Thoughts & Arts
Image

സൂറത്തുൽ ഖലം (ആയത്തുകൾ: 5- 16)

2026-09-26

ഖുർആൻ പഠനം
ടി എച്ച് ദാരിമി

ആർക്കും വെറുതെ വഴങ്ങരുത്, വശംവദരാകരുത്.

5 അതുകൊണ്ട്, ആരാണ് വിനാശവിധേയനെന്ന് താങ്കളും അവരും കണ്ടറിയും.

അങ്ങ് ശരിയും ഋജുവുമായ വഴിയിലാണ് എന്ന് സ്ഥാപിച്ചതിനു ശേഷം അല്ലാഹു പറയുകയാണ്, അതുകൊണ്ടുതന്നെ ആത്യന്തികമായി നാശത്തെ നേരിടേണ്ടി വരുക ആരാണ് എന്ന് ഭാവിയിൽ അഥവാ അന്ത്യനാളിൽ അവർക്കും നിങ്ങൾക്കും മനസ്സിലാക്കാനുള്ള അവസരം ഉണ്ടാകും. ഈ അവസരത്തിന്റെ പ്രത്യേകത അത് വിശ്വാസികൾക്ക് അല്ലാതെ മറ്റൊരാൾക്കും ഒരു ഉപകാരവും ചെയ്യുകയില്ല എന്നതാണ്. അതായത് തങ്ങളുടെ വിജയവും തങ്ങളുടെ ശത്രുക്കളുടെ പരാജയവും നിരാശയും നേരിൽ അനുഭവിക്കുമ്പോൾ വിശ്വാസികൾക്ക് അത് പ്രതീക്ഷയുടെ പുലർച്ചയാകും. അതേസമയം ശത്രുക്കൾക്ക് അത് ഉണ്ടാക്കുക പരാജയവും നിരാശയും ആയിരിക്കും. കാരണം ഈ അനുഭവത്തിന്റെ വെളിച്ചത്തിൽ അവർക്ക് വിചിന്തനം നടത്തുവാനോ വീണ്ടും തുടങ്ങുവാനോ എന്തെങ്കിലും പരിഹാരക്രിയ ചെയ്യുവാനോ കഴിയാത്ത ഒരു സാഹചര്യമാണ് അവർ നേരിടുക. ഈ അവസരം കൊണ്ട് ഉണ്ടാകുന്ന ഏതു വീണ്ടും വിചാരവും കർമ്മങ്ങൾ കൊണ്ട് പരിഹാരം കാണേണ്ടതാണ്. കർമ്മങ്ങൾ ചെയ്യുന്ന ചെയ്യാനുള്ള ലോകവും ജീവിതവും എല്ലാ മനുഷ്യന്മാരും അപ്പോഴേക്കും പിന്നിട്ടു കഴിഞ്ഞിട്ടുണ്ടാകും.

ഇവിടെ മഫ്തൂൻ - വിനാശവിധേയൻ - എന്ന വാക്കിന് മജ്നൂൻ - ഭ്രാന്തൻ - എന്ന അർത്ഥം ഇമാം ഖുർത്വുബി കൽപ്പിച്ചതായി കാണാം. വലീദ് ബിൻ മുഗീറ, അബൂജഹൽ തുടങ്ങിയ ഖുറൈശി പ്രമാണിമാർ മക്കയിൽ നബി തിരുമേനിയെ കുറിച്ച് പറഞ്ഞു നടന്നിരുന്ന ഒരു അപവാദത്തിനുള്ള മറുപടിയാകും അപ്പോൾ ഇത് എന്ന് അദ്ദേഹം തുടർന്ന് പറയുന്നു. മുഹമ്മദിന് ഒരു പിശാച് കൂട്ടാളിയുണ്ട് എന്നായിരുന്നു അവർ ആരോപിച്ചിരുന്നത്. നബി തങ്ങൾ പറയുന്നതൊന്നും നബി തങ്ങൾ പറയുന്നതല്ല, മറിച്ച് ആ പിശാച് ഓതി കൊടുക്കുന്നത് ഏറ്റുപറയുന്നതാണ് എന്നൊക്കെ അവർ വിശദീകരിച്ചിരുന്നു. സ്വന്തം ബുദ്ധി ഉപയോഗപ്പെടുത്താതെ മറ്റൊരു ശക്തി ഓതിക്കൊടുക്കുന്നത് കേവലം ഏറ്റു ചൊല്ലുക എന്നത് ബുദ്ധിശൂന്യതയാണ് എന്നായിരുന്നു അവരുടെ വാദം. ഈ സൂറത്തിലെ ഇത്തരം മറുപടികളും വിശദീകരണങ്ങളും എല്ലാം പ്രധാനമായും ലക്ഷ്യമിടുന്നത് മേൽപ്പറഞ്ഞ രണ്ടുപേരെ പോലുള്ള ശത്രു നേതാക്കളെയാണ് എന്ന് പല തഫ്സീറുകളും പറയുന്നതിനാൽ ഇത്തരം ഒരു വ്യാഖ്യാനം പ്രസക്തം തന്നെയാണ്.

6 തന്റെ പന്ഥാവില്‍ നിന്ന് വ്യതിചലിച്ചവരെയും സന്മാര്‍ഗ പ്രാപ്തരെയും സംബന്ധിച്ച് താങ്കളുടെ നാഥന്‍ നല്ല അഭിജ്ഞനത്രേ.

അല്ലാഹുവിന് എല്ലാം അറിയാം. കാരണം വഴിയുടെ സൃഷ്ടാവും സംവിധായകനും അവൻ തന്നെയാണ്. ആ വഴിയിൽ ആരെല്ലാം ശരിയായ വഴിയിലാണ് ആരെല്ലാം തെറ്റായ വഴിയിലാണ് എന്നത് അറിയുക അവൻ തന്നെയാണ്. മറ്റൊന്ന് ഇതിനെല്ലാം പ്രതിഫലം നൽകുന്നത് അവനാണ്. അവൻ്റെ പ്രതിഫലത്തിനു വേണ്ടി അവൻ വെച്ച മാനദണ്ഡങ്ങൾ അവനു തന്നെയാണ് ഏറ്റവും അറിയുക.

7 അതുകൊണ്ട് അങ്ങ് സത്യനിഷേധികളെ അനുസരിച്ചുപോകരുത്.

കുഫ്റിന്റെയും ദുർമാർഗത്തിന്റെയും നേതാക്കന്മാർ ഉന്നയിക്കുന്ന ആവശ്യങ്ങൾക്ക് നിങ്ങൾ വശംവദരായി പോകരുത് എന്ന് അല്ലാഹു നബി തങ്ങളെ ഗുണദോഷിക്കുകയാണ് ഈ ആയത്തിലൂടെ. പ്രബോധനത്തിന്റെ വളരെ ആദ്യത്തെ ഘട്ടം പിന്നിട്ടതിനു ശേഷം ഉണ്ടായ സാഹചര്യം ആണ് ഈ ആയത്തുകളുടെ പശ്ചാത്തലം എന്ന ഇമാം റാസി തൻ്റെ തഫ്സീറുൽ കബീറിൽ പറയുന്നുണ്ട്. അവരുടെ തുടക്കം കഠിനമായ ശാരീരികവും മാനസികവുമായ ആക്രമണങ്ങൾ കൊണ്ടായിരുന്നു. അത് പ്രതീക്ഷിച്ച അത്ര ഫലം ചെയ്യുന്നില്ല എന്ന് അവർക്ക് ആദ്യമേ മനസ്സിലായിരുന്നു. കാരണം, കഠിനമായ പീഡനങ്ങൾ അഴിച്ചുവിട്ടിട്ട് പോലും ആരും പുതിയ മതത്തെയും വിശ്വാസത്തെയും കയ്യൊഴിക്കാൻ തയ്യാറായില്ല. അത് കൃത്യമായി വായിച്ചെടുക്കാൻ കഴിയുന്ന രംഗങ്ങൾ അടിമകളുടെയും ദുർബല ജന വിഭാഗങ്ങളുടെയും അനുഭവമായിരുന്നു. മക്കയിലെ പ്രമാണിമാരുടെ ആശ്രയത്വത്തിൽ മാത്രം ജീവിക്കാൻ പ്രതീക്ഷയുള്ള വളരെ ദുർബലരായ ജനങ്ങൾ പോലും മൃഗീയമായി സൃഷ്ടിച്ചിട്ടും ഒട്ടും പിന്മാറാൻ തയ്യാറായില്ല. ബിലാൽ(റ)വിൻ്റെ കഥ സുവിദമാണല്ലോ. ഉമയ്യത്തിന്റെ ഈ അടിമ അത്രയ്ക്കും ക്രൂരമായ ശിക്ഷകളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. മതത്തിൽ നിന്ന് പിന്മാറുക എന്ന പ്രതീക്ഷ തുടക്കത്തിലെ നഷ്ടപ്പെട്ടിരുന്നു. അവസാനം എങ്ങനെയെങ്കിലും മാനം നേടാൻ വേണ്ടി 'ഒരേ ഒരു പ്രാവശ്യം മാത്രം നീ ഹുബുൽ ദൈവത്തെ മഹത്വപ്പെടുത്തിയാൽ നിന്നെ വിട്ടയച്ചു കൊള്ളാം' എന്നുവരെ പറയേണ്ട സാഹചര്യം ഉമയ്യത്തിന് ഉണ്ടായി. പക്ഷേ, അതുപോലും നടന്നില്ല. അതിൻ്റെ പ്രതിഫലനമായിരുന്നു കണ്ട വിലക്ക് ബിലാലിനെ വിറ്റൊഴിവാക്കിയത്. ഇത്തരം അനുഭവങ്ങൾ ആവർത്തിക്കപ്പെട്ടപ്പോൾ അവർ ഇനി അനുനയത്തിൽ മുഹമ്മദിനെ ഒപ്പം പോലെ നിറുത്തുന്നതാകും ബുദ്ധി എന്ന് തിരിച്ചറിയുകയായിരുന്നു. അങ്ങനെയാണ് അവർ നബിയുമായും നബിയുടെ രക്ഷാകർത്താവായിരുന്ന അബൂത്വാലിബുമായും ചർച്ചകൾ തുടങ്ങിയത്.

8 താങ്കള്‍ അവിശ്വാസികളോട് വിധേയത്വം കാട്ടുകയാണെങ്കില്‍ തങ്ങള്‍ക്കും മൃദുവഴി സ്വീകരിക്കാമായിരുന്നുവെന്നാണവരുടെ അഭിലാഷം.

അതായത് താങ്കൾ അവർക്ക് തീരെ ഉൾക്കൊള്ളാൻ കഴിയാത്ത ചില കാര്യങ്ങളിൽ ഒരല്പം വിട്ടുവീഴ്ച ചെയ്യുകയായിരുന്നുവെങ്കിൽ അത് നന്നാകുമായിരുന്നു എന്നായിരുന്നു അവർ നബിയോട് പ്രകടിപ്പിച്ച ആഗ്രഹം. ആദ്യം അവർ നേരെചൊവ്വേ പണം, പ്രശസ്തി, അധികാരം തുടങ്ങിയവയിൽ ഏത് വേണമെങ്കിലും പകരം തന്നു കൊള്ളാം എന്നു പറഞ്ഞ് പ്രലോഭിപ്പിക്കുവാൻ ശ്രമിച്ചിരുന്നു. അത് വിജയിച്ചില്ല. അപ്പോൾ അവർ ഒരു മാധ്യസ്ഥതയുടെ വഴി സ്വീകരിക്കാൻ ശ്രമിച്ചു. അതിനവർ നബി തിരുമേനിയോട് ആവശ്യപ്പെട്ടത് ഒരു വർഷം താങ്കളുടെ ദൈവത്തെ മക്കയിലെ പൊതു ദൈവമായി പരിഗണിക്കാം, പകരം തൊട്ടടുത്ത വർഷം ഞങ്ങളുടെ ദൈവങ്ങൾ മക്കയിലെ പൊതു ദൈവങ്ങളായി അംഗീകരിക്കപ്പെടണം എന്നായിരുന്നു.

9-14 താന്‍ സമ്പന്നനും സന്താനങ്ങളുള്ളവനും ആയി എന്നതിനാല്‍ ധാരാളമായി ശപഥം ചെയ്യുന്നവനും ഹീനനും അധിക്ഷേപകനും ഏഷണിക്കാരനും നന്മ മുടക്കുന്നവനും അതിക്രമിയും കുറ്റവാളിയും പുറമെ ജാരസന്തതിയുമായ ഒരാളെയും താങ്കളനുസരിക്കരുത്.

ഈ ആയത്തുകളിൽ ശത്രുക്കളിൽ ചിലരെക്കുറിച്ചോ അല്ലെങ്കിൽ മൊത്തത്തിൽ എല്ലാവരെക്കുറിച്ചുമോ ആയിരിക്കാം ആക്ഷേപിക്കുന്നത് എന്ന് കരുതാവുന്നതാണ്. പക്ഷേ, ഈ ആയത്തുകളിൽ ഒരുപാട് അധമ വിശേഷണങ്ങൾ നിരത്തുന്നതു കാണുമ്പോൾ അത് ഏതോ ഒരു പ്രത്യേക വ്യക്തിയെ കുറിച്ചാണ് എന്ന് ഗ്രഹിക്കാവുന്നതാണ് എന്നാണ് മുഫസ്സിറുകൾ പറയുന്നത്. അതനുസരിച്ച് ഇത് പറയുന്നത് വലീദ് ബിൻ മുഗീറ എന്ന നേതാവിനെ കുറിച്ചാണ് എന്ന് തഫ്സീറുകൾ അനുമാനിക്കുന്നു. ബനൂ മഖ്‌സൂം ഗോത്രത്തിന്റെ തലവൻ ആയിരുന്ന വലീദ് ബിൻ മുഗീറ പൊതുവേ ഒരു ചിന്താ ശീലമുള്ള ആളായിട്ടാണ് കരുതപ്പെടുന്നത്. പക്ഷേ അദ്ദേഹത്തിൻ്റെ ഉള്ളിലെ അഹങ്കാരവും സന്ദേഹവും ഇസ്ലാമിലേക്ക് എത്തുവാൻ ഉള്ള വഴിയടച്ചു. പ്രമുഖ ഇസ്ലാമിക സേനാനായകൻ ഖാലിദ് ബിൻ അൽ വലീദ് ഇദ്ദേഹത്തിൻ്റെ മകനാണ്. നബി തങ്ങളുമായി സമാധാന ചർച്ചകൾ നടത്തുക എന്ന ആശയം ഇദ്ദേഹത്തിൻ്റെ തലയിൽനിന്നാണ് വന്നത്. അതിനാൽ അബൂത്വാലിബിനെ കാണുവാനുള്ള ഖുറൈശി സംഘത്തെ നയിച്ചിരുന്നത് വലീദാണ്. ഖുറൈശികൾ നടത്തിയ പ്രലോഭനങ്ങളിൽ നിനക്ക് വേണമെങ്കിൽ ശക്തനും സുന്ദരനുമായ ഒരാളെ നൽകാം എന്ന പ്രലോഭനത്തിൽ അവർ കരുതിയിരുന്നത് വലീദിന്റെ മകൻ ഉമാറയെയാണ്. സ്വന്തം മകനെ നൽകി മുഹമ്മദിനെ അനുനയിപ്പിക്കുക എന്ന ഈ ആശയത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ നയതന്ത്ര ശേഷി ഗണിച്ചെടുക്കാവുന്നതാണ്. നബി തങ്ങളിൽ നിന്ന് ഒരിക്കൽ ഖുർആൻ പാരായണം കേൾക്കുകയും അതിൽ അത്ഭുതപരതന്ത്രനായി പോവുകയും അവ ദൈവവചനങ്ങൾ അല്ലാതിരിക്കാനുള്ള ഒരു ന്യായവും ഇല്ല എന്ന് പ്രസ്താവിക്കുകയും ചെയ്തതും ഇതേ വലീദ് തന്നെയാണ്. പക്ഷേ അങ്ങനെയൊക്കെ ശരിയായ തിരിച്ചറിവുകളുടെ പശ്ചാത്തലത്തിൽ എത്തുമ്പോഴേക്കും വഴിമാറി പോകുന്ന ഒരു ദൗർഭാഗ്യവാനായിരുന്നു അയാൾ. നബി തങ്ങളെ പരിഹാസം കൊണ്ട് വേദനിപ്പിച്ച അഞ്ചു പേരിൽ ഒരാളായിരുന്നു വലീദ് ബിൻ മുഗീറ. ഹിജ്റ ഒന്നിൽ അയാൾ മക്കയിൽ മരിച്ചു.

അമിതമായി സത്യം ചെയ്യുന്നവൻ, പരിഹസിക്കുന്നവൻ, പരദൂഷണം പറഞ്ഞു നടക്കുന്നവൻ, നന്മയെ തടയുന്നവൻ എന്നീ നാല് വിശേഷണങ്ങളും അർത്ഥഗാംഭീര്യത്തോടെ കൂടെയാണ് പറഞ്ഞിരിക്കുന്നത് എന്നത് ഇവിടെ ശ്രദ്ധേയമാണ്. അറബി ഭാഷയിൽ അർത്ഥഗാംഭീര്യത്തിന് (മുബാലഗ) ഉപയോഗിക്കുന്ന പദരൂപങ്ങളിലാണ് നാലും പറഞ്ഞിരിക്കുന്നത്. ഇത്തരം കാര്യങ്ങളൊക്കെ എല്ലാ അതിരും പരിധിയും ഉല്ലംഖിച്ചുകൊണ്ട് ചെയ്യുന്ന സ്വഭാവക്കാരൻ ആയിരുന്നു വലീദ്. ഈ വിശേഷണങ്ങളിൽ അവസാനമായി പറയുന്ന സനീം - ജാരസന്തതി - എന്ന വിശേഷണം അത് കേട്ടതോടെ വലീദിനെ ശക്തമായി പ്രതിരോധത്തിലാക്കുകയുണ്ടായി. അത്തരമൊരു ആക്ഷേപം തന്നിലുണ്ട് എന്നത് അയാൾക്കറിയുമായിരുന്നില്ല. അക്കാര്യത്തിൽ താൻ മാന്യനും വിശുദ്ധനും ആണ് എന്ന് അദ്ദേഹം അവകാശപ്പെടുമായിരുന്നു. അതോടെ നബി(സ്വ) തങ്ങളോടും മുസ്‌ലിങ്ങളോടും വിശുദ്ധ ഖുർആനിനോടും പൊട്ടിത്തെറിക്കേണ്ടിയിരുന്ന വലീദ് പക്ഷേ, അത് ചെയ്തില്ല. കാരണം തനിക്ക് താൻ ഒരു ജാരസന്തതിയാണ് എന്ന കാര്യം അറിയില്ലെങ്കിലും മുഹമ്മദിൻ്റെ ഖുർആനിൽ അങ്ങനെ പറഞ്ഞു എങ്കിൽ അതിൽ എന്തെങ്കിലും ഉണ്ടാവാതിരിക്കാൻ സാധ്യതയില്ല എന്ന ഉത്തമ ബോധ്യം വലീദിന്റെ മനസ്സിൽ ശക്തമായിരുന്നു. അതുകൊണ്ട് പൊട്ടിത്തെറിക്കുന്നതിന് മുമ്പ് അദ്ദേഹം തൻ്റെ മാതാവിൻ്റെ അടുത്തേക്ക് നേരെ പോവുകയാണ് ചെയ്തത്.

മാതാവിനോട് വലീദ് തുറന്നു പറഞ്ഞു. എന്നെക്കുറിച്ച് ഒമ്പത് ആക്ഷേപങ്ങളാണ് മുഹമ്മദ് ഖുർആനിലൂടെ പ്രസ്താവിച്ചിരിക്കുന്നത്. അവയിൽ എട്ടും എന്നെക്കുറിച്ച് മുഹമ്മദിനെ പോലെ ഒരാൾക്ക് പറയാവുന്നവ തന്നെയാണ്. എന്നാൽ ഒമ്പതാമത്തേത് ഞാൻ ഒരു ജാരസന്തതിയാണ് എന്നതാണ്. അങ്ങനെയൊന്ന് ഉള്ളതായി ഞാനോ നമ്മുടെ നാട്ടുകാരോ ഇതുവരെ അറിയില്ല. എന്നാൽ ഖുർആനിൽ വന്ന നിനക്ക് അതിനെ തള്ളിക്കളയാനും കഴിയില്ല. അതുകൊണ്ട് നിങ്ങൾ സത്യം തുറന്നു പറയുക. ഇല്ലെങ്കിൽ മാതാവാണെന്നൊന്നും ഞാൻ പരിഗണിക്കില്ല. എൻ്റെ അഭിമാനം എനിക്ക് എല്ലാറ്റിനേക്കാളും തികച്ചും വലുതാണ്. മകൻ ഈ അർത്ഥത്തിൽ ഭീഷണിപ്പെടുത്തിയതോടെ ആ മാതാവിൻ്റെ ധൈര്യം നഷ്ടപ്പെട്ടു. അവർ ഉണ്ടായത് മകനോട് തുറന്നു പറഞ്ഞു. തുറന്നു പറയുന്നതിൽ ഭയമൊന്നും മാതാവിൻ ഉണ്ടായിരുന്നില്ല. കാരണം വ്യഭിചാരം കുറ്റകരമായ ഒരു കാര്യമായി ആ കാലം കാണുന്നില്ലായിരുന്നു. അപ്രകാരം തന്നെ ഇവിടെ ഈ കഥ പറയുവാൻ തികച്ചും ആരും സ്വീകരിക്കുന്ന ന്യായം മാതാവിൻ്റെ കയ്യിൽ ഉണ്ട് താനും. അവർ പറഞ്ഞത് നിൻ്റെ പിതാവ് ലൈംഗിക ഉദ്ധാരണ ശേഷിയില്ലാത്ത ഒരാളായിരുന്നു എന്നും അതിനാൽ പിതാവിൻ്റെ കാലശേഷം സ്വത്തു വകകളെല്ലാം അന്യാധീനപ്പെട്ട് പോകും എന്ന് ഞാൻ ഭയപ്പെട്ടു എന്നു പറഞ്ഞുകൊണ്ടായിരുന്നു. അങ്ങനെ ഞാൻ ഒരു ആട്ടിടയനെ പ്രാപിക്കുകയും നിന്നെ ഗർഭം ധരിക്കുകയും ചെയ്യുകയായിരുന്നു എന്ന് മാതാവ് പറഞ്ഞു. ഈ സത്യം കണ്ടുപിടിച്ചതും വലീദ് ബിൻ മുഗീറയെ പോലെ ഒരാളെ അത് ബോധ്യപ്പെടുത്തിയതും വിശുദ്ധ ഖുർആൻ ആയിരുന്നു എന്നത് ഇവിടെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്.

15 നമ്മുടെ സൂക്തങ്ങള്‍ ഓതിക്കേള്‍പിക്കപ്പെട്ടാല്‍ ഇത് പൂര്‍വികരുടെ ഇതിഹാസങ്ങളാണ് എന്ന് അവന്‍ ജല്‍പിക്കും.

വിശുദ്ധ ഖുർആനിന്റെ പ്രഥമ സംബോധിതരായിരുന്ന മക്കയിലെ ഖുറൈശികളെ സംബന്ധിച്ചിടത്തോളം അവർക്ക് വിശുദ്ധ ഖുർആനിൻ്റെ ആയത്തുകളെയും ആശയങ്ങളെയും തള്ളിക്കളയാൻ വേണ്ടി ഉപയോഗിക്കാൻ കഴിയുന്ന ഏറ്റവും പൊതുവായ ഒരു ആരോപണമായിരുന്നു ഇത്. മുഹമ്മദ് പറയുന്നതെല്ലാം പണ്ടത്തെ ആൾക്കാർ പറഞ്ഞു ഉണ്ടാക്കിയ ചില കെട്ടുകഥകൾ മാത്രമാണ് എന്ന് അവർ പറയുമായിരുന്നു. ഇത്തരം ആൾക്കാർക്കെതിരെ കഠിനമായ ഭാഷയിലാണ് വിശുദ്ധ ഖുർആൻ സംസാരിക്കാറുള്ളത്. അതിൻ്റെ പ്രധാനപ്പെട്ട ഒരു കാരണം പരിഹാസം എന്നത് അത്രമേൽ വേദനാജനകമാണ് എന്നതാണ്. അതിനാൽ തന്നെ ഇത്തരം ആൾക്കാർക്ക് അല്ലാഹു പ്രത്യേകം അടയാളം വെക്കും എന്ന് വിശുദ്ധ ഖുർആൻ തുടർന്ന് പറയുന്നു.

16 അവന്റെ തുമ്പിക്കൈയിന് നാം അടയാളം വെക്കാന്‍ പോകയാണ്!

ഈ അടയാളത്തിന്റെ കാര്യത്തിൽ മുഫസ്സിറുകൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. ചിലർ പറയുന്നത് പരലോകത്ത് ഈ ധിക്കാരിക്ക് പ്രത്യേക അടയാളം വെക്കുമെന്നാണ് എന്നാണ്. മറ്റു ചില അഭിപ്രായങ്ങളിൽ എല്ലാ നിഷേധികൾക്കും ഇങ്ങനെ പ്രത്യേക അടയാളം വെക്കും എന്നുണ്ട്. ഈ അടയാളം കൊണ്ട് വിവക്ഷിക്കപ്പെടുന്നത് അവരുടെ മുഖങ്ങളുടെ പ്രത്യേക കറുപ്പ് നിറമായിരിക്കും എന്നും അഭിപ്രായങ്ങളിൽ വന്നിട്ടുണ്ട്. ചില മുഖങ്ങൾ അന്ന് കറുത്തിരുണ്ടതാകുമെന്ന് ഖുര്‍ആനില്‍ ഉണ്ട്. എന്നാല്‍, പ്രത്യേകം എടുത്തു പറഞ്ഞതു കൊണ്ട് ഇതു ദുന്‍യാവില്‍ വെച്ച് തന്നെയാണ് ഉദ്ദേശ്യമെന്ന് മറ്റുചിലര്‍ വിശദീകരിച്ചിട്ടുണ്ട്. ഈ പ്രയോഗത്തിൽ മറ്റൊരു ചിന്താവിഷയം ഉള്ളത് മൂക്ക് എന്നതിന് പകരം തുമ്പിക്കൈ എന്ന് ഉപയോഗിച്ചതാണ്. തുമ്പിക്കൈ ഉണ്ടാകുക ആനകൾക്കോ പന്നികൾക്കോ ആണ്. അതുവഴി ഇത്തരം സ്വഭാവമുള്ളവർ നാക്കാലികളെ പോലെയാണ് എന്നുകൂടി സൂചിപ്പിക്കുകയാണ് ഈ പ്രയോഗം.

വിശുദ്ധ ഖുർആൻ പേര് പറയാതെ വിശേഷണങ്ങൾ എടുത്തു പറഞ്ഞുകൊണ്ട് ഏറ്റവും അധികം അധിക്ഷേപിച്ച വ്യക്തി വലീദ് ബിൻ മുഗീറ തന്നെയാണ്. ഇസ്‌റാഅ് 15, 90, അഹ്സാബ് 1, നജ്മ് 33 - 35, ഖലം 8 - 16, മുദ്ദസ്സിർ 11-26, അഅ്ലാ 10 - 13, അൽ അസ്വ് ർ 2 , മാഊൻ 1-3, മറിയം 66, സ്വാദ് 28, ഫുസ്സ്വിലത്ത് 40, സുഖ്റുഫ് 22, ഹുമസ 1 - 4, കാഫിറൂൻ 1-6 തുടങ്ങിയ ആയത്തുകൾ ഉദാഹരണം.
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso