തത്സമയം
പിൻഗാമി
പൊതു ഇടങ്ങളുടെ വെളിമ്പുറങ്ങളിൽ പെൺമണം കാത്തിരിക്കുന്നവർ വീണ്ടും കലിപ്പിലാണ്. പെണ്ണുങ്ങൾ പൊതു ഇടങ്ങൾ കയ്യടക്കുന്നത് ഗുണത്തിലേറെ ദോഷം ചെയ്തേക്കും എന്ന് ഒരു മതപണ്ഡിതൻ അത്തരമൊരു പണ്ഡിതനെ സ്വാഭാവികമായും കേൾക്കാൻ സാധ്യതയുളള തൻ്റെ സ്വന്തം ആൾക്കാരോട് പറഞ്ഞതാണ് ഇക്കുറി കലിപ്പിന് കാരണം. പറഞ്ഞത് മുസ്ലിംകളിൽ ഒരു വിഭാഗത്തിൻ്റെ മാത്രം നേതാവാണ്. അദ്ദേഹം പറയുന്നത് പൊതുവെ കേൾക്കുന്നതും ആ ന്യൂനപക്ഷം മാത്രമാണ്. പറഞ്ഞ നേതാവ് മൊത്തം കേരള ജനതയുടെ ഒരു സാംസ്കാരിക നേതാവാണ് എന്നാരും പറഞ്ഞിട്ടുമില്ല, പറയുന്നുമില്ല. അദ്ദേഹം ഒരു ഇസ്ലാമിക പണ്ഡിതൻ എന്നതിനപ്പുറം അങ്ങനെയൊന്നും അവകാശപ്പെടുന്നില്ല. അണ്ഡകടാഹത്തെ മുഴുവനും ഇതു സ്വാധീനിക്കും എന്ന് അദ്ദേഹമോ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലുമോ പ്രതീക്ഷിക്കുന്നുമില്ല. അദ്ദേഹത്തിൻ്റെ ഒരു പ്രസ്താവനയോ നിർദ്ദേശമോ കേരള ജനതയെ മൊത്തത്തിൽ ബാധിക്കുമെന്നോ മറ്റോ ഒന്നും ആർക്കും അഭിപ്രായവുമില്ല. എന്നിട്ടും അദ്ദേഹത്തിൻ്റേയും പ്രസ്താവനയുടേയും നേരെ വലിയ വലിയ രാഷ്ട്രീയ നേതാക്കൾ അടക്കുള്ളവൻ ചാടി വീണതും വീണുകൊണ്ടിരിക്കുന്നതും കാണുമ്പോൾ അവരുടെയൊക്കെ സാക്ഷാൽ ഉള്ളിലിരിപ്പാണ് പുറത്തുചാടിയിരിക്കുന്നത്. ചിലർ അത് ഇസ്ലാമിനെ താഴ്ത്തി കെട്ടാൻ ഉപയോഗിക്കുന്നു. ചിലർ അത് ധാർമികതകളെ അടിച്ചുതകർക്കാൻ ഉപയോഗിക്കുന്നു. പക്ഷേ ഇവർക്കൊക്കെ വേണ്ടത് ഒന്നാണ്. സ്ത്രീത്വം അവർക്കിടയിലൂടെ അഴിഞ്ഞാടി നടക്കണം. ഒരു ചെലവുമില്ലാതെ അവർക്ക് മാറിമാറി ആസ്വദിക്കണം. അന്ധമായ ഈ വികാരം കാരണം അവരുടെ ചിന്ത മുരടിച്ചു നിൽക്കുകയാണ്. അത് പ്രവർത്തിക്കുന്നില്ല. അതിനാൽ ഇത് ഒരു പ്രത്യേക വ്യക്തിയുടെയോ ഒരു പ്രത്യേക നിലപാടിന്റെയോ ഒന്നും പ്രശ്നമല്ല. മറിച്ച് മതിമറക്കാനുള്ള തുരയാണ്.
ഇപ്പോൾ ഇത്തരം ഒരാൾ മദ്യപാനത്തിനെതിരെ തീഷ്ണമായി സംസാരിച്ചു എന്നിരിക്കട്ടെ. അല്ലെങ്കിൽ പലിശയെ രൂക്ഷമായി വിമർശിച്ചു എന്നിരിക്കട്ടെ. അല്ലെങ്കിൽ ഇത്തരം അധാർമികതകൾക്കെതിരെ എന്തെങ്കിലും പറഞ്ഞു എന്നിരിക്കട്ടെ. അപ്പോഴൊക്കെ ഉണ്ടാവുക ഇതുതന്നെയാണ്. അത്തരം അധാർമികതകളെ പുണരുവാൻ കൊതിക്കുന്ന ആൾക്കാരും അവരങ്ങനെ നശിക്കണം എന്ന് ആഗ്രഹിക്കുന്നവരും ഈ ധർമോപദേശങ്ങൾക്കെതിരെ ഇപ്രകാരം തന്നെ ചാടിവീഴും. അതുകൊണ്ട് ഈ പുകിലുകൾ എല്ലാം പുതിയ ലോകത്തിൻ്റെ പുതിയ വികാരങ്ങളെ ചുട്ടെടുക്കാനുള്ള ചെപ്പടിവിദ്യകൾ മാത്രമായി കണ്ടാൽ മതി എന്നാണ് ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്നവരോട് ആദ്യമേ പറയാനുള്ളത്. ഒരു നിയന്ത്രണവും ഇല്ലാത്ത ഒരാളുടെ നിർദ്ദേശവും ഉയരാത്ത എല്ലാവരും സ്വന്തം മനസ്സിൽ ഉദിക്കുന്നതെല്ലാം ചെയ്തും അനുഭവിച്ചും ആസ്വദിച്ചു ജീവിക്കുന്ന ഒരു ലോകമാണ് പുതിയ തലമുറക്കും അവരോട് ഒട്ടി നിൽക്കുന്നവർക്കും വേണ്ടത് അതിനുവേണ്ടിയുള്ള മുറവിളികളാണ് ഇതൊക്കെ.
പിൻഗാമിയെ സംബന്ധിച്ചിടത്തോളം ആ പണ്ഡിതനെ പിന്തുണയ്ക്കേണ്ട ആവശ്യം വരുന്നില്ല. കാരണം അദ്ദേഹം പറഞ്ഞാലും പറഞ്ഞില്ലെങ്കിലും ആ വിഷയം ഇസ്ലാമിക സാമൂഹികപാഠങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്. അത് പല രൂപത്തിലൂടെയും ലോകത്തോട് ഇസ്ലാം വിളിച്ചു പറഞ്ഞിട്ടുള്ളതും അതിൻ്റെ യുക്തിയും ബുദ്ധിയും ഒരുപാട് പ്രാവശ്യം ബോധ്യപ്പെടുത്തിയിട്ടുള്ളതുമാണ്. നേരത്തെ പറഞ്ഞതുപോലെ സ്വന്തം ബുദ്ധി ചിന്തിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ആരും അത് അംഗീകരിച്ചു തരുന്നതുമാണ്. കാരണം അത് ഇസ്ലാമിൻ്റെ നിലപാടാണ്. ഇസ്ലാമിൻ്റെ നിലപാടുകൾ രൂപപ്പെടുന്നത് അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുർആനിൽ നിന്നും അതിൻ്റെ വ്യാഖ്യാനവും വിശദീകരണവും ആയ തിരു നബിയുടെ ജീവിതത്തിൽ നിന്നുമാണ്. നബിയുടെ ജീവിതത്തിൽ ഉണ്ടാകുന്നതല്ല പരിപൂർണ്ണമായും അല്ലാഹുവിൻ്റെ നിയന്ത്രണത്തിലാണ്. അതിനാൽ ഇസ്ലാമിക നിലപാടുകൾ സൃഷ്ടാവായ അല്ലാഹുവിൽ നിന്ന് ഉള്ളതാണ്. സൃഷ്ടിച്ചവൻ താൻ സൃഷ്ടിച്ചവർക്ക് വേണ്ടി ഉണ്ടാക്കുന്ന നിയമങ്ങൾ അന്യൂനമായിരിക്കും എന്നത് ആദ്യത്തെ ആമുഖമാണ്. ഇസ്ലാമിൻ്റെ ഏതു നിലപാടും ഒരു വിശ്വാസിക്കും, തൻ്റെ ബുദ്ധിയോട് എങ്കിലും സത്യസന്ധത പുലർത്തുന്ന ഏതൊരു പച്ചയായ മനുഷ്യനും അംഗീകരിക്കാൻ കഴിയുന്നത് മാത്രമായിരിക്കും എന്നു പറയുന്നത് ഇതുകൊണ്ടാണ്. സൃഷ്ടാവിനാണ് സൃഷ്ടിയുടെ ജീവിത ചലനങ്ങളെക്കുറിച്ച് അറിയുക. അപ്പോൾ അവന് പറ്റുന്നതും പറ്റാത്തതും വേർതിരിക്കാനും അവന് തന്നെയാണ് കഴിയുക. ഈ രീതിയിലാണ് ഇസ്ലാമിൻ്റെ നയനിലപാടുകൾ എല്ലാം വന്നത്.
ഇക്കാര്യം ഒരുപാട് ആവർത്തിച്ചു നാം സമർഥിച്ചിട്ടുണ്ട്. പക്ഷേ, അന്തമില്ലാത്ത അന്ധമായ വിരോധികൾ ഇടയ്ക്കിടക്ക് ഇങ്ങനെ തല കാട്ടുമ്പോൾ അത് ആരും കാണാതെ പോകുകയാണ്. അല്ലെങ്കിൽ പൊതു കാപട്യം അതിനെ മറച്ചു പിടിക്കുകയാണ്. ഈ ചർച്ച പെണ്ണെന്താ മനുഷ്യനല്ലേ ?, അവൾക്കെന്താ പുറത്തിറങ്ങി കൂടെ ?, അവൾ പണ്ട് നോഹയുടെ പെട്ടകത്തിൽ കയറിയിട്ടില്ലേ?, അവൾ നബിയുടെ മണവാട്ടി ആയിട്ടും കച്ചവടം ചെയ്തിട്ടില്ലേ?, അവൾ യുദ്ധങ്ങൾ നയിച്ചിട്ടില്ലേ? എന്നൊക്കെ ചോദിച്ചു കൊണ്ട് ഈ ചർച്ച ആരംഭിക്കുകയോ മുന്നോട്ടു കൊണ്ടുപോവുകയോ ചെയ്യുന്നവർക്ക് ഇതു മനസ്സിലാവില്ല. അവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യവുമില്ല. സ്വയം ആളാവാൻ വേണ്ടി തട്ടിക്കൂട്ടി ഉണ്ടാക്കുന്നതാണ് ഇത്തരം ചോദ്യങ്ങൾ ഒക്കെ. സത്യം പുറത്തുകൊണ്ടുവരിക, സത്യത്തിൽ എത്തിച്ചേരുക എന്നതൊന്നും ആയിരിക്കില്ല ഇത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്നവരുടെ ലക്ഷ്യം. അവരുടെ ലക്ഷ്യം താൻ ഒരു വലിയ സാമൂഹ്യ പരിഷ്കർത്താവ് ആണെന്നും അതിനുവേണ്ടി വാദിക്കുന്ന വിപ്ലവകാരി ആണെന്നും വരുത്താൻ വേണ്ട അഭിനയം നടത്തുക എന്നത് മാത്രമാണ്. തെങ്ങിൽ കയറാനും തേങ്ങയിടാനും കള്ളു ചെത്താനും എന്തുകൊണ്ട് പെണ്ണുങ്ങളെ നിങ്ങൾ അനുവദിക്കുന്നില്ല എന്ന് മുക്രയിടുമ്പോഴും അയാളുടെ വീട്ടിലെ പെണ്ണുങ്ങൾ ചൂലെടുക്കുന്നത് പോലും അയാൾക്ക് യോജിക്കാൻ കഴിയാത്ത കാര്യമായിരിക്കും. അത്ര കപടമാണ് പുതിയ ലോകം. അവിടെ ഇതൊക്കെ പ്രതീക്ഷിക്കാം.
ഒരു നയം, നിലപാട് എന്ന നിലക്ക് ഇസ്ലാം ഏത് കാര്യവും പോലെ ഈ കാര്യവും സമർഥിക്കുന്നത് ചില അടിസ്ഥാനങ്ങളിൽ നിന്നുകൊണ്ടാണ്. അത് പഠിക്കുകയും ശ്രദ്ധിക്കുകയും ചെയ്യാനുള്ള മാനസിക വികാസം ഉള്ളവർക്ക് മാത്രമേ അത് മനസ്സിലാകൂ. ആണിന്റെയും പെണ്ണിന്റെയും ഇടങ്ങൾ നിശ്ചയിക്കുന്നതിൽ സൃഷ്ടാവ് ആശ്രയിക്കുന്ന പ്രധാന കാര്യം ആണും പെണ്ണും തമ്മിലുള്ള വ്യത്യാസമാണ്. അവർ തമ്മിൽ ഒരു വ്യത്യാസവുമില്ല എന്നതാണ് പുതിയ കപട ലോകത്തിൻ്റെ നിലപാട്. അതിന് അവരുടെ കയ്യിൽ ന്യായമോ ശാസ്ത്രീയമായ മാനസികമായ തെളിവുകളോ ഒന്നുമില്ല. മറിച്ച് കുറെ എതിർ ചോദ്യങ്ങൾ മാത്രമേയുള്ളൂ. അതൊന്നും ഉത്തരം അർഹിക്കുന്നതല്ല എന്ന് നാം മേൽ പറഞ്ഞു. ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം ഒരു യാഥാർത്ഥ്യമാണ്. അതുകൊണ്ടാണ് രണ്ടുപേരെയും രണ്ടു പേരിട്ടു വിളിക്കുന്നത്. രണ്ടുപേരുടെയും ശരീരത്തിന് പ്രകടമായ വ്യത്യാസമുണ്ട്. ആ വ്യത്യാസങ്ങൾ അവരുടെ ബാഹ്യമായ തൊലിപ്പുറത്ത് നിന്ന് തുടങ്ങി അവയവങ്ങൾ വരെ നീണ്ടുകിടക്കുന്നു. ഉദാഹരണമായി ആണിന്റേത് പരുക്കൻ തൊലിപ്പുറമാണ്. പെണ്ണിന്റേത് മാർദ്ദവമുള്ളതുമാണ്. തൊലിപ്പുറം ഇത്തരത്തിൽ വ്യത്യസ്തമായതിനാൽ രണ്ടുപേരുടെയും ശാരീരിക ക്ഷമത വ്യത്യസ്തമാണ്. ഒരാണിന് കൊള്ളാൻ കഴിയുന്ന അത്ര വെയിലും ചൂടും ഒരു പെണ്ണിന് കൊള്ളാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ഒരു ആണ് ക്ഷീണിക്കുന്ന സമയത്തിന് മുമ്പേ ഒരു പെണ്ണ് ക്ഷീണിച്ചു പോയേക്കാം. ഇതിൽ പുതിയ ലോകം അസ്വസ്ഥത പെടുകയാണ്. അത് പെണ്ണിൻ്റെ അവകാശലംഘനമാണ് എന്ന് വാദിക്കുകയാണ്. അതേസമയം ഇസ്ലാം ഈ കാര്യത്തിൽ കൈക്കൊണ്ടിരിക്കുന്നത് തികച്ചും യുക്തിസഹമായ ഒരു നിലപാടാണ്. അതായത്, ശാരീരിക ക്ഷമത കൂടുതൽ നൽകപ്പെട്ടിരിക്കുന്നത് പുരുഷനാണ് എന്നതിനാൽ കുടുംബത്തിനുവേണ്ടി അധ്വാനിക്കേണ്ട ബാധ്യത അവനിലാണ് അർപ്പിക്കപ്പെട്ടിരിക്കുന്നത്. ഇതിനർത്ഥം പെണ്ണിന് അധ്വാനിച്ചു കൂടാ എന്നോ അവൾക്ക് ജോലിക്ക് പോകാൻ പാടില്ല എന്നോ ഒന്നുമല്ല. അവളെ അതിന് ഇസ്ലാം ബാധ്യതപ്പെടുത്തുകയോ നിർബന്ധിക്കുകയോ ചെയ്യുന്നില്ല എന്നതാണ്. അവൾക്ക് സ്വത്ത് കൈവശം വയ്ക്കുവാനും സമ്പാദിക്കുവാനും ഇസ്ലാം അനുമതി നൽകിയിട്ടുണ്ട്. അനന്തരാവകാശ നിയമത്തിൽ അവളും ഉണ്ട്. അതുണ്ടാകുന്നത് അവൾക്ക് സ്വത്ത് ആർജിക്കാൻ അവസരം ഉള്ളതുകൊണ്ട് തന്നെയാണല്ലോ.
എന്നാൽ പിന്നെ അവൾക്കും പുരുഷന് സമാനമായ തൊലിപ്പുറം കൊടുത്തു കൂടെ എന്നൊരു ചോദ്യമുണ്ടാവാം. കൊടുക്കാം. പക്ഷേ അങ്ങനെ കൊടുക്കുമ്പോൾ പ്രപഞ്ചത്തിലെ മറ്റൊരു താളത്തിന് ഭംഗം സംഭവിക്കുന്നുണ്ട്. അത് പ്രജനനമാണ്. മനുഷ്യവംശത്തിന്റെ നിലനിൽപ്പ് പ്രജനനം വഴിയാണ് നടക്കുന്നത് എന്നത് ഒരു സത്യമാണ്. പ്രജനനം നടക്കുന്നത് ലൈംഗികത വഴിയാണ്. ലൈംഗികത ഉദ്ധരിക്കുന്നത് കാമം വഴിയാണ്. കാമം ഉണരുന്നത് ആകർഷണം വഴിയാണ്. ഇതിനൊന്നും തെളിവുകൾ വേണ്ട. മനുഷ്യൻ്റെ വെറും അനുഭവങ്ങൾ തെളിയിക്കുന്ന കാര്യങ്ങളാണ് ഇവ. ഇതോടെ ഒരു പുരുഷന് ഒരു സ്ത്രീയോടുള്ള ആകർഷണം ആണ് പ്രജനനപ്രക്രിയയുടെ ഏറ്റവും അടിസ്ഥാന ഘടകം എന്ന് ബോധ്യമാകുന്നു. ഈ ആകർഷണത്തെ സ്വാധീനിക്കുന്നത് പെണ്ണിൻ്റെ ഉടലിനോടും മണത്തോടും സ്വരത്തോടും സ്വഭാവത്തോടും അംഗ ലാവണ്യത്തോടും ശാരീരിക സൗകുമാര്യത്തോടും മൃദുലതയോടും എല്ലാം സ്വാഭാവികമായി ഉള്ള ആകർഷണമാണ്. ഈ ആകർഷണം ഇല്ലെങ്കിൽ തുടർന്നുള്ള ഒന്നും ഉണ്ടാവില്ല എന്നതിനാൽ ആകർഷണഘടകങ്ങളെല്ലാം ആ വിധത്തിൽ തന്നെ പടക്കപ്പെട്ടിരിക്കുകയാണ്. പെണ്ണിന് അവളുടെ ശരീരത്തിന്റെയും ജീവിതത്തിന്റെയും ഘടകങ്ങളിൽ ഇത്രമാത്രം സൗന്ദര്യം സവിശേഷമായി നൽകപ്പെട്ടിട്ടില്ലെങ്കിൽ അവൾക്ക് വിലയുണ്ടാവില്ല. ഈ മൃദുല ഭാവങ്ങൾ പരുഷ ഭാവത്തോട് യോജിക്കില്ല. അതോടെ ഒരു തരം ബാലൻസിങ് അനിവാര്യമായി വരുന്നു. അതായത് മനുഷ്യകുലത്തിന്റെ നിലനിൽപ്പിന്റെ ആധാരം ആയ ആകർഷണം ഉണ്ടാകുവാൻ വേണ്ടി അവളിൽ മൃദുലത നിക്ഷേപിക്കപ്പെട്ടതോടെ അവൾ സമൂഹത്തിൽ വലിയ ഒരു ദൗത്യം വഹിക്കുന്നുണ്ട്. അതിനാൽ നിലനിൽപ്പിനു വേണ്ടിയുള്ള താരതമ്യേന പരുഷമായ ഉത്തരവാദിത്വങ്ങൾ അവളെ ഏൽപ്പിക്കാൻ പാടില്ല. അതുകൊണ്ട് ഇസ്ലാം അത് പുരുഷനെ ചുമതലപ്പെടുത്തിയിരിക്കുന്നു. മറുവശത്ത് അധ്വാനിച്ച് ക്ഷീണിക്കുന്ന പുരുഷന് ആ ക്ഷീണങ്ങളെല്ലാം മറക്കാൻ അനിവാര്യമായ ഹൃദയ പുളകം പെണ്ണ് പകർന്നു കൊടുക്കുന്നു. ഇത്തരം ഒരുപാട് വസ്തുതകളാണ് ആണ് ആണായതിൻ്റെയും പെണ്ണ് പെണ്ണായതിന്റെയും പിന്നിലെ യുക്തി. വെറും ഒരു ചോദ്യത്തിന്റെ വാളെടുത്ത് വീശുന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല.
എന്നാലും ചില ഫെമിനിസ്റ്റുകളും അവരുടെ മണം പിടിച്ചു നടക്കുന്നവരും പറയും ഇതൊക്കെ പുരുഷ മേധാവിത്വം പടച്ച തിട്ടൂരങ്ങളാണ് എന്ന്. അത്തരക്കാരോട് ചോദിക്കാൻ ഉള്ളതും ചൂണ്ടിക്കാണിക്കാൻ ഉള്ളതും എങ്കിൽ എന്തുകൊണ്ടാണ് തൊലിപ്പുറത്തിനപ്പുറത്തും വ്യത്യാസം സൃഷ്ടിപരമായി തന്നെ ഉണ്ടായത് ? എന്നതാണ്. അതും ആൺ കോയ്മ വഴി ഉണ്ടായതാണ് എന്ന് പറയാൻ അവർക്ക് ധൈര്യമുണ്ടോ എന്നതാണ്. ഉദാഹരണമായി പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ (Testosterone) ഹോർമോണും, സ്ത്രീകളിൽ ഈസ്ട്രജൻ (Estrogen), പ്രൊജസ്റ്റിറോൺ തുടങ്ങിയ ഹോർമോണുകളും കൂടുതലായി കാണപ്പെടുന്നു. ഇത് ആരോഗ്യവകുപ്പ് ആതുരാലയങ്ങളോ മാതാപിതാക്കൾ പോലും ബോധപൂർവ്വം ചെയ്യുന്ന ഒന്നാണോ?. ശരീരഘടന ഘടനയുടെ കാര്യത്തിൽ ആവട്ടെ സ്ത്രീകളുടെ പെൽവിസ് അഥവാ ഇടുപ്പ് പ്രസവത്തിനായി കൂടുതൽ വീതിയുള്ളതായതും പുരുഷന്മാരിൽ ശബ്ദം കട്ടിയുള്ളതാക്കുന്ന ആദംസ് ആപ്പിൾ (Adam's apple) പ്രകടമായി കാണപ്പെടുന്നതും ആൻഡ്രോജൻ ഹോർമോണുകളുടെ സ്വാധീനം കാരണം പുരുഷന്മാരിൽ മുഖത്തും ശരീരത്തിലും കൂടുതൽ രോമവളർച്ച ഉണ്ടാകുന്നതുമെല്ലാം ഏത് ഉസ്താദ് പറഞ്ഞിട്ട് ഉണ്ടാകുന്നതാണ് ?. ആണിന്റെയും പെണ്ണിന്റെയും ഇടയിലുള്ള ഈ വ്യത്യാസം നിലനിൽക്കേണ്ടത് മനുഷ്യ നിലനിൽപ്പിന് ആവശ്യം ആവശ്യമാണ്. കാരണം അതിൻറെ ഉള്ളിന്റെ ഉള്ളിൽ ജൈവികമായാലും മാനസികമായാലും വൈകാരികമായാലും ഒരുതരം ബാലൻസിംഗ് ഉണ്ട്. ഇത്രയും പ്രാഥമികമായ വിഷയങ്ങൾ പറഞ്ഞിട്ടും അത് അംഗീകരിക്കാനോ അതിനെക്കുറിച്ച് ചിന്തിക്കുവാനോ അഹങ്കാരം അനുവദിക്കുന്നില്ലെങ്കിൽ അത്തരക്കാർ വലിയ വലിയ ശാസ്ത്രജ്ഞന്മാരുടെ പഠന കോശങ്ങൾ മറിച്ചു നോക്കട്ടെ. ഇത്രയൊക്കെ ആധികാരികമായി പറയാൻ കഴിവുള്ളതുകൊണ്ടാണ് വലിയ വലിയ രാഷ്ട്രീയ നേതാക്കന്മാരും സ്വയം ചമയുന്ന ബുദ്ധിജീവികളും എടുത്തു ചാടിയിട്ട് പോലും ഇസ്ലാം വിശ്വാസി ലോകത്തിന് ഒരു കുലുക്കവും ഇല്ലാത്തത്.
സ്ത്രീസാന്നിധ്യം പൊതു ഇടങ്ങളിൽ കൂടുതലാകുന്നത് ആശ്വാസകരമല്ല എന്ന് ഒരു മതപണ്ഡിതൻ പറഞ്ഞതാണ് മുഖ്യമന്ത്രിയെ വരെ ചൊടിപ്പിച്ചിരിക്കുന്നത്. ആ പറഞ്ഞതിനെ പെണ്ണുങ്ങൾ പുറത്തിറങ്ങരുത് എന്ന് പറഞ്ഞു എന്ന് വ്യാഖ്യാനിച്ചുകൊണ്ട് ചില സാംസ്കാരിക (?) അവകാശവാദക്കാർ വ്യാഖ്യാനിച്ചത് കണ്ടു. പെണ്ണ് പുറത്തിറങ്ങരുത് എന്ന് ആരും പറഞ്ഞിട്ടില്ല. ഇസ്ലാമും പറയുന്നില്ല. അവളുടെ ആവശ്യങ്ങൾക്ക് പുറത്തിറങ്ങാനുള്ള അവകാശവും അധികാരവും അർഹതയും അവൾക്കുണ്ട്. അപ്പോഴും അവളിൽ നേരത്തെ പറഞ്ഞ പുരുഷലോകത്തെ ആകർഷിക്കാനുള്ള ഘടകങ്ങൾ ഉണ്ട് എന്നതു കാണാതെ പോകരുത്. ആ ഘടകങ്ങൾ നിറഞ്ഞുനിൽക്കുന്ന അവൾ പുറത്തിറങ്ങുമ്പോൾ അത് അവ പരമാവധി നിയന്ത്രിച്ചും മറച്ചുപിടിച്ചും മാത്രമായിരിക്കണം എന്നു മാത്രമേ പറയുന്നുള്ളൂ. കാരണം ആ ആകർഷണം തെറ്റായി ഉപയോഗപ്പെടുത്താനുള്ള സാധ്യതയുണ്ട്. കണ്ടവരെല്ലാം കണ്ടും നോക്കിയും ഇക്കിളിപ്പെടുത്തിയും ഒത്തു കിട്ടിയാൽ അവളുടെ ലൈംഗികത ആസ്വദിച്ചും അവളെ ഉപയോഗപ്പെടുത്തിയേക്കാം. അതൊക്കെ നമ്മുടെ ലോകത്തിൻ്റെ വ്യാപകമായ അനുഭവമായി മാറിയിരിക്കുന്നു. അങ്ങനെ വന്നാൽ അത് ആദ്യം ബാധിക്കുക പെണ്ണിനെ തന്നെയാണ്. അവൾക്ക് അവളുടെ ഭംഗി സംരക്ഷിക്കുവാനും സ്ത്രീ ദൗത്യം നിർവഹിക്കുവാനും അവളിൽ ഉള്ള ശാരീരികമായ ശേഷിക്കുറവുകളും മറ്റും പരിഹരിക്കുവാനും അവൾക്ക് വേണ്ടത് സ്വന്തം ഇണയാണ്. ആ ഇണ ഒരാൾ മാത്രമാകുമ്പോഴേക്കും സംരക്ഷണം കാര്യക്ഷമമാകൂ. അവളെ എല്ലാവരും ആസ്വദിക്കുകയും അവൾക്ക് വേണ്ട ഭാരങ്ങൾ ഒരു ഭർത്താവ് മാത്രം വഹിക്കുകയും ചെയ്യുമ്പോൾ അവൾക്ക് അർത്ഥം നഷ്ടപ്പെടുന്നു. ചുളുവിൽ ആസ്വദിക്കുന്ന അവരൊക്കെ ഒറ്റത്തവണക്കാരായിരിക്കും അവർ ഒരു ചെലവും ബാധ്യതയും ഇല്ലാതെ കിട്ടുന്നു എന്നതുകൊണ്ടാണ് അവളെ നോക്കുന്നതും വെള്ളം ഇറക്കുന്നതും. അതിനാൽ അവൾക്ക് എന്തെങ്കിലും കുറവുകൾ വന്നു കഴിഞ്ഞാൽ അവർ ആരും തിരിഞ്ഞുനോക്കാൻ ഉണ്ടാവില്ല. അതേസമയം തൻ്റെ ആകർഷണവും സ്നേഹവും ശരീര സൗകുമാര്യവും എല്ലാം ഒരാൾക്കു മാത്രമായി നിജപ്പെടുത്തുമ്പോൾ അവൾക്ക് പ്രായമാകുമ്പോഴും രോഗം വരുമ്പോഴും സ്നേഹത്തോടെ നോക്കാനും ശുശ്രൂഷിക്കാനും ഒരാൺതുണ ഉണ്ടായിരിക്കും. അതുകൊണ്ട് പൊതു ഇടങ്ങളിൽ വല്ലാതെ ഇടപെടുമ്പോൾ അത് അവൾക്ക് തന്നെ തിരിച്ചടിയാകും. അതുകൊണ്ട് ഗുണദോഷിച്ചതാണ്. ഇസ്ലാമിനോടും മുസ്ലിമീങ്ങളോടുമുള്ള അന്ധമായ വിരോധമില്ലാത്ത ആർക്കും മനസ്സിലാക്കാവുന്നതാണ് ഈ നിലപാടുകൾ.
വിഷയത്തിലേക്ക് ഖദീജാ ബീവിയെയും ആയിഷാ ബീവിയെയും വലിച്ചിഴച്ചത് ഏറെ പരിഹാസ്യമായി. സമ്പന്നനായ പിതാവിൽ നിന്നും സമ്പന്നരായിരുന്ന ആദ്യത്തെ ഒന്നും രണ്ടും ഭർത്താക്കന്മാരിൽ നിന്നും കിട്ടിയ അനന്തരാവകാശ സ്വത്ത് പ്രയോജനപ്പെടുത്താൻ ഹക്കീം ബിൻ ഹിസാം എന്ന തൻ്റെ ബന്ധു പ്രകടിപ്പിച്ച അഭിപ്രായത്തിന് വിധേയമായി ഖദീജാ ബീവി സത്യസന്ധരായ യുവാക്കളെ വിലക്കെടുത്തുകൊണ്ട് കച്ചവടം നടത്തിയിരുന്നു എന്നതാണ് ചരിത്ര വസ്തുത. പ്രവാചകത്വത്തിന്റെ എത്രയോ വർഷങ്ങൾക്കു മുമ്പാണ് അത്. നബിയുമായുള്ള വിവാഹം കഴിഞ്ഞതിനുശേഷം പിന്നെ ഏറെക്കാലം ആ കച്ചവട സംരംഭം മുന്നോട്ട് പോയതായി ആരും പറയുന്നില്ല. അതേസമയം ഒരു സ്ത്രീക്ക് കച്ചവടം നടത്താനുള്ള അനുമതി ഇസ്ലാം നൽകുന്നുണ്ട് എന്നത് സത്യമാണ് അപ്പോഴും അവൾ അവളിൽ നിക്ഷിപ്തമായ ആകർഷണങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അല്ലെങ്കിൽ കച്ചവടത്തിൽ ഉറുമ്പരിക്കും. എന്നിരിക്കെ മക്കയിലെ അങ്ങാടിയിൽ തുറന്നു വെച്ച കടയിൽ മേശയുടെ പിന്നിലിരിക്കുന്നതോ ഒട്ടക വാഫിലയുടെ മുമ്പിൽ മൂക്കുകയറും പിടിച്ച് നടക്കുന്നതോ ആയ ഒരു വനിതയായിരുന്നു ഖദീജാ ബീവി എന്ന തരത്തിൽ അവരെ ചിത്രീകരിച്ചത് പൊറുക്കാൻ ആവില്ല. മഹാനായ നബിയുടെ സന്ദേശങ്ങൾ സ്വന്തം ജീവിതം കൊണ്ട് ഒപ്പിയെടുത്ത് ഒരു സമുദായത്തിന്റെ വിലപ്പെട്ട അറിവുകൾ ആക്കി മാറ്റുവാൻ വേണ്ടി മാത്രം ജീവിച്ച ആയിഷ ബീവിയെ പടച്ചട്ട അണിഞ്ഞ ഒരു പോരാളി വനിതയാക്കി ചിത്രീകരിച്ചതും മുസ്ലിംകൾക്ക് മറക്കാൻ കഴിയില്ല. അവർ രണ്ടുപേരും വിശ്വാസികൾക്ക് ഉമ്മമാരാണ്. മക്കൾ അത് പൊറുക്കില്ല.
O
Thoughts & Arts
പെണ്ണിനെ പിടിച്ചിറക്കുന്നവരോട് വീണ്ടും
2026-09-26
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso