

മുഹർറം പകരുന്ന ആത്മീയ വികാരങ്ങൾ
2025-07-11
Web Design
15 Comments
വെള്ളി പ്രഭാതം
മുഹമ്മദ് നിസാമി തയ്യിൽ
വിശ്വാസികൾക്ക് വിശേഷപ്പെട്ട ഏതാനും സന്ദേശങ്ങൾ ഉൾക്കൊള്ളുന്നു എന്നതാണ് മൊത്തത്തിൽ മുഹർറം മാസത്തിന്റെ ആത്മീയ വികാരം. അവയിൽ ഒന്നാമത്തേത് നബി (സ) തിരുമേനി ഉണർത്തിച്ച മൂസാനബിയുടെയും ഇസ്റയേൽ സന്തതികളുടെയും വിമോചനവും സ്വാതന്ത്രവുമാണ്. പ്രവാചകനായ യൂസുഫ് നബിയിലൂടെയായിരുന്നു ഇസ്റയേൽ സന്തതികളുടെ താവഴി ചെങ്കടൽ കടന്ന് ഈജിപ്തിൽ എത്തിയത്. കേവലം ഒരു അടിമയായി ഈജിപ്തിലെത്തിയ യൂസുഫ് നബി അവിടത്തെ പിന്നീട് ആ നാടിൻറെ ഭരണാധികാരിയായി വളരുകയായിരുന്നു. അദ്ദേഹം ഈജിപ്തിന്റെ ഭരണാധികാരത്തിലെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ പിതാവ് യഅ്കൂബ് നബിയും മക്കളും കുടുംബാംഗങ്ങളും അദ്ദേഹത്തിൻ്റെ ആശ്രിതരായി മാറി കഴിഞ്ഞിരുന്നു. അധികം കഴിയും മുമ്പ് അവർ സകുടുംബം ഈജിപ്തിന്റെ ഭാഗമായി മാറി. പിന്നെ അവരുടെ കാലമായിരുന്നു. അവരെ ആ നാട് ഒരാൾക്കു ശേഷം ഒരാൾ എന്ന നിലക്ക് ഈജിപ്ത് സിംഹാസനത്തിലിരുത്തി. അങ്ങനെ വളർന്ന അവർ കാലക്രമത്തിൽ അഹങ്കാരികളും അക്രമികളുമായി മാറി. അതോടെ തദ്ദേശീയർക്ക് തിരിച്ചറിവുണ്ടായി. അവർ വൈദേശിക ഭരണകൂടത്തെ മറിച്ചിട്ടു. അധികാരം അങ്ങനെ തദ്ദേശീയരായ കോപ്റ്റിക്കുകളുടെ കയ്യിലെത്തി. പിന്നെ ഒരു പ്രതികാരമായിരുന്നു. കോപ്റ്റിക്കുകളുടെ ഭരണാധികളായിരുന്ന ഫറോവമാർ ബനൂ ഇസ്റായേല്യരെ അടിമകളാക്കി. നൂറ്റാണ്ടുകൾ ഇങ്ങനെ അടിമത്വത്തിന്റെ നുകങ്ങൾ പേറേണ്ടി വന്ന ഇസ്റയേൽ സന്തതികളെ ഫറോവമാരിൽ നിന്നും മോചിപ്പിക്കുവാൻ അല്ലാഹുവാൽ നിയുക്തനായ വിമോചകനായിരുന്നു മൂസാ നബി(അ). സമർഥമായ നീക്കങ്ങളിലൂടെ ധീരമായി അവരുമായി ചെങ്കടൽ കടന്ന് കനാൻ ദേശത്തിലേക്ക് അദ്ദേഹം തിരിച്ചു കൊണ്ടുവന്ന ഐതിഹാസികതയാണ് മുഹർറമിനു പറയാനുള്ള സന്ദേശത്തിന്റെ ഒന്നാം ലക്ഷ്യം. ക്രൂരമായ ഏകാധിപത്യം നടത്തിയ അടിച്ചമർത്തലുകളിൽ നിന്ന് രക്ഷപ്പെട്ടു സ്വന്തം അസ്തിത്വത്തെ കാത്ത അനുഭവമാണ് ഈ അനുഭവം ഒറ്റ വാചകത്തിൽ. ഒരു സമൂഹമായി തങ്ങളുടെ അവകാശാധികാരങ്ങൾ സംരക്ഷിച്ചും പരിപാലിച്ചും ജീവിക്കുവാനുള്ള മൗലികമായ അവകാശം പിടിച്ചു വാങ്ങിയതാണ് ഈ ചരിത്രം പറയുന്നത്. ഇതിന് തുണച്ചതിന്റെ പേരിലാണ് ജൂതന്മാർ മുഹർറം പത്ത് ആചരിക്കുന്നത്. അതിൻ്റെ മുമ്പോ പിമ്പോ ഒരു ദിവസം കൂടി ചേർത്ത് അത് നമ്മളും ആചരിക്കണം എന്ന് നബി(സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്. ജീവിതകാലം മുഴുവനും നബി(സ്വ) തങ്ങൾ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുകയും ചെയ്തു. ഒരു വർഷത്തെ ചെറിയ പാപങ്ങളെല്ലാം ഒറ്റയടിക്ക് മായ്ച്ചു കളയാൻ ഈ നോമ്പിന് കഴിയും എന്നും നബി(സ്വ) തങ്ങൾ പറഞ്ഞിട്ടുണ്ട്.
മുഹർറമിന്റെ രണ്ടാം അനുഭവവും ഇതിനു സമാനമായ സന്ദേശം തന്നെയാണ് നൽകുന്നത്. അത് നബി (സ) തിരുമേനിയുടെയും അനുയായികളുടെയും മദീനാ ഹിജ്റയാണ്. സമീപനത്തിലും രീതിയിലും വ്യത്യാസമുണ്ട് എങ്കിലും ഇസ്റയേൽ സന്തതികളുടേതിന് സമാനമായ ഒരു അവസ്ഥക്കു മുമ്പിലായിരുന്നു മക്കയിൽ നബിയും അനുയായികളും. പരസ്യമായി പ്രബോധനം ചെയ്യുവാനോ അനാശാസ്യതകളുടെ കയ്യിൽ കയറിപ്പിടിക്കുവാനോ ഒന്നും കഴിയാതെ അവർക്കും അവരുടെ ആശയത്തിനും ഒളിച്ചിരിക്കേണ്ടിവന്നത് നീണ്ട പതിമൂന്ന് വർഷങ്ങളാണ്. ഒരു സമൂഹമായി നിലനിൽക്കുവാനുള്ള അവകാശങ്ങൾ അവർക്കു മുമ്പിൽ നിഷേധിക്കപ്പെട്ടു. പരസ്യമായി തങ്ങളുടെ വിശ്വാസമനുസരിച്ച് ആരാധിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടു. ജീവിതം തന്നെ വഴിമുട്ടിയതോടെ അവരിൽ പലർക്കും അവരുടേതിനേക്കാൾ അവികസിതമായിരുന്ന ആഫ്രിക്കയിലേക്ക് മാറേണ്ടി വരെ വന്നു. നബിയെയും കുടുംബത്തെയും നഗരത്തിൽ നിന്ന് പടിയടച്ച് ഉപരോധത്തിലൂടെ പുറത്തേക്ക് ആട്ടിപ്പായിച്ചു. ത്വാഇഫ് വരെ പോയ നബിക്ക് തിരിച്ചു നാട്ടിൽ കയറുവാൻ ജാമ്യക്കാരൻ പോലും വേണ്ടി വന്നു. ഇത്തരമൊരു സാഹചര്യത്തിലായിരുന്നു ഹിജ്റ പലായനം. ഇവിടെത്തന്നെ നമുക്ക് ഒരുപാട് ചിന്തിക്കുവാനുണ്ട്. എതിരാളികളുടെ ഭാഗത്തുനിന്ന് ശക്തമായ എതിർപ്പ് നേരിട്ടപ്പോൾ അതിനെ അതേ നാണയത്തിൽ തിരിച്ചടിക്കാനല്ല മഹാനായ നബി തങ്ങൾ തയ്യാറായത്. മറിച്ച് അവിടെനിന്ന് മാറിക്കൊടുക്കുവാനായിരുന്നു. ഹിജ്റ നമ്മെ പഠിപ്പിക്കുന്ന പ്രധാന പാഠവും ഇതാണ്. അങ്ങനെ നാം ചെയ്യുമ്പോൾ അറിയപ്പെടാത്ത മാർഗത്തിലൂടെ വിജയങ്ങൾ കൈവരും എന്നതാണ് ഹിജ്റ പഠിപ്പിക്കുന്ന മറ്റൊരു പാഠം. മക്കയിൽ നിന്ന് മദീനയിൽ എത്തിച്ചേർന്ന നബി(സ്വ) തങ്ങൾ കേവലം പത്തുവർഷങ്ങൾ കൊണ്ട് വലിയ നേട്ടങ്ങളാണ് നേടിയത്. അക്ഷരാർത്ഥത്തിൽ ഇസ്ലാമിൻ്റെ പ്രതീകങ്ങളായ ഒരു ജനതയെ വാർത്തെടുക്കാൻ കഴിഞ്ഞു. അവരുടെ ജീവിതങ്ങളിൽ ഇസ്ലാം എന്ന മഹത്തായ വെളിച്ചം കത്തിച്ചുവെക്കാൻ കഴിഞ്ഞു. നന്മയുടെയും ധർമ്മത്തിന്റെയും വഴിയിലുള്ള എല്ലാ വെല്ലുവിളികളെയും അതിജയിക്കാൻ കഴിഞ്ഞു. അറേബ്യൻ ഉപഭൂഖണ്ഡത്തിൽ ഇസ്ലാം സ്ഥാപിക്കുവാനായി. അന്നത്തെ ലോകത്തെ എല്ലാ ഭരണാധികാരികൾക്കും ഈ സന്ദേശം എത്തിക്കുവാൻ കഴിഞ്ഞു. അങ്ങനെ വളരെ അർത്ഥമുള്ള ഒരുപാട് വിജയങ്ങൾ.
മൂസാനബിയുടെ വിമോചന ചരിത്രവുമായി സദൃശതകൾ ഇവിടെയും കാണാം. രണ്ട് സംഭവങ്ങളിലും ശരിയുടെ പക്ഷവും വേട്ടയുടെ ഇരകളും നിലനിൽപ്പ് തേടുകയാണ്. തങ്ങളുടെ കഴുത്തിലെ വടങ്ങൾ ആഴിച്ചെറിയുവാൻ ഉദ്യമിക്കുകയാണ്. ക്രൂരമായ ആധിപത്യങ്ങൾക്കെതിരെ വേറിട്ട ഒരു പോരാട്ടത്തിൽ ഏർപ്പെടുകയാണ്. അത് ഹൃദ്യവും മാന്യവും സമാധാന ഭദ്രവുമാണ്. കാരണം മുസാ നബി തന്റെ അനുയായികളെ ഈജിപ്തിൽ തന്നെ നിറുത്തി കലാപം പഠിപ്പിച്ച് പോരാട്ടത്തിനൊരുങ്ങുകയല്ല ചെയ്യുന്നത്. തന്റെ ജനതയെ തങ്ങളുടെ വഴിക്കു പോകാൻ അനുവദിക്കുവാൻ ആവശ്യപ്പെടുകയാണ്. മറിച്ചായിരുന്നുവെങ്കിൽ മനുഷ്യസംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഈജിപ്ത് ചോരയാൽ കുതിരുമായിരുന്നു. രണ്ടാം രംഗത്ത് നബി(സ്വ) തിരുമേനിയും ചെയ്യുന്നത് അതു തന്നെയാണ്. മക്കയിൽ ഒരു തിരിച്ചടിയും നടത്തുന്നില്ല. മറിച്ച് തങ്ങളെ പറ്റില്ലെങ്കിൽ ഞങ്ങൾ മാറിത്തരാം എന്ന മനോഹരമായ നിലപാട് സ്വീകരിക്കുകയാണ്. പിന്നെ തനിക്കും അനുയായികൾക്കും അനുയോജ്യമായ ഒരിടത്ത് തമ്പടിച്ച് സമൂഹത്തിന് അസ്തിത്വം ഉണ്ടാക്കിയെടുക്കുകയാണ്.
അതേ ആശയത്തിന്റെ അരികുപറ്റിയുള്ള ഒരു സന്ദേശമാണ് മൂന്നാമത്തേത്. അവിടെയും സ്വേഛാധിപത്യത്തിനും തന്നിഷ്ടത്തിനും എതിരെയുള്ള പോരാട്ടം തന്നെയാണ് കാണാൻ കഴിയുക. അത് ഹിജ്റ 61-ൽ നടന്ന കർബലാ യുദ്ധമാണ്. അബൂബക്‌റും ഉമറും ഉസ്മാനും അലിയും(റ) ഭരിച്ച ഇസ്‌ലാമിക രാഷ്ട്രം ഉമയ്യ കുടുംബവാഴ്ചയിലേക്ക് മുആവിയ്യത്തുബ്‌നു അബീ സുഫ്‌യാനിലൂടെ വ്യതിചലിക്കുകയും ഖിലാഫത്ത് രാജവാഴ്ചയിലേക്ക് തെന്നിമാറുകയും ചെയ്യുക വഴി സമുദായത്തിനകത്തുതന്നെ രൂപപ്പെട്ട ക്രമരാഹിത്യത്തിനെതിരെയുള്ള പോരാട്ടമായിരുന്നു അത്. അകത്തുള്ള പ്രശ്നമായതിനാൽ ഒന്നും രണ്ടും രംഗങ്ങളിൽ നിന്നും ചില വ്യത്യാസങ്ങൾ ഇവിടെ പ്രകടമാണ്. തനിക്കു ശേഷം മകന്‍ യസീദിനെ ഭരണ ചുമതലകള്‍ ഏല്‍പിക്കാന്‍ മുആവിയ തീരുമാനിച്ചു. പ്രവാചക പൗത്രന്‍ ഹുസൈന്‍(റ) അതിനെതിരായ പോരാട്ടത്തിന് രംഗത്തുവന്നു. അതോടെ മുഹര്‍റമിന്റെ ചരിത്രത്തിലെ മൂന്നാമത്തെ ചെറുത്തുനില്‍പ്പിന് കളമൊരുങ്ങുകയായിരുന്നു. ഇബ്‌നു സിയാദിന്റെ പട്ടാളം ഹസ്രത്ത് ഹുസൈനെയും നബി കുടുംബത്തില്‍പെട്ട അറുപതില്‍പരം സ്ത്രീപുരുഷന്മാരെയും കുട്ടികളെയും യൂഫ്രട്ടീസിന്റെ തീരത്ത് ഉപരോധിച്ചു. യസീദിന്റെ വാള്‍ത്തലയേറ്റ് അവര്‍ ധീര രക്തസാക്ഷിത്വം വരിച്ചു. ഐതിഹാസികമായ ഈ പോരാട്ടത്തിന്റെ അനുഭവം കൂടി ചേർത്തു വെക്കുമ്പോൾ മുഹർറം പകരുന്ന സന്ദേശം പൂർണ്ണമാകും. ബാഹ്യമായ വെല്ലുവിളികളുടെ മുമ്പിൽ നിന്നും സ്വന്തം അസ്തിത്വത്തിലേക്ക് മാറുകയും തുടർന്ന് ശക്തി സംഭരിക്കുകയും ചെയ്യുക വഴിയാണ് നിലനിൽപ്പ് ഉറപ്പിക്കുവാൻ കഴിയുക എന്ന സന്ദേശമാണത്.
ഇതെല്ലാം എക്കാലവും സത്യവിശ്വാസിയുടെ ജീവിതത്തിൽ പച്ചച്ച് നിൽക്കണമെന്നാണ് അല്ലാഹുവിന്റെ താല്പര്യം. അതുകൊണ്ടാണ് ഓരോ വർഷവും മുഹർറം കൊണ്ട് തുടങ്ങുന്നതും മുഹർറമിൽ ഈ സന്ദേശങ്ങളെല്ലാം ഉൾക്കൊണ്ടിരിക്കുന്നതും. അതേസമയം മാനസികമായി അത്തരത്തിൽ എല്ലാം സുസജ്ജനായി ഇരിക്കുക എന്നതല്ലാതെ മേൽപ്പറഞ്ഞ രീതികളിലുള്ള പോരാട്ടത്തിലേക്കുള്ള പ്രചോദനം ഒരിക്കലും മുഹർറം നൽകുന്നില്ല. കാരണം അത് പവിത്രമായ നാലു മാസങ്ങളിൽ ഒന്നാണ്. പരിശുദ്ധമാക്കപ്പെട്ട മാസങ്ങൾ എന്ന ആശയം വിശുദ്ധ ഖുർആൻ കൊണ്ടും തിരുഹദീസ് കൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു: ആകാശ-ഭൂമിയെ സൃഷ്ടിച്ച കാലം തൊട്ട് മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു.അതിൽ നാലെണ്ണം യുദ്ധം നിഷിദ്ധമാക്കപ്പെട്ട പരിശുദ്ധ മാസങ്ങളാകുന്നു. നബി(സ) പറയുന്നു; നിശ്ചയം കാലം അല്ലാഹു പടച്ച രീതിയിലേക്ക് തന്നെ മടങ്ങിയിരിക്കുന്നു. ഒരു വർഷത്തിൽ പന്ത്രണ്ട് മാസങ്ങളാകുന്നു. അതിൽ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാകുന്നു. മൂന്നെണ്ണം തുടരെ ക്രമത്തിൽ വരുന്ന ദുൽ ഖഅദ്, ദുൽ ഹിജജ, മുഹർറം എന്നീ മാസങ്ങളും മറ്റൊന്ന് ജുമാദിൻ്റെയും ശഅ്ബാനിൻ്റെയും ഇടയിയുള്ള റജബ് മുളറാകുന്നു. ഈ നാല് മാസങ്ങൾ മാത്രം പവിത്രമാക്കപ്പെടാനുള്ളതിൻ്റെ പിന്നിലെ യുക്തി പല രീതിയിൽ പണ്ഡിതർ വിശദീകരിക്കാൻ ശ്രമിച്ചതായി ചരിത്രത്താളുകളിൽ നമുക്ക് കാണാനാകും. പന്ത്രണ്ടിൽ നാല് മാത്രം വ്യതിരിക്തമാകുമ്പോൾ അതെന്തുകൊണ്ട് എന്ന് ചിന്തിക്കാൻ വിശ്വാസി ബാദ്ധ്യസ്ഥനാകുന്നു. ഇത് അവനെ പുതിയ ഒരു ചിന്താലോകത്തേക്ക് നയിക്കുന്നു. അതോടൊപ്പം ഏറ്റവും മൗലികമായ ഒരു ചിന്ത ഒരു വർഷത്തിന്റെ അവസാന യാമങ്ങൾ ഉയർത്തുന്നുണ്ട്. അത് മേൽ പറഞ്ഞ ശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് ഇമാം ഹസനുൽ ബസ്വരി തന്റെ വാക്കുകളിൽ ഇങ്ങനെ ആവാഹിച്ചെടുക്കുന്നു: 'ഏതാനും ദിന രാത്രങ്ങളുടെ സഞ്ചയമാണ് ഹേ മനുഷ്യാ നീ. ഓരോ ദിനം പിന്നിടുമ്പോഴും നിന്‍റെ ഒരു ഭാഗം ഇല്ലാതാവുകയാണ്'.
0
0 Comments
No comments yet.
Leave a Comment
© www.thdarimi.in. All Rights Reserved. Designed by zainso