Thoughts & Arts
Image

മനുഷ്യാവകാശ പ്രഖ്യാപനങ്ങൾ ഏട്ടിലൊതുങ്ങുന്നത് എന്തുകൊണ്ട്?

2025-10-24

വെള്ളിത്തെളിച്ചം
ടി എച്ച് ദാരിമി





പുതിയ മനുഷ്യൻ ഇരിക്കുന്നത് തലതാഴ്ത്തിയാണ്. അതായത് സ്വന്തം കാര്യങ്ങളിലേക്കും വിഷയങ്ങളിലേക്കും മാത്രം ശ്രദ്ധ തിരിച്ചുകൊണ്ട്. തൻ്റെ ചുറ്റും നടക്കുന്നതിനെക്കുറിച്ച് അവന് അറിവോ നടക്കേണ്ടതിനെക്കുറിച്ച് പ്രത്യേക താല്പര്യം ഒന്നും ഇല്ലാത്ത മട്ടാണ് എന്ന് ആ ഇരുപ്പ് കണ്ടാൽ തോന്നും. പുതിയ ലോകത്തിൻ്റെ സാങ്കേതിക വളർച്ചയാണ് അതിന്റെയും കാരണം. അവനെ ത്രസിപ്പിക്കുവാനും തളച്ചിടുവാനും മാത്രം സങ്കേതങ്ങൾ ആധുനിക സാങ്കേതിക വിദ്യ അവനുവേണ്ടി തയ്യാറാക്കിയിട്ടുണ്ട്. അവ ഓരോന്നും ഓരോ നിമിഷത്തിലും മനുഷ്യൻ്റെ താൽപര്യങ്ങളോടും ഇച്ഛകളോടും ഒപ്പം മത്സരിച്ച് വളരുകയും ചെയ്യുകയാണ്. ഇത് സാമൂഹിക ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്നു. അതുകാരണം സമൂഹത്തിൻ്റെ പൊതു മണ്ഡലത്തിൽ ഒരുതരം നിർജ്ജീവാവസ്ഥ ഉണ്ടാകുന്നു. ഇക്കാര്യത്തിൽ ഇതിനേക്കാൾ വലിയ മറ്റൊരു അപകടവും അപചയവും പതിയിരിക്കുന്നുണ്ട്. ഈ വളർച്ചയിലൂടെ ഓരോ വ്യക്തിയിലും വളരുന്ന തീവ്രമായ സ്വാർത്ഥത കാരണം മറ്റുള്ളവരുടെ അവകാശങ്ങൾ അവഗണിക്കപ്പെടുകയോ അപഹരിക്കപ്പെടുകയോ ചെയ്യുന്നു എന്നതാണത്. വീട്ടിലും നാട്ടിലും രാഷ്ട്രത്തിലും എല്ലാം ഇത് വിശദീകരിക്കേണ്ടാത്ത വിധം വ്യാപകമാണ് ഇന്ന്. സ്വാർത്ഥമായ താല്പര്യങ്ങൾക്ക് വേണ്ടി അയൽക്കാരന്റെ അതിരുകളിൽ കൈവെക്കുന്നവർ മുതൽ കുടിലമായ രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി വംശീയ ഉന്മൂലനത്തിന് വേണ്ടി ശ്രമിക്കുന്നവർ വരെ അതിനുദാഹരണമാണ്. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ഈ ചിന്തയിൽ നമ്മെ ഞെട്ടിപ്പിക്കുന്ന ഒരു യാഥാർത്ഥ്യം മനുഷ്യാവകാശങ്ങളുടെ സംരക്ഷണങ്ങൾക്ക് വേണ്ടി ലോകത്ത് ഉണ്ടായ ശ്രമങ്ങളും ഉണ്ടാക്കിയ ഉടമ്പടികളും എല്ലാം വെറും കാപട്യത്തിന്റെ മുഖംമൂടികൾ മാത്രമായിരുന്നു എന്നതാണ്. അനുഭവങ്ങൾ അങ്ങനെ പറയുകയാണ്. ലോകത്തെ എല്ലാ സമൂഹങ്ങളുടെയും പൊതുവേദി എന്ന് വിശ്വസിക്കപ്പെടുന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുവാനുള്ള നിയമം നിർമ്മിച്ചു പാസാക്കിയിട്ട് മുക്കാൽ നൂറ്റാണ്ട് കഴിഞ്ഞു. മനുഷ്യാവകാശധ്വംസനം എന്നു മാത്രം വ്യാഖ്യാനിക്കാവുന്ന നരനായാട്ടിൽ ഗസ്സയിൽ ജീവൻ പൊലിഞ്ഞത് 80,000 ത്തിലധികം നിരപരാധരുടെതാണ്. അവരിൽ തീവ്രവാദികൾ ഉണ്ടായേക്കാം എന്നത് ഒരു വാദത്തിനുവേണ്ടി അംഗീകരിച്ചു കൊടുത്താൽ തന്നെയും മരിച്ചവരിൽ മഹാഭൂരിപക്ഷവും സ്ത്രീകളോ കുട്ടികളോ വയോജനങ്ങളോ ആണ് എന്നത് ആരും പറയും. 1215 ൽ ഉണ്ടായ ഇംഗ്ലണ്ടിലെ മാഗ്നാകാർട്ടക്കും 1789 ൽ ഫ്രഞ്ചു ഭരണഘടനാ നിർമ്മാണ സഭ തയ്യാറാക്കിയ മനുഷ്യാവകാശ വിജ്ഞാപനത്തിനും 1945 ൽ അമേരിക്കൻ ഐക്യനാടുകൾ ബിഗോട്ടോ കോൺഫറൻസിൽ പാസാക്കിയ മനുഷ്യാവകാശ വിജ്ഞാപനത്തിനും ഒക്കെ 1948 ലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിൻ്റെ അതേ ഗതിയും വിധിയും തന്നെയാണ്. ഇതെന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിനെ കുറിച്ച് പഠിക്കുമ്പോൾ ആത്മാർത്ഥതയുള്ള ആരും ഇസ്ലാമിൻ്റെ മനുഷ്യാവകാശ ദർശനത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും.


ഇസ്ലാമിൻ്റെ അരികുപറ്റി ഈ ചിന്ത പുരോഗമിക്കുമ്പോൾ തീർച്ചയായും എത്തിച്ചേരുക മുഴുവൻ മനുഷ്യാവകാശ പ്രഖ്യാപനങ്ങളുടെയും തുടക്കം ഏഴാം നൂറ്റാണ്ടിലെ അപരിഷ്‌കൃത സമൂഹത്തിന്റെ നേതാവ് എന്ന് പരിഹസിക്കപ്പെടുന്ന പ്രവാചകൻ മുഹമ്മദ് നബി(സ്വ)യുടെ അറഫാ പ്രഖ്യാപനത്തിലാണ്. അന്നേദിവസം ഒരു ലക്ഷത്തി നാൽപ്പതിനായിരം വിശ്വാസികളുടെ മുമ്പിൽ എഴുന്നേറ്റു നിന്നുകൊണ്ട് നബി (സ്വ) തങ്ങൾ നടത്തിയ അറഫാ പ്രസംഗം പുതിയ പഠനങ്ങളും അന്വേഷണങ്ങളും കാണാതെ പോകുന്നത് അന്ധമായ വിരോധം കൊണ്ട് മാത്രമായിരിക്കും. അല്ലാതെ ഒരാൾക്കും അത് കാണാതെ പോകാൻ കഴിയില്ല. കാരണം അവകാശങ്ങളുടെ നഗ്നമായ ഈ ലംഘനകാലത്ത് ഏറെ പഠിക്കേണ്ടതും പ്രസക്തിയുള്ളതുമായ ഒരു അക്കാദമിക വിഷയം കൂടിയാണ് നബിയുടെ അറഫാ പ്രസംഗം. പ്രസംഗം ഒരുപാട് നീണ്ടതായിരുന്നു എന്നു പറയാൻ തരമില്ല. അതേസമയം അതിലെ വിഷയങ്ങൾ ഒരുപാട് വ്യാസമുള്ളതായിരുന്നു. അതായത് മനുഷ്യകുലത്തെ മുഴുവനും ഉൾക്കൊള്ളാൻ കഴിയുന്ന അത്ര വ്യാസമുള്ളത്. ആ പ്രസംഗത്തിന്റെ ഉള്ളടക്കത്തിൽ ജീവനും സ്വത്തിനുമുള്ള വില, മത പ്രബോധനത്തിനുള്ള ബാധ്യത, പ്രവൃത്തികളിലും വ്യവഹാരങ്ങളിലും ഉണ്ടായിരിക്കേണ്ട ഉത്തരവാദിത്തബോധം, പരോപകാര പ്രതിബദ്ധത, സാമ്പത്തിക ചുഷണത്തിനെതിരേയുള്ള മുന്നറിയിപ്പ്,
സാമൂഹിക സമത്വസങ്കല്‍പ്പം, സ്ത്രീ-പുരുഷ ബന്ധങ്ങളിലെ പവിത്രത,  ആരാധനാകര്‍മങ്ങളുടെ സ്ഥാനവും പ്രാധാന്യവും, മതം-മതേതരമെന്ന സങ്കല്‍പ്പത്തിന്റ അസാംഗത്യം, ഇസ്‌ലാമിന്റെ ദര്‍ശനത്തിന്റെ സാര്‍വകാലികത തുടങ്ങിയ ആശയങ്ങളിലൂടെ എല്ലാം പ്രവാചകന്‍ തന്റെ ദർശനങ്ങളുമായി കയറി ഇറങ്ങുകയുണ്ടായി. ഇത് ഒരു പ്രത്യേക ചടങ്ങിന് വേണ്ടി തയ്യാറാക്കപ്പെട്ട ഒരു പ്രസംഗമായിരുന്നില്ല. തന്നിൽ ഏൽപ്പിക്കപ്പെട്ട പ്രവാചകത്വം എന്ന ദൗത്യം നീണ്ട 23 വർഷങ്ങളെടുത്ത് പ്രചരിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്തതിനു ശേഷം അതിനെ മൊത്തത്തിൽ സംഗ്രഹിച്ച് അവതരിപ്പിച്ചതായിരുന്നു. അതുകൊണ്ടുതന്നെ അത് ഇസ്ലാം തന്നെയായിരുന്നു. അത് വിജയിക്കുകയും ചെയ്തു. നബി തിരുമേനിയുടെ കാലത്ത് തന്നെ അറേബ്യൻ ഉപഭൂഖണ്ഡം മുഴുവനും ഇസ്ലാമിലെത്തി. തുടർന്ന് ഏതാനും വർഷങ്ങൾക്കകം ഇസ്ലാം മറ്റൊരു മതത്തിനും നേടാൻ കഴിഞ്ഞിട്ടില്ലാത്ത പ്രചാരവും വളർച്ചയും നേടുകയുണ്ടായി. ലോകത്തെ ഏറ്റവും വലിയ രണ്ടാം സമൂഹമായ ഈ ആദർശത്തിന്റെ സമൂഹം അനിതര സാധാരണമായ വളർച്ചയിലൂടെ കുതിക്കുകയുമാണ്. ലോകചരിത്രവും അനുഭവവും അതിനു സാക്ഷിയാണ്.


വിജയിച്ചതും വിജയിക്കാത്തതുമായ രണ്ടു മനുഷ്യാവകാശ ഇടപെടലുകൾ മുകളിൽ നാം കണ്ടു. അതിൽ വിജയിച്ചത് വിജയിക്കുവാൻ ഉണ്ടായ കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് ഇസ്ലാം നൽകുന്ന ആദ്യത്തെ മറുപടി ഇസ്‌ലാം മനുഷ്യാവകാശ ലംഘനത്തെ പരലോകത്തോടാണ് ചേർത്ത് വെക്കുന്നുത്. അതു ചെയ്യുന്നവർ പരലോകത്ത് കണിശമായി വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും എന്നത് ഒരു വിശ്വാസമായി ആദ്യം ഇസ്ലാം സ്ഥാപിച്ചുവെച്ചു. അതിനെ ഒരു വികാരമാക്കി ഇസ്ലാം വളർത്തിയെടുക്കുകയും ചെയ്തു. തുടർന്ന് ആ വികാരം മാത്രം ഉപയോഗപ്പെടുത്തി ലക്ഷ്യങ്ങളിലേക്ക് കുതിച്ചു. അബൂ മസ്ഊദ് എന്ന ഒരാൾ തന്റെ അടിമയെ മർദ്ദിക്കുന്നത് ഒരിക്കൽ റസൂൽ കാണാൻ ഇടയായി. ഇത് കണ്ട റസൂൽ പറഞ്ഞു 'അബൂ മസ്ഊദ്, താങ്കൾ വലിയവനാണെന്നാണ് താങ്കളുടെ ന്യായമെങ്കിൽ താങ്കളേക്കാൾ വലിയവനാണ് അല്ലാഹു' എന്ന് മനസ്സിലാക്കി കൊള്ളുക എന്ന് നബി തങ്ങൾ പറഞ്ഞു. പ്രവാചകന്റെ ഈ വാക്കുകൾ അദ്ദേഹത്തിന്റെ ഇടനെഞ്ചിലാണ് ചെന്നുതറച്ചത്. ഉടൻ തന്നെ തന്റെ ആ അടിമയെ അദ്ദേഹം മോചിപ്പിച്ചു. ഇത് കണ്ട നബി(സ്വ) ഇങ്ങനെ കൂടി പറഞ്ഞു. 'നല്ല കാര്യം, അല്ലെങ്കിൽ നരകത്തിന്റെ തീയിൽ താങ്കൾ വെന്തു കരിയുമായിരുന്നു' ഇങ്ങിനെയാണ്‌ മനുഷ്യാവകാശത്തെ ഇസ്‌ലാം അവകാശ ധ്വംസനങ്ങളെ പരലോകത്തോട് ചേർത്ത് വെച്ചത്. കറുത്ത നീഗ്രോ അടിമയുടെ മുഖത്തുനോക്കി 'കറുത്തവളുടെ മകനെ..' എന്ന് പ്രധാനിയായ ഒരു സ്വഹാബി അധിക്ഷേപിക്കുന്ന മനുഷ്യാവകാശ ലംഘന രംഗം നബി(സ്വ)യുടെ ശ്രദ്ധയിൽപ്പെട്ടു. 'ഇപ്പോഴും താങ്കളിൽ ജാഹിലിയ്യത്ത് അവശേഷിക്കുന്നു' എന്നു തീഷ്ണമായി പറഞ്ഞുകൊണ്ടായിരുന്നു നബി(സ്വ) തങ്ങൾ അതിനെ നിരൂപിച്ചത്. മനുഷ്യാവകാശങ്ങളുടെ സംരക്ഷണം ഇസ്ലാമിൽ ഏറ്റവും പുണ്യമായ കർമ്മം ആയിരുന്നു.


നബിയുടെ മനുഷ്യാവകാശ ദർശനം വിജയിക്കുവാൻ ഒരുപാട് ഘടകങ്ങൾ ഉണ്ട്. അവയിൽ ഒന്ന് ശക്തമായ ഒരു ആദർശം സ്ഥാപിച്ചതിനുശേഷമായിരുന്നു ഈ പ്രഖ്യാപനം എന്നത് തന്നെയാണ്. അതായത് പറഞ്ഞത് നടപ്പിൽ വരുത്താനുള്ള ആഹ്വാനമായിരുന്നു വിളംബരം. അല്ലാതെ നാം കണ്ട പ്രഖ്യാപനങ്ങളും ആഹ്വാനങ്ങളും പോലെ ആദ്യം വിളംബരം ചെയ്തിട്ട് പിന്നീട് നടപ്പിലാക്കാൻ ഉദ്യമിക്കുക ആയിരുന്നില്ല. അതുകൊണ്ടുതന്നെയായിരുന്നു ഓരോ കാര്യങ്ങൾ പറയുമ്പോഴും 'തങ്ങൾ അത് അംഗീകരിക്കുന്നു' എന്ന അർത്ഥത്തിൽ അവിടെ അന്ന് അറഫയില്‍ മുഴങ്ങിക്കേട്ട 'അല്ലാഹുമ്മ നഅം' (അതെ, അല്ലാഹുവേ) എന്ന പ്രതികരണം. ഒരേ സമയം വ്യക്തിയെയും സമൂഹത്തെയും കൃത്യമായി ഉൾക്കൊണ്ടു എന്നതാണ് നബി തങ്ങളുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ മറ്റൊരു വ്യതിരിക്തത. ലോകത്തിൻ്റെ എക്കാലത്തെയും ഒരു പ്രതിസന്ധിയാണ് ഇവ രണ്ടിനെയും ഒരേപോലെ ഉൾക്കൊള്ളുന്നതിൽ വരുന്ന പരാജയം. വ്യക്തിക്ക് പ്രാധാന്യം കൊടുക്കുന്ന ക്യാപിറ്റലിസവും സമൂഹത്തിന് പ്രാധാന്യം കൊടുക്കുന്ന കമ്മ്യൂണിസവും തമ്മിലുള്ള സമരം അതിൻറെ ഉദാഹരണമാണ്. ഇസ്ലാം പക്ഷേ വ്യക്തിയെ ശുദ്ധീകരിച്ച് അവനെ സമൂഹമാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഈ പ്രക്രിയ ആ പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. ഓരോ വ്യക്തിയുടെയും സ്വത്തിനും ജീവനും വേണ്ട വിലകല്‍പ്പിക്കുകയും സ്വന്തം ചലന-നിശ്ചലനാവസ്ഥകളില്‍ ഉത്തരവാദിത്ത ബോധമുള്ളവരാക്കിയും വ്യക്തിത്വത്തിനു പരമാവധി പ്രാധാന്യം നൽകുന്നു. 'ഓരോ വ്യക്തിയും അല്ലാഹുവിനെ കണ്ടുമുട്ടുന്നവനും ചെയ്തുപോയ പ്രവൃത്തികളുടെ കണക്കു ബോധിപ്പിക്കപ്പെടുന്നവനുമാകുന്നു' എന്നു കൂടെ പറഞ്ഞുകൊണ്ട് അതിൻറെ ഗൗരവം സമർപ്പിക്കുകയും ചെയ്യുന്നു. തുടർന്ന് വിഷയം സമൂഹത്തിലേക്ക് കടക്കുകയും വിശ്വാസികള്‍ പരസ്പരം സഹോദരങ്ങളാണ്, മറ്റുള്ളവനു പ്രയാസമുണ്ടാക്കുന്ന ഒരു കാര്യവും വിശ്വാസികളില്‍നിന്നു സംഭവിച്ചുകൂടാ, വിശ്വസിച്ചേല്‍പ്പിച്ച സ്വത്തുക്കള്‍ തിരിച്ചേല്‍പ്പിക്കണം തുടങ്ങിയ പരാമര്‍ശങ്ങളിലൂടെ അതും നിർവ്വഹിക്കപ്പെടുകയുണ്ടായി. അല്ലാഹുവിനോടുള്ള കടപ്പാടുകള്‍ പോലെത്തന്നെ പ്രധാനമാണ് സഹജീവികളോടുള്ള കടപ്പാടുകളെന്നു പ്രവാചകര്‍ പഠിപ്പിച്ചിട്ടുണ്ട്.


ഈ പ്രഖ്യാപനത്തിന്റെ മറ്റൊരു സവിശേഷത മതവും മതേതരവും രണ്ടിനെയും രണ്ടായി തിരിച്ചിടാതെ രണ്ടിനെയും കൃത്യമായി വിഭജിച്ച് നിർത്തി എന്നതാണ്. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ കാര്യങ്ങള്‍ പ്രതിപാദിക്കുന്ന കൂട്ടത്തില്‍ അതുപോലൊരു കാര്യമായാണ് ആരാധനാകര്‍മങ്ങളെ തിരുമേനി(സ) അവതരിപ്പിച്ചത്. അപ്രകാരം തന്നെ പ്രവാചകര്‍(സ) തന്റെ അവസാന പ്രസംഗത്തിലും ഊന്നിപ്പറയാന്‍ ശ്രമിച്ച സുപ്രധാനമായ കാര്യമാണ് സാമൂഹിക സമത്വം. അല്ലാഹുവിന്റെ മൂമ്പില്‍ മനുഷ്യരെല്ലാവരും തുല്യരാണെന്നും ദേശ-ഭാഷാ-വര്‍ഗ-വര്‍ണ സത്വങ്ങള്‍ക്ക് ഇസ്‌ലാമിക ദൃഷ്ട്യാ യാതൊരു പരിഗണനയുമില്ലെന്നും നബി(സ്വ) തുറന്നു പറഞ്ഞു. ആധുനിക സാമൂഹിക ദര്‍ശനങ്ങള്‍ അഭിമുഖീകരിക്കുന്ന മറ്റൊരു സങ്കീര്‍ണ വിഷയമാണ് സ്ത്രീകളുടെ അവകാശങ്ങളെയും ലിംഗസമത്വത്തെയും സംബന്ധിച്ച ആലോചനകള്‍. ഇതും നബിയുടെ വിഷയത്തിൽ വന്നു. പുരുഷന്മാര്‍ക്കുള്ള അവകാശങ്ങളൊക്കെയും സ്ത്രീകള്‍ക്കുമുണ്ട് എന്നു പറഞ്ഞ നബി(സ്വ) അവർക്കിടയിലുള്ള ബന്ധം കൃത്യമായി നിർവചിക്കുകയും ചെയ്തു. ഇസ്‌ലാമിക ദൃഷ്ട്യാ, സ്ത്രീയുടെയും പുരുഷന്റെയും സാമൂഹിക ഭാഗധേയം പാരസ്പര്യത്തിന്റേതാണ്, മാത്സര്യത്തിന്റേതല്ല എന്ന് പറഞ്ഞ നബി തങ്ങൾ പുരുഷന്‍  കുടുംബത്തിന്റെ സുരക്ഷിതത്വവും സാമ്പത്തികാവശ്യങ്ങളും നിറവേറ്റുമ്പോള്‍ സ്ത്രീ കുടുംബത്തിന്റെ ആഭ്യന്തര കാര്യങ്ങളും കുട്ടികളുടെ സംരക്ഷണവും പരിപാലനവും നടത്തേണ്ടവളാണ്. ഇവിടെ പുരുഷന്റെ ഉത്തരവാദിത്തങ്ങള്‍ സ്ത്രീകളുടേതിനെക്കാള്‍ ഉയര്‍ന്നതോ അല്ലെങ്കില്‍ സ്ത്രീകളുടെ സാമൂഹിക ബാധ്യതകള്‍ പുരുഷന്മാരുടേതിനെക്കാള്‍ തരം താഴ്ന്നതോ ആണെന്ന് ഒരു ധ്വനി പോലും കേൾക്കാൻ കഴിയില്ല. ഇതെല്ലാമാണ് നബിയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിന് ജീവൻ നൽകിയത്. അങ്ങനെ ഒരു ജീവൻ ഉണ്ടായതുകൊണ്ടാണ് അത് നിലനിന്നതും നിലനിൽക്കുന്നതും
0


 

0 Comments

No comments yet.

Leave a Comment

© www.thdarimi.in. All Rights Reserved. Designed by zainso