത്തിൽ യുദ്ധങ്ങൾ ഉണ്ടായിരുന്നു. പക്ഷേ, യുദ്ധമാണെങ്കിലും അവയ്ക്ക് കാരുണ്യത്തിന്റെ ഒരു സ്പർശം ഉണ്ടായിരുന്നു എന്നിടത്താണ് നബിയുടെ യുദ്ധവും നയവും ആധുനിക യുദ്ധങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നത്. ഇന്നത്തെ യുദ്ധങ്ങൾ കാരുണ്യത്തിന്റെ ഒരു സ്പർശവും ഇല്ലാത്തവയാണ്. അതുകൊണ്ടാണ് ഉണ്ടാകുന്ന ഒരു യുദ്ധവും അവസാനിക്കാത്തത്. ഒരു മുന്നണിയിൽ നിൽക്കുന്നവർക്കു പോലും എന്താണ് ഈ യുദ്ധത്തിൻ്റെ ലക്ഷ്യം, മാർഗ്ഗം എന്നിവയൊന്നും പ്രവചിക്കാൻ പോലും കഴിയാത്തത്. ഉദാഹരണങ്ങൾ നിരവധിയാണ്. ഇസ്രാഈൽ പലസ്തീനിലെ അറബികളുമായി യുദ്ധം തുടങ്ങിയിട്ട് എത്രയോ പതിറ്റാണ്ടുകൾ പിന്നിട്ടു. ഇതിനിടയിൽ ഉടമ്പടികളും സന്ധികളും വെടിനിർത്തലുകളും എല്ലാം ഉണ്ടായി. പക്ഷേ, അവയൊക്കെയും അപ്പപ്പോൾ തന്നെ പച്ചയായി ലംഘിക്കപ്പെട്ടു. ഇപ്പോഴും അത് അവസാനിച്ചിട്ടില്ല, അവസാനിക്കുമെന്ന് ഒരാളും ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുമില്ല. മരിച്ചുവീഴുന്നവരുടെ മനസ്സുകളെ കാണാൻ കഴിയാത്തതാണ് അതിനു പിന്നിലെ പ്രധാന പ്രചോദനം. അവിടെയാണ് ജൂതന്മാരുടെ യുദ്ധം കരുണയില്ലാത്ത ക്രൂരതയായി മാറുന്നത്. റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം തുടങ്ങിയിട്ട് വർഷം മൂന്ന് പിന്നിട്ടു. ആർക്കും അത് നിർത്തുവാൻ കഴിയുന്നില്ല. പങ്കാളികൾ അതു സ്വമേധയാ നിർത്തുന്നുമില്ല. രണ്ടു പക്ഷവും തങ്ങളുടെ എതിർകക്ഷിയുടെ മണ്ണിലെ വിഭവങ്ങളും വികസനങ്ങളും കത്തിച്ചും തകർത്തും അതിൽ അഭിമാനിക്കുകയും ആസ്വദിക്കുകയുമാണ്. അമേരിക്കയും ഇസ്രായേലും ഇറാനിനെതിരെ നടത്തുന്ന പുതിയ യുദ്ധത്തിൻ്റെ കഥയും അതുതന്നെയാണ്. ഒന്നിനും വേണ്ടിയല്ലാത്ത ഒരു യുദ്ധം. ആർക്കും ന്യായീകരിക്കാൻ ഒന്നുമില്ലാത്ത ഒരു യുദ്ധം. നിരപരാധരെ കൊല്ലുക എന്നതിലപ്പുറം മറ്റൊരു ലക്ഷ്യവുമില്ലാത്ത യുദ്ധം.


എന്നാൽ നബി(സ്വ) തങ്ങളുടെ കാലത്തുണ്ടായ യുദ്ധങ്ങൾക്ക് നിശ്ചിതമായ ലക്ഷ്യവും മാന്യമായ മാർഗ്ഗവും എല്ലാം ഉണ്ടായിരുന്നു. ഇവയെല്ലാം ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ യുദ്ധനയം തന്നെ ഇസ്ലാമിൽ അക്കാലത്ത് രൂപപ്പെടുകയുണ്ടായി. ഈ നയത്തിന്റെ ആത്മാവ് കണ്ടു തുടങ്ങുവാൻ യുദ്ധം അനുവദിക്കപ്പെട്ട കാലം മാത്രം കണ്ടാൽ മതിയാകും. ഹിജ്റ ഒന്നാം വർഷത്തിന്റെ അവസാനത്തിൽ അൽഹജ്ജ് അധ്യായത്തിലെ 36-ാം സൂക്തത്തിലൂടെയാണ്, ഒരു പ്രതിരോധം എന്ന നിലക്ക് എന്ന് വ്യക്തമായി പറഞ്ഞുകൊണ്ട് യുദ്ധം അനുവദിക്കുന്നത്. യുദ്ധവും തിരിച്ചടിയും അനിവാര്യമാക്കുന്ന ഏറ്റവും കുറഞ്ഞത് 14 വർഷങ്ങൾ പിന്നിട്ടതിനുശേഷമായിരുന്നു ഇത്. മാനസികമായും ശാരീരികമായും മുസ്ലിംകൾ മക്കയിൽ വേട്ടയാടപ്പെട്ടിരുന്ന ഈ 14 വർഷങ്ങളും അല്ലാഹു പ്രവാചകനിലൂടെ പറഞ്ഞത് നിങ്ങൾ ക്ഷമിക്കൂ എന്നായിരുന്നു. ഇങ്ങനെ ക്ഷമിക്കാൻ ആഹ്വാനം ചെയ്യുമ്പോഴെല്ലാം നബി തങ്ങൾ ഒപ്പം 'എന്നോട് യുദ്ധം ചെയ്യാൻ കൽപ്പിച്ചിട്ടില്ല' എന്ന് വ്യക്തമായി പറയുമായിരുന്നു. ശത്രുക്കളുടെ പീഡനങ്ങൾ സഹിക്കവയ്യാതെ സ്വഹാബികൾക്ക് ആഫ്രിക്കയിലേക്ക് പലായനം ചെയ്യേണ്ടിവന്നതും നബിയുടെ തിരു ശിരസ്സിലും വീടിൻ്റെ പടിയിലും നാളുകൾക്കു മുമ്പ് ഒഴിവാക്കിയ കുടൽമാലകളും മുള്ളും മാലിന്യങ്ങളും കൊണ്ടുവന്നിട്ടതും ഇക്കാലത്തായിരുന്നു. ശത്രുക്കളുടെ അടിയേറ്റ് അബൂബക്കർ(റ), സഅദ് ബിൻ അബീ വഖാസ്(റ) തുടങ്ങിയവർ തലകറങ്ങി വീഴുകയും ചോരയൊലിച്ച് നനയുകയും ചെയ്തത് ഈ കാലത്തായിരുന്നു. ഖുറൈശികളുടെ നേതാവായ അബൂത്വാലിബും മക്കയിലെ ഏറ്റവും വലിയ സമ്പന്നയായ ഖദീജ ബീവിക്കും പോലും നബി(സ്വ) തങ്ങളെ പിന്തുണക്കുന്നു എന്നതിൻ്റെ പേരിൽ മക്കയിൽ താമസിക്കാൻ അനുവാദമില്ലാതെ വർഷങ്ങളോളം മലഞ്ചെരുവിലെ വെളിമ്പുറത്ത് അന്നവും വെള്ളവും ഇല്ലാതെ കഴിയേണ്ടിവന്നതും ഈ കാലയളവിൽ ആയിരുന്നു. അപ്പോഴൊക്കെയും ക്ഷമിക്കുവാനാണ് നബി പറഞ്ഞത്. പരസ്യമായ ഒരു പ്രതികരണവും പാടില്ലെന്നായിരുന്നു നബി പറഞ്ഞത്. അതുകൊണ്ടാണല്ലോ വിശ്വാസം മാറിലടക്കിപ്പിടിച്ചു കൊണ്ട് മക്കയിൽ നിന്ന് മദീനയിലേക്കുള്ള പലായനം പോലും അതീവ രഹസ്യമായത്.


നബി(സ്വ) ശത്രുക്കൾക്ക് സ്വന്തം നാട് വിട്ടുകൊടുത്തുകൊണ്ട് മാറിനിന്നു. പക്ഷേ എന്നിട്ടും മക്കയിലെ ശത്രുക്കൾ തങ്ങളുടെ അമാന്യതകൾ തുടർന്നു. നിങ്ങൾ അഭയം തേടിയ ഇടത്തിലും നിങ്ങളെ താമസിക്കാൻ വിടില്ല എന്ന ധാർഷ്ട്യമായിരുന്നു അവരുടേത്. നബിയുടെയും മുഹാജിറുകളുടെയും സ്വത്തും സമ്പാദ്യവും പെറുക്കി കൂട്ടി അവർ കച്ചവടം ചെയ്തു. മദീനയുടെ അതിർത്തിയിൽ വന്ന് മദീനക്കാരുടെ ആടുമാടുകളെയും ഇടയന്മാരെയും ശല്യം ചെയ്തു. അത്തരമൊരു സാഹചര്യത്തിൽ ഇനി അവിടെ നിന്നും മറ്റൊരു ഇടത്തേക്ക് മാറുക എന്നത് ബുദ്ധിപരമായ ഒരു പരിഹാരമേ ആയിരുന്നില്ല. കാരണം അങ്ങനെ പോകാൻ പുറപ്പെട്ടാൽ പിന്നെ ആർക്കാണ് എന്താണ് ചെയ്യാൻ കഴിയുക?. അതിനാൽ ചെറുത്തുനിൽക്കുക എന്നത് അനിവാര്യമായി. അത്തരം ഒരു സാഹചര്യത്തിൽ അതിനുമാത്രം അല്ലാഹു അനുമതി നൽകുകയായിരുന്നു. ഇതാണ് ഇസ്ലാമിലെ യുദ്ധങ്ങളുടെ തുടക്കം. ഇത്തരം ആമുഖങ്ങൾ ഒന്നുമില്ലാതെ നബിയുടെ യുദ്ധങ്ങളെ വായിക്കുന്നവർക്കാണ് തെറ്റിദ്ധാരണയെല്ലാം ഉണ്ടായത്. അവരൊക്കെ അത് ഇപ്പോഴും തിരുത്താതെ ചുമന്നു നടക്കുകയാണ്.


യുദ്ധം ഒരു മാർഗ്ഗമാവരുത് എന്ന് നബി കഠിനമായി ശഠിച്ചു. അതുകൊണ്ട് ഓരോ യുദ്ധക്കളങ്ങളിലും രണഭേരി മുഴങ്ങും മുൻപ് യുദ്ധം ഒഴിവാക്കാനുള്ള മാർഗ്ഗത്തെ കുറിച്ച് നബി(സ്വ) ചിന്തിച്ചു. പക്ഷേ മക്കക്കാരുടേത് വിചിത്രമായ വാശിയായിരുന്നു. ഖുറൈശികൾക്ക് സത്യത്തിൽ അവരിൽ പെട്ട ബനൂ ഹാശിം കുടുംബത്തോടുള്ള അസൂയയായിരുന്നു. ഇസ്ലാം സ്ഥാപിക്കപ്പെട്ടാൽ അവരുടെ എല്ലാ കോയ്മകളും നഷ്ടപ്പെടും എന്ന് അവർ ഭയന്നു. അതിനാൽ അവർ ഒന്നിന് പുറകെ ഒന്നായി മൂന്ന് യുദ്ധങ്ങൾ ചെയ്തു. മൂന്നാമത്തെ യുദ്ധമായ അഹ്സാബ് കനത്ത രക്തവർഷം നടത്തേണ്ടതായിരുന്നു. മദീനയിലെ ആകെ ജനസംഖ്യയുടെ മൂന്നിരട്ടിയോളം യോദ്ധാക്കളെയാണ് അവർ സംഘടിപ്പിച്ചത്. അത്രയും വലിയ ഒരു ദുരന്തം ഒഴിവാക്കാൻ വേണ്ടിയാണ് നബി കിടങ്ങ് എന്ന പദ്ധതി തന്നെ കൊണ്ടുവന്നത്. അത് ഫലപ്പെടുകയും ചെയ്തു. അതു കഴിഞ്ഞ് ആറാം വർഷം ഹുദൈബിയിൽ വച്ച് സ്വന്തം അനുയായികളുടെ കനത്തതും കടുത്തതുമായ എതിർപ്പിനെ പോലും അവഗണിച്ചുകൊണ്ട് സമാധാന കരാറിൽ നബി ഒപ്പുവച്ചു. കരാറിന്റെ വ്യവസ്ഥകളെല്ലാം നബിക്കും നബിയുടെ സമുദായത്തിനും എതിരായിരുന്നു. സ്വന്തം ക്യാമ്പിൽ കനത്ത പ്രതിഷേധം ഉണ്ടായിരുന്നു. എന്നിട്ടും നബി തങ്ങൾ അതിൽ ഒപ്പുവെച്ചത് അതിലെ ഒന്നാമത്തെ വ്യവസ്ഥ അടുത്ത പത്തുവർഷം നമ്മൾ തമ്മിലോ സഖ്യകക്ഷികൾ മുഖേനയോ യുദ്ധം പാടില്ല എന്നായിരുന്നത് കൊണ്ടായിരുന്നു. പിന്നെ മക്കക്കാരുമായി ഇസ്ലാം യുദ്ധം ചെയ്തിട്ടില്ല.


ഉപഭൂഖണ്ഡത്തിലെ മറ്റു ശത്രുക്കൾക്ക് അപ്പോഴേക്കും അസൂയയും അഹന്തയും മുളച്ചു കഴിഞ്ഞിരുന്നു. അവർക്കെതിരെയും രംഗത്തിറങ്ങേണ്ടിവന്നു. പക്ഷേ അവിടെയെല്ലാം കാരുണ്യം സമം ഉൾചേർന്നിരുന്നു. വൃദ്ധർ, സ്ത്രീജനങ്ങൾ, കുട്ടികൾ, സന്യാസികൾ, മഠങ്ങൾ, മരങ്ങൾ, ജലാശയങ്ങൾ, ഇവയൊന്നും യുദ്ധത്തിൻ്റെ പരിധിയിൽ വരരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നു. ശത്രുക്കളെ തീർക്കുക എന്നത് യുദ്ധത്തിന്റെ ലക്ഷ്യമാവാൻ പാടില്ല എന്ന് നബി തങ്ങൾ പറഞ്ഞു. ഇസ്ലാമിലെ യുദ്ധങ്ങളുടെ താല്പര്യം എല്ലാവരെയും വിശ്വാസത്തിലേക്ക് കൊണ്ടുവരിക എന്നതല്ല, മറിച്ച് വിശ്വാസികൾക്ക് തങ്ങളുടെ ന്യായങ്ങൾ എല്ലാവരോടും തുറന്നുപറയാനും തങ്ങളുടെ വിശ്വാസങ്ങൾ അനുഷ്ഠിച്ചും ആചരിച്ചും ജീവിക്കുവാനും ഉള്ള സാഹചര്യം ഉണ്ടാക്കുക എന്നത് മാത്രമാണ്. യുദ്ധം കൊണ്ടാണ് ഇസ്ലാം ലക്ഷ്യം നേടിയത് എന്ന് പറയുന്നവർ അവർ പറയുന്ന ഇസ്ലാമിന്റെ യുദ്ധങ്ങളുടെ കഥയും കണക്കും പോലും പരിശോധിച്ചിട്ടില്ലാത്തവരാണ്. ചെറുതും വലുതുമായി നബി പങ്കെടുത്തതും പങ്കെടുക്കാത്തതുമായ ആകെ യുദ്ധങ്ങൾ 74 എണ്ണമാണ്. ഇതിൽ ജീവഹാനി സംഭവിച്ചത് വെറും എട്ട് യുദ്ധങ്ങളിൽ മാത്രമാണ്. ഇവരിൽ പ്രവാചകനാൽ വധിക്കപ്പെട്ടത് കേവലം ഒരു വ്യക്തി മാത്രമാണ്. രണ്ടു സൈന്യത്തിലുമായി ഈ മൊത്തം യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത് 1018 പേർ മാത്രമാണ്. ഇവരിൽ 759 പേർ എതിർ പക്ഷത്ത് നിന്നുള്ളവരായിരുന്നു. എന്നിട്ടും 66 ലക്ഷം ജീവൻ കവർന്ന ഫ്രഞ്ച് വിപ്ലവത്തെയും ഒരു കോടി മനുഷ്യരുടെ ജീവൻ കവർന്ന റഷ്യൻ വിപ്ലവത്തെയും ഒരുകോടി ആറ് ലക്ഷം ജീവൻ കവർന്ന ഒന്നാം ലോക യുദ്ധത്തെയും കാണാതെ പോകുന്നവരുടെ ഇസ്ലാമിനെതിരെയുള്ള യുദ്ധരോഷം കഥയറിയാതെയാണ് എന്നേ പറയാൻ കഴിയൂ.


'അക്കാലത്ത് ജീവിതസരണിയില്‍ ഇസ്‌ലാമിന് സ്ഥാനം നേടിക്കൊടുത്തത് വാളായിരുന്നില്ലെന്ന് മുമ്പെന്നത്തേക്കാളും എനിക്കു ബോധ്യമായിരിക്കുന്നു. പ്രവാചകന്റെ അചഞ്ചലമായ ലാളിത്യവും ഉദാത്തമായ ആത്മബലവും പ്രതിജ്ഞകളോടുള്ള ദൃഢമായ പ്രതിബദ്ധതയും കൂട്ടുകാരോടും അനുയായികളോടുമുള്ള അതിരറ്റ അര്‍പ്പണവും നിര്‍ഭയത്വവും ദൈവത്തിലും തന്റെ ദൗത്യത്തിലുമുള്ള പരമമായ വിശ്വാസവുമായിരുന്നു, വാളായിരുന്നില്ല അവരെ മുന്നിലെത്തിച്ചത് എന്ന് യങ്ങ് ഇന്ത്യയിൽ മഹാത്മാഗാന്ധി.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso