Thoughts & Arts
Image

നബിയുടെ സ്നേഹ സാമ്രാജ്യം

2026-09-26

വെള്ളി പ്രഭാതം
മുഹമ്മദ് തയ്യിൽ അസ്ഹരി





സ്നേഹം എന്ന വികാരത്തെ നിർവചിക്കുന്നതിൽ ശരിക്കും മനുഷ്യന്റെ തത്വശാസ്ത്രങ്ങൾ പരാജയപ്പെട്ടു എന്ന് വേണം പറയുവാൻ. കാരണം, സ്നേഹത്തെക്കുറിച്ച് ഇതുവരെ ഉന്നയിക്കപ്പെട്ട നിർവചനങ്ങളും ഇപ്പോൾ കരുതിവരുന്ന ധാരണകളും എല്ലാം ഭാഗികമോ അപൂർണ്ണമോ ആണ്. ഉദാഹരണമായി ചിലർ സ്നേഹത്തെ നിർവചിച്ചത്, ലൈംഗിക അടുപ്പത്തിലേക്ക് നയിക്കുന്ന താൽപര്യം എന്നാണ്. മറ്റു ചിലർ, ഒരാൾക്ക് മറ്റൊരാളോടോ ഒരു സാധനത്തോടോ ഒരു സാഹചര്യത്തോടോ തോന്നുന്ന സന്തോഷകരമായ അനുഭൂതി എന്നാണ്. ചിലർക്ക് അത് പറഞ്ഞുണ്ടാക്കുന്നതും ചമയ്ക്കുന്നതുമായ ഒരു വിവരണമാണ്. മറ്റു ചിലർക്ക് തങ്ങളുടെ മതപരമോ സാമുദായികമോ ആയ പിടിച്ചുനിൽക്കലുകൾക്കുള്ള കുറുക്കുവഴിയാണ്. ഏത് ഏതെടുത്താലും അവയൊക്കെയും അപൂർണ്ണമാണ്. മേൽപ്പറഞ്ഞവയെ കുറിച്ചൊക്കെ സ്നേഹം എന്നു പറയുന്നതിനേറെ നല്ലത് ഇഷ്ടം എന്ന് മാത്രം പറയലാണ്. ഇഷ്ടം തന്നെയല്ലേ സ്നേഹം എന്ന് ചോദിക്കരുത്. ഇഷ്ടം എന്നത് സ്നേഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഇഷ്ടം എന്നത് കേവലം ആണ്. സ്നേഹമാകട്ടെ മനുഷ്യന്റെ ജീവിതത്തിന്റെ എല്ലാ ഘടകങ്ങളെയും എല്ലാ സാഹചര്യങ്ങളെയും എല്ലാ പ്രവർത്തനങ്ങളെയും ചൂഴ്ന്നുനിൽക്കുന്ന ഒരു വികാരമാണ്. ചിലപ്പോൾ ഒന്നും പറയാത്ത ഒന്നും ചെയ്യാത്ത നിലപാടുകൾ മാത്രം സ്നേഹം എന്ന വികാരത്തെ പ്രകടിപ്പിക്കും. സ്നേഹത്തെ കുറിച്ചുള്ള ഈ ദർശനം ഇസ്ലാമിക തത്വശാസ്ത്രത്തിൻ അധിഷ്ഠിതമാണ്. ഇസ്ലാം ഒരു ഉദാഹരണം വഴിയാണ് അത് അവതരിപ്പിച്ചത്. ഒരു തിരുവചനത്തിൽ പറയുന്നു, 'അല്ലാഹു തന്റെ കാരുണ്യത്തെ നൂറായി പകുത്തു. അതിൽ ഒരംശം മാത്രം ഈ പ്രപഞ്ചത്തിനു വേണ്ടി നൽകി. അങ്ങനെ ലഭിച്ച ആ ഒരംശം കൊണ്ടാണ് ഈ ലോകത്തെ എല്ലാ സ്നേഹവും കാരുണ്യവും ഇഷ്ടവും ഉണ്ടാകുന്നത്. കുഞ്ഞിന് പാല് കുടിക്കാനുള്ള സൗകര്യം ഉണ്ടാക്കിക്കൊടുക്കുവാൻ അമ്മ പശു കാലുയർത്തിക്കൊടുക്കുന്നത് പോലും ആ അംശത്തിന്റെ അംശം കൊണ്ടാണ് എന്ന് തിരുവചനം പറയുന്നു. അങ്ങനെ പറയുമ്പോൾ സ്നേഹം മേൽപ്പറഞ്ഞതുപോലെ സർവ്വതല സ്പർശിയായിരിക്കേണ്ടതും സർവ്വകാലികമായിരിക്കേണ്ടതുമാണ്.


സ്നേഹിച്ചവരും സ്നേഹം പ്രകടിപ്പിച്ചവരും പ്രപഞ്ചത്തിലൂടെ കടന്നുപോയിട്ടുണ്ടാകാം. പക്ഷേ മേൽപ്പറഞ്ഞ അർത്ഥത്തിലുള്ള ശരിയായ സ്നേഹം പങ്കുവെച്ച ഏക ജീവിതം മഹാനായ നബി തിരുമേനി(സ്വ)യുടേതു തന്നെയായിരിക്കും. വെറും ഒരു അവകാശവാദമല്ല ഈ പ്രകടിപ്പിച്ചത്. ഇതൊരു അന്ധമായ പക്ഷാപാതവുമല്ല. കാരണം സാക്ഷാൽ സ്നേഹം ഉണ്ടായോ എന്ന് കണ്ടെത്തുവാൻ ഒരു വ്യക്തിത്വത്തിൻ്റെ ജീവിതത്തിലെ ഇഷ്ടങ്ങളെയും ചേർത്തുവെക്കണം. എന്നിട്ട് അത് ആ വ്യക്തിയുടെ ജീവൽ സ്പർശിയായ ഒരു വികാരമായിരുന്നുവോ എന്ന് കണ്ടെത്തുകയും വേണം. അതിനുമാത്രം സമ്പൂർണ്ണമായി രേഖപ്പെടുത്തപ്പെട്ട ജീവചരിത്രം ഉള്ള ആരെയും നമുക്ക് കാണാൻ കഴിയുന്നില്ല. കഴിഞ്ഞുപോയ ചരിത്രപുരുഷൻമാരിൽ പ്രവാചകന്മാരും പുണ്യാളന്മാരും ദൈവതുല്യരും യോദ്ധാക്കളും ക്രൂരന്മാരും എല്ലാവരും ഉണ്ടായിട്ടുണ്ട്. പക്ഷേ അവരെയെല്ലാം നാം അതാത് വിശേഷണങ്ങൾ ഉപയോഗിച്ച് വിളിക്കുന്നത് അവരവരുടെ ജീവിതത്തിൽ നിന്ന് നമുക്ക് കിട്ടിയ ഏതാനും രംഗങ്ങളുടെ പിൻബലത്തിൽ മാത്രമാണ്. ജനനം മുതൽ മരണം വരെ ജീവിത ഘട്ടങ്ങളിൽ എല്ലാം അവരവരുടെ സ്വഭാവമോ സമീപനമോ കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്ന ജീവചരിത്രങ്ങൾ എഴുതപ്പെട്ടിട്ടില്ല. അതിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടില്ല. അല്ലെങ്കിൽ സൃഷ്ടാവായ അല്ലാഹു അത്തരമൊരു സാഹചര്യത്തെ സൃഷ്ടിച്ചില്ല. അതുകൊണ്ട് പ്രത്യേക ആവശ്യങ്ങൾ എന്തെങ്കിലും അല്ലാഹു ഉദ്ദേശിക്കാത്തത് കൊണ്ടായിരിക്കാം. എന്നാൽ മുഹമ്മദ് നബി(സ്വ)യെ അല്ലാഹു നിയോഗിക്കുന്നത് ഇനിയുള്ള ലോകത്തിൻ്റെ മുഴുവൻ മാർഗദർശിയായിട്ടാണ്. ഇനിയൊരു ദൂതനെ അവൻ അയക്കുന്നില്ല. അതിനാൽ ഈ അന്ത്യദൂതന്റെ ജീവിതം ഒരു പാഠമായി സംരക്ഷിക്കപ്പെട്ട് വെക്കേണ്ടതുണ്ട്. ആ പാഠങ്ങൾ മനുഷ്യജീവിതത്തെ അതിൻ്റെ എല്ലാ മോചനങ്ങളിലേക്കും നയിക്കുവാൻ പര്യാപ്തമായിരിക്കേണ്ടതുമുണ്ട്. അതെല്ലാം എല്ലാ അർത്ഥത്തിലും കൈവന്നതും ഉള്ളതും മഹാനായ നബിയുടെ ജീവിതത്തിലാണ്.


അതിനാൽ നബി തിരുമേനി(സ്വ)യുടെ ജീവിതത്തിൻ്റെ ഓരോ ഘട്ടങ്ങളും എടുത്തു പരിശോധിച്ചാൽ നബി മനസ്സിൻ്റെ സ്നേഹ ചിത്രങ്ങൾ ലഭിക്കും. അതെല്ലാം ചേർത്തുവെക്കുമ്പോൾ ഈ പ്രവാചകൻ്റെ സ്നേഹ സാമ്രാജ്യം കാണാനാവും. ഒരുപാടുണ്ട് ഇവിടെ ഒതുക്കാൻ ആവാത്ത അത്തരം ചിത്രങ്ങൾ. അവ ജീവിതത്തിൻറെ വിവിധ പരിസരങ്ങളിൽ നിന്ന് പകർത്തിയതാണ്. വീടകത്തിൽ നിന്ന് തുടങ്ങിയാൽ നബി(സ്വ) തങ്ങൾ വീട്ടിൽ നല്ല കുടുംബനാഥനും സ്നേഹമുള്ള ജീവിതപങ്കാളിയുമായിരുന്നു. വീട്ടുജോലികളിൽ നബി സഹായിക്കുമായിരുന്നു. അവർ പ്രയാസപ്പെടാതിരിക്കാൻ സ്വന്തം കാര്യങ്ങൾ സ്വയം ആയി തന്നെ ചെയ്യുമായിരുന്നു. ഭാര്യമാരോട് ഏറ്റവും നല്ല രീതിയിൽ പെരുമാറുന്നവനാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ എന്ന് പ്രഖ്യാപിക്കണമെങ്കിൽ അത് തൻ്റെ ജീവിതത്തിൽ ഉണ്ടായിരിക്കണമല്ലോ. മക്കളിലേക്കും പേരമകളിലേക്കും എത്തുമ്പോൾ നബി ഒരു സ്നേഹ നിലാവായി പെയ്തിറങ്ങുന്നത് കാണാം. മകൾ ഫാത്തിമ(റ) വീട്ടിലേക്ക് വരുമ്പോഴുള്ള ഒരു രംഗം മാത്രം മതി ആ മനസ്സ് വായിക്കുവാൻ. എഴുന്നേറ്റ് നിന്ന് സ്വാഗതം നേർന്നു മകളെ സ്വീകരിക്കുകയും തന്റെ അരികിലിരുത്തുകയും ചെയ്യുമായിരുന്നു ഈ പിതാവ്. കൊച്ചുമക്കളെ നിസ്കരിക്കുമ്പോൾ തോളിൽ വെച്ച് നിസ്കരിക്കുകയും അവർക്കുവേണ്ടി ചിലപ്പോൾ നിസ്കാരം നീട്ടുക വരെയും ചെയ്യുമായിരുന്നു അവരുടെ ഈ പിതാമഹൻ. പെരുന്നാൾ പൊലിവ് ഇല്ലാത്തതിന്റെ പേരിൽ വഴിവക്കിൽ കരഞ്ഞിരിക്കുന്ന കുട്ടിയോട് ചേർത്തുപിടിച്ചുകൊണ്ട് 'ഞാൻ നിന്റെ പിതാവാകുന്നത് നിനക്ക് സന്തോഷമല്ലേ' എന്ന് ചോദിച്ച് ആശ്വസിപ്പിക്കുമ്പോഴും അടുത്തടുത്ത വിരലുകൾ ഉയർത്തിക്കാണിച്ചു അനാഥയെ സംരക്ഷിക്കുന്നവരും ഞാനും സ്വർഗ്ഗത്തിൽ ഇങ്ങനെ ആയിരിക്കും എന്ന് പ്രസ്താവിക്കുമ്പോഴും ആ സ്നേഹം കുട്ടികളുടെ ലോകത്തെ മുഴുവൻ കീഴടക്കുകയാണ്.


രോഗികളെ സന്ദർശിക്കുമ്പോഴും അത് തൻ്റെ സമുദായത്തിന്റെ ബാധ്യതയാണ് എന്ന് പ്രഖ്യാപിക്കുമ്പോഴും നബി തങ്ങൾ അശരണരുടെ സ്നേഹ അത്താണിയായി മാറുകയാണ്. നിറത്തിന്റെ പേരിൽ മുഖം ചുളിച്ചു സംസാരിച്ച ഉന്നതനായ സഹാബിയോട് മുഖത്ത് നോക്കി 'നിന്നിൽ ഇപ്പോഴും ജാഹിലിയ്യത്ത് അവശേഷിക്കുന്നു' എന്ന് പറയുമ്പോൾ സ്നേഹം താക്കീതായി മാറുകയായിരുന്നു. അടിമകളെ മൃഗങ്ങളെ പോലെ ഉപയോഗിച്ചിരുന്ന ആ കാലഘട്ടത്തിൻ്റെ സമീപനത്തെ 'അവർ നിങ്ങളുടെ സഹോദരങ്ങളാണ്' എന്ന ഒരു വാചകം കൊണ്ട് തിരുത്തുമ്പോൾ നബിയുടെ സ്നേഹക്കുളിർ അവഗണനകളുടെയും ക്ലേശങ്ങളുടെയും കൈപ്പുനീർ കുടിക്കുന്ന അടിമകളുടെ ലോകത്തെയും കീഴടക്കുകയായിരുന്നു. അത് പിന്നെ അവിടെ നിന്നെല്ലാം വളർന്ന് ലോകത്തെ അത്ഭുതപ്പെടുത്തുന്ന വിധം ജന്മ ശത്രുക്കളിലേക്ക് വരെ പൊട്ടിയൊഴുകുകയുണ്ടായത് ലോകം കണ്ടതാണ്. മക്കാ വിജയത്തിൻ്റെ നാളിൽ കഅ്ബാലയത്തിന്റെ വാതിൽ കട്ടിളകളിൽ കൈവച്ചു നിന്നുകൊണ്ട് എല്ലാവർക്കും സ്വന്തം ഹൃദയത്തിൻ്റെ സ്നേഹവാതിൽ തുറന്നിട്ടു കൊടുക്കുകയായിരുന്നു നബി തങ്ങൾ. നബിയുടെ സ്നേഹം കണ്ടനുഭവിച്ച ഒരു സഹാബി പറയുന്നുണ്ട്, നബി തങ്ങൾ മന്ദമാരുതനെ പോലെ എല്ലാവരിലേക്കും മന്ദം മന്ദം ഒഴുകിയെത്തുന്ന കുളിർ തെന്നലായിരുന്നു എന്ന്. ആ തെന്നൽ പിന്നെയും കടന്ന് ജന്തുലോകത്തിന്റെ മറ്റു തട്ടുകളിലേക്ക് വരെ കടന്നു. ജീവിത ക്ലേശം ബോധിപ്പിക്കാന്‍ തിരുനബിക്ക് മുന്നിലെത്തിയ സവാദുബ്നു റബീഅ്(റ)വിന് നബി(സ്വ) ഒരു പറ്റം ഒട്ടകങ്ങളെ നല്‍കി നടത്തിയ ഉപദേശം, ഒട്ടകത്തെ പോറ്റി പാല്‍ കറന്നെടുത്തു വിറ്റ് കുടുബം പോറ്റണമെന്നായിരുന്നില്ല. മറിച്ച്, അവയോട് കാരുണ്യം കാണിക്കണമെന്നായിരുന്നു. വീട്ടിലെത്തിയാല്‍ ഒട്ടക കുട്ടികളെ നല്ല ആഹാരം നല്‍കി നന്നായി നോക്കാന്‍ വീട്ടുകാരോട് പറയണം, ഒട്ടകത്തിന്‍റെ പാല്‍ അതിന്‍റെ കുട്ടികള്‍ക്കു കൂടി ആവകാശപ്പെട്ടതാണ് എന്ന് അവരെ തര്യപ്പെടുത്തണം, ഒട്ടകങ്ങളെ കറക്കുന്നതിനു മുമ്പ് അവരോട് നഖം മുറിക്കാന്‍ പ്രത്യേകം ഓര്‍മിപ്പിക്കണം.. തുടങ്ങി ആ സ്നേഹം ഒട്ടകലയങ്ങളിലേക്ക് വരെ അരിച്ചിറങ്ങുന്നു. പക്ഷിക്കുഞ്ഞുങ്ങളെ കൂട്ടിലടച്ച വ്യക്തിയോട് അതിനെ തുറന്ന് വിടണമെന്നും തള്ള പക്ഷിയുടെ മനോവേദന മനസ്സിലാക്കണമെന്നും ഓര്‍മിപ്പിച്ച നബി(സ്വ) ചെറു പ്രാണികളെ തീയിലിട്ടു കരിക്കുന്നതില്‍ വേദനയോടെ ദേഷ്യപ്പെട്ടു.


അല്ലാഹു പറയുന്നു: 'നിങ്ങളിൽ നിന്നു തന്നെയുള്ള ഒരു റസൂല്‍ നിങ്ങള്‍ക്കിതാ വന്നിരിക്കുന്നു. നിങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നത് അവിടത്തേക്ക് അസഹനീയമാണ്. നിങ്ങളുടെ സന്മാര്‍ഗ പ്രാപ്തിയില്‍ അതീവേച്ഛുവും സത്യവിശ്വാസികളോട് ഏറെ ആര്‍ദ്രനും ദയാലുവുമാണ് അവിടന്ന്' (തൗബ: 128). ഈ സൂക്തത്തിൽ അല്ലാഹു പ്രവാചകനെ അവതരിപ്പിക്കുന്നത് ആ മനസ്സിൻ്റെ സ്നേഹം വെച്ചുകൊണ്ടാണ്. വിശ്വാസികൾ നബി മനസ്സിൻ്റെ ഈ സ്നേഹ വികാരങ്ങളെ നന്നായി പഠിച്ചെടുക്കേണ്ടത് അനിവാര്യമാണ്. അപ്പോഴാണ് നബിയോടുള്ള സ്നേഹം എത്രമാത്രം വലിയ ബാധ്യതയാണ് എന്നത് വിശ്വാസികൾക്ക് തിരിച്ചറിയുവാൻ കഴിയുക. നബി ഓർമ്മകൾ അന്തരീക്ഷത്തിൽ പ്രകമ്പനം കൊള്ളുന്ന റബീഉൽ അവ്വലിൻ്റെ ദിനരാത്രങ്ങൾ അതിനു വേണ്ടി ഉപയോഗപ്പെടുത്തുമ്പോൾ നാം ആ സ്നേഹവലയത്തിൽ വിലയം പ്രാപിക്കുകയാണ്.
O



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso