Thoughts & Arts
Image

'ബാറക്നാ ഹൗലഹു.. '

2025-10-24

മുഹമ്മദ് നിസാമി തയ്യിൽ



മഹാനായ പ്രവാചകൻ്റെ നിശാപ്രയാണം, ആകാശ ആരോഹണം എന്നിവയെ കുറിച്ചുള്ള അല്ലാഹുവിൻ്റെ പ്രസ്താവന ഇപ്രകാരമാണ്: 'തന്റെ അടിമ(മുഹമ്മദ് നബി)യെ, മസ്ജിദുല്‍ ഹറാമില്‍ നിന്ന് ചുറ്റുപാടിനെ നാം അനുഗ്രഹിച്ച മസ്ജിദുല്‍ അഖ്‌സായിലേക്ക് ഒരു രാത്രിയില്‍ സഞ്ചരിപ്പിച്ചവന്‍ പരിശുദ്ധനത്രേ. അദ്ദേഹത്തിന് നമ്മുടെ ചില ദൃഷ്ടാന്തങ്ങള്‍ കാണിച്ചു കൊടുക്കാനായിരുന്നു അത്. നിശ്ചയം, എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ് അല്ലാഹു'. ഈ സൂക്തത്തിലെ 'ചുറ്റുപാടിനെ നാം അനുഗ്രഹിച്ച' എന്ന പ്രയോഗത്തിന്റെ പൊരുളുകൾ തേടിയാണ് ഇന്നത്തെ നമ്മുടെ ചിന്താ സഞ്ചാരം. കാരണം ഈ പ്രയോഗം എന്തൊക്കെയോ ചില പ്രത്യേകതകൾ ഉൾക്കൊള്ളുന്നതായി പ്രത്യക്ഷത്തിൽ തന്നെ നമുക്ക് മനസ്സിലാക്കാം. നമ്മുടെ വിശ്വാസധാരയിലെ രണ്ടാമത്തെ ഖിബ് ലയും മൂന്നിലൊരു വിശുദ്ധ ഹറമുമായ മസ്ജിദുൽ അഖ്സായെ അല്ലാഹു അനുഗ്രഹ സമ്പന്നമാക്കി എന്നല്ല ഇവിടെ പറയുന്നത്. അൽ അഖ്സ്വാ പള്ളിയിലോ പള്ളിക്കുമേലിലോ ഐശ്വര്യം ചൊരിഞ്ഞു എന്നുമല്ല പ്രയോഗിച്ചിരിക്കുന്നത്. മറിച്ച് അനുഗ്രഹിച്ചിരിക്കുന്നത് പള്ളിയുടെ ചുറ്റുപാടിനെയാണ്. ഇങ്ങനെ പറയുമ്പോൾ അതിൻ്റെ അർത്ഥങ്ങളുടെ ആഴങ്ങളിലേക്ക് നാം ഇറങ്ങേണ്ടതുണ്ട്. ഈ അന്വേഷണത്തിൽ ആദ്യം മനസ്സിൽ ഉറപ്പിക്കേണ്ടത്, മസ്ജിദുൽ അഖ്സായുടെ ചുറ്റുപാടിനെ അനുഗ്രഹിച്ചു എന്ന് പറഞ്ഞാൽ മസ്ജിദുൽ അഖ്സാ എന്ന അനുഗ്രഹീതമായ പള്ളി മാത്രമല്ല, ആ പള്ളിയുടെ ചുറ്റുപാടുകൾ കൂടി അനുഗ്രഹീതമാണ് എന്നതാണ് അതിൻ്റെ അർത്ഥം. ചുറ്റുപാടുകൾ തന്നെ അനുഗ്രഹീതമാണ് എങ്കിൽ അതാൽ വലയംചെയ്യപ്പെട്ടു നിൽക്കുന്ന പള്ളിയുടെ ഐശ്വര്യം പിന്നെ പറയേണ്ടതില്ലല്ലോ. മറ്റൊന്ന്, ചുറ്റുപാടുകളെ കൂടി അനുഗ്രഹിച്ചിരിക്കുന്ന ഏക പള്ളി മസ്ജിദുൽ അഖ്സാ ആണ് എന്നതാണ്. മറ്റു രണ്ടു ഹറമുകൾക്കും ഉള്ള സവിശേഷത ആ പള്ളികളിൽ ആരാധന കർമ്മങ്ങൾ ചെയ്യുമ്പോൾ ലഭിക്കുന്നതാണ്. മക്കയിലെയും മദീനയിലെയും രണ്ടു പള്ളികളും ഏറെ അനുഗ്രഹീതങ്ങളാണ്. മക്കയിലെ മസ്ജിദുൽ ഹറാമിലെ നിസ്കാരത്തിന് നൂറിരട്ടിയും മസ്ജിദുന്നബവിയിലെ നിസ്കാരത്തിന് പത്തിരട്ടിയും അധികം പ്രതിഫലമുണ്ട് എന്ന് സ്വഹീഹായ ഹദീസുകളിൽ സ്ഥാപിക്കപ്പെട്ട കാര്യമാണ്. മസ്ജിദുൽ അഖ്സാ എന്ന പള്ളിക്ക് ഈ സവിശേഷത ഇല്ലെങ്കിലും അതിൻ്റെ ചുറ്റുവട്ടത്തെ തന്നെ അനുഗ്രഹിച്ചിരിക്കുന്നു എന്ന സവിശേഷതയുണ്ട്. ഏതായിരുന്നാലും മസ്ജിദുൽ അഖ്സായുടെ ചുറ്റുവട്ടത്തിന് ലഭിച്ചിരിക്കുന്ന ഈ ബറക്കത്തിന്റെ വിശദാംശങ്ങളിലേക്ക് കടക്കുവാൻ ആദ്യം നാം ബറക്കത്ത് എന്നാൽ എന്താണ് എന്നത് ഒന്നു മനസ്സിലാക്കി വെക്കുന്നത് നന്നായിരിക്കും. ബറക്കത്ത് എന്നാൽ ഒരു വസ്തുവിൽ നിന്ന്, ബാഹ്യമായ കണക്കുകൾ അനുസരിച്ച് കിട്ടാവുന്നതിനേക്കാൾ ഫലം കിട്ടുക എന്നതാണ്. ഒരു മാമ്പഴ മരത്തിൽ നിന്ന് സാധാരണ കണക്കുകൂട്ടലിനു വിധേയമായി ലഭിക്കുമെന്നു കരുതിയിരുന്ന തിനേക്കാൾ അധികം മാമ്പഴം ലഭിച്ചാൽ ഈ മരം ഒരു 'ബറക്ക'ത്തുള്ള മരമാണ് എന്ന് നാം പറഞ്ഞുപോകാറുണ്ടല്ലോ. നാലാൾക്ക് കരുതിയ ഭക്ഷണം ആറോ ഏഴോ ആൾക്ക് കഴിക്കാൻ ഉണ്ടായാൽ ആ ഭക്ഷണത്തെ ഒരു 'ബറക്ക'ത്തുള്ള ഭക്ഷണമായി നാം കരുതാറുണ്ടല്ലോ.


'ചുറ്റുവട്ടത്തിൽ നാം ബറക്കത്ത് ചെയ്തു' എന്ന പ്രയോഗം സത്യത്തിൽ ഒരു അർത്ഥ ഗാംഭീര്യത്തെ ദ്യോതിപ്പിക്കുന്നതാണ്. ചുറ്റുവട്ടം തന്നെ അനുഗ്രഹീതമാണെങ്കിൽ അതിൻ്റെ കേന്ദ്രത്തിന്റെ കാര്യം പറയാനില്ലല്ലോ എന്ന അർഥത്തിൽ. ഇനി എങ്ങനെയാണ്, എന്താണ്, അല്ലാഹു ഈ ചുറ്റുവട്ടത്തിനെ അനുഗ്രഹിച്ചത്, അനുഗ്രഹമായി നൽകിയത് എന്നതാലോചിക്കുമ്പോൾ പ്രത്യക്ഷത്തിൽ തന്നെ നമുക്ക് രണ്ട് തരം അനുഗ്രഹവും അഥവാ ഐഹികവും പാരത്രികവുമായ അല്ലെങ്കിൽ ഭൗതികവും ആത്മീയവുമായ രണ്ട് ഐശ്വര്യങ്ങളുടെയും ഭൂമിയാണ് മസ്ജിദുൽ അഖ്സായുടെ ചുറ്റുവട്ടം എന്ന് കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. ഐഹികമായും ഭൗതികമായും ഈ പ്രദേശം മിഡിൽ ഈസ്റ്റിലെ ഏറ്റവും സമ്പുഷ്ടമായ ഭൂമിയാണ് എന്ന് കണ്ടെത്തുക പ്രയാസമുള്ള കാര്യമല്ല. കാലാവസ്ഥയുടെ അനുകൂലത, ജലത്തിൻ്റെ ലഭ്യത, മണ്ണിൻ്റെ ഫലഭൂയിഷ്ഠത എന്നിവ മൂന്നും സമം ചേർന്നതുകൊണ്ട് ഇവിടെ ഏതു മലമ്പ്രദേശത്തും ലോക മാർക്കറ്റിൽ ഏറ്റവും വിലകൂടിയ ഫലങ്ങളും പഴങ്ങളും ധാരാളമായി വളരുന്നു. ഫലസ്തീൻ ജനതക്കുവേണ്ടി അന്താരാഷ്​ട്ര സമൂഹത്തിനു മുന്നിൽ യാസർ അറഫാത്ത് ഒലീവ് കമ്പ് ഉയർത്തിക്കാട്ടിയതിൽ ഒരുപാട് അർഥവ്യാപ്തികൾ ഉണ്ടായിരുന്നു. പ്രധാനമായും ഒലീവ് കൃഷി ചെയ്യുന്ന നാടുകളിൽ ഒന്നായിരുന്നു ഫലസ്തീൻ. ഈത്തപ്പഴവും പഴവർഗങ്ങളും പൂക്കളും ഉൾപ്പെടെ കാർഷികവിളകൾ സമൃദ്ധമായി വളരുന്ന പ്രദേശമാണിത്. ഭൗതികമായി ഫലവർഗങ്ങളും കൃഷിയും നിറഞ്ഞതും അതോടൊപ്പം നിരവധി പ്രവാചകന്മാരുടെ പാദസ്പർശനം ഏറ്റു പുണ്യമായതുമായ ഭൂമിയും എന്നതാണ് ഈ ഭൂമിയുടെ ആത്മീയമായ വ്യതിരിക്തത. ഒരുപാട് പ്രവാചകന്മാരുടെ നാടും പലായന പ്രദേശവും ആയിരുന്നതിനാൽ പല സംസ്കാരങ്ങളെയും കണ്ട് ഈ മണ്ണ് സമ്പന്നമായിട്ടുണ്ട്. എന്നതുമാത്രമല്ല ആ പ്രവാചകന്മാരുടെയും അവരുടെ ജനതകളുടെയും ചരിത്രം കൊണ്ട് മറ്റൊരു ഭൂമിക്കും പറയാൻ കഴിയാത്ത അത്രയും കഥകൾ പറയാനുള്ള മണ്ണുമാണ് ഇത്. ഇതെല്ലാമാണ്
ഈ ഭൂമിയെ അനുഗ്രഹിച്ചിരിക്കുന്നു എന്നതിൻ്റെ അർത്ഥവും സാധ്യവും.


വിശുദ്ധ ഖുർആൻ പ്രയോഗത്തിൽ നിന്ന് അല്ലാഹുവിൻ്റെ അനുഗ്രഹം പെയ്തിറങ്ങിയത് ബൈത്തുൽ മുഖദ്ദസിന്റെ ചുറ്റുവട്ടങ്ങളിലാണ് എന്നത് മനസ്സിലാക്കാം. ചരിത്രാതീത കാലം മുതല്‍ ഇന്നുവരെയും ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ടിരിക്കുന്ന വിശുദ്ധ പട്ടണമാണ് ബൈതുല്‍ മഖ്ദിസ് സ്ഥിതി ചെയ്യുന്ന ജറൂസലം. മുസ്‌ലിംകള്‍ക്കു പുറമെ ജൂത-ക്രൈസ്തവര്‍ക്കും ഈ പ്രദേശം പുണ്യഭൂമിയാണ്. ക്രിസ്തുവിന് 4500 വര്‍ഷങ്ങള്‍ക്കു മുമ്പേ ജനവാസമാരംഭിച്ച ഈ പ്രദേശം ചരിത്രത്തില്‍ പല കാലത്തായി വിവിധ ജനതകള്‍ക്കിടിയില്‍ പല പേരുകളില്‍ അറിയപ്പെട്ടു. അല്‍ ഖുദ്‌സ്, യറുശലേം, ഈലിയാഅ് എന്നീ പേരുകൾ ഉദാഹരണം. പൗരാണിക നിര്‍വചനങ്ങളില്‍ സമാധാനത്തിന്റെ പട്ടണം എന്നാണ് യറുശലേമിന്റെ അര്‍ത്ഥമെങ്കിലും ഈ പട്ടണത്തിന്റെ ചരിത്രം പലപ്പോഴും അങ്ങനെയായിരുന്നില്ല. നിരവധി പ്രവാചകന്‍മാരുടെ ജന്‍മ ഗേഹവും ദൗത്യനിര്‍വഹണ വേദിയുമായിരുന്നു ഈ പരിപാവനഭൂമി. ഇബ്രാഹിം നബിയും(അ), മുഹമ്മദ് നബി(സ) യും ഹൃസ്വകാല താമസക്കാരോ കേവല സന്ദര്‍ശകരോ ആയിരുന്നുവെങ്കില്‍, ദാവൂദ് നബി സുലൈമാന്‍ നബി പോലുള്ള നബിമാര്‍ പ്രദേശത്തെ ആസ്ഥാനമാക്കി ഫലസ്തീന്‍ എന്ന വിശാലമായ സാമ്രാജ്യത്തിന്റെ അധിപന്‍മാരു കൂടിയായിരുന്നു. ഈജിപ്തില്‍ നിന്നു ഇസ്രയേല്യരെയും കൊണ്ട് മൂസാ നബി പലായനം ചെയ്തത് ഫലസ്തീനിലേക്കായിരുന്നു. അന്ന് ഈ പ്രദേശം കൻആൻ എന്ന് അറിയപ്പെടുമായിരുന്നു. മൂസാ നബിയോടൊപ്പം ഈജിപ്തിൽ നിന്ന് ഇറങ്ങിപ്പുറപ്പെട്ട ഇസ്രായേൽ സന്തതികൾക്ക് അല്ലാഹു വാഗ്ദാനം ചെയ്ത ഭൂമിയാണ് കൻആൻ. വിശുദ്ധ ഖുർആൻ അൽ മാഇദ അദ്ധ്യായം ഇരുപത്തിയൊന്നാം വചനത്തിൽ ഈ വാഗ്ദത്തം അല്ലാഹു മൂസാ നബിയുടെ പ്രയോഗമായി പരാമർശിക്കുന്നുണ്ട്. മൂസാ നബി ഇസ്രയേൽ സന്തതികളോട് ഇങ്ങനെ പറയുന്നതായിട്ടാണ് ആ സൂക്തം. 'എന്റെ സമൂഹമേ, അല്ലാഹു നിങ്ങള്‍ക്കു നിശ്ചയിച്ചു തന്ന ഫലസ്ഥീന്‍ പുണ്യഭൂമിയില്‍ പ്രവേശിക്കൂ' എന്നാൽ ഇസ്രയേൽ സന്തതികളുടെ കയ്യിലിരിപ്പും അനുസരണക്കേടും കാരണം അവർക്ക് മൂസാ നബിയുടെയോ ഹാറൂൺ നബിയുടെയോ കാലത്തൊന്നും അവരുടെ വാഗ്ദത്ത ഭൂമിയിൽ എത്തിച്ചേരുവാൻ കഴിഞ്ഞില്ല. അത് പിന്നെ യൂശഅ് നബിയുടെ കാലത്താണ് കഴിഞ്ഞത്. തുടർന്ന് അല്ലാഹു അവർക്ക് അവിടെ അധികാരം നൽകുകയും അവരിലെ ദാവൂദ് നബിയും സുലൈമാൻ നബിയും ദീർഘമായ 80 വർഷത്തോളം ഭരണം നടത്തുകയും ചെയ്തു. ക്രിസ്തുവിന് 900 വര്‍ഷങ്ങള്‍ക്കു മുമ്പ് ദാവൂദ് നബിയുടെയും പുത്രന്‍ സുലൈമാന്‍ നബിയുടെയും കാലത്താണ് ജറുസലേം ഒരു വിശുദ്ധ നഗരമായി മാറുന്നത്. ഇതോടെ അല്ലാഹു തന്റെ വാഗ്ദത്വം നിറവേറ്റുകയും ചെയ്തു. ഇസ്രയേൽ സന്തതികൾ എന്ന് വിവരിക്കപ്പെടുന്ന ജൂതന്മാർക്ക് ഈ മണ്ണുമായുള്ള ആത്മബന്ധം ഇതാണ്. പിന്നെ അവർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം വാഗ്ദത്ത ഭൂമി എന്നാൽ ഇത്രമാത്രമല്ല എന്ന ആർത്തി കൊണ്ടാണ്. ക്രൈസ്തവർക്കും ഏറെ പ്രധാനമാണ് ഈ പ്രദേശം. ഏകദേശം മുപ്പത് വര്‍ഷക്കാലം മാത്രം ഭൂമിയില്‍ ജീവിച്ച ഈസാ നബിയുടെ ദൗത്യ നിര്‍വഹണം പൂര്‍ണ്ണമായും ഫലസ്തീനിലായിരുന്നു.


മുസ്ലിംകൾക്കാവട്ടെ ഈ മണ്ണിനെ മാറ്റി നിർത്തുവാൻ ഒരു നിലക്കും കഴിയില്ല. കാരണം അത് അവർക്ക് അവരുടെ പ്രവാചകൻ്റെ രാപ്രയാണത്തിന്റെയും ആകാശ ആരോഹണത്തിന്റെയും ഭൂമി മാത്രമല്ല തങ്ങൾ അംഗീകരിക്കുന്നവരും അംഗീകരിക്കേണ്ടവരും ആയ എല്ലാ പ്രവാചകന്മാരുടെയും മണ്ണാണ്.
ഇസ്ലാമിക സത്യവിശ്വാസത്തിന്റെ അടിസ്ഥാന സ്തംഭങ്ങില്‍ ഒന്നാണ് പ്രവാചകന്‍മാരില്‍ വിശ്വസിക്കലും അവര്‍ക്കടിയില്‍ വിവേചനം കാണിക്കാതിരിക്കലും. ജറുസലേമും ഫലസ്തീനുമായി ബന്ധപ്പെട്ടുള്ള പ്രവാചകന്‍മാരുടെ ചരിത്രം ബൈബിളും തൗറാത്തും പോലുള്ള വേദഗ്രന്ഥങ്ങളില്‍ കാണാം. എന്നാല്‍ അല്ലാഹുവിന്റെ ദൂതന്‍മാര്‍ക്ക് ഒരിക്കലും നിരക്കാത്ത കാര്യങ്ങള്‍ അത്തരം ചരിത്രങ്ങളിലൂടെ അവരില്‍ ആരോപിക്കപ്പെടുമ്പോള്‍ ഖുര്‍ആന്‍ അത്തരം ന്യൂനതകളെ നിരാകരിച്ച് അവരുടെ യഥാര്‍ത്ഥ ചരിത്രം വിവരിച്ചുതരുന്നു. മഹാന്‍മാരായ ഏതാനും പ്രവാചകന്‍മാരുടെ നാട് എന്നത് തന്നെയാണ് ഖുദ്‌സിന്റെ വിശുദ്ധിയുടെ കാരണം. ആ പ്രവാചകന്‍മാര്‍ നടക്കുകയും ജീവിക്കുകയും അല്ലാഹുവിന്റെ ദീന്‍ പ്രബോധനം ചെയ്യുകയും ചെയ്ത നാടാണത്. അല്ലാഹുവിന്റെ വെളിപാടുകള്‍ പലവട്ടം ഇറങ്ങിയ പ്രദേശം. ഇക്കാരണങ്ങള്‍ കൊണ്ടാകണം അല്ലാഹു ഈ പ്രദേശത്തെ മുസ്‌ലിംകളുടെ ആദ്യ ഖിബ്‌ലയായി നിശ്ചയിച്ചത്. മുന്‍കാല പ്രവാചകന്‍മാരെ പോലെ മുഹമ്മദ് നബി(സ)യും ഈ വിശുദ്ധ പ്രദേശവും പള്ളിയും സന്ദര്‍ശിച്ചു. അല്ലാഹുവിന്റെ അപാരമായ ശക്തി വൈഭവത്താല്‍ ഒറ്റ രാത്രിയില്‍ നടത്തിയ ആ മഹത്തായ രാപ്രയാണത്തെ കുറിച്ചു ഖുര്‍ആന്‍ അൽ ഇസ്റാഅ് അധ്യായത്തിൽ വിവരിക്കുന്നുണ്ട്. ഹിജ്‌റക്കു ഒന്നര വര്‍ഷം മുമ്പ് ക്രിസ്താബ്ദം 620 ല്‍ മസ്ജിദുല്‍ ഹറമില്‍ നിന്ന് ഒറ്റ രാത്രിയില്‍ ജിബ്‌രീലിനോടൊപ്പം മസ്ജിദുല്‍ അഖ്‌സയിലേക്ക് നടത്തിയ യാത്ര ഇസ്‌റാഅ് എന്ന പേരില്‍ വിശ്രുതമാണ്. ഇപ്പോള്‍ ഖുബ്ബതുസ്സ്വഖ്‌റ എന്ന പേരില്‍ അറിയപ്പെടുന്ന പള്ളിയുടെ ഭാഗത്തുണ്ടായിരുന്ന പാറയില്‍ നബി ഇറങ്ങുകയും അവിടെ നിന്നു ആകാശാരോഹണം നടത്തി വീണ്ടും മസ്ജിദുൽ അഖ്‌സയില്‍ തിരികെ വന്ന് പ്രവാചകന്‍മാര്‍ക്ക് ഇമാമായി നിസ്‌കരിക്കുകയും ചെയ്തതായി സ്വഹീഹായ ഹദീസുകളില്‍ കാണാം. നിരവധി ദൃഷ്ഠാന്തങ്ങൾ അടങ്ങിയ ഈ യാത്രയിലായിരുന്നു അല്ലാഹു നമസ്‌കാരം നിര്‍ബന്ധമാക്കിയത്. രണ്ടര വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്‌ലിംകള്‍ മദീനയിലായിരിക്കെ, അല്ലാഹുവിന്റെ കല്‍പ്പന വരുന്നതു (ഖുര്‍ആന്‍ 2: 142-150) വരെ മസ്ജിദുല്‍ അഖ്‌സയിലേക്കു തിരിഞ്ഞാണ് മുസ്‌ലിംകള്‍ നിസ്‌ക്കരിച്ചിരുന്നത്. പൂര്‍വ പ്രവാചകന്‍മാരാല്‍ അല്ലാഹു അനഗ്രഹിച്ച പ്രദേശം എന്ന നിലക്കു മാത്രമല്ല, മുഹമ്മദ് നബി(സ) രാപ്രയാണം ചെയ്യപ്പെട്ട ഇടം എന്ന നിലയിലും മുസ്‌ലിംകള്‍ക്ക് ഈ പ്രദേശത്തോട് പ്രത്യേക ആദരവുണ്ട്. കൂടാതെ നബി തിരുമേനി ഈ പ്രദേശത്തിന്റെ ശ്രേഷ്ടതയെ കുറിച്ച് പ്രത്യേകം എടുത്തുപറയുകയും ചെയ്തിട്ടുണ്ട്. അബു ഹുറൈയ്‌റ (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസില്‍ നബി(സ) പറഞ്ഞു: 'നിങ്ങള്‍ മൂന്നു പള്ളികളിലേക്കു മാത്രമേ പ്രത്യേക തീര്‍ത്ഥാടനമായി പ്രതിഫലേച്ഛയോടെ യാത്ര ചെയ്യാവൂ. ഒന്ന് മസ്ജിദുല്‍ ഹറാം, രണ്ടാമത്, എന്റെ ഈ പള്ളിയിലേക്കും (മദീനയിലെ മസ്ജിദുന്നബവി) മൂന്നാമത്, ജറുസലേമിലെ മസ് ജിദുല്‍ അഖ്‌സാ. (ബുഖാരി, മുസ്‌ലിം, അബൂ ദാവൂദ്)


മസ്‌ജിദുൽ അഖ്‌സാ ഉൾക്കൊള്ളുന്ന പ്രദേശത്തെ അല്ലാഹു ‘നാം അനുഗ്രഹിച്ച’ സ്ഥലമെന്ന് ഖുർആനിൽ നാല് തവണ ആവർത്തിക്കുന്നുണ്ട്. (7: 137, 17: 1, 21: 71, 21: 81). ഇതിൽ ഒരു വചനത്തിൽ പറയുന്നത് ലോകങ്ങൾക്കെല്ലാം അനുഗ്രഹമാക്കിയ സ്ഥലത്തേക്ക് ഇബ്രാഹീം നബിയെയും ലൂത്വ് നബിയെയും അല്ലാഹു രക്ഷപ്പെടുത്തിയെന്നാണ് (21: 81). ഇബ്‌റാഹീം നബിയുടെ കാലം മുതൽ തന്നെ ഈ സ്ഥലം അനുഗ്രഹീതമാണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഇസ്രായേൽ എന്ന യാക്കൂബ് നബിയുടെ പിതാമഹനായിരുന്നു ഇബ്രാഹിം നബി. അപ്പോൾ ബനു ഇസ്രാഈൽ എന്ന ജൂത ജനത ഉണ്ടാകുന്നതിന് മുമ്പ് തന്നെ അല്ലാഹുവിനാൽ അനുഗ്രഹിക്കപ്പെട്ട സ്ഥലമായിരുന്നു മസ്‌ജിദുൽ അഖ്‌സായുടെ അനുബന്ധപ്രദേശങ്ങൾ എന്ന് അനായാസം ഗ്രഹിക്കാം. ഈ ഭൂമിയുടെ പവിത്രതയും സംസ്കാരവും ഗ്രഹിക്കുവാൻ മസ്ജിദുൽ അഖ്സാ, അൽ ഖുബ്ബത്തു സ്സഖ്റ, ഹൈകൽ സുലൈമാൻ എന്നീ മൂന്ന് ചരിത്ര പ്രാധാന്യമുള്ള നിർമ്മിതികളെ പഠിച്ചാൽ മതിയാകും. ഇവ മൂന്നും സ്ഥിതിചെയ്യുന്നത് ഇപ്പോൾ ടെമ്പിൾ മൗണ്ട് എന്ന് പറയപ്പെടുന്ന ഒരു കുന്നിൻ്റെ മുകളിലാണ്. ആദ്യം മസ്ജിദുൽ അഖ്സായെ കുറിച്ച് പരിശോധിക്കാം. അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി നിർമ്മിക്കപ്പെട്ട സ്ഥലമാണ് മക്കയിലെ മസ്‌ജിദുൽ ഹറാമെന്നും രണ്ടാമതായി നിർമ്മിക്കപ്പെട്ട സ്ഥലമാണ് മസ്‌ജിദുൽ അഖ്‌സയെന്നും ഇത് രണ്ടിന്റെയും ഇടയിൽ നാല്പത് വർഷങ്ങളാണുള്ളതെന്നും നബി (സ്വ) പറഞ്ഞതായുള്ള അബൂ ദർറി(റ)ൽ നിന്നുള്ള ഒരു നിവേദനം ബുഖാരിയിലുണ്ട്. ആദം നബിക്ക് മുമ്പ് തന്നെ മലക്കുകളാണ് രണ്ട് മസ്‌ജിദുകളും നിർമ്മിച്ചതെന്നും ഇബ്‌റാഹീം നബിയും സുലൈമാൻ നബിയും അവ പുതുക്കിപ്പണിയുകയുമാണ് ചെയ്തതെന്നും ഈ ഹദീസിനെ വ്യാഖ്യാനിച്ച പണ്ഡിതന്മാരുണ്ട്. ഇബ്‌റാഹീം നബി തന്റെ മകൻ ഇസ്മാഇലിനെ കൂട്ടി മസ്‌ജിദുൽ ഹറമിലെ കഅ്ബ നിർമ്മിച്ചത് പോലെ രണ്ടാമത്തെ മകനായ ഇസ്‌ഹാഖിനെ കൂട്ടി മസ്‌ജിദുൽ അഖ്‌സയിലെ ബൈത്തുൽ മഖ്‌ദിസ് നിർമ്മിച്ചുവെന്നും വ്യാഖ്യാനിച്ച പണ്ഡിതന്മാരുമുണ്ട്. രണ്ടാണെങ്കിലും ഈ രണ്ട് സ്ഥലങ്ങളുടെയും നിർമ്മിതിക്കിടയിൽ നാല്പത് വർഷങ്ങളാണുള്ളത്. ബൈബിൾ പരാമർശങ്ങൾ അനുസരിച്ച് ടെമ്പിൾ മൗണ്ടിൽ ഒരു ആരാധനാലയം പണിതത് ദാവൂദ് നബിയാണ്. അതു പക്ഷേ ഒരു പ്രാർത്ഥന മണ്ഡപം മാത്രമായിരുന്നു. അതിനെ ഒരു ആരാധനാലയത്തിന്റെ രീതിയിലേക്കും രൂപത്തിലേക്കും മാറ്റിയത് അദ്ദേഹത്തിൻറെ മകൻ സുലൈമാൻ നബി ആയിരുന്നു എന്നും ബൈബിൾ പറയുന്നു. (1 ദിനവൃത്താന്തം 22: 8-11). ഇതിനെയാണ് ഇംഗ്ലീഷിൽ ഒന്നാം ദേവാലയം (First Temple) എന്നും ഹിബ്രുവിൽ ബേത്ത് ഹാം മിഖ്ദാസ് എന്നും പറയപ്പെടുന്നത്. അറബിയിൽ ഈ പ്രയോഗത്തിന് തുല്യമായ പ്രയോഗം ബൈത്തുൽ മഖ്‌ദിസ് എന്നാണ് എന്നും ബൈബിൾ വ്യാഖ്യാനങ്ങളിൽ കാണാം. ബൈത്തുൽ മുഖദ്ദസിന്റെ നിർമ്മാണത്തെ പറ്റി വിശുദ്ധ ഖുർആനിലെവിടെയും പരാമർശങ്ങൾ ഇല്ല. ഹദീസുകളിൽ പക്ഷേ അതു പരാമർശിക്കുന്ന മേൽപ്പറഞ്ഞ നിർമ്മാണത്തെ കുറിച്ചുള്ള വൃത്താന്തവും ഇസ്റാഅ് മിഅ്റാജ് സംഭവത്തെ കുറിച്ചുള്ള വിവരണവും ഉണ്ട്.


രണ്ടാമത്തേത് ഹൈക്കൽ സുലൈമാൻ എന്ന സോളമൻ ടെമ്പിൾ ആണ്. ഇത് ഇപ്പോൾ നിലവിലില്ല. ഇതിന്റേതാണ് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ചുമർ ഇവിടെയുണ്ട്. അതിൽ തല വെച്ച് വിലാപ പ്രാർത്ഥനകൾ നടത്തുകയാണ് ഇപ്പോൾ ജൂതന്മാർ ചെയ്യുന്നത്. സോളമൻ ടെമ്പിളിന്റെ ഹ്രസ്വമായ ചരിത്രം ഇങ്ങനെയാണ്. ഇസ്രായേൽ രാജാവെന്ന നിലയിൽ ദാവൂദ് നബിയുടെ ആദ്യ നടപടി ജറൂസലം കീഴടക്കി തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുക എന്നതായിരുന്നു. ഏകദേശം ബി സി 1004 -ൽ അതു സാധ്യമായതോടുകൂടെ അദ്ദേഹം തന്റെ കൈവശമുള്ള താബൂത്ത് സൂക്ഷിക്കുവാൻ ഒരു ആരാധനാലയം പണിയുവാൻ തീരുമാനിക്കുകയുണ്ടായി. ഇസ്രയേൽ സന്തതികളുടെ കയ്യിൽ തലമുറകളായി സംരക്ഷിച്ചുപോന്നിരുന്ന ഒരു വിശുദ്ധ പെട്ടകം ആയിരുന്നു താബൂത്ത്. അത് മുമ്പിൽ വെച്ച് ചെയ്യുന്ന ഏത് യുദ്ധവും ഉദ്യമവും വിജയിക്കുമായിരുന്നു. താബൂത്ത് എന്ന് വിശുദ്ധ ഖുർആൻ വിശേഷിപ്പിച്ച സക്കീനത്ത് പെട്ടിയെക്കുറിച്ച് ധാരാളം അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. അല്ലാഹു ആദം നബി (അ)ന് ഇറക്കിക്കൊടുത്ത പെട്ടിയാണ്, വരാനിരിക്കുന്ന പ്രവാചകന്മാരുടെ രൂപങ്ങളും വിവരങ്ങളും അതിലുണ്ട്, മലക്കുകളുടെ സാക്ഷ്യത്തോടെയുള്ള ഒരു കരാർ പത്രവും അതിലുണ്ടായിരുന്നു എന്നെല്ലാം ഇതിനെ ചുറ്റിപ്പറ്റിയുള്ള കഥകളിൽ കാണാം. ആദം നബി(അ) നു ശേഷം പെട്ടി ശീസ് നബി(അ) സുക്ഷിച്ചു. വളരെ ആദരവോടെയാണ് സൂക്ഷിച്ചത്. പിന്നീട് പല നബിമാരിലൂടെ താബൂത്ത് കടന്നുവന്നു. അങ്ങനെ പ്രവാചകന്മാരുടെ കുലമായ ബനൂ ഇസ്രായേലിൽ പെട്ടി എത്തിച്ചേർന്നു. ഇസ്രാഈല്യർ പലപ്പോഴും വഴിപിഴച്ച ജീവിതം നയിച്ചിരുന്നു. എന്നാലും അവർ താബൂത്തിനെ വളരരെയേറെ ആദരിച്ചു പോന്നു. പിന്നീടത് മൂസാ (അ) ന്റെ കൈവശം വന്നുചേർന്നു. മൂസാ(അ) തൗറാത്ത് എഴുതിയ പലകകളുമായി വന്നപ്പോൾ ജനങ്ങൾ സാമിരിയുടെ പശുക്കുട്ടിയെ ആരാധിക്കുന്നത് കണ്ടു. കടുത്ത നിരാശയും കോപവും വന്ന മൂസ(അ) പലകകൾ താഴെയിട്ടു. ചിലത് പൊട്ടിപ്പോയി. പൊട്ടിപ്പോയ പലകകൾ സക്കീനത്ത് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനുവേണ്ടി ഒരു പ്രത്യേക സ്ഥലം പണിയുവാൻ ആണ് ദാവൂദ് നബി ആഗ്രഹിച്ചത്. പക്ഷേ, അതിന് ദൈവാനുവാദം ലഭിച്ചില്ല. എന്നാൽ മകൻ സുലൈമാൻ നബിക്ക് അതിനുള്ള അനുവാദം നൽകുകയും അദ്ദേഹം അങ്ങനെ ഒരു ആരാധനാലയം സ്ഥാപിക്കുകയും ചെയ്തു എന്നാണ് ബൈബിൾ അധിഷ്ഠിത പഠനങ്ങൾ പറയുന്നത്. ജറൂസലമിലെ മോറിയ പർവ്വതത്തിലായിരുന്നു അതിന്റെ സ്ഥാനം എന്നും ആ പഠനങ്ങളിൽ ഉണ്ട്. ബി സി പത്താം നൂറ്റാണ്ടിൽ ഏഴു വർഷത്തിനുള്ളിൽ ആണ് ഈ ആരാധനാലയം നിർമ്മിച്ചത് എന്നാണ്. അതിവിശുദ്ധസ്ഥലം, വിശുദ്ധമന്ദിരം എന്നിങ്ങനെ രണ്ട് പ്രധാന ഭാഗങ്ങൾ ഇതിന് ഉണ്ടായിരുന്നു. അതിവിശുദ്ധ സ്ഥലത്തേക്ക് ഇസ്രായേലിലെ മഹാപുരോഹിതൻമാർക്ക് മാത്രമേ പ്രവേശിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പുരാതന യഹൂദമതത്തിന്റെ കേന്ദ്രമായിരുന്നു ഇത്. ഈ ആരാധനാലയം ബി സി 586 -ൽ ബാബിലോണിയക്കാർ നശിപ്പിക്കുകയും എഴുപത് വർഷങ്ങൾക്ക് ശേഷം ജൂതൻമാർ പുനർനിർമിക്കുകയും ചെയ്തു. B.C. 587ല്‍ ബുഖ്ത്ത് നസര്‍ ശക്തമായ ഒരാക്രമണം നടത്തി യഹൂദരുടെ ചെറുതും വലുതുമായ എല്ലാ പട്ടണങ്ങളും തരിപ്പണമാക്കുകയും ജറൂസലേമിനേയും ഹൈക്കല്‍ സുലൈമാനിയേയും ഒരു ചുമര്‍ പോലും അവശേഷിപ്പിക്കാതെ നശിപ്പിച്ചു കളയുകയും ചെയ്തു. പിന്നീട് നൂറ്റാണ്ടുകൾക്ക് ശേഷം, ഏകദേശം ബി സി 20 -ൽ ഹെരോദാവ് ഇത് പുതുക്കിപ്പണിതു. ഈ രണ്ടാമത്തെ ക്ഷേത്രം പിന്നീട് എ ഡി 70-ൽ റോമാക്കാർ തകർത്തു. അതിന്റെ ഒരു മതിൽ മാത്രം അവശേഷിക്കുന്നുണ്ട് എന്നാണ് ജൂദായിസത്തിലെ വിശ്വാസം. ആ മതിലിൽ തല വെച്ച് ദുഃഖം വിലപിക്കുകയും ശാപം പ്രാകുകയും ചെയ്യുക എന്നത് അവർ എപ്പോഴും പിന്തുടരുന്ന ഒരു ആരാധനയാണ്. അൽ-അഖ്‌സയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് മസ്ജിദിന്റെ തെക്കുപടിഞ്ഞാറൻ അരികിലുള്ള അൽ-ബുറാഖ് മതിൽ എന്നും അറിയപ്പെടുന്ന ഈ പടിഞ്ഞാറൻ മതിൽ. പ്രവാചകന്റെ വാതിലിനും മൊറോക്കൻ വാതിലിനും ഇടയിലാണ് ഈ മതിൽ. 1307 നും 1336 നും ഇടയിൽ നിർമ്മിച്ച ഒരു ചെറിയ പള്ളിയും ഈ പ്രദേശത്തുണ്ട്. ഏകദേശം 20 മീറ്റർ ഉയരവും 50 മീറ്റർ നീളവുമുള്ള ഈ മതിലിൽ, സ്വർഗ്ഗാരോഹണത്തിന് മുമ്പ് അൽ-ബുറാഖ് എന്നറിയപ്പെടുന്ന വാഹനത്തെ മുഹമ്മദ് നബി (സ) കെട്ടിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. 70CE-ൽ റോമാക്കാർ നശിപ്പിച്ച ഹെറോഡിയൻ ക്ഷേത്രത്തിന്റെ അവശേഷിക്കുന്ന അവസാന നിർമ്മിതിയാണ് ഇതെന്ന് വിശ്വസിക്കുന്ന ജൂതന്മാരും ഈ പടിഞ്ഞാറൻ മതിലിനെ പവിത്രമായി കാണുന്നു. ഓരോ വർഷവും, പതിനായിരക്കണക്കിന് യഹൂദന്മാർ ഇവിടെ ഒത്തുകൂടി പ്രാർത്ഥിക്കുകയും മതിലിലെ മാടങ്ങൾക്കിടയിൽ പ്രാർത്ഥനകൾ എഴുതിയിടുകയും ചെയ്യുന്നു.


മൂന്നാമത്തേത് അൽ ഖുബ്ബത്തുസ്സഖ്റ ആണ്. നബി(സ) തങ്ങൾ നിശാപ്രയാണത്തിന്റെ രാത്രിയിൽ തൻറെ വാഹനം നിർത്തിയ സ്ഥലമാണ് ഇത്. ഇവിടെയുള്ള ഈ പാറയിൽ നിന്നാണ് നബി തങ്ങൾ ആകാശ ആരോഹണം ചെയ്തത് എന്നാണ് ഹദീസുകൾ പറയുന്നത്. അതോടെ ചരിത്രപരമായ പ്രാധാന്യവും ശ്രദ്ധയും കൈവന്ന ഈ പാറക്കു മുകളിൽ ഖുബ്ബ പണിതത് അമവി ഖലീഫയായിരുന്ന ഖലീഫ അബ്ദുൽ മാലിക് ബിൻ മർവാൻ ആയിരുന്നു. ഈ വിശുദ്ധ പാറയുടെ മുകളിൽ ഇത്തരം ഒരു ഗോപുരം നിർമ്മിക്കാൻ പ്രധാനമായും മൂന്ന് കാരണങ്ങളുണ്ട് എന്ന് ചരിത്രം അനുമാനിക്കുന്നു. അവയിൽ ആദ്യത്തെ കാരണം മതപരമായിരുന്നു. ഭൂമിയിൽ കഅ്ബക്ക് ശേഷം നിർമ്മിച്ച രണ്ടാമത്തേതും പ്രാധാന്യത്തിലും പവിത്രതയിലും മൂന്നാമത്തേതുമായ മസ്ജിദുൽ അഖ്‌സായുടെ എളിയ സേവകൻ എന്ന നിലയിൽ അദ്ദേഹത്തെ സ്വയം ചിത്രീകരിക്കാൻ അദ്ദേഹം ഉദ്ദേശിച്ചിരുന്നു. അതിനുവേണ്ടി അദ്ദേഹം ജനങ്ങളെ അവിടേക്ക് തീർഥാടനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. പ്രവാചകരുടെ ആദ്യകാല അനുചരന്മാരിൽ ചിലർ ഇടയ്ക്കിടെ ജറുസലേമിലേക്കും മറ്റു സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുകയും ചിലർ അവിടെ സ്ഥിരതാമസമാക്കി മരിക്കുകയും ചെയ്യുമായിരുന്നു. ഈ ആചാരവും പ്രവാചക പാരമ്പര്യവുമനുസരിച്ചായിരുന്നു ഈ ആശയവും ശ്രമവും. കുറച്ചു ദൂരെയുള്ള ഖലീഫ ഉമറിന്റെ പള്ളിയുടെയും വിശുദ്ധ അഖ്‌സാ പള്ളിയുടെയും ഒരു അടയാളമായിരിക്കുക എന്ന ഉദ്ദേശത്തോടെയാണത് അദ്ദേഹം ഖുബ്ബ നിർമ്മിച്ചത്.


രണ്ടാമതായി ഉണ്ടായിരുന്നത് ചില രാഷ്ട്രീയ ലക്ഷ്യങ്ങളും ലാഭങ്ങളും ആണ്. അത് അബ്ദുള്ള ബിൻ സുബൈറിന്റെ ഖിലാഫത്തിനെ മറിച്ചിട്ട് ഇസ്ലാമിക ഖിലാഫത്തിന്റെ കുത്തക അവകാശം തൻറെ കരങ്ങളിൽ സുരക്ഷിതമാണ് എന്ന അവബോധം മൊത്തം മുസ്ലിം സമുദായത്തിൽ ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു അത്. അബ്ദുല്ലാഹി ബിൻ സുബൈറിന്റെ നേതൃത്വത്തിൽ ഹിജാസിൽ സ്ഥാപിതമായ ഖിലാഫത്ത് ഏകദേശം ഒൻപത് വർഷം നീണ്ടുനിന്ന കഠിനമായി അമവി സാമ്രാജ്യത്തെ വെല്ലുവിളിക്കുകയും അവരെ അധികാരത്തിൽ നിന്ന് താഴെയിറക്കുവാൻ ശ്രമിക്കുകയും ചെയ്ത വിപ്ലവനീക്കം ആയിരുന്നു. സൈനിക ശക്തി കൊണ്ട് ആ ഖിലാഫത്തിനെ മറിച്ചിട്ടത് അബ്ദുൽ മലിക് ബിൻ മർവാൻ ആയിരുന്നു. ഇതോടെ ഇസ്ലാമിക സാമ്രാജ്യത്തിന്റെ ഏക ഭരണാധികാരിയും ഖലീഫയും താനാണ് എന്ന് മുസ്ലിം ലോകത്തിന്റെ മുമ്പിൽ ഏതെങ്കിലും വഴിയിലൂടെ സ്ഥാപിക്കേണ്ടത് അദ്ദേഹത്തിന് ഒരാവശ്യമായി തീർന്നു. അങ്ങനെയാണ് അദ്ദേഹം ഈ ഖുബ്ബ സ്ഥാപിച്ചത്. മൂന്നാമതായി, പാറയുടെ മുകളിലെ ഖുബ്ബയുടെ നിർമ്മാണം ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും വളർച്ചയുടെ ഒരു സൂചകമായിരുന്നു. ഹിജ്റ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇസ്ലാമിക സാമ്രാജ്യത്തിലെ അന്തചിദ്രതകൾ അവസാനിച്ചതോടെ കൂടെ ഇസ്‌ലാമിക കലയും സംസ്കാരവും അതിന്റേതായ തനതായ ആത്മാവോടെ സ്ഥാപിക്കപ്പെട്ടു തുടങ്ങി. ഇതിൻ്റെ കൃത്യമായ ഒരു പ്രോത്ഘാടനം ആയിരുന്നു കുബയുടെ നിർമ്മാണം. ഇസ്‌ലാമിക കലയുടെയും വാസ്തുവിദ്യയുടെയും തനതായ ശൈലി ഉയർത്തികൊണ്ടുവരുന്നതിൽ മുസ്‌ലിം സമൂഹത്തിന്റെ ആഗോള അഭിലാഷങ്ങളും തീരുമാനങ്ങളും മനസ്സിലാക്കുന്നതിൽ ഇസ്‌ലാമിക ചരിത്രത്തിന്റേയും നാഗരികതയുടേയും മുഖത്ത് മുദ്ര പതിപ്പിക്കേണ്ട ഒരു വ്യക്തി എന്ന നിലയിൽ അബ്ദുൽ മാലിക് പരാജയപ്പെടാൻ പാടില്ലായിരുന്നു. അത്തരം ഒരു അഭിമാന ബോധം പ്രകടിപ്പിക്കുവാൻ അബ്ദുൽ മാലിക്കിന് ഇത് ഒരു വഴിയും അവസരവുമായി.


പ്രതീക്ഷിച്ചത് പോലെ തന്നെ ഇത് ഏറ്റവും വലിയ ഒരു ഇസ്ലാമിക സിംബലായി ഇന്നും നിലനിൽക്കുന്നു. ഈ ഖുബ്ബയുടെ ചിത്രം ബൈത്തുൽ മുഖദ്ദസിന്റെതായി പലപ്പോഴും തെറ്റിദ്ധരിക്കുക പോലും സാധാരണയാണ്. നഗരത്തിന്റെ ശാശ്വത പ്രതീകവും ഭൂമിയിലെ ഏറ്റവും കൂടുതൽ ഫോട്ടോകൾ എടുത്ത കെട്ടിടങ്ങളിലൊന്നുമാണ് ഇത്. മുസ്ലിങ്ങൾക്ക് ആണ് ഈ നിർമ്മിതിയുടെ കുത്തക അവകാശവും ആദർശ ചരിത്ര പിൻബലവും എങ്കിലും ജൂതന്മാർക്കും ഇത് പ്രധാനമാണ്. ജൂത പാരമ്പര്യമനുസരിച്ച്, അബ്രഹാം പ്രവാചകൻ തന്റെ മകനെ ബലിയർപ്പിക്കാൻ തയ്യാറായത് ഇവിടെയാണ്. ഖുബ്ബയുടെ അഷ്ടഭുജാകൃതിയിലുള്ള ഘടനയ്ക്ക് നാല് പ്രവേശന കവാടങ്ങളുണ്ട്. അതിന്റെ അകത്തളത്തിൽ ഖുർആനിലെ സൂറഃ അൽ-ഇസ്രാഇൽ നിന്നുള്ള ആയത്തുകളാൽ അലങ്കരിച്ചിരിക്കുന്നു. ഭൂമിയിൽ ശേഷിക്കുന്ന ഖുർആനിന്റെ ഏറ്റവും ആദ്യകാല ലിഖിതരൂപങ്ങളിൽ ചിലതാണിവ. മസ്ജിദിനുള്ളിൽ, ഇസ്ലാമിക രൂപങ്ങളും ടൈപ്പോഗ്രാഫിയും സന്നിവേശിപ്പിച്ചുകൊണ്ട് അലങ്കരിച്ച, വലിയ സ്റ്റെയിൻ ഗ്ലാസ് ജാലകങ്ങളാണ് വിശ്വാസികളെ വരവേൽക്കുന്നത്. ഉള്ളിലെ മിഹ്റാബ് ഇന്നുള്ളതിൽ വച്ചേറ്റവും പഴയ മിഹ്‌റാബുകളിലൊന്നാണ്.


പ്രധാന അവലംബം:
ഡോ. ത്വാരിഖ് സുവൈദാൻ / ഫലസ്തീൻ: അത്താരീഖുൽ മുസ്വവ്വർ
0

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso