ടി എച്ച് ദാരിമി
മഹാനായ ശൈഖുൽ ജാമിഅ ശൈഖുനാ കെ ആലിക്കുട്ടി മുസ്‌ലിയാർ എന്ന നാമം നമ്മുടെ നാവിലും പ്രൗഢമായ വേഷഭൂഷാദികളോട് കൂടെയുള്ള ആ രൂപം മനസ്സിലും നിലനിൽക്കുക മൂന്നു കാരണങ്ങളിലൂടെ ആയിരിക്കും. ആ മൂന്നു കാരണങ്ങൾ പ്രതിഫലിച്ച അനുഭവങ്ങളുടെ സമാഹാരമാണ് മഹാനവർകളുടെ ജീവിതം. ഈ മൂന്നു കാര്യങ്ങളിൽ ആദ്യമായി എടുക്കേണ്ടത് സ്വഭാവവുമായി ബന്ധപ്പെട്ട കാരണങ്ങളെയാണ്. കാരണം മതം സ്വഭാവങ്ങളുടെ ആകെത്തുകയാണ്. സ്വഭാവങ്ങൾ വഴിയാണ് ഇസ്ലാം മനുഷ്യനിൽ ഇടപെടുന്നത്. മനുഷ്യൻ്റെ സ്വഭാവങ്ങളെ സ്വാധീനിച്ച് അതിനെ നന്മയിലേക്ക് പരിവർത്തിപ്പിക്കുകയോ തിരിച്ചുവിടുകയോ ചെയ്യുന്നതോടുകൂടിയാണ് മനുഷ്യൻ ഇസ്ലാമിക ദൃഷ്ട്യാ സംസ്കരിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഇസ്ലാമിക സംസ്കൃതിയുടെ കാഴ്ചപ്പാടിൽ വിലയിരുത്തലുകളുടെ തുടക്കവും ഒടുക്കവും സ്വഭാവങ്ങൾക്കാണ്. ദീൻ എന്നാൽ സ്വഭാവങ്ങളാണ് എന്നാണ് നബി തങ്ങൾ പഠിപ്പിച്ചത്. ആരാധനകളേക്കാൾ ഉപരിയായി, ഒരു വ്യക്തിയുടെ മനുഷ്യരുമായുള്ള ഇടപെടലുകളും പെരുമാറ്റവുമാണ് യഥാർത്ഥ ഈമാനിന്റെ (വിശ്വാസം) അളവുകോലായി മതം നിശ്ചയിക്കുന്നത്. നബി(സ) തന്റെ നിയോഗോദ്ദേശ്യം തന്നെ "ഉൽകൃഷ്ടമായ സ്വഭാവഗുണങ്ങളെ പൂർത്തിയാക്കാൻ വേണ്ടിയാണ്" എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ സ്വഭാവം നന്നായാൽ ആ വ്യക്തിയുടെ മറ്റെല്ലാ കാര്യങ്ങളും സ്വമേധയാ നന്നായിത്തീരുന്നത് കാണാം. മറുവശത്ത് ഒരു വ്യക്തിയുടെ സ്വഭാവം ചീത്തയായാൽ ആ ന്യൂനത അയാളുടെ ജീവിതത്തിൻ്റെ എല്ലാ മേഖലയിലും പ്രതിഫലിക്കുന്നതും കാണാം. സൽസ്വഭാവത്തിന്റെ സ്വാധീനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം മഹാനായ നബി(സ്വ)യുടെ പ്രബോധന വിജയം തന്നെയാണ്. തികച്ചും വ്യത്യസ്തരായ ഒരു ജനതയെ കേവലം 23 വർഷങ്ങൾ കൊണ്ട് ലോകത്തിൻ്റെ ഏറ്റവും ഉദാത്തമായ മാതൃകകളാക്കി മാറ്റുവാൻ നബിയെ സഹായിച്ച ഘടകം പ്രധാനമായും അവരുടെ ഉന്നതമായ സ്വഭാവ ഗുണങ്ങൾ തന്നെയാണ്. സമൂഹത്തിന്റെ നാനാ ദിക്കുകളിൽ നിന്നും ഇത്രമാത്രം നല്ല വർത്തമാനങ്ങൾ മർഹൂം ആലിക്കുട്ടി ഉസ്താദിനെ കുറിച്ച് വരുന്നത് അദ്ദേഹം ചെയ്ത പ്രസംഗത്തിന്റെ പ്രകമ്പനം കൊണ്ടോ എഴുത്തിന്റെ മൂർച്ച കൊണ്ടോ മറ്റോ അല്ല. മറിച്ച് അദ്ദേഹത്തെ കണ്ടുമുട്ടിയ ഓരോരുത്തർക്കും ഹൃദയസ്പൃക്കായ ഒരു സാമീപ്യം അനുഭവപ്പെട്ടതുകൊണ്ടും ഓർത്തെടുക്കുമ്പോൾ പോലും അത് മധുരിക്കുന്നതുകൊണ്ടും തന്നെയാണ്. അതിനാൽ നിഷ്കളങ്കമായ അദ്ദേഹത്തിൻ്റെ സ്നേഹമാണ് അവയിൽ ഒന്നാമത്തേത്.
സ്വഭാവത്തിന്റെയും സ്നേഹത്തിന്റെയും കേന്ദ്രം മനസ്സാണ്. അത് പുറത്തു കാണില്ല. അതിനാൽ തന്നെ അതുണ്ടോ എന്ന് അറിയുവാൻ അത് തെളിയിക്കുന്ന അടയാളങ്ങൾ വേണ്ടതുണ്ട്. ആലിക്കുട്ടി ഉസ്താദിൽ അത്തരം രണ്ട് അടയാളങ്ങൾ ഉണ്ടായിരുന്നു. ആരെ കണ്ടാലും നിഷ്കളങ്കമായി മഹാനവർകൾ പുഞ്ചിരിക്കുകയും ചെറുതെങ്കിലും ആയ ഒരു കുശലാന്വേഷണം നടത്തുകയും ചെയ്യും. ഈ രണ്ടു സമീപനങ്ങൾക്കും ഒരു വ്യക്തിയുടെ മനസ്സിലേക്ക് തുളച്ചുകയറാനുള്ള ശക്തിയുണ്ട്. പുഞ്ചിരിക്കുന്നത് മാനസികാവസ്ഥ വർദ്ധിപ്പിക്കുന്ന ഹോർമോണുകളെ വർദ്ധിപ്പിക്കുകയും കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവയുൾപ്പെടെ സമ്മർദ്ദം വർദ്ധിപ്പിക്കുന്ന ഹോർമോണുകളെ കുറയ്ക്കുകയും ചെയ്യുന്നു. പുഞ്ചിരിക്കുമ്പോൾ അതിന് വേണ്ടി ഉപയോഗിക്കുന്ന പേശികളുടെ ചലനം തലച്ചോറിലെ സമ്മർദ്ദം ഒഴിവാക്കുവാൻ സഹായിക്കുന്ന രാസവസ്തുക്കളായ എൻഡോർഫിനുകൾ ഉത്പാദിപ്പിക്കാൻ കാരണമാകുന്നു എന്നൊക്കെ ശാസ്ത്രീയമായി തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മതത്തിൽ അതിൻ്റെ പ്രാധാന്യം പുഞ്ചിരിയെ ഒരു ദാനധർമ്മമായി നബി തങ്ങൾ അവതരിപ്പിച്ചു എന്നതാണ്. അപ്രകാരം തന്നെ മറ്റുള്ളവരോട് നാം കുശലാന്വേഷണം നടത്തുമ്പോൾ അവർക്ക് തന്നെ സ്വന്തം മനസ്സിലേക്ക് സ്വീകരിച്ചു കൊണ്ട് ഇദ്ദേഹം പരിഗണിക്കുന്നു എന്ന ബോധ്യമുണ്ടാകുന്നു. അത് തിരിച്ചുള്ള സ്നേഹവും കടപ്പാടുമായി രൂപപ്പെടുന്നു. ഇസ്ലാം ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ഇതാണ്. തന്റെ കാര്യങ്ങൾ മാത്രം നോക്കുകയും പരിഗണിക്കുകയും ചെയ്യുന്ന സ്വാർത്ഥതയിൽ നിന്ന് അവനെ മോചിപ്പിക്കുകയും മറ്റുള്ളവരുടെ കാര്യങ്ങളെ തൻ്റെ സ്വന്തം കാര്യം പോലെ പരിഗണിക്കാൻ കഴിയുന്ന വികാരത്തിലേക്ക് ഇസ്ലാം മാറ്റുകയാണ്. നിനക്ക് നീ ഇഷ്ടപ്പെടുന്ന എല്ലാ കാര്യവും നിൻ്റെ സഹോദരന് വേണ്ടിയും നീ ഇഷ്ടപ്പെടുന്നത് വരേക്കും നീ തികഞ്ഞ വിശ്വാസി ആകില്ല എന്നാണ് നബി തങ്ങൾ ഉപദേശിച്ചിട്ടുള്ളത്. ഏതു തിരക്കിനിടയിലും കണ്ടുമുട്ടുന്നവരോടെല്ലാം ഈ രണ്ട് സ്വഭാവങ്ങൾ പുലർത്താത്ത സാഹചര്യം ഉസ്താദിൻ്റെ കാര്യത്തിൽ പൊതുവേ ആർക്കും ഓർത്തെടുക്കാൻ കഴിയില്ല.
രണ്ടാമത്തെ കാരണം ആത്മീയത തന്നെയാണ്. മഹാനവർകൾ തൻ്റെ ജീവിതയാത്രയ്ക്കിടെ കണ്ടതും പരിചയപ്പെട്ടതുമായ എല്ലാ സ്വഹീഹായ ത്വരീഖത്തുകളും സ്വീകരിക്കുകയും ജീവിതത്തിൽ ഒരു വീഴ്ചയും വരാതെ, വരുത്താതെ പ്രവർത്തിപഥത്തിൽ കൊണ്ടുവരികയും ചെയ്ത ആളായിരുന്നു എന്നത് അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള എല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാൽ എല്ലാവരെയും പോലെയും അദ്ദേഹം ഔറാദുകളും മറ്റും ചെയ്തു നടക്കുന്നതായിട്ടല്ലാതെ ഏതെങ്കിലും ഒരു ത്വരീഖത്തിന്റെ പ്രചാരകനോ പ്രബോധകനോ ആയിരുന്നതായി പൊതുവേ കണ്ടിട്ടില്ല. പണ്ടുകാലത്തിൽ നിന്ന് വ്യത്യസ്തമായി പലവിധ ത്വരീഖത്തുകൾക്കും പുതിയ മുർഷിദുകൾ രംഗത്തു വരികയും വിവിധ ഖാൻഖാഹുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന കാലമാണിത്. അവയെല്ലാം തെറ്റോ കൃത്രിമമോ ആണ് എന്ന് ഒരിക്കലും പറയാൻ കഴിയില്ല. സുന്നീ ലോകം അംഗീകരിച്ചതും കലാകാലങ്ങളായി കൊണ്ടുനടക്കുന്നതുമായ ത്വരീഖത്തുകളുടെ സിൽസിലയിൽ പെട്ട മശാഇഖുമാർ ധാരാളമുണ്ട്. അവരോടെല്ലാം ഉസ്താദ് അവർകൾക്ക് വളരെ അടുത്ത മാന്യമായ ഹൃദയബന്ധവും ഉണ്ട്. പക്ഷേ എന്നിട്ടും അദ്ദേഹം അത്തരം ഒരു കേന്ദ്രത്തിന്റെ മുഖമാകുവാനോ നായകനാകുവാനോ രംഗത്തുവന്നില്ല എന്നത് ശ്രദ്ധേയമാണ്. കാരണം സൂഫിസവും ആത്മീയതയും വിശ്വാസികൾക്ക് ജീവിതത്തിൽ പകർത്തി അതിൻ്റെ ഗുണഫലങ്ങൾ അനുഭവിക്കാനുള്ളത് മാത്രമാണ്. പാർട്ടികളെയും പ്രസ്ഥാനങ്ങളെയും ഗ്രൂപ്പുകളെയും പോലെ കൊടിയും തോരണവുമായി പ്രകടനങ്ങൾ നടത്തേണ്ട സംഭവമല്ല. അതിനാൽ മഹാനായ ഉസ്താദ് അവർകൾ എല്ലാ ത്വരീഖത്തുകളെയും സ്വീകരിക്കുകയും ശരിയായ ത്വരീഖത്തുകളുടെ സിൽസിലയിൽ ഉള്ള മുർശിദുകളെ അംഗീകരിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്തു ശരിയായ ആത്മീയത ജീവിതത്തിൽ പുലർത്തിയ മഹാനായിരുന്നു അദ്ദേഹം.
മൂന്നാമത്തേത് അറിവാണ്. അദ്ദേഹത്തിൻ്റെ അറിവിന് ചില സവിശേഷതകൾ ഉണ്ട്. അതിൽ പാരമ്പര്യവും ആധുനികയും ഒരുപോലെ സമം ചേരുന്നു എന്നതാണത്. അതു തന്നെ പരമ്പരാഗത രീതിയിൽ നേടിയതും സ്വയം അധ്വാനിച്ച് വശപ്പെടുത്തിയതും ഉണ്ട്. തൻ്റെ കാലം കണ്ട ഏറ്റവും വലിയ പണ്ഡിത പ്രവരരായ ശംസുൽ ഉലമാ, കോട്ടുമല ഉസ്താദ് തുടങ്ങിയ ഉന്നത ശീർഷരുടെ ശിഷ്യനായിരുന്നു മഹാനവർകൾ. കുഞ്ഞുനാൾ മുതൽ മനസ്സിൽ ജനിച്ചു വളർന്ന ലോകത്തോടൊപ്പം വളരാനുള്ള ത്വരയിൽ നിന്നാണ് ഭൗതിക വിദ്യാഭ്യാസവും ഭാഷകളും സ്വായത്തമാക്കിയത്. ഇങ്ങനെയാണ് രണ്ട് അറിവുകളും മഹാനരിൽ നിറഞ്ഞത്. ഇതുകാരണം അദ്ദേഹത്തിന് തലമുറകളെ അഭിമുഖീകരിക്കാൻ കഴിഞ്ഞത്. ഇത് വലിയൊരു അപൂർവതയാണ്. പരമ്പരാഗത അറിവുകൾ മാത്രം നേടിയവർക്ക് ഇതിനു കഴിയണമെന്നില്ല. ഉസ്താദവർകളെ കൃത്യമായി വായിക്കുമ്പോൾ നാം തിരിച്ചറിയുന്ന ഒരു അത്ഭുതം തന്നെയാണ് ഇത്. പണ്ടുകാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി പുതിയ ലോകക്രമത്തിൽ രൂപപ്പെട്ടുവന്ന ഒരു വലിയ സ്വത്വമാണ് തലമുറ എന്ന വിചാരം. ഓരോ തലമുറകളുടെയും സ്വഭാവം താൽപര്യം വികാരങ്ങൾ വിചാരങ്ങൾ ജീവിതശൈലികൾ സമീപനങ്ങൾ തുടങ്ങിയവയെല്ലാം വ്യത്യസ്തമാണ് എന്ന് ആരോ കണ്ടുപിടിച്ചിരിക്കുന്നു. ആ വാദത്തെ തള്ളിക്കളയാൻ നമ്മുടെ അനുഭവ യാഥാർത്ഥ്യങ്ങൾ അനുവദിക്കുന്നില്ല. ഓരോ തലമുറയുടെയും സ്വഭാവം തികച്ചും വ്യത്യസ്തമാണ്. ഈ വീക്ഷണ കോണിൽ നിന്ന് വിലയിരുത്തുമ്പോൾ ഈ അർത്ഥത്തിലുള്ള തൗഫീഖ് ലഭിക്കുവാൻ ഒരാൾക്ക് ഏതാണ്ടെങ്കിലും എല്ലാതരമുറകളെയും പരമാവധി ഉൾക്കൊള്ളാൻ കഴിയുന്ന ജീവിതം നയിക്കാനുള്ള ഭാഗ്യം ലഭിക്കണം. ബഹുമാനപ്പെട്ട ഉസ്താദ് അവർകൾക്ക് അത് കിട്ടി എന്ന് നമുക്ക് കാണാം. 1945 ൽ ബേബി ബൂമേഴ്സ് തലമുറയിൽ ജനിച്ച അദ്ദേഹം 1968-80 എന്ന ജെൻ എക്സിലൂടെയും 1981-96 എന്ന മില്ലേനിയൻസ് ജെൻ വൈ യിലൂടെയും 1997-2012 എന്ന ജെൻ സി യിലൂടെയും കടന്ന് 2013-2025 എന്ന ആൽഫാ തലമുറയും പിന്നിട്ടാണ് സ്വന്തം ജീവിതം അടയാളപ്പെടുത്തിയത്. ഇവിടെ ഒരു തലമുറയിലും അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നില്ല. തന്ത വൈബ് എന്നു പറഞ്ഞ് ആരും അദ്ദേഹത്തെ മാറ്റിനിർത്തിയില്ല. ഓരോ പ്രായത്തിലും താൻ ശ്രദ്ധേയമായ സ്ഥലത്തും സ്ഥാനത്തും എത്തിപ്പെടുകയായിരുന്നു. ഓരോ തലമുറയോടും സംവദിക്കുവാൻ ആവശ്യമുള്ള അറിവും ഭാഷയും ബന്ധങ്ങളും അദ്ദേഹം സ്വന്തം അധ്വാനത്തിലൂടെ ഉണ്ടാക്കി എന്നതാണ് അതിൻ്റെ ന്യായം. അങ്ങനെ വരുമ്പോൾ ആലിക്കുട്ടി ഉസ്താദിൻ്റെ ജീവിതത്തെ നമുക്ക് തലമുറകളെ പരസ്പരം കോർത്തിണക്കി ഉൾകൊള്ളുകയും ഉൾക്കൊള്ളിക്കുകയും ചെയ്ത ഒരു ജീവിതമായി വിലയിരുത്താം.
ഈ മൂന്ന് കാരണങ്ങളാൽ നേടിയ നേട്ടങ്ങളുടെ ആകെത്തുകയായിരുന്നു ആ ജീവിതം. ശൈഖുൽ ജാമിഅ കെ ആലിക്കുട്ടി മുസ്ലിയാർ ജനിച്ചതും ജീവിച്ചതും തിരൂർക്കാട്ടെ ഒരു പ്രധാന കടുംബത്തിലായിരുന്നു. പഠനകാലത്ത് പരിവട്ടങ്ങൾ സമൂഹത്തിൽ വ്യാപകമായിരുന്ന കാലമായിരുന്നിട്ടും അദ്ദേഹം അനൗപചാരികമായി വിദ്യകളും വിദ്യാഭ്യാസങ്ങളും സ്വായത്തമാക്കി. പതിനെട്ടാം വയസ്സിൽ ഉമ്മത്തിന്റെ മിമ്പറിൽ അഭിമാനപൂർവ്വം കയറി. 25-ാം വയസ്സിൽ ഖാസി സ്ഥാനത്ത് അവരോധിതനായി. പിന്നെ മതാധ്യാപന രംഗത്തേക്ക് കടന്നു. അവിടെ വളർന്നു വളർന്ന് കേരളത്തിൻ്റെ ദീനീ വൈജ്ഞാനിക തലസ്ഥാനമായ ജാമിയ നൂരിയ്യ അറബിയ്യയുടെ അമരം വരെ എത്തി. മതപണ്ഡിതന്മാരെ കാത്തിരിക്കുന്ന സമുദായത്തിന്റെ പൊതുവേദികളിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ, കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം, തുടങ്ങിയ വലിയ സ്ഥാനങ്ങളും കടന്നു ഓൾ ഇന്ത്യാ പേഴ്സണൽ ലോ ബോർഡ് അംഗം എന്ന പദവി വരെ വളർന്നു. സ്വന്തം തട്ടകമായ സുന്നി പ്രാസ്ഥാനിക ലോകത്ത് കേരളത്തിന്റെയും ഇന്ത്യയുടെയും ഏറ്റവും വലിയ പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ കീഴ്ഘടകങ്ങളുടെ സാരഥ്യത്തിൽ നിന്നും അതിൻ്റെ പരമാധികാരിക സഭയായ മുശാവറയുടെ സെക്രട്ടറി ജനറൽ സ്ഥാനം വരെ അലങ്കരിച്ചു. നമ്മുടെ ജീവിത പരിസരത്ത് ഒരാൾക്ക് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ സ്ഥാനമാനങ്ങളിൽ ആ മഹാ ജീവിതം എത്തുകയും കീർത്തി നേടുകയും ചെയ്തു എന്നതാണ് ഇതെല്ലാം കാണിക്കുന്നത്. അദ്ദേഹത്തിൻ്റെ മേൽപ്പറഞ്ഞ സ്റ്റേഹവും ആത്മീയതയും അറിവും സമം ചേർന്ന ജീവിതത്തിന് അല്ലാഹു നൽകിയ ഖബൂലിയ്യത്തിൻ്റെ പ്രതിഫലമായിരുന്നു ഇതെല്ലാം.
ഇസ്ലാമിക ആദർശത്തിന്റെ അരികുപറ്റി ചിന്തിക്കുമ്പോൾ ഒരു വ്യക്തിയുടെ വിജയം അയാളെ അല്ലാഹുവിനുള്ള തൗഫീഖ് ജീവിതത്തിലുടനീളം തുടരുക എന്നതാണ് എന്ന് മനസ്സിലാക്കാം. ജീവിതത്തിൽ പടവുകൾ രൂപപ്പെടുകയും അതിൽ കൃത്യമായ പ്രായത്തിൽ കയറുകയും ചെയ്യാനുള്ള ഭാഗ്യം എന്നാണ് ഈ തൗഫീഖിനെ വിവരിക്കുന്നത്. ഇത്തരമൊരു തൗഫീഖ് ആലിക്കുട്ടി ഉസ്താദിൻ്റെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്നത് അദ്ദേഹത്തിൻ്റെ ജീവിതരേഖ പരിശോധിച്ചാൽ മനസ്സിലാക്കാൻ കഴിയും. ഭാവിയിൽ തനിക്ക് എത്തിച്ചേരാനുള്ള പ്രാദേശികവും ദേശീയവും വൈദേശികവും പ്രാസ്ഥാനികവുമായ ഉന്നതങ്ങളിൽ എത്തിച്ചേരുമ്പോൾ ആവശ്യം ആവശ്യമായി വരുന്ന കഴിവുകൾ അദ്ദേഹം നേരത്തെ തന്നെ സ്വായത്തമാക്കി. ഈ ഗണത്തിലാണ് അദ്ദേഹത്തിൻ്റെ ഭാഷാപ്രാവീണ്യം പെടുത്തേണ്ടത്. സ്വന്തം താല്പര്യത്തിന്റെ കരുത്തിൽ അദ്ദേഹം മതപാഠശാലകളിൽ വച്ചുതന്നെ ഭൗതിക വിഷയങ്ങളും വിവിധ ഭാഷകളും വശപ്പെടുത്തി. അദ്ദേഹം മത വിദ്യാഭ്യാസം നേടിയിരുന്ന കാലത്ത് അത് അപൂർവ്വമായ ഒരു കാഴ്ചയായിരുന്നു. ആ അറിവുകൾ അദ്ദേഹത്തെ നയിച്ചത് ലോക ഇസ്ലാമിക വേദികളിലേക്കാണ്. ഇസ്ലാമിക് വേൾഡ് ലീഗ്, വേൾഡ് ലീഗ് ഓഫ് ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് തുടങ്ങിയ ലോക വേദികളിലേക്ക് അദ്ദേഹം വളർന്നു. അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതന്മാരുടെ ഒന്നിലധികം ഉച്ചകോടികളിൽ അദ്ദേഹത്തിൻ്റെ പ്രബന്ധങ്ങളും അവതരണങ്ങളും ഏറെ ശ്രദ്ധ നേടുകയുണ്ടായി. 2010 ൽ വിശുദ്ധ മക്കയിലും 2011 ൽ ലിബിയയിൽ വെച്ചു നടന്ന അന്താരാഷ്ട്ര സൂഫി സമ്മേളനത്തിലും 2012 മൊറോക്കോയിൽ നടന്ന ആഗോള പണ്ഡിത സംഗമത്തിലും അദ്ദേഹത്തിൻ്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. അതിനുപുറമേ ഇറാഖ്, ഈജിപ്ത്, തുർക്കി, സെനഗൽ തുടങ്ങിയ രാജ്യങ്ങളിലെ ഔദ്യോഗിക സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തു. റാബിത്വയുടെ കീഴിലുള്ള ഇസ്ലാമിക് ഫിഖ്ഹ് കൗൺസിൽ അംഗത്വം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന അപൂർവ്വ ബഹുമതിയും അദ്ദേഹത്തെ തേടി വന്നു. കേരള ഹജ്ജ് കമ്മിറ്റി, കേന്ദ്ര ഹജ്ജ് കമ്മിറ്റി, മില്ലി കൗൺസിൽ, പേഴ്സണൽ ലോ ബോർഡ് തുടങ്ങിയ ഇന്ത്യൻ മുസ്ലിംകളുടെ മതകീയ വേദികളിൽ എല്ലാം അദ്ദേഹത്തിൻ്റെ സജീവമായ സാന്നിധ്യവും പ്രവർത്തനവും ഉണ്ടായിരുന്നു. ഇവിടെയെല്ലാം അദ്ദേഹത്തെ പിന്തുണച്ച ഏറ്റവും പ്രധാനപ്പെട്ട ഘടകം അറിവും ഭാഷയും തന്നെയാണ്.
ജീവിതത്തിൻ്റെ അവസാന രംഗത്തു നിന്നുകൊണ്ട് അദ്ദേഹത്തെ ഓർത്തെടുക്കുന്നവർ എല്ലാവരും ഒരേ സ്വരത്തിലും ധ്വനിയിലും പറയുന്ന ഒരു ഗുണം അറിവുകൊണ്ടും അംഗീകാരങ്ങൾ കൊണ്ടും ഏറെ ഉന്നതങ്ങൾ കീഴ്പ്പെടുത്തിയപ്പോഴും അദ്ദേഹം ഒരു നിഷ്കളങ്കമായ കുഞ്ഞിനെപ്പോലെ വിനയാന്വിതനായിരുന്നു, ഇത് കാലം എക്കാലവും ഓർത്തുവെക്കുന്ന ഒരു സവിശേഷതയാണ് എന്നതാണ്. ഈ വിനയം സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനും വഴിയൊരുക്കുന്നു. ഇത് ഒരു ജീവിതത്തിൻ്റെ ഐഹികമായ, പരമമായ നേട്ടമാണ്. എല്ലാവരെയും സ്നേഹിക്കുവാനും പരിഗണിക്കുവാനും അദ്ദേഹത്തിന് കഴിയുമായിരുന്നു. അതുകൊണ്ടുതന്നെ ആവശ്യമില്ലാത്ത തീവ്രതങ്ങളിൽ നിന്ന് അദ്ദേഹം എപ്പോഴും വിട്ടുനിൽക്കുമായിരുന്നതു ഓർക്കാം. തൻ്റെ ഈ ഗുണം കൈമോശം വന്നേക്കുമോ എന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിൽ കൂടിയാലോചനകളും ചർച്ചകളും വഴി പ്രശ്നങ്ങൾ ലഘൂകരിക്കുവാനും പരിഹരിക്കുവാനുമാണ് അദ്ദേഹം ശ്രമിക്കുമായിരുന്നത്. ഈ സ്വഭാവത്തിന്റെ പാരമ്യത പ്രകടമാകുന്ന ഒരു രംഗമാണ് വിവിധ ആദർശ പ്രാസ്ഥാനിക ബന്ധുക്കളോടുള്ള അദ്ദേഹത്തിൻ്റെ സമീപനം. അവരോടെല്ലാം വളരെ അടുത്ത ഹൃദയബന്ധം കാത്തു സൂക്ഷിച്ചിരുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹം എന്ന് അവർ പോലും ഏറ്റുപറഞ്ഞിട്ടുണ്ട്. മരണ വാർത്തയറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണുവാനും പ്രാർഥിക്കുവാനും അവരിൽ എല്ലാവരും എത്തി എന്നത് ഇതിനെ അടിവരയിടുന്നു.
ഇത്തരം നന്മകളും ഗുണങ്ങളും ഉള്ള ഒരാൾ നമ്മോട് എന്നെന്നേക്കുമായി വിട പറയുമ്പോൾ നമ്മുടെ സങ്കടത്തിന്റെ യഥാർത്ഥ സ്രോതസ്സ് ആ നന്മകളും ഗുണങ്ങളും സമൂഹത്തിന് നഷ്ടപ്പെട്ടല്ലോ എന്നതു തന്നെയാണ്. വ്യക്തി ആശയമായി മാറുകയും ജീവിതം അധ്യായമായി തീരുകയും ചെയ്യുമ്പോഴാണ് ഇത്തരം സങ്കടം ഉണ്ടാകുന്നത്.
0
Thoughts & Arts
അനുകമ്പയും ആത്മീയതയും അറിവും ചേർന്നു വരച്ച ജീവിതചിത്രം.
2026-09-26
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso