Thoughts & Arts
Image

സൂംബ: മറ്റൊരു ലഹരിയാവാതിരിക്കട്ടെ!

2025-07-11

Web Design

15 Comments

മുഹമ്മദ് നിസാമി തയ്യിൽ





കുഞ്ഞാപ്പുവിന് ഇപ്പോൾ പ്രമേഹം ബാധിച്ചിരിക്കുന്നു. അത്ര പ്രായമൊന്നും ആയിട്ടില്ലാത്ത, മെലിഞ്ഞ കുഞ്ഞാപ്പുവിന് പ്രമേഹം ബാധിച്ചത് എല്ലാവർക്കും അതിശയം തന്നെയായിരുന്നു. ഇടക്ക് ഓരോന്ന് 'വലി'ച്ചു തുടങ്ങിയ ശീലം തനിക്ക് ഹാനികരമാകുന്നുണ്ട് എന്ന് സ്വയം തന്നെ തിരിച്ചറിയാവുന്ന വിധത്തിൽ പിന്നീട് മുറുകി. പിന്നെ പുകവലി നിറുത്തണം എന്ന ആഗ്രഹം ഇടയ്ക്കിടെ മനസ്സിൽ വന്നു പോയി ഇരുന്നു. ജീവിതത്തിൽ ഒരുപാട് പ്രാവശ്യം പുകവലി നിർത്തിയ ഒരാളായി മാറി പിന്നെ അവൻ. ഉറപ്പുള്ള തീരുമാനമെടുക്കാൻ വേണ്ട മനശക്തി ഇല്ലാത്തവർ ഒരുപാട് പ്രാവശ്യം ഇത്തരം ദുശ്ശീലങ്ങൾ നിർത്തിയവരായിരിക്കും. വൈകാതെ വീണ്ടും തുടങ്ങുകയും ചെയ്യും. അതിനിടയിൽ ആരോ പറഞ്ഞു കൊടുത്തു, വലിക്കാൻ തോന്നുമ്പോൾ ഒരു ച്യൂയിംഗം വാങ്ങി ചവച്ചാൽ മതി, വലി നിന്നുകൊള്ളും എന്ന്. കിട്ടുന്ന ഉപദേശങ്ങൾ എല്ലാം പ്രഥമദൃഷ്ട്യാ ശരിവെക്കുന്ന കുഞ്ഞാപ്പു ച്യൂയിംഗം പദ്ധതി തുടങ്ങി. അതിന്റെ മധുരം കൂടി സിരകളിൽ കയറിപ്പിടിച്ചതോടെ ഇപ്പോൾ കുഞ്ഞാപ്പുവിന്റെ വായയ്ക്ക് ഒരു ഒഴിവും ഇല്ല. ഒന്നുകിൽ ചുയിംഗം അല്ലെങ്കിൽ സിഗരറ്റ്. ചൂയിംഗത്തിന്റെ മധുരം നുകർന്ന് നുകർന്ന് കക്ഷി പ്രമേഹത്തിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. ഒരു ലഹരിയെ തടയാൻ മറ്റൊരു ലഹരിയെ കൂട്ടുപിടിക്കുന്നത് താത്വികമായും വസ്തുതാപരമായും വിഡ്ഢിത്തമാണ് എന്ന് പറയുവാൻ വേണ്ടിയാണ് ഈ നാടൻ കഥ ഓർത്തെടുത്തത്. അത് പറയുന്നതാവട്ടെ നാടിനെ അതിവേഗം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ലഹരികളിൽ നിന്ന് കുട്ടികളെ മാറ്റിയെടുക്കാനും അവരുടെ ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സൂംബ ഡാൻസ് സ്കൂളുകളിൽ നിർബന്ധിച്ചിരിക്കുന്നത് എന്ന് ഉത്തരവാദിത്തപ്പെട്ടവർ തന്നെ പറയുമ്പോഴാണ്. മുള്ളിനെ മുള്ള് കൊണ്ട് എടുക്കണം എന്നൊക്കെ പറയുന്നത് വെറും ഗീർവാണങ്ങളാണ്. മുള്ളിനെ എടുക്കാൻ മുള്ളിനേക്കാൾ മുനയുള്ള മറ്റെന്തെങ്കിലും വേണ്ടിവരും എന്ന് ചിന്തിക്കുന്നതും കരുതുന്നതുമാണ് ബുദ്ധി. ലഹരി എന്നാൽ എന്താണ് എന്ന് മനസ്സിലാക്കിയാൽ തന്നെ ഈ തത്വം തലയിൽ കേറും.


ഇനി ഇതിനു സമാനമായ മറ്റൊരു വാദം പോസ്റ്റ്മോർട്ടം ചെയ്യാം. അതും വേണ്ടപ്പെട്ടവർ പറഞ്ഞതുതന്നെ. ഇതൊരു വ്യായാമം മാത്രമാണ്, അതിനെ അങ്ങനെ കണ്ടാൽ മതി എന്ന വാദത്തെ. അത് ശരിയാണ്. ഉപദേശം ന്യായവുമാണ്. പക്ഷെ, അങ്ങനെയെങ്കിൽ എന്തുകൊണ്ട് സൂംബ എന്ന ഒരു ചോദ്യം ഉടലെടുക്കുന്നുണ്ട്. കാരണം വ്യായാമം മാത്രമാണ് ഉദ്ദേശം എന്നുണ്ടെങ്കിൽ അത് പുതിയതായിരിക്കണം എന്നുണ്ടെങ്കിൽ ഒരു അഭിപ്രായവ്യത്യാസവുമില്ലാത്ത യോഗ എന്ന നമ്മുടെ സ്വന്തം വ്യായാമ മുറ ഇവിടെയുണ്ട്. അതിൻ്റെ ബ്രാൻഡ് അംബാസിഡർ തന്നെ ഇന്ത്യയാണ്. നമ്മുടെ പ്രധാനമന്ത്രി ലോകത്തുടനീളം പറന്നു നടന്ന് അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പഴയത് മതിയെങ്കിൽ ഡ്രിൽ പ്രോഗ്രാമുകൾ നിലവിൽ തന്നെ ടൈം ടേബിളിൽ ഉണ്ട്. അതൊന്നുമില്ലാതെ ഈ പാശ്ചാത്യ നൃത്ത വ്യായാമം തന്നെ വാശിയോടെ അടിച്ചേൽപ്പിക്കാനുള്ള പ്രചോദനം എന്താണ് എന്നത് തികച്ചും അവ്യക്തമാണ്. ഒരു കാര്യത്തിൽ അവ്യക്തത ഉണ്ടാകുമ്പോൾ അവിടെ സംശയങ്ങൾ സ്വാഭാവികമായും അടിഞ്ഞുകൂടും. അതുതന്നെയാണ് ഇപ്പോഴുള്ള വിവാദങ്ങളുടെ ആകത്തുകയും. ഇങ്ങനെ പറഞ്ഞു വരുമ്പോൾ സ്വാഭാവികമായും ലഭിക്കുന്ന മറുപടി അവ ഓരോന്നും പോലെ തന്നെയാണല്ലോ സൂംബയും എന്നായിരിക്കും. എല്ലാറ്റിൻ്റെയും ആത്യന്തികമായ ലക്ഷ്യവും ഫലവും ശാരീരിക വ്യായാമമാണ്, ഓരോന്നിന്റെയും ഘടനയിലും രീതിയിലും എല്ലാം ചെറിയ ചില വ്യത്യാസങ്ങൾ ഉണ്ട് എന്നു മാത്രമേയുള്ളൂ എന്നതെല്ലാം വ്യായാമം എന്ന അർത്ഥത്തിൽ മാത്രമുള്ള ശരിയാണ്. അതേസമയം മറ്റുള്ളവർക്കൊന്നും ഇല്ലാത്ത ചില വ്യതിരിക്തതകൾ ഇതിനുണ്ട്. ഒന്നാമതായി ഇത് ലോകത്തെ പരിചയപ്പെടുത്തപ്പെട്ടിട്ടുള്ളത് തന്നെ വ്യായാമം കലർന്നതാണെങ്കിലും നൃത്തം എന്ന പേരിലാണ്. പേരിൽ എന്തിരിക്കുന്നു എന്ന് ചിന്തിക്കേണ്ട, കാരണം പേരിൽ പലതും ഇരിക്കുന്നുണ്ട്. പേരിനും ആ പേരിൻറെ പ്രയോഗത്തിനും പ്രയോഗിക്കുന്നവനെയും കേൾക്കുന്നവനെയും സ്വാധീനിക്കാൻ കഴിയും. വിഷയത്തോടുള്ള മനസ്ഥിതി നിശ്ചയിക്കുന്നത് ഈ സ്വാധീനമാണ്. പ്ലാവിന് വില പറയാൻ വന്ന ആ മരക്കച്ചവടക്കാരനെ ഇപ്പോഴും ഓർക്കുന്നു. അയാൾ കരുതിയതിൽ ഏറെ വലിയ വിലയായിരുന്നു ഉടമ കരുതിയിരുന്നത്. കച്ചവടം നടക്കുകയില്ല എന്ന് പ്രഥമദൃഷ്ട്യാ ഉറപ്പായ കച്ചവടക്കാരൻ പിന്നെ പ്ലാവിനെ പ്ലാവ് എന്നല്ല വിളിച്ചത്. മറിച്ച് 'ഒരു ചക്കക്കുരു വീണു മുളച്ചുണ്ടായത്' എന്നായിരുന്നു. അതോടെയാണ് സംഗതിയുടെ വില ഇടിഞ്ഞുവീണത്.


ഇപ്രകാരം തന്നെയാണ് വ്യായാമത്തെ നൃത്തം എന്ന് വിളിക്കുമ്പോൾ ഉണ്ടാകുന്നതും. നൃത്തം എന്ന് വിളിക്കുമ്പോൾ ഒരു കലയും അതിനുള്ള ഒരു പ്രാധാന്യവും മാത്രമേ അതിനുണ്ടാകൂ. ഒരു ഗൗരവം വരില്ല. വരാതിരിക്കാൻ ഈ പേരുമാത്രമല്ല മറ്റൊന്നുകൂടി ഉപോൽഭലകമാകുന്നുണ്ട്. അത് ഇതിൻ്റെ അനിവാര്യ ഘടകമായ സംഗീതമാണ്. സംഗീതവും നൃത്തവും കൂടിച്ചേരുന്നതോടെ സംഗതി ഒരു തമാശയായി മാറുന്നു. എന്നാൽ മറ്റുള്ളവക്കൊന്നും ഈ ഗതിയില്ല. ഇത്തരം ന്യായങ്ങൾ എല്ലാം ആർക്കും ആരോടും പറയാവുന്നതും എവിടെയും സ്ഥാപിക്കാവുന്നതുമാണ്. അത് ഏതെങ്കിലും ഒരു മതക്കാരുടെ മാത്രം പ്രശ്നമല്ല. പക്ഷേ എന്നിട്ടും ഇത് ഒരു മതക്കാരുടെ അസഹിഷ്ണുതയാണ് എന്ന് ഭരണപക്ഷവും അവരുടെ ചാനലും അവരോട് പരസ്യത്തിനു വേണ്ടി പരസ്യമായി ഒട്ടിനിൽക്കുന്ന മാധ്യമങ്ങളും പ്രചരിപ്പിക്കുന്നത് ചർച്ച വർഗീയത എന്ന മറ്റൊരു കോണിലേക്ക് തിരിച്ചുവിടാൻ വേണ്ടി മാത്രമാണ്. മുസ്ലിംകളെല്ലാം എല്ലാ പൊതു നന്മയോടും എതിരാണ്, അവർ ത്വാലിബാനിസ്റ്റുകളാണ് എന്നതൊക്കെ ചുട്ടെടുക്കാനുള്ള ഒരു വ്യഗ്രത അല്ലാതെ ജനങ്ങൾക്ക് വേണ്ടത് വിവരിച്ചു കൊടുക്കാനുള്ള സന്മനസ്സ് അതിലൊന്നും ഒട്ടുമില്ല. അതോടെ ഇടതുപക്ഷ ഗവൺമെൻറ് തങ്ങളുടെ അടിസ്ഥാന സാമ്രാജ്യത്വ വിരുദ്ധത പോലും മറന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സ്വകാര്യമേഖലയെ ഉത്തേജിപ്പിക്കണം എന്ന് കൊടിയെടുത്ത് പ്രഘോഷണം ചെയ്യുന്ന കമ്മ്യൂണിസ്റ്റുകൾക്ക് ഇപ്പോൾ പഥ്യം സാമ്രാജ്യത്വ ശക്തികളുടെ ഇത്തരം കലകളാണ്. നമ്മുടെ നാട്ടിലുള്ളതും നിലവിലുള്ളത് ഒന്നും അവർക്ക് കണ്ണിൽ പിടിക്കുന്നില്ല എന്നു വന്നിരിക്കുന്നു. ആ ഇരട്ടത്താപ്പ് എന്തായിരുന്നാലും ഉള്ളത് തന്നെയാണല്ലോ. നമ്മുടെ ഗവൺമെൻറ് ആശുപത്രികളാണ് ലോകോത്തരം എന്ന് ഗീർവാണം നടത്തുകയും സ്വന്തം ചികിത്സയ്ക്ക് വേണ്ടി പാശ്ചാത്യരെ പുൽകുകയും ചെയ്യുന്നത് പച്ചവെളിച്ചത്തിൽ ആണല്ലോ.


ഇനി വിഷയത്തിന്റെ മറ്റൊരു വശത്തേക്ക് വരാം. എതിർപ്പിന്റെ ന്യായമായി മുസ്ലിം സംഘടന നേതാക്കന്മാർ ഉന്നയിക്കുന്ന വാദങ്ങൾ എത്രമാത്രം പ്രസക്തമാണ് എന്നതിലേക്ക്. ആവശ്യത്തിനുള്ള വസ്ത്രം ഇല്ലാതെ ആണും പെണ്ണും കൂടി കലർന്നു കൊണ്ടുള്ള ഈ നൃത്ത പരിപാടി സാംസ്കാരികതയുടെ കോവിലുകളായ സരസ്വതി ക്ഷേത്രങ്ങളുടെ അന്തസത്തയോട് യോജിക്കുന്നതല്ല എന്നായിരുന്നു ചിലർ പറഞ്ഞത്. അതിന് വിദ്യാഭ്യാസ മന്ത്രി മറുപടി പറഞ്ഞു. യൂണിഫോമിൽ തന്നെ ആണ് കുട്ടികളോട് നൃത്തം ചെയ്യാൻ പറഞ്ഞിരിക്കുന്നത് എന്ന്. യൂണിഫോമിലാണ് നൃത്തം ചെയ്യേണ്ടത് എങ്കിൽ എത്രകാലം കുട്ടികൾ അതിനു തയ്യാറാവും എന്നത് കണ്ടറിയണം. അത് ഒരു വശം. മറുവശത്ത്, കൂടിക്കലരൽ വെറും സ്വാഭാവികമാണ് അതിൽ അപകടമൊന്നും പതിയിരിക്കുന്നില്ല എന്നൊക്കെയാണ് മറുപടി. ഈ മറുപടിയുടെ ഉള്ളിൽ ഗൂഡമായ ഇതിനു പിന്നിലെ ലക്ഷ്യങ്ങളിലേക്ക് ഉള്ള വ്യക്തമായ സൂചനകളുണ്ട്. കാരണം, ഇതിൻ്റെ ഗൂഢമായ ലക്ഷ്യങ്ങളിൽ ഒന്ന് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ മുന്നോട്ടു വെച്ചപ്പോൾ പിന്നോട്ട് വലിക്കേണ്ട ദുർഗതി വന്ന ജെൻഡർ പോളിറ്റിക്സ് തന്നെയാണ്. ആണും പെണ്ണും സ്വതന്ത്രമായി കൂടിക്കലർന്ന് ക്ലാസ്സിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളേക്കാൾ വലുതായിരിക്കും രണ്ടു ലിംഗവും കൂടിച്ചേർന്ന് പാട്ടിന് താളം പിടിച്ച് നൃത്തം ചെയ്യുമ്പോൾ ഉണ്ടാകുന്നത് എന്നത് സ്വന്തം ബുദ്ധി ചിന്തിക്കാൻ ഉപയോഗിക്കുന്ന ഒരാളോട് ഒരുപാട് പ്രാവശ്യം പറയേണ്ടി വരില്ല. അതത്രയും വ്യക്തമാണ്. ശക്തമായ സാമൂഹ്യ തിരിച്ചടി നേരിടുകയും മ്യൂട്ട് ചെയ്യേണ്ടി വരികയും ചെയ്ത അതേ ലിംഗസമത്വം എന്ന ആശയത്തിലേക്ക് കാര്യങ്ങളെ അടുപ്പിക്കുവാൻ വേണ്ടിയുള്ള ഒരു ഗൂഢശ്രമമാണ് ഇത് എന്ന് സംശയിച്ചാൽ ആരെയും കുറ്റപ്പെടുത്താൻ ആവില്ല. കാരണം അല്ലാതെ ഇങ്ങനെ വാശി പിടിക്കാൻ മറ്റൊരു ന്യായവും കാണുന്നില്ല. തൊട്ടുരുമ്മി നിന്നും കൂടിക്കലർന്നും സംഗീതത്തിന്റെ മൂഡിൽ ലയിച്ചമർന്ന് വ്യായാമം ചെയ്യുമ്പോൾ അത് ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മനസ്സിൽ മറ്റൊരു ലഹരിയാകും. അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമായി കിട്ടും.


മറ്റൊരു ഗൂഢലക്ഷ്യം, സ്കൂൾ സമയമാറ്റം എന്ന ഒരുപാട് കാലമായി ഇവർ മനസ്സിലേറ്റി നടക്കുന്ന മറ്റൊരു നടക്കാത്ത മോഹം ചുളുവിൽ നടത്തിയെടുക്കുക എന്നതാണ്. അതും വലിയ പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും വഴിതുറന്ന വിഷയമായിരുന്നു. നിർഭാഗ്യകരമായ യാദൃശ്ചികത എന്നു പറയട്ടെ അതിലും അസ്വസ്ഥത പ്രകടിപ്പിച്ചതും പ്രതിഷേധസ്വരം ഉയർത്തിയതും മുസ്ലിങ്ങളായിരുന്നു. കാരണം, അവർക്ക് രാവിലെ നേരത്തെ അവരുടെ കുട്ടികളെ മതം പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. ഓരോ കാര്യങ്ങളും വരുമ്പോൾ തന്നെ അതിൻ്റെ വരുംവരായ്കകളെ കുറിച്ച് ചിന്തിക്കുവാനും അതിനനുസരിച്ച് പ്രതികരിക്കുവാനും ഉള്ള ഒരു ശേഷി മുസ്ലിം ഉമ്മത്തിന് എക്കാലവും ഉള്ളതാണ്. ഇതിൻ്റെ സ്വരങ്ങൾ ക്രമേണ ചെറുതായി വരുന്നുണ്ട് എങ്കിലും പ്രതികരണം എന്നത് ഒരു ശരാശരി മുസൽമാൻ്റെ അടിസ്ഥാന സ്വഭാവമാണ്. മദ്രസകളിൽ നടക്കുന്ന ഈ മതപഠനം അടിസ്ഥാനപരമായി അവരെ എന്ന് മാത്രമല്ല മുസ്ലിങ്ങൾ അല്ലാത്ത എല്ലാവരെയും ഒന്നുകിൽ അസൂയപ്പെടുത്തുന്നുണ്ട് അല്ലെങ്കിൽ അസ്വസ്ഥരാക്കുന്നുണ്ട്. കാരണം മുസ്ലിം സമുദായത്തിന്റെ സാമൂഹ്യ ശക്തിയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു രഹസ്യമാണ് മതപഠനം. അത് സാംസ്കാരികമായി അവരെ സമുദ്ധരിക്കുകയും ശക്തരാക്കുകയും ചെയ്യുന്നുണ്ട്. മാത്രമല്ല പൊതു വിഷയങ്ങളിൽ ഉള്ള അവരുടെ പ്രതികരണം പലപ്പോഴും ഏകസ്വരത്തിലുള്ളതാണ്. അവരുടെ സ്വരങ്ങളെ ഒന്നിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം അവരുടെ സമൂഹത്തിലെ ഓരോരുത്തർക്കും ഉള്ള അടിസ്ഥാന വിദ്യാഭ്യാസം തന്നെയാണ്. ഇത് നന്നായി പഠിച്ചു മനസ്സിലാക്കിയ അവർ അതിനെതിരെ എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് കഴിഞ്ഞ 10 വർഷമായി ഏറ്റവും ചുരുങ്ങിയത് പഠിച്ചു കൊണ്ടേയിരിക്കുകയാണ്. ആ പഠനങ്ങളൊക്കെ അവരെ നയിക്കുന്നത് ഈ ഒരേ ഉത്തരത്തിലേക്കാണ്. എന്നാൽ കൃത്യമായ മതപഠനം എങ്ങനെയെങ്കിലും തകർക്കുക എന്നത് കേരളത്തിലെ പൊതു സാമൂഹ്യബോധത്തിനു മുമ്പിൽ അത്ര പെട്ടെന്ന് വിജയിക്കുന്ന വിഷയമല്ല. നേരെ ചൊവ്വേ അതിനെ നിരോധിക്കുവാനോ അതിന് വിഘാതമാകുന്ന കാര്യങ്ങളെ തടയുവാനോ ശ്രമിക്കുന്നത് ഫലം ചെയ്യില്ല എന്ന് അവർക്കറിയാം. അതിനാൽ മറ്റെന്തെങ്കിലും കാരണം പറഞ്ഞു എങ്ങനെയെങ്കിലും ഇതിനു ശ്രമിക്കുക എന്നത് അവരുടെ പണ്ടേയുള്ള ഒരു പണിയാണ്. ഇപ്പോൾ ഈ നൃത്തത്തിന്റെ പേര് പറഞ്ഞു സമയത്തെ ഒന്നു വലിച്ചു നീട്ടാൻ കഴിയും എന്ന് അവർ വിശ്വസിക്കുന്നു. നൃത്തവും വ്യായാമവും എല്ലാം ലാസ്റ്റ് പീരിയഡിന് ശേഷമാണ് എന്നത് ശ്രദ്ധേയമാണ്. മദ്രസ പഠനം ഒഴിവാക്കി ഓടിവരുന്നത് നൃത്തം കളിക്കാൻ മാത്രമാണ് എന്നുവന്നാൽ ഒരുപക്ഷേ സ്കൂൾ സമയം വർദ്ധിപ്പിച്ച് മുസ്ലിങ്ങളുടെ മതപഠനത്തെ തിരക്കി പടിയിറക്കാൻ കഴിയില്ല.


ഇനി ഈ നൃത്തത്തിനു വേണ്ടി മുന്നോട്ടുവെക്കുന്ന എല്ലാ ന്യായങ്ങളും സത്യസന്ധങ്ങളാണ് എന്ന് വിചാരിച്ചാൽ തന്നെ ഇത് നടപ്പിലാക്കിയ രീതിയെ അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യ പോലുള്ള ഒരു ബഹുമത രാജ്യത്തിൽ കേരളം പോലെയുള്ള ഒരു പ്രബുദ്ധത അവകാശപ്പെടുന്ന സംസ്ഥാനത്ത് ഒരു നിയമം കൊണ്ടുവരുമ്പോൾ അത് ഓരോ വിഭാഗം ജനങ്ങളെയും എങ്ങനെ ബാധിക്കും എന്നത് പഠിച്ചിട്ട് വേണം എന്നത് ഒരു കേവല നീതിയാണ്. അത് ആർക്കെങ്കിലും വേണ്ടിയോ എന്തിനെങ്കിലുമോ പറയുന്നതല്ല. ഒരുപാട് വിഭാഗം ജനങ്ങൾ ഉണ്ടായിരിക്കെ, അവരെല്ലാവരും ഒരേ പോലെ അനുസരിക്കേണ്ടുന്ന ഒരു നിയമം ആവിഷ്കരിച്ച് നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ അവരോട് എല്ലാവരോടും അത് പറയുകയും അവരുടെ അഭിപ്രായം സ്വീകരിക്കുകയും ചെയ്യുക എന്നത് പ്രബുദ്ധതയുള്ള രാഷ്ട്രീയക്കാർ ചെയ്യുന്ന കാര്യമാണ്. അങ്ങനെ ചെയ്യുമ്പോൾ ഒന്നുകിൽ ഇപ്പോഴുള്ള ആശങ്കകൾ എല്ലാം വിവാദമാകുന്നതിന് മുമ്പ് തന്നെ പുറത്തു ചാടും. അല്ലെങ്കിൽ എല്ലാവരുടെയും പരാതിയും ആശങ്കയും പരിഹരിക്കാൻ പറ്റുന്ന വിധത്തിലേക്ക് ഈ നിയമത്തെ മാറ്റാൻ കഴിയും. പക്ഷേ ഇവിടെ അത്തരം തലങ്ങളിൽ ചർച്ചകൾ ഒന്നും നടത്താതെ നിയമം അടിച്ചേൽപ്പിച്ചിരിക്കുകയാണ്. അത് അംഗീകരിക്കുന്നത് ജനായത്വത്തിന്റെ രീതിയല്ല. ചർച്ചകൾ നടത്താതെ നിയമങ്ങൾ അടിച്ചേൽപ്പിക്കുക എന്നതാണ് സത്യത്തിൽ ഫാഷിസം. ഫാഷിസം എന്ന വാക്ക് കേൾക്കുമ്പോഴേക്കും എല്ലാവരും ബിജെപിയെയും ആർഎസ്എസിനെയും ഓർക്കുക മാത്രമാണ് ചെയ്യുന്നത്. അവരുടെ നയത്തെ ഫാഷിസം എന്ന് വിളിക്കുന്നത് എന്തിൻ്റെ പേരിലാണ് എന്ന് ചിന്തിക്കുന്നില്ല പലരും. അത് അവരുടെ വ്യക്തിപരമോ മതപരമോ ആയ താൽപര്യങ്ങൾ മറ്റുള്ള ജനവിഭാഗങ്ങൾക്കു മേൽ ഒരു ചർച്ചയും നടത്താതെ, ഒരഭിപ്രായ സമന്വയവും ഉണ്ടാക്കിയെടുക്കാതെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതുകൊണ്ടാണ്. അങ്ങനെയെങ്കിൽ എന്തൊക്കെയോ ന്യായങ്ങൾ എഴുന്നള്ളിച്ച് അടിച്ചേൽപ്പിച്ചിരിക്കുന്ന ഈ നിയമത്തെയും ആ ഗണത്തിൽ തന്നെ കാണേണ്ടതായി വരും. ചർച്ചകളിൽ നിന്നും വീണ്ടുവിചാരങ്ങളിൽ നിന്നും വീണ്ടും വീണ്ടും ഉത്തരവാദിത്തപ്പെട്ടവർ അകന്നു നിൽക്കുന്നതാണ് ഇപ്പോഴും കാണപ്പെടുന്നത്. മാത്രമല്ല എതിര് പറയുന്നവരെ അടിച്ചമർത്തിയും ശിക്ഷിച്ചും സംഗതിയെ ആവശ്യത്തിനും അപ്പുറത്തുള്ള ഒന്നാക്കി അവതരിപ്പിക്കുവാൻ ഉള്ള ശ്രമങ്ങൾ വരെ സജീവവുമാണ്. അതിൻ്റെ അർത്ഥം പ്രതിഷേധങ്ങളെയും പ്രകടനങ്ങളെയും ഞങ്ങൾ മാനിക്കുന്നില്ല എന്ന് ഭരണകൂടം തുറന്നുപറയുന്നു എന്നതാണ്. അതൊന്നും ഒരു നല്ല ഭരണകൂടത്തിന്റെ ലക്ഷണവും ശീലവും അല്ല.


0




0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso