Thoughts & Arts
Image

മുഹറമിന്റെ വിശേഷങ്ങളും വികാരങ്ങളും

2025-07-11

Web Design

15 Comments

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





പുതിയ ഹിജ്റ വർഷം പിറന്നു. പടികടന്നു വരുന്ന വർഷം പടികടന്ന് പോകുന്ന വർഷത്തിൽ നിന്ന് കെട്ടിലോ മട്ടിലോ പ്രകൃതത്തിലോ പ്രഭാവത്തിലോ വ്യത്യാസമുള്ളതല്ല. എല്ലാം തനിയാവർത്തനങ്ങൾ മാത്രം. എങ്കിൽ പിന്നെയെന്താണ് ഓരോ ആണ്ടറുതിയിലും പ്രത്യേകിച്ച് പറയാനുള്ളത് എന്ന് ദയവായി ചിന്തിക്കരുത്. എല്ലാം ആവർത്തനങ്ങളാണ് എന്നത് ശരിയാണ് എങ്കിൽ പോലും ഓർമ്മപ്പെടുത്തലുകൾ അനിവാര്യമാണ്. കാരണം ആവർത്തിച്ച് വരുന്നതോടെ അത്തരം സംഭവങ്ങൾക്കെല്ലാം ഒരു തരം മങ്ങൽ സ്വാഭാവികമാണ്. അതിനാൽ ഓർമ്മപ്പെടുത്തിയ കാര്യങ്ങൾ തന്നെ വീണ്ടും ഓർമ്മപ്പെടുത്തേണ്ടതായി വരും. ആ ചിന്തകൾ തുടങ്ങുന്നത് പുതിയ ഒരു വർഷം വീണ്ടും വന്നു എന്നിടത്തു നിന്നു തന്നെയാണ്. എന്തിനാണ് ഇത്തരം ഒരു ചാക്രികത നമ്മുടെ കാലത്തിന് സൃഷ്ടാവ് നൽകിയിരിക്കുന്നത് എന്നത് ഒരു പ്രധാന ചിന്ത തന്നെയാണ്. ഒരു വീണ്ടുവിചാരത്തിന് അവസരം സൃഷ്ടിക്കുവാൻ വേണ്ടിയാകാം എന്നതാണ് അതിനുത്തരം. ജീവിതത്തിൽ നിന്ന് ഒരു വർഷം കൂടി പിന്നിട്ടുവല്ലോ എന്ന ചിന്ത ഉണ്ടാകുവാനും പിന്നിട്ട വർഷം എങ്ങനെയെല്ലാം ആയിരുന്നു അനുഭവപ്പെട്ടത് എന്നത് പരിശോധിക്കുവാനും അതിൽ ഉണ്ടായ നേട്ടങ്ങളും വിജയങ്ങളും പൂർവാധികം ശക്തിയോടുകൂടി ആവർത്തിക്കുവാൻ തീരുമാനിക്കുവാനും അതിൽ ഉണ്ടായ കോട്ടങ്ങളും പരാജയങ്ങളും ഇനിയൊരിക്കൽ കൂടി പറ്റാതിരിക്കുവാൻ വേണ്ട ജാഗ്രത നേടുവാനും എല്ലാമാണ് ഈ വീണ്ടും വിചാരം. കാലത്തിൻ്റെ ആണ്ടറുതികൾക്കു പിന്നിൽ ഈ ഒരൊറ്റ ലക്ഷ്യം മാത്രമാണ് പ്രപഞ്ചത്തെയും കാലത്തെയും ഇങ്ങനെ ക്രമീകരിച്ച സൃഷ്ടാവ് കരുതിയിരിക്കുക. ഇസ്ലാമിക സംഹിതയിൽ ഈ വീണ്ടുവിചാരത്തിനും പുനപരിശോധനക്കും വലിയ സ്വാധീനമുണ്ട്. കാരണം കാലത്തിൻ്റെ മൂശയിലിട്ടാണ് മനുഷ്യനെ സൃഷ്ടാവ് ശരിപ്പെടുത്തി എടുക്കുവാൻ ഉദ്ദേശിക്കുന്നത്. അതിനു വേണ്ടതെല്ലാം കാലത്തിൻ്റെ ഒഴുക്കിനിടയിൽ അവൻ ക്രമീകരിച്ച് വെച്ചിട്ടുമുണ്ട്. ഓരോ ദിവസവും മാസവും വർഷവും ചുറ്റിത്തിരിഞ്ഞ് വരുമ്പോഴേക്കും മനുഷ്യൻ്റെ ആത്മ വിശുദ്ധിയും ജീവിതത്തിലെ മൂല്യ സമ്പാദ്യങ്ങളും വർദ്ധിക്കുകയും വ്യക്തിയിലും വ്യക്തിത്വത്തിലും ക്രമാനുഗതമായ മാറ്റങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയാണ് കാലം അതിൻ്റെ മൂശയിലിട്ട് മനുഷ്യനെ സ്ഫുടം ചെയ്തെടുക്കുന്നത്.


രണ്ടാമത്തേത് ഈ ആണ്ടറുതിയുടെ അടിസ്ഥാനം ഹിജ്റ എന്ന ആശയമാണ് എന്നതാണ്. നബി (സ്വ) തിരുമേനിയുടെ ഹിജ്റം മുഹറം മാസത്തിലായിരുന്നില്ല. എന്നിട്ടും ഈ കലണ്ടറിന് ഹിജ്റ എന്ന പേര് വന്നത് ബോധപൂർവ്വം തന്നെയാണ്. അതായത് ഈ കലണ്ടറിലൂടെ കടന്നുപോകുമ്പോൾ എല്ലാം ഹിജ്റ എന്ന ആശയം വിശ്വാസികളുടെ മനോമുകരത്തിൽ അങ്കുരിക്കണം എന്ന ബോധത്തോടെ. അത്രമേൽ പ്രധാനപ്പെട്ട ഒരു ആശയമാണ് ഹിജ്റ എന്നത്. നബി തങ്ങൾ തൻറെ 53 ജന്മദേശമായ മക്കയിൽ നിന്ന് മദീനയിലേക്ക് മാറി എന്ന ഒറ്റ വാചകത്തിൽ പറയാവുന്ന സംഭവമല്ല അത്. മറിച്ച് സാമൂഹികമായും ആത്മീയമായും രാഷ്ട്രീയമായും സാമ്പത്തികമായും എല്ലാം വലിയ സ്വാധീനം ഉണ്ടാക്കിയ ചരിത്രത്തിന്റെ ഒരു വഴിത്തിരിവ് ആയിരുന്നു ഹിജ്റ. നീണ്ടകാലത്തെ പീഡനങ്ങളോട് നബി തിരുമേനി കാണിച്ച പ്രതികരണത്തിന്റെ രീതി ആണ് ഹിജ്റയിലെ ഏറ്റവും വലിയ സന്ദേശം. ഒട്ടും ന്യായീകരിക്കാൻ കഴിയാത്ത വെറും വാശിയുടെ അടിസ്ഥാനത്തിലുള്ള ക്രൂരമായ എതിർപ്പുകൾ ആയിരുന്നു മക്കക്കാരിൽ നിന്ന് നബിക്ക് നേരിടേണ്ടിവന്നത്. അതിനു പ്രതികാരമായി അവിടെത്തന്നെ പിടിച്ചുനിന്നും തിരിച്ചടിച്ചും പ്രതികരിക്കുവാൻ ഒരുങ്ങാതെ നബി തങ്ങൾ അവിടെ നിന്ന് മാറി കൊടുക്കുകയായിരുന്നു ഹിജറയിലൂടെ. മറ്റൊന്ന് ഈ പലായനം താൽക്കാലികമായ ചില മാനസിക പ്രശ്നങ്ങളും പ്രയാസങ്ങളും ഉണ്ടാക്കിയെങ്കിലും അതെല്ലാം നല്ലതിനായിരുന്നു എന്ന അനുഭവമാണ്. നന്മ ഉദ്ദേശിച്ചുകൊണ്ട് മാറി കൊടുക്കുന്നതും താഴ്മ ചെയ്യുന്നതും വിട്ടുവീഴ്ചക്ക് വിധേയനാകുന്നതും എല്ലാം സൃഷ്ടാവായ അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള മൂല്യങ്ങളാണ് എന്നും അതിനാൽ തന്നെ മറുവാതിലിലൂടെ വിജയവും നേട്ടവും അവൻ എത്തിച്ചു തന്ന് അനുഗ്രഹിക്കുമെന്നുമുള്ള മഹത്തായ തത്വം വിശ്വാസികളുടെ ലോകത്തെ ഹിജ്റ പഠിപ്പിക്കുകയായിരുന്നു. കാരണം ഹിജ്റ കഴിഞ്ഞതിന്റെ ശേഷമുള്ള പത്തു വർഷങ്ങൾക്കുള്ളിൽ നബി തങ്ങൾ എല്ലാ എതിർപ്പുകളെയും അതിജയിച്ചു. എല്ലാ കാലത്തിനും മാതൃകയാക്കാവുന്ന ഒരു ഉത്തമ സമൂഹത്തെ സ്ഥാപിച്ചു. അറേബ്യൻ ഉപഭൂഖണ്ഡത്തെ മുഴുവനും ഇസ്ലാമിലെ എത്തിച്ചു. അവിടെ തീർത്തും സുരക്ഷിതമായ ഒരു രാഷ്ട്രം സ്ഥാപിച്ചു. അക്കാലത്തെ എല്ലാ സാമ്രാജ്യം ശക്തികൾക്കും തന്റെ ദൗത്യത്തിന്റെ സന്ദേശം വിജയകരമായി എത്തിക്കുകയും ചെയ്തു. അതിനാൽ തന്നെ ഹിജ്റ ഒരു പ്രതീക്ഷയാണ്. അത് പ്രതിബന്ധങ്ങൾക്കും പ്രയാസങ്ങൾക്കും മേൽ വിശ്വാസി നേടുന്ന വിജയമാണ്. അപ്പോൾ പിന്നെ അത് എക്കാലവും പ്രസക്തമായ ഒരു പാഠമായി നിൽക്കുന്നു.


നന്മയിലേക്ക് കുതിക്കുക എന്നത് ഓരോ മനുഷ്യനിൽ നിന്നും മതങ്ങൾ ആവശ്യപ്പെടുന്ന ഒരു പ്രധാന കാര്യമാണ്. അത് പക്ഷേ ഒരു ഉദ്ബോധനത്തിലോ പ്രഘോഷണത്തിലോ ഒതുക്കുകയാണ് പലപ്പോഴും മതങ്ങളും ഇസങ്ങളും ചെയ്യുന്നത്. എന്നാൽ അതിനു വിരുദ്ധമായി ഇസ്ലാം നന്മയിലേക്ക് കുതിച്ചുപായാനുള്ള പ്രചോദനങ്ങളെ നേരത്തെ നാം പറഞ്ഞതുപോലെ കാലത്തിൻ്റെ ഉള്ളിൽ തന്നെ വെച്ചുകൊടുക്കുകയാണ്. അതുകൊണ്ട് ഒരു വർഷത്തിന്റെയും പുതിയ തീരുമാനങ്ങളുടെയും തുടക്കം കുറിക്കുന്ന മുഹർറം മാസത്തെ തന്നെ വലിയൊരു പ്രചോദനമാക്കി മാറ്റിയിരിക്കുന്നു എന്നതാണ് ഈ ആണ്ടറുതി പകരുന്ന മറ്റൊരു സന്ദേശം. ആ പ്രചോദനങ്ങളിൽ ഒന്നാമത്തേത് മുഹർറം സമാധാനത്തിന്റെ നാലു മാസങ്ങളിൽ പെട്ട ഒരു മാസമാണ് എന്നതാണ്. യുദ്ധങ്ങൾ പോലും ഉപേക്ഷിച്ച് ശാന്തചിത്തരായി അല്ലാഹുവിൽ അലിഞ്ഞുചേരാനുള്ള അവസരങ്ങൾ ആയി കൊണ്ടാണ് ഈ നാലു മാസങ്ങൾ ആചരിക്കുവാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. അത് ഋജുവായ മതത്തിൻ്റെ വികാരമാണ് എന്നും പ്രസ്തുത മാസങ്ങളിൽ ഒരു വിശ്വാസി സ്വന്തം ഉൺമയോട് പോലും തെറ്റ് ചെയ്യാൻ പാടില്ല എന്നും അല്ലാഹു പറഞ്ഞിരിക്കുന്നു (തൗബ: 36). സ്വന്തം ഉൺമയോട് തെറ്റ് ചെയ്യുക എന്നാൽ പാപങ്ങൾ ചെയ്യുക എന്നതാണ് അതിൻ്റെ അർത്ഥം. അഥവാ, ഒരു ഹിജ്റ വർഷം തുടങ്ങുന്നത് തന്നെ ശാന്തതയും പ്രതീക്ഷയും പുലർത്തി കൊണ്ടാണ്. ഈ നാലു മാസങ്ങൾക്കിടയിൽ ഏറെ വ്യത്യസ്തമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന നിരവധി സവിശേഷതകൾ മുഹർറം എന്ന മാസത്തിനുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് റമദാൻ കഴിഞ്ഞാൽ പിന്നെ സുന്നത്തായ വ്രതത്തിന് ഏറെ പ്രാധാന്യമുള്ള മാസമാണ് ഇത് എന്നതാണ്. അങ്ങനെ സ്വഹീഹായ ഹദീസിൽ വന്നിരിക്കുന്നു. ഈ മാസത്തിൽ പൊതുവേ സുന്നത്ത് നോമ്പ് അധികരിപ്പിക്കുന്നത് ശ്രേഷ്ഠരായ മുൻഗാമികളുടെ ജീവിതശീലമായിരുന്നു. മുഹറം 10 ആശൂറാ ദിനത്തിൽ നബി തങ്ങൾ ജീവിതകാലം മുഴുവനും നോമ്പ് അനുഷ്ഠിച്ചിരുന്നു. ഈ നോമ്പ് ഒരു വർഷത്തെ ചെറിയ പാപങ്ങളെല്ലാം മായ്ച്ചു കളയും എന്ന് തിരുവചനത്തിൽ വരികയും ചെയ്തിട്ടുണ്ട്. ഒരു അവസരം കൂടി ലഭിച്ചാൽ ഒമ്പതിനും ഞാൻ നോമ്പ് നോൽക്കും എന്ന് നബി താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ജൂതന്മാർക്കും ഏറെ സവിശേഷമായ ദിവസമായിരുന്നു മുഹറം പത്ത്. അവരോട് വ്യത്യാസപ്പെടുക എന്ന താൽപര്യം കൊണ്ടായിരുന്നു നോമ്പു നോക്കാൻ വ്രതമനുഷ്ഠിക്കുവാൻ നബി(സ്വ) താല്പര്യപ്പെട്ടത് എന്നാണ്. അതിനു പക്ഷേ അവസരം ഉണ്ടായില്ല. അതിനാൽ ഈ ആശയമനുസരിച്ച് പത്തിന് മുമ്പോ പിമ്പോ ഒരു ദിവസം കൂടി നോമ്പ് നോക്കുക എന്നാണ് പണ്ഡിതന്മാർ നിർദ്ദേശിക്കുന്നത്.


നോമ്പ്, ആരാധനകൾ തുടങ്ങിയവയിലൂടെ ലഭിക്കുന്ന ആത്മീയ ആനന്ദങ്ങൾക്ക് പുറമേ വിശ്വാസികൾക്ക് മനസ്സിന് ബലമേകുന്ന ഒരുപാട് വിജയങ്ങളുടെ വേദിയും ആയിട്ടുണ്ട് മുഹർറം മാസം. പല പ്രവാചകന്മാരുടെയും ജീവിതത്തിൽ മഹാവിജയങ്ങൾ ഉണ്ടായത് ഈ ദിവസങ്ങളിൽ ആണ് എന്ന് ചരിത്രപുസ്തകങ്ങൾ പറയുന്നുണ്ട്. ആ കൂട്ടത്തിൽ ഒന്ന് നബി(സ്വ) തങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട് അത് മൂസാ നബി ഫറോവയുടെ മേൽ നേടിയ അത്യുജ്ജ്വല വിജയമാണ്. യൂസഫ് നബിയുടെ കാലം തൊട്ട് ഈജിപ്തിൽ ജീവിതം തുടങ്ങിയ ഇസ്രയേൽ സന്തതികൾ അവസാനം മഹാ ദുരിതങ്ങളിൽ എത്തിപ്പെടുകയായിരുന്നു. തദ്ദേശീയരായ കോപ്റ്റിക്കുകൾ അവരെ അടിമകളാക്കി വെച്ചതായിരുന്നു. അവരെ അവിടെ നിന്ന് രക്ഷപ്പെടുത്തുവാനുള്ള ദൗത്യമാണ് മൂസാ നബിക്ക് അല്ലാഹു നൽകിയത്. അക്കാലത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയും അക്രമിയായ ഭരണാധികാരിയും ആയിരുന്നു ഈജിപ്ത് വാണിരുന്നത്. അവിടെ നിന്ന് അഞ്ചു തലമുറകൾ എങ്കിലും ഉൾക്കൊള്ളുന്ന ഇസ്രയേൽ സന്തതികൾ എന്ന വലിയ ജനക്കൂട്ടത്തെ രക്ഷപ്പെടുത്തുക വലിയ വെല്ലുവിളിയായിരുന്നു. പക്ഷേ അല്ലാഹു അത് സാധ്യമാക്കി കൊടുത്തു. വിശ്വാസികൾ ഉള്ള കാലത്തോളം അനുസ്മരിക്കേണ്ട ഒരു മഹാ വിജയമായിരുന്നു അത്. ലോകാവസാനം വരെ ഓർമ്മിക്കപ്പെടുവാൻ വേണ്ടി എന്നോണം അത് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുമുണ്ട്. അതിലുള്ള നന്ദി പ്രകടനം ആയിരുന്നു ജൂതന്മാർ ഈ ദിവസത്തെ ഉപവാസത്തിലൂടെ ആചരിച്ച് പ്രകടിപ്പിച്ചിരുന്നത്. ആ കഥ ഓർമ്മപ്പെടുത്തിയ നബി(സ്വ) തങ്ങൾ പറഞ്ഞത് മൂസാനബിയെ അനുസ്മരിക്കുവാനും അദ്ദേഹം നേടിയ വിജയത്തെ ആചരിക്കുവാനും ഏറ്റവും നമ്മളാണ് എന്നതായിരുന്നു.


ഇസ്‌ലാമിന് മുമ്പ് ജാഹിലിയ്യത്തില്‍ പോലും ഖുറൈശികള്‍ മുഹര്‍റം മാസത്തെ പ്രത്യേകമായി കണ്ടിരുന്നു. ഈ പ്രത്യേകത ഇസ്ലാമും നൽകുന്നുണ്ട്. പ്രത്യേകിച്ചും ഈ മാസത്തിലെ ആദ്യത്തെ പത്തു ദിനങ്ങൾക്ക്. അതിനാൽ ഈ മാസത്തെയും ദിവസങ്ങളെയും ആദരിക്കാനും ബഹുമാനിക്കാനും ബാധ്യസ്ഥരാണ്. അതുതന്നെയാണ് മുഹർറമിൻ്റെ ഏറ്റവും വലിയ സന്ദേശം.


0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso