വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി
വർത്തമാനകാലം ചർച്ചക്കെടുത്തിരിക്കുന്ന വിഷയത്തിലെ വിവാദങ്ങളിലേക്ക് അനുകൂലമായോ പ്രതികൂലമായോ കടക്കുന്നില്ല. സോഷ്യൽ മീഡിയയിലും പൊതു മീഡിയയിലും വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അത് പല തലത്തിലേക്കും വളരുന്നതും വഴിതെറ്റുന്നതും കാണുമ്പോൾ ഉണ്ടാകുന്ന ഭയം കൊണ്ടാണ് അങ്ങനെ പറയുന്നത്. പക്ഷേ വിവാദങ്ങളിൽ പെട്ട് പല വസ്തുതകൾക്കും പരിക്കുപറ്റുന്നത് കാണുമ്പോൾ അതെങ്കിലും മാന്യമായി പറയേണ്ടതും ഉണർത്തേണ്ടതുമുണ്ട് എന്നു കരുതുകയാണ്. സ്ത്രീകളുടെ പൊതുരംഗ പ്രവേശനമാണല്ലോ വിവാദത്തിലെ കേന്ദ്ര വിഷയം. ഇതിൽ അനുകൂലമായും പ്രതികൂലമായും വാദിക്കുന്നവർ മേൽക്കൈ നേടുവാൻ തെളിവായി പലതും ഉപയോഗിക്കുന്നത് കേൾക്കുന്നുണ്ട്. ഇസ്ലാമിക ചരിത്രം, നാഗരികത എന്നിടങ്ങളിൽ നിന്ന് അടർത്തിയെടുത്ത് ചില രംഗങ്ങൾക്ക് പുതിയ വ്യാഖ്യാനങ്ങൾ ചേർത്ത് തങ്ങളുടെ വാദം സ്ഥാപിക്കാൻ ശ്രമിക്കുന്നുണ്ട് ചിലർ. അത്തരത്തിൽ കേട്ട ഒന്നായിരുന്നു പ്രവാചക പത്നി ഖദീജാ ബീവി വലിയൊരു വ്യവസായ പ്രമുഖയായിരുന്നു എന്നത്. അപ്രകാരം തന്നെ മറ്റൊരു പ്രവാചക പത്നിയായ ആയിഷാ ബീവി ഒരു സൈനിക മേധാവിയായിരുന്നു എന്ന തരത്തിലുള്ള വിവരണങ്ങളും. ആണെന്നും അല്ലെന്നും പറഞ്ഞുണ്ടാക്കാവുന്ന ഇത്തരം വിഷയങ്ങൾ വിശദീകരണം ഒന്നുമില്ലാതെ ഒഴുക്കൻ രീതിയിൽ ഇങ്ങനെ ചർച്ചകളിൽ സ്ഥാനം പിടിക്കുമ്പോൾ അത് വിശ്വാസികളുടെ ലോകത്തെ സത്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്നുണ്ട്. ചർച്ചകളിൽ ഇത്തരം കാര്യങ്ങൾ എഴുന്നള്ളിക്കുന്നവർക്ക് തങ്ങൾക്ക് മേൽകൈ നേടണം എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ല. ഇത് ഉണ്ടെന്നു വന്നാലും ഇല്ലെന്ന് വന്നാലും അവരെ അത് ബാധിക്കുന്നില്ല. അതേസമയം വിശ്വാസികളുടെ കാര്യം അങ്ങനെയല്ല. വിശ്വാസം മഹത്തായ തിരിച്ചറിവുകളുടെ മേലിലാണ് സ്ഥാപിക്കപ്പെടുന്നത്. അവിടെ പ്രവാചക പത്നിമാർ വിശ്വാസികളുടെ മാതാക്കളാണ്. അതിനാൽ അവർ വിവാദത്തിൽ അകപ്പെടുന്നതും അവരുടെ ജീവിതങ്ങളെ ഓരോരുത്തരും സ്വന്തം ഇഷ്ടത്തിന് അനുസരിച്ച് വളച്ചും തിരിച്ചും ഉപയോഗിക്കുന്നതും പ്രതിഷേധാർഹമായ കാര്യങ്ങളാണ്.
ആദ്യം ഒരു ചെറിയ ആമുഖം പറയേണ്ടതുണ്ട്. മഹാനായ നബി(സ്വ)യുടെ പത്നിമാർ ഉന്നതവും സത്യസന്ധവുമായ ഒരു ആത്മീയ ലോകത്തിൻ്റെ ഭാഗങ്ങളാകുവാൻ വിധിക്കപ്പെട്ടവരാണ്. അതിനാൽ അവരുടെ ജീവിതങ്ങൾ ആത്മീയ വ്യാഖ്യാനങ്ങളുടെ പരിധിക്ക് പുറത്തേക്ക് കടക്കുകയില്ല. ആത്മീയമായ അച്ചടക്കങ്ങളായിരിക്കും അവരുടെ ജീവിതത്തില്‍ ഉയർന്നു കാണുകയും കേൾക്കുകയും ചെയ്യുക. കാരണം അവർ ഭാഗമായ മഹാനായ പ്രവാചകന്റെ ജീവിതം ഇതുവരെ കടന്നുപോയതും ഇനി വരാനിരിക്കുന്നതുമായ എല്ലാ തലമുറകൾക്കും ബാധ്യതയുള്ളതാണ്. അതിനാൽ പ്രവാചകന്റെ ജീവിതത്തിനും ആദർശത്തിനും ഏതു തലമുറയെയും മാന്യമായി അഭിമുഖീകരിക്കാൻ കഴിയും, കഴിയണം എന്നത് പോലെ നബി പത്നിമാരുടെ ജീവിതത്തിനും കഴിയേണ്ടതുണ്ട്. അതുകൊണ്ട് പ്രവാചകന്റെ ഒരു പത്നിയുടെയും ജീവിതം ആദർശത്തിന്റെ ധാർമികതയുടെയും കീഴ്വഴക്കങ്ങളുടെയും പരിധിയിൽ നിന്ന് പുറത്ത് കടന്നിട്ടില്ല, കടക്കുകയുമില്ല. ഖദീജാ ബീവിയെ വെറുമൊരു കച്ചവടക്കാരിയായി ചിത്രീകരിക്കുമ്പോൾ ഈ പറഞ്ഞ ആത്മീയ ആമുഖത്തിന് തെറ്റുപറ്റുന്നുണ്ട്. കാരണം ചർച്ചക്കാർ വ്യവഹരിക്കുന്നത് പോലെയുള്ള ഒരു കച്ചവടം ഖദീജാ ബീവിയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. കച്ചവടത്തെ ജീവിത സന്ധാരണ മാർഗ്ഗമായി കാണുകയും, അതിനു വേണ്ടി ചെയ്യാനുള്ള മാർക്കറ്റിംഗ് തന്ത്രങ്ങൾ ആവിഷ്കരിക്കുകയും, ലാഭത്തിനുവേണ്ടി അതെല്ലാം നടപ്പിൽ വരുത്തുകയും, അതിനെല്ലാം വേണ്ടി സമൂഹത്തിൻ്റെ മുന്നിലേക്ക് നിർലോഭം കടന്നുവരികയും അവിടെ വിഹരിക്കുകയും ചെയ്യുന്ന ഒരാളെയാണ് കച്ചവടക്കാരൻ എന്നും കച്ചവടക്കാരി എന്നും പറയുമ്പോൾ ഇപ്പോഴത്തെ തലമുറ അതിനർത്ഥമാക്കുന്നത്. അത്തരത്തിൽ ഗൗരവതരവും ബോധപൂർവ്വവുമായ ഒരു കച്ചവടം ആയിരുന്നില്ല ഖദീജാ ബീവിയുടേത്.
അതു മനസ്സിലാക്കാൻ ചരിത്രത്തിൻ്റെ ആഴങ്ങളിലേക്ക് ഒട്ടും പോകേണ്ടതില്ല. പണക്കാരനായ പിതാവിൻ്റെ മകൾക്ക് പിതാവ് മരണപ്പെടുമ്പോൾ ധാരാളം സ്വത്ത് സ്വാഭാവികമായും ലഭിക്കുന്നു. പണക്കാരനായ ആദ്യ ഭർത്താവിനോടൊപ്പം ജീവിച്ച് വരവേ ആ ഭർത്താവ് മരണപ്പെടുകയും അങ്ങനെ വീണ്ടും പണം വന്നുചേരുകയും ചെയ്യുന്നു. വീണ്ടും വിവാഹിതയാവുകയും ആ ഭർത്താവും ആകസ്മികമായി മരണപ്പെടുകയും ചെയ്യുന്നതോടെ വീണ്ടും സ്വത്ത് വന്നുചേരുന്നു. എ ഡി ഏഴാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളിൽ മക്ക എന്ന അറേബ്യൻ മരുഭൂമിയിൽ ജീവിക്കുന്ന ഒരു സ്ത്രീയുടെ മനസ്സിൽ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ചോദ്യമാണ് ഈയൊരു സ്ത്രീക്ക് എന്തിനാണ് ഇത്ര അധികം സ്വത്ത് എന്നത്. അങ്ങനെ ചിന്തിക്കവെ, തൻ്റെ സഹോദരൻ്റെ മകനും മക്കയിലെ ഒരു പ്രമുഖ കച്ചവടക്കാരനും ആയിരുന്ന ഹകീം പ്രകടിപ്പിച്ച ഒരു അഭിപ്രായമായിരുന്നു മക്കയിലെ ജോലിയും മൂലധനവും ഇല്ലാത്ത സത്യസന്ധരായ യുവാക്കൾക്ക് പണം നൽകി അവരെ കൊണ്ട് തൻ്റെ പേരിൽ കച്ചവടം ചെയ്യിച്ച് തൻ്റെ സ്വത്തിനെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്നത്. അങ്ങനെയാണ് ഖദീജാ ബീവിയുടെ കച്ചവടം ഉണ്ടായത്. അതിൽ തന്നെ ഖാഫിലയുടെ മുമ്പിൽ ഒട്ടകക്കട്ടിലിൽ കയറിയിരുന്ന് ഖദീജാ ബീവി കച്ചവട സംഘത്തെ നയിച്ചതായി ചരിത്രത്തിൽ ആരും കാണുന്നില്ല. അവർ മക്കായിലെ തെരുവുകളിലൊന്നിൽ തന്റെ കച്ചവട സ്ഥാപനം തുറന്നുവച്ച് വിൽക്കാൻ ഇരിക്കുന്നതായി ആരും കാണുന്നില്ല. ചരക്കിന്റെ വിലപറയാനും വിലപേശുവാനും ചോതനം ഉണ്ടാക്കുവാനും അവരുടെ സ്വരം ഉയർന്നിരുന്നത് ആരും കേൾക്കുന്നില്ല. നബിയുടെ ജീവിതത്തിൽ എത്തിയതിനു ശേഷം പിന്നീട് ഇസ്ലാമിൽ കൂടി എത്തിച്ചേർന്നതോടെ കച്ചവടം മെല്ലെ മെല്ലെ നിലക്കുകയായിരുന്നു എന്നതാണ് വസ്തുത. കാരണം അവരുടെയും നബി തങ്ങളുടെയും ശ്രദ്ധ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കേണ്ട സാഹചര്യം അപ്പോഴേക്കും സംജാതമായി കഴിഞ്ഞിരുന്നു. കച്ചവടം നിലച്ചത് കൊണ്ടായിരുന്നു മൂന്നുവർഷം നീണ്ട ഉപരോധകാലത്ത് അവർക്ക് പോലും ശിഅ്ബു അബീ താലിബിൽ കഷ്ടപ്പാടുകളിലേക്ക് ജീവിതത്തെ പറിച്ചുനടേണ്ടിവന്നത്. ചുരുക്കത്തിൽ ഖദീജാ ബീവിയുടെ കച്ചവടം തുടക്കത്തിൽ നിർധനരും സത്യസന്ധരും ആയിരുന്ന മക്കായിലെ ചെറുപ്പക്കാരോടുള്ള ഒരു മഹാകാരുണ്യമായിരുന്നു. അവർ നബി(സ്വ) യുടെയും ഇസ്ലാമിന്റെയും നിഴലിൽ എത്തിയതോടെ അത് നബി തങ്ങൾക്കും ഇസ്ലാമിക പ്രബോധന വീഥിക്കും വേണ്ട സാമ്പത്തിക സ്രോതസ്സായിത്തീരുകയുമായിരുന്നു.
ഏറെക്കുറെ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ പ്രാഥമികമായ വിശകലനത്തിൽ ആയിഷാ ബീവിയുടെ സൈനിക മേധാവിത്വത്തിന്റെ കഥയും ഇപ്രകാരം തന്നെയാണ്. മൂന്നാം ഖലീഫ ഉസ്മാൻ(റ)വിൻ്റെ വധം ഇസ്ലാമിക സാമ്രാജ്യത്തിൽ ഒരു വലിയ ചർച്ചാവിഷയമായി മാറിയ സമയമായിരുന്നു അത്. ഘാതകരെ പിടികൂടാനും ശിക്ഷിക്കുവാനും പുതിയ ഖലീഫ അലി(റ)വിന് കഴിയാതെ വന്നത് സമൂഹത്തിൽ ഒരു ഒച്ചപ്പാടായി വളർന്നുവരുന്ന സാഹചര്യമായിരുന്നു അത്. വൈകുന്നതിന് അലി(റ)വിന്ന് ന്യായമായ പല കാരണങ്ങളും പറയാനുണ്ടായിരുന്നു. പക്ഷേ അതൊന്നും കേൾക്കാൻ മാത്രം അവധാനത പല പ്രമുഖർക്കുപോലും ഉണ്ടായിരുന്നില്ല. വിഷയം ഇങ്ങനെ അനിശ്ചിതത്വത്തിൽ മുന്നോട്ടു പോയാൽ അത് നിയന്ത്രിക്കാൻ കഴിയാത്ത ഒരു വിപ്ലവമായി മാറിയേക്കാം എന്ന് ഭയപ്പെട്ട സുബൈർ(റ), ത്വൽഹ(റ) എന്നിവർ ഹിജറ 36 ലെ ഹജ്ജ് കാലത്ത് ആയിഷാ ബീവിയോട് മക്കയിൽ ചെന്ന് ഇക്കാര്യം ചർച്ച ചെയ്യുകയായിരുന്നു. നമുക്കു മൂന്നുപേർക്കും കൂടി ഖലീഫയെ മുഖം കാണിക്കുകയും വിഷയം ചർച്ച ചെയ്തു ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്യാം എന്ന തീരുമാനത്തിലാണ് അവർ മൂന്നുപേരും തലസ്ഥാനമായ കൂഫയിലേക്ക് പോകുന്നത്. ഈ മൂന്നംഗ സംഘത്തിന്റെ കൂഫയിലേക്കുള്ള യാത്രയാണ് ഇപ്പോൾ ഒരു സൈന്യത്തിൻ്റെ നായകത്വമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നത് മഹാകഷ്ടം തന്നെയാണ്. അവർ അവിടെ എത്തുകയും ഖലീഫയുമായി സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. ഇത്രയും പറഞ്ഞ രംഗങ്ങളാണ് പൊതുവെ ഏക കണ്ഠവും സ്വീകാര്യവുമായ ചരിത്രത്തിലുള്ളത്. ബാക്കിയുള്ളതെല്ലാം ഓരോ വീക്ഷണങ്ങളോട് ചേർന്ന് കയറിയും ഇറങ്ങിയും പോകുന്നവയാണ്. ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുക എന്നതാണ് മതപരമായ മര്യാദ. പിന്നീട് നടന്നതിനൊന്നും ഏക കണ്ഠമായ ഉറപ്പില്ല, നബി(സ്വ)യിൽ നിന്ന് തർബിയ്യത്ത് ലഭിച്ച ഉന്നത ശീർഷരായ സ്വഹാബിമാർ പൊതു ധാർമ്മികതക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യില്ല, ആയിഷ(റ) യെ പോലെ ഒരു വിശുദ്ധ ഇത്തരം ഒരു യുദ്ധം നയിക്കുക എന്നത് വിശ്വസനീയമല്ല എന്നതൊക്കെയാണ് ഈ കൽപ്പിത കഥകൾ തളളിക്കളയുന്നതിനെ ന്യായീകരിക്കുന്ന ഘടകങ്ങൾ.
തീർത്തും ഉറപ്പിച്ചും പറയാൻ കഴിയാത്ത ചരിത്രങ്ങൾ തങ്ങളുടെ ഇംഗിതത്തിനനുസരിച്ച് ന്യായീകരിച്ച് കാര്യം നേടാൻ ശ്രമിക്കുമ്പോൾ ഈമാനുറച്ച ഖൽബുകളിൽ തെറ്റിദ്ധാരണ ഉയരാനുള്ള സാധ്യത ഉണ്ട് എന്നും അതു കൊണ്ട് വിശ്വാസികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നാണ് വിശ്വാസികളോട് മാത്രം പറയാനുള്ളത്.
0
Thoughts & Arts
വിവാദങ്ങൾ നമ്മെ വഴിതെറ്റിക്കാതിരിക്കട്ടെ!
2026-09-26
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso