Thoughts & Arts
Image

ശാസ്ത്രത്തെ മറികടന്ന ഏഴു ഖുർആൻ വസ്തുതകൾ

2026-09-26

ഇഅ്ജാസ്
ടി എച്ച് ദാരിമി അൽ അസ്ഹരി




വിശുദ്ധ ഖുർആൻ പതിനാല് നൂറ്റാണ്ടുകൾക്ക് മുൻപ് പ്രസ്താവിക്കുകയും, എന്നാൽ ആധുനിക ശാസ്ത്രം അടുത്തകാലത്ത് മാത്രം കണ്ടെത്തുകയും ചെയ്ത നിരവധി കാര്യങ്ങളുണ്ട്. അവയിൽ പ്രധാനപ്പെട്ട ഏഴ് ശാസ്ത്രസത്യങ്ങൾ താഴെ പറയുന്നവയാണ്: ഒന്ന്. പ്രപഞ്ചത്തിന്റെ വികാസം (Expansion of the Universe). വിഖ്യാത ശാസ്ത്രജ്ഞൻ എഡ്വിൻ ഹബിൾ 1929-ലാണ് പ്രപഞ്ചം നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയത്. അമേരിക്കയിലെ മിസ്സൂറി സംസ്ഥാനത്തെ മാര്‍ഷ് ഫീല്‍ഡ് എന്ന സ്ഥലത്ത് വിര്‍ജീനിയ ലീ ജെയിംസിന്റെയും ജോണ്‍ പവല്‍ ഹബിളിന്റെയും മകനായി 1889 നവംബ്ര‍ 20 നാണ് ഹബിള്‍ ജനിച്ചത്. ചിക്കാഗോ സര്‍വ്വകലാശാലയില്‍ നിന്നും 1910 ല്‍ ഗണിതത്തിലും ജ്യോതിശാസ്ത്രത്തിലും ബിരുദം സമ്പാദിച്ച ഹബിള്‍, പിന്നീട് പൂര്‍ണ്ണസമയ ജ്യോതിശാസ്ത്രജ്ഞനാകുകയുമാണുണ്ടായത്. ഇതിനിടയില്‍ ചിക്കാഗോ സര്‍വ്വകലാശാലയുടെ കീഴിലുള്ള യെര്‍ക്സ് ഒബ്സര്‍വേറ്ററിയില്‍ ചേരുകയും 1917 ല്‍ “ഫോട്ടോഗ്രാഫിക്ക് ഇന്‍വസ്റ്റിഗേഷന്‍സ് ഓഫ് ഫെയിന്റ് നെബുല” എന്ന വിഷയത്തില്‍ ഗവേഷണബിരുദം സമ്പാദിക്കുകയും ചെയ്തു. മൗണ്ട് വില്‍സണ്‍ ഒബ്സര്‍വേറ്ററിയിലെ 100 ഇഞ്ച് (2.5 m) ഹൂക്കര്‍ ദുരദര്‍ശിനിയിലൂടെയും ഹെയ്ല്‍ തുടക്കമിട്ടതും പിന്നീട് ഹബിള്‍ തന്നെ പൂര്‍ത്തിയാക്കിയതുമായ പലോമര്‍ വാനനിരീക്ഷണ കേന്ദ്രത്തിലെ 200 ഇഞ്ച് (5.1 m) ഹെയ്ല്‍ ദൂരദര്‍ശിനിയിലൂടെയും ബാഹ്യാകാശത്തെ അനവധി അത്ഭുതങ്ങളാണ് ഹബിള്‍ വെളിച്ചത്തുകൊണ്ടുവന്നത്. നെബുലകളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന താല്പര്യമേഖല. ആന്‍ഡ്രോമീഡിയ നെബുല ഉള്‍പ്പെടെയുള്ള നിരവധി നെബുലകളെ നിരീക്ഷിക്കുകയും അവയുടെ പ്രത്യേകതകള്‍ കണ്ടെത്തുകയും ചെയ്തു.


1925-29 കാലഘട്ടത്തില്‍ അന്‍ഡ്രോമീഡ നെബുലയില്‍ നടത്തിയ നിരീക്ഷണത്തിലൂടെ അദ്ദേഹം അവയിലെ സെഫീദ് ചരങ്ങള്‍ കണ്ടെത്തി. ഒരു നിശ്ചിത ആവര്‍ത്തന ക്രമത്തില്‍ പ്രകാശം ഏറിയും കുറഞ്ഞും കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളാണ് സെഫീദ് ചരങ്ങള്‍. സെഫീദ് ചരങ്ങളുടെ ആവര്‍ത്തന കാലവും പ്രകാശമാനവും തമ്മിലുള്ള ബന്ധം കണക്കാക്കി ആന്‍ഡ്രോമീഡയിലേക്കുള്ള ദൂരം അളന്നു. ആ നിരീക്ഷണങ്ങളാണ് ആന്‍ഡ്രോമീഡ ആകാശഗംഗയ്ക്ക് പുറത്തുള്ള മറ്റൊരു ഗ്യാലക്സിയാണെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന് സഹായമായത്. 1931 -ല്‍ ആന്‍ഡ്രോമീഡയില്‍ ആകാശംഗംഗയ്ക് ഗംഗയ്ക് പുറത്തെ ആദ്യ ഗ്ലോബുലര്‍ ക്ലസ്റ്ററിനെ അദ്ദേഹം കണ്ടെത്തി. അദ്ദേഹത്തിന്റെ ഈ നിരീക്ഷണങ്ങള്‍ക്കു മുന്‍പ്, പ്രപഞ്ചം എന്നത് നമ്മുടെ ഗ്യാലക്സിയായ ആകാശ ഗംഗയില്‍ ഒതുങ്ങുന്നതായിരുന്നു നമ്മുടെ ശാസ്ത്ര വിശ്വാസത്തിൽ. അങ്ങനെയാണ് മനുഷ്യന്‍ എഡ്വിൻ ഹബിളിലൂടെ മില്‍ക്കിവേയ്ക് അപ്പുറത്തേക്ക് സഞ്ചരിച്ചതെന്ന് പറയാം. ഈ അടിസ്ഥാനത്തില്‍ 1929 -ല്‍, എല്ലാ ഗാലക്സികളും പരസ്പരം അകന്നുപോയിക്കൊണ്ടിരിക്കുകയാണെന്നും അതിനാൽ പ്രപഞ്ചം വികസിച്ചു കൊണ്ടേയിരിക്കുകയാണ് എന്നും അദ്ദേഹം കണ്ടെത്തി. എല്ലാ ഗാലക്സികളും നമ്മളില്‍ നിന്നും അകന്നുകൊണ്ടിരിക്കുകയാണ്. അതാണ് പ്രപഞ്ചത്തിന്റെ വികാസം. എന്നാൽ വിശുദ്ധ ഖുർആൻ ഇത് 1400 കൊല്ലങ്ങൾക്ക് മുമ്പേ പറഞ്ഞുവെച്ചു. ഖുർആൻ പറഞ്ഞു: 'ആകാശത്തെ നാം നമ്മുടെ കൈകളാൽ നിർമിച്ചു. തീർച്ചയായും നാം അതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുന്നവരുമാകുന്നു.' (സൂറത്ത് അദ്ദാരിയാത്: 47)


രണ്ട്. പ്രപഞ്ചത്തിന്റെ ഉൽപത്തി അഥവാ അതിൻ്റെ ശാസ്ത്രീയ വിശദീകരണമായ ബിഗ് ബാങ് (The Big Bang Theory). പ്രപഞ്ചം മുഴുവൻ ഒന്നായിരിക്കുകയും പിന്നീട് ഒരു മഹാ വിസ്ഫോടനത്തിലൂടെ വേർപിരിയുകയും ചെയ്തു എന്ന 'ബിഗ് ബാങ്' സിദ്ധാന്തം ഖുർആൻ ലളിതമായി വിവരിക്കുന്നുണ്ട്. ഖുർആൻ അത് ഇങ്ങനെ പറയുന്നു: 'ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നുവെന്നും, എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികൾ കണ്ടില്ലേ?' (സൂറത്തുൽ അൻബിയാഅ്: 30)


ഈ പ്രപഞ്ചം എങ്ങനെയാണ് ഉണ്ടായത് എന്ന് അറിയാൻ മനുഷ്യൻ പൗരാണികകാലം മുതൽ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ്. പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു തുടക്കവും ഇല്ല അഥവാ അനാദിയിൽ തന്നെ ഈ പ്രപഞ്ചം ഇതുപോലെ തന്നെ ഉണ്ട്. പ്രപഞ്ചത്തിന് പ്രത്യേകിച്ച് ഒരു അവസാനവും ഇല്ല. അതായത് ഇതേപോലെ തുടർന്ന് എന്നെന്നും നിലനിൽക്കുകയും ചെയ്യും എന്നുള്ള ഒരു വീക്ഷണമായിരുന്നു അരിസ്റ്റോട്ടിലിനെ പോലെയുള്ള തത്വചിന്തകൻമാർക്ക് ഉണ്ടായിരുന്നത്. ഇത് സ്ഥിര സ്ഥിതി സിദ്ധാന്തം എന്നാണ് വ്യവഹരിക്കപ്പെടുന്നത്. ഫ്രെഡ് ഹോയ്ൽ, തോമസ് ഗോൾഡ്, ഹെർമ്മൻ ബോണ്ടി എന്നിവർ ചേർന്നു് 1948ൽ വികസിപ്പിച്ചതാണ് Steady state theory എന്ന സ്ഥിര സ്ഥിതി സിദ്ധാന്തം. പക്ഷേ ഇത് നിലനിന്നില്ല. പിൽക്കാലത്ത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഈ സിദ്ധാന്തം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. തുടർന്നു വന്നതാണ് പ്രപഞ്ചോൽപ്പത്തിയുമായി ബന്ധപ്പെട്ട് ശാസ്ത്രലോകം ഇന്ന് അംഗീകരിച്ചിട്ടുള്ള ബിഗ് ബാങ് തിയറി എന്ന മഹാവിസ്ഫോടന സിദ്ധാന്തം. ഒരു തിയറി എന്നതിനുമപ്പുറം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്രസത്യം തന്നെയാണ് ഇന്ന് ബിഗ് ബാങ് തിയറി. ഏതാണ്ട് 1380 കോടി വർഷം മുമ്പ് ഒരു മഹാ വിസ്ഫോടനം സംഭവിച്ചു. അതിനു മുമ്പ് ഒന്നുമില്ലായിരുന്നു. ശൂന്യത എന്നു പോലും പറയാനാവില്ല, കാരണം ശൂന്യമാവാൻ ഒരു സ്ഥലമെങ്കിലും വേണ്ടേ. സ്ഥലമില്ല, വായുവില്ല, ശബ്ദമില്ല. ഈ ഒന്നുമില്ലാത്ത അവസ്ഥയിൽ ഒരു വിസ്ഫോടനം സ്വയമായി നടന്നു. ഇത്തരത്തിൽ ഒന്നുമില്ലാത്ത അവസ്ഥയിൽ നിന്നും പൊടുന്നനെ പ്രപഞ്ച സൃഷ്ടിപ്പ് ആരംഭിക്കുന്നു അതാണ് ബിഗ് ബാങ്. ശാസ്ത്രം പറയുന്ന അതേ പോലെ ഇക്കാര്യം വിശുദ്ധ ഖുർആൻ നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്.


മൂന്ന്. ഭ്രമണപഥങ്ങൾ (Orbits of Celestial Bodies). സൂര്യനും ചന്ദ്രനും പ്രപഞ്ചത്തിലെ മറ്റ് ഗോളങ്ങളും അവയുടേതായ ഭ്രമണപഥങ്ങളിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്ന് ആധുനിക ജ്യോതിശാസ്ത്രം പറയുന്നു. ഖഗോള വിജ്ഞാനീയത്തിന്റെ ഉള്ളറകളിലേക്ക് ഖുര്‍ആന്‍ നേരത്തെ മനുഷ്യനെ മാടിവിളിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാര്‍ക്ക് ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്' (3: 190). മറ്റൊരിടത്തിൽ അല്ലാഹു പറയുന്നു: 'സൂര്യന്‍ അതിന്റെ താവളത്തിലേക്കു സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. സര്‍വജ്ഞനും അജയ്യനുമായവന്റെ നിര്‍ണയമാണത്. ചന്ദ്രന്‍; അതിനു പല താവളങ്ങളും നാം നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ഒടുവിലത് ഈന്തപ്പനകളുടെ ഉണങ്ങിയ കുലത്തണ്ട് പോലെ ആയിത്തീരുന്നു. ചന്ദ്രനെ സൂര്യന്‍ മറികടക്കുന്നില്ല. രാത്രി പകലിനെ മുന്‍കടക്കുകയില്ല. ഓരോന്നിനും അതിന്റേതായ സഞ്ചാര പഥങ്ങള്‍ നാം നിശ്ചയിച്ചിരിക്കുന്നു (36: 34-40). മറ്റൊരു ആയത്ത് ഇങ്ങനെയാണ്: 'അവനത്രെ രാത്രി, പകല്‍, സൂര്യന്‍, ചന്ദ്രന്‍ എന്നിവയെ സൃഷ്ടിച്ചത്. ഓരോന്നും ഓരോ ഭ്രമണ പഥത്തിലൂടെ നീന്തികൊണ്ടിരിക്കുന്നു' (21: 33).


നാല്. ഭ്രൂണത്തിൻ്റെ വളർച്ചാ ഘട്ടങ്ങൾ. പതിനേഴാം നൂറ്റാണ്ടിലാണ് ആന്റണീ വാൻ ലീവൻഹുക്ക്‌ മൈക്രോസ്കോപ്പ് കണ്ടു പിടിക്കുന്നത്. 1677ൽ ആന്റണീ വാൻ ലീവൻഹുക്കും അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ നികോളാസ്‌ ഹാർറ്റ്സീകറും ചേർന്നാണ് ലോകത്താദ്യമായി ശുക്ല പരിശോധനയിലൂടെ പുരുഷബീജം കണ്ടെത്തിയത്. അവർ കരുതിയിരുന്നത് ഒരു ബീജത്തിന് അകത്ത് ഒരു ചെറിയ രൂപത്തിലുള്ള ഒരു മനുഷ്യ കുട്ടിയുണ്ട് എന്നായിരുന്നു. ഹോമൻകുലസ്‌ homunculus എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. ബീജത്തിനകത്തുള്ള ഈ ഒരു ഹോമൻകുലസ്‌ എന്ന ചെറിയ മനുഷ്യക്കുട്ടി അത് ഗർഭാശയത്തിൽ അകത്തെത്തുമ്പോൾ അവിടെനിന്ന് വികാസം പ്രാപിക്കുകയും വലിയൊരു കുട്ടിയായി മാറുകയും ചെയ്യുന്നു ഇവരുടെയും ധാരണ. പതിനെട്ടാം നൂറ്റാണ്ടുവരെ ശാസ്ത്രലോകത്തിന്റെ കാഴ്ചപ്പാട് പ്രീഫോർമേഷൻ എന്ന ഈ സിദ്ധാന്തമായിരുന്നു ഉണ്ടായിരുന്നത്. ഗർഭപ്രക്രിയ മുതൽ സ്വഭാവ ശീലങ്ങൾ വരെയുള്ള കാര്യത്തിൽ സ്ത്രീക്കും പങ്കുണ്ട് എന്നത് പകൽവെളിച്ചം പോലെ വ്യക്തമായി. അതോടെ നിലവിലുണ്ടായിരുന്ന സിദ്ധാന്തം അവിശ്വസനീയമായി. അതിനാൽ അത് തിരുത്തപ്പെട്ടു. ഒരു മനുഷ്യ കുഞ്ഞുണ്ടാവാൻ പുരുഷ ബീജം സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാൽ മാത്രം പോരാ സ്ത്രീയുടെ ബീജവും കൂടി ആവശ്യമുണ്ട് എന്നത് വളരെ അടുത്ത കാലത്ത് മാത്രമാണ് ശാസ്ത്രലോകം മനസ്സിലാക്കിയിട്ടുള്ളത്. പുരുഷ ബീജവും സ്ത്രീബീജവും കൂടി ചേർന്നാൽ മാത്രമേ കുട്ടി ഉണ്ടാവുകയുള്ളൂ എന്നുള്ളത് ശാസ്ത്രലോകത്തിന് രണ്ട് നൂറ്റാണ്ടു മുമ്പ് വരെ അജ്ഞാതമായ കാര്യമായിരുന്നു. അപ്പോഴും ബീജം ഭ്രൂണമാകുന്നതിന്റെയും അത് പിന്നെ വളർന്ന് പരിപൂർണ്ണതയുള്ള ഒരു കുഞ്ഞായി മാറുന്നതിന്റെയും പ്രക്രിയകൾ കൃത്യമായി കണ്ടെത്താനും വിവരിക്കുവാനും പിന്നെയും സമയം വേണ്ടിവന്നു. വിശുദ്ധ ഖുർആനിന്റെ ഈ വിഷയത്തിലെ പ്രസ്താവനകളെ പലരും കളിയാക്കുന്നുണ്ട് എങ്കിലും ഈ വിഷയത്തിൽ ഇന്നും തിരുത്തപ്പെടാത്ത ഒരു കാഴ്ചപ്പാട് വിവരിച്ചത് വിശുദ്ധ ഖുർആൻ തന്നെയാണ്. വിശുദ്ധ ഖുർആൻ അത് വിവരിക്കുമ്പോൾ മറ്റാരും അത് വിവരിച്ചിട്ടുണ്ടായിരുന്നില്ല എന്നത് അവിതർക്കിതമായ കാര്യമാണ്. മനുഷ്യൻ മാതാവിന്റെ ഗർഭപാത്രത്തിൽ വളരുന്ന വിവിധ ഘട്ടങ്ങളെക്കുറിച്ച് (ബീജസങ്കലനം മുതൽ പൂർണ്ണ രൂപം പ്രാപിക്കുന്നത് വരെ) ഖുർആൻ നൽകുന്ന വിവരണം ആധുനിക ഭ്രൂണശാസ്ത്രജ്ഞരെപ്പോലും അത്ഭുതപ്പെടുത്തിയ ഒന്നാണ്. അല്ലാഹു പറയുന്നു: 'തീർച്ചയായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയിൽ നിന്ന് സൃഷ്ടിച്ചു. പിന്നീട് നാം അവനെ സുരക്ഷിതമായ ഒരു സങ്കേതത്തിൽ (ഗർഭപാത്രത്തിൽ) ബീജമാക്കി. പിന്നീട് ആ ബീജത്തെ നാം ഒരു രക്തക്കട്ടയായി രൂപപ്പെടുത്തി..." (അൽ മുഅ്മിനൂൻ: 12-14)


അഞ്ച്. സമുദ്രങ്ങൾ തമ്മിൽ കലരാതിരിക്കൽ എന്ന സമുദ്ര കൗതുകം. വ്യത്യസ്ത സാന്ദ്രതയും ലവണാംശവുമുള്ള രണ്ട് കടലുകൾ ഒന്നിച്ചുചേരുന്നിടത്ത് അവ പരസ്പരം കലരാതെ വേർതിരിച്ചുനിർത്തുന്ന ഒരു അദൃശ്യ മതിൽ (Halocline) ഉണ്ടെന്ന് ശാസ്ത്രം പിന്നീട് മാത്രം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ അത് ഖുർആൻ നേരത്തെ പ്രസ്താവിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: 'രണ്ട് കടലുകളെയും അവ പരസ്പരം സന്ധിക്കത്തക്കവണ്ണം അവൻ ഒഴുക്കിവിട്ടിരിക്കുന്നു. അവ രണ്ടിനുമിടയിൽ ഒരു മറയുണ്ട്. അവയൊന്നിനും അത് ലംഘിക്കാനാവില്ല.' (അർറഹ്മാൻ: 19-20)
ആറ്. പർവ്വതങ്ങളുടെ ഘടനയും കാരിരുമ്പും. പർവ്വതങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിലുള്ളതിനേക്കാൾ വലിയൊരു ഭാഗം (വേരുകൾ പോലെ) ഭൂമിക്കടിയിലുണ്ടെന്നും, അവ ഭൂമിയുടെ തുലനാവസ്ഥ നിലനിർത്താൻ സഹായിക്കുന്നുവെന്നും ശാസ്ത്രം പറയുന്നു.


നാം കാണുന്ന പർവ്വതങ്ങൾക്ക് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് മുകളിലേക്കുള്ള അതിൻ്റ ഉയരത്തിന്റെ എത്രയോ മടങ്ങ് വലിപ്പത്തിൽ ആഴത്തിലുള്ള ഭാഗം ഭൂമിക്കടിയിൽ ഉണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. Mountain roots എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതു മനസ്സിലാക്കാൻ ഭൂമിയുടെ ആന്തരിക ഘടനയെ കുറിച്ച് ചെറിയ ഒരു ആമുഖം വേണ്ടതുണ്ട്. പർവ്വതങ്ങളെ നമുക്ക് സമുദ്രത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു മഞ്ഞു മലയോട് ഉപമിക്കാവുന്നത് ആണ്. മഞ്ഞുമലയുടെ 90 ശതമാനവും വെള്ളത്തിന് താഴെയും 10% ഉപരിതലത്തിനു മുകളിലും ആയിരിക്കും. അഥവാ ഉപരിതലത്തിൽ നാം കാണുന്നതിനേക്കാൾ പത്തിരട്ടിയാണ് യഥാർത്ഥത്തിൽ മഞ്ഞുമലയുടെ വലിപ്പം. ഇതുപോലെ ഭൗമോപരിതലത്തിൽ ഉള്ള പർവ്വതങ്ങളുടെ 85% ശതമാനവും ഉപരിതലത്തിന് താഴെയാണ് ഉള്ളത്. അക്ഷരാർത്ഥത്തിൽ asthenosphere ലെ മാഗ്മക്ക് മുകളിൽ പൊങ്ങിക്കിടക്കുന്ന അവസ്ഥയിൽ ആണ് പർവ്വതങ്ങൾ സ്ഥിതിചെയ്യുന്നത്. നാം കാണുന്ന പർവ്വതം യഥാർത്ഥ പർവ്വതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ്. മുകളിൽ കാണുന്നതിനേക്കാൾ എത്രയോ മടങ്ങ് വലിപ്പത്തിൽ ആഴത്തിലേക്ക് ആഴ്ന്നിറങ്ങുന്നതാണ് പർവ്വതത്തിന്റെ യഥാർത്ഥ വലിപ്പം. ഈ താഴേക്ക് ആഴ്ന്നു കിടക്കുന്ന ഭാഗം ഭൂമിക്ക് സ്ഥാപിച്ച ആണികളാണ് എന്ന് വിവരിക്കാം. അല്ലാഹു പറയുന്നു: 'ഭൂമിയെ നാം ഒരു തൊട്ടിലാക്കിയില്ലേ? പർവ്വതങ്ങളെ മുളകളാക്കുകയും ചെയ്തില്ലേ?' (സൂറത്തുന്നബഅ്: 6-7). മറ്റു പല സൂക്തങ്ങളിലും ഇതേ കാര്യം പരാമർശിക്കുന്നുണ്ട്. തികച്ചും ഭൂമിശാസ്ത്രപരമായ ഈ വസ്തുതക്ക് സമാനമാണ് ഇരുമ്പിനെ കുറിച്ചുള്ള വിശുദ്ധ ഖുർആനിന്റെ പരാമർശവും. ഇരുമ്പ് നാം ഭൂമിയിൽനിന്ന് ഖനനം ചെയ്ത് എടുക്കുകയാണ് ഇപ്പോൾ. പക്ഷേ ഇത് ആകാശത്തിൽ നിന്ന് വന്നതാണ് എന്നാണ് ഖുർആൻ പറഞ്ഞത്.
ഇരുമ്പ് എന്ന പേരിൽ വിശുദ്ധ ഖുർആനിൽ ഒരു അധ്യായം തന്നെ ഉണ്ട് . 57-ാം അധ്യായമായ സൂറത്തുൽ ഹദീദ്. ഇതിലെ ഇരുപത്തിയഞ്ചാം ആയത്തിൽ ഇരുമ്പിനെ കുറിച്ച് അല്ലാഹു പറയുന്നത് ഇങ്ങനെയാണ്: 'ഇരുമ്പ് നാം ഇറക്കിയിരിക്കുന്നു. അതില്‍ കഠിനമായ ആയോധന ശക്തിയും, ജനങ്ങള്‍ക്കു പല ഉപയോഗങ്ങളും ഉണ്ട്. (കൂടാതെ) അല്ലാഹുവിനെയും അവന്റെ റസൂലുകളെയും അദൃശ്യമായനിലയില്‍ സഹായിക്കുന്നത് ആരാണെന്ന് അവന്‍ അറിയുവാനും വേണ്ടിയാകുന്നു (അത്). നിശ്ചയമായും അല്ലാഹു ശക്തനും പ്രതാപശാലിയുമാണ്‌'.


ഏഴാമത്തേത് വിരലടയാളങ്ങളുടെ പ്രത്യേകതയാണ്. ഓരോ മനുഷ്യന്റെയും വിരലടയാളങ്ങൾ വ്യത്യസ്തമാണെന്നും അത് ഒരാളുടെ സവിശേഷമായ ഐഡന്റിറ്റിയാണെന്നും 19-ാം നൂറ്റാണ്ടിലാണ് ശാസ്ത്രം തിരിച്ചറിഞ്ഞത്. 1880-ല്‍ സര്‍ ഫ്രാന്‍സിസ് ഗോള്‍ട്ടി (Sir Francis Golti)ന്‍റെ ഗവേഷണങ്ങള്‍ക്ക് ശേഷം വിരലടയാളം ഓരോ വ്യക്തിയെയും തിരിച്ചറിയലിനുള്ള ശാസ്ത്രീയ മാര്‍ഗ്ഗമായി സ്വീകരിക്കപ്പെട്ടു. അത് ഒരു പരമവും അന്യൂനവുമായ തിരിച്ചറിവിനുള്ള ആധാരമാണ്. ലോകത്തുള്ള ഏത് രണ്ട് വ്യക്തികളെടുത്താലും ഒരേ രീതിയിലുള്ള വിരലടയാളം ദര്‍ശിക്കുക സാധ്യമല്ല എന്നത് ഏതൊരാൾക്കും അറിയാവുന്ന ശാസ്ത്രമാണ്. മുഖഛായയിലും ശരീരഘടനയിലും പ്രവൃത്തിയിലും പരസ്പരം സാദൃശ്യമുള്ളവരുണ്ടാകുമെങ്കിലും വിരലടയാളം ഓരോ മനുഷ്യർക്കും ഓരോന്നായിരിക്കും. ഒരാളുടെ തന്നെ 10 വിരലുകളിലും ഉള്ള അടയാളങ്ങൾ പരസ്പരം വ്യത്യസ്തമാണ്. ഗർഭസ്ഥ ശിശുവിന് മൂന്ന് മാസം പ്രായമാകുന്നതോടെ വിരലുകൾ രൂപപ്പെടുകയും അവയിൽ അടയാളങ്ങൾ‍ പ്രത്യക്ഷപ്പെടുകയും മരണം വരെ യാതൊരു മാറ്റവുമില്ലാതെ അത് നിലനിൽക്കുകയും ചെയ്യുന്നു. മൃതദേഹത്തിലെ തൊലി നശിക്കും വരെ വിരലടയാളം മായുകയില്ല. ശസ്ത്രക്രിയ മുഖേനയോ മറ്റോ വിരലടയാളം മാറ്റാൻ സാധ്യവുമല്ല. ഒരു രോഗത്തിനും വിരലടയാളം മായ്ക്കാനും കഴിയില്ല. അവക്ക് മുറിവോ തേയ്മാനമോ സംഭവിച്ചാൽ ശരീരം അത് നേരെയാക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുറ്റാന്വേഷകർ വിരലടയാളത്തെ ഒരു പ്രധാന തെളിവെടുപ്പ് രീതിയായി സ്വീകരിക്കുന്നത്. ഇത് വിശുദ്ധ ഖുർആൻ വളരെ വ്യക്തമായി പറഞ്ഞുവെച്ചിട്ടുണ്ട്. മരിച്ചവരെ പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പറയുന്നിടത്ത് ഖുർആൻ പറയുന്നു: 'മനുഷ്യൻ വിചാരിക്കുന്നുവോ; നാം അവന്റെ എല്ലുകളെ ഒരുമിച്ചുകൂട്ടുകയില്ലെന്ന്? അതെ, അവന്റെ വിരൽത്തുമ്പുകളെപ്പോലും കൃത്യമായി നിർമ്മിക്കാൻ നാം കഴിവുള്ളവനാകുന്നു'. (അൽ ഖിയാമ: 3-4).


ഇതെല്ലാം കാണിക്കുന്നത് വിശുദ്ധ ഖുർആനിന്റെ ആധികാരികതയാണ്. ഇത്തരം ആധികാരികതകളെയാണ് വ്യക്തമായ ദൃഷ്ടാന്തങ്ങൾ എന്ന് പറയുന്നത്. ഇത്രയും വ്യക്തമായ ദുഷ്ടാന്തങ്ങൾ ഉണ്ടായിട്ടും മനുഷ്യൻ ഈ സത്യത്തിൽ എത്താത്തത് അവൻ്റെ അഹങ്കാരം കൊണ്ട് മാത്രമാണ്. അതിനാൽ തന്നെ അവൻ കഠിനമായി ശിക്ഷിക്കപ്പെടേണ്ടതുമാണ്.
0
ആധാര വായനകൾ:
https://luca.co.in/edwin-hubble/
https://thequran.love/
https://www.thelastdialogue.org/

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso