Thoughts & Arts
Image

ഇനി ഇ-ദഅ്'വയുടെ കാലം

2025-07-11

Web Design

15 Comments

ടി എച്ച് ദാരിമി





പ്രബോധനം എന്ന നിർബന്ധ ബാധ്യത നിർവഹിക്കേണ്ട രീതി ശാസ്ത്രം അല്ലാഹു വിശുദ്ധ ഖുർആനിൽ വളരെ വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതാണ്. അതിനാൽ ഏതുകാലത്താണെങ്കിലും ആ പറഞ്ഞതിന്റെ വ്യാഖ്യാന വിശദീകരണങ്ങളുടെ ഉള്ളിൽ തന്നെ ആ കാലത്തിനു വേണ്ട രീതിശാസ്ത്രം ഉണ്ടാകും. വിശുദ്ധ ഖുർആൻ എല്ലാ കാലത്തിനും വേണ്ടി അല്ലാഹു തന്നതാണ്. അതിനാൽ പുതിയതൊന്ന് ഇസ്ലാമിക വിശ്വാസികൾക്ക് കണ്ടുപിടിക്കേണ്ട ആവശ്യം വരില്ല. അല്ലാഹു പറയുന്നു: “യുക്തികൊണ്ടും സദുപദേശം കൊണ്ടും നിങ്ങൾ നിങ്ങളുടെ നാഥൻ്റെ മാർഗത്തിലേക്ക് ക്ഷണിക്കുക. ഏറ്റം നല്ല നിലയിൽ അവരുമായി സംവാദം നടത്തുക.” (16:125). മൂന്നു രീതികളാണ് ഇതിൽ പറയുന്നത്. ഒന്ന്, ബുദ്ധിപൂർവ്വകമായ ശ്രദ്ധ ക്ഷണിക്കലുകൾ. രണ്ട്, നേരെ ചൊവ്വയുള്ള സദുപദേശം. മൂന്ന്, വാദിച്ചും സ്ഥാപിച്ചും കൊണ്ടുള്ള നീക്കങ്ങൾ. സൂക്ഷ്മമായി നിരീക്ഷിച്ചാൽ ഇവ ഓരോന്നും ഓരോ സാഹചര്യത്തിന് വേണ്ടിയുള്ളതാണ് എന്ന് മനസ്സിലാക്കാം. അശ്രദ്ധയോ പരിഗണന ഇല്ലായ്മയോ ഉള്ള ഒരു ജനതയെയാണ് യുക്തിസഹമായ മാർഗങ്ങളിലൂടെ ഇസ്ലാമിക ആശയത്തിലേക്ക് എത്തിക്കേണ്ടത്. സത്യം തേടിക്കൊണ്ടിരിക്കുന്നവർ, മനസ്സലിവുള്ളവർ, നന്മയെ പ്രകൃത്യാ ഇഷ്ടപ്പെടുന്നവർ തുടങ്ങിയവർക്കൊക്കെയാണ് ഉപദേശങ്ങളും ഉദ്ബോധനങ്ങളും വഴി പ്രബോധനം എത്തിക്കേണ്ടത്. ആദർശപരമായ വീറും വാശിയും പുലർത്തുകയും വാദങ്ങൾ വഴി ബലപ്രയോഗം നടത്താൻ ശ്രമിക്കുകയും ചെയ്യുന്നവർക്കാണ് സംവാദം വഴിയുള്ള പ്രബോധനം. ഇവയിൽ ഹിക്മത്ത് വഴി ക്ഷണിക്കുക എന്ന ഒന്നാമത്തെ രീതിയാണ് പുതിയ കാലത്തിന് ഏറ്റവും അനുയോജ്യം. കാരണം ഒരു വശത്ത് മനുഷ്യൻറെ ജീവിത വ്യവഹാരങ്ങൾ വർദ്ധിക്കുകയും ഒന്നിനും സമയം പോരാത്ത വിധം ജീവിതം തിരക്കേറിയതായി മാറുകയും ചെയ്തിരിക്കുന്നു. കയ്യിൽ കിട്ടിയ ജീവിതത്തിൻ്റെ കാര്യങ്ങൾ തന്നെ നോക്കാൻ എമ്പാടും സമയം വേണ്ടിവരുന്ന ഒരു സാഹചര്യമാണ്. ആ കാര്യങ്ങളിലാവട്ടെ ഒരുതരം മത്സരം പ്രകടവുമാണ്. അത് എല്ലാവരിലും ഉദ്വേഗം നിറക്കുന്നുമുണ്ട്. അതിനാൽ ഈ ജീവിതത്തിനു ശേഷമുള്ള മറ്റൊരു ജീവിതത്തെ കുറിച്ചോ അവിടത്തെ സുഖദുഃഖങ്ങളെ കുറിച്ചോ ചിന്തിക്കുന്നതിൽ നിന്ന് ശ്രദ്ധ തിരിഞ്ഞുപോയ ജനങ്ങളാണ് ഇപ്പോൾ അധികവും ഉള്ളത്. കൂട്ടത്തിൽ മറ്റു രണ്ടു ഗണങ്ങളിലും പെടുന്നവരും സജീവമായി ഉണ്ട് എന്ന് പറയാതെ വയ്യ. അവയിൽ രണ്ടാമത്തെ വിഭാഗത്തെയും ഏതാണ്ട് ഒന്നാമത്തെ രീതിയിലൂടെ തന്നെ സമീപിക്കാവുന്നതാണ്. ഇങ്ങനെ പറഞ്ഞു വരുമ്പോൾ ഇന്നത്തെ കാലത്തിന് ആവശ്യം ആവശ്യമായ പ്രബോധന രീതി ഹിക്മത്തിന്റെതാണ് എന്ന് വ്യക്തമാകും. ഹിക്മത്ത് എന്നതിന് പണ്ഡിതന്മാർ കൽപ്പിക്കുന്ന അർത്ഥം ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്യേണ്ട രീതിയിൽ ചെയ്യുക എന്നാണ് (മദാരിജുസ്സാലിക്കീൻ).


മറ്റു മതങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇസ്ലാമിക മതപ്രബോധന പ്രവർത്തനങ്ങൾക്ക് കാലികത അനിവാര്യമാണ്. മറ്റു മതങ്ങൾക്ക് പറയാനുള്ളത് പോലെ പഴയതു മാത്രമല്ല ഇസ്ലാമിന് പറയാനുള്ളത് എന്നതാണ് അതിൻ്റെ ഏറ്റവും വലിയ സവിശേഷത. കാരണം, ക്ഷണിക്കപ്പെടുന്ന ഇസ്ലാമിൻ്റെ അടിസ്ഥാനം വിശുദ്ധ ഖുർആനും തിരുസുന്നത്തും ആണ്. അവയിൽ നിന്ന് നിർധരിച്ച് എടുക്കപ്പെട്ട ചില അനിവാര്യമായ ഘടകങ്ങൾ കൂടി ചേർന്നതാണ് ഇസ്ലാമിൻ്റെ അസ്ഥിവാരം. ഇവയിൽ വിശുദ്ധ ഖുർആനിനും തിരുസുന്നത്തിനും അല്ലാഹു ഒരു സർവ്വകാലികത കൽപ്പിച്ചിട്ടുണ്ട്. അതായത് വിശുദ്ധ ഖുർആൻ ലോകാവസാനം വരുന്ന എല്ലാ മനുഷ്യന്മാർക്കും ഹിദായത്തിലേക്ക് നടന്നു കയറാനുള്ള ഒരു വഴിയാണ്. മറ്റുള്ള ഗ്രന്ഥങ്ങൾക്ക് ഒന്നും നൽകപ്പെട്ടിട്ടില്ലാത്ത ഒരു സവിശേഷത ആണ് ഇത്. തൗറാത്തും സബൂറും ഇഞ്ചിയിലും ഇസ്രയേൽ സന്തതികൾ എന്ന ഒരു കുടുംബത്തിനു മാത്രം അവരുടെ കാലത്തിന് മാത്രമായി നൽകപ്പെട്ടതായിരുന്നു. ആ കാലത്തിന്റെയും കുടുംബത്തിന്റെയും അപ്പുറത്ത് അതിന് സാധുത ഉണ്ടായിരുന്നില്ല. വിശുദ്ധ ഖുർആൻ അങ്ങനെയല്ല. ഏതുകാലത്തും അതിൻ്റെ സാധുതയും സാംഗ്യവും വ്യക്തമായി നിലനിൽക്കുന്നുണ്ട്. ഇത് ഒരു അവകാശവാദം മാത്രമല്ല. ഒരു ചെറിയ ഉദാഹരണത്തിലൂടെ നമുക്കത് മനസ്സിലാക്കിയെടുക്കാം. വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞിട്ടുള്ള ചെറിയ ഒരു പ്രാണിയാണ് തേനീച്ച. ആ പേരിൽ തന്നെ ഒരു അധ്യായം വിശുദ്ധ ഖുർആനിൽ ഉണ്ട്. തേനീച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ നബി(സ്വ) തിരുമേനിയുടെ കാലത്തുണ്ടായവരെ സ്വാധീനിക്കും പോലെയല്ല, അല്ലെങ്കിൽ സ്വാധീനിക്കേണ്ട പോലെയല്ല നമ്മുടെ ആധുനിക കാലഘട്ടത്തെ സ്വാധീനിക്കുന്നത്. നബി(സ്വ) തിരുമേനിയുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന സ്വഹാബിമാർ അതിൻ്റെ ആഴങ്ങളിലേക്കൊന്നും പോകാൻ താല്പര്യമോ സാഹചര്യമോ ഒന്നും ഉള്ളവരായിരുന്നില്ല. മരുഭൂവാസികളായ അന്നത്തെ അറബികൾക്ക് ഈ ചെറിയ പ്രാണിയുടെ കാര്യം പോലും വിശുദ്ധ ഖുർആൻ പരാമർശിച്ചിരിക്കുന്നുവല്ലോ എന്ന അത്ഭുതം മാത്രം മതിയായിരുന്നു അവരുടെ മനസ്സുകളെ വിശ്വാസത്തിലേക്ക് അടുപ്പിക്കുവാനും അതിൽ ഉറപ്പിക്കുവാനും. പക്ഷേ, മനുഷ്യൻ സാംസ്കാരികമായും സാമൂഹികമായും ഒരുപാട് വികാസം പ്രാപിക്കുകയും അവൻ്റെ ജീവിത പരിസരത്ത് എല്ലാ ശാസ്ത്രങ്ങളും വളർന്നു വലുതാവുകയും ചെയ്ത നമ്മുടെ ഇന്നത്തെ കാലത്ത് വിശുദ്ധ ഖുർആനിൽ തേനീച്ചയെ കുറിച്ച് പറഞ്ഞിട്ടുണ്ട് എന്നതുകൊണ്ട് മാത്രം അൽഭുതം ഉണ്ടാവില്ല. മറിച്ച് തേനീച്ചയെ കുറിച്ചുള്ള പരാമർശങ്ങൾ കീറിമുറിച്ചാൽ അതിനുള്ളിൽ അത്ഭുതപ്പെടുത്താനുള്ള കാര്യങ്ങൾ കാണണം.


അതങ്ങനെ ഉണ്ടായി. തേനീച്ചകളുടെ ജീവിതത്തിലെ അന്തിപ്പിക്കുന്ന അത്ഭുതങ്ങളും ചിന്താവിഷയങ്ങളും ഈയടുത്തായി ലോകം കണ്ടെത്തുകയുണ്ടായി. 1973 ൽ Karl von frisch എന്ന ശാസ്ത്രജ്ഞൻ നോബൽ സമ്മാനം നേടിയത് അത്ഭുതപ്പെടുത്തുന്ന ഈ പഠനങ്ങൾക്കായിരുന്നു. ആ പഠനങ്ങളിലാവട്ടെ അവയുടെ ആവാസ വ്യവസ്ഥ, സാമൂഹ്യ ബോധം, തേൻ ഉൽപാദനം, ചുമതലക്കാർ തുടങ്ങിയ എണ്ണമറ്റ വിഷയങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം നടത്തിയ കണ്ടെത്തലുകൾ വായിച്ചാൽ വിശുദ്ധ ഖുർആനിൽ അതെല്ലാം നേരത്തെ പറഞ്ഞു വെച്ചതായി നമുക്ക് കാണാൻ കഴിയും. ഇതിലൂടെ നമുക്ക് മനസ്സിലാകുന്നത്, വിശുദ്ധ ഖുർആനിലെ ഉദാഹരണമായി പറഞ്ഞ തേനീച്ച ആദ്യകാല സമുദായത്തെയും ആധുനിക സമുദായത്തെയും ഒരേപോലെ സ്വാധീനിച്ചതാണ്. ഈ ശാസ്ത്രജ്ഞൻ കണ്ടെത്തിയ കണ്ടെത്തലുകൾ നമ്മുടെ നൂറ്റാണ്ടിനെ അത്ഭുതപ്പെടുത്തുകയും വിശുദ്ധ ഖുർആനിലേക്ക് ചിന്തിക്കുന്നവരെ വലിച്ചടുപ്പിക്കുകയും ചെയ്തു. പക്ഷേ, അടുത്ത തലമുറകളെ ഇത്രമാത്രം തേനറിവുകൾ കൊണ്ട് ആകർഷിക്കാൻ കഴിയും എന്നു പറയാൻ കഴിയില്ല. കാരണം മനുഷ്യൻ്റെ ലോകം അതിശീഘ്രം വളർന്നു വലുതാവുകയാണ്. ഇന്നത്തെ ഇതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു തലമുറ ഉണ്ടാകുമ്പോൾ അവരെ ആകർഷിക്കുവാൻ ഇതേ ആയത്തുകൾ തന്നെ പുതിയ ഭാഗങ്ങൾ തുറന്നു തരും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്. ഒരു തേനീച്ചയുടെയും തേനിന്റെയും കാര്യത്തിൽ മാത്രമല്ല ഇത് മറിച്ച് വിശുദ്ധ ഖുർആൻ നടത്തിയിട്ടുള്ള എല്ലാ പരാമർശങ്ങൾക്കും ഇതുപോലെ എല്ലാ തലമുറകളെയും ആകർഷിക്കുവാനും അത്ഭുതപ്പെടുത്തുവാനും കഴിയും. അതുകൊണ്ടാണ് ഇസ്ലാമിക പ്രബോധനത്തിന് കാലികത ഉണ്ടായിരിക്കണം എന്നത് അല്ലാഹുവിൻ്റെ തന്നെ താല്പര്യം കൂടിയാണ് എന്ന് നാം പറയുന്നത്. അങ്ങനെ ഒരു താല്പര്യമുണ്ടായതുകൊണ്ടാണല്ലോ അതിലെ വിഷയങ്ങൾക്ക് ഇത്തരത്തിൽ കാലികത കൈവരുന്നത്.


രണ്ടാമത്തെ അടിസ്ഥാന പ്രമാണം വിശുദ്ധ സുന്നത്താണ്. അത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനമാണ്. മഹാനായ നബി(സ്വ) തിരുമേനി പറഞ്ഞതും ചെയ്തതും അനുവദിച്ചതും ആയ കാര്യങ്ങളാണ് അതിൻ്റെ ഉള്ളടക്കം. അല്ലാഹുവിൻ്റെ സമ്മതപ്രകാരമല്ലാതെ നബി തങ്ങൾ ഒന്നും പറയുകയോ ചെയ്യുകയോ അനുവദിച്ചു കൊടുക്കുകയോ ഇല്ല എന്നത് ഉറപ്പാണ്. അതിനാൽ വിശുദ്ധ ഖുർആനിൻ്റെ വ്യാഖ്യാനമാണ് തിരുജീവിതം. അതുകൊണ്ട് നബി(സ്വ) തിരുമേനിയുടെ ഹദീസുകൾക്കും ഈ സർവകാലികതയുണ്ട്. നബി(സ്വ) തങ്ങൾ പറഞ്ഞ കാര്യങ്ങൾ എക്കാലവും പ്രസക്തമാണ്. ഈ കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ ലോകം മുഴുവനും അത് അനുഭവിച്ചതാണ് അതിനൊരു ഉദാഹരണം. മഹാമാരി ഉണ്ടായാൽ സ്വീകരിക്കേണ്ട ആരോഗ്യ മുൻകരുതലുകൾ എന്താണ് എന്ന വിഷയത്തിൽ ഒരേ ഒരു കാര്യം മാത്രമേ ലോകത്തിന് ഉറപ്പിച്ചു പറയാനുള്ളൂ. അത് പടരാതിരിക്കുവാനും പകരാതിരിക്കുവാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കുക എന്നത്. കോവിഡ് മഹാമാരിയെ മറികടന്നത് തങ്ങളുടെ വാക്സിൻ കൊണ്ടാണ് എന്ന് പലരും അവകാശവാദം ഉന്നയിക്കുന്നുണ്ട് എങ്കിലും അത് ശാസ്ത്രീയമായി പോലും തെളിയിക്കപ്പെട്ട വസ്തുതയല്ല. അതേസമയം, നബി തങ്ങൾ പറഞ്ഞതിൻ്റെ ആധുനിക ഭാഷ്യമായ ക്വാറന്റൈൻ എന്നത് ലോകം മുഴുവനും അംഗീകരിച്ച വസ്തുതയുമാണ്. മഹാമാരി ഉള്ളയിടത്തേക്ക് രോഗം ബാധിച്ചിട്ടില്ലാത്ത ആരും പോകരുത്, അവിടെ നിന്ന് അതു ബാധിച്ച ആരും പുറത്തേക്ക് പോരരുത് എന്നു പറഞ്ഞ നബി(സ്വ) തിരുമേനിയുടെ ശാസ്ത്രമാണ് വിജയിച്ചത് എന്ന് ചുരുക്കം. ഇത് ശാസ്ത്രീയമായി ശരിയാണ് എന്ന് മനസ്സിലാക്കുവാൻ നബിയുടെ കാലത്തെ ശാസ്ത്ര ബോധത്തിന് വിശാലത ഉണ്ടായിരുന്നില്ല. പക്ഷേ, പിന്നീട് അതുണ്ടായി. അതോടെ ശാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്തും ശാസ്ത്രം വികസിച്ചതിനുശേഷം ഒരേപോലെ മഹാനായ പ്രവാചകൻ്റെ വാക്കുകളുടെ സാധുത നിലനിൽക്കുന്നു എന്നു വ്യക്തമാകുന്നു. ഉദാഹരണങ്ങൾ തേടിയാൽ ധാരാളം നമുക്കിപ്പോൾ തന്നെ പറയാൻ കഴിയും. വിശുദ്ധ ഖുർആനിന്റെയും തിരു ഹദീസിന്റെയും ഈ സർവ്വകാലികത സൂചിപ്പിക്കുന്നത് അതിലേക്കുള്ള പ്രബോധനം അതാത് കാലത്തിനോടൊപ്പം അപ്ഡേറ്റ് ചെയ്യപ്പെട്ടതായിരിക്കണം എന്നതുകൂടിയാണ്.


അതേസമയം ഒരു കാര്യം ഒപ്പം മനസ്സിലാക്കാനുണ്ട്. അത്, എന്തിനും ചില അടിസ്ഥാനങ്ങൾ ഉണ്ട് എന്നതാണ്. ആ അടിസ്ഥാനങ്ങൾ സ്ഥാപിക്കുന്നത് സൃഷ്ടാവായ അല്ലാഹു തന്നെയാണ്. ആ അടിസ്ഥാനങ്ങളെ ഏത് ആധുനികവൽക്കരണത്തിന്റെ മുമ്പിലും അവഗണിക്കാൻ പാടില്ല. ദഅവത്തിന്റെ കാര്യത്തിൽ അല്ലാഹു നബി തിരുമേനിയുടെയും സച്ചരിതരായ ആദ്യ തലമുറയുടെയും പ്രബോധന രീതികൾ ആണ് ഈ വിഷയത്തിലെ അടിസ്ഥാനമായി കൽപ്പിച്ചിരിക്കുന്നത്. അവർ ഏതു രീതിയിലാണോ പ്രബോധനം നിർവഹിച്ചത് അത് പഠിക്കുകയും അതിൻ്റെ ആശയങ്ങൾ കണ്ടെത്തുകയും ആ ആശയങ്ങൾ ആധാരമാക്കി പ്രബോധനം ചെയ്യുകയുമാണ് വേണ്ടത്. ഈ ആശയങ്ങളുടെ നിർവഹണത്തിന് വേണ്ടി പുതിയ സങ്കേതങ്ങൾ, സാങ്കേതികതകൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഇവിടെ നമ്മുടെ ചർച്ചയിൽ പുതിയ കാലത്തെ പുതിയ പ്രബോധന രീതികളിലൂടെ സമീപിക്കുക എന്ന് പറയുമ്പോൾ പലർക്കും പല തെറ്റിദ്ധാരണകളും ഉണ്ടായിട്ടുണ്ട്. അത് അടിസ്ഥാനങ്ങളെ കുറിച്ചുള്ള ഈ ബോധം കൈവിടുന്നത് കൊണ്ട് ഉണ്ടായതാണ്. ആധുനികവൽക്കരണം എന്നാൽ പുതിയ കാലത്തിൻ്റെ സാംസ്കാരിക പ്ലാറ്റ്ഫോമുകളായ സിനിമ, നാടകം, അഭിനയം, വിവിധ സാങ്കേതികവിദ്യാ മാധ്യമങ്ങൾ തുടങ്ങിയവയെല്ലാം ഉപയോഗിച്ച് ദഅവത്ത് നടത്തുക എന്ന അർത്ഥം കൽപ്പിച്ചവർ പുതിയ കാലത്ത് അങ്ങിങ്ങായി ഉണ്ടായിട്ടുണ്ട്. അത്തരക്കാരുടെ നിലപാടുകൾ അബദ്ധമാണ്. മനുഷ്യന്മാർ വെറും വിനോദ ഉപാധികളായി കാണുന്ന ഇത്തരം രീതികളിലേക്കും പ്ലാറ്റ്ഫോമുകളിലേക്കും പ്രബോധനത്തെ മാറ്റിയാൽ അതുവഴി ലക്ഷ്യം ചോർന്നുപോവുക മാത്രമാണ് ഉണ്ടാവുക. ഇത്തരം മാർഗങ്ങൾ, ഉദാഹരണമായി അഭിനയം ഉപയോഗിച്ച് പ്രബോധനം ചെയ്യുമ്പോൾ ശ്രോതാവിൻ്റെ മനസ്സിൽ രണ്ട് അവിചാരിതമായ കാര്യങ്ങളാണ് ഉണ്ടാവുന്നത്. ഒന്നാമതായി അവന്റെ മനസ്സ് മഹത്തരനെങ്കിലും ഈ ആശയത്തെ കാണുന്നത് ഒരു വിനോദം എന്ന നിലക്കായിരിക്കും. കാരണം ഈ മാധ്യമത്തെ അവന്റെ മനസ്സ് സ്വീകരിച്ചിട്ടുള്ളത് ആ അർത്ഥത്തിലാണ്. രണ്ടാമതായി, പലപ്പോഴും വിശ്വാസികൾക്ക് ഒത്തുപോകാൻ കഴിയാത്ത ഇത്തരം കാര്യങ്ങളിലേക്ക് ഒരു മനസ്സടുപ്പും അല്ലെങ്കിൽ ഒരു ലാഘവത്വം ഉണ്ടായിത്തീരും. രണ്ടും ആശാവാഹമല്ല. ഈ പറഞ്ഞതെല്ലാം ഉള്ളടക്കത്തെ കുറിച്ചാണ്. അതായത് ഒരാൾ ഒരു മഹത്തായ ഇസ്ലാമിക ആശയം പ്രചരിപ്പിക്കുവാനും പ്രബോധനം ചെയ്യുവാനും വേണ്ടി ഒരു റീൽ ഉണ്ടാക്കുന്നു എന്നിരിക്കട്ടെ. അതിനുവേണ്ടി ശബ്ദം ദൃശ്യം തുടങ്ങിയവർക്കൊക്കെ ആധുനികതയെ പുൽകുമ്പോൾ ഉള്ളടക്കം വളരെ ആത്മാർത്ഥവും സത്യസന്ധവും തന്നെയായിരിക്കണം.


ഇവിടെ നബി(സ്വ) തിരുമേനിയുടെ സർവ്വകാലികതയുള്ള മറ്റൊരു തിരുവചനം ശ്രദ്ധേയമാണ്. 'ഈ ഉമ്മത്തിന്റെ ആദ്യഘട്ടം എങ്ങനെ നന്മയിൽ എത്തിച്ചേർന്നുവോ അങ്ങനെ തന്നെയല്ലാതെ പിൻതലമുറക്ക് നന്മയിൽ എത്തിച്ചേരാൻ കഴിയുകയില്ല' എന്ന തിരുവചനം. ഇത് ഒരു ജനതയുടെ എല്ലാ വിഷയങ്ങൾക്കും ബാധകമാക്കാവുന്ന ഒരു പൊതുപ്രസ്താവന കൂടിയാണ്. കൂട്ടങ്ങളും കൂട്ടായ്മകളും കുറെ കാലം കഴിയുമ്പോൾ അർത്ഥവും ആശയവും നഷ്ടപ്പെട്ട് വഴിമാറി സഞ്ചരിക്കുന്ന കാഴ്ച ലോകത്തെ പതിവാണ്. ശരിയായ വഴി തന്നെ പുൽകുവാൻ ആദ്യ തലമുറയെ അനുകരിക്കുക തന്നെ വേണ്ടിവരും. അതുപോലെതന്നെയാണ് ദഅവത്തിൻ്റെ കാര്യവും. ഇങ്ങനെയെല്ലാം പറഞ്ഞു വരുമ്പോൾ പുതിയ കാലത്തെ സോഷ്യൽ മീഡിയാ പ്രബോധനങ്ങളെ ഇകഴ്ത്തുകയാണ് എന്നു കരുതേണ്ടതില്ല. ഒന്നിനൊന്ന് മെച്ചപ്പെട്ട തരത്തിലും രീതിയിലും മീഡിയയിൽ ഇസ്ലാമിക ആശയങ്ങൾ പാറിപ്പറന്ന് നടക്കുന്നുണ്ട് എന്നത് സന്തോഷം തന്നെയാണ്. സാക്ഷാൽ പ്രബോധനവുമായി ഇത്തരം ആധുനികതകൾ വ്യത്യാസപ്പെടുന്നത് നിയ്യത്ത് എന്ന അടിസ്ഥാന ഘടകം മുതലാണ്. പലരുടെയും ലക്ഷ്യം ഇത് ഒരാളുടെ നന്മക്ക് കാരണമാവുക എന്നതിനേക്കാൾ ഇത് തനിക്ക് പ്രശസ്തിയിലേക്കുള്ള ഒരു ചവിട്ടുപടി ആവുക എന്നതാണ്. അതിനു വേണ്ട. ഒരാളെ ജീവിതം നന്മയിലും സ്വർഗ്ഗത്തിലും എത്തിക്കുക എന്ന ഉൽക്കടമായ ആഗ്രഹം അനിവാര്യമാണ്. ആ ആഗ്രഹം തന്നെയാണ് നിയ്യത്തായി പരിണമിക്കുന്നത്. ഈ വിധത്തിൽ സത്യസന്ധമായിരുന്നു മഹാനായ നബിയുടെയും സ്വഹാബിമാരുടെയും പ്രബോധന പ്രവർത്തനങ്ങൾ. ഭൗതികമായ ഒരു ലക്ഷ്യങ്ങളും അവർക്കു മുമ്പിൽ ഉണ്ടായിരുന്നില്ല. ഇതു മനസ്സിലാക്കാൻ ഹിജ്റ എന്ന ഒരേ ഒരാശയം മാത്രം മതിയാകും. ഹിജ്റ എന്നാൽ കയ്യിലുള്ളതെല്ലാം ഉപേക്ഷിച്ചുകൊണ്ട് വരാനിരിക്കുന്ന ഏത് വിപത്തിനെയും സ്വീകരിക്കാനുള്ള മനസ്സോടെ മനുഷ്യരുടെ മനസ്സുകൾ തേടിയുള്ള പലായനമാണ്. നിരവധി അനവധി പരീക്ഷണങ്ങൾ ചാടിക്കടന്നായിരുന്നു ഈ പലായനങ്ങളെല്ലാം. ഇത്തരം സത്യസന്ധതയും ആത്മാർത്ഥതയും ഉണ്ടാകുന്നത് കൊണ്ടാണ് ഏത് വെല്ലുവിളികളെയും നേരിടാനുള്ള മനക്കരുത്തും ക്ഷമയും അവർക്കുണ്ടായത്. ശ്വാസമടക്കിപ്പിടിച്ച് പോകുന്ന ഭീഷണമായ സാഹചര്യങ്ങളിൽ പോലും അവർ പതറാതെ നിൽക്കുകയും സമീപനത്തെ തന്നെ ഇസ്ലാമിലേക്കുള്ള പ്രബോധനമായി മാറ്റുകയും ചെയ്യുകയായിരുന്നു ആ തലമുറ.


ഈ പറഞ്ഞതെല്ലാം സമീപന രീതികളെ കുറിച്ചാണ്. അതേസമയം പ്രബോധനത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണ് അവസരങ്ങളെ മുതലെടുക്കുക എന്നത്. കാരണം അവസരങ്ങൾ പ്രത്യേക ശ്രദ്ധ ക്ഷണിക്കുന്ന കാര്യങ്ങളാണ്. മനുഷ്യരുടെ ശ്രദ്ധ പതിയുന്ന സ്ഥലങ്ങളെയും സമയങ്ങളെയും ഉപയോഗപ്പെടുത്തുമ്പോൾ പ്രബോധനത്തിൻ്റെ സന്ദേശം പെട്ടെന്ന് എത്തിക്കുവാൻ കഴിയും. യൂസഫ് നബിയുടെ ചരിത്രത്തിൽ ആ സമീപനം വിശുദ്ധ ഖുർആൻ പറയുന്നുണ്ട്. അദ്ദേഹത്തിൻ്റെ രണ്ടു സഹ തടവുകാർക്ക് ഉണ്ടായ സ്വപ്നമായിരുന്നു പശ്ചാത്തലം. അന്നത്തെ ഈജിപ്ഷ്യൻ സംസ്കാരത്തിൽ സ്വപ്നങ്ങൾക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. തങ്ങളുടെ ദേവീദേവന്മാർ തങ്ങൾക്ക് നൽകുന്ന സന്ദേശങ്ങളാണ് സ്വപ്നങ്ങൾ എന്നായിരുന്നു ആ തലമുറ വിചാരിച്ചിരുന്നത്. അതിനാൽ സ്വപ്നം കാണുന്ന വ്യക്തിക്ക് ഏതു വിധേനയും അതിൻ്റെ വ്യാഖ്യാനം അറിയേണ്ടതുണ്ടായിരുന്നു. സഹ തടവുകാർ കണ്ട സ്വപ്നം താൻ കൃത്യമായി വ്യാഖ്യാനിച്ചു തരാം എന്ന് യൂസുഫ് നബി അവരോട് പറയുന്നു. തികച്ചും സച്ചരിതനും ശാന്തനും തേജസ്വിയും ആയ യൂസഫിന് അത് കഴിയും എന്നത് ജയിലിലെ പൊതുവർത്തമാനവും ആയിരുന്നു. സ്വപ്നം കണ്ടവർക്കാവട്ടെ അതിൻ്റെ വ്യാഖ്യാനം അറിയുവാൻ ജയിലിൽ ഇതല്ലാത്ത മറ്റൊരു മാർഗ്ഗവും ഇല്ലായിരുന്നു. അങ്ങനെയെല്ലാം കാര്യങ്ങൾ വലിഞ്ഞുമുറുകിയത്തോടെ യൂസഫ് നബി അവരെ ജിജ്ഞാസയിൽ തളച്ചിട്ട് സ്വപ്നവ്യാഖ്യാനം പറയുന്നതിന് മുമ്പായി തനിക്ക് നിർവഹിക്കാനുള്ള ദഅ് വത്ത് നിർവഹിക്കുകയായിരുന്നു. അദ്ദേഹം അന്ന് അവരോട് പറഞ്ഞത് വിശുദ്ധ ഖുർആൻ ഇങ്ങനെ ഓർമിപ്പിക്കുന്നു: 'ജയില്‍ സോദരരേ, ഭിന്നരായ സംരക്ഷകന്‍മാരാണോ ഉത്തമം, അതോ ഏകനും അജയ്യനുമായ അല്ലാഹുവോ? അവനെക്കൂടാതെ നിങ്ങളാരാധിക്കുന്നവ നിങ്ങളും പിതാക്കളും നാമകരണം ചെയ്ത ചില സംജ്ഞകളല്ലാതെ മറ്റൊന്നുമല്ല. അവയെക്കുറിച്ച് ഒരുവിധ പ്രമാണവും അല്ലാഹു ഇറക്കിയിട്ടില്ല. വിധികര്‍തൃത്വാധികാരം അവന്നുമാത്രമുള്ളതാണ്. തന്നെയല്ലാതെ മറ്റൊന്നിനെയുമാരാധിക്കരുതെന്ന് അവന്‍ കല്‍പിച്ചിരിക്കുന്നു. ഋജുവായ മതം അതാണ്' (യൂസുഫ്: 39). ഇങ്ങനെ ഒരു സാഹചര്യത്തെ ഉപയോഗപ്പെടുത്തി ചെയ്യുന്ന പ്രബോധനത്തിന് കൂടുതൽ വീര്യവും സ്വാധീനവും ഉണ്ടാകും.


വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുക തന്നെയായിരിക്കും ബുദ്ധി. കാരണം മനുഷ്യകുലം മുഴുവനും ഇതിലേക്ക് തിരിഞ്ഞിരിക്കുകയാണ്. വിവരസാങ്കേതികവിദ്യ മനുഷ്യ ജീവിതത്തിന്റെ സകല മേഖലകളെയും കീഴടക്കിക്കഴിഞ്ഞു. മൊബൈല്‍ അലാറം കേട്ടാണ് ഇന്നവന്‍ ഉണരുന്നത്. ഉറങ്ങുന്നതുവരെയും കാഴ്ചയിലൂടെയും ശബ്ദത്തിലൂടെയും സാങ്കേതികവിദ്യ അവനെ നയിക്കുന്നു. വിജ്ഞാനരംഗത്തേക്കുള്ള ജാലകമായും സഞ്ചാരരംഗത്തെ വഴികാട്ടിയായും സാമ്പത്തികരംഗത്തെ ഇടനിലക്കാരനായും സാങ്കേതികവിദ്യ അവനോടൊപ്പം സദാ സമയവുമുണ്ട്. കഴിഞ്ഞ കാലത്ത് ഉപയോഗിച്ചിരുന്ന പ്രചരണ പ്രബോധന മാധ്യമങ്ങൾക്ക് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്ന കാഴ്ച ഒരു യാഥാർത്ഥ്യമാണ്. പാതിരാവരെ നീളുന്ന പ്രഭാഷണ പരിപാടികളും മറ്റുമെല്ലാം ഓരോ ദിനവും ശോഷിച്ച് രംഗത്തുനിന്ന് പിൻവാങ്ങുന്ന കാഴ്ച വളരെ പ്രകടമാണ്. വിവരസാങ്കേതിക വിദ്യയുടെ ഡാറ്റാ ബാങ്കുകൾ നിറഞ്ഞുനിറഞ്ഞ് ഏത് ആവശ്യത്തിനും അവയെ സമീപിക്കാവുന്ന അത്ര സമ്പന്നമായി മാറുകയായിരുന്നു. ഏതൊരു വിഷയത്തിനുള്ള ഉത്തരവും മാർഗ്ഗസൂചികയും റഫറൻസും എല്ലാം ഗൂഗിളിൽ നിന്ന് അനായാസം കണ്ടെത്താനും കൈപ്പറ്റാനും ആർക്കും കഴിയുന്ന അത്രമാത്രമുള്ള വികാസമാണ് ഈ രംഗത്ത് ഉണ്ടായത്. അടുക്കളകളിൽ സ്ത്രീകൾ പാചകത്തിന് പാചകക്കൂട്ടുകളും വിദ്യകളും വരെ ഓരോ നേരത്തും കണ്ടെത്തുന്നത് ഇങ്ങനെയാണ്. കോവിഡ് കാലം ഇത് മനുഷ്യനെ നന്നായി പരിശീലിപ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കുന്നതിനിടയിലാണ് നിർമ്മിത ബുദ്ധി എന്ന ആശയത്തെ ലോകം വികസിപ്പിച്ചത്. മനുഷ്യൻ്റെ ത്വരകളെയും താൽപര്യങ്ങളെയും വായിച്ചെടുക്കുവാനും ഞൊടിയിടയിൽ അതിനോട് പ്രതികരിക്കുവാനും കഴിയുന്ന വിധം എ ഐ ടെക്നോളജി വളർന്നുകഴിഞ്ഞു. സമീപഭാവിയിൽ എത്രമാത്രം വളർച്ചയായിരിക്കും ഈ മേഖലയിൽ ഉണ്ടാവുക എന്ന് സാധാരണക്കാർക്ക് അനുമാനിക്കാൻ പോലും കഴിയാത്ത അത്രയും ദ്രുതതഗതിയിലാണ് ഈ മേഖല വളരുന്നത്. എന്തായിരുന്നാലും ഓരോ വളർച്ചയും അവിശ്വസനീയം തന്നെയായിരിക്കും എന്നത് ഉറപ്പാണ്. എല്ലാവരും ഈ മേഖലയിൽ കണ്ണും ഖൽബും നട്ട് ഇരിക്കുന്നു എന്നതിനാൽ തന്നെ ഇവിടെ തന്നെയാണ് ദഅ് വത്ത് നടത്തേണ്ടത്. ഇവിടെയുള്ളവരാണ് സത്യത്തിൽ വഴിതെറ്റാൻ ഏറ്റവും കൂടുതൽ സാഹചര്യം ഉള്ളവർ. അതിനാൽ മേൽപ്പറഞ്ഞതുപോലെ അടിസ്ഥാന ആശയങ്ങളെയും താൽപര്യങ്ങളെയും സമീപന രീതികളെയും സംരക്ഷിച്ചുകൊണ്ട് നല്ല നിയ്യത്തോടു കൂടെ ആധുനിക സാങ്കേതികത ഉപയോഗപ്പെടുത്തുകയാണ് പുതിയ കാലത്തെ ദഅ് വത്തിൽ ചെയ്യേണ്ടത്.


മുൻഗണന നിശ്ചയിക്കേണ്ടത് സാധാരണ ജനങ്ങൾ ഏറെ ഉപയോഗപ്പെടുത്തുന്നത് ഏതാണ് എന്നതിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ്. യൂട്യൂബ് വീഡിയോകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, റീലുകൾ തുടങ്ങിയവ തന്നെയാണ് പൊതുജനങ്ങളുടെ താവളങ്ങൾ. അവയിൽ തന്നെ പുതിയ ട്രെൻഡുകൾ ഓരോ ദിനം എന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. മനുഷ്യൻ്റെ പൊതുവായ ശ്രദ്ധിക്കാനുള്ള ശേഷി കുറഞ്ഞുവരുന്നു. അവന്റെ താൽപര്യങ്ങൾക്കെല്ലാം ഉപയോഗിക്കാൻ മാത്രം സമയം മതിയാവാതെ വരുന്നു. ഈ രണ്ടു കാരണങ്ങളാൽ എപ്പോഴും ഹൃസ്വമായ സന്ദേശങ്ങൾ മേൽപ്പറഞ്ഞ പ്ലാറ്റ്ഫോമുകൾ വഴി നൽകുന്നതായിരിക്കും ഏറ്റവും ഉത്തമം. അതിൽ തന്നെ പെട്ടെന്ന് പ്രേക്ഷകന്റെ ശ്രദ്ധ കവർന്നെടുക്കാൻ കഴിയുന്ന ഉള്ളടക്കം ആണ് ഉണ്ടായിരിക്കേണ്ടത്. ഇത് നിർമ്മാതാക്കളുടെ കാര്യമാണ്. അതേസമയം നിർമ്മാണ ശേഷിയും യുക്തിയും ഇല്ലാത്തവർക്കും ഈ മേഖലയിൽ ചിലതെല്ലാം ചെയ്യാനുണ്ട്. അത് പ്രമോഷൻ ആണ്. നല്ല ദഅവാ ഉള്ളടക്കം ഉള്ള പോസ്റ്റുകളെ പരമാവധി പ്രമോട്ട് ചെയ്തുകൊണ്ട് എല്ലാവരിലേക്കും എത്തിക്കുവാൻ വേണ്ടത് ചെയ്യുക എന്നതാണ് അത്. ഒരുപാട് പേർ കാണുന്നതോടെ സംഗതി പോപ്പുലർ ആകുന്ന സെറ്റപ്പ് ആണ് ഇപ്പോൾ ഈ മീഡിയയിൽ ഉള്ളത്. അതിനാൽ എത്ര നല്ല ഉള്ളടക്കം ആണെങ്കിലും അത് ഒരുപാട് പേരിലേക്ക് എത്തണമെന്നുണ്ടെങ്കിൽ ഒരുപാട് പേർ അത് കാണുകയും പങ്കുവെക്കുകയും ചെയ്യേണ്ടതുണ്ട്. കാണുമ്പോഴും പങ്കുവെക്കുമ്പോഴും നിർമ്മിക്കുമ്പോഴും എല്ലാം ലക്ഷ്യവും ഉദ്ദേശവും നിയ്യത്തും തെറ്റാതെ സൂക്ഷിക്കണം. എന്നാൽ മാത്രമേ അനന്തമായ പ്രതിഫലവും പ്രതിഫലനവും അതിന് ഉണ്ടാവുകയുള്ളൂ. പുതിയ വാർത്തകളും സംഭവങ്ങളും എല്ലാ കാലത്തും മനുഷ്യൻ്റെ ലോകത്ത് ഉണ്ടായിക്കൊണ്ടേയിരിക്കുന്നത് തന്നെയാണ്. അവ പണ്ട് പ്രചരിക്കുവാൻ ഒരുപാട് സമയം എടുക്കുമായിരുന്നു. പ്രചരിക്കുന്നത് തന്നെ പരിമിതമായ ചുറ്റുവട്ടത്തിൽ മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ വിവരസാങ്കേതികത അതിൻ്റെ സമയം കുറച്ച് റേഞ്ച് വർദ്ധിപ്പിച്ചിരിക്കുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് ലോകത്തെല്ലായിടത്തും ഏത് സംഭവങ്ങളും എത്തുകയാണ് ഇപ്പോൾ.


സത്യത്തിൽ പ്രപഞ്ചത്തിൽ ഇങ്ങനെ ചില ചലനങ്ങൾ ഉണ്ടാകുന്നത് അല്ലാഹുവിൻ്റെ ഉദ്ദേശപൂർവ്വമായ നീക്കമായിട്ടാണ് വിശ്വാസികൾ കാണേണ്ടത്. അല്ലാഹുവിനെ ഓർമിപ്പിക്കുവാൻ വേണ്ട ചില നിമിത്തങ്ങളാണ് ഇവ എന്ന് ചുരുക്കം. അതിനാൽ ലോകത്ത് വ്യത്യസ്തമെന്ന് വ്യവഹരിക്കാവുന്ന എന്തു സംഭവിച്ചാലും അത് ഉൾക്കൊള്ളുന്ന ദഅവാ ഉള്ളടക്കം കണ്ടുപിടിക്കുകയും അത് ആ അർത്ഥത്തിൽ അവതരിപ്പിക്കുകയും ചെയ്യുക എന്നത് ഈ വിഷയത്തിൽ പ്രധാനമാണ്. അങ്ങനെ നിരൂപണം ചെയ്തു അവതരിപ്പിക്കുമ്പോൾ അത് പ്രതികൂലമാവാതിരിക്കാനുള്ള ജാഗ്രത പുലർത്തേണ്ടതുണ്ട്. മറ്റു മതക്കാരെയോ പ്രത്യയശാസ്ത്ര ക്കാരെ കടന്നാക്രമിക്കുകയാണ് എന്ന് തോന്നാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ വന്നാൽ അത് ഒരു ബലപ്രയോഗമായും മറ്റും വ്യാഖ്യാനിക്കപ്പെടും. എന്തിനുവേണ്ടിയും ഉള്ള എല്ലാ ബലപ്രയോഗങ്ങളും ഇസ്ലാം നിരാകരിക്കുന്നതാണ്. മനുഷ്യൻ്റെ പ്രകൃതിയും പ്രകൃതവും അനുസരിച്ച് ബലപ്രയോഗം അവനിൽ ഒരുതരം സ്വാധീനവും ഉണ്ടാക്കുകയില്ല. നേരിട്ടുള്ള പ്രബോധനത്തിൽ തന്നെ ഒരാളോട് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുക എന്നതിനപ്പുറത്തേക്ക് അത് ആവർത്തിച്ചു പറയുക, നിർബന്ധിക്കുക തുടങ്ങിയ രീതികളിലേക്ക് തന്നെ പോകേണ്ടതില്ല എന്നാണ്. അല്ലാഹു പറയുന്നത്, ഒരാളെ ഹിദായത്തിലെത്തിക്കുന്നത് അല്ലാഹുവാണ് എന്നാണ്. അല്ലാതെ, നമ്മുടെ സംസാരങ്ങളല്ല. അതിനാൽ അത്തരം ബലപ്രയോഗങ്ങൾ ആവശ്യമില്ല. ഇസ്ലാമിലേക്ക് ക്ഷണിക്കുന്നത് പോലെ തന്നെയാണ് ഇസ്ലാമിലെത്തിയവരെ മതപരമായി വളർത്തുക എന്നത്. അതിനും ഇന്നത്തെ കാലത്ത് ഏറെ സാധ്യതയുള്ളത് സോഷ്യൽ മീഡിയാ അധ്യാപനം തന്നെയാണ്. ഇസ്ലാമിൻ്റെ സന്ദേശങ്ങൾ മുസ്ലിംകൾക്കും അല്ലാത്തവർക്കും നിർലോഭം ലഭിക്കുവാൻ വേണ്ട ഡാറ്റാ ബാങ്കുകൾ ഉണ്ടാക്കണം. ഇതിന് വെബ്സൈറ്റുകൾ, ബ്ലോഗുകൾ, പോഡക്കാസ്റ്റുകൾ തുടങ്ങിയ സാങ്കേതിക സങ്കേതങ്ങൾ ഉപയോഗപ്പെടുത്തണം. ഇവിടെയെല്ലാം നേരത്തെ പറഞ്ഞതു പോലുള്ള മനസ്സും മനസ്ഥിതിയും പുലർത്തുമ്പോൾ അതിന് അല്ലാഹുവിൻ്റെ സ്വീകാര്യത ലഭിക്കുകയും അത് വിജയിക്കുകയും ചെയ്യും. ലോകം ഒരു ഗ്ലോബും ലോകത്തിൻ്റെ മൊത്തം വ്യവഹാരങ്ങൾ ഇലക്ട്രോണിക് മീഡിയയും ആയി മാറിക്കഴിഞ്ഞ ഈ കാലത്ത് അടിസ്ഥാനങ്ങൾ മറക്കാതെയും കയ്യൊഴിക്കാതെയും നല്ല നിയ്യത്തോടെ, മികച്ച കരവിരുതോടെ ഇ-ദഅവാ രീതികളിലേക്ക് മാറാൻ സമയം എമ്പാടും ആയിക്കഴിഞ്ഞിരിക്കുന്നു. ഒപ്പം നിലവിലുള്ള പള്ളികൾ, മദ്രസകൾ, മതവിദ്യാലയങ്ങൾ തുടങ്ങിയവയെല്ലാം ഇതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യുകയും വേണം.


0













0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso