ഇഅ്ജാസ്
ടി എച്ച് ദാരിമി
കഴിഞ്ഞദിവസം നേപ്പാളിൽ ഉണ്ടായ മഹാപ്രകൃതി ദുരന്തത്തിൻ്റെ വേദനകളിൽ നിന്ന് നേപ്പാൾ മാത്രമല്ല സമീപ രാജ്യങ്ങൾ പോലും ഈ അടുത്തൊന്നും മുക്തമാവാൻ സാധ്യതയില്ല. അത്രക്കും വലിയ ഒരു അത്ഭുത പ്രതിഭാസമാണ് അവിടെ സംഭവിച്ചത്. ഇതെഴുതുമ്പോൾ മരണസംഖ്യ തന്നെ ആയിരം കടന്നിരിക്കുന്നു. അതിനി ഇരട്ടിയിലധികമാണ് ഒരു വിവരവും ഇല്ലാത്തവരുടേത്. അവരിൽ ചിലർ ചില തുരങ്കങ്ങൾ വഴി സമീപ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടിരിക്കാം എന്ന് ഉത്തരവാദിത്തപ്പെട്ടവർ സമാധാനിപ്പിക്കാൻ വേണ്ടി പറയുന്നുണ്ട് എങ്കിലും ഇനി ഒരിക്കലും കണ്ടുകിട്ടാത്ത വിധം അവരുടെ ശരീരങ്ങൾക്കും മേൽ വെള്ളവും മണ്ണും പാറയും അടിഞ്ഞു കഴിഞ്ഞിരിക്കുകയായിരിക്കും എന്ന് കരുതുന്നതാണ് ഏറ്റവും ശരി. മാത്രമല്ല സമീപകാലത്തൊന്നും പുനർ നിർമ്മിക്കാൻ കഴിയാത്ത വിധം ഗ്രാമങ്ങളും നഗരങ്ങളും അവിടങ്ങളിൽ കേന്ദ്രീകരിച്ച മനുഷ്യ ജീവിതവും നാമാവശേഷമായി. സംഭവദിവസം ബുധനാഴ്ച 8. 37നാണ് കാഠ്മണ്ഡുവിന്റെ വടക്ക് നേപ്പാൾ ചൈന അതിർത്തിയിൽ ഭൂകമ്പം അനുഭവപ്പെട്ടത്. 4.4 ആയിരുന്നു അതിന്റെ തീവ്രത. ഭൂകമ്പം എന്നു പറഞ്ഞതിനെ പിന്നീട് ഔദ്യോഗികമായി അത് തിരുത്തപ്പെട്ടപ്പോൾ പരിഹസിക്കുന്നവരുണ്ട്. സത്യത്തിൽ അത്തരം ഒരു പ്രകൃതിക്ഷോഭം ഉണ്ടാകുമ്പോൾ അതിനെ പരിചിതമായ ഒന്നായിട്ടാണ് ആർക്കും വ്യാഖ്യാനിക്കാൻ കഴിയുക എന്നത് ഒരു വസ്തുതയാണ്. എല്ലാവർക്കും പരിചയമുള്ളത് ഭൂകമ്പം ആണല്ലോ. അങ്ങനെയാണ് ആദ്യം അത് പറഞ്ഞത്. അമേരിക്കൻ ഏജൻസികൾ ആണ് ആദ്യം ഭൂകമ്പം എന്ന് പറഞ്ഞത്. പക്ഷേ ഉണ്ടായത് ഒരു ഭൂകമ്പത്തിന്റെ അനന്തര കാഴ്ചകൾ അല്ല. ലെൻ്റെ ഖോളി നദിയിൽ സെക്കന്റുകൾക്കകം വെള്ളം ഉയരുകയും പർവ്വതം അതിൻ്റെ എല്ലാ ഘടകങ്ങളോടും കൂടി ശക്തിയായി ഒലിച്ചു വരികയും ചെയ്യുകയായിരുന്നു. ഇതോടെയാണ് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും മാറിയത്.
ഇപ്പോൾ എത്തിച്ചേർന്ന നിഗമനം അനുസരിച്ച് ദുരന്തത്തിന്റെ കാരണം
നേപ്പാൾ-ടിബറ്റ് അതിർത്തിയിലുള്ള ലങ്താങ് ലിറുങ് പർവതശിഖരത്തിൽ നിന്നുണ്ടായ ഹിമപാളിയാണ് വലിയ ദുരന്തത്തിന് കാരണമായത്. വിഷയത്തിൽ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുവാൻ ഉണ്ട്. ഒന്നാമത്തേത് ദുരന്തത്തെ ഇത്രമാത്രം വലുതാക്കാൻ ഏറെ സ്വാധീനിച്ച വേഗതയാണ്. ദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ സഞ്ചരിച്ചത് അതിവേഗമെന്ന് കണ്ടെത്തൽ. ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ്ങിൽ ഹിമപാളി അടർന്നത്. മണിക്കൂറിൽ 187 കിലോമീറ്ററിലധികം വേഗത്തിലാണ് ഈ ഹിമപാളി സഞ്ചരിച്ചത്. ആ ഹിമപാളി വെറും ഏഴ് മിനിറ്റുകൊണ്ട് 22 കിലോമീറ്റർ പിന്നിട്ടെന്ന് ശാസ്ത്രീയമായി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്. സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം 0.56 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ള ഹിമപാളിയാണ് താഴേക്ക് പതിച്ചത്. മണിക്കൂറിൽ 187.5 കിലോമീറ്റർ വേഗത്തിലാണ് ഇത് റസുവഗന്ധി വരെ സഞ്ചരിച്ചതെന്നാണ് കണ്ടെത്തൽ. അവിടെനിന്ന് ബെട്രാബട്ടിയിലേക്ക് മണിക്കൂറിൽ 73 കിലോമീറ്റർ വേഗത്തിലും പിന്നീട് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലും മുന്നേറിയ ഹിമപാളി ഒടുവിൽ നദിയിലെത്തി. ഇത്ര കുറഞ്ഞ സമയത്തിനുള്ളിൽ ഇത്രയും ദൂരം കൂറ്റൻ ഹിമപാളി സഞ്ചരിച്ചതാണ് സംഭവത്തിന്റെ പ്രധാന പ്രത്യേകത. ഹിമപാളിയോടൊപ്പം പാറക്കൂട്ടങ്ങളും താഴേക്ക് പതിച്ചതായാണ് കണ്ടതും അനുഭവിച്ചതും ആയ വിവരം. ഇവിടെ ദുരന്തം അവസാനിച്ചില്ല. കൂറ്റൻ ഹിമപാളിയും പാറക്കൂട്ടങ്ങളും നദിയിൽ പതിച്ചതോടെ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം കൂടി ഉണ്ടായി. അതോടെ ഹിമപാളി ഇടിഞ്ഞുവീണ സംഭവം ഒരു പ്രാദേശിക അപകടമെന്നതിലുപരി വലിയ പ്രകൃതിദുരന്തമായി മാറുകയായിരുന്നു.
ദുരന്തത്തിന്റെ പിന്നിലെ കാര്യങ്ങളും കാരണങ്ങളും കണ്ടെത്തേണ്ട ബാധ്യത ആ രാജ്യത്തിനും അല്ലെങ്കിൽ ലോകത്തിൻറെ ശാസ്ത്ര സാങ്കേതിക വിദ്യക്കുമാണ്. അതിനാൽ അത് അവർക്ക് വിട്ടുകൊടുക്കാം. ചിലർ പക്ഷേ ഇത്തരം ഒരു സന്മനസ്സ് കാണിക്കുകയില്ല. അവർ ആർക്കും വിട്ടുകൊടുക്കാതെ അഹങ്കാരത്തോടെ വിഷയങ്ങളിൽ തീർപ്പ് പറയുകയും അത് പരമാവധി മറ്റുള്ളവരെ വേദനിപ്പിക്കുവാനും പരിഹസിക്കുവാനും ഉപയോഗിക്കുകയും ചെയ്യും. അത് പുതിയ ലോകത്തിൻ്റെ ഒരു ശീലമാണ്. അതിനെ നിരൂപണം ചെയ്താൽ അതെവിടെയും എത്തുകയില്ല. നേപ്പാളിലും അതു കണ്ടു. ഇത്തരം അസുഖം ബാധിച്ചവരുടെ കാര്യത്തിൽ നമ്മുടെ നിരീക്ഷണത്തിൽ പതിയുന്ന ഒരു പ്രധാന കൗതുകം ഇതിനെ ഒരു പരിഹാസമായി ഉപയോഗിക്കുന്ന ഈ രോഗികൾ അത് ഉപയോഗപ്പെടുത്തുക ഖുർആനിനെയും മുസ്ലീങ്ങളെയും അവരുടെ വിശ്വാസങ്ങളെയും പരിഹസിക്കുവാൻ വേണ്ടിയായിരിക്കും എന്നതാണ്. പ്രഥമദൃഷ്ട്യാ അതു വേദനയും വിഷമവും ഒക്കെ ഉണ്ടാക്കുന്നു എങ്കിൽ തന്നെയും ആത്യന്തികമായി അതിൽ ചില പ്ലസ് പോയിന്റുകൾ ഉള്ളടങ്ങിയിട്ടുണ്ട്. അത് മറ്റൊന്നുമല്ല ഇത്തരം വലിയ വിഷയങ്ങളെക്കുറിച്ച് എന്തെങ്കിലും സൂചനയോ അറിവോ ലോകവുമായി പങ്കുവെക്കുന്നുണ്ടെങ്കിൽ അത് വിശുദ്ധ ഖുർആൻ മാത്രമാണ് എന്നതാണ്. ഇത്തരം കാര്യങ്ങൾ ഒന്നും തങ്ങളുടെ പരിധിയിലോ പരിഗണനയിലോ വരുന്ന കാര്യമല്ല എന്ന മട്ടാണ് മറ്റു ഗ്രന്ഥങ്ങൾക്ക് ഒക്കെ ഉള്ളത്. അതുകൊണ്ട് ഇത്തരം ശാസ്ത്രീയ കാര്യങ്ങൾ വരെ ഖുർആൻ പറഞ്ഞു എന്നു കാണുമ്പോൾ ഖുർആൻ വിരോധികൾക്ക് ഹാലിളക്കം ഉണ്ടാവുകയാണ്. നേപ്പാളിന്റെ ദുരന്തത്തിന്റെ ഇടയിലും അത് കണ്ടു. അതിൽ ഒരുത്തൻ പരിഹസിച്ചത്, അള്ളാഹു അടിച്ച ആണി തുരുമ്പെടുത്തു, അതുകൊണ്ടാണ് ദുരന്തം ഉണ്ടായത് എന്ന് പറഞ്ഞുകൊണ്ടാണ്. സോഷ്യൽ മീഡിയയിൽ വലിയ ആളാവാൻ ശ്രമിക്കുന്നതാണ് എന്നത് വ്യക്തമായി കണ്ടു. അന്ധമായ വിരോധം മാത്രം കൈമുതലാക്കിയ അത്തരം ഒരാളോട് ഒരു മറുപടിയും പറഞ്ഞിട്ട് കാര്യമില്ല. അയാൾ അതിന് മറ്റൊരു വളിച്ച മറുപടി കൊണ്ട് നേരിടുകയായിരിക്കും ചെയ്യുക.
വിശുദ്ധ ഖുർആനിലെ സൂറത്ത് നബഇൽ (78:6-7) "ഭൂമിയെ നാം ഒരു തൊട്ടിലാക്കിയില്ലേ? മലകളെ ആണികളാക്കുകയും ചെയ്തിരിക്കുന്നു" എന്ന് വ്യക്തമാക്കുന്നുണ്ട്. അതാണ് കക്ഷിയെ വിറളി പിടിപ്പിക്കുന്നത്. അതിൻറെ ഉദ്ദേശം എന്താണ് എന്നതും വിശുദ്ധ ഖുർആനിൽ തന്നെ പരാമർശിച്ചിട്ടുണ്ട്. ഭൂമി കുലുങ്ങിപ്പോകാതെ അതിനെ ഉറപ്പിച്ചു നിർത്താൻ മലകൾ സഹായിക്കുന്നു എന്നാണ് ഇതിന്റെ വ്യാഖ്യാനം. ഖുർആനിനോടുള്ള അന്ധമായ വിരോധം കാരണം ഖുർആൻ പറഞ്ഞതിനെ എല്ലാം തള്ളിക്കളയുന്ന ഇത്തരം രോഗികൾ ഈ വിഷയത്തിൽ ശാസ്ത്രം എന്തുപറയുന്നു എന്ന് പരിശോധിക്കുന്നില്ല എന്നതാണ് അത്ഭുതം. സത്യത്തിൽ ആധുനിക ഭൂഗർഭശാസ്ത്രം (Geology) മലകളുടെ ഘടനയെക്കുറിച്ച് പറയുന്നതും ഇതിനോട് സാമ്യമുള്ളതാണ്. ഒരു ആണി തറയിൽ അടിച്ചു താഴ്ത്തുമ്പോൾ അതിന്റെ ഭൂരിഭാഗവും ഒളിഞ്ഞിരിക്കുന്നതുപോലെ, മലകൾക്കും ഭൂമിക്കടിയിൽ വലിയ 'വേരുകൾ' (Mountain roots) ഉണ്ട്. മലകളുടെ ദൃശ്യമായ ഭാഗത്തേക്കാൾ 10 മുതൽ 15 മടങ്ങ് വരെ വലിപ്പമുള്ള ഭാഗം ഭൂമിയുടെ ഉള്ളിലേക്ക് (Mantel) ഇറങ്ങിനിൽക്കുന്നു. ഇത് ഭൂവൽക്കത്തിന് (Earth's crust) സ്ഥിരത നൽകുന്നു. ഇതെല്ലാം ഇക്കാലത്ത് ഭൂമിശാസ്ത്രത്തിന്റെ പ്രാഥമിക അറിവുകളിൽ തന്നെ പെടുന്ന കാര്യമാണ്. അറിവുമായുള്ള അകലം കാരണമാണ് ഈ അസ്വസ്ഥതക്കാർക്ക് ഇതൊന്നും കാണാൻ കഴിയാതെ പോകുന്നത്.
ഭൂകമ്പങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും കുറിച്ചുള്ള ഖുർആനിക അധ്യാപനങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രധാന സന്ദേശങ്ങൾ താഴെ പറയുന്നവയാണ്. ഒന്ന്, ഇവ അല്ലാഹുവിന്റെ ദൃഷ്ടാന്തവും താക്കീതുമാണ്. ഭൂമിയെയും പ്രപഞ്ചത്തെയും നിയന്ത്രിക്കുന്നത് അല്ലാഹുവാണ്. മനുഷ്യർ തെറ്റുകളിലേക്ക് പോകുമ്പോഴും അല്ലാഹുവിനെ വിസ്മരിക്കുമ്പോഴും അവരെ ചിന്തിപ്പിക്കാനും നേർവഴിക്ക് നടത്താനും ഇത്തരം ദൃഷ്ടാന്തങ്ങൾ അല്ലാഹു വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുർആൻ പറയുന്നു: "നാം ദൃഷ്ടാന്തങ്ങൾ അയക്കുന്നത് (മനുഷ്യരെ) ഭയപ്പെടുത്താൻ വേണ്ടി മാത്രമാകുന്നു." (ഇസ്രാഅ്: 59). അതിനാൽ ഇത് ഒരു ദൈവീകമായ ഓർമ്മപ്പെടുത്തലാണ്. മനുഷ്യൻ പുരോഗതികളെയും വികാസങ്ങളെയും പുൽകുന്നതിനനുസരിച്ച് സൃഷ്ടാവിനെ കുറിച്ചുള്ള ബോധങ്ങളിൽ നിന്ന് അകലുകയാണ്. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പും നിയന്ത്രണവും അവൻ്റെ കരങ്ങളിൽ മാത്രം നിക്ഷിപ്തമാണ് എന്നതിനാൽ ഇത്തരത്തിലുള്ള മനുഷ്യൻ്റെ അകൽച്ചകൾ ഗുരുതരമായ പാപവും നിന്ദയുമാണ്. അതേസമയം സർവ്വാധിപതിയായ അല്ലാഹു കാരുണ്യവാനാണ്. അവന് ഒരു മുൻകൂർ അറിയിപ്പുമില്ലാതെ ആരെയും എപ്പോൾ വേണമെങ്കിലും ശിക്ഷിക്കാവുന്നതാണ് എന്നിട്ടും അവൻ അത്തരത്തിലുള്ള ശിക്ഷ നൽകുന്നതിന് മുമ്പ് അശ്രദ്ധയിൽ അടിഞ്ഞുപോയ അടിമകളെ ഇത്തരം ഉദാഹരണങ്ങൾ കാണിച്ചുകൊടുത്തുകൊണ്ട് ഓർമ്മപ്പെടുത്തുകയാണ് ചെയ്യുന്നത്. അങ്ങനെയാണ് പ്രകൃതിദുരന്തങ്ങൾ അടക്കമുള്ളവ അല്ലാഹുവിൻ്റെ ഓർമ്മപ്പെടുത്തലുകളായി മാറുന്നത്. രണ്ട്, ഇത് ഈ പ്രപഞ്ചത്തിന്റെ തന്നെ അന്ത്യം കുറിക്കുന്ന അന്ത്യദിനത്തിന്റെ ഓർമ്മപ്പെടുത്തലുകൾ ആണ് എന്നതാണ്. ഭൂകമ്പങ്ങൾ ലോകാവസാനത്തിന്റെ ഭീകരതയെ മനുഷ്യന് ഈ ദുനിയാവിൽ വെച്ച് തന്നെ കാണിച്ചുതരുന്ന ഒന്നാണ്. അന്ത്യനാളിനെ ചിത്രീകരിച്ചേടത്തെല്ലാം അല്ലാഹു ഭൂകമ്പങ്ങൾക്ക് സമാനമായ അനുഭവമാണ് വിവരിക്കുന്നത്. ആകാശം പൊട്ടി പിളർന്നു വീഴുകയും പർവ്വതങ്ങൾ പഞ്ഞി കണക്കെ പാറി നടക്കുകയും സമുദ്രം തീപിടിക്കുകയും നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും എല്ലാം ചെയ്യുന്നത് അന്ത്യനാളിന്റെ ചിത്രീകരണങ്ങളിൽ കാണാം. അതിന്റെ ചെറിയ രൂപങ്ങൾ തന്നെയാണല്ലോ ഭൂകമ്പത്തിൽ നാം അനുഭവിക്കുന്നതും. മറ്റൊരു കാര്യം ഇവ അന്ത്യനാളിന്റെ ലക്ഷണങ്ങളാണ് എന്നതാണ്. നാശനഷ്ടങ്ങൾ വിതയ്ക്കുന്ന ഭൂകമ്പങ്ങൾ അന്ത്യദിനം അടുക്കുന്നതിന്റെ അടയാളങ്ങളിലൊന്നായി നബി (സ്വ) പഠിപ്പിച്ചിട്ടുണ്ട്.
മൂന്ന്, പ്രകൃതിദുരന്തങ്ങൾ ചിലപ്പോൾ ജനങ്ങൾക്കുള്ള പരീക്ഷണങ്ങളോ, അല്ലെങ്കിൽ മുൻകാല ജനവിഭാഗങ്ങളെപ്പോലെ ധിക്കാരം കാണിച്ചവർക്കുള്ള ശിക്ഷകളോ ആകാം. അത്തരത്തിൽ പരീക്ഷിക്കപ്പെട്ടേക്കാം എന്ന് വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അല്ലാഹു പറയുന്നു: "തീർച്ചയായും ഭയം, പട്ടിണി, ജീവധനനഷ്ടങ്ങൾ, വിളനാശം എന്നിവയിലൂടെ നിങ്ങളെ നാം പരീക്ഷിക്കുക തന്നെ ചെയ്യും. (അത്തരം ഘട്ടങ്ങളിൽ) ക്ഷമിക്കുന്നവർക്ക് സന്തോഷവാർത്ത അറിയിക്കുക." (അൽ ബഖറ: 155). ഇത്തരത്തിൽ ശിക്ഷിക്കുന്നതിന് ഒരു ന്യായമുണ്ട്. അതെന്താന്നാൽ, ഭൂമിയിലുള്ള സകലതും മനുഷ്യര്‍ക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. അഥവാ മനുഷ്യരുടെ ഉപകാരങ്ങള്‍ക്ക് വേണ്ടി പടക്കപ്പെട്ടതാണ് ഈ കാണുന്നവയൊക്കെ. സൃഷ്ടികളുടെ ജീവിത വ്യവഹാരങ്ങള്‍ എത്ര കണ്ട് ശരിയായ പാതയിൽ നിന്നും മാർഗ്ഗത്തിൽ നിന്നും വ്യതിചലിക്കുന്നുവോ അതിനനുസിരിച്ചുള്ള ഇടപെടലുകളാണ് സൃഷ്ടാവ് നടത്തുകയെന്നാണ് ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. കരയിലും സമുദ്രത്തിലും ദുരന്തങ്ങള്‍ പ്രകടമായത് മനുഷ്യരുടെ ചെയ്തികള്‍ മൂലമാണെന്ന ഖുര്‍ആനിക പ്രഖ്യാപനം നിരവധി ചരിത്ര സംഭവങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് ഈ അർത്ഥത്തിൽ ഉള്‍ക്കൊള്ളാന്‍ സാധിക്കും. നമ്മുടെ പൂര്‍വ്വകാല സമുദായങ്ങളെ ആല്ലാഹു നശിപ്പിച്ചത് തന്നെ അതിനുദാഹരണമാണ്. സത്യസന്ദേശം ഉള്‍ക്കൊള്ളാതെ തിന്മയില്‍ മുഴുകി ജീവിതം നയിച്ചവരെ ഭീതിതമായ ദുരന്തങ്ങള്‍ നല്‍കിയാണ് അല്ലാഹു നശിപ്പിച്ചു കളഞ്ഞത്. ആദ് സമൂഹത്തെ കൊടുങ്കാറ്റുകൊണ്ടും സമൂദ് ഗോത്രത്തെ തീമഴ വര്‍ഷിപ്പിച്ചും പാടെ നശിപ്പിച്ച സംഭവം ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്. നൂഹ് നബിയുടെ സത്യസന്ദേശം ഉള്‍ക്കൊള്ളാത്തവരെ അടുപ്പില്‍ നിന്ന് ഉറവ പൊട്ടിയുണ്ടായ പ്രളയം കൊണ്ടായിരുന്നു അല്ലാഹു നശിപ്പിച്ചത്. ലൂത്വ് നബിയുടെ സമുദായത്തിലെ അവിശ്വാസികളെ ഭൂമി കീഴ്മേല്‍ മറിച്ചാണ് നാമാവശേഷമാക്കിയത്. അതിനാൽ ചിന്തിക്കുന്നവര്‍ക്ക് വലിയ ദൃഷ്ടാന്തമുണ്ട് ഇതിലൊക്കെ. പക്ഷേ അവയൊന്നും നമ്മുടെ കണ്ണു തുറപ്പിക്കുന്നില്ല എന്ന സങ്കടമാണ് പുതിയ കാലത്തെ നമ്മുടെ ഗദ്ഗതം.
ഇത്തരം സന്ദർഭങ്ങളിൽ വിശ്വാസികളുടെ കടമപ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വിശ്വാസികൾ ചെയ്യേണ്ട കാര്യങ്ങളും ഇസ്‌ലാം വ്യക്തമാക്കുന്നുണ്ട്. അവയിൽ ഒന്നാമത്തേത് സ്വന്തം തെറ്റുകൾ ആലോചിച്ച് അല്ലാഹുവിലേക്ക് മടങ്ങുകയും മാപ്പപേക്ഷിക്കുകയും ചെയ്ത് തൗബ ചെയ്യുക എന്നതാണ്. തൗബ ചെയ്യുന്നവരെ അല്ലാഹു ധാരാളമായി ഇഷ്ടപ്പെടുന്നു. താൻ ഇഷ്ടപ്പെടുന്നത് അവൻ സുരക്ഷയുടെ കുടപിടിക്കുന്നു. രണ്ടാമത്തേത് കരളലിഞ്ഞ പ്രാർത്ഥനയാണ്. മറ്റൊന്ന് ഒരു സാമൂഹ്യ ഉത്തരവാദിത്വം എന്ന നിലക്ക് ദുരന്തബാധിതരെ സഹായിക്കാനും അവർക്ക് ആശ്വാസം നൽകാനും ഇസ്‌ലാം ശക്തമായി കൽപ്പിക്കുന്നു. ദുരന്തങ്ങളിൽ മരിക്കുന്ന നിരപരാധികളായ വിശ്വാസികൾക്ക് പരലോകത്ത് 'ശഹീദിന്റെ' (രക്തസാക്ഷി) പദവി ലഭിക്കുമെന്ന് പ്രവാചക വചനങ്ങളിലുണ്ട്. അപ്രകാരം തന്നെ മറ്റുള്ളവർക്ക് വേണ്ടി ഏറ്റവും ഉപകാരം ചെയ്യുന്നവരാണ് അല്ലാഹുവോട് ഏറ്റവും അടുപ്പവും സ്നേഹവും ഉള്ളവർ എന്നും പ്രവാചക വചനങ്ങളിൽ ഉണ്ട്.
ഇത്തരമൊരു ദുരന്തത്തിന് പശ്ചാത്തലത്തിൽ വിശ്വാസികൾ വിശ്വാസികളുമായി പങ്കുവെക്കുന്ന സന്ദേശങ്ങളും ചിന്തകളുമാണ് ഇവയെല്ലാം. അടിസ്ഥാനപരമായ വിശ്വാസം ഇല്ലാത്തവരെ സംബന്ധിച്ചിടത്തോളം അവർക്ക് ഇതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞെന്നു വരില്ല. അതിനാൽ ആ ഒരു അടിസ്ഥാന യോഗ്യത ഇല്ലാത്തവർ ഈ പറഞ്ഞത് കേട്ട് വിറളി പിടിക്കേണ്ട കാര്യമില്ല. അതും ഈ സന്ദേശങ്ങളുടെ ഭാഗമാണ്.
0
Thoughts & Arts
നേപ്പാൾ: സങ്കടത്തിൽ ഒഴുകിയെത്തിയ സന്ദേശങ്ങൾ
2026-09-26
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso