Thoughts & Arts
Image

വഹ്ശിയുടെ ജീവിതം പഠിപ്പിച്ച അഞ്ച് കാര്യങ്ങൾ

2025-05-01

Web Design

15 Comments




മുഹമ്മദ് തയ്യിൽ നിസാമി


അബൂ സുഫ്‌യാൻ ബിൻ ഹർബിന്റെയും ഹിന്ദ് ബിൻത് ഉത്ബയുടെയും അടിമയായിരുന്നു വഹ്‌ഷി ഇബ്‌നു ഹർബ് (റ). മക്കായിലെ നൂറുകണക്കിന് ആഫ്രിക്കൻ അടിമകളിൽ ഒരാൾ. ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാകും അദ്ദേഹം ഒരു അന്തർമുഖൻ ആയിരുന്നു എന്ന്. അന്തർമുഖൻമാർ ആഴമുള്ള ആലോചനകളിൽ ആയിരിക്കും എപ്പോഴും. വഹ്ഷിയും അങ്ങനെ തന്നെയായിരുന്നു. അദ്ദേഹം ആഴത്തിൽ ആലോചിച്ചിരുന്നത് എന്താണ് എന്നതും വ്യക്തമായിരുന്നു. മക്കയിൽ ജനിക്കുകയും വളരുകയും ചെയ്ത അയാൾക്ക് അയാൾ അനുഭവിക്കുന്ന വേദനകൾ മോഹങ്ങൾ എല്ലാം ശരിക്കും അറിയാമായിരുന്നു. അദ്ദേഹത്തിൻ്റെ വേദനയും നിരാശയും എല്ലാം അടിമത്വം തന്നെയാണ്. ഒന്നിനും അർഹതയില്ല. ഒന്നിനും സ്വാതന്ത്ര്യവും ഇല്ല. എത്ര കഷ്ടപ്പെട്ടാലും ഒരു നല്ല വാക്ക് ആരിൽ നിന്നും കേൾക്കുകയില്ല. എന്ത് മഹത്തരമായ കാര്യം ചെയ്താലും ജനങ്ങൾ അത് ഒരു അടിമയാണ് ചെയ്തത് എന്ന് കേൾക്കുന്നതോടു കൂടെ നിശബ്ദരാകും. പിന്നെ ഒന്നും അവർക്ക് പറയാനുണ്ടാവില്ല. ഉണ്ടെങ്കിലും അവർ പറയില്ല. അതുകൊണ്ട് എങ്ങനെയെങ്കിലും അടിമത്വത്തിന്റെ കയറുകൾ അഴിച്ചിടണം. അതു മാത്രമായിരുന്നു അയാളുടെ ചിന്ത. അയാളുടെ രാവുകളും പകലുകളും ആ ചിന്തയിൽ മുങ്ങി കിടക്കുകയായിരുന്നു. പക്ഷേ ഒരു അടിമയുടെ മുമ്പിൽ മോചനം എന്ന സ്വാതന്ത്ര്യത്തിലേക്ക് നടന്നു കയറുവാൻ നിരവധി പ്രതിബന്ധങ്ങൾ ഉണ്ടായിരുന്നു. അവയിൽ ഒന്ന് ഉടമ അത് അനുവദിക്കണം എന്നതാണ്. രണ്ടാമത്തേത്, പകരം ചോദിക്കുന്നത് കൊടുക്കാൻ അടിമയ്ക്ക് കഴിയണം എന്നതുമാണ്. അത് രണ്ടിനും തൽക്കാലം തൻ്റെ മുമ്പിൽ മാർഗ്ഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടും തനിക്ക് അപ്രാപ്യങ്ങൾ ആയിരുന്നു. ഈ ചിന്താഭാരവും ആയിട്ടായിരുന്നു നടന്നിരുന്നത്.


അങ്ങനെയിരിക്കെ അദ്ദേഹത്തിൻ്റെ മുമ്പിൽ ഭാഗ്യം കടന്നുവന്നു. ബദർ യുദ്ധം കഴിഞ്ഞ ഉടനെ ആയിരുന്നു അത്. ബദർ യുദ്ധത്തിൽ മക്കക്കാർ ദയനീയമായി തോറ്റു. മക്കയുടെ ഒന്നാംതരം നേതാക്കന്മാർ എല്ലാവരും കൊല്ലപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തു. വലിയ മാനക്കേടിൽ ആയിരുന്നു അവർ. പട്ടാപ്പകൽ മക്കയിലേക്ക് തിരിച്ചു വരാൻ പോലും അവർ മാനക്കേട് ഓർത്ത് മടിച്ചു നിന്നു. എല്ലാവരുടെ മനസ്സിലും പ്രതികാരം ചെയ്യുക എന്ന വികാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരുടെ കൂട്ടത്തിൽ ഏറ്റവും വാശി ഉണ്ടായിരുന്ന ഒരാളായിരുന്നു വഹ്ശിയുടെ ഉടമ അബൂ സഫിയാന്റെ ഭാര്യ ഹിന്ദ് ബിന്ത് ഉതുബ. അവരുടെ പിതാവിന്റെയും സഹോദരന്റെയും നഷ്ടം അവർക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. രണ്ടുപേരും ബദർ യുദ്ധത്തിൽ ദയനീയമായി കൊല്ലപ്പെട്ടിരുന്നു. അതിനു പ്രതികാരം ചോദിക്കുക എന്ന ചിന്ത മാത്രമായിരുന്നു ഹിന്തിന് ഉണ്ടായിരുന്നത്. അതിനുള്ള മാർഗങ്ങളെക്കുറിച്ച് സജീവമായി ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹിന്ദിന് ഒരു ആശയം തോന്നിയത്. അവരുടെ ശ്രദ്ധയിൽ എപ്പോഴോ തൻ്റെ അടിമ വഹ്ഷി തെളിഞ്ഞു. അവൻ്റെ ചാട്ടുളി പ്രയോഗത്തിലെ മിടുക്ക് അവർ ആലോചിച്ചു. മക്കയിലെ എല്ലാ വില്ലാളിവീരന്മാരും സമ്മതിച്ചു കൊടുത്ത കഴിവായിരുന്നു അത്. വഹ്ശി ചാട്ടുളി എറിഞ്ഞാൽ അത് ഒരിക്കലും പിഴക്കുമായിരുന്നില്ല. ഒപ്പം തന്നെ വാശിയുടെ മനസ്സിൻ്റെ താൽപര്യങ്ങളും ഹിന്ദ് ആലോചിച്ചു. പിന്നെ ഒട്ടും വൈകിയില്ല, ബദർ യുദ്ധത്തിൽ ഏറ്റ മാനഹാനിക്ക് പകരം ചോദിക്കാനായി മക്കക്കാർ തൻ്റെ ഭർത്താവിൻ്റെ നേതൃത്വത്തിൽ ഉഹദിലേക്ക് ഇറങ്ങും മുമ്പ് അവർ വഹ്ശിയെ വിളിച്ചു: 'വഹ്ശീ, നീ ചാട്ടുളിയെറിഞ്ഞ് മുഹമ്മദിൻ്റെ പിതൃവ്യൻ ഹംസയെ കൊന്നാൽ നിന്നെ ഞാൻ പട്ടുടുപ്പിക്കും സ്വതന്ത്രനാക്കും' ഹിന്ദ് പറഞ്ഞു.


വഹ്ശിയുടെ മനസ്സ് നിറഞ്ഞു, തെളിഞ്ഞു. മറ്റൊന്നും ആലോചിക്കുവാൻ അയാൾക്ക് താല്പര്യമുണ്ടായിരുന്നില്ല. എന്താണ് ഞാൻ ചെയ്യുന്നത് എന്നോ, എന്തിനാണ് അത് ചെയ്യുന്നത് എന്നോ, അത് ചെയ്യുന്നത് ധാർമികമായി ശരിയാണോ എന്നോ ഒന്നും ചിന്തിക്കുവാൻ അയാൾ മെനക്കെട്ടില്ല. അയാളുടെ ജീവിതത്തിനു മുമ്പിൽ ഒരു ലക്ഷ്യം മാത്രമേ ഉള്ളൂ. എങ്ങനെയെങ്കിലും അടിമത്വത്തിന്റെ ചങ്ങലകൾ അഴിച്ചിടുക എന്ന ലക്ഷ്യം. വഹ്ശി ഉഹദിലേക്ക് പുറപ്പെട്ടു. എന്താണ് ഈ യുദ്ധം എന്നോ ഒന്നും അയാൾ ചിന്തിച്ചില്ല. തൻ്റെ ദൗത്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. അതിനുവേണ്ടി പാത്തും പതുങ്ങിയും നിന്നു. ഒരിടത്ത് മറഞ്ഞായിരുന്നു നിന്നത്. ഹംസ (റ)യെ ചതിയിൽ കൊല്ലാനാണ് പരിപാടി. ചതിയിലല്ലാതെ ഹംസ(റ)യെ കൊല്ലാൻ ആർക്കും കഴിയുമായിരുന്നില്ല. ഇടയ്ക്ക് എപ്പോഴോ ഹംസ(റ) വഹ്ശിയുടെ അടുത്തുകൂടെ കടന്നുവന്നു. അവസരം അയാൾ ഉപയോഗപ്പെടുത്തി. തൻ്റെ ഏറ് പതിവുപോലെ ഒട്ടും പിഴച്ചില്ല. അദ്ദേഹം തന്റെ ദൗത്യം നിർവഹിച്ചു. പിന്നെ അദ്ദേഹം അവിടെ നിന്നതും ഇല്ല. മോചനത്തിലേക്ക് അയാൾ തുള്ളിച്ചാടി കടന്നുപോയി. നബി(സ) ഹംസ(റ)യുടെ വിയോഗത്തിൽ വളരെയധികം ദുഃഖിതനായി. മുസ്ലിം സമുദായം ഞെട്ടിത്തരിച്ചു നിന്നുപോയി. ഹംസ(റ) അവർക്കെല്ലാം അത്രയും വലിയ ആളായിരുന്നു. ഇസ്ലാമിൻ്റെ നെടുംതൂണായിരുന്നു. വഹ്ശിക്ക് പിന്നെ എപ്പോഴും പേടിയായിരുന്നു. ആരെങ്കിലും തന്നെ കൊന്നു കളയുമോ, പ്രതികാരം ചെയ്യുമോ എന്ന പേടി. വർഷങ്ങൾക്ക് ശേഷം ഇസ്‌ലാം ശക്തി പ്രാപിച്ചപ്പോൾ, വഹ്ഷിയുടെ പേടി ഇരട്ടിയായി. തന്റെ ജീവനെ ഭയപ്പെട്ടു. ഒരിടത്തും നിൽക്കാൻ മനസ്സ് അനുവദിക്കാത്ത അസ്വസ്ഥതയും പേടിയും. അവസാനം വഹ്ശി അലഞ്ഞു തിരിയാൻ തുടങ്ങി.


നബി(സ) അതെല്ലാം അറിയുന്നുണ്ടായിരുന്നു. നബി(സ) ഒരു ദൂതനെ അയച്ച് വഹ്ശിയെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. വഹ്ശിക്ക് ആക്ഷണം മനസ്സിൽ നിറച്ചത് ഒരു സന്ദേഹം ആയിരുന്നു. ഒരു ​​കൊലപാതകിയും, മുശ്‌രിക്കും, വ്യഭിചാരിയും ഗുരുതരമായ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന ഒരാളെ എങ്ങനെ നബിക്ക് ഇസ്ലാമിലേക്ക് ക്ഷണിക്കാൻ കഴിയുന്നു? എന്ന സന്ദേഹം. അത് അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. അതിന് നബി തങ്ങൾ ഇസ്ലാമിന്റെ മഹാ ആശയം മറുപടിയായി നൽകി. ആത്മാർത്ഥമായ പശ്ചാത്താപം എല്ലാ പാപത്തെയും ഇല്ലാതെയാക്കുന്നു എന്ന മഹാ സിദ്ധാന്തം. ഒപ്പം അല്ലാഹുവിൻ്റെ വചനം ഓതി കേൾപ്പിക്കുകയും ചെയ്തു: “(ആത്മാർത്ഥമായി) പശ്ചാത്തപിക്കുകയും, വിശ്വാസം സ്വീകരിക്കുകയും, സൽകർമ്മങ്ങൾ ചെയ്യുകയും ചെയ്യുന്നവരെ ഒഴികെ. അത്തരം ആളുകളുടെ പാപങ്ങളെ അല്ലാഹു സൽകർമ്മങ്ങളാക്കി മാറ്റും. അല്ലാഹു ഏറ്റവും പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു” (ഖുർആൻ, 25:70). അതു കേട്ടപ്പോൾ വീണ്ടും വഹ്ശിക്ക് സന്ദേഹം. വഹ്ശി പറഞ്ഞു: “നബിയേ, ഈ ആയത്തിലെ നിബന്ധന വിട്ടുവീഴ്ചയില്ലാത്തതാണ്. എനിക്ക് അത് നിറവേറ്റാൻ അവസരം ലഭിച്ചില്ലെങ്കിൽ എന്തുചെയ്യും?” നബി(സ) മറുപടി പറഞ്ഞു: “തീർച്ചയായും അല്ലാഹു ശിർക്ക് പൊറുക്കില്ല, എന്നാൽ ഇതൊഴിച്ചുള്ള എല്ലാ (പാപങ്ങളും) അവൻ ഉദ്ദേശിക്കുന്നവർക്ക് പൊറുത്തുകൊടുക്കും” (ഖുർആൻ, 4:48).


വഹ്ശി അപ്പോൾ ആലോചിച്ചു. ഈ പാപമോചനം അല്ലാഹുവിന്റെ ഇഷ്ടത്തെ ആശ്രയിച്ചിരിക്കുന്നു. എന്നോട് പൊറുക്കപ്പെടുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എനിക്ക് മറ്റെന്തെങ്കിലും സാധ്യതയുണ്ടോ?” അതിനു നബി(സ) വിശുദ്ധ ഖുർആൻ കൊണ്ട് തന്നെ മറുപടി പറഞ്ഞു, “പറയുക, സ്വന്തം ആത്മാക്കളോട് അക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തിൽ ഒരിക്കലും നിരാശപ്പെടരുത്. തീർച്ചയായും, അല്ലാഹു എല്ലാ പാപങ്ങളും പൊറുക്കുന്നു. സംശയമില്ല, അവൻ ഏറ്റവും പൊറുക്കുന്നവനും കരുണാനിധിയുമാണ്” (ഖുർആൻ 39:53). ഈ ആയത്ത് കേട്ടപ്പോൾ വഹ്ശിയുടെ എല്ലാ സന്ദേഹങ്ങളും വിട്ടകന്നു. വഹ്ശി(റ) ഇസ്ലാം സ്വീകരിച്ചു. (തബറാനി). അപ്പോൾ തന്നെ മനസ്സാ അദ്ദേഹം ഒരു തീരുമാനമെടുത്തിരുന്നു. ഇസ്ലാമിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളെ ഞാൻ വധിച്ചതിന്റെ മാനസികമായ പാപത്തിനുള്ള പരിഹാരം എന്ന നിലക്ക് ഇസ്ലാം ഏറെ വെറുക്കുന്ന ഒരാളെ ഇസ്ലാമിന് വേണ്ടി വധിച്ചു ഞാൻ പ്രായശ്ചിത്തം ചെയ്യും എന്ന്. പിന്നെ അതു മാത്രമായിരുന്നു അദ്ദേഹത്തിൻ്റെ ജീവിത ലക്ഷ്യം തന്നെ. അതിനുള്ള ഏറ്റവും നല്ല അവസരവും കാത്ത് അദ്ദേഹം ജീവിച്ചു.


അതിനിടയിൽ നബി (സ) തങ്ങൾ വഫാത്തായി. അബൂബക്കർ(റ) ഒന്നാം ഖലീഫയായി. നബിയുടെ മരണത്തോടെ അറേബ്യ ചില വിചിത്രമായ സ്വഭാവങ്ങൾ കാണിക്കാൻ തുടങ്ങി. ഇസ്ലാമിൽ നിന്ന് പിൻവലിയുക എന്നതായിരുന്നു അത്. അതിന് ആദ്യം കാരണമായത് സക്കാത്ത് ആയിരുന്നു. സക്കാത്ത് എന്ന സാമ്പത്തിക ബാധ്യത നബിയുടെ കാലത്ത് നബിയുടെ കയ്യിൽ മാത്രം നൽകാനുള്ളതാണ് എന്ന് ചിലർ വാദിച്ചു. അതോടൊപ്പം ഉണ്ടായ മറ്റൊന്നായിരുന്നു വ്യാജ പ്രവാചകന്മാരുടെ രംഗപ്രവേശനം. രണ്ടും വലിയ അസ്വസ്ഥത തന്നെ ഇസ്ലാമിനും ഖലീഫക്കും മുമ്പിൽ ഉണ്ടാക്കി. പക്ഷേ അബൂബക്കർ(റ) ധീരമായി ഉറച്ചുനിന്നു. കാര്യങ്ങളിൽ അണു ഇട വിട്ടുവീഴ്ച വരുത്തുന്നത് അനുവദിക്കില്ല എന്ന് അദ്ദേഹം തീർത്തു പറഞ്ഞു. അതോടെ ഇസ്ലാമിൽ നിന്ന് തെറിച്ചുപോയവർക്ക് നേരെ നിരവധി സൈനിക നീക്കങ്ങൾ വേണ്ടിവന്നു. അക്കൂട്ടത്തിലെ ഏറ്റവും വലിയ തലവേദന മുസൈലിമത്തുൽ കദ്ദാബ് എന്ന വ്യാജ പ്രവാചകൻടേതായിരുന്നു. പ്രവാചകനായി ഇറങ്ങിയ അയാൾ വിവിധങ്ങളായ മാർഗങ്ങളിലൂടെ ഒരുപാട് അനുയായികളെ സ്വന്തമാക്കിയിരുന്നു. അതിനാൽ തന്നെ അയാളെ നിലംപരിശാക്കുവാൻ ഒരുപാടൊരുപാട് വിയർക്കേണ്ടി വരുമായിരുന്നു. പക്ഷേ ഖലീഫയുടെയും സഹാബിമാരുടെയും മാനസിക ധൈര്യം ശക്തമായിരുന്നു. യമാമയിൽ മുസൈലിമക്കെതിരേ വലിയ യുദ്ധം നടന്നു. ആ യുദ്ധത്തിൽ വഹ്ശി(റ) ഉണ്ടായിരുന്നു. അദ്ദേഹം ഉഹദിലുണ്ടായ അതേ മനസ്ഥിതി പുറത്തെടുത്തു. അദ്ദേഹം തക്കം പാർത്തു നിന്നു. അദ്ദേഹത്തിൻ്റെ മടിക്കുത്തിൽ അന്ന് ഉപയോഗിച്ച അതേ ചാട്ടുളി ഉണ്ടായിരുന്നു. മുസൈലിമയെ തക്കത്തിൽ അടുത്ത് കിട്ടിയപ്പോൾ അദ്ദേഹം ചാട്ടുളി എടുക്കുകയും എറിയുകയും മുസൈലിമയെ വീഴ്ത്തുകയും ചെയ്തു. കള്ള പ്രവാചകന്‍ അവിടെക്കിടന്ന് അവസാനശ്വാസം വലിക്കുമ്പോൾ വഹ്ശി (റ) പറഞ്ഞു: 'ഞാൻ ഒരു മഹാനായ വ്യക്തിയെ കൊന്നിരുന്നു, ഇപ്പോൾ ഞാൻ അതിനു പ്രായശ്ചിത്തമായി ഏറ്റവും വലിയ ദുഷ്ടനെ കൊന്നിരിക്കുന്നു. ഈ സൽകർമ്മം ആ ദുഷ്‌പ്രവൃത്തിക്ക് പ്രായശ്ചിത്തമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'.


വഹ്ശി ബിൻ ഹർബിൻ്റെ ജീവിതം നമ്മെ അഞ്ചു കാര്യങ്ങൾ പഠിപ്പിക്കുന്നു:


1) ഒരാളെയും അയാൾ പാപിയാണെങ്കിൽ പോലും തള്ളിക്കളയുകയോ അവഗണിക്കുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യരുത്. അയാൾ നമ്മളോടോ നാമറിയുന്നവരോടോ ചെയ്ത പാതകങ്ങൾ പോലും അയാളെ പരിഗണിക്കുവാൻ വിഘാതമാവരുത്. ദീൻ എന്നത് നമ്മിൽ സ്വതന്ത്രമായി നിലനിൽക്കുന്ന ഒരു വികാരമായിരിക്കേണ്ടതുണ്ട്. നബി തങ്ങൾ ഹംസ(റ)യുടെ വിയോഗത്തിൽ ഏറെ വേദനിച്ചു എങ്കിലും വഹ്ശി എന്ന വ്യക്തിയെ തള്ളിക്കളയാൻ തയ്യാറായില്ല.


2) പാപികളോടും സഹിഷ്ണുത പുലർത്തുക. വഹ്ശി(റ) നിരവധി ചോദ്യങ്ങൾ ചോദിച്ചു, പക്ഷേ നബി(സ) ഒരിക്കലും ഉത്തരം നൽകാൻ മടി കാണിച്ചില്ല. നബി (സ) യുടെ ക്ഷമയും സ്ഥിരോത്സാഹവും കാരണം വഹ്ശി(റ) ഒടുവിൽ ഇസ്ലാം സ്വീകരിച്ചു. വഹ്ശിയുടെ ചോദ്യം പലപ്പോഴും ഏറെ ആഴമുള്ളതായിരുന്നുവെങ്കിലും ക്ഷമയോടെ അവക്കെല്ലാം ആധികാരികമായി നബി (സ) തങ്ങൾ മറുപടി പറയുകയായിരുന്നു.


3) പ്രബോധനത്തിന്റെ കാര്യത്തിൽ ഒരിക്കലും പ്രതീക്ഷ കൈവിടരുത്. ഭൂതകാലം മറന്ന് മെച്ചപ്പെട്ട ഭാവിക്ക് വഴിയൊരുക്കുകയാണ് വിശ്വാസി ചെയ്യേണ്ടത്. കാരണം, ഓരോ വിശുദ്ധനും ഒരു ഭൂതകാലമുണ്ട്, എല്ലാ പാപിക്കും ഒരു ഭാവിയുണ്ട്.


4) അടിമയിൽ അല്ലാഹുവിൻ്റെ പ്രവർത്തനം ആർക്കും കണക്ക് കൂട്ടാൻ ആവാത്തത് ആണ്. ഇവിടെ ശ്രേഷ്ഠനായ ഒരു സ്വഹാബിയെ ഒരാൾ വധിച്ചിരിക്കുകയാണ്. ഒരുപക്ഷേ, അതുവഴി അടിമത്വത്തിൽ നിന്ന് മോചനം നേടി അയാൾ ഏതോ ലോകങ്ങളിലേക്ക് പറന്നു പോകുകയായിരിക്കും ഉണ്ടാവുക എന്ന് നമുക്ക് തോന്നിയേക്കാം. പക്ഷേ, നാം പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായി തികച്ചും അപ്രതീക്ഷിതമായ മറ്റൊരു വഴിത്തിരിവിലേക്കാണ് അദ്ദേഹത്തിൻ്റെ ജീവിതം എത്തിച്ചേരുന്നത്.


5) പാപങ്ങൾക്ക് പ്രായശ്ചിത്തമായി സൽകർമ്മങ്ങൾ ചെയ്യുക: തന്റെ പാപങ്ങളിൽ പശ്ചാത്തപിച്ച് വഹ്ശി (റ) പിന്നീട് മുസൈലിമയെ വധിക്കുകയും, തന്റെ പാപത്തിന് പകരമായി അല്ലാഹു ഈ നന്മ സ്വീകരിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഒരു പ്രത്യേക സ്ഥലത്ത് നാം പാപം ചെയ്താൽ, നാം ശ്രദ്ധയിൽപ്പെട്ടാലുടൻ, അതേ സ്ഥലത്ത് പശ്ചാത്തപിച്ച് ഒരു സൽകർമ്മം ചെയ്യണമെന്ന് നമ്മുടെ ഉലമാക്കൾ നമ്മെ ഉപദേശിച്ചിട്ടുണ്ട്. ഇല്ലെങ്കിൽ, സാധ്യമാകുമ്പോഴെല്ലാം പാപത്തിന് പകരം ഒരു സൽകർമ്മം ചെയ്യുവാൻ നാം ശ്രമിക്കണം. അങ്ങനെയാണ് ജീവിതത്തിൻ്റെ കണക്ക് പുസ്തകത്തിലെ ബാലൻസ് ശരിയാക്കേണ്ടത്. അതിനുള്ള കഴിവ് അല്ലാഹു നമുക്ക് നൽകട്ടെ, ആമീൻ.



0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso