Thoughts & Arts
Image

ആരാധനകളുടെ ജീവവികാരമാണ് ഇഹ്സാൻ

2026-09-26

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി അൽ അസ്ഹരി




നബി(സ്വ)യുടെ മുമ്പിൽ ആഗതനായ ജിബ്‌രീൽ മലക്ക് ഇഹ്സാൻ എന്നാൽ എന്താണ് എന്ന് ചോദിച്ച ഒരു സ്വഹീഹായ ഹദീസുണ്ട്. ആ ചോദ്യത്തിന് നബി(സ) പറഞ്ഞ മറുപടി, 'നിങ്ങൾ അല്ലാഹുവിനെ കാണുന്നതുപോലെ ആരാധിക്കലാണ് ഇഹ്സാൻ. നിങ്ങൾ അവനെ കാണുന്നില്ലെന്നാണെങ്കിൽ അവൻ തീർച്ചയായും നിങ്ങളെ ശരിക്കും കാണുന്നുണ്ട്' എന്നായിരുന്നു. വിശ്വാസികളുടെ ഒരു കൂട്ടത്തിനു മുമ്പിൽ വെച്ചായിരുന്നു ഈ രംഗം നടന്നത്. എല്ലാ വിശ്വാസികൾക്കും ഒരു പ്രധാന അറിവും തിരിച്ചറിവും ആകുവാൻ വേണ്ടിയായിരുന്നു ഇത്തരമൊരു അദ്ധ്യാപന രീതി. ഈ സംഭവത്തിൽ നിന്ന് അല്ലാഹുവിൻ്റെ കൺവെട്ടത്ത് എന്നപോലെ ആരാധിക്കുകയും ജീവിക്കുകയും ചെയ്യുക എന്നത് ഇസ്ലാമിക ദർശനത്തിൽ പരമപ്രധാനമാണ് എന്ന് മനസ്സിലാക്കാം. മാത്രമല്ല, 'നിങ്ങൾക്ക് നിങ്ങളുടെ ദീൻ എന്താണ് എന്ന് പഠിപ്പിച്ചുതരാൻ വേണ്ടി അല്ലാഹു നിയോഗിച്ച ജിബ്രീൽ എന്ന മാലാഖയാണ് ഇപ്പോൾ ഇവിടെ മനുഷ്യരൂപത്തിൽ വന്നത്' എന്നാണ് നബി(സ) തങ്ങൾ പറഞ്ഞത്. അതോടെ ഇത് ദീനിന്റെ അടിസ്ഥാന ഘടകങ്ങളെ ഒന്നുതന്നെയാണ് എന്ന് വന്നു. ഒന്നുകൂടി സംഗ്രഹിച്ചു പറഞ്ഞാൽ ഇസ്ലാമിക ദർശനത്തിലെ ഈമാൻ എന്ന വിശ്വസിക്കാനുള്ള കാര്യങ്ങളും ഇസ്ലാം എന്ന ചെയ്യാനുള്ള കാര്യങ്ങളും വിശ്വസിക്കേണ്ടതും ചെയ്യേണ്ടതുമായ ശൈലിയാണ് ഇഹ്സാൻ. അഥവാ അവയെ അവയാക്കുന്ന ഘടകം. അതില്ലെങ്കിൽ ഈമാനും ഇസ്ലാമും പൂർണ്ണമാവില്ല. ഇവയിൽ ഏതെങ്കിലും ഒന്നിനെ മാത്രമോ രണ്ടെണ്ണത്തെ മാത്രമോ ദീൻ എന്ന് വിളിക്കാനോ വ്യവഹരിക്കാനോ പറ്റുകയില്ല എന്നത് ഇതിൽനിന്ന് മനസ്സിലാക്കാം. ഇതിൻ്റെ വിലയും പ്രാധാന്യവും ശരിക്കും മനസ്സിലാകാൻ ഏതെങ്കിലും ഒരു ആരാധനയിലേക്ക് ഇഹ്സാൻ ചേർത്ത് നോക്കിയാൽ മാത്രം മതിയാകും. ഉദാഹരണമായി, നാം നിസ്കരിക്കുമ്പോൾ അത് വെറും ഒരു ശാരീരികമോ ശബ്ദ പരമോ ആയ ഒരു പണി മാത്രം ആയതുകൊണ്ട് ഒരു കാര്യവുമില്ല. വെറും ഒരു അഭിനയം പോലെ മാത്രമേ അത് അനുഭവപ്പെടൂ. അതേസമയം നാം സാക്ഷാൽ സൃഷ്ടാവിന്റെ മുൻപിൽ പഞ്ച പുച്ഛമടക്കി അവൻ്റെ അടിമത്വം ഉൾക്കൊണ്ടുകൊണ്ട് വിനീതനും വിധേയനും ആയി നിൽക്കുകയാണ് എന്നും അവനു മുമ്പിൽ തന്നെത്തന്നെ സമർപ്പിക്കുകയാണ് എന്നുമുള്ള ഒരു വിചാരവും വികാരവും ഉണ്ടാവണമെങ്കിൽ അതിന് നേരത്തെ പറഞ്ഞ ഇഹ്സാൻ എന്ന ചേരുവ തന്നെ നിസ്കാരത്തിൽ ചേർക്കണം.


ഇസ്ലാമിലെ നോമ്പ് കേവലം ഒരു പട്ടിണിയല്ല. അത് അടിസ്ഥാനപരമായി ഒരു ആരോഗ്യ പ്രതിരോധ പ്രവർത്തനവുമല്ല. അതൊരു വലിയ അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന സമർപ്പണമാണ്. ഒരു മനുഷ്യൻ അവൻ്റെ വികാരവിചാരങ്ങളെ തൻ്റെ സൃഷ്ടാവിന് സമർപ്പിക്കുകയാണ്. വികാരവിചാരങ്ങൾ എന്നാൽ ചെറുതല്ല. അത് മനുഷ്യൻ്റെ ജീവിതചലനങ്ങളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ശക്തിയാണ്. നോമ്പിൻ്റെ വിശപ്പും ദാഹവും വലിയ സുഖം പകരുന്ന ഒരു ആത്മീയ അനുഭൂതിയാണ്. കാലം മുഴുവനും നോമ്പ് ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ച, നോമ്പ് നോൽക്കാൻ പാടില്ല എന്ന് ഇസ്ലാം വിധിച്ച ദിവസങ്ങൾ അല്ലാത്ത ദിവസങ്ങൾ മുഴുവനും നോമ്പ് അനുഷ്ഠിച്ച ധാരാളം ശ്രേഷ്ഠരെ ഇസ്ലാമിക ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അവിടെയെല്ലാം നാം കാണുന്ന ആത്മീയ കൗതുകങ്ങൾ നോമ്പ് എന്ന ആരാധനയിൽ ഇഹ്സാൻ എന്ന ചേരുവ ചേരുംപടി ചേർന്നതിന്റെ അനന്തരഫലമാണ്. സക്കാത്ത് എന്നത് ഇസ്ലാമിൽ ഒരാളുടെ കയ്യിൽ അമിതമായി ഉള്ള സ്വത്തിന്റെ രണ്ടര ശതമാനം പാവപ്പെട്ടവർക്ക് നൽകി അവരുടെ വിഷമങ്ങൾക്ക് ഒരാശ്വാസം പകരുകയോ മറ്റുള്ളവരുടെ മുമ്പിൽ ഒരാളെ ഉദാരനാക്കി ചിത്രീകരിക്കുകയോ ചെയ്യാനുള്ളതല്ല. മറിച്ച് അത് നൽകുമ്പോൾ വിശ്വാസി ശരിക്കും ഉൾക്കൊള്ളുന്ന ഉൾക്കൊള്ളേണ്ട ഒരു മഹാ ഉദാരതയുടെ വികാരം ഉണ്ട്. അത് കാരുണ്യവാനായ അല്ലാഹു തന്നെ തന്നോട് കാണിച്ച സാമ്പത്തിക കടാക്ഷം മുതൽ തുടങ്ങുകയും അവനോടുള്ള നന്ദി എന്ന വികാരത്തിനോടൊപ്പം സഞ്ചരിച്ച് എല്ലാവർക്കും ഉള്ള നന്മ കാംക്ഷിക്കുക എന്ന ചിന്തയിലേക്ക് കൈപിടിച്ചു നടത്തുകയും ചെയ്യുന്നു. അത് അങ്ങനെയായി തീരണമെങ്കിൽ ഇഹ്സാൻ ചേരുക തന്നെ വേണം. ഇങ്ങനെ നമുക്ക് ഇസ്ലാമിൻ്റെ എല്ലാ ആരാധനകളെയും വിവരിക്കാവുന്നതാണ്.


ഇനി ആരാധനകളിൽ നിന്ന് ജീവിത സ്വഭാവങ്ങളിലേക്കും സമീപനങ്ങളിലേക്കും കടന്നാൽ അവിടെയും ഇസ്‌ലാം നടത്തുന്ന പ്രവർത്തനം മനുഷ്യൻ്റെ ചലനങ്ങളിലും ചിന്തകളിലും ഇഹ്സാൻ ചേർക്കുക എന്നതുതന്നെയാണ് എന്നു കാണാം. ഒരാളോട് സലാം പറയുമ്പോൾ ഒരു വിശ്വാസി ഒരു വലിയ ഹൃദയ വിശാലത പ്രകടിപ്പിക്കുകയാണ്. ഒരാളെ ഉപദേശിക്കുമ്പോഴും സഹായിക്കുമ്പോഴും ഒരാൾ സഹജീവിയുടെ നന്മ എന്ന ഗുണകാംക്ഷ പുലർത്തുകയാണ്. മറ്റൊരാളെ ചീത്ത പറയരുത്, ഏഷണിയും ഭീഷണിയും നടത്തരുത്, കുറ്റാരോപണം ഉന്നയിക്കരുത്, അപവാദം പറയരുത് തുടങ്ങിയ നിർദേശങ്ങളുടെ എല്ലാം അർത്ഥം എല്ലാ സഹജീവിയെയും സഹോദരനായി കാണുക എന്നതാണ്. അതിന് സമീപനങ്ങളിൽ ഇഹ്സാൻ എന്ന ചേരുവ ചേരുകയാണ് വേണ്ടത്. ഇങ്ങനെ ജീവിത ദർശനത്തിന്റെ സർവ്വ തലസ്പർശിയായ ഒരു ഘടകമായി ഇഹ്സാൻ മാറണം എന്നാണ് ഇസ്ലാം മൊത്തത്തിൽ അഭിലക്ഷിക്കുന്നത്. അഭിനയം എന്ന തലത്തിലേക്ക് വീഴാതെ ആത്മാർത്ഥമായ ആത്മീയ വികാരം എന്ന തരത്തിലേക്ക് വിശ്വാസിയുടെ കർമ്മങ്ങളെ കൈപിടിച്ച് ഉയർത്തുന്നത് ഇഹ്‌സാനാണ്. ഇഹ്സാൻ ഇസ്ലാമിക വ്യവഹാരത്തിൽ പല കാലങ്ങളിലും പല പേരുകളിലായി വ്യവഹരിക്കപ്പെട്ടിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണ്. ആത്മീയത, തസ്കിയത്ത്, തസ്വവ്വുഫ്, സൂഫിസം, ഇസ്ലാമിക് മിസ്റ്റിസം തുടങ്ങിയതെല്ലാം അതിൻ്റെ വിവിധ പേരുകളോ ആശയ തലങ്ങളോ ആണ്. നമ്മുടെ വിവരണം ഈ ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ചിലരുടെ നെറ്റികളിൽ ചുളിവ് വീഴുന്നത്. ഇത്തരത്തിലുള്ള ആത്മീയ ഭാവങ്ങൾ ചിലർ നിരാകരിക്കുന്നു. ഒരു പട്ടിക നോക്കിയെന്നോണം അവർ കർമ്മങ്ങളിലും മറ്റും ഒതുങ്ങുന്നു. അതിനെ ഒരു ആത്മീയ ഊർജ്ജമാക്കി മാറ്റുവാൻ ഭയപ്പെടുകയോ മനപ്പൂർവ്വം ശ്രമിക്കാതിരിക്കുകയോ ചെയ്യുന്നു. അതിന് അവർ പറയുന്ന ന്യായങ്ങളിൽ ഓരോന്നിനും മറുപടി പറയുന്നില്ല. അത് വലിയ ഒരു ആശയത്തിന്റെ ഭാഗമാണ് എന്നത് ചിന്തിച്ചാൽ നമുക്ക് മനസ്സിലാക്കാൻ കഴിയും എന്നേ പറയുന്നുള്ളൂ. ഏറ്റവും കുറഞ്ഞത് ഒരു കർമ്മത്തെ വൈകാരികമായ ഒരു തലമാക്കി ഉയർത്തുന്നതെങ്കിലും ഈ ഇഹ്‌സാൻ മുതൽ ആത്മീയത വരെയുള്ള ഘടകങ്ങൾ തന്നെയാണ്.


എന്നാൽ പിന്നെ നബിയുടെ കാലത്ത് ഉണ്ടായിരുന്നോ, സഹാബിമാരുടെ കാലത്ത് ഉണ്ടായിരുന്നോ എന്നൊക്കെ പലതിലും ചോദിക്കും പോലെ ചോദിക്കുന്നവരും ഉണ്ട്. വിനീതമായി പറഞ്ഞാൽ അവരുടെ പ്രശ്നം നബിയുടെയും സഹാബത്തിന്റെയും കാലം അവർക്ക് മനസ്സിലായിട്ടില്ല എന്നതാണ്. ആ കാലങ്ങളെല്ലാം ഏറ്റവും ഉന്നതമായ മതവികാരങ്ങൾ ഉയർന്നു നിൽക്കുന്ന കാലങ്ങളായിരുന്നു. ഇന്നത്തേത് പോലെ എല്ലാം ഒപ്പിച്ചെടുക്കുകയോ ചുട്ടെടുക്കുകയോ ചെയ്യുന്ന കാലമായിരുന്നില്ല. അതുകൊണ്ട് അക്കാലങ്ങളുടെ ആത്മീയതയെയോ രാഷ്ട്രീയത്തെയോ സാമ്പത്തിക കൊള്ളക്കൊടുക്കകളെയോ ഒന്നും ഓരോന്നായി വേർതിരിച്ച് ഓരോ കള്ളികളിൽ മാറ്റിയെഴുതേണ്ട സാഹചര്യമില്ല. എന്നാൽ എല്ലാ കാലവും അങ്ങനെ ആവില്ല. അത് നബി തിരുമേനി തങ്ങൾ തന്നെ തുറന്നു പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും ഉന്നതമായത് എൻറെ കാലമാണ് പിന്നെ തുടർന്നുവരുന്ന കാലങ്ങളാണ് എന്ന് പറഞ്ഞതിൽ നിന്ന് അത് മനസ്സിലാക്കിയെടുക്കാം. അതായത് നബി തിരുമേനിയുടെയോ സ്വഹാബിമാരുടെയോ കാലത്തുണ്ടായിരുന്ന, ഒന്നും വേർതിരിച്ച് എടുക്കേണ്ടതില്ലാത്ത വിധം എല്ലാം സമം ചേർന്ന് തെളിഞ്ഞു നിൽക്കുന്ന ഒരു കാലം പിന്നെ വരില്ല. അങ്ങനെയുള്ള പിൽകാലങ്ങളിൽ സമുദായം ഏതെല്ലാമാണ് അനിവാര്യവും അനുപേക്ഷണീയവുമായ വിശ്വാസത്തിൻ്റെ ഘടകങ്ങൾ എന്ന് തിരിച്ചറിയുകയും അവ ഓരോന്നും കൃത്യമായി നേടിയെടുത്ത ജീവിതത്തിലേക്ക് ആവാഹിച്ചെടുക്കുകയും ചെയ്യുകയാണ് വേണ്ടത്. ഈ ഒരു വസ്തുതയാണ് ലോകത്ത് ഏതാണ്ട് രണ്ടാം ഹിജ്റ നൂറ്റാണ്ട് മുതൽ ഇന്നുവരെ ആത്മീയതയുടെ ഒരു പ്രത്യേക ലോകം ഉണ്ടായതിൻ്റെയും വളർന്ന് വികസിച്ച് നിലനിന്ന് മുന്നോട്ട് പോകുന്നതിൻ്റെയും എല്ലാം പിന്നിലുള്ള ന്യായവും പ്രേരകവും. മതത്തിൻ്റെ ദർശനങ്ങളെ ഒരു മഹാ ആത്മീയ വികാരമായി പരിവർത്തിപ്പിക്കാനുള്ള ചേരുവയാണ് ഇഹ്സാൻ എന്നും അത് അവഗണിക്കപ്പെടുന്ന തോടുകൂടി മതം വെറും ഒരു അഭിനയമായി മാറും എന്നും ചുരുക്കം.


ഈ വസ്തുതകൾ കൃത്യമായി വരച്ചുതരുന്ന ഒന്നാണ് ശൈഖ് ജീലാനിയുടെ ജീവിതം. ഹിജ്റ അഞ്ചാം നൂറ്റാണ്ട് ആകുമ്പോഴേക്കും ഇസ്ലാമിക ലോകം അധികാരത്തിനും സ്ഥാനമാനങ്ങൾക്കും പുറകെ കുതിച്ചു പായുന്ന നേതൃത്വവും അതിനനുസരിച്ച് ആത്മീയത ചോർന്നുപോയ സമുദായവും എല്ലാമായി മാറിക്കഴിഞ്ഞു. അവർക്ക് ശക്തി ചോർന്നുപോയി. അഞ്ചാം നൂറ്റാണ്ടിൻ്റെ ആ അധപ്പതനത്തിന്റെ അവസാന രംഗം വിശുദ്ധ ഖുദ്സിന്റെ കൈമോശം ആയിരുന്നു. ആർക്കും കയറി നിരങ്ങാവുന്ന വിധത്തിൽ ആത്മീയത ചോർന്ന ഒരാൾക്കൂട്ടമായി ആ കാലം മാറിയിരുന്നു. ആ കാലത്തിലേക്കാണ് ആദ്യം ഇമാം ഗസ്സാലിയും തുടർന്ന് ഇമാം ജീലാനിയും കടന്നുവന്നത്. അതോടെ അറിവും ആത്മീയതയും സമം ചേരുകയായിരുന്നു. അറിവില്ലാത്ത ആത്മീയത അപകടകാരിയാണല്ലോ. ഒരു വലിയ വിപ്ലവമായിരുന്നു പിന്നെ. ലക്ഷക്കണക്കിന് മുസ്ലിംകളെ സമുദ്ധരിച്ച് അവരിൽ ഇഹ്സാൻ എന്ന ആത്മീയ വികാരം ഉണർത്തി എന്നതാണ് ജീലാനി തങ്ങൾ നിർവഹിച്ച ദൗത്യം. അത് സമുദായത്തിന് ജീവൻ പകർന്നു. അതിൻറെ ഉദാഹരണമായിരുന്നു നൂറുദ്ദീൻ സങ്കിയും ഖുത്ത്സും സ്വലാഹുദ്ദീൻ അയ്യൂബിയും എല്ലാം. അതോടെ ഉണർന്നെഴുന്നേറ്റ സമുദായം കൊതുസ് തിരിച്ചുപിടിച്ചുകൊണ്ട് ലോകത്ത് ആത്മീയതയുടെ ഒരു പുതിയ അധ്യായം തുറന്നു വെച്ചു. അത് ഇപ്പോഴും സാരോഗ്യം നിലനിൽക്കുന്നു. ആത്മീയതയുടെ ആ ഭാഗത്തിന് രോഗം ബാധിച്ചാലും ക്ഷയം നേരിട്ടാലും അതിന് വില നൽകേണ്ടി വരിക മൊത്തം സമുദായമായിരിക്കും. അതിനാൽ ആത്മീയത കൈമോശം വരാതെ വിശ്വാസികൾ ജാഗ്രത കാണിക്കണം.
0











0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso