Thoughts & Arts
Image

മനുഷ്യത്വത്തിന്റെ നബി ചിത്രങ്ങൾ

2026-09-26


വെളളിത്തെളിച്ചം
ടി എച്ച് ദാരിമി അൽ അസ്ഹരി





ഹിജ്റ രണ്ടാം വർഷം ബദർ യുദ്ധം കഴിഞ്ഞിരിക്കുകയാണ്. ശത്രുസേനയെ നയിച്ചിരുന്ന ഖുറൈശികളിൽ 70 പ്രധാനികൾ തടവിലായി. മുസ്ലിംകങ്ങൾക്ക് ഇത് ആദ്യ അനുഭവമാണ്. അവരുടെ ആദ്യത്തെ സായുധസമരവുമായിരുന്നുവല്ലോ ബദർ. മദീനയിലെ ഇസ്ലാമിക രാഷ്ട്ര മാണെങ്കിലോ രൂപ ഭാവങ്ങളിലേക്ക് വികസിക്കുന്നേയുള്ളൂ. അതിനാൽ ജയിലോ ജയിൽ നിയമങ്ങളോ ഒന്നുമില്ല. തടവുകാരെ തൽക്കാലം പള്ളിക്ക് തൊട്ടായി ഒരു മുറിയിൽ കൈകളും കാലുകളും കെട്ടി താമസിപ്പിച്ചിരിക്കുകയാണ്. പാറാവിന് ഏതാനും സഹാബിമാരെ ഏൽപ്പിച്ചിട്ടുണ്ട്. രാത്രിയായി. എല്ലാവരും ഉറങ്ങി. പക്ഷേ, നബി(സ്വ)ക്ക് ഉറക്കം വരുന്നില്ല. പ്രത്യേകിച്ചും തൊട്ടപ്പുറത്തെ മുറിയിൽ നിന്ന് ബന്ധനസ്ഥരായ തടവുകാരുടെ ഞരക്കങ്ങൾ കേൾക്കുമ്പോൾ. ശത്രുക്കളാണെങ്കിലും, അവർ അതിലപ്പുറവും അർഹിക്കുന്ന വിധത്തിലുള്ള ധിക്കാരങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും മനുഷ്യസ്നേഹത്തിന്റെ നബി മനസ്സിന് അതൊന്നും താങ്ങാനാവുന്നില്ല. പാറാവുകാരായ സഹാബിമാർ ഉറക്കം വരാതെ നബി അസ്വസ്ഥനായി നടക്കുന്നത് കണ്ടു ഏറെ വിഷമിച്ചു. കൂട്ടത്തിൽ ഒരാളുടെ ശബ്ദം തെല്ലുറക്കെ കേൾക്കുന്നുണ്ടായിരുന്നു. അത് തന്റെ പിതൃവ്യൻ അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിൻ്റെതാണ് എന്ന് നബിക്കറിയാം. നബിക്ക് അബ്ബാസിനോടും അബ്ബാസിന് നബിയോടും വലിയ ഇഷ്ടമാണ്. അദ്ദേഹം പക്ഷേ ഇസ്ലാമിലേക്ക് ഇനിയും എത്തിയിട്ടില്ല. ഇസ്ലാം എന്ന വിത്തിന് അനുയോജ്യമായ മണ്ണാണ് അദ്ദേഹത്തിൻ്റെ മനസ്സ് എന്ന് എല്ലാവർക്കും അറിയാം. ബദർ യുദ്ധത്തിൽ പക്ഷേ അദ്ദേഹത്തിന് ഇറങ്ങേണ്ടി വന്നു. അബൂജഹൽ അദ്ദേഹത്തെ വലിച്ച് ഇറക്കുകയായിരുന്നു. അത് അറിയുന്നത് കൊണ്ടുതന്നെ അബ്ബാസിനെ കണ്ടാൽ വധിക്കരുത് എന്ന് നബി തങ്ങൾ തൻ്റെ സേനക്ക് നിർദ്ദേശം നൽകിയിരുന്നു. അങ്ങനെയാണ് തടവിലെത്തിയിരിക്കുന്നത്.


പാറാവുകാരായ സ്വഹാബിമാർ നബിയുടെ അസ്വസ്ഥതക്കു കാരണം അബ്ബാസിന്റെ ഉയർന്നുകേൾക്കുന്ന ഞരക്കങ്ങളാണ് എന്ന് ധരിച്ചു. അവരിൽ ഒരാൾ പോയി അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിൻ്റെ കയ്യിലെയും കാലിലെയും കെട്ടുകൾ അല്പം അയച്ചു. അതോടെ ഞരക്കം കുറഞ്ഞു. പക്ഷേ അത് നബിയുടെ ശ്രദ്ധയിൽപ്പെട്ടു. നബി തങ്ങൾ ധരിച്ചത് മറ്റൊന്നായിരുന്നു. തടവിൽ ഏറെ കഷ്ടപ്പാട് അനുഭവിക്കുന്ന ഏതോ ഒരാളായിരുന്നു ഞരങ്ങുന്നതും മൂളുന്നതും. അയാളുടെ ആ ശബ്ദങ്ങൾ ഇപ്പോൾ നിലച്ചിരിക്കുന്നു. അതിനർത്ഥം ഒരു പക്ഷേ അയാൾ മരിച്ചു കാണും എന്നായിരിക്കുമോ എന്ന് നബി തങ്ങൾ ഉത്കണ്ഠപ്പെട്ടു. മനുഷ്യത്വത്തിന്റെ മൂർത്തീഭാവമായ മഹാനായ നബി പാറാവുകാരുടെ അടുത്തേക്ക് ഓടിവന്നു. 'ആ ഉയർന്നു കേട്ടിരുന്ന ശബ്ദത്തിന്റെ ഉടമയെങ്ങാനും മരിച്ചുവോ?', നബി ഉത്കണ്ഠയോടെ ചോദിച്ചു. അവർ അവർ കരുതിയിരുന്നതും ചെയ്തതും എല്ലാം പറഞ്ഞു. അബ്ബാസിന്റെ വേദന തന്നെ അലട്ടുന്നു എന്നതിൻ്റെ പേരിൽ അവർ അദ്ദേഹത്തിൻ്റെ കയ്യിലേയും കാലിലെയും കെട്ടുകൾ അയച്ചതാണ് എന്ന് കേട്ടപ്പോൾ നബി(സ്വ) തിരുമേനിയിലെ മനുഷ്യത്വം വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. നബി(സ്വ) പറഞ്ഞു: 'അതു പറ്റില്ല, എല്ലാവരുടെ വേദനയും വേദനയാണ്, കെട്ടുകൾ അയക്കുകയാണ് എങ്കിൽ എല്ലാവരുടേതും അയക്കണം, അല്ലെങ്കിൽ ആരുടേതും അയക്കേണ്ടതില്ല'. മനുഷ്യകുലം മഹാനായ നബിയുടെ മഹിതമായ മനസ്സിലെ മനുഷ്യത്വം മറ്റൊരിക്കൽ കൂടി കാണുകയായിരുന്നു അപ്പോൾ. മനുഷ്യത്വത്തിന്റെ ഏറ്റവും മഹത്തായ ചിത്രം മനുഷ്യകുലത്തിനായി വരച്ചുവെക്കുകയായിരുന്നു നബി തങ്ങൾ.


മദീനയിലെ സുൽത്താനായപ്പോൾ ഉണ്ടായ കേവലം ഒരു രംഗമായിരുന്നില്ല മേലെ കണ്ടത്. ആ രക്തത്തിലും ജീവിതത്തിലും അലിഞ്ഞുചേർന്ന ഒരു ഘടകമായിരുന്നു അത്. ഹലീമ ബീവിയുടെ സ്‌തനങ്ങളിൽ ഒന്ന് മറ്റൊരു കുട്ടിക്ക് വേണ്ടി ബോധപൂർവ്വമല്ലാതെ പോലും നീക്കിവെക്കുന്ന ആ ശൈശവം മുതൽ നാം അത് ചരിത്രങ്ങളിൽ കേൾക്കുന്നതാണ്. യൗവനത്തിലേക്ക് കടന്നപ്പോൾ ആ മനുഷ്യത്വത്തിന്റെ കരങ്ങൾ സ്വന്തം പിതൃവ്യനും രക്ഷാകർത്താവുമായ അബൂത്വാലിബിലേക്ക് നീളുന്നതും നാം കാണുന്നുണ്ട്. സാമ്പത്തികമായി ക്ഷയിച്ചു പോയ ഒരു കുടുംബകാരണവരായിരുന്നു അബൂത്വാലിബ്. അദ്ദേഹത്തിനാണെങ്കിലോ ധാരാളം മക്കളുമുണ്ട്. തന്നോട് കുട്ടിക്കാലത്ത് കാണിച്ചിട്ടുള്ള സ്നേഹത്തിന് പകരം ചെയ്യാൻ മഹാനായ നബിയുടെ മനസ്സ് പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു. അങ്ങനെ അബൂതാലിബിന്റെ രണ്ടു മക്കൾക്ക് നബി(സ്വ) ആശ്രയത്വത്തിന്റെ തണൽ ഉണ്ടാക്കി. ഒരു മകനായ അലി(റ)യുടെ സംരക്ഷണം നബി തങ്ങൾ നേരിട്ട് ഏറ്റെടുത്തു. മറ്റൊരു മകൻ ജഅ്ഫറി(റ)ൻ്റെ സംരക്ഷണം പിതൃവ്യൻ അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബിനെ ഏൽപ്പിക്കുകയും ചെയ്തു. അങ്ങനെ വളർന്നതും വളർത്തിയെടുത്തതുമായിരുന്നു നബി മനസ്സിൻ്റെ മനുഷ്യത്വം.


നബി മനസ്സിൻ്റെ മനുഷ്യത്വ ഭാവങ്ങളെ ഏറ്റവും മനോഹരമായി നോക്കിക്കാണാൻ കഴിയുന്ന രംഗങ്ങളാണ് നബി(സ്വ)യുടെ സൈനിക വിന്യാസങ്ങൾ. യുദ്ധം നബി തങ്ങൾക്ക് ഒരു ഭ്രാന്തായിരുന്നില്ല. തന്റെ ആദർശത്തെ പ്രചരിപ്പിക്കാനുള്ള മാർഗ്ഗവുമായിരുന്നില്ല. അങ്ങനെയെല്ലാമായിരുന്നുവെങ്കിൽ അത് സ്വീകരിക്കേണ്ടിയിരുന്ന ഘട്ടങ്ങൾ നിരവധി മക്കാ ജീവിതഘട്ടത്തിൽ ഉണ്ടായിരുന്നു. ഒരു കാരണവുമില്ലാതെ തൻ്റെ ശിരസ്സിലേക്ക് പഴകിയ മൃഗാവശിഷ്ടങ്ങൾ വലിച്ചെറിഞ്ഞപ്പോഴും മുഖത്തു നോക്കി ചീത്ത വിളിച്ചപ്പോഴും വീടും തീയും വെള്ളവും വിലക്കി മക്കയുടെ പുറംപോക്കിൽ ഉപരോധിച്ചപ്പോഴും സ്വന്തം ഇഷ്‌ടപ്രകാരം മറ്റൊരിടത്തേക്ക് പോകാൻ പോലും അനുവദിക്കാതെ വീടു വളഞ്ഞ് ഭീഷണി ഉയർത്തിയപ്പോഴും ഒന്നും വെറും ഒരു പ്രതിരോധത്തിനു വേണ്ടിയെങ്കിലും നബിയോ അനുയായികളോ കയ്യുയർത്തുകയുണ്ടായില്ല. അല്ലാഹു അതനുവദിച്ചില്ല. പക്ഷേ, പിന്നെ എതിരാളികൾ എല്ലാ മാന്യതയും മറക്കുകയും ലംഘിക്കുകയും ചെയ്യുകയായിരുന്നു. അവരുടെ നാട് അവർക്ക് ഒഴിഞ്ഞുകൊടുത്തിട്ടും തിരിച്ചടിക്കാതെ ഒഴിഞ്ഞുപോന്നിട്ടും പിന്നെയും ശല്യം ചെയ്യാനാണ് അവർ ഉദ്യമിച്ചത്. ഇനിയും ഒഴിഞ്ഞുകൊടുക്കുന്നത് ഒട്ടും ബുദ്ധിയല്ല എന്ന് ആരും പറഞ്ഞുപോകുന്ന ഘട്ടമായിരുന്നു ഉണ്ടായത്. അത്തരമൊരു സാഹചര്യത്തിൽ അല്ലാഹു പ്രതിരോധം അനുവദിക്കുകയായിരുന്നു. അനുവദിച്ചത് യുദ്ധമല്ല, പ്രതിരോധം മാത്രമായിരുന്നു. അങ്ങനെയൊക്കെയാണെങ്കിലും യുദ്ധം യുദ്ധം തന്നെയാണ്. അത് ആയുധം കൊണ്ടുള്ള കളിയാണ്. അണി നിരക്കുമ്പോഴും അങ്കി ധരിച്ച് ആയുധം കയിലെടുക്കുമ്പോഴും വികാരത്തിന് തീ പിടിക്കും. കോപം സിരകളിൽ ഇരച്ചു കയറും. പിന്നെ ഒരു നിയന്ത്രണമുണ്ടാവില്ല. ശത്രുവിൻ്റെ ചോരയും ജീവനുമല്ലാതെ ഒരു ലക്ഷ്യവും കണ്ണിലും ഖൽബിലുമുണ്ടാവില്ല. ഇതിനൊരു വിപ്ലവകരമായ മാറ്റം നബി തങ്ങൾ ഉണ്ടാക്കി. നബി തിരുമേനിയുടെ യുദ്ധങ്ങളിൽ ജീവഹാനി ആപേക്ഷികമായി വളരെ കുറവായിരുന്നു. ഒരു താരതമ്യത്തിനു വേണ്ടി ഒന്നാം ലോക യുദ്ധം എടുക്കാം. അതിൽ പൊലിഞ്ഞത് 9 ദശലക്ഷത്തോളം സൈനികരും 7 ദശലക്ഷത്തോളം സാധാരണക്കാരും കൊല്ലപ്പെട്ടു എന്നാണ് കണക്ക്. അതേ സമയം നബി നയിച്ച മൊത്തം യുദ്ധങ്ങളിലായി ആകെ കൊല്ലപ്പെട്ടത് കണക്കുകൾ സൂക്ഷ്മമല്ലെങ്കിലും മുസ്ലിം പക്ഷത്ത് ഏകദേശം 1,300 പേരും ശത്രുപക്ഷത്ത് ഏകദേശം 1,022 പേരുമാണ്.


ഇതിനു നബി(സ്വ) ചെയ്തത് അന്നത്തെ യുദ്ധ മീമാംസയിൽ മനുഷ്യത്വം കലർത്തുക എന്നതായിരുന്നു. ഒരു സൈനിക നിയോഗം നടത്തുമ്പോൾ ആവരോട് നബി(സ്വ) പറയും: 'നിങ്ങൾ ചതിക്കരുത്, യുദ്ധം ശത്രുക്കളല്ലാത്തവരിലേക്ക് പകരരുത്, കുട്ടികളേയും സ്തീകളെയും വൃദ്ധജനങ്ങളേയും സന്യാസികളേയും വധിക്കരുത്, ഈന്തപ്പനകൾക്ക് തീയിടരുത്, മരങ്ങൾ മുറിക്കരുത്, ഒരു നിർമ്മിതിയും തകർക്കരുത്'. മനുഷ്യത്വം പറ്റിപ്പിടിച്ച ഇത്തരം ഒരു പാട് രംഗങ്ങൾ ചേർത്തുവെച്ചതാണ് മാനുഷ്യകത്തിൻ്റെ മഹാചാര്യൻ നബി തിരുമേനി(സ്വ)യുടെ ജീവിതം.
0



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso