Thoughts & Arts
Image

മരുക്കപ്പൽ നിറയെ ചിന്തയാണ്

2025-10-24

ഇഅ്ജാസ്
ടി എച്ച് ദാരിമി





അങ്ങ് വടക്കേ അമേരിക്കയിലാണ് ഒട്ടക വർഗ്ഗം ജന്മം കൊണ്ടത് എന്നും പ്രോടിലോപുസ് എന്ന ശാസ്ത്രനാമം പേറുന്ന ഇവ ജീവിച്ചിരുന്നത് 40 - 50 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപാണ്‌ എന്നുമെല്ലാം വിക്കി പറയുന്നു. തുടക്കത്തിൽ ഒരു മുയലിന്റെ അത്രയും മാത്രം ആയിരുന്നു ഇവയുടെ വലിപ്പമെന്നും 35 ദശ ലക്ഷം വർഷങ്ങൾക്ക് മുൻപ്പ് ഇവയ്ക്കു ഒരു ആടിന്റെ അത്രയും വലിപ്പം വന്നു എന്നും പിന്നീട് ഇന്നു കാണുന്ന സവിശേഷതകൾ അത് കൈവരിക്കുകയും ചെയ്തു എന്നെല്ലാം തുടർന്ന് പറയുന്നുണ്ട്. ഇവ ഇംഗ്ലീഷിൽ ക്യാമൽ എന്ന് അറിയപ്പെടുന്നു എന്നു പറയുന്ന അതേ വിവരണത്തിൽ അറബി ഭാഷയിലെ ജമൽ എന്ന വാക്കിൽ നിന്നുമാണ് ക്യാമൽ എന്ന വാക്ക് ഉത്ഭവിച്ചത് എന്നു കൂടി പറഞ്ഞുവെക്കുമ്പോൾ നമ്മുടെ ചിന്തയുടെ വ്യാസം വർദ്ധിക്കുന്നുണ്ട്. കാരണം വിശുദ്ധ ഖുർആൻ ഈ ജീവിയെ കുറിച്ച് പറയുന്നുണ്ടല്ലോ. അമേരിക്കയിൽ ജൻമമെടുത്തു എന്നു പറയപ്പെടുന്ന ഒരു ജീവിയുടെ പേര് അറബി ഭാഷയിൽ നിന്ന് നിഷ്പതിക്കുക എന്നത് ഒരു ചിന്ത തന്നെയാണ്. അതുകൊണ്ട് ഒട്ടകത്തിലുള്ള ചിന്താ സഞ്ചാരം അറേബ്യയിൽ നിന്നാണ് തുടങ്ങുന്നത് എന്നു പറയാവുന്നതാണ്. ഖുർആനിൽ ഒട്ടകം വെറുമൊരു ചിന്താ വിഷയമാണ്. കാരണം ഖുർആൻ വിരൽ ചൂണ്ടുന്നത് അവയുടെ സൃഷ്ടപരമായ സവിശേഷതകളിലേക്കാണ്. അതായത്, ഖുർആൻ ഒട്ടകത്തിലേക്ക് വിരൽ ചൂണ്ടുന്നത് ചിന്തിപ്പിക്കുവാൻ വേണ്ടിയാണ്. ഖുർആൻ ചിന്തിപ്പിക്കുന്നതാവട്ടെ, പരമമായ സത്യത്തിൽ എത്തിച്ചേരുവാനുമാണ്. അല്ലാഹു പറയുന്നു: 'ഒട്ടകത്തിന്‍റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്' (88:17). ഈ ഖുർആനിൻ്റെ ചോദ്യം മനുഷ്യൻ്റെ ചിന്തയെയും ശ്രദ്ധയെയും പിടിച്ചു വലിക്കുന്ന ഒന്നാണ്. മനുഷ്യനെ ചിന്തിപ്പിക്കുവാൻ മനുഷ്യനോട് ഉരുമ്മി നടക്കുന്ന ഒരു ജീവിയുടെ ജീവാൽ ഭുതങ്ങളെ ആധാരമാക്കിയിരിക്കുന്നു എന്നത് ഒരു ചിന്തയാണ്. 7000 വര്ഷം പഴക്കമുള്ള മനുഷ്യ ശവകുടീരത്തിന് സമീപത്ത് നിന്നും ഒട്ടകത്തിന്റെ അവശിഷ്ടങ്ങൾ കിട്ടിയിടുണ്ട് എന്ന പുരാവസ്തു ഗവേഷകരുടെ കണ്ടെത്തലും വാദവും ഒട്ടകം മനുഷ്യൻ്റെ ജീവ പരിസരത്ത് എപ്പോഴും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നു. ഏതു മനുഷ്യനും ഗോചരമാകുന്ന സവിശേഷതകളാണ് ഒട്ടകത്തിലുള്ളത്. ശാസ്ത്രീയമായി ഏറെ പഠിച്ചവരെ മാത്രം സ്വാധീനിക്കുന്നവയല്ല അവ എന്നത് ശ്രേദ്ധയമാണ്. ഇതെല്ലാം ദൃഷ്ടാന്തം എന്ന ആശയത്തെ പിന്തുണക്കുന്ന കാര്യങ്ങളാണ്.


ഒട്ടകങ്ങളെ സൃഷ്ടിച്ചിരിക്കുന്നത് മരുഭൂമിക്കു വേണ്ടിയാണ്. അതിനാൽ ഒട്ടകത്തിന്റെ പല ശാരീരിക സവിശേഷതകളും ചൂടുള്ളതും വരണ്ടതുമായ മരുഭൂകാലാവസ്ഥയിൽ മാത്രം ജീവിക്കാൻ കഴിയുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാലുകളിൽ നിന്നു തുടങ്ങിയാൽ, ഒട്ടകങ്ങൾക്ക് പ്രത്യേകം പാകപ്പെടുത്തി തയ്യാറാക്കിയ കാലുകളാണ് ഉള്ളത്. അവ വീതിയും നീളവുമുള്ളതിനാൽ മണൽ നിറഞ്ഞ മരുഭൂമി സമതലങ്ങളിൽ കാലുകൾ ഭൂമിയിൽ ആണ്ടുപോകാതിരിക്കുന്നു. മണൽപ്പരപ്പിലൂടെയുള്ള ദീർഘമായ സഞ്ചാരമാണ് അവയുടെ ജീവിത നിയോഗമെന്നും അതിന് ഇത്തരം പരന്ന കാലുകളാണ് വേണ്ടത് എന്നും സൃഷ്ടാവ് കരുതിയിരിയുന്നതു പോലെയാണ് ഇത്. അതേ കാരണങ്ങളാൽ തന്നെ മണലിൻ്റെ ചൂടിൽ നിന്ന് സംരക്ഷണം കൂടിയാവുന്നുണ്ട് ഇത്. കാരണം ഈ പരന്ന കാലുകളിൽ വലുതും കട്ടിയുള്ളതുമായ തുകൽ പാഡുകളായി ഉണ്ട്.


മരുഭൂമിയിൽ ദീർഘമായി സഞ്ചരിക്കേണ്ടിവരുന്ന ഒട്ടകം നേരിടുന്ന ഒരു പ്രശ്നം മരുഭൂമിയിലെ പൊടിക്കാറ്റാണ്. കണ്ണു തുറക്കാൻ പോലും കഴിയാത്ത അത്ര ശക്തമായിരിക്കും പൊടിക്കാറ്റ്. മാത്രമല്ല, അതു പെട്ടെന്ന് അടങ്ങുകയില്ല. അതിനാൽ ഈ പ്രയാസത്തെ അതിജയിക്കുവാൻ വേണ്ട ഒരു പ്രത്യേകത ഇവയുടെ കണ്ണുകൾക്ക് സൃഷ്ടാവ് നൽകിയിരിക്കുന്നു. ഇവയുടെ കണ്ണിനുള്ളിലെ അതിനുള്ള സംവിധാനം അവയുടെ കണ്‍പോളകളാണ്. മുകളിലും താഴെയുമുള്ള കണ്‍പോളകള്‍ കൂടാതെ മൂന്നാമതൊരു കണ്‍പോളകൂടി ഇവയ്ക്കുണ്ട്. അതാകട്ടെ നേര്‍ത്തതും സുതാര്യവുമാണ്. മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തില്‍ പൊടി കടക്കാതിരിക്കുവാൻ ഒട്ടകം ഈ നേര്‍ത്ത പോളകൊണ്ട് കണ്ണു മൂടുന്നു. എന്നാല്‍ അത് സുതാര്യമായതുകൊണ്ട് അതിലൂടെ പുറമേക്ക് കാണാവുന്നതുമാണ്! അതായത് മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തിലും അവയ്ക്ക് മണല്‍ത്തരികള്‍ കണ്ണില്‍ വീഴാതെയും കാഴ്ചയ്ക്ക് തടസ്സം വരാതെയും മുന്നോട്ടുനീങ്ങാം. മഴയില്‍നിന്നും പൊടിപടലങ്ങളില്‍നിന്നും സംരക്ഷിക്കുകയും അതേസമയം യാത്രാവഴി വ്യക്തമായി കാണുകയും ചെയ്യുന്ന ഒരു വാഹനത്തിന്‍റെ മുന്‍ഭാഗത്തുള്ള ഗ്ലാസ്സിനോട് ഒട്ടകത്തിന്‍റെ ഈ മൂന്നാം കണ്‍പോളയെ നമുക്ക് വേണമെങ്കില്‍ ഉപമിക്കാം. അപ്രകാരം തന്നെ ഒട്ടകത്തിന്‍റെ കണ്ണുകള്‍ക്ക് ഒന്നിനു മുകളില്‍ ഒന്നായി രണ്ടുനിര കണ്‍പീലികള്‍ ഉണ്ട്. ഇവ കണ്ണില്‍ വന്ന് പതിക്കാനിടയുള്ള മണല്‍ത്തരികളെയും മറ്റും തടഞ്ഞുനിര്‍ത്തുന്നു. അവയുടെ മൂക്കിനുമുണ്ട് ചില സവിഷേകതകൾ. ജീവികൾ മൂക്കുകൾ തുടന്നിടുകയാണല്ലോ പതിവ്. കണ്ണുപോലെ മൂക്കുകൾ നമുക്ക് അടക്കാൻ കഴിയില്ല. പക്ഷെ, ഒട്ടകത്തിൻ്റെ മൂക്കിൻ്റെ ദ്വാരങ്ങള്‍ ഉദ്ദേശിക്കുമ്പോള്‍ അടക്കാനും തുറക്കാനും കഴിയുന്ന രീതിയിലാണു സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മണല്‍ക്കാറ്റുള്ള സന്ദര്‍ഭത്തില്‍ ആവശ്യാനുസരണം മൂക്കിന്‍റെ ദ്വാരങ്ങള്‍ അടച്ചു പിടിച്ച് മൂക്കിലേക്ക് മണല്‍ത്തരികള്‍ പ്രവേശിക്കുന്നത് തടയാന്‍ ഇതുകൊണ്ട് അവക്ക് കഴിയുന്നു. മറ്റൊരു സംവിധാനം ഒട്ടകത്തിന്‍റെ മൂക്കിനുള്ളിലെ 'വാട്ടര്‍ റിട്ടന്‍ഷന്‍' (ജല പുനരാഗിരണം) സംവിധാനമാണ്. ശ്വസനസമയത്ത് മൂക്കിലൂടെ ജലം ആവിയായി പുറത്തേക്കു പോകുന്നത് തടഞ്ഞ് ആ ജലാംശത്തെ തിരിച്ച് ശരീരത്തിലേക്കുതന്നെ വലിച്ചെടുക്കുന്ന രീതിയാണിത്. ശ്വസനം വഴിയുണ്ടാകുന്ന ജലനഷ്ടത്തെ തടയാൻ ഈ സംവിധാനം സഹായകമാകുന്നു.


ഒട്ടകത്തിൻ്റെ ചുണ്ടുകൾ കാഴ്ചയിൽ തന്നെ 4 കഷ്ണങ്ങളാണ്. മറ്റൊരു ജീവിക്കും കാണാത്ത ഒരു സവിശേഷതയാണിത്. ഇതിലെ കൗതുകം ഈ നാലു കഷ്ണങ്ങളിൽ ഏതു വേണമെങ്കിലും സ്വന്തമായും ഒറ്റക്കായും കൂട്ടമായും തുറക്കാനും അടക്കാനും അതിനു കഴിയുന്നു എന്നതാണ്. മാത്രവുമല്ല ഈ ചുണ്ടുകളും വായക്കകത്തെ തൊലിയും നാവും കട്ടിയുള്ള റബര്‍പാഡ് പോലെയാണുള്ളത്. ഒട്ടകത്തിന്‍റെ പ്രധാന ഭക്ഷണം മരുഭൂമിയില്‍ അങ്ങിങ്ങായി കാണുന്ന മുള്‍ച്ചെടികളായതുകൊണ്ട് വായില്‍ മുറിവേല്‍ക്കാതെ അവ തിന്നാന്‍ വായയിലെയും ചുണ്ടുകളിലെയും ഈ കട്ടിയുള്ള തൊലി സഹായിക്കുന്നു. അതായത് അതിൻ്റെ വിധിയനുസരിച്ച് അതിന് ലഭിക്കാവുന്ന ഭക്ഷണങ്ങൾ അനായാസം അപയാമില്ലാതെ ഭക്ഷിക്കാൻ വേണ്ട സൗകര്യം സൃഷ്ടിപരമായി അതിന് ലഭിച്ചു എന്നാണ്. ചെവികള്‍ക്കുമുണ്ട് അനിതരസാധാരണമായ ഒരു സവിശേഷത. അവയെ രോമത്താൽ നന്നായി പൊതിഞ്ഞിരിക്കുന്നു എന്നതാണത്. ചെവിക്കകത്തേക്ക് ഏതെങ്കിലും വിധത്തില്‍ മണല്‍ത്തരികള്‍ പ്രവേശിക്കുന്നത് ഇതുകാരണം തടയാൻ കഴിയുന്നു. ശക്തമായ കാലവസ്ഥകളെ അതിജയിക്കുവാൻ പറ്റുന്ന വിധത്തിലാണ് ഒട്ടകങ്ങളുടെ തൊലിപ്പുറം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ തണുപ്പിനേയും ചൂടിനേയും പ്രതിരോധിക്കാൻ അവയ്ക്ക് കഴിയും. ഇതിൽ തന്നെ കൗതുകമുണർത്തുന്ന ഒരു പ്രത്യേകതയുണ്ട്. അതു മറ്റൊന്നുമല്ല, ഓരോ പ്രദേശത്തിൻ്റെയും കാലാവസ്ഥക്കനുസൃതമായ വ്യത്യാസം ഇതിലുണ്ട് എന്നതാണത്. അറേബ്യന്‍ ഒട്ടകങ്ങളില്‍നിന്ന് വ്യത്യസ്തമായി മധ്യേഷ്യയില്‍ കാണപ്പെടുന്ന ബാക്ട്രിയന്‍ ഒട്ടകങ്ങളുടെ തൊലിപ്പുറം കൂടുതല്‍ രോമാവൃതമാണ്. കാരണം അവ വസിക്കുന്ന പ്രദേശങ്ങളില്‍ ശൈത്യകാലത്ത് തണുപ്പ് അതിശക്തമായിരിക്കും. ആ കൗതുകം അവിടെ ഒതുങ്ങുന്നില്ല. തണുപ്പുകാലം അവസാനിക്കുന്നതോടെ ഈ കട്ടിരോമങ്ങള്‍ കൊഴിഞ്ഞുപോവുകയും ചൂടുകാലത്തേക്ക് വേണ്ടി ശരീരം തയ്യാറാവുകയും ചെയ്യും. ഒട്ടകത്തിന്‍റെ തൊലിക്ക് പൊതുവെ കട്ടി കൂടുതലാണ്; പ്രത്യേകിച്ചും കാലുകളിലുള്ള തൊലി. വയറിന്‍റെ അടിഭാഗത്തും കാല്‍മുട്ടുകളിലും മുഴപോലെയുള്ള തഴമ്പുകള്‍ കാണപ്പെടുന്നു. ഇത് മണലില്‍ വിശ്രമിക്കുന്ന സമയത്ത് ചൂടില്‍നിന്നും അവ സുരക്ഷിതമായിരിക്കുവാൻ സൃഷ്ടാവ് പ്രത്യേകമായി നൽകിയതാണ് എന്നതല്ലാതെ മറ്റൊരു ന്യായവും ഇതിനെ കുറിച്ച് പറയാനില്ല.


ഒട്ടകങ്ങളുടെ ഏററവും വലിയ പ്രത്യേകത അവക്ക് ദാഹത്തെ അതിജയിക്കാനുള്ള പ്രത്യേക ശേഷിയാണ്. യാത്രക്കിടയിലോ തുടക്കത്തിലോ വെള്ളം ലഭിക്കുന്ന സമയത്ത് ധാരാളം കുടിച്ച് മിച്ചം വന്നത് സൂക്ഷിച്ചുവെക്കാൻ അവയുടെ ശരീരത്തിൽ പ്രത്യേക സംവിധാനമുണ്ട്. മാത്രമല്ല, അധികമുള്ള വെള്ളവും ഭക്ഷണവും കൊഴുപ്പുരൂപത്തിലേക്ക് മാറ്റി മുതുകിലെ പൂഞ്ഞയില്‍ ആണ് സൂക്ഷിക്കപ്പെടുന്നത്. പിന്നീട് ആവശ്യാനുസരണം ഈ കൊഴുപ്പിനെ ശരീരം വീണ്ടും വെള്ളമാക്കി മാറ്റി ഉപയോഗപ്പെടുത്തുന്നു. ഈ കൊഴുപ്പ് വെള്ളത്തിന്‍റെ മാത്രമല്ല, ഊര്‍ജത്തിന്‍റെകൂടി സ്രോതസ്സാണ്. കൊഴുപ്പിന്‍റെ ഉപയോഗത്തിനനുസരിച്ച് മുതുകിലെ പൂഞ്ഞ ചെറുതായിവരുകയും വെള്ളം കുടിക്കുമ്പോള്‍ വലുതാവുകയും ചെയ്യുന്നത് സൂക്ഷ്മമായി നോക്കിയാൽ ആർക്കും കാണാം. വെള്ളം കൊഴുപ്പുരൂപത്തില്‍ സൂക്ഷിക്കുന്നതുകൊണ്ട് ചൂടില്‍ നേരിട്ട് വിയര്‍പ്പായി പോകുകയുമില്ല. ഇതുകൊണ്ട് തന്നെ തനിക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും ഒരു ബാഗിലാക്കി മുതുകില്‍ കെട്ടി യാത്രചെയ്യുന്ന ഒരു യാത്രക്കാരനെ പോലെ ഒട്ടകത്തെ ഉപമിക്കാം. ജലം കൊഴുപ്പായി സൂക്ഷിക്കുവാൻ മാത്രമല്ല, ജലനഷ്ടം തടയാനുള്ള മാര്‍ഗങ്ങള്‍ കൊണ്ട് കൂടി സവിശേഷമാണ് ഈ ജീവിയുടെ സൃഷ്ടിപ്പ്. ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ ഘടകമാണ് വെള്ളം. മരുഭൂമിയില്‍ ജലത്തിന്‍റെ ലഭ്യത കുറവാണ് എന്ന് മാത്രമല്ല, ശക്തമായ സൂര്യതാപം ഉണ്ടായിരിക്കുകയും ചെയ്യും. ഈ തീവ്രമായ ചൂട് ശരീരത്തിലുള്ള വെള്ളത്തെക്കൂടി വലിച്ചെടുക്കും. എന്നാല്‍ ഈ രണ്ട് പ്രശ്നങ്ങളെയും പ്രതിരോധിക്കാന്‍ ഒട്ടകത്തിന്‍റെ ശരീരത്തില്‍ ധാരാളം സംവിധാനങ്ങളുണ്ട്. അവയിൽ ഒന്നാമത്തേത ശരീരത്തിന്‍റെ താപക്രമീകരണ സംവിധാനമാണ്.


പുറത്തുള്ള ശക്തമായചൂടിനെ പ്രതിരോധിക്കലാണ് ഒന്നാമത്തെ മാര്‍ഗം. ഇതിനായി ഒട്ടകം സ്വീകരിക്കുന്ന ഒരു മാര്‍ഗമാണു ശരീരത്തിന്‍റെ അകത്തുള്ള ചൂടിനെ ക്രമീകരിക്കല്‍ എന്നത്. പുറമെയുള്ള ചൂട് വര്‍ധിക്കുമ്പോള്‍ അതിനോട് മനുഷ്യശരീരം പ്രതികരിക്കുന്നത് വിയര്‍ക്കല്‍ വഴിയാണ്. അതുവഴി നമ്മുടെ ശരീരത്തിലുള്ള ചൂടിനെ പുറംതള്ളുന്നു. എന്നാല്‍ ഒട്ടകം മരുഭൂമിയിലെ ചൂടിനെ പ്രധിരോധിക്കുന്നത് മറ്റൊരു വഴിയിലൂടെയാണ്. അത് അതിന്‍റെ ശരീരത്തിന്‍റെ ചൂട് ഉയര്‍ത്തി പുറമെയുള്ള ചൂടിനെ പ്രതിരോധിക്കുകയും അതുവഴി വിയര്‍ക്കുന്നത് കുറക്കുകയും അങ്ങനെ ജലനഷ്ടം ഇല്ലാതാക്കുകയും ചെയ്യുന്നു. ഒട്ടകത്തിന് അതിന്‍റെ ശരീരത്തിലെ ഊഷ്മാവിനെ ഇപ്രകാരം 7 ഡിഗ്രിയോളം കൂട്ടാനും കുറക്കാനും സാധിക്കും എന്നാണ് പഠനങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് വിയർപ്പു വഴിയുള്ള ജലനഷ്ടം ഇല്ലാതാവുന്നു. മറ്റൊന്ന് സ്വാഭാവിക ജലനഷ്ടത്തിൻ്റെ കുറവാണ്. ഒട്ടകം അടിക്കടി മൂത്രമൊഴിക്കാറില്ല. മാത്രവുമല്ല എപ്പോഴെങ്കിലും മൂത്രമൊഴിക്കുമ്പോള്‍തന്നെ നന്നേ കുറഞ്ഞ അളവില്‍ മാത്രമെ മൂത്രം പുറംതള്ളുകയുള്ളൂ. അതുകൊണ്ടാണ് ഒട്ടകത്തിൻ്റെ മൂത്രം വഴുവഴുപ്പും കട്ടിയുമുള്ളതായിരിക്കും. അതിന്‍റെ കാഷ്ടവും അങ്ങനെത്തന്നെയാണ്. വരണ്ടുണങ്ങിയ, പരമാവധി ജലം വലിച്ചെടുത്ത കാഷ്ടമാണ് അത് പുറംതള്ളാറുള്ളത്. അതിനാല്‍ ഗ്രാമീണരായ അറബികള്‍ ഈ കാഷ്ടം വിറകിനു പകരം കത്തിക്കുവാൻ പോലും ഉപയോഗിക്കാറുണ്ട്. മറ്റു മൃഗങ്ങള്‍ മരുഭൂമിയില്‍ ജീവിക്കുകയാണെങ്കില്‍ അവയ്ക്ക് ഒരു ദിവസം 20-40 ലിറ്ററോളം ജലനഷ്ടം ഉണ്ടാകുമ്പോൾ ഒട്ടകത്തിന്‍റെ ശരീരത്തില്‍നിന്ന് ഒരു ദിവസം നഷ്ടപ്പെടുന്നത് കേവലം 1.3 ലിറ്റര്‍ വെള്ളം മാത്രമാണ് എന്നാണ് കണക്കുകൾ.


ദിവസങ്ങളോളം വെള്ളമില്ലാതെ പിടിച്ചുനില്‍ക്കാനുതകുന്ന ശരീര സംവിധാന്മാണ് ഒട്ടകത്തിന്‍റെത്. ശാരീരികമായി അധ്വാനമുള്ളപ്പോള്‍ 10 ദിവസത്തോളവും വിശ്രമാവസ്ഥയില്‍ മാസങ്ങളോളം പോലും വെള്ളം കുടിക്കാതെ മരുഭൂമിയിലെ ചൂടില്‍ ഒട്ടകത്തിനു പിടിച്ചുനില്‍ക്കാനാകും! കൗതുകകരമായ മറ്റൊരു കാര്യം എന്തെന്നാല്‍ ഒട്ടകത്തിന്‍റെ ശരീരത്തിലെ 30 ശതമാനത്തോളം ജലം നഷ്ടപ്പെട്ടാലും അതിനു ജീവിക്കാന്‍ സാധിക്കും എന്നതാണ്. അതുകൊണ്ട്തന്നെ കഠിനമായ വരള്‍ച്ചയുള്ളപ്പോള്‍ മറ്റു മൃഗങ്ങള്‍ ചത്തൊടുങ്ങിയാലും ഒട്ടകം വരള്‍ച്ചയെ അതിജീവിക്കും. എന്നാല്‍ വെള്ളം കാണുന്നപക്ഷം അത് ദാഹം തീരുവോളം വെള്ളം കുടിക്കും. 3 മിനുട്ടിനുള്ളില്‍ 200 ലിറ്റര്‍ വെള്ളംവരെ ഒട്ടകം ഒറ്റ നില്‍പില്‍ വലിച്ചുകുടിക്കും


ഒട്ടകങ്ങൾ സാമൂഹിക ജീവികളാണ്, കൂട്ടമായി ജീവിക്കാൻ അവ ഇഷ്ടപ്പെടുന്നു. ഒട്ടകങ്ങൾക്ക് ഒറ്റയ്ക്ക് താമസിക്കാൻ ഇഷ്ടമല്ല. കാട്ടിൽ, അവ കൂട്ടങ്ങളായി സഞ്ചരിക്കുന്നു. ഒരു കൂട്ടത്തിൽ സാധാരണയായി ഒരു പ്രധാന ആൺ, നിരവധി പെൺ, കുഞ്ഞുങ്ങൾ എന്നിവ ഉണ്ടാകും. യഥാർത്ഥ കൂട്ടത്തിൽ നിന്ന് പുറത്തുപോകുന്ന യുവ ആൺ മൃഗങ്ങൾ ചിലപ്പോൾ സ്വന്തം അവിവാഹിതരുടെ ഗ്രൂപ്പുകൾ രൂപീകരിക്കുന്നു. ഒട്ടകങ്ങൾ പരസ്പരം രസകരമായ രീതിയിൽ ആശയവിനിമയം നടത്തുന്നതായും അറിയപ്പെടുന്നു. അവ ഉച്ചത്തിലുള്ള ശബ്ദങ്ങളും ഞരക്കങ്ങളും പുറപ്പെടുവിക്കുന്നു. ഒട്ടകങ്ങൾ സാധാരണയായി ശാന്തരും സൗമ്യരുമാണ്, പക്ഷേ അവയ്ക്ക് ഭയമോ ഭീഷണിയോ തോന്നിയാൽ, സ്വയം സംരക്ഷിക്കാൻ അവയ്ക്ക് അത്ഭുതകരമായ ഒരു മാർഗമുണ്ട് - അവ തുപ്പുന്നു! പക്ഷേ അത് വെറും സാധാരണ തുപ്പൽ അല്ല. അവ യഥാർത്ഥത്തിൽ പുറന്തള്ളുന്നത് ഉമിനീർ, പിത്തരസം, വയറ്റിൽ നിന്ന് ഭാഗികമായി ദഹിച്ച ഭക്ഷണം എന്നിവയുടെ മിശ്രിതമാണ്. ഈ പ്രതികരണ പ്രക്രിയ തുപ്പുക എന്നതിനേക്കാൾ ഛർദ്ദിക്കുക എന്നതാണ്.


പരമാണു മുതല്‍ നക്ഷത്ര സമൂഹങ്ങള്‍ വരെയുള്ള പദാര്‍ഥത്തിൻ്റെ ഏതു രൂപവും കണിശമായ രൂപങ്ങളും കണിശമായ നിയമങ്ങളുമനുസരിച്ചാണ് വര്‍ത്തിക്കുന്നത്. എങ്ങും നിര്‍ണിതമായ ഭാവങ്ങള്‍, നിശ്ചിതമായ ചലനങ്ങള്‍. ഇതിനെല്ലാം മാർഗദർശനമേകിയവൻ അല്ലാഹുവാണ്. ജീവീയ ലോകത്തിൽ അത് കൂടുതൽ പ്രകടമാണ്. ഓരോ ജീവിക്കും വേണ്ടുന്ന സഹജബോധം, ആന്തരികശക്തി, അവയവങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയതെല്ലാം ഏറ്റകുറവുകൂടാതെ സ്രഷ്ടാവ് പ്രദാനം ചെയ്തിരിക്കുന്നു. ഓരോന്നിന്റെയും അവയവങ്ങള്‍കൊണ്ടുള്ള ആവശ്യങ്ങള്‍, ശരീരത്തില്‍ അവ ഘടിപ്പിക്കപ്പെട്ടിരിക്കുന്ന രീതി, ഓരോന്നും മറ്റേതുമായുള്ള ബന്ധം, ആദിയായ കാര്യങ്ങള്‍ ചിന്തിച്ചു നോക്കുമ്പോള്‍, ആരും ആശ്ചര്യപ്പെടാതിരിക്കുകയില്ല. നമ്മുടെ ഒരു വിരൽത്തുമ്പ് മാത്രം ചിന്തിക്കുവാൻ എടുത്താൽ തന്നെ നമ്മെ അതിശയിപ്പിക്കുന്ന അത്ഭുതങ്ങൾ എമ്പാടും കാണാം. വിരൽതുമ്പുകളിൽ ഘടിപ്പിച്ചിരിക്കുന്ന നഖം ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ഒന്നാലോചിച്ചു നോക്കൂ! അല്ലെങ്കിൽ എല്ലാ വിരലുകളും ഒരേ വലുപ്പത്തിലും വണ്ണത്തിലും ആയിരുന്നുവെങ്കിൽ എങ്ങനെയുണ്ടായിരിക്കും എന്നൊന്ന് സങ്കൽപ്പിച്ചു നോക്കൂ! ആ വിരൽതുമ്പിന്റെ ഒരു ഭാഗത്ത് വരച്ചുവെച്ചിരിക്കുന്ന, കാഴ്ചയിൽ എന്താണെന്ന് മനസ്സിലാക്കുവാൻ പ്രയാസമുള്ള തരത്തിലുള്ള വരകളും കുറികളും പക്ഷേ, അത് ചുമക്കുന്ന മനുഷ്യൻ്റെ ഏറ്റവും ആധികാരികവും ഏറ്റവും കൃത്യവുമായ രേഖയാണ്. ഇതു പറഞ്ഞത് മനുഷ്യന്റെ വിരൽത്തുമ്പിനെ കുറിച്ച് മാത്രമാണ്. എന്നാൽ ജീവീയ ലോകത്തിൽ മറ്റു ജീവികളിലേക്ക് കടന്നാൽ ഈ അത്ഭുതം ഇരട്ടിക്കുകയായിരിക്കും ഫലം ഒട്ടകത്തിന്റെ കാലിൽ മാത്രം നാം ഒരുപാട് അത്ഭുതങ്ങൾ കണ്ടുവല്ലോ. ഇതെല്ലാം കാണുമ്പോൾ സൃഷ്ടാവിന്റെ മഹാത്മങ്ങളിലേക്ക് ഒരു മനുഷ്യൻ്റെ മനസ്സ് എത്തിച്ചേരുന്നതിനേക്കാൾ അത്ഭുതം ഇതെല്ലാം കണ്ടിട്ടും സൃഷ്ടാവിനെ കണ്ടെത്തുവാൻ കഴിയാതെവരികയും ഇതെല്ലാം യാദൃശ്ചികമായി, ആരും ഉണ്ടാക്കാതെ തന്നെ സ്വയം ഉണ്ടായതാണ് എന്ന് പറഞ്ഞുനടക്കുകയും ചെയ്യുന്നവരുടെ കാര്യമാണ്. അത് ഏറെ കഷ്ടവും അൽഭുതവുമാണ്. ഓരോ സൃഷ്ടിയുടെയും ഇത്തരം പ്രത്യേകതകൾ തന്നെയാണ് സാധിക്കാനുള്ള ഏറ്റവും വലിയ തെളിവ്. അതുകൊണ്ടാണ് നിങ്ങളുടെ റബ്ബ് ആരാണ് എന്ന് ചോദ്യത്തിന് ഫറോവയോട് മൂസാ നബി അന്ന് ഇങ്ങനെ പറഞ്ഞത്: 'അദ്ദേഹം (മൂസാ നബി) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും എന്നിട്ട് (അതിന്) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്' (ത്വാഹാ: 50).
0
വായന:


മുബാറക്ക് സഈദ് ജിർമാൻ / അൽ ഇബലു മിനസ്സഹ്റാഇ ഇലൽ ആഫാഖ്.


അഹ്മദ് ശൗഖി ഇബ്റാഹിം / സനുരീഹിം ആയത്തിനാ.

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso