Thoughts & Arts
Image

മറക്കാം, പൊറുക്കാം..

2025-10-24

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





മനുഷ്യൻ സാമൂഹ്യ ജീവിയാണ്. അവൻ സാമൂഹ്യജീവി ആയിരിക്കേണ്ടതുണ്ട്. കാരണം അവൻ അധിവസിക്കുന്ന ഈ പ്രപഞ്ചത്തെ പരിചരിക്കാനുള്ള ബാധ്യത അവനിലാണ് ചുമത്തപ്പെട്ടിട്ടുള്ളത്. അവ ഏതെങ്കിലും ഒരാൾക്കോ ഏതാനും പേർക്കോ ചെയ്ത് തീർക്കാവുന്നവയല്ല. എല്ലാവരും എല്ലാ കാലത്തുള്ളവരും ശ്രദ്ധിക്കേണ്ടതും നിർവഹിക്കേണ്ടതുമായ ഉത്തരവാദിത്വങ്ങളാണ്. അതിന് അവനല്ലാത്ത മറ്റു ജീവികളെ കാത്തു നിന്നിട്ട് കാര്യമില്ല. അവയ്ക്കൊന്നും സൃഷ്ടിപരമായി അത്തരം ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് നിർവഹിക്കാനുള്ള സൃഷ്ടിപരമായ സവിശേഷതകൾ നൽകപ്പെട്ടിട്ടില്ല. ഈ ചുമതല നൽകിയ സൃഷ്ടാവ് തന്നെ അത് നിർവഹിക്കപ്പെടാൻ വേണ്ട വിധത്തിൽ ഉള്ള ഒരു പരസ്പര ബന്ധത്തിൻ്റെ സാംഗത്യവും സമൂഹത്തിൽ കുറിച്ചിട്ടുണ്ട്. പരസ്പരം ലയിച്ചുചേരുവാനും ചേർന്നു നിൽക്കുവാനും എല്ലാമുള്ള മാനസികമായ മനുഷ്യൻ്റെ കഴിവാണ് അത്. ആ കഴിവിനെ ശരിയായ ചിന്തയും ബുദ്ധിയുമായി ബന്ധിപ്പിച്ച് അവൻ മുന്നോട്ട് നടക്കുമ്പോൾ സമൂഹം മൊത്തം നടക്കുന്ന പ്രതീതി ജനിക്കും. എല്ലാവരോടും നല്ല ബന്ധം സ്ഥാപിച്ചും അതിന് വിഘാതമാകുന്ന എല്ലാ അപകടങ്ങളെയും പ്രതിരോധിച്ചും സന്തുഷ്ടകരമായ ഒരു സാമൂഹ്യ ജീവിതം നയിക്കുവാൻ മനുഷ്യന് കഴിയുകയും ചെയ്യും. ഇതിനുവേണ്ടി സമൂഹത്തോട് നിത്യസമ്പര്‍ക്കം പുലര്‍ത്തുമ്പോൾ ആ ബന്ധങ്ങളെ ഊഷ്മളമാക്കുവാൻ വേണ്ട മാനസിക ഗുണങ്ങൾ സൃഷ്ടാവ് മനുഷ്യർക്ക് നൽകിയിട്ടുണ്ട്. ഉദാരത, ആദരവ്, സ്‌നേഹം, ബഹുമാനം, പരിഗണന, ക്ഷമ, വിട്ടുവീഴ്ച തുടങ്ങിയ കാര്യങ്ങളുടെ ഒരു നീണ്ട പട്ടിക തന്നെ മനുഷ്യനിൽ സൃഷ്ടാവ് നിക്ഷേപിച്ചിട്ടുണ്ട്. ശത്രുത, വിദ്വേഷം, കോപം, ചതി, അധിക്ഷേപം, അവഗണന, ഏകപക്ഷീയത തുടങ്ങിയ ഓരോ പ്രതികൂല ഘടകങ്ങളെയും പ്രതിരോധിക്കുകയാണ് അവയുടെ ലക്ഷ്യം. അനുകൂലവും പ്രതികൂലവുമായ ഈ സ്വഭാവങ്ങൾക്കെല്ലാം അതിന്റേതായ സ്വാധീനമുണ്ട്. ഇവ ഓരോന്നും നിർമ്മിക്കുന്നതും നശിപ്പിക്കുന്നതും ഒറ്റവാക്കിൽ പറഞ്ഞാൽ സാഹോദര്യ ബോധത്തെയാണ്. ഓരോന്നും ഓരോ രീതിയിലാണ് സാഹോദര്യ ബോധത്തെ സഹായിക്കുന്നതും നശിപ്പിക്കുന്നതും എന്നുമാത്രം. അതുകൊണ്ട് ഇവ എല്ലാം ഒരേപോലെ പ്രധാനമാണ്. എങ്കിലും ഇവയുടെ കൂട്ടത്തിൽ പ്രത്യേകം എടുത്തു പറയപ്പെട്ട ചില മഹാ ഗുണങ്ങൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിട്ടുവീഴ്ച.


മനുഷ്യൻ എത്ര പഠിച്ചാലും സമ്പാദിച്ചാലും എന്തു സ്വരൂപിച്ചാലും അവനിൽ മികച്ചു നിൽക്കുക അവൻ്റെ കുറവുകളും ന്യൂനതകളും തന്നെയായിരിക്കും. നന്നായി പഠിച്ച ഒരാൾ ആദ്യം തിരിച്ചറിയുന്ന വസ്തുത തനിക്ക് അറിയാത്ത കാര്യങ്ങൾ എത്രയോ ഉണ്ട് എന്നതായിരിക്കും. സാമ്പത്തികമായി ഏറെ അഭിവൃദ്ധി പ്രാപിച്ച ഒരാൾ ആദ്യം അനുഭവിക്കുന്ന വേദന തൻ്റെ ഒരു മോഹം യാഥാർത്ഥ്യമാക്കി എടുക്കുവാൻ തടസ്സമായി നിൽക്കുന്ന സാമ്പത്തിക പ്രയാസത്തെ ഓർത്തായിരിക്കും. ആരോഗ്യം അനുഭവിച്ച് കഴിയുന്ന ഒരാളെ തന്നിലുള്ള ആരോഗ്യത്തെ പോലും ഓർമ്മപ്പെടുത്തുന്നത് രോഗമായിരിക്കും. അതുകൊണ്ട് പോരായ്മ മനുഷ്യൻ്റെ കൂടെപ്പിറപ്പ് തന്നെയാണ്. ആ പോരായ്മ പലതിലും പ്രതിഫലിക്കും. അത് സ്വഭാവത്തിലും സമീപനത്തിലും പ്രതിഫലിക്കുമ്പോൾ ഒരാളിൽ നിന്നു അത് വീഴ്ചയും അനിഷ്ടവും ആയി മാറുന്നു. ഇങ്ങനെ ഒരാളിൽ നിന്ന് സംഭവിച്ചാൽ അതിൽ നാം പരിധിക്ക് പുറത്തേക്ക് കടന്നുകൊണ്ട് പ്രതികരിക്കേണ്ടതില്ല. കാരണം, സാധാരണ മനുഷ്യൻ തന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളെയും സമീപിക്കുന്നത് സ്വന്തം അനുമാനത്തിന് വിധേയമായി കൊണ്ടാണ്. അനുമാനത്തിനെ രൂപീകരിക്കുന്നത് ചിന്തയാണ്. ചിന്ത എന്നാൽ ഓരോ ഘടകങ്ങളെയും കൃത്യമായി അടുക്കിവെക്കുന്ന ഒരു പ്രക്രിയയാണ്. അടുക്കിവെക്കുന്നതും ഒരു അനുമാനത്തിന് വിധേയമായി കൊണ്ടുമാത്രമാണ്. അതൊക്കെ ഒരർത്ഥത്തിൽ ദുർബലവുമാണ്. അതിനാൽ അതിലെല്ലാം പിഴവുകൾ സംഭവിച്ചേക്കാം. ഒരാളിൽ ഇത്തരത്തിൽ പിഴവ് ഉണ്ടാകുമ്പോൾ അത് പ്രതിഫലിക്കുക സമൂഹത്തിനായിയിരിക്കും. അതിനാൽ ഇതെല്ലാം ഇങ്ങനെയുണ്ടാവുന്നതാണ് എന്ന് ഉൾക്കൊള്ളുകയും അതനുസരിച്ച് അങ്ങനെ ചെയ്തവനോട് വിട്ടുവീഴ്ചയും മാപ്പും ചെയ്യുകയും അല്ലാതെ മറ്റെന്തു ചെയ്താലും അത് തന്റെ വികാരം പ്രകടിപ്പിക്കുക, മേൽകൈ സ്ഥാപിക്കുക, ആധിപത്യ സ്വഭാവം പുറത്തെടുക്കുക എന്നൊക്കെയല്ലാതെ മറ്റൊരും ഫലവും ഉണ്ടാക്കുകയില്ല. വിട്ടുവീഴ്ച ചെയ്യാതെ അബദ്ധം പിണഞ്ഞ സഹോദരനു നേരെ ചാടിവീഴുമ്പോൾ എന്നെന്നേക്കുമായി അവർ തമ്മിലുള്ള ബന്ധം വഷളാകുന്നു എന്നു മാത്രമല്ല ഒരു ശത്രുത അവർക്കിടയിൽ അറിയാതെ ജനിക്കുകയും ചെയ്യുന്നു. അതേസമയം വിട്ടുവീഴ്ചാ മനോഭാവത്തോടെ ആ സഹോദരനെ സമീപിക്കുമ്പോൾ അവർ തമ്മിലുള്ള ബന്ധം വീണ്ടും സദൃഢമായി മാറുന്നു. അതുകൊണ്ട് ഇസ്ലാം വിട്ടുവീഴ്ച എന്ന സ്വഭാവത്തെ ഏറെ മഹത്വവൽക്കരിച്ചിരിക്കുന്നു.


അല്ലാഹു പറയുന്നു: 'അതിനാല്‍, താങ്കൾ അവരോട് വിട്ടുവീഴ്ച ചെയ്യുക; മാപ്പേകുകയും ചെയ്യുക. നിശ്ചയം, നന്മ ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു' (അല്‍മാഇദ: 13). വിട്ടുവീഴ്ചക്ക് ഖുർആൻ പ്രയോഗിക്കുന്ന രണ്ടു പദങ്ങൾ ഉണ്ട്. ഒന്ന് അഫ്‌വ് എന്നാണ്. മരുഭൂമിയിലൂടെ കടന്നുപോകുന്ന ഖാഫിലകളുടെ കാലടയാളങ്ങൾ അവർ കടന്നുപോയ ഉടനെ അടിച്ചു വീശുന്ന കാറ്റിന്റെ സഹായത്താൽ മാഞ്ഞ് ഇല്ലാതെയാകുന്ന പ്രക്രിയയാണ് അറബി ഭാഷയിൽ അഫ് വ് എന്ന വാക്ക് അർഥമാക്കുന്നത്. വിട്ടുവീഴ്ച ചെയ്യുന്നതോടുകൂടി അതിന് കാരണമായ തെറ്റ് അപ്രത്യക്ഷമായി തീരുന്നു, അപ്രത്യക്ഷമായി തീരേണ്ടതാണ് എന്നെല്ലാമാണ് ഇസ്ലാമിൻ്റെ താല്പര്യം എന്നതുകൂടി ദ്യോതിപ്പിക്കാൻ ആയിരിക്കാം ഈ വാക്ക് ഉപയോഗിക്കപ്പെട്ടത്. മറ്റൊരു പദം സ്വഫ്ഹ് എന്നാണ്. നേര്‍ത്ത പാളിയാക്കി ഒപ്പമാക്കി അടിച്ചുപരത്തുക എന്നാണ് ഈ ശബ്ദത്തിന്റെ ഭാഷാർത്ഥം. സഹോദരനിൽ നിന്ന് ഉണ്ടാകുന്ന തെറ്റുകൾ തമ്മിലുള്ള ബന്ധത്തിൽ ഒരുതരം ചുളിവും ഉണ്ടാക്കരുത് എന്നും അവനോട് വിട്ടുവീഴ്ച ചെയ്യുമ്പോൾ യാദൃശ്ചികമായി ഉണ്ടായ ആ ചുളിവുകളും മടക്കുകളും നിവർന്ന് ബന്ധം സമതല ഭാവത്തിലെത്തുകയാണ്, എത്തേണ്ടതാണ് എന്നൊക്കെയാണ് ഈ വാക്ക് ദ്യോതിപ്പിക്കുന്നത്. ഇസ്ലാം ഖുർആനിലൂടെയും ഹദീസിലൂടെയും പഠിപ്പിക്കുകയും പകരുകയും ചെയ്യുന്ന വിട്ടുവീഴ്ച എത്ര വലിയ സ്വാധീനം ബന്ധങ്ങളുടെ നിലനിൽപ്പിൽ ചെലുത്തുന്നു എന്നത് മനസ്സിലാക്കുവാൻ ഈ വാക്ക് പ്രയോഗങ്ങളുടെ അർത്ഥതലങ്ങൾ മാത്രം ഗ്രഹിച്ചാൽ മതിയാകും. വിട്ടുവീഴ്ച മഹത്തായ ഒരു സംസ്‌കാരമാണ്. മനുഷ്യബന്ധങ്ങളുടെ ഊഷ്മളതയും പവിത്രതയും നിലനിർത്തുവാൻ അത് സഹായിക്കുന്നു. എന്നാൽ അത്തരം അസ്വസ്ഥതകളിലേക്കൊന്നും കടന്നുചെല്ലാതെ നാം വിശ്വാസികൾ എല്ലാ കൂട്ടങ്ങളിൽ നിന്നും അകന്ന് ഏകാന്തമായി സ്വന്തം കാര്യങ്ങളിലേക്ക് മാത്രം കണ്ണും മനസ്സും തിരിച്ചുവെച്ച് ജീവിച്ചാൽ പോരെ എന്ന് ചിന്തിക്കുന്നത് ഇസ്ലാമികമായി നീതീകരിക്കുവാൻ കഴിയില്ല. വിശ്വാസികൾ എല്ലാ കാര്യങ്ങളിലും ഇടപെടുകയും ഇസ്ലാമിക ധാർമ്മികതയുടെ പ്രാധിനിത്യം പ്രകടിപ്പിക്കുകയും ചെയ്യണമെന്നാണ് ഇസ്ലാമിൻ്റെ താല്പര്യം. നബി(സ) പറയുന്നു: 'ജനങ്ങളോടൊപ്പം ഇടപെടാതിരിക്കുകയും അവരുടെ ബുദ്ധിമുട്ടുകളില്‍ സംയമനം പാലിക്കാതിരിക്കുകയും ചെയ്യുന്ന വിശ്വാസിയേക്കാള്‍ ഉത്തമനാണ് അവരോടൊപ്പം ഇടപെടുകയും അവരുടെ ബുദ്ധിമുട്ടുകളില്‍ സംയമനം പാലിക്കുകയും ചെയ്യുന്ന വിശ്വാസി' (ഇബ്‌നുമാജ). സൃഷ്ടാവായ അല്ലാഹുവിൻ്റെ മഹത്തായ സ്വഭാവഗുണങ്ങളിൽ ഒന്നാണ് വിട്ടുവീഴ്ച എന്നത്. തന്നെ അനുസരിക്കാത്തവരോടും അംഗീകരിക്കാത്തവരോടും വരെ അവൻ സദാ വിട്ടുവീഴ്ച ചെയ്തുകൊണ്ടിരിക്കുന്നു. ഖുർആൻ പറയുന്നു: 'അവര്‍ വിട്ടുവീഴ്ച നല്‍കുകയും മാപ്പേകുകയും ചെയ്യട്ടെ. ദൈവം നിങ്ങള്‍ക്ക് പാപമോചനം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? ദൈവം ഏറെ പാപമോചനമേകുന്നവനും കരുണാനിധിയുമത്രേ' (അന്നൂര്‍: 22). മനുഷ്യൻ അല്ലാഹുവിൻ്റെ പ്രതിനിധി ആയിരിക്കുമ്പോൾ ഇത്തരം ഗുണങ്ങളുടെ പങ്കും അംശവും അവനിലും ഉണ്ടായിരിക്കേണ്ടതാണ്. ഇത്തരം അംശങ്ങളാണല്ലോ സൃഷ്ടിയെ സൃഷ്ടാവുമായി ബന്ധിപ്പിക്കുന്നത്. ഇത് പറയുമ്പോൾ നബി(സ്വ)യുടെ ഒരു പ്രാർത്ഥന നമുക്ക് ഓർമ്മ വരും. 'അല്ലാഹുവെ, നീ വിട്ടുവീഴ്ചയാണ്. നീ വിട്ടുവീഴ്ചയെ ഇഷ്ടപ്പെടുന്നു. അതിനാല്‍, നീ ഞങ്ങളോട് വിട്ടുവീഴ്ച കാണിക്കേണമേ'.


വിട്ടുവീഴ്ചകള്‍ നിറഞ്ഞതായിരുന്നു പ്രവാചകന്റെയും പൂര്‍വസൂരികളുടെയും ജീവിതം. ചെറിയ ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ വലിയ കാര്യങ്ങള്‍ വരെ സഹോദരനുവേണ്ടി വിട്ടുകൊടുത്തു അവര്‍. വിട്ടുവീഴ്ചയുടെ ആള്‍രൂപമായി പ്രവാചകന്‍ ജ്വലിച്ചുനില്‍ക്കുകയുണ്ടയി. ആയിശ(റ) പറയുന്നു: ‘അല്ലാഹുവിൻ്റെ പവിത്രതകള്‍ അവഹേളിക്കപ്പെട്ടപ്പോഴല്ലാതെ, നബി (സ്വ) തനിക്കുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാരനടപടി സ്വീകരിച്ചിട്ടില്ല' (ബുഖാരി. മുസ്‌ലിം). വിട്ടുവീഴ്ചയെ കുറിക്കുന്ന മറ്റൊരു സംഭവം ഇമാം ബുഖാരി ഉദ്ധരിക്കുന്നുണ്ട്. അതിൻ്റെ പശ്ചാത്തലം ശ്രദ്ധേയമാണ്. ആയിശ(റ) ക്കെതിരെയുള്ള അപവാദ പ്രചരണം ആയിരുന്നു രംഗം. മദീനയെയും നബിയുടെ ജീവിതത്തെയും ഇസ്ലാമിക വിശ്വാസ സരണിയെ തന്നെയും പിടിച്ചു കുലുക്കിയ ഒരു സംഭവമായിരുന്നു അത്. അവസാനം അത് കപട വിശ്വാസികളായ ഒരു കൂട്ടം ആൾക്കാർ ഉണ്ടാക്കിയ ഒരു ഗൂഢമായ പദ്ധതിയാണ് എന്ന് അല്ലാഹു തന്നെ പറഞ്ഞു. അതിൽ സത്യത്തിന്റെ ഒരു തരി പോലും ഇല്ല എന്നു വന്നതോടെ പ്രസ്തുത അപരാധം പ്രചരിപ്പിച്ചവർക്ക് നേരെ സച്ചരിതരായ സ്വഹാബിമാർക്ക് വലിയ വെറുപ്പും വിദ്വേഷവും ഉണ്ടായി. കുറ്റവാളികളിൽ ഒരാളായിരുന്നു മിസ്ത്വഹ് ബിൻ ഉസാസ(റ). അദ്ദേഹം അബൂബക്കർ(റ)വിൻ്റെ ഒരു ആശ്രിതനായിരുന്നു. ഇതോടെ അബൂബക്കർ(റ) താനിനി മിസ്ത്വഹിന് ഒന്നും കൊടുക്കുകയില്ല എന്ന് ശപഥം ചെയ്യുകയുണ്ടായി. അബൂബക്കറി(റ)വിന്റെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോള്‍ അദേഹത്തിന്റെ തീരുമാനം തീര്‍ത്തും ശരിയായിരുന്നു. കാരണം, തന്റെ പ്രിയപ്പെട്ട മകള്‍ക്കെതിരെയായിരുന്നു മിസ്ത്വഹുബ്‌നു ഉസാസ അപവാദപ്രചരണത്തില്‍ പങ്കാളിയായത്. എന്നാല്‍, അല്ലാഹുവിൻ്റെ തീരുമാനം മറ്റൊന്നായിരുന്നു. അബൂബക്കർ മിസ്ത്വഹിനോട് വിട്ടുവീഴ്ച ചെയ്യണം എന്നതായിരുന്നു അത്. അക്കാര്യമാണ് അന്നൂര്‍ ഇരുപത്തിരണ്ടാം സൂക്തത്തില്‍ അല്ലാഹു ഇപ്രകാരം പ്രദിപാദിക്കുന്നത്: 'നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക ശേഷിയുമുള്ളവര്‍ തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിൻ്റെ മാര്‍ഗത്തില്‍ പലായനം ചെയ്തവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ വിട്ടുവീഴ്ച കാണിക്കുകയും മാപ്പുകൊടുക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പാപമോചനം നല്‍കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പാപമോചനമേകുന്നവനും കരുണാനിധിയുമത്രെ'. അന്ന് അബൂബക്കറിന്റെ(റ) പ്രതികരണം ഇപ്രകാരമായിരുന്നു: ‘നാഥാ, തീര്‍ച്ചയായും നീ ഞങ്ങള്‍ക്ക് പൊറുത്തുതരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’.


ഇസ്ലാം മുന്നോട്ട് വെക്കുന്ന വിട്ടുവീഴ്ച അടക്കമുള്ള ജീവിത ഗുണങ്ങളുടെയെല്ലാം പ്രത്യേകത അത് മനുഷ്യന് മാനസികമായ വികാസം നൽകുന്നു എന്നതാണ്. ക്ഷമിക്കുവാനും സഹിക്കുവാനും പൊറുക്കുവാനും മറക്കുവാനും എല്ലാം കഴിയുക മനസ്സിന് വിശാലതയുള്ളവർക്ക് മാത്രമാണ്. കോപവും അസഹിഷ്ണുതയും അവഗണനയും വഞ്ചനയും എല്ലാം മനുഷ്യൻ്റെ മനസ്സിൻ്റെ സങ്കുചിതത്വത്തെയാണ് വരയ്ക്കുന്നത്. ഹൃദയ വിശാലത എന്നത് മഹത്വത്തിൻ്റെ തന്നെ മാനദണ്ഡമാണ്. ശ്രീബുദ്ധന്‍ ഇങ്ങനെ പറയുന്നുണ്ട്: ‘മഹാത്മാക്കള്‍ വിശാലമായ കാഴ്ചപ്പപാട് ഉള്ളവരും പക്ഷഭേദം കാണിക്കാത്തവരും ആയിരിക്കും. നിസാരന്മാര്‍ പക്ഷഭേദം കാണിക്കുന്നു. അവരുടെ കാഴ്ചപ്പാട് വിശാലമായിരിക്കുകയില്ല’. മനസ്സിൻറെ സങ്കുചിതത്വം മനുഷ്യൻ്റെ ജീവിതവഴിയെ ഇടുക്കുകയും ഇറുക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അത്തരക്കാർ പരാജയത്തിൽ ആപതിക്കുന്നത്. എന്നാൽ ഹൃദയവിശാലതയുള്ളവർ എപ്പോഴും വിജയിക്കുന്നവരായിരിക്കും. ഖുർആൻ ആ കാര്യം ഇങ്ങനെ പറയുന്നു: 'സ്വത്വത്തിന്റെ സങ്കുചിതത്വത്തില്‍നിന്ന് ആരാണോ മോചിതരാവുന്നത്, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍' (അല്‍ഹശ്ര്‍: 9).
0




















0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso