ടി എച്ച് ദാരിമി അൽ അസ്ഹരി
ശൈഖുൽ ജാമിഅയുടെ വായനാ ലോകത്തിലേക്ക് കടക്കുവാൻ കുഞ്ഞുണ്ണി മാഷിൻ്റെ വരികളുടെ വാതിൽ വഴിയായിരിക്കും എളുപ്പം എന്നു കരുതുന്നു. 'വായിച്ചാൽ വളരും, വായിച്ചില്ലെങ്കിലും വളരും; വായിച്ചാൽ വിളയും, വായിച്ചില്ലെങ്കിൽ വളയും' എന്നാണല്ലോ മാഷ് പറഞ്ഞത്. ഒട്ടും വളയാതെ വിളഞ്ഞ് തന്നെ ജീവിതകാലം മുഴുവനും നമുക്കിടയിൽ ജീവിച്ച മഹാനായ ശൈഖുൽ ജാമിഅയുടെ കാര്യത്തിൽ ഇത്ര അന്വർത്ഥമായ മറ്റൊരു സത്യം നമ്മുടെ പ്രാദേശികതയിൽ നിന്ന് പറിച്ചെടുക്കാൻ ഉണ്ടാവില്ല. ഇതു സ്ഥാപിക്കുവാൻ നാം ചെറിയ ഒരു ആമുഖം ആദ്യം ഗ്രഹിക്കേണ്ടതുണ്ട്. ഓരോ വ്യക്തിയുടെയും ലോകം ഉണ്ടാകുന്നത് അദ്ദേഹത്തിൻ്റെ ജീവിത പരിസരത്തെയും സാഹചര്യത്തെയും ഉപക്രമിച്ചാണ്. കാരണം, ആ പരിസരത്തുനിന്നും സാഹചര്യത്തിൽ നിന്നുമാണ് ആ വ്യക്തിയുടെ ഉൺമ തെളിയിച്ചെടുക്കപ്പെടുന്നത്. അതിനാൽ അവിടെ അദ്ദേഹത്തെ സ്വാധീനിച്ച എല്ലാ ഘടകങ്ങൾക്കും അദ്ദേഹത്തിൻ്റെ വ്യക്തിത്വ രൂപീകരണത്തിൽ പങ്കാളിത്തമുണ്ടായിരിക്കും. ഒരു നിറഞ്ഞ പണ്ഡിതൻ എന്ന നിലക്ക് ശൈഖുൽ ജാമിഅയുടെ വ്യക്തിത്വത്തിന് പല ഭാവങ്ങളും ഭാഗങ്ങളും ഉണ്ട്. പണ്ഡിതൻ, സംഘാടകൻ, നായകൻ, അധ്യാപകൻ തുടങ്ങി പലതും. ഇവയിൽ ഏതെങ്കിലും ഒരു നിലക്കായിരിക്കും ഓരോരുത്തരും അദ്ദേഹവുമായി അടുത്തതും അദ്ദേഹം അവരുമായി അടുത്തതും. അവയുടെ കൂട്ടത്തിൽ പൊതുവേ എല്ലാവരും ശ്രദ്ധിക്കുകയും ശ്ലാഖിക്കുകയും ചെയ്ത ഒരു വിശേഷണമായിരുന്നു അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു എന്നത്. വായനാ ലോകത്തെക്കുറിച്ച് പറയുവാനും അതിലേക്ക് എത്തിച്ചേരുവാൻ നമുക്ക് ഈ വിശേഷണമാണ് അടിസ്ഥാനമാക്കേണ്ടത്. ഇതാണ് ഇവിടെ നമ്മുടെ ചർച്ച.
അദ്ദേഹം ഒരു ബഹുഭാഷാ പണ്ഡിതനായിരുന്നു. എന്നുവെച്ചാൽ അറബി ഭാഷ അതിൻ്റെ പഴയതും പുതിയതുമായ സ്വരങ്ങൾ അദ്ദേഹത്തിന് നന്നായി വഴങ്ങുമായിരുന്നു. അദ്ദേഹത്തിൻ്റെ ശിഷ്യഗണങ്ങളായ ഫൈസിമാർ വ്യാപകമായി ഓർക്കുന്നത്, അദ്ദേഹം അവർക്ക് ഭാഷയുടെ കൗതുകങ്ങൾ കൈവെള്ളകളിലെ കൊച്ചു സ്ക്രീനുകളിൽ എത്തുന്ന കാലത്തിനും എത്രയോ മുമ്പ്, അറബ് നാടുകളിൽ പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും പാക്ഷികങ്ങളും വായിച്ചുകൊടുത്ത് വിദ്യാർത്ഥികളുടെ ഭാഷാ ശ്രദ്ധയെയും താല്പര്യത്തെയും വളർത്തിയെടുക്കുന്ന ഒരു അധ്യാപകൻ എന്ന നിലക്കാണ്. സേവന കാലത്തിൻ്റെ ആദ്യകാലത്ത് തന്നെ മീനാർകുഴിയിൽ മുദരിസ് ആയിരിക്കുമ്പോൾ അവിടുത്തെ പള്ളിയിലേക്ക് വരുന്ന പത്രങ്ങളിൽ ഒന്ന് ഇംഗ്ലീഷ് പത്രം ആയിരുന്നു എന്നത് ആ കാലം തികഞ്ഞ കൗതുകത്തോടെ മനസ്സിൽ കുറിച്ചുവെച്ച കാഴ്ചയാണ്. അവിടെ നിന്നിങ്ങോട്ട് അദ്ദേഹത്തിൻ്റെ ബാഗിലും കക്ഷത്തും എപ്പോഴും ഇംഗ്ലീഷ് പത്രം ഉണ്ടാകുമായിരുന്നു എന്നത് തെളിവിന്റെ ആവശ്യമില്ലാത്ത ഒരു വസ്തുതയാണ്. ജാമിഅ നൂരിയ്യയിൽ അറബ് പശ്ചാത്തലത്തിന്റെ പുറത്തുനിന്ന് വരുന്ന അതിഥികളോടും സന്ദർശകരോടും ഒരു മദ്ധ്യ ഭാഷിയുടെ സഹായമില്ലാതെയാണ് അദ്ദേഹം സംസാരിച്ചിരുന്നത് എന്നത് എപ്പോഴും ജാമിഅ കണ്ടിട്ടുള്ളതാണ്. ജാമിഅയുടെ വലിയ സമ്മേളനങ്ങളിലെ ഇത്തരം അതിഥികളെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നതും ഇംഗ്ലീഷിൽ ആയിരുന്നു.
ഒരു ശരാശരി ഇന്ത്യക്കാരനായ മുസ്ലിം പണ്ഡിതന് ഇനി അദ്ദേഹത്തിൻ്റെ ജീവിതപാതയിൽ ഉപയോഗിക്കാനും ഉപയോഗപ്പെടുത്താനും ആവശ്യം ആവശ്യമായ ഒരു ഭാഷ ഉറുദു ആണ്. അതിലും അദ്ദേഹം നിപുണനായിരുന്നു എന്ന് ആ മേഖലയിൽ അദ്ദേഹവുമായി ബന്ധമുള്ളവർ പറഞ്ഞിട്ടുണ്ട്. ഉറുദുഭാഷാ വിശാരദനും അധ്യാപകനും എഴുത്തുകാരനുമായ ഡോ:കെ.പി ശംസുദ്ദീൻ തിരൂർക്കാട് അക്കാര്യം പറയുന്നത് ഉദാഹരണമാണ്. അദ്ദേഹത്തെ കാണുമ്പോൾ എല്ലാം മഹാനായ ആലിക്കുട്ടി മുസ്ലിയാർ സംസാരിച്ചിരുന്നത് ഉർദു ഭാഷയെ കുറിച്ചായിരുന്നു. അദ്ദേഹത്തിൻ്റെ അടുക്കലുള്ള ഉർദു ഗ്രന്ഥങ്ങളെ കുറിച്ചും കേരളത്തിന് പുറത്തു പോകുമ്പോൾ ഉർദു മാതൃഭാഷക്കാരുമായിട്ടുണ്ടായ സൗഹൃദത്തെക്കുറിച്ചും എല്ലാമായിരുന്നു സംസാരവിഷയം. 1998 ൽ കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് 'ദിൽക്കശ്' എന്ന പേരിൽ ഒരു സുവനീർ പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചു എന്നും അതിൽ ആലിക്കുട്ടി മുസ്‌ലിയാരുടെ ലേഖനം ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നു എന്നും അതിനായി അദ്ദേഹത്തെ സമീപിച്ചപ്പോൾ ഏറെ സന്തോഷത്തോടെയാണ് പ്രതികരിച്ചത് എന്നും അദ്ദേഹം ഓർക്കുന്നു. പ്രസ്തുത ലേഖനത്തിന്റെ പ്രധാന ഭാഗം ഇപ്രകാരമായിരുന്നു 'ഇതര ലോകഭാഷകളോട് ഉർദു സമരസപ്പെട്ടുപോവുകയും അവക്കിടയിലും തനത് ശൈലിയോടെ തല ഉയർത്തി നിൽക്കുകയും ചെയ്യുന്നു. പൂർവ്വകാല പണ്ഡിതർ ഈ ഭാഷ താൽപര്യപൂർവ്വം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അല്പമെങ്കിലും മത ധാർമിക മൂല്യങ്ങൾ സ്ഥാപിക്കാൻ അവർക്ക് കഴിഞ്ഞു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിന് പോയിരുന്നത് കൊണ്ടാവാം ഒരുകാലത്ത് കേരളീയ പണ്ഡിതരെല്ലാം ഉർദു നല്ല നിലയിൽ തന്നെ കൈകാര്യം ചെയ്തിരുന്നു'. മറ്റൊരു സ്ഥലത്ത് ഉറുദു ഭാഷ പഠിപ്പിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു. 'പള്ളി ദർസുകളിലും ഉന്നത കോളേജുകളുമായി അഫിലിയേഷൻ ചെയ്യപ്പെട്ട സ്ഥാപനങ്ങളിലും അറബിയോടൊപ്പം ഉർദുവും സുഖമായി പഠിക്കാൻ കഴിയും. കാരണം അതിൻ്റെ വ്യാകരണത്തിൽ 35 ശതമാനം അറബിയോടാണ് കടപ്പെട്ടിരിക്കുന്നത്. 35 ശതമാനം പാർസിയോടും 30% ഇന്ത്യയിലെ ഇതര ഭാഷകളിലേതുമാണ് ഉറുദു വ്യാകരണം. അങ്ങനെ പോകുന്നു ആലിക്കുട്ടി ഉസ്താദിൻ്റെ ഉറുദു ഭാഷാ ലോകം.
ഭാഷാ ലോകം അല്ലല്ലോ, വായനാ ലോകമാണല്ലോ നമ്മുടെ വിഷയം എന്ന് പറഞ്ഞ് അസ്വസ്ഥരാകേണ്ട. അതിലേക്ക് തന്നെയാണ് നാം വരുന്നത്. ഈ ഭാഷകളെല്ലാം അദ്ദേഹം പഠിച്ചതും വശപ്പെടുത്തിയതും അനൗപചാരികമായിട്ടായിരുന്നു എന്നിടത്തു നിന്നാണ് നാം ഭാഷയിൽ നിന്ന് വായനയിലേക്കും തിരിച്ച് വായനയിൽ നിന്ന് ഭാഷയിലേക്കും കടക്കുന്നത്. ഔപചാരിക പഠനത്തിന്റെയും അനൗപചാരിക പഠനത്തിൻറെയും സ്വാധീനം രണ്ട് തരത്തിലും തലത്തിലുമാണ്. ഔപചാരിക വിദ്യാഭ്യാസത്തിൻ്റെ പ്രേരകം പലപ്പോഴും തൻ്റെ ലോകത്തിൻ്റെ ഒപ്പമെത്താനുള്ള ത്വരയും ഭൗതിക നേട്ടങ്ങൾ സ്വായത്തമാക്കാൻ ഉള്ള ലക്ഷ്യവും എല്ലാമായിരിക്കും. പക്ഷേ അനൗപചാരിക വിദ്യാഭ്യാസത്തിൻ്റെ പ്രേരകം സ്വന്തം വ്യക്തിത്വത്തെ വളർത്തുകയും മത്സരാത്മക ശക്തി നേടുകയും ചെയ്യുക എന്നത് മാത്രമായിരിക്കും. അതിനാൽ അനൗപചാരികമായി നേടിയ അറിവുകൾക്കെല്ലാം ഒരു പ്രത്യേക കരുത്ത് സ്വാഭാവികമാണ്. ഉള്ളത് സംരക്ഷിക്കുവാനും സദാ വികസിപ്പിക്കുവാനും ഉള്ള ചിന്ത അതിനോടൊപ്പം ഉണ്ടായിരിക്കും. അനൗപചാരിക വിദ്യാഭ്യാസം ഒരുതരം ഉപാസനയാണ്. ഉപാസന എന്നാൽ താല്പര്യത്തോടെ സ്വയം സമർപ്പിതനായി ചെയ്യുന്ന ഒരു ദിവ്യ കർമ്മമാണ്. ഈ അർത്ഥ പശ്ചാത്തലങ്ങളാണ് അനൗപചാരിക വിദ്യാഭ്യാസമുള്ളവർ പിന്നെയും പിന്നെയും വളർന്നുകൊണ്ടേയിരിക്കുന്നതിന്റെ പിന്നിലുള്ള രഹസ്യം. ഈ തത്വം മനസ്സിലാക്കുമ്പോഴാണ് നാം ശൈഖുൽ ജാമിഅയുടെ ഭാഷാപ്രാവീണ്യത്തിൽ നിന്ന് അദ്ദേഹത്തിൻ്റെ വായനാ ലോകത്ത് കൃത്യമായി എത്തിച്ചേരുക. ഇത്തരം ഒരു ഭാഷാലോകത്ത് എത്തുവാൻ തീർച്ചയായും ആ ഭാഷകളിലുള്ള കൃതികൾ സൂക്ഷ്മതയോടെയും മനസ്സിരുത്തിയും വായിക്കുന്ന സ്വഭാവം ഉണ്ടായിരിക്കാതെ തരമില്ല. അപ്രകാരം തന്നെ സ്വയം പ്രയാസം വഹിച്ചും സഹിച്ചും വായിച്ചു വായിച്ചാണ് അദ്ദേഹം ഭാഷാ ലോകത്ത് വളർന്നിട്ടുണ്ടാവുക. പുതിയകാല പഠനങ്ങളിൽ ഭാഷ പഠിക്കുന്നവരിൽ വായനാശീലം കൂടുതലാകാൻ സാധ്യതയുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കാരണം, ഭാഷയും വായനയും പരസ്പരം ശക്തിപ്പെടുത്തുന്ന കഴിവുകളാണ്. ഒരു പുതിയ ഭാഷ പഠിക്കുമ്പോൾ പുതിയ വാക്കുകൾ, വാക്യഘടന, ആശയങ്ങൾ എന്നിവ മനസ്സിലാക്കാൻ വായന അനിവാര്യമായി വരുന്നു. അതിനാൽ ഭാഷാപഠനം വായനയിലേക്ക് സ്വാഭാവികമായി നയിക്കാം. വായനയാണ് ഭാഷാ പരിജ്ഞാനം വികസിപ്പിക്കുന്ന പ്രധാന മാർഗം. പഠിച്ച ഭാഷ ധൈര്യമായി ഉപയോഗിക്കുവാൻ കൂടുതൽ വാക്കുകളും പ്രയോഗങ്ങളും കയ്യിലുണ്ടാവേണ്ടതുണ്ട്. ഒരേ ഒരു വാക്ക് മാത്രം പഠിച്ച് അത് ഉപയോഗിച്ച് ഒരാൾക്ക് എഴുതുവാനോ രചന നടത്തുവാനോ കഴിയില്ല. ഭാഷാപഠനവും വായനയും തമ്മിൽ വളരെ അടുത്ത ബന്ധമുണ്ടെന്ന് കാണിക്കുന്ന പല തെളിവുകളുമുണ്ട്. 2024-ലെ ഒരു longitudinal പഠനം ജർമനിയിലെ 1,994 സെക്കണ്ടറി വിദ്യാർത്ഥികളെ പിന്തുടർന്നു നടത്തിയ പഠനത്തിൽ സ്കൂളിന് പുറത്തുള്ള വായന കൂടുതലായിരുന്ന വിദ്യാർത്ഥികളിൽ ഭാഷാപരമായ കഴിവുകളിൽ വ്യക്തമായ വർധനവ് കാണുകയുണ്ടായി.
ശൈഖുൽ ജാമിഅയുടെ ജീവിതത്തിൽ തൻ്റെ വായനാ ലോകത്തിൻ്റെ സ്വാധീനം കൃത്യമായി കുറിക്കുന്ന മറ്റൊരു തെളിവ് അദ്ദേഹത്തിൻ്റെ വിഷയാവധരണ ശേഷിയാണ്. പുതിയ കാലത്ത് നമ്മുടെ വേദികളിൽ യുവ പ്രഭാഷകരും വിഷയാവതാരകരും രംഗപ്രവേശനം ചെയ്യുന്നതിന്റെ തൊട്ടുമുമ്പ് ഇപ്പോഴുള്ള എല്ലാ യുവ വിഷയാവതാരകരെയും പ്രതിനിധീകരിച്ചിരിക്കുന്നത് ഒരു ആലിക്കുട്ടി മുസ്‌ലിയാർ മാത്രമായിരുന്നു എന്നതാണ് അത്. സമസ്തയുടെയും സുന്നി യുവജന സംഘത്തിന്റെയും നാളുകൾ നീളുന്ന സമ്മേളനങ്ങളിലെ പ്രധാന വിഷയാവതാരകൻ അദ്ദേഹമായിരുന്നു. അക്കാലത്തെ അദ്ദേഹത്തിൻ്റെ പ്രധാന വിഷയങ്ങൾ മുസ്ലിം ലോകത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്പന്ദനങ്ങൾ ആയിരുന്നു. ഒരുപക്ഷേ ആ തലമുറയ്ക്ക് സ്പെയിനിലെ മുസ്ലിം നല്ല കാലങ്ങളുടെയും പിന്നീടുണ്ടായ ദുരന്തങ്ങളുടെയും നാൾവഴികളും ചരിത്ര കഥകളും കേൾക്കാൻ കഴിഞ്ഞത് അദ്ദേഹത്തിലൂടെയും സെയ്തു മുഹമ്മദ് നിസാമിലൂടെയും ആയിരുന്നു. അൾജീരിയയിലെ അബ്ബാസ് മദനിയുടെ വിപ്ലവം, ഇറാനിലെ ഷാമാർക്കെതിരെയുള്ള വിപ്ലവം, സൗദിയെ അസ്ഥിരപ്പെടുത്തുവാൻ തദ്ദേശീയരായ ചില വിപ്ലവകാരികൾ നടത്തിയ നീക്കങ്ങളുടെ വിവരണങ്ങൾ തുടങ്ങി അദ്ദേഹം അവതരിപ്പിക്കുന്ന വിഷയങ്ങൾ അക്കാലത്തെ സദസ്സുകളുടെ ഹൃദയമിടിപ്പിനെ പിടിച്ചുനിർത്തുന്നവ ആയിരുന്നു. ആ അറിവുകൾ സ്വായത്തമാക്കാൻ അദ്ദേഹം ആഴമുള്ള വായനകളെ തന്നെയാണ് ആശ്രയിച്ചിട്ടുണ്ടാവുക എന്നത് ആർക്കും അനുമാനിക്കാവുന്നതാണ്. ആ വായനാശീലം തികച്ചും ലൈവും ആയിരുന്നു എന്നുവേണം മനസ്സിലാക്കാൻ. കാരണം അവയിൽ ചരിത്രം മാത്രമല്ല വർത്തമാനകാലം കൂടിയുണ്ടായിരുന്നു.
കെ ആലിക്കുട്ടി മുസ്‌ലിയാർ വായനയും ഭാഷയും വശപ്പെടുത്തുന്നതിനും ഒരു കൗതുകമുണ്ട്. അത് അദ്ദേഹത്തിൻ്റെ സതീർഥ്യൻമാർ സ്മരിക്കുന്നുണ്ട്. എഴുപതുകളുടെ തുടക്കത്തിൽ ആയിരുന്നു അത്. അക്കാലത്തെ ഗുരുനാഥന്മാരും നേതൃത്വവും ഏറെ സൂക്ഷ്മത പുലർത്തുന്നവരായിരുന്നു. നാളെ മത ലോകത്തെ നയിക്കാനിരിക്കുന്ന ഇപ്പോഴത്തെ മുതഅല്ലിമുകൾ കണിശമായ ചിട്ടകൾക്ക് വിധേയരായി തന്നെ വളരണം എന്ന ഒരു നല്ല മനസ്സായിരുന്നു അവർക്കുണ്ടായിരുന്നത്. അതിനാൽ മുതഅല്ലിമുകൾ പത്രങ്ങളോ പാക്ഷികങ്ങളോ വായിക്കുന്നതും ശുദ്ധമലയാളം സംസാരിക്കുന്നതു പോലും അവർ ഭീതിയോടെ കാണുമായിരുന്നു. അവരുടെ അത്തരം നിലപാടുകളെ നിരൂപിക്കുന്നവർ പുതിയ തലമുറയിൽ തീർച്ചയായും ഉണ്ട്. അത്തരം നിരൂപണങ്ങളുടെ ശരിയും തെറ്റും ഒന്നും ഇവിടെ പറയുന്നില്ല. പക്ഷേ അത്തരം നിയന്ത്രണങ്ങൾ എല്ലാ അർത്ഥത്തിലും എടുത്തു കളഞ്ഞതോടെ കൂടെ ഉണ്ടായ അനർത്ഥങ്ങൾ നാം അനുഭവിക്കുന്നുണ്ട് എന്നത് ഒരു സത്യം തന്നെയാണ്. അതവിടെ നിൽക്കട്ടെ. ഇത്തരം ഒരു സാഹചര്യത്തിൽ ആയിരുന്നു ആലിക്കുട്ടി ഉസ്താദ് തൻ്റെ വായനാ ലോകം വളർത്തിയെടുക്കുന്നത്. കഠിനമായ നിയന്ത്രണങ്ങൾ അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരുന്നു. യാഥാസ്ഥിക ചിന്ത കൂടുതലുള്ള സ്വന്തം കുടുംബത്തിൽ നിന്നായിരുന്നു അധികവും. ഉസ്താദുമാരുടെ ഭാഗത്തിൽ നിന്നായിരുന്നു ഏറെ തീവ്രമായ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നത്. ഇത് രണ്ടിന് ഇടയിലും അദ്ദേഹം പത്രങ്ങളും മാസികകളും പുതിയ അറിവുകളുടെ സങ്കേതങ്ങളും കണ്ടെത്തുകയും സ്വായത്തമാക്കുകയും തന്നിലേക്ക് ആവാഹിക്കുകയും ചെയ്തു. താൻ വായിക്കുക മാത്രമല്ല അതേ താല്പര്യമുള്ളവർക്ക് അത് നൽകുകയും ചെയ്തു.
ഇവിടെ അദ്ദേഹത്തെ നാം ഗുരുതരമായ അച്ചടക്കരാഹിത്യം പുലർത്തുന്ന ഒരു വിപ്ലവകാരിയായി ഒരിക്കലും കാണുന്നില്ല. അദ്ദേഹത്തിൻ്റെ പഠനങ്ങളുടെയും വായനയുടെയും പ്രത്യേകത അതായിരുന്നു. ഇക്കാലത്ത് തന്നെ പലരും ജാമിഅയിൽ അത്തരം കൃതികൾ വരുത്തിയതിന്റെയും വായിച്ചതിന്റെയും ദുരന്തഫലങ്ങൾ അനുഭവിക്കുമായിരുന്നു. പക്ഷേ ആലിക്കുട്ടി ഉസ്താദ് ഒരിക്കലും തന്റെ വായനാശീലത്തെ ഒരു വിപ്ലവമാക്കിയില്ല. അത് പരമാവധി ഒതുക്കിപ്പിടിച്ചും മറച്ചുപിടിച്ചും അദ്ദേഹം തന്റെ കാര്യം നേടി. ഉസ്താദുമാരുടെയും വീട്ടുകാരുടെയും മുമ്പിൽ അദ്ദേഹം തികഞ്ഞ വിനയാന്വിതനും അച്ചടക്കമുള്ളവനും ആയിരുന്നു. ഒരു സമീപനത്തെ അതിനോടുള്ള എതിർപ്പോടെ തന്നെ മനോഹരമായി ഉൾക്കൊള്ളുക എന്ന ഒരു സവിശേഷത ഇവിടെ നമുക്ക് കാണാൻ കഴിയും. ആത്മാർത്ഥമായ വിപ്ലവങ്ങൾ ഇങ്ങനെയായിരിക്കണം എന്നതുകൂടി അനുബന്ധമായി മനസ്സിലാക്കാം. ഇതേ ചിന്തയിൽ തന്നെ ചേർത്തു നടത്തേണ്ട മറ്റൊരു ചിന്തയാണ് എന്തിനുവേണ്ടിയായിരുന്നു അദ്ദേഹം വായിച്ചിരുന്നത് എന്നത്. അത് പരിശോധിക്കാൻ വേണ്ടി ആ കാലത്തെ സഹപ്രവർത്തകന്മാർ, സംഘടനാ നേതാക്കൾ, സംഘാടകർ തുടങ്ങിയവരുമായി ബന്ധപ്പെട്ടപ്പോൾ അദ്ദേഹം വായിച്ചതെല്ലാം എഴുതാൻ വേണ്ടി ആയിരുന്നില്ല, അല്ലെങ്കിൽ പ്രധാനമായും അതിനു വേണ്ടി ആയിരുന്നില്ല എന്നാണ് മനസ്സിലായത്. തൻ്റെ പേരിൽ തൻ്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുവരാനുള്ള താൽപര്യത്തെക്കാൾ അധികം അദ്ദേഹത്തിനുണ്ടായിരുന്നത് ഭാഷകൾ തൻ്റെ നാവിലും ചിന്തയിലും ശരിയായും വളരുവാനുള്ള ത്വരയായിരുന്നു എന്നാണ്. അതോടൊപ്പം പുതിയ ലോകത്തിന് പകർന്നു കൊടുക്കാനുള്ള നവീകൃത വിജ്ഞാനങ്ങൾ കണ്ടെത്തുക എന്നതുമായിരുന്നു.
ആഴമുള്ള വായനയും അറിവും അനുഭവങ്ങളും മഹാനായ മർഹും ആലിക്കുട്ടി മുസ്‌ലിയാരെ വല്ലാതെ സ്വാധീനിച്ചു എന്നത് അദ്ദേഹത്തിൻ്റെ ജീവിതം കാണിച്ചുതന്ന ഒരു കൗതുകവും അൽഭുതവുമാണ്. വായന അറിവായി പരിണമിച്ചതോടെ അദ്ദേഹത്തിനെ പാരമ്പര്യമായി സിദ്ധമായ അറിവുകൾക്ക് തിളക്കമേറുകയായിരുന്നു. അദ്ദേഹത്തിൻ്റെ അറിവിൽ പാരമ്പര്യവും ആധുനികയും ഒരുപോലെ സമം ചേരുന്നുണ്ടല്ലോ. അതിൽ തന്നെ പരമ്പരാഗത രീതിയിൽ നേടിയതും സ്വയം അധ്വാനിച്ച് വശപ്പെടുത്തിയതും ഉണ്ട്. തൻ്റെ കാലം കണ്ട ഏറ്റവും വലിയ പണ്ഡിത പ്രവരരായ ശംസുൽ ഉലമാ, കോട്ടുമല ഉസ്താദ് തുടങ്ങിയ ഉന്നത ശീർഷരുടെ ശിഷ്യനായിരുന്നു മഹാനവർകൾ. കുഞ്ഞുനാൾ മുതൽ മനസ്സിൽ ജനിച്ചു വളർന്ന ലോകത്തോടൊപ്പം വളരാനുള്ള ത്വരയിൽ നിന്നാണ് ഭൗതിക വിദ്യാഭ്യാസവും ഭാഷകളും സ്വായത്തമാക്കിയത്. ഇങ്ങനെയാണ് രണ്ട് അറിവുകളും അദ്ദേഹത്തിൽ നിറഞ്ഞത്. ഇതുകാരണം അദ്ദേഹത്തിന് എല്ലാ തലമുറകളെയും ഒരുപോലെ അഭിമുഖീകരിക്കാൻ കഴിഞ്ഞു എന്നതാണ് നാം പറഞ്ഞുവരുന്ന കൗതുകം. ഇത് വലിയൊരു അപൂർവതയാണ്. പരമ്പരാഗത അറിവുകൾ മാത്രം നേടിയവർക്ക് ഇതിനു കഴിയണമെന്നില്ല. പണ്ടുകാലങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായി പുതിയ ലോകക്രമത്തിൽ രൂപപ്പെട്ടുവന്ന ഒരു വലിയ സ്വത്വമാണ് തലമുറ എന്ന വിചാരം. ഓരോ തലമുറകളുടെയും സ്വഭാവം താൽപര്യം വികാരങ്ങൾ വിചാരങ്ങൾ ജീവിതശൈലികൾ സമീപനങ്ങൾ തുടങ്ങിയവയെല്ലാം വ്യത്യസ്തമാണ് എന്ന് ആരോ കണ്ടുപിടിച്ചിരിക്കുന്നു. ആ വാദത്തെ തള്ളിക്കളയാൻ നമ്മുടെ അനുഭവ യാഥാർത്ഥ്യങ്ങൾ അനുവദിക്കുന്നില്ല. ഓരോ തലമുറയുടെയും സ്വഭാവം തികച്ചും വ്യത്യസ്തമാണ്. ഈ വീക്ഷണ കോണിൽ നിന്ന് വിലയിരുത്തുമ്പോൾ ഈ അർത്ഥത്തിലുള്ള തൗഫീഖ് ലഭിക്കുവാൻ ഒരാൾക്ക് ഏതാണ്ടെങ്കിലും എല്ലാതരമുറകളെയും പരമാവധി ഉൾക്കൊള്ളാൻ കഴിയുന്ന ജീവിതം നയിക്കാനുള്ള ഭാഗ്യം ലഭിക്കണം. ബഹുമാനപ്പെട്ട ഉസ്താദ് അവർകൾക്ക് അത് കിട്ടി എന്ന് നമുക്ക് കാണാം. 1945 ൽ ബേബി ബൂമേഴ്സ് തലമുറയിൽ ജനിച്ച അദ്ദേഹം 1968-80 എന്ന ജെൻ എക്സിലൂടെയും 1981-96 എന്ന മില്ലേനിയൻസ് ജെൻ വൈ യിലൂടെയും 1997-2012 എന്ന ജെൻ സി യിലൂടെയും കടന്ന് 2013-2025 എന്ന ആൽഫാ തലമുറയും പിന്നിട്ടാണ് സ്വന്തം ജീവിതം അടയാളപ്പെടുത്തിയത്. ഇവിടെ ഒരു തലമുറയിലും അദ്ദേഹത്തിന് മാറി നിൽക്കേണ്ടി വന്നില്ല. തന്ത വൈബ് എന്നു പറഞ്ഞ് ആരും അദ്ദേഹത്തെ മാറ്റിനിർത്തിയില്ല. ഓരോ പ്രായത്തിലും താൻ ശ്രദ്ധേയമായ സ്ഥലത്തും സ്ഥാനത്തും എത്തിപ്പെടുകയായിരുന്നു. ഓരോ തലമുറയോടും സംവദിക്കുവാൻ ആവശ്യമുള്ള അറിവും ഭാഷയും ബന്ധങ്ങളും അദ്ദേഹം സ്വന്തം അധ്വാനത്തിലൂടെ ഉണ്ടാക്കി എന്നതാണ് അതിൻ്റെ കാരണം.
O
Thoughts & Arts
ശൈഖുൽ ജാമിഅയുടെ വായനാലോകം
2026-09-26
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso